മനുഷ്യരിലുള്ള സ്വഭാവഗുണങ്ങൾ പ്രധാനമായും രണ്ട് തരമുണ്ട്.
1- ജന്മസിദ്ധമായ സ്വഭാവഗുണങ്ങൾ (الأَخْلَاقُ الفِطَرِيَّةُ)
2- പ്രയത്നത്തിലൂടെ നേടിയെടുക്കുന്ന സ്വഭാവഗുണങ്ങൾ (الأَخْلَاقُ المُكْتَسَبَةُ).
ചില സ്വഭാവങ്ങൾ ജനിക്കുമ്പോൾ തന്നെ അല്ലാഹു അവരിൽ സംവിധാനിച്ചതായിരിക്കും. എന്നാൽ മറ്റു ചില സ്വഭാവഗുണങ്ങൾ നിരന്തരമായ പരിശീലനത്തിലൂടെയും, ആത്മനിയന്ത്രണത്തിലൂടെയും നേടിയെടുക്കുന്നവയാണ്. മുന്‍പേ ഒരാളിലുള്ള നല്ല സ്വഭാവങ്ങള്‍ പോലും ശരിയായ ശിക്ഷണത്തിലൂടെ വീണ്ടും വളർത്തിയെടുക്കാനും, ന്യൂനതകൾ പരിഹരിച്ച് കൂടുതൽ മനോഹരമാക്കാനും സാധിക്കുന്നതാണ്.
ഇമാം ഇബ്നുൽ ഖയ്യിം -رَحِمَهُ اللَّهُ- പറയുന്നു: “സ്വഭാവഗുണങ്ങൾ മനുഷ്യന് പ്രയത്നത്തിലൂടെ നേടിയെടുക്കാൻ കഴിയുമോ, അതോ അത് അവന്റെ കഴിവിനപ്പുറമുള്ള കാര്യമാണോ? എന്ന് ചിലര്‍ ചോദിച്ചേക്കാം. ഞാൻ പറയുന്നു: അവ പ്രയത്നത്തിലൂടെയും പരിശീലനത്തിലൂടെയും നേടിയെടുക്കാൻ സാധിക്കും; പരിശ്രമിക്കുകയാണെങ്കില്‍ ചില സ്വഭാവങ്ങള്‍ അവന്റെ രക്തത്തിൽ അലിഞ്ഞുചേരുന്ന വിധത്തില്‍ വരെ മാറുന്നതാണ്.” (മദാരിജുസ്സാലികീന്‍: 2/300)
നബി -ﷺ- യുടെ ഹദീഥുകളിൽ ഈ പറഞ്ഞതിന് വ്യക്തമായ തെളിവുകളുണ്ട്. അശജ്ജ് അബ്ദുൽ ഖൈസ് -رَضِيَ اللَّهُ عَنْهُ- വിനോട് നബി -ﷺ- പറഞ്ഞു:
«إِنَّ فِيكَ خَلَّتَيْنِ يُحِبُّهُمَا اللَّهُ: الحِلْمُ وَالأَنَاةُ، قَالَ: يَا رَسُولَ اللَّهِ، أَنَا أَتَخَلَّقُ بِهِمَا أَمِ اللَّهُ جَبَلَنِي عَلَيْهِمَا؟ قَالَ: بَلِ اللَّهُ جَبَلَكَ عَلَيْهِمَا، قَالَ: الحَمْدُ لِلَّهِ الَّذِي جَبَلَنِي عَلَى خَلَّتَيْنِ يُحِبُّهُمَا اللَّهُ وَرَسُولُهُ»
“നിശ്ചയമായും അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് ഗുണങ്ങൾ നിന്നിലുണ്ട്: സഹനശീലവും അവധാനതയുമാണവ. അപ്പോൾ അശജ്ജ് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഈ രണ്ട് ഗുണങ്ങൾ ഞാൻ പരിശ്രമിച്ചുണ്ടാക്കിയതാണോ, അതല്ല അല്ലാഹു എന്നിൽ പ്രകൃത്യാ നൽകിയതാണോ?
