02. ഈ വിഷയം അഖീദയില്‍ പെട്ടത്:
ഏതൊരു മുസ്‌ലിമും അവന്റെ അഖീദ (വിശ്വാസകാര്യങ്ങള്‍) ആയിരിക്കണം ആദ്യം സുദൃഢമാക്കുകയും ശരിയില്‍ പടുത്തുയര്‍ത്തുകയും ചെയ്യേണ്ടതെന്നതില്‍ സംശയമില്ല. കാരണം അഖീദയിലെ പിഴവ് പ്രവര്‍ത്തനങ്ങളെ മുഴുവന്‍ നിഷ്ഫലമാക്കി കളയും.
അല്ലാഹു -تَعَالَى- പറഞ്ഞു:
وَلَوْ أَشْرَكُوا لَحَبِطَ عَنْهُمْ مَا كَانُوا يَعْمَلُونَ
“അവര്‍ ശിര്‍ക്ക് ചെയ്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം നിഷ്ഫലമായിപ്പോകുമായിരുന്നു.” (അന്‍ആം: 88)
അല്ലാഹു -تَعَالَى- പറഞ്ഞു:
وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِنْ قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ
“നീ ശിര്‍ക്ക് ചെയ്താല്‍; തീര്‍ച്ചയായും നിന്റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും, നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ അകപ്പെടുകയും ചെയ്യും എന്ന് നിനക്കും നിന്റെ മുമ്പുള്ളവര്‍ക്കും വഹ്–യ് നല്‍കപ്പെട്ടിരിക്കുന്നു.” (അസ്സുമര്‍: 65)
സിഹ്ര്‍, ജിന്ന് ബാധ പോലുള്ള വിഷയങ്ങള്‍ അഖീദയില്‍ പെട്ടതാണെന്ന് പണ്ഡിതന്മാരില്‍ പലരും വിശദീകരിച്ചിട്ടുണ്ട്. തീര്‍ത്തും അവഗണിക്കപ്പെടേണ്ട ഉപകാരമേതുമില്ലാത്ത വിഷയമല്ല ഇതെന്ന് അവരുടെ വാക്കുകളില്‍ നിന്ന് മനസ്സിലാക്കാം.
അഹ്ലുസ്സുന്നയുടെ അഖീദ എന്താണെന്ന് വിശദീകരിച്ചു കൊണ്ട് അബുല്‍ ഹസന്‍ അല്‍-അശ്അരി -رَحِمَهُ اللَّهُ- പറഞ്ഞു: “ദുനിയാവില്‍ സാഹിറന്മാരും (മാരണക്കാര്‍), സിഹ്റും (മാരണം) നിലനില്‍ക്കുന്നുണ്ടെന്നും, സിഹ്റിന് ദുനിയാവില്‍ അസ്തിത്വമുണ്ടെന്നും നാം സത്യപ്പെടുത്തുന്നു… പിശാച് മനുഷ്യനെ വസ്വാസില്‍ (ദുര്‍മന്ത്രണം) അകപ്പെടുത്തുമെന്നും, അവന് സംശയങ്ങളുണ്ടാക്കുമെന്നും, അവനെ (ശരീരത്തില്‍ ബാധിച്ച്) മറിച്ചിടുമെന്നും (നാം വിശ്വസിക്കുന്നു).” (അല്‍-ഇബാന അന്‍ ഉസ്വൂലിദ്ദിയാന: 12)
അഹ്ലുസ്സുന്നയുടെ അഖീദ വിശദീകരിക്കുന്നതിനിടയില്‍ അശ്അരിയുടെ വാക്കുകള്‍ കടമെടുത്തെന്ന പോലെ മുഹമ്മദ് സിദ്ദീഖ് ഹസന്‍ ഖാന്‍-رَحِمَهُ اللَّهُ-യും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. (ഖത്വ്ഫുസ്സമര്‍ ഫീബയാനി അഖീദതി അഹ്ലില്‍ അഥര്‍: 134)
ഇമാം നവവി -رَحِمَهُ اللَّهُ- പറഞ്ഞു: “ഇമാം മാസുരി പറഞ്ഞു: അഹ്ലുസ്സുന്നയുടെയും മുസ്‌ലിം ഉമ്മത്തിലെ ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും മദ്ഹബ് (നിലപാട്) യാഥാര്‍ഥ്യമുള്ള മറ്റു വസ്തുക്കളെ പോലെ തന്നെ സിഹ്റിനും യാഥാര്‍ഥ്യമുണ്ടെന്ന് അംഗീകരിക്കലാണ്.” (ശര്‍ഹു മുസ്‌ലിം: 14/174)
സിഹ്റിന്റെ യാഥാര്‍ഥ്യം വിശദീകരിക്കുന്ന വേളയില്‍ ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ പറഞ്ഞ കൂടുതല്‍ വാക്കുകള്‍ ഉദ്ദരിക്കാം. ഇന്‍ഷാ അല്ലാഹ്.
