ഇസ്ലാമിൽ സദ്സ്വഭാവങ്ങൾ മുറുകെപ്പിടിക്കുക എന്നതും മ്ലേച്ഛമായ സ്വഭാവങ്ങളിൽ നിന്ന് അകന്നുനിൽക്കുക എന്നതും കേവലമൊരു സാമൂഹിക മര്യാദയല്ല; മറിച്ച് അല്ലാഹുവിനും അവന്റെ റസൂലിനും -ﷺ- വഴിപ്പെടുകയെന്ന പരമപ്രധാനമായ ഇബാദത്താണ് അതിലുള്ളത്. ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം സ്വഭാവശുദ്ധി എന്നത് അവൻ നിർവ്വഹിക്കുന്ന നിസ്കാരവും നോമ്പും പോലെത്തന്നെ അല്ലാഹുവിനുള്ള ഇബാദത്തുകളിൽ പെട്ടതാണ്.
ഖുർആനിലെ നിരവധി ആയത്തുകളിൽ അത്യുദാത്തമായ സദ്സ്വഭാവങ്ങൾ ഉൾക്കൊള്ളുവാൻ അല്ലാഹു മുഅ്മിനീങ്ങളോട് കൽപ്പിക്കുന്നുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ആയത്ത് ഇപ്രകാരമാണ്:
إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَى وَيَنْهَى عَنِ الْفَحْشَاءِ وَالْمُنكَرِ وَالْبَغْيِ
“തീർച്ചയായും അല്ലാഹു നീതിപാലിക്കാനും നന്മചെയ്യാനും കുടുംബബന്ധമുള്ളവർക്ക് (സമ്പത്തിൽ നിന്ന്) നൽകാനും കൽപിക്കുന്നു. നീചവൃത്തിയിൽ നിന്നും തിന്മയിൽ നിന്നും അതിക്രമത്തിൽ നിന്നും അവൻ വിലക്കുകയും ചെയ്യുന്നു.” (നഹ്ൽ: 90)
സർവ്വ നന്മകളുടെയും അടിസ്ഥാനമായ നീതിയും ഗുണകാംക്ഷയും ദാനധർമ്മങ്ങളും ഇവിടെ കൽപ്പിക്കപ്പെട്ടിരിക്കുന്നു. എല്ലാ തിന്മകളുടെയും മൂലകാരണമായ നീചവൃത്തികളും അതിക്രമങ്ങളും നിരോധിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അതിനാൽ, ഒരാൾ തന്റെ സ്വഭാവം നന്നാക്കുകയും നീതി പുലർത്തുകയും നന്മ പ്രവർത്തിക്കുകയുമെല്ലാം ചെയ്യുമ്പോൾ അതിലൂടെ അല്ലാഹുവിന്റെ വ്യക്തമായ കൽപ്പന നടപ്പിലാക്കുകയാണ് ചെയ്യുന്നത്.
അല്ലാഹു പറയുന്നു:
خُذِ الْعَفْوَ وَأْمُرْ بِالْعُرْفِ وَأَعْرِضْ عَنِ الْجَاهِلِينَ
“നീ വിട്ടുവീഴ്ച സ്വീകരിക്കുക, നന്മ കൽപിക്കുക, അവിവേകികളെ അവഗണിക്കുകയും ചെയ്യുക.” (അഅ്റാഫ്: 199)
മനുഷ്യരുമായുള്ള ഇടപാടുകളിൽ വിട്ടുവീഴ്ച ചെയ്യലും അറിവില്ലാത്തവരുടെ വിവരക്കേടുകൾ കണ്ടില്ലെന്ന് നടിക്കലും അല്ലാഹു കൽപ്പിച്ച സ്വഭാവഗുണങ്ങളാണ്. ഇത് പ്രാവർത്തികമാക്കുന്നത് അല്ലാഹുവിനുള്ള അനുസരണമാണ്.
സദ്സ്വഭാവങ്ങൾ സ്വീകരിക്കാൻ കൽപ്പിച്ചതുപോലെത്തന്നെ, മനസ്സിനെ മലിനമാക്കുന്ന മ്ലേച്ഛമായ എല്ലാ സ്വഭാവങ്ങളിൽ നിന്നും വിട്ടുനിൽക്കാനും കർശനമായി അല്ലാഹു കൽപ്പിച്ചിട്ടുണ്ട്.
يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَومٌ مِّن قَوْمٍ عَسَى أَن يَكُونُوا خَيْرًا مِّنْهُمْ وَلَا نِسَاءٌ مِّن نِّسَاءٍ عَسَى أَن يَكُنَّ خَيْرًا مِّنْهُنَّ وَلَا تَلْمِزُوا أَنفُسَكُمْ وَلَا تَنَابَزُوا بِالأَلْقَابِ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ وَمَن لَّمْ يَتُبْ فَأُوْلَئِكَ هُمُ الظَّالِمُونَ * يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ وَلَا تَجَسَّسُوا وَلَا يَغْتَب بَّعْضُكُم بَعْضًا أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ وَاتَّقُوا اللَّهَ إِنَّ اللَّهَ تَوَّابٌ رَّحِيمٌ
“സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവർ അവരെക്കാൾ ഉത്തമരായേക്കാം. ഒരു വിഭാഗം സ്ത്രീകൾ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്; ഇവർ അവരെക്കാൾ ഉത്തമകളായേക്കാം. നിങ്ങൾ അന്യോന്യം കുത്തുവാക്ക് പറയരുത്. മോശമായ വിളിപ്പേരുകൾ നൽകി ആക്ഷേപിക്കുകയും ചെയ്യരുത്. ഈമാൻ സ്വീകരിച്ചതിനു ശേഷം അധർമ്മകരമായ പേര് നൽകുന്നത് എത്ര മോശം! ആരെങ്കിലും പശ്ചാത്തപിക്കാതിരുന്നാൽ അവർ തന്നെയാണ് അക്രമികൾ. സത്യവിശ്വാസികളേ, ഊഹങ്ങളിൽ പലതും നിങ്ങൾ വെടിയുക. തീർച്ചയായും ചില ഊഹങ്ങൾ പാപമാകുന്നു. നിങ്ങൾ ചാരവൃത്തി നടത്തരുത്. നിങ്ങളിൽ ചിലർ മറ്റുചിലരെക്കുറിച്ച് പരദൂഷണം പറയുകയും ചെയ്യരുത്. തന്റെ സഹോദരൻ മരിച്ചുകിടക്കുമ്പോൾ അവന്റെ മാംസം തിന്നാൻ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? അത് നിങ്ങൾ വെറുക്കുകയാണല്ലോ? നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാണ്.” [സൂറത്തുൽ ഹുജുറാത്ത്: 11-12]
ഈ ആയത്തിൽ പരിഹാസവും കുത്തുവാക്കുകൾ പറയലും ദുഷ്പേരുകൾ വിളിക്കലും അനാവശ്യമായ സംശയം വെച്ചുപുലർത്തലും ചാരവൃത്തിയും പരദൂഷണവുമെല്ലാം അല്ലാഹു വ്യക്തമായി വിലക്കിയിരിക്കുന്നു. സദ്സ്വഭാവം പുലർത്തുന്നത് അല്ലാഹുവിന്റെ കൽപ്പനകൾക്കുള്ള അനുസരണമാണെന്നത് പോലെ, അല്ലാഹു വിലക്കിയ ഈ തിന്മകളിൽ നിന്നെല്ലാം അകന്നുനിൽക്കുക എന്നതും അല്ലാഹുവിനുള്ള അനുസരണമാണ്. അതും പ്രതിഫലാർഹമായ പുണ്യവും ഇബാദത്തുമാണ്.
സമാനമായി, ജനങ്ങളോട് ഉത്തമ സ്വഭാവത്തിൽ വർത്തിക്കാൻ നബി -ﷺ- യും അത്യധികം ശക്തമായി കൽപ്പിച്ചിട്ടുണ്ട്. അബൂദർറ് -رَضِيَ اللَّهُ عَنْهُ- നിവേദനം; അല്ലാഹുവിന്റെ റസൂൽ -ﷺ- എന്നോട് ഇപ്രകാരം പറയുകയുണ്ടായി:
«اتَّقِ اللهَ حَيثُما كُنتَ، وأتبِعِ السَّيِّئةَ الحَسَنةَ تَمحُها، وخالقِ النَّاسَ بخُلُقٍ حَسَنٍ»
“നീ എവിടെയായിരുന്നാലും അല്ലാഹുവെ സൂക്ഷിക്കുക (തഖ്വ പാലിക്കുക). തിന്മ സംഭവിച്ചുപോയാൽ ഉടൻ ഒരു നന്മ ചെയ്യുക; അത് ആ തിന്മയെ മായ്ച്ചുകളയും. ജനങ്ങളോട് നീ ഉത്തമമായ സ്വഭാവത്തിൽ വർത്തിക്കുകയും ചെയ്യുക.” (തിർമിദി: 1987, അഹ്മദ്: 21354, അൽബാനി ഹസൻ എന്ന് വിലയിരുത്തിയിരിക്കുന്നു)
ഈ ഹദീഥിൽ അല്ലാഹുവോടുള്ള ബാധ്യതയായ ‘തഖ്വ’യോടൊപ്പം തന്നെ ജനങ്ങളോട് നല്ല സ്വഭാവത്തിൽ വർത്തിക്കണമെന്നും നബി -ﷺ- ചേർത്തുപറഞ്ഞിരിക്കുന്നു. തഖ്വ പാലിക്കുന്നത് അല്ലാഹുവിനുള്ള അനുസരണമായിരിക്കുന്നതുപോലെത്തന്നെ ജനങ്ങളോട് ഉത്തമ സ്വഭാവത്തോടെ പെരുമാറുന്നതും റസൂൽ -ﷺ- യുടെ കൽപ്പനയെ അനുസരിക്കലാണ്.
ചുരുക്കത്തിൽ, ഒരു മുസ്ലിം ഉത്തമ സ്വഭാവങ്ങൾ ശീലിക്കുന്നതും മ്ലേച്ഛ സ്വഭാവങ്ങൾ വെടിയുന്നതും അല്ലാഹുവിന്റെയും റസൂലിന്റെയും -ﷺ- കൽപ്പനകൾ ശിരസ്സാവഹിച്ചുകൊണ്ടുള്ള ആത്മാർത്ഥമായ ഇബാദത്താണ്.
