അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാര്‍ഥിക്കണം എന്ന തൌഹീദിലേക്കുള്ള ക്ഷണം കേട്ടാല്‍ ഉടന്‍ അതിനെ എതിര്‍ക്കുകയും, സാധ്യമായ ദുര്‍ന്യായങ്ങള്‍ കൊണ്ട് അതിനെ തള്ളിക്കളയാന്‍ ശ്രമിക്കുകയും ചെയ്യുന്ന പുരോഹിതന്മാരെയും അവരെ പിന്‍പറ്റുന്ന ചില പാമരജനങ്ങളെയും നമ്മുടെ നാട്ടില്‍ ധാരാളമായി കാണാം. ഖുര്‍ആനിലും സുന്നത്തിലും കേവല അവഗാഹമെങ്കിലും ഉള്ള ഒരാള്‍ക്ക് അത്തരം ന്യായവാദങ്ങളുടെ പൊള്ളത്തരവും അവ എന്തു മാത്രം ദുര്‍ബലമാണ് എന്നതും ബോധ്യപ്പെടാതിരിക്കില്ല.

തൌഹീദിനെതിരെ കൊണ്ടു വരുന്ന എല്ലാ ന്യായങ്ങളുടെയും അവസ്ഥ വളരെ ദുര്‍ബലമായിരിക്കുമെന്ന് അല്ലാഹു -تَعَالَى- ഖുര്‍ആനില്‍ നമ്മെ അറിയിച്ചിട്ടുണ്ട്. അല്ലാഹു -تَعَالَى- പറഞ്ഞു:

مَثَلُ الَّذِينَ اتَّخَذُوا مِن دُونِ اللَّهِ أَوْلِيَاءَ كَمَثَلِ الْعَنكَبُوتِ اتَّخَذَتْ بَيْتًا ۖ وَإِنَّ أَوْهَنَ الْبُيُوتِ لَبَيْتُ الْعَنكَبُوتِ ۖ لَوْ كَانُوا يَعْلَمُونَ ﴿٤١﴾

“അല്ലാഹുവിന് പുറമെ വല്ല ഔലിയാക്കളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേത് പോലെയാകുന്നു. അത് ഒരു വീടുണ്ടാക്കി. വീടുകളില്‍ വെച്ച് ഏറ്റവും ദുര്‍ബലമായത് എട്ടുകാലിയുടെ വീട് തന്നെ. അവര്‍ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കില്‍!” (അന്‍കബൂത്: 41)

അല്ലാഹുവിന് പുറമെയുള്ളവരെ വിളിച്ചു പ്രാര്‍ഥിക്കുകയും, അവരോടു സഹായം തേടുകയും ചെയ്യുന്നവര്‍ പറയാറുള്ള പല ന്യായവാദങ്ങളും ഉന്നയിക്കാറുണ്ട്. അതിലൊന്ന് ഇപ്രകാരമാണ്. അവര്‍ പറയും: “അല്ലാഹുവാണ് എല്ലാത്തിനെയും സൃഷ്ടിച്ചത് എന്ന് ഞങ്ങള്‍ക്ക് അറിയാം. അവന് മാത്രമേ എല്ലാം നിയന്ത്രിക്കാനും എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാനും കഴിവുള്ളൂ. ഈ വിശ്വാസത്തോടെയാണ് ഞങ്ങള്‍ വലിയ്യുകളെയും നബിമാരെയും വിളിച്ചു പ്രാര്‍ഥിക്കുന്നത്.”

ഇത് യഥാര്‍ത്ഥത്തില്‍ വളരെ ദുര്‍ബലമായ ഒരു ആശയക്കുഴപ്പം മാത്രമാണ്. അല്ലാഹു -تَعَالَى- യുടെ ഖുര്‍ആനിലും അവന്റെ റസൂലിന്റെ -ﷺ- ഹദീസിലും ഈ വാദത്തിനുള്ള മറുപടി വ്യക്തമായി നല്‍കപ്പെട്ടിട്ടുണ്ട്. മക്കയിലുണ്ടായിരുന്ന മുശ്രിക്കുകള്‍ അവരുടെ ശിര്‍കിനെ ന്യായീകരിക്കാന്‍ വേണ്ടി പറഞ്ഞിരുന്ന അതേ ന്യായമാണ് ഇത്. നബി -ﷺ- യുടെ ഏറ്റവും വലിയ ശത്രുക്കളായിരുന്ന മുശ്രിക്കുകള്‍ പറഞ്ഞ അതേ ന്യായീകരണം മുസ്‌ലിമാണെന്ന് അവകാശപ്പെടുന്ന നാം ഒരാള്‍ തന്റെ നാവ് കൊണ്ട് പറയുക എന്നത് എത്ര ഗുരുതരമാണ്!!

അല്ലാഹു -تَعَالَى- പറഞ്ഞു:

قُلْ مَن يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ أَمَّن يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَن يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَن يُدَبِّرُ الْأَمْرَ ۚ فَسَيَقُولُونَ اللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ ﴿٣١﴾

“പറയുക: ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്‌? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്‌? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌? അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?” (യൂനുസ്: 31)

وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ وَسَخَّرَ الشَّمْسَ وَالْقَمَرَ لَيَقُولُنَّ اللَّهُ ۖ فَأَنَّىٰ يُؤْفَكُونَ ﴿٦١﴾

“ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്‌. അപ്പോള്‍ എങ്ങനെയാണ് അവര്‍ (സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നത്‌?” (അന്‍കബൂത്: 61)

وَلَئِن سَأَلْتَهُم مَّن نَّزَّلَ مِنَ السَّمَاءِ مَاءً فَأَحْيَا بِهِ الْأَرْضَ مِن بَعْدِ مَوْتِهَا لَيَقُولُنَّ اللَّهُ ۚ قُلِ الْحَمْدُ لِلَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْقِلُونَ ﴿٦٣﴾

“ആകാശത്ത് നിന്ന് വെള്ളം ചൊരിയുകയും, ഭൂമി നിര്‍ജീവമായി കിടന്നതിനു ശേഷം അതുമൂലം അതിന് ജീവന്‍ നല്‍കുകയും ചെയ്താരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും; അല്ലാഹുവാണെന്ന്‌. പറയുക: അല്‍ഹംദുലില്ലാഹ്! (അല്ലാഹുവിന് സ്തുതി). പക്ഷെ അവരില്‍ അധികപേരും ചിന്തിച്ച് മനസ്സിലാക്കുന്നില്ല.” (അന്‍കബൂത്: 61)

മുശ്രിക്കുകള്‍ അല്ലാഹുവാണ് തങ്ങളുടെ സൃഷ്ടാവും നിയന്താവും എല്ലാം അധീനപ്പെടുത്തുന്നവനും എന്നു വിശ്വസിച്ചിരുന്നു എന്നു മേലെ നല്‍കിയ ആയതുകളുടെ തഫ്സീറിലും മറ്റും എത്രയോ മുന്‍ഗാമികളായ പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുമുണ്ട്.

ഇമാം ബുഖാരി -رَحِمَهُ اللَّهُ- അദ്ദേഹത്തിന്റെ സ്വഹീഹില്‍ ഹിജ്റ 105 ല്‍ മരണപ്പെട്ട ഇബ്‌നു അബ്ബാസിന്റെ -ِرَضِيَ اللَّهُ عَنْهُمَا- ശിഷ്യനായ ഇക്രിമ -رَحِمَهُ اللَّهُ- യുടെ വാക്ക് ഇപ്രകാരം നല്‍കിയതായി കാണാം: ‘ആകാശഭൂമികളെ സൃഷ്ടിച്ചത് ആരെന്നു ചോദിച്ചാല്‍ അല്ലാഹുവാണെന്നു അവര്‍ പറയും’ എന്ന വിശ്വാസമുള്ളവരായിരുന്നു മുശ്രിക്കുകള്‍. എന്നാല്‍ അതോടൊപ്പം അവര്‍ അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുകയും ചെയ്തു.” (സ്വഹീഹുല്‍ ബുഖാരി: 9/152)

അപ്പോള്‍ എങ്ങനെയാണ് മുശ്രിക്കുകളില്‍ ശിര്‍ക് സംഭവിച്ചത്?

എങ്ങനെയാണ് അവരില്‍ കുഫ്ര്‍ സംഭവിച്ചത്?

നബി -ﷺ- യുടെ അടുത്ത കുടുംബങ്ങളില്‍ പെട്ടവരായിരുന്നിട്ട് പോലും അല്ലാഹുവിന്റെ ശത്രുക്കളായത്?

അല്ലാഹുവാണ് തങ്ങളെ സൃഷ്ടിച്ചതും അവനാണ് തങ്ങളെ നിയന്ത്രിക്കുന്നതെന്നും അവര്‍ക്ക് വിശ്വാസമുണ്ടായിരുന്നെങ്കിലും അല്ലാഹുവിന് മാത്രം അര്‍ഹമായ ഇബാദതുകള്‍ അവനല്ലാത്തവര്‍ക്ക് അവര്‍ നല്‍കി. അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നതിനൊപ്പം അവര്‍ ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യെ വിളിച്ചു പ്രാര്‍ഥിച്ചു. അല്ലാഹുവിന് നേര്‍ച്ച നേരുന്നതോടൊപ്പം ഇസ്മാഈല്‍ നബി -عَلَيْهِ السَّلَامُ- ക്കും അവര്‍ നേര്‍ച്ച നേര്‍ന്നു. മലക്കുകള്‍ സഹായിക്കുമെന്ന വിശ്വാസത്തില്‍ അവരില്‍ ഭരമേല്‍പ്പിച്ചു. അതാണ്‌ അവര്‍ക്ക് സംഭവിച്ച പിഴവ്.

അല്ലാഹു -تَعَالَى- അവന്റെ ഖുര്‍ആനില്‍ ഇക്കാര്യം എത്രയോ തവണ വിശദീകരിച്ചിട്ടുണ്ട്.

وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَىٰ

“അവന്നു പുറമെ ഔലിയാക്കളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌. ” (സുമര്‍: 3)

അല്ലാഹുവിന് പുറമെ തങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്ന ഔലിയാക്കള്‍ അല്ലാഹുവിലേക്ക് തങ്ങളെ അടുപ്പിക്കുമെന്ന വിശ്വാസത്തിലാണ് അവരെ തങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചിരുന്നതെന്ന് മുശ്രിക്കുകള്‍ പറഞ്ഞതായി അല്ലാഹു നമ്മെ അറിയിക്കുന്നു. ഈ വിശ്വാസമാണ് ഇസ്‌ലാമില്‍ പ്രവേശിക്കുന്നതില്‍ നിന്ന് അവരെ തടഞ്ഞത്. നബി -ﷺ- യുമായി യുദ്ധം ചെയ്യുന്നതിലേക്ക് അവരെ എത്തിച്ചതും ഇതേ കാരണം തന്നെ.

മക്കയിലെ മുശ്രിക്കുകള്‍ പറഞ്ഞു കൊണ്ടിരുന്ന അതേ വാദം തന്നെയാണ് ഔലിയാക്കന്മാരെ വിളിച്ചു പ്രാര്‍ഥിക്കുകയും അവരോടു സഹായം തേടുകയും ചെയ്യുന്ന -ഞങ്ങള്‍ മുസ്‌ലിംകളാണ് എന്നവകാശപ്പെടുന്ന ചിലരും- പറയുന്നത്. അല്ലാഹുവിലേക്ക് ഞങ്ങളെ അടുപ്പിക്കുന്ന ഇടയാളന്മാര്‍ മാത്രമാണ് നബിമാരും വലിയ്യുകളും എന്നാണ് അവരുടെയും വിശ്വാസം! ഈ വിശ്വാസം വെച്ചു പുലര്‍ത്തിയാല്‍ അല്ലാഹുവിന്റെ റസൂലിനോടൊപ്പം സ്വര്‍ഗത്തിലല്ല; മറിച്ച് അവിടുത്തെ ശത്രുക്കളോടൊപ്പം നരകത്തിലാണ് എത്തിച്ചേരുക എന്ന് അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍!

