أقسامُ الأخلاقِ

ഇസ്‌ലാമിക സ്വഭാവങ്ങളും അവയുടെ പ്രത്യേകതകളും

മനുഷ്യജീവിതത്തെ ശുദ്ധീകരിക്കുകയും അവനെ സ്രഷ്ടാവായ അല്ലാഹുവിനോടും അതോടൊപ്പം അവന്റെ ചുറ്റുപാടുമുള്ള സൃഷ്ടികളോടും ഏറ്റവും ഉന്നതമായ രീതിയിൽ ബന്ധിപ്പിക്കുകയും ചെയ്യുന്ന മഹത്തായ മാർഗദർശനമാണ് ഇസ്‌ലാമിക മര്യാദകളുടെ പാഠങ്ങളിലുള്ളത്. മനുഷ്യന്റെ കേവല യുക്തിയിലോ മാറിക്കൊണ്ടിരിക്കുന്ന തത്ത്വചിന്തകളിലോ അല്ല; മറിച്ച് സ്രഷ്ടാവായ അല്ലാഹുവിന്റെ വചനങ്ങളിലും അവന്റെ റസൂലിന്റെ -ﷺ- അധ്യാപനങ്ങളിലുമാണ് അത് വേരൂന്നിയിരിക്കുന്നത്. 

ഇസ്‌ലാമിക സ്വഭാവഗുണങ്ങളെ വേറിട്ടു നിർത്തുന്ന നിരവധി സവിശേഷതകളുണ്ട്. അവയിൽ ചിലത് താഴെ പറയാം:

1. അല്ലാഹുവിൽ നിന്നുള്ളത്

ഇസ്‌ലാമിക സ്വഭാവങ്ങളുടെ പ്രഥമവും പ്രധാനവുമായ സവിശേഷത അത് അല്ലാഹുവിൽ നിന്നുള്ളതാണ് എന്നതാണ്. വിശുദ്ധ ഖുർആനും സുന്നത്തുമാണ് അതിന്റെ അടിസ്ഥാന സ്രോതസ്സുകൾ. മനുഷ്യന്റെ പരിമിതമായ ചിന്തകൾക്കോ, നാട്ടുനടപ്പുകൾക്കോ, തത്ത്വചിന്താപരമായ സങ്കൽപ്പങ്ങൾക്കോ അതിൽ യാതൊരു സ്വാധീനവുമില്ല. അതുകൊണ്ടുതന്നെ ഇസ്‌ലാമിലെ സ്വഭാവമര്യാദകൾ പൂർണ്ണമായും സത്യമാണ്; കാരണം അസത്യങ്ങൾ കലരാത്ത വഹ്‌യിന്റെ അടിസ്ഥാനത്തിലാണ് അവയുള്ളത്.

2. സമഗ്രതയും സമ്പൂർണ്ണതയും

ഇസ്‌ലാമിക സ്വഭാവ മര്യാദകൾ മനുഷ്യജീവിതത്തിന്റെ ഏതെങ്കിലും ഒരു വശത്തെ മാത്രം സ്പർശിക്കുന്ന ഒന്നല്ല; മറിച്ച് വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും രാഷ്ട്രത്തെയും സാമ്പത്തിക-രാഷ്ട്രീയ ഇടപാടുകളെയും മനുഷ്യന്റെ സർവ്വ മേഖലകളെയും അത് ഉൾക്കൊള്ളുന്നു. ഇവിടങ്ങളിലെല്ലാം അവൻ എങ്ങനെ ജീവിക്കണം, ഏതു വിധത്തിൽ പെരുമാറണം, ആർക്ക് വേണ്ടി നല്ല സ്വഭാവം കാത്തുസൂക്ഷിക്കണം എന്നതിനെക്കുറിച്ചെല്ലാം കൃത്യമായ മാർഗ്ഗനിർദ്ദേശം അത് നൽകുന്നു.