ഇതില്‍ നിന്ന് സിഹ്റും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും അഖീദയില്‍ ഉള്‍പ്പെട്ടതാണെന്ന് മനസ്സിലാക്കാം. അഖീദയുമായി ബന്ധപ്പെട്ട വിഷയങ്ങളാകട്ടെ ഏറ്റവും പ്രാധാന്യത്തോടു കൂടി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടതാണ് എന്നതില്‍ വിവരമുള്ള ആര്‍ക്കും സംശയമുണ്ടാവില്ല. നബി -ﷺ- തന്റെ പ്രബോധനത്തില്‍ ആദ്യം പറഞ്ഞത് അഖീദയുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു എന്നത് ഏവര്‍ക്കും അറിവുള്ള കാര്യവുമാണ്.
ജിന്നുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കേണ്ടതിന്റെ പ്രാധാന്യം സൂചിപ്പിച്ചു കൊണ്ട് അല്‍-അല്ലാമ മുഹമ്മദ് ജമാലുദ്ദീന്‍ അല്‍-ഖാസിമി -رَحِمَهُ اللَّهُ- പറഞ്ഞു: “ജിന്നിനെ കുറിച്ചുള്ള ചര്‍ച്ച വളരെയധികം പരിഗണിക്കപ്പെടേണ്ടതും, ആ വിഷയത്തില്‍ പറയപ്പെട്ടിട്ടുള്ള അഭിപ്രായങ്ങള്‍ ക്രോഡീകരിക്കേണ്ടതുമായ ഒന്നാണ്.” (മദാഹിബുല്‍ അഅ്റാബ് വ ഫലാസിഫതില്‍ ഇസ്‌ലാം ഫില്‍ ജിന്ന്: 3, അവലംബം: ഫത്ഹുല്‍ മന്നാന്‍ ഫീ ജംഇ കലാമി ശൈഖില്‍ ഇസ്‌ലാം: 6)
തൗഹീദീ പ്രബോധനത്തില്‍ ഈ വിഷയം ഉള്‍പ്പെടുമെന്നതിന് പുറമെ, ഇത് അഹ്ലുസ്സുന്നയുടെ അഖീദയുമായി ബന്ധപ്പെട്ട വിഷയമാണെന്ന് കൂടി മനസ്സിലാക്കുന്ന ഏതൊരാള്‍ക്കും ഈ ചര്‍ച്ചയുടെയും പഠനത്തിന്റെയും പ്രാധാന്യം ബോധ്യപ്പെടാതിരിക്കുകയില്ല.
03. തിന്മകളില്‍ അകപ്പെടാതിരിക്കണമെങ്കില്‍ അവയെ കുറിച്ച് അറിയേണ്ടതുണ്ട്.
ഹിദായത്തില്‍ (സന്മാര്‍ഗം) ഉറച്ചു നില്‍ക്കണമെങ്കില്‍ ദലാലത്തിന്റെ (ദുര്‍മാര്‍ഗം) വഴികള്‍ എന്താണെന്ന് മനസ്സിലാക്കുക കൂടി വേണ്ടതുണ്ട്. നന്മ മാത്രം പഠിച്ചവനെക്കാള്‍ സത്യത്തിന്റെ വഴിയില്‍ സ്ഥിരതയും ദൃഢതയുമുണ്ടാവുക അസത്യത്തിന്റെ വഴികളെ കുറിച്ച് കൂടി വ്യക്തമായ ബോധ്യമുള്ളവനായിരിക്കും.
ശൈഖ് സ്വാലിഹ് അല്‍-ഫൗസാന്‍ പറഞ്ഞു: “തൗഹീദ് മാത്രം അറിഞ്ഞത് കൊണ്ട് മതിയാവുകയില്ല. തൗഹീദിന്റെ നേര്‍വിപരീതമായ ശിര്‍ക്കും അറിയേണ്ടതുണ്ട്. കാരണം ശിര്‍ക്കില്‍ അകപ്പെട്ടു പോകുമോ എന്ന ഭയം അവനുണ്ടാകേണ്ടതുണ്ട്. ഒരു കാര്യത്തെ കുറിച്ച് അറിവില്ലാത്തവന്‍ അതില്‍ അകപ്പെട്ടു പോയേക്കാം… ചിലപ്പോള്‍ നല്ല കാര്യമാണെന്ന ഉദ്ദേശത്തില്‍ അവന്‍ പ്രവര്‍ത്തിക്കുന്നത് ജാഹിലിയ്യ പ്രവൃത്തികളായിരിക്കും. ജാഹിലിയ്യത്തിനെ കുറിച്ചുള്ള അറിവില്ലായ്മ കാര്യങ്ങള്‍ അവന് മുന്നില്‍ അവ്യക്തമാക്കും…
ഇതിനെക്കാള്‍ അപകടകരമാണ് ശിര്‍ക്കിനെയും, അത് പ്രവേശിക്കുന്ന വഴികളെയും, ശിര്‍ക്കിന്റെ ഇനങ്ങളെയും വേര്‍തിരിച്ചറിയാത്തവന്റെ അവസ്ഥ. അവന്‍ പോലുമറിയാതെ ശിര്‍ക്കില്‍ അകപ്പെടാനുള്ള സാധ്യത വളരെയധികമാണ്… രോഗം അനുഭവിച്ചവനല്ലാതെ ആരോഗ്യത്തിന്റെ വില തിരിച്ചറിയുകയില്ല. ഇരുട്ടില്‍ അകപ്പെട്ടവനല്ലാതെ വെളിച്ചത്തിന്റെ വില ബോധ്യമാവില്ല. ദാഹം രുചിച്ചവനല്ലാതെ വെള്ളത്തിന്റെ മൂല്യം മനസ്സിലാവില്ല. വിശപ്പ് അറിഞ്ഞവനല്ലാതെ ഭക്ഷണത്തിന്റെ വില അറിയാന്‍ കഴിയില്ല. ഭയമെന്തെന്ന് അറിഞ്ഞവനല്ലാതെ നിര്‍ഭയത്വത്തിന്റെ വില തിരിച്ചറിയില്ല.
ഇപ്രകാരം; തൗഹീദിന്റെ വിലയും ശ്രേഷ്ഠതയും തിരിച്ചറിയുക ശിര്‍ക്ക് എന്താണെന്ന് അറിഞ്ഞവനും, ജാഹിലിയ്യത്തിന്റെ അവസ്ഥ എന്താണെന്ന് ബോധ്യപ്പെട്ടവനും മാത്രമാണ്. അപ്പോഴാണ് ശിര്‍ക്കിനെ വെടിയാനും, തന്റെ തൗഹീദിനെ സുരക്ഷിതമാക്കാനും അവന് സാധിക്കുകയുള്ളു.” (ഇആനതുല്‍ മുസ്തഫീദ് ബിശര്‍ഹി കിതാബിത്തൗഹീദ്: 1/127-128)
ഫിത്–നയുടെ കാലഘട്ടത്തില്‍ എപ്രകാരം നിലകൊള്ളണമെന്നതിന് മുസ്‌ലിംകള്‍ക്ക് വളരെ വിലപ്പെട്ട ഉപദേശങ്ങള്‍ ഹദീഥുകളായും മറ്റും പകര്‍ന്നു നല്‍കിയ സ്വഹാബിയാണ് ഹുദൈഫ -رَضِيَ اللَّهُ عَنْهُ-. തന്റെ പഠനരീതിയെ കുറിച്ച് അദ്ദേഹം പറയുന്നത് നോക്കൂ:
قَالَ حُذَيْفَةُ بْنُ اليَمَانِ: «كَانَ النَّاسُ يَسْأَلُونَ رَسُولَ اللَّهِ –ﷺ- عَنِ الخَيْرِ، وَكُنْتُ أَسْأَلُهُ عَنِ الشَّرِّ مَخَافَةَ أَنْ يُدْرِكَنِي»
“ജനങ്ങള്‍ നബി-ﷺ-യോട് നന്മയെ കുറിച്ചായിരുന്നു കൂടുതല്‍ ചോദിച്ചിരുന്നത്; എന്നാല്‍ ഞാന്‍ അവിടുത്തോട് തിന്മകളെ കുറിച്ചായിരുന്നു കൂടുതല്‍ അന്വേഷിച്ചത്; അവ (തിന്മകള്‍) എന്നെ പിടികൂടുമോ എന്ന ഭയം കാരണ(മായിരുന്നു ഞാന്‍ അപ്രകാരം ചെയ്തത്).” (ബുഖാരി: 3606, മുസ്‌ലിം: 1847)
വഴികേടിന്റെ മാര്‍ഗങ്ങളെ തുറന്നു കാട്ടുന്നു എന്നത് ഖുര്‍ആനിന്റെ പ്രത്യേകതയായി അല്ലാഹു വിശേഷിപ്പിച്ചിട്ടുണ്ട്.
അല്ലാഹു -تَعَالَى- പറഞ്ഞു:
وَكَذَلِكَ نُفَصِّلُ الْآيَاتِ وَلِتَسْتَبِينَ سَبِيلُ الْمُجْرِمِينَ
“അപ്രകാരം നാം തെളിവുകള്‍ വിശദീകരിച്ച് തരുന്നു. കുറ്റവാളികളുടെ മാര്‍ഗം വ്യക്തമായി വേര്‍ തിരിഞ്ഞ് കാണുവാന്‍ വേണ്ടിയാകുന്നു അത്.” (അന്‍ആം: 55)
ശൈഖ് നാസ്വിര്‍ അസ്സഅ്ദി -رَحِمَهُ اللَّهُ- പറഞ്ഞു: “അധര്‍മ്മകാരികളുടെ വഴി വേറിട്ടു നില്‍ക്കുകയും വ്യക്തമാവുകയും ചെയ്താല്‍ അതില്‍ നിന്ന് വിട്ടു നില്‍ക്കാനും, അകലം പാലിക്കാനും സാധിക്കും. അവ (സത്യത്തിന്റെ വഴിയോട്) സാദൃശ്യമാക്കപ്പെട്ട അവസ്ഥയിലും കൂടിക്കലര്‍ന്നുമാണെങ്കില്‍ ഈ മഹത്തരമായ ലക്ഷ്യം (തിന്മയില്‍ നിന്ന് വിട്ടുനില്‍ക്കല്‍) നേടിയെടുക്കാന്‍ സാധിക്കുകയില്ല.” (തഫ്സീറുസ്സഅ്ദി: 258)
ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട് ഇബ്‌നുല്‍ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു: “അല്ലാഹു -تَعَالَى- വിശുദ്ധ ഖുര്‍ആനില്‍ മുഅ്മിനീങ്ങളുടെ (സത്യവിശ്വാസികള്‍) വഴിയും മുജ്രിമീങ്ങളുടെ (അതിക്രമകാരികള്‍) വഴിയും വ്യക്തമായി വിശദീകരിച്ചിരിക്കുന്നു. അവരുടെയും ഇവരുടെയും പര്യവസാനം എവിടെ ആയിരിക്കുമെന്നതും, പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്നതും, (രണ്ടു വിഭാഗത്തിന്റെയും) കൂട്ടാളികള്‍ ആരെല്ലാമാണെന്നതും, അവരുടെ നാശവും ഇവര്‍ക്ക് ലഭിച്ച സൗഭാഗ്യവും, അവര്‍ നശിക്കാനുണ്ടായ കാരണവും, ഇവര്‍ വിജയിക്കാനുണ്ടായ കാരണവും വിശദമാക്കിയിരിക്കുന്നു.
രണ്ട് വഴികളും അവന്‍ വ്യക്തമാക്കുകയും, അവയുടെ മറ എടുത്തു നീക്കുകയും ചെയ്തിരിക്കുന്നു… കണ്ണുകള്‍ വെളിച്ചവും അന്ധകാരവും ദര്‍ശിക്കുന്നത് പോലെ ഉള്‍ക്കണ്ണുകള്‍ അവ തിരിച്ചറിഞ്ഞിരിക്കുന്നു. മുഅ്മിനീങ്ങളുടെയും മുജ്രിമീങ്ങളുടെയും വഴികള്‍ വ്യക്തമായി വേര്‍തിരിച്ചറിഞ്ഞവരാണ് അല്ലാഹുവിലും അവന്റെ ഗ്രന്ഥത്തിലും അവന്റെ ദീനിലും ഏറ്റവും വിവരമുള്ളവര്‍. അവര്‍ക്ക് മുന്നില്‍ രണ്ട് വഴികളും വ്യക്തമായിരിക്കുന്നു.
തന്റെ ലക്ഷ്യത്തിലേക്കെത്തുന്ന വഴി ഏതാണെന്നും, തന്നെ നാശത്തിലേക്ക് എത്തിക്കുന്ന വഴി ഏതാണെന്നും അവര്‍ക്ക് മനസ്സിലായിരിക്കുന്നു. അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും അറിവുള്ളവരും, ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരമുള്ളവരും, അവരോട് ഏറ്റവുമധികം നസ്വീഹത്ത് (ഗുണകാംക്ഷ) ഉള്ളവരും അവരാണ്. സന്മാര്‍ഗത്തിലേക്കുള്ള വഴികാട്ടികളാണവര്‍.
തങ്ങള്‍ക്ക് ശേഷം അന്ത്യനാള്‍ വരെ വരാനിരിക്കുന്ന സമൂഹത്തിന് മുന്നില്‍ സ്വഹാബികള്‍ വേറിട്ട് നില്‍ക്കുന്നത് ഇക്കാരണം കൊണ്ടാണ്. അവര്‍ വഴികേടിന്റെയും കുഫ്റിന്റെയും ശിര്‍ക്കിന്റെയും നാശത്തിന്റെയും മാര്‍ഗങ്ങളിലുമാണ് ജനിച്ചു വളര്‍ന്നത്. അത് കൊണ്ട് തിന്മയുടെ വഴികള്‍ അവര്‍ വ്യക്തമായി മനസ്സിലാക്കിയിരിക്കുന്നു. പിന്നീട് നബി -ﷺ- നിയോഗിക്കപ്പെടുകയും, അവരെ അതില്‍ നിന്നെല്ലാം പുറത്ത് കൊണ്ടു വരികയും, സന്മാര്‍ഗത്തിന്റെ വഴിയിലേക്ക് നയിക്കുകയും ചെയ്തു…
കടുത്ത അന്ധകാരത്തില്‍ നിന്ന് പരിപൂര്‍ണമായ വെളിച്ചത്തിലേക്ക് അവര്‍ പ്രവേശിച്ചു. ശിര്‍ക്കില്‍ നിന്ന് തൗഹീദിലേക്ക് അവര്‍ പുറപ്പെട്ടു. ജഹ്ലില്‍ (അജ്ഞത) നിന്ന് ഇല്‍മിലേക്ക് (മതവിജ്ഞാനം). വഴികേടില്‍ നിന്ന് നേര്‍വഴിയിലേക്ക്. അതിക്രമങ്ങളില്‍ നിന്ന് നീതിയിലേക്ക്. അന്ധതയും അനിശ്ചിതത്വവും നിറഞ്ഞു നിന്നിടത്ത് നിന്ന് സന്മാര്‍ഗത്തിലേക്കും ഉള്‍ക്കാഴ്ച്ചയിലേക്കും.
തങ്ങള്‍ക്ക് ലഭിച്ച ഹിദായത്തിന്റെ വില അത് കൊണ്ട് തന്നെ അവര്‍ തിരിച്ചറിഞ്ഞു. തങ്ങള്‍ ജീവിച്ചിരുന്ന അവസ്ഥയുടെ നീചത്വം അവര്‍ക്ക് ബോധ്യമായി… തങ്ങള്‍ എത്തിപ്പെട്ട മാര്‍ഗത്തിനോടുള്ള സ്നേഹവും ആഗ്രഹവും അവര്‍ക്ക് വര്‍ദ്ധിച്ചു കൊണ്ടേയിരുന്നു. തങ്ങള്‍ ഉപേക്ഷിച്ചു പോന്ന വഴിയോടുള്ള വെറുപ്പും അകല്‍ച്ചയും അവരില്‍ അധികരിച്ചു കൊണ്ടിരുന്നു. തൗഹീദിനോടും ഈമാനിനോടും ഇസ്‌ലാമിനോടും ഏറ്റവും ഇഷ്ടമുള്ളവര്‍ അവരായിരുന്നു. അതിനെതിരായ വഴികളോട് ജനങ്ങളില്‍ ഏറ്റവും വെറുപ്പ് അവര്‍ക്കായിരുന്നു.
എന്നാല്‍ സ്വഹാബികള്‍ക്ക് ശേഷം വന്നവരാകട്ടെ, ഇസ്‌ലാമില്‍ തന്നെ വളര്‍ന്നു വന്നവര്‍ അവരിലുണ്ടായിരുന്നു. ഇസ്‌ലാമിന് വിരുദ്ധമായ കാര്യങ്ങളെ കുറിച്ച് വ്യക്തമായ അറിവില്ലാത്തവരായിരുന്നു അവരില്‍ ചിലര്‍. സത്യവിശ്വാസികളുടെ മാര്‍ഗത്തെ കുറിച്ച് സൂക്ഷ്മമായ ചില അറിവുകള്‍ അവര്‍ക്ക് മുന്നില്‍ അവ്യക്തമായി… രണ്ട് വഴികളെ കുറിച്ചോ, രണ്ടിലേതെങ്കിലും ഒന്നിനെകുറിച്ചോ ഉള്ള അറിവില്‍ കുറവുണ്ടാകുമ്പോഴാണ് അവ്യക്തതയുണ്ടാവുക.
قَالَ عُمَرُ بْنُ الخَطَّابِ: «يُوشِكُ أَنْ تُنْقَضَ عُرَى الإِسْلَامِ عُرْوَةً عُرْوَةً إِذَا نَشَأَ فِي الإِسْلَامِ مَنْ لَا يَعْرِفُ الجَاهِلِيَّةَ»
ഉമര്‍ ബ്നുല്‍ ഖത്താബ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞത് പോലെ: “ജാഹിലിയ്യത്ത് എന്താണെന്നറിയാത്തവര്‍ ഇസ്‌ലാമില്‍ വളര്‍ന്നു വന്നാല്‍; ഇസ്‌ലാമിന്റെ കണ്ണികള്‍ ഓരോന്നോരോന്നായി അഴിഞ്ഞു പോകാറാകും.”
ഉമര്‍-رَضِيَ اللَّهُ عَنْهُ-വിന്റെ ആഴത്തിലുള്ള അറിവിന് തെളിവാണ് ഈ വാക്കുകള്‍. നബി -ﷺ- കൊണ്ടു വന്നതിന് എതിരാകുന്നതെല്ലാം ജാഹിലിയ്യത്തില്‍ പെട്ടതാണ്. ജാഹിലിയ്യത്ത് എന്നാല്‍ ജഹ്ലിലേക്കാണ് (അജ്ഞത) ചേര്‍ത്തപ്പെട്ടിരിക്കുന്നത്. നബി-ﷺ-യോട് എതിരാകുന്ന എന്തൊരു കാര്യവും ജഹ്ല്‍ (അജ്ഞത) യാണ്. മുജ്രിമീങ്ങളുടെ വഴി തിരിച്ചറിയാത്തവന്‍ ചിലപ്പോള്‍ അത് മുഅ്മിനീങ്ങളുടെ വഴിയാണെന്ന് തെറ്റിദ്ധരിച്ചേക്കാം.
ഇന്ന് മുസ്‌ലിം സമുദായത്തില്‍ സംഭവിച്ചിട്ടുള്ള വിശ്വാസപരവും, വൈജ്ഞാനികവും, കര്‍മ്മശാസ്ത്രപരവുമായ അനേകം അബദ്ധങ്ങള്‍ യഥാര്‍ഥത്തില്‍ മുജ്രിമീങ്ങളുടെയും കാഫിറുകളുടെയും (അമുസ്‌ലിം) നബി-ﷺ-യുടെ ശത്രുക്കളുടെയും വഴിയില്‍ പെട്ടതാണ്. അവ ഇസ്‌ലാമില്‍ കടത്തിക്കൂട്ടുകയും, അതിലേക്ക് ക്ഷണിക്കുകയും, അതിന് എതിരാകുന്നവരെ കാഫിറുകള്‍ എന്ന് മുദ്ര കുത്തുകയും ചെയ്യുന്നവര്‍ക്ക് ഇത് മുജ്രിമീങ്ങളുടെ വഴിയാണെന്ന അറിവില്ല…” (ബദാഇഉല്‍ ഫവാഇദ്: 107-109)
ഇബ്‌നുല്‍ ഖയ്യിം-رَحِمَهُ اللَّهُ-യുടെ വാക്കുകള്‍ അനവധി ആവര്‍ത്തി വായിച്ചു നോക്കുക. സിഹ്റിന്റെയും ശിര്‍ക്കന്‍ മന്ത്രങ്ങളുടെയും ജാറങ്ങളുടെ മറവില്‍ നടക്കുന്ന പൈശാചിക സേവകളുടെ യഥാര്‍ഥ ചിത്രം ജനങ്ങള്‍ അറിയാത്തതിന്റെ പിഴവാണ് ദിനേനയെന്നോണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ശിര്‍ക്കന്‍ കൂടാരങ്ങളുടെയും അവിടെ തടിച്ചു കൂടുന്ന ജനങ്ങളുടെയും പിന്നിലെ പ്രേരണാശക്തിയെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും.
സിഹ്റും മന്ത്രവാദവും അതുമായി ബന്ധപ്പെട്ട് കിടക്കുന്ന പിശാച് സേവയുമെല്ലാം ശിര്‍ക്കിന്റെ ഇരുണ്ട ഇടമുറികളാണ്. അവയെ കുറിച്ച് വ്യക്തമായ ബോധ്യമില്ലാത്തവന്‍ അവയില്‍ ചെന്ന് ആപതിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
എത്രയോ കുടുംബങ്ങള്‍ -നാടു നീളെ തൗഹീദീ പ്രബോധനമെന്ന പേരില്‍ നടക്കുന്ന പ്രസംഗങ്ങളുടെ ശബ്ദ മുഖരിതമായ അന്തരീക്ഷത്തിനിടയിലും- ബധിരത ബാധിച്ചവനെ പോലെ, പേടിച്ചരണ്ട മുഖവുമായി, ശിര്‍ക്ക് നിറഞ്ഞു നില്‍ക്കുന്ന ജാറങ്ങളുടെ അകത്തളങ്ങളിലേക്കും, പണത്തിന് ആര്‍ത്തിപൂണ്ട മുസ്ല്യാക്കൂട്ടങ്ങളുടെ അടുക്കലേക്കും, കഴുകക്കണ്ണുകളുള്ള കള്ളപ്പുരോഹിതന്മാരുടെ സന്നിധിയിലേക്കും പോകുന്നത് വീട്ടിലുള്ള പണവും, സ്വന്തം മാനവും നശിപ്പിക്കണമെന്ന ആഗ്രഹമുണ്ടായിട്ടല്ല. സിഹ്റിന്റെ കരാളഹസ്തങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ ഒരു വഴിയേ അവര്‍ക്ക് മുന്നില്‍ അറിവുള്ളതായി ഉള്ളു.
ശരികള്‍ പഠിപ്പിച്ചു കൊടുക്കേണ്ടവര്‍ തങ്ങളുടെ നവോത്ഥാനക്കുപ്പായത്തില്‍ ചെളി പുരളാതെ, രാഷ്ട്രീയ മേലാളന്മാരുടെ എച്ചിലും കാത്ത് അവരുടെ പടിപ്പുരകളില്‍ കാവലിരിക്കുകയും, അവരുടെ ‘മൊഴിമുത്തുകള്‍’ എഴുതിയെടുത്ത് സ്റ്റേജില്‍ ഞെളിഞ്ഞിരിക്കുകയും ചെയ്യുമ്പോള്‍ ഈ സമൂഹം അവിടെയൊക്കെ എത്തിയില്ലെങ്കിലാണ് അത്ഭുതം! സിഹ്റില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴികള്‍ പഠിപ്പിച്ചു കൊടുക്കുന്നവരെ മന്ത്രവാദികളെന്നും, ഇസ്‌ലാം പഠിപ്പിച്ച രക്ഷാമാര്‍ഗത്തെ മന്ത്രവാദമെന്നും വിളിച്ച് സമൂഹത്തിന്റെ രക്ഷാമാര്‍ഗങ്ങളെ കൊട്ടിയടക്കുന്നവര്‍ ഇഹ-പരലോകങ്ങളിലെ അല്ലാഹുവിന്റെ പിടുത്തത്തെ കുറിച്ച് ഗൗരവത്തിലൊന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.
സിഹ്ർ ബാധിച്ച ഒരാളെ എങ്ങനെ ശരിയായ റുഖിയ കൊണ്ട് മന്ത്രിക്കാം , സിഹ്ർ ഏൽക്കാതിരിക്കാൻ ഉള്ള റുഖിയ കൾ ഉണ്ട് , പക്ഷേ സിഹ്ർ ബാധിച്ച വ്യക്തിയെ ഏത് റുഖിയ ആണ് ചൊല്ലേണ്ടത് ?
സിഹ്ർ തന്നെ ആണ് എന്ന് എങ്ങനെ ഉറപ്പിക്കാം
അത് പോലെ കേണ്ണേർ ബാധിച്ചാൽ എങ്ങനെ മന്ത്രിക്കാം , ഭക്ഷണത്തിൽ ആണെങ്കിൽ മന്ത്രിച്ച് ഊതുന്നതിൽ തെറ്റ് ഉണ്ടോ ?
സിഹർ: ബാധഏറ്റയാൾ എന്ത് ചെയ്താൽ രോഗം മാറികിട്ടും