وَيَعْبُدُونَ مِن دُونِ اللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّهِ ۚ

“അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു.” (യൂനുസ്: 18)

സുബ്ഹാനല്ലാഹ്! അല്ലാഹുവിന്റെ അടുക്കല്‍ തങ്ങള്‍ക്ക് വേണ്ടി ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യും ഇസ്മാഈല്‍ നബി -عَلَيْهِ السَّلَامُ- യും മറ്റു സ്വാലിഹീങ്ങളും ശുപാര്‍ശ ചെയ്യുമെന്ന് അവര്‍ വിശ്വസിച്ചിരുന്നു. അല്ലാഹുവിന്റെ അടുപ്പം ഈ പ്രവര്‍ത്തനങ്ങളിലൂടെ തങ്ങള്‍ക്ക് ലഭിക്കും എന്നവര്‍ ധരിച്ചിരുന്നു. എന്നാല്‍ അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ള കാഫിറുകളായാണ് അവര്‍ മരണപ്പെട്ടത്. ഇതില്‍ ചിന്തിക്കുന്ന ഏതൊരാള്‍ക്കും പാഠമുണ്ട്.

അല്ലാഹു തന്നെ ഇല്ല എന്നു വിശ്വസിച്ചിരുന്നവരായിരുന്നു മക്കയിലെ മുശ്രിക്കുകള്‍ എങ്കില്‍ അവര്‍ ഇപ്രകാരം പറയുമായിരുന്നോ?  അല്ലാഹു എല്ലാവരെയും സൃഷ്ടിച്ച റബ്ബാണ് എന്ന വിശ്വാസമില്ലായിരുന്നെങ്കില്‍ അല്ലാഹുവിന്റെ അടുക്കല്‍ സാമീപ്യം തേടാന്‍ വേണ്ടി അവര്‍ ശുപാര്‍ഷകരെ സ്വീകരിക്കുമായിരുന്നോ?  അല്ലാഹുവിന് തുല്ല്യമായ പദവിയോ, അവനെക്കാള്‍ ഉയര്‍ന്ന പദവിയോ തങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്ന നബിമാര്‍ക്കും വലിയ്യുകള്‍ക്കും കല്‍പ്പിച്ചിരുന്നെങ്കില്‍ അവര്‍ ഇപ്രകാരം പറയുമായിരുന്നോ?

എന്നിട്ടും എന്തു കൊണ്ടാണ് അവര്‍ മുശ്രിക്കുകള്‍ ആയത്?! 

സംശയമില്ല!

അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതിന് വേണ്ടി ശുപാര്‍ശകരെ നിശ്ചയിക്കലും, അവരെ വിളിച്ചു പ്രാര്‍ഥിക്കലും സഹായം തേടലും അല്ലാഹു പൊറുക്കാത്ത, ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകാന്‍ കാരണമാകുന്ന, നരകത്തില്‍ ശാശ്വതമായി വസിക്കാന്‍ കാരണമാകുന്ന ശിര്‍കാണ്. അല്ലാഹു -تَعَالَى- ശിര്‍കില്‍ നിന്ന് നമ്മെയും നമ്മുടെ കുടുംബത്തെയും രക്ഷിക്കട്ടെ!

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد

أَصْلُهُ: رِسَالَةٌ كَتَبَهَا الشَّيْخُ فَيْصَلُ بْنُ قَزَّار الجَاسِم

تَجْرِيدُ التَّوْحِيدِ مِنْ دَرَنِ الشِّرْكِ وَشُبَهِ التَّنْدِيدِ

-غَفَرَ اللَّهُ لَهُمَا وَلِوَالِدَيْهِمَا وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment