ആമുഖങ്ങൾ

നല്ല സ്വഭാവം പഠിക്കേണ്ടത് എവിടെ നിന്നാണ്?

ഒരു മുസ്‌ലിമിന്റെ സ്വഭാവരൂപീകരണത്തിനുള്ള അടിസ്ഥാന സ്രോതസ്സുകൾ രണ്ട് കാര്യങ്ങളാണ്: അല്ലാഹുവിന്റെ ഖുർആനും നമ്മുടെ റസൂൽ -ﷺ- യുടെ സ്വഹീഹായ സുന്നത്തുമാണവ.

വിശുദ്ധ ഖുർആൻ

നല്ല സ്വഭാവം പഠിക്കാനും മനസ്സിലാക്കാനും ആഗ്രഹിക്കുന്നവർക്കുള്ള ആദ്യത്തെ സ്രോതസ്സാണ് വിശുദ്ധ ഖുർആൻ. ഉന്നതമായ സ്വഭാവമര്യാദകൾ സ്വീകരിക്കാൻ കൽപിക്കുകയും അധമമായ സ്വഭാവദൂഷ്യങ്ങളിൽ നിന്ന് വിലക്കുകയും ചെയ്യുന്ന നിരവധി ആയത്തുകൾ വിശുദ്ധ ഖുർആനിലുണ്ട്. 

അല്ലാഹു പറയുന്നു:

إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَى وَيَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ وَالْبَغْيِ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ

“തീർച്ചയായും അല്ലാഹു കൽപിക്കുന്നത് നീതിപാലിക്കാനും നന്മചെയ്യാനും കുടുംബബന്ധമുള്ളവർക്ക് സഹായം നൽകാനുമാണ്. നീചവൃത്തികളെയും ദുരാചാരങ്ങളെയും അതിക്രമങ്ങളെയും അവൻ വിലക്കുകയും ചെയ്യുന്നു. നിങ്ങൾ ചിന്തിച്ചു ഗ്രഹിക്കുന്നതിനായി അവൻ നിങ്ങളെ ഗുണദോഷിക്കുന്നു.” (നഹ്‌ൽ: 90)

ഇസ്‌ലാമിലെ എല്ലാ നന്മകളുടെയും ആകെത്തുകയാണ് ഈ ആയത്ത്. നീതിയും നന്മയും കാത്തുസൂക്ഷിക്കാൻ കൽപിക്കുന്നതോടൊപ്പം മനുഷ്യന്റെ ആത്മാവിനെ കളങ്കപ്പെടുത്തുന്ന സകല തിന്മകളിൽ നിന്നും അത് മനുഷ്യനെ തടയുകയും ചെയ്യുന്നു. 

മറ്റൊരിടത്ത് അല്ലാഹു പറയുന്നു:

قُلْ إِنَّمَا حَرَّمَ رَبِّيَ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَالْإِثْمَ وَالْبَغْيَ بِغَيْرِ الْحَقِّ وَأَنْ تُشْرِكُوا بِاللَّهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا وَأَنْ تَقُولُوا عَلَى اللَّهِ مَا لَا تَعْلَمُونَ

“പറയുക: എന്റെ റബ്ബ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവൃത്തികളും, അധർമ്മവും, അന്യായമായ അതിക്രമവും, അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതിനെ അവനോട് പങ്കുചേർക്കലും, അല്ലാഹുവിന്റെ പേരിൽ നിങ്ങൾക്ക് വിവരമില്ലാത്ത കാര്യങ്ങൾ പറയലും മാത്രമാണ്.” (അഅ്റാഫ്: 33)

മനുഷ്യരിലെ ഏറ്റവും നല്ല സ്വഭാവത്തിന്റെ ഉടമയായിരുന്ന നബി -ﷺ- യുടെ സ്വഭാവത്തെക്കുറിച്ച് ആയിശ -رَضِيَ اللَّهُ عَنْهَا- നൽകിയ വിശേഷണത്തിലും ഖുർആനായിരിക്കണം ഒരാളുടെ സ്വഭാവരൂപീകരണത്തിന്റെ അടിത്തറ എന്ന സൂചനയുണ്ട്. നബി -ﷺ- യുടെ സ്വഭാവത്തെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവർ പറഞ്ഞു:

فَإِنَّ خُلُقَ نَبِيِّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ الْقُرْآنَ

“തീർച്ചയായും അല്ലാഹുവിന്റെ നബി -ﷺ- യുടെ സ്വഭാവം വിശുദ്ധ ഖുർആൻ ആയിരുന്നു.” (മുസ്‌ലിം: 746)