3. എല്ലാ കാലത്തിനും ദേശത്തിനും യോജിച്ചത്

ഇസ്‌ലാമിക സ്വഭാവമര്യാദകൾ അല്ലാഹുവിൽ നിന്നുള്ളതാണ്. അതിനാൽ, അത് ഏതെങ്കിലും ഒരു പ്രത്യേക കാലഘട്ടത്തിനോ ഏതെങ്കിലും ചില നാടുകൾക്കോ മാത്രം ബാധകമായതല്ല. കാലഘട്ടങ്ങൾ മാറുമ്പോഴോ ഭൗതിക സാഹചര്യങ്ങൾ വ്യത്യാസപ്പെടുമ്പോഴോ ഇസ്‌ലാമിക സ്വഭാവമര്യാദകളുടെ അടിസ്ഥാന മൂല്യങ്ങൾക്ക് യാതൊരു മാറ്റവും സംഭവിക്കില്ല; അന്ത്യനാൾ വരെയുള്ള മുഴുവൻ മനുഷ്യർക്കും അത് ബാധകമാണ്; അവർക്കെല്ലാം അത് അനുയോജ്യവുമാണ്.

4. ശരിയായ ബുദ്ധിക്കും മനസ്സാക്ഷിക്കും യോജിച്ചത്

ഇസ്‌ലാമിക ശരീഅത്ത് മുന്നോട്ടുവെക്കുന്ന സദാചാര മൂല്യങ്ങൾ മനുഷ്യന്റെ ശുദ്ധമായ പ്രകൃതത്തോടും ശരിയായ ബുദ്ധിയോടും പൂർണ്ണമായി പൊരുത്തപ്പെടുന്നവയാണ്. സത്യസന്ധതയും കാരുണ്യവും വിശ്വസ്തതയും പോലുള്ള സൽസ്വഭാവങ്ങളെല്ലാം ഏതൊരു ബുദ്ധിയുള്ള മനുഷ്യരുടെ കണ്ണിലും നന്മകളാണ്. എല്ലാ ശുദ്ധപ്രകൃതർക്കും അനുയോജ്യവുമാണ്. അതിനാൽ തന്നെ, അവ അനുവർത്തിക്കുമ്പോൾ വിശ്വാസിയുടെ ഹൃദയത്തിന് ആശ്വാസവും ശാന്തതയുമാണ് ലഭിക്കുക.

5. വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്തബോധം

തന്റെ വാക്കുകൾക്കും കർമ്മങ്ങൾക്കും താൻ പൂർണ്ണ ഉത്തരവാദിയാണെന്ന ബോധം ഇസ്‌ലാം ഓരോ മനുഷ്യനിലും വളർത്തുന്നു. വ്യക്തിപരമായും സാമൂഹികമായും തനിക്ക് നിർവഹിക്കാനുള്ള ചുമതലകളിൽ നിന്ന് ഒളിച്ചോടാൻ ഇസ്‌ലാം വിശ്വാസിയെ അനുവദിക്കുന്നില്ല. അല്ലാഹു പറയുന്നു:

إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَئِكَ كَانَ عَنْهُ مَسْئُولًا

“തീർച്ചയായും കേൾവി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്.” (ഇസ്റാഅ്: 36)

തന്റെ ഓരോ ഇന്ദ്രിയങ്ങളും ഏത് മാർഗ്ഗത്തിലാണ് ഉപയോഗിച്ചത് എന്നതിനെക്കുറിച്ച് നാളെ പരലോകത്ത് കണക്കുബോധിപ്പിക്കേണ്ടി വരുമെന്നും, അതിനാൽ തന്റെ ഓരോ ചലനങ്ങളിലും സദാ ജാഗ്രത പാലിക്കണമെന്നും ഈ ആയത്ത് ഉണർത്തുന്നു. 

6. മനസ്സിൽ നിന്നുണ്ടാകേണ്ടത്

ഇസ്‌ലാമിക സദാചാരം ബാഹ്യപ്രവർത്തനങ്ങളെ  മാത്രം അടിസ്ഥാനമാക്കിയുള്ളതല്ല; മറിച്ച് ഹൃദയത്തിലെ ഉദ്ദേശ്യശുദ്ധിയെയാണ് (നിയ്യത്ത്) അത് പ്രാഥമികമായി പരിഗണിക്കുന്നത്. പുറമേക്ക് എത്ര വലിയ സൽകർമ്മം ചെയ്താലും ഹൃദയത്തിൽ ലോകമാന്യതയോ അഹങ്കാരമോ ആണുള്ളതെങ്കിൽ ആ കർമ്മം അല്ലാഹുവിങ്കൽ സ്വീകാര്യമല്ല. നബി -ﷺ- പറയുന്നു:

إِنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى

“തീർച്ചയായും പ്രവർത്തനങ്ങൾ ഉദ്ദേശ്യങ്ങളെ (നിയ്യത്തുകളെ) ആശ്രയിച്ചാണിരിക്കുന്നത്. ഓരോ മനുഷ്യനും അവൻ ഉദ്ദേശിച്ചത് മാത്രമേ ലഭിക്കുകയുള്ളൂ.” (ബുഖാരി: 1, മുസ്‌ലിം: 1907) 

ചുരുക്കത്തിൽ, ഇസ്‌ലാമിൽ കർമ്മങ്ങളുടെ മൂല്യം നിശ്ചയിക്കപ്പെടുന്നത് ഹൃദയത്തിലെ നിഷ്കളങ്കതയുടെയും ആത്മാർത്ഥതയുടെയും അടിസ്ഥാനത്തിലാണ്. ബാഹ്യമായ ചലനങ്ങളെപ്പോലെത്തന്നെ ആന്തരികമായ ഉദ്ദേശ്യശുദ്ധിയും കാത്തുസൂക്ഷിക്കേണ്ടത് ഇസ്‌ലാമിക സ്വഭാവമര്യാദകളിൽ നിർബന്ധമാണ്.

7. അല്ലാഹുവിനായി മാത്രം… 

മനുഷ്യർ നിർമ്മിച്ചുണ്ടാക്കിയ നിയമങ്ങളിൽ നിയമപാലകരുടെയും ഭരണകൂടത്തിന്റെയും നിരീക്ഷണം ഭയന്നാണ് പലരും തെറ്റുകളിൽ നിന്ന് വിട്ടുനിൽക്കുന്നത്. എന്നാൽ ഇസ്‌ലാമിലെ സദാചാരത്തിന്റെ കാതൽ ‘മുറാഖബ’ അഥവാ അല്ലാഹു എന്നെ സദാ നിരീക്ഷിക്കുന്നുണ്ടെന്ന ബോധമാണ്. ജനങ്ങളുടെ കണ്ണിൽ നിന്ന് ഒളിക്കാൻ സാധിച്ചാലും സർവ്വജ്ഞനായ അല്ലാഹുവിൽ നിന്ന് ഒളിക്കാൻ കഴിയില്ലെന്ന ദൃഢബോധ്യം വിശ്വാസിയെ ഏകാന്തതയിലും പാപങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നു.

അല്ലാഹു പറയുന്നു:

وَهُوَ مَعَكُمْ أَيْنَ مَا كُنْتُمْ

“നിങ്ങൾ എവിടെയായിരുന്നാലും അവൻ നിങ്ങളുടെ കൂടെയുണ്ട്.” (ഹദീദ്: 4)

അല്ലാഹു പറയുന്നു:

إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا

“തീർച്ചയായും അല്ലാഹു നിങ്ങളുടെ മേൽ സദാ നിരീക്ഷകനാകുന്നു.” (നിസാഅ്: 1)

8. ഇഹ-പരലോക പ്രതിഫലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു

ഇസ്‌ലാമിലെ സൽസ്വഭാവം ദുനിയാവിന്റെ നേട്ടങ്ങളോ സാമ്പത്തിക ലാഭങ്ങളോ പ്രതീക്ഷിച്ചു കൊണ്ടുള്ളതല്ല. മറിച്ച് ഇഹത്തിലും പരത്തിലുമുള്ള അല്ലാഹുവിന്റെ കാരുണ്യവും സ്വർഗ്ഗപ്രാപ്തിയുമാണ് അതിന്റെ ആത്യന്തിക ലക്ഷ്യം. സൽസ്വഭാവമുള്ളവർക്ക് അല്ലാഹു നൽകുന്ന പ്രതിഫലത്തെക്കുറിച്ച് ഖുർആൻ പറയുന്നു:

<

p style=”direction: rtl; text-align: center;”>وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا * وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ

“ആരെങ്കിലും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കിക്കൊടുക്കുകയും, അവൻ കണക്കുകൂട്ടാത്ത വിധത്തിൽ അവന്ന് ഉപജീവനം നൽകുകയും ചെയ്യുന്നതാണ്.” (ത്വലാഖ്: 2-3)

മേൽ പറഞ്ഞത് ഇസ്‌ലാമിലെ സൽസ്വഭാവങ്ങളുടെ ചില പ്രത്യേകതകൾ മാത്രമാണ്. അല്ലാഹു നന്മയുള്ള സ്വഭാവമുള്ളവരിൽ നാമേവരെയും ഉൾപ്പെടുത്തട്ടെ. (ആമീൻ)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: