ഇസ്ലാമിലെ സൽസ്വഭാവം എന്നത് കേവലം മനുഷ്യർ തമ്മിലുള്ള ബാഹ്യമായ ഇടപാടുകളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല; മറിച്ച് അത് ഒരു അടിമയും അവന്റെ സ്രഷ്ടാവും തമ്മിലുള്ള ആത്മീയ ബന്ധം മുതൽ മിണ്ടാപ്രാണികളോടുള്ള കാരുണ്യം വരെ ഉൾക്കൊള്ളുന്ന അതിവിശാലവും സമഗ്രവുമായ ഒരു ജീവിതവ്യവസ്ഥയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇസ്ലാമിലെ സ്വഭാവങ്ങളെ പ്രധാനമായും നാല് വിഭാഗങ്ങളായി തിരിക്കാം.
1. അല്ലാഹുവുമായുള്ള ബന്ധം
ധാർമ്മികതയുടെ ഏറ്റവും ഉന്നതമായ തലം അല്ലാഹുവിനോടുള്ള കടപ്പാടുകൾ നിറവേറ്റലാണ്. ഒരു അടിമക്ക് അവനെ സൃഷ്ടിച്ച റബ്ബിനോട് പുലർത്തേണ്ട സ്വഭാവഗുണങ്ങൾ താഴെ പറയുന്നവയാണ്:
- അല്ലാഹുവിൽ സത്യസന്ധമായി വിശ്വസിക്കുക: അവൻ മാത്രമാണ് സർവ്വലോക രക്ഷിതാവും സ്രഷ്ടാവും നിയന്തകനും എന്ന യാഥാർത്ഥ്യം അംഗീകരിക്കുക.
- അല്ലാഹുവിന്റെ പരിപൂർണ്ണതയെ അംഗീകരിക്കുക: അല്ലാഹുവിന്റെ നാമങ്ങളിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും ഉള്ള സമ്പൂർണ്ണതയും പരിശുദ്ധിയും ഹൃദയത്തിൽ ദൃഢീകരിക്കുക.
- അല്ലാഹു അറിയിച്ചുതന്ന കാര്യങ്ങളെല്ലാം സത്യപ്പെടുത്തുക: റബ്ബിൽ നിന്നുള്ള സന്ദേശങ്ങൾ യാതൊരു സംശയവുമില്ലാതെ വിശ്വസിക്കുക. ഖുർആനിലൂടെയോ നബി -ﷺ- യുടെ സ്ഥിരപ്പെട്ട ഹദീഥുകളിലൂടെയോ വന്നെത്തിയ സർവ്വതിലും യാതൊരു സംശയവുമില്ലാതെ ഒരു മുഅ്മിൻ വിശ്വസിക്കേണ്ടതുണ്ട്.
- അല്ലാഹുവിന്റെ വിധിതീർപ്പുകൾക്ക് പൂർണ്ണമായി കീഴടങ്ങുക: അല്ലാഹു കൽപ്പിച്ച വിധിവിലക്കുകളിലും മതപരമായ നിയമങ്ങളിലും പരിപൂർണ്ണ തൃപ്തിയുള്ളവനായിരിക്കുക. അതോടൊപ്പം, നിന്റെ ജീവിതത്തിൽ അല്ലാഹു വിധിച്ചതും നിർണ്ണയിച്ചതുമായ കാര്യങ്ങളിൽ തൃപ്തിപ്പെടുകയും, അല്ലാഹുവിന്റെ തീരുമാനത്തിന് സ്വന്തത്തെ സമർപ്പിക്കുകയും ചെയ്യുക.
ഈ പറഞ്ഞതെല്ലാം അല്ലാഹുവിനോടുള്ള നല്ല സ്വഭാവങ്ങളാണെങ്കിൽ അതിന്റെ വിരുദ്ധ ദിശകളിലുള്ളത് മോശം സ്വഭാവങ്ങളിലാണ് ഉൾപ്പെടുക. ഉദാഹരണത്തിന് അല്ലാഹുവിൽ അവിശ്വസിക്കുക എന്നതും അവനല്ലാത്തവർക്ക് ഇബാദത്തുകൾ നൽകിക്കൊണ്ട് ശിർക്ക് ചെയ്യുക എന്നതുമെല്ലാം അങ്ങേയറ്റത്തെ ദുസ്സ്വഭാവവും അധർമ്മവുമാണ്.
എത്രയെല്ലാം ഒരാൾ ജനങ്ങളോട് നല്ല വിധത്തിൽ വർത്തിച്ചാലും അല്ലാഹുവിനോടുള്ള നിർബന്ധബാധ്യതകളിൽ അവൻ കുറവ് വരുത്തിയാൽ അതാണ് ഏറ്റവും മോശമായ സ്വഭാവം. ദേഹേച്ഛകൾക്ക് അടിപ്പെട്ട് റബ്ബിനെ ധിക്കരിക്കലും, അനുഗ്രഹങ്ങൾക്ക് നന്ദികേട് കാണിക്കലും, അല്ലാഹു നിശ്ചയിച്ച പരീക്ഷണങ്ങളിൽ കഠിനമായ കോപവും അമർഷവും വെച്ചു പുലർത്തലുമെല്ലാം അല്ലാഹുവിനോടുള്ള മര്യാദയിൽ ഒരാൾ വരുത്തുന്ന കുറവും നീചമായ ദുർഗുണങ്ങളിൽ പെട്ടതുമാണ്.
2. ജനങ്ങളുമായുള്ള ബന്ധം
മനുഷ്യർ പരസ്പരം ഇടപഴകുമ്പോൾ പാലിക്കേണ്ട സൽസ്വഭാവങ്ങൾ വിശുദ്ധ ഇസ്ലാം കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്. സത്യസന്ധത, വിശ്വസ്തത (അമാനത്ത്), ജീവിതവിശുദ്ധി, നീതി, ദയ, വിട്ടുവീഴ്ച, പരസ്പര സഹായം, ഔദാര്യം തുടങ്ങിയ ഉത്തമ ഗുണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇവ സമൂഹത്തിൽ പരസ്പര സ്നേഹവും ഐക്യവും വളർത്തുന്നു. ഇതിന് വിപരീതമായുള്ള കളവും വഞ്ചനയും അക്രമവും അസൂയയും പിശുക്കും തുടങ്ങിയ പോലുള്ള ദുർഗുണങ്ങൾ ഇതിന്റെ വിപരീത ദിശയിൽ -മോശം സ്വഭാവങ്ങളിൽ- എണ്ണപ്പെടുകയും ചെയ്യുന്നു.
3. സ്വന്തത്തോടുള്ള ബന്ധം
ഓരോ വ്യക്തിയും സ്വന്തം ശരീരത്തോടും മനസ്സിനോടും പുലർത്തേണ്ട ഉത്തരവാദിത്തങ്ങളും സ്വഭാവ മര്യാദകളുമുണ്ട്. അതിൽ പെട്ട ചില കാര്യങ്ങളാണ്: വിപത്തുകളിൽ ക്ഷമ കൈക്കൊള്ളലും, പ്രതിസന്ധികളിലും പരീക്ഷണങ്ങളിലും പതറാതെ മനസ്സിനെ നിയന്ത്രിക്കലും, കാര്യങ്ങളിൽ സാവകാശം കാണിക്കലും, ചിട്ടയും കൃത്യതയും കാത്തുസൂക്ഷിക്കലും, എടുത്തുചാട്ടം ഒഴിവാക്കലുമെല്ലാം.
ഇവയെല്ലാം ഒരു മനുഷ്യന് സ്വന്തം ശരീരത്തെയും മനസ്സിനെയും വിവേകത്തോടെ നിയന്ത്രിക്കാനുള്ള ഉൾക്കരുത്ത് നൽകുന്നു. ഇതിന്റെ വിപരീത ഗുണങ്ങളായ അക്ഷമയും എടുത്തുചാട്ടവും അലസതയും മറ്റുമെല്ലാം മനുഷ്യനെ സ്വന്തത്തോട് തന്നെ അനീതി ചെയ്യുന്നവനാക്കി മാറ്റുന്നു.
4. ഇതര ജീവജാലങ്ങളുമായുള്ള ബന്ധം
ബുദ്ധിയില്ലാത്ത മിണ്ടാപ്രാണികളോടും മൃഗങ്ങളോടും കാരുണ്യത്തോടെയും ദയയോടെയും വർത്തിക്കുക, അവയുടെ അവകാശങ്ങൾ പൂർത്തീകരിക്കുക എന്നതും ഇസ്ലാമിക സദാചാരത്തിന്റെയും സ്വഭാവമര്യാദകളുടെയും ഭാഗമാണ്. അവയോട് ക്രൂരത കാണിക്കുന്നതും ഭക്ഷണവും വെള്ളവും നൽകാതെ പീഡിപ്പിക്കുന്നതും കടുത്ത പാപമാണ്.
ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
<
p style=”direction: rtl; text-align: center;”>عُذِّبَتِ امْرَأَةٌ فِي هِرَّةٍ سَجَنَتْهَا حَتَّى مَاتَتْ فَدَخَلَتْ فِيهَا النَّارَ، لاَ هِيَ أَطْعَمَتْهَا وَلاَ سَقَتْهَا إِذْ حَبَسَتْهَا، وَلاَ هِيَ تَرَكَتْهَا تَأْكُلُ مِنْ خَشَاشِ الأَرْضِ
“ഒരു പൂച്ചയുടെ പേരിൽ ഒരു സ്ത്രീ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്; അതിനെ കെട്ടിയിട്ട് പട്ടിണിക്കിട്ട് കൊന്നതിനാൽ അവൾ നരകത്തിൽ പ്രവേശിച്ചു. അവൾ അതിനെ ബന്ധനത്തിലാക്കിയപ്പോൾ അതിന് തിന്നാനോ കുടിക്കാനോ നൽകിയില്ല; ഭൂമിയിലെ പ്രാണികളെ തിന്നു ജീവിക്കാൻ അതിനെ അഴിച്ചുവിട്ടതുമില്ല.” (ബുഖാരി: 3482, മുസ്ലിം: 2242)
ഈ പറയപ്പെട്ട സൽസ്വഭാവങ്ങളും ബന്ധങ്ങളും ബാധ്യതകളുമെല്ലാം പരസ്പരം ഇഴചേർന്നു കിടക്കുന്നവയാണ്. ചില സ്വഭാവഗുണങ്ങളും മര്യാദകളും ഒരേ സമയം തന്നെ ഒന്നിലധികം തലങ്ങളിൽ പ്രതിഫലിക്കുന്നു. ഉദാഹരണത്തിന്, ക്ഷമയും വിട്ടുവീഴ്ചയും പുലർത്തുന്നതിലൂടെ ഒരാൾ സ്വന്തം മനസ്സിനെ സംസ്കരിക്കുന്നു, മറ്റുള്ളവർക്ക് ഗുണം ചെയ്യുന്നു, ഒപ്പം അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കുകയും ചെയ്യുന്നു.