നബി -ﷺ- പറഞ്ഞു: “അല്ല! അല്ലാഹു നിന്നെ ആ രണ്ട് സ്വഭാവങ്ങളോടെയാണ് സൃഷ്ടിച്ചത്.” അപ്പോൾ അദ്ദേഹം പറഞ്ഞു: “അല്ലാഹുവിനും അവന്റെ റസൂലിനും ഇഷ്ടപ്പെട്ട രണ്ട് സ്വഭാവങ്ങളിൽ എന്നെ സൃഷ്ടിച്ച അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും.” (അബൂദാവൂദ്: 5225, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി)
സൽസ്വാഭാവങ്ങളിൽ ചിലത് മനുഷ്യരിൽ ജന്മനാ ഉള്ളതാണെന്ന് ഈ ഹദീഥ് വ്യക്തമാകുന്നുണ്ട്. സഹനവും വിവേകവും അല്ലാഹു അശജ്ജിന് ജന്മസിദ്ധമായി നൽകിയ അനുഗ്രഹമായിരുന്നു. ‘ഇവ ഞാൻ പരിശ്രമിച്ചുണ്ടാക്കിയതാണോ’ എന്ന അദ്ദേഹത്തിന്റെ ചോദ്യം, സ്വഭാവഗുണങ്ങൾ പരിശ്രമത്തിലൂടെയും പരിശീലനത്തിലൂടെയും നേടിയെടുക്കാൻ സാധിക്കുന്ന ഒന്നാണെന്ന് സ്വഹാബികൾ മനസ്സിലാക്കിയിരുന്നു എന്നതിനും തെളിവാണ്.
നബി -ﷺ- ഏറ്റവും ഉത്തമമായ സ്വഭാവഗുണങ്ങൾക്കായി പ്രാർത്ഥനകളിൽ അല്ലാഹുവോട് ധാരാളമായി ചോദിക്കാറുണ്ടായിരുന്നു. നിസ്കാരത്തിന്റെ പ്രാരംഭ പ്രാർത്ഥനയിൽ അവിടുന്ന് ഇപ്രകാരം പ്രാർത്ഥിച്ചിരുന്നു:
«اللَّهُمَّ اهْدِنِي لِأَحْسَنِ الأَخْلَاقِ لا يَهْدِي لِأَحْسَنِهَا إلَّا أَنْتَ، وَاصْرِفْ عَنِّي سَيِّئَهَا لا يَصْرِفُ عَنِّي سَيِّئَهَا إلَّا أَنْتَ»
“അല്ലാഹുവേ, ഏറ്റവും ഉദാത്തമായ സ്വഭാവങ്ങളിലേക്ക് നീ എന്നെ നയിക്കേണമേ; നീയല്ലാതെ അതിലേക്ക് വഴികാണിക്കാൻ ആരുമില്ല. മോശമായ സ്വഭാവങ്ങളെ നീ എന്നിൽ നിന്ന് അകറ്റേണമേ; നീയല്ലാതെ അവയെ എന്നിൽ നിന്ന് തട്ടിമാറ്റാൻ ആരുമില്ല.” (മുസ്ലിം: 771)
മനുഷ്യരുടെ ജന്മസിദ്ധമായ പ്രകൃതിയിൽ വലിയ അന്തരങ്ങൾ കാണാൻ സാധിക്കും. ബാഹ്യമായ സാഹചര്യങ്ങളോ മറ്റോ സ്വാധീനിക്കുന്നതിന് മുമ്പ് തന്നെ കൊച്ചുകുട്ടികളിൽ പോലും ഈ വ്യത്യാസങ്ങൾ പ്രകടമാണ്. ചിലരിൽ ഭയം കൂടുതലായി കാണപ്പെടുമ്പോൾ മറ്റു ചിലരിൽ ധൈര്യം പ്രകടമാകുന്നു; ചിലർ പെട്ടെന്ന് കോപിക്കുന്നവരാകുമ്പോൾ മറ്റു ചിലർ ശാന്തരും സഹനശീലരുമായി കാണപ്പെടുന്നു. ഈ പ്രകൃതിപരമായ വ്യത്യാസത്തെക്കുറിച്ച് നബി -ﷺ- യുടെ ഹദീഥുകളിൽ സൂചനയുണ്ട്; അവിടുന്ന് പറഞ്ഞു:
«النَّاسُ مَعَادِنُ كَمَعَادِنِ الفِضَّةِ وَالذَّهَبِ، خِيَارُهُمْ فِي الجَاهِلِيَّةِ خِيَارُهُمْ فِي الإِسْلَامِ إِذَا فَقُهُوا»
“സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഖനികൾ പോലെ മനുഷ്യരും വ്യത്യസ്ത ഖനികളാണ്; ഇസ്ലാമിന് മുമ്പുള്ള ജാഹിലിയ്യാ കാലഘട്ടത്തിൽ അവരിൽ ഉത്തമരായിരുന്നവർ തന്നെയാണ് ഇസ്ലാമിലും ഉത്തമർ; അവർ ദീനിൽ ശരിയായ അവഗാഹം നേടുകയാണെങ്കിൽ!” (ബുഖാരി: 3493, മുസ്ലിം: 2638)
അബൂ മൂസാ അൽ-അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം; നബി -ﷺ- പറഞ്ഞു:
«إِنَّ اللَّهَ خَلَقَ آدَمَ مِنْ قَبْضَةٍ قَبَضَهَا مِنْ جَمِيعِ الأَرْضِ، فَجَاءَ بَنُو آدَمَ عَلَى قَدْرِ الأَرْضِ؛ جَاءَ مِنْهُمُ الأَبْيَضُ وَالأَحْمَرُ وَالأَسْوَدُ وَبَيْنَ ذَلِكَ، وَالخَبِيثُ وَالطَّيِّبُ، وَالسَّهْلُ وَالحَزْنُ وَبَيْنَ ذَلِكَ»
“നിശ്ചയമായും അല്ലാഹു ഭൂമിയിലെ മുഴുവൻ ഭാഗങ്ങളിൽ നിന്നും എടുത്ത ഒരു പിടി മണ്ണിൽ നിന്നാണ് ആദം നബിയെ സൃഷ്ടിച്ചത്. അതിനാൽ ആദമിന്റെ സന്തതികൾ ഭൂമിയുടെ ഗുണങ്ങൾക്ക് അനുസൃതമായി വ്യത്യസ്തരായി ഉണ്ടായിവന്നു; അവരിൽ വെളുത്തവരും ചുവന്നവരും കറുത്തവരും ഇതിനെല്ലാമിടയിലുള്ളവരുമുണ്ട്; ദുഷിച്ചവരും ശുദ്ധമനസ്കരും, സൗമ്യരും പരുക്കന്മാരും അവടയിലുള്ളവരുമുണ്ട്.” (അബൂദാവൂദ്: 4693, തിർമിദി: 2955, അഹ്മദ്: 19582, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി)
ജാഹിലിയ്യഃ കാലഘട്ടത്തിൽ -ഒരു വിവരവുമില്ലാത്ത കാലം പോലും- മനുഷ്യരിൽ ഉത്തമസ്വഭാവം പുലർത്തിയിരുന്നവർ ഉണ്ടായിരുന്നു എന്ന വാക്ക് അവരിലെ പ്രകൃതിപരമായ നന്മകളെ കുറിച്ച് ഓർമ്മപ്പെടുത്തുണ്ട്. ‘മനുഷ്യർ ഖനികൾ പോലെയാണ്’ എന്ന ഹദീഥും ഇതു പോലെ മനുഷ്യരിൽ കാണപ്പെടുന്ന സൃഷ്ടിപ്പിൽ തന്നെയുള്ള സ്വഭാവഗുണങ്ങളിലേക്കും അവയിൽ അവർക്കിടയിലുള്ള ഏറ്റക്കുറച്ചിലുകളിലേക്കും സൂചന നൽകുന്നുണ്ട്.