ഇമാം ഇബ്‌നു കസീർ -رَحِمَهُ اللَّهُ- പറയുന്നു: “ഖുർആൻ കൽപിച്ച കാര്യങ്ങളല്ലാതെ ചെയ്യില്ലെന്നും, ഖുർആൻ വിലക്കിയ കാര്യങ്ങളല്ലാതെ ഉപേക്ഷിക്കുകയില്ലെന്നതും നബി -ﷺ- തന്റെ അടിസ്ഥാന നിയമമായി നിശ്ചയിച്ചു. അങ്ങനെ അല്ലാഹുവിന്റെ കൽപനകൾ അനുസരിക്കുക എന്നത് അവിടുത്തെ സഹജമായ സ്വഭാവമായി മാറി.” (അൽഫുസ്വൂൽ ഫീ സീറത്തിർറസൂൽ: 264)

നബി -ﷺ- യുടെ സുന്നത്ത്

സ്വഭാവഗുണങ്ങളുടെ രണ്ടാമത്തെ സ്രോതസ്സ് നബി -ﷺ- യിൽ നിന്ന് സ്ഥിരപ്പെട്ടു വന്നിട്ടുള്ള സ്വഹീഹായ സുന്നത്താണ്. നബി -ﷺ- യുടെ വാക്കുകൾ, പ്രവർത്തികൾ, മൗനാനുവാദങ്ങൾ എന്നിവയാണ് സുന്നത്ത് എന്നതുകൊണ്ട് ഉദ്ദേശ്യം. അല്ലാഹു പറയുന്നു:

وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا وَاتَّقُوا اللَّهَ

“അല്ലാഹുവിന്റെ റസൂൽ നിങ്ങൾക്ക് നൽകിയതെന്തോ അത് നിങ്ങൾ സ്വീകരിക്കുക; എന്തൊന്നിൽ നിന്ന് അവിടുന്ന് നിങ്ങളെ വിലക്കിയോ അതിൽ നിന്ന് നിങ്ങൾ വിട്ടുനിൽക്കുകയും ചെയ്യുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക.” (ഹശ്ർ: 7)

അല്ലാഹു പറയുന്നു:

لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِمَنْ كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا

“തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്റെ റസൂലിൽ ഉത്തമമായ മാതൃകയുണ്ട്; അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിക്കുകയും അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും ചെയ്യുന്നവർക്ക്.” (അഹ്സാബ്: 21)

നബി -ﷺ- യെ അല്ലാഹു നിയോഗിച്ചതിന്റെ പിന്നിലെ പ്രധാന ലക്ഷ്യം തന്നെ ഉൽക്കൃഷ്ട സ്വഭാവഗുണങ്ങളുടെ പൂർത്തീകരണമാണെന്ന് നബി -ﷺ- അറിയിച്ചിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:

<

p style=”direction: rtl; text-align: center;”>إِنَّمَا بُعِثْتُ لِأُتَمِّمَ صَالِحَ الْأَخْلَاقِ

“സൽസ്വഭാവങ്ങളെ പൂർത്തീകരിക്കാൻ വേണ്ടി മാത്രമാണ് ഞാൻ നിയോഗിക്കപ്പെട്ടിട്ടുള്ളത്.” (അഹ്മദ്: 8952, ഹാകിം: 4221, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

നിസ്കാരവും നോമ്പും പോലുള്ള കർമ്മശാസ്ത്രപരമായ വിഷയങ്ങളിൽ നബി -ﷺ- യുടെ ഹദീഥ് തെളിവാക്കുന്നത് പോലെ സ്വഭാവങ്ങളെ വിലയിരുത്തുന്നതിലും അവിടുത്തെ ഹദീഥുകൾ ഏറ്റവും സുപ്രധാനമായ അടിത്തറയാണ്. 

നബി -ﷺ- അവിടുത്തെ ജീവിതത്തിലൂടെ കാണിച്ചുതന്ന ഓരോ മാതൃകയും മുസ്‌ലിമായ ഓരോരുത്തർക്കും പകർത്താൻ വേണ്ടിയുള്ളതാണ്. ഇബ്രാഹീം അൽ-ഹർബി -رَحِمَهُ اللَّهُ- പറയുന്നു: “ഒരു വ്യക്തി നബി -ﷺ- യുടെ സ്വഭാവമര്യാദകളിൽ പെട്ട എന്തെങ്കിലും കേട്ടറിഞ്ഞാൽ, അവൻ അത് മുറുകെപ്പിടിക്കേണ്ടതുണ്ട്.” (ജാമിഅ് / ഖത്തീബ്: 1/142)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: