04. തിന്മകള്‍ ഇല്ലാതാക്കുന്നതിനൊപ്പം പകരം നന്മ സ്ഥാപിക്കണം.

സിഹ്ര്‍ പാപമാണെന്നും ജിന്ന് ബാധിക്കുമെന്നും കണ്ണേറ് ഉണ്ടെന്നുമൊക്കെ ഞങ്ങളും അംഗീകരിക്കുന്നുണ്ടല്ലോ എന്ന് ചിലര്‍ പറയുന്നത് കേള്‍ക്കുന്നു; പക്ഷേ അവര്‍ സിഹ്റിനും കണ്ണേറിനും ജിന്ന് ബാധക്കുമുള്ള ചികിത്സ എന്താണെന്ന് പഠിപ്പിക്കുന്നത് കേള്‍ക്കാനേയില്ല. ശരിയായ മന്ത്രം പഠിപ്പിക്കുന്നതിനെക്കാള്‍ അവര്‍ക്ക് താല്‍പര്യം മന്ത്രവാദത്തെ എതിര്‍ക്കലാണ്. ജനങ്ങള്‍ക്ക് മുന്നില്‍ തങ്ങള്‍ മന്ത്രത്തിന്റെയും ആത്മീയചികിത്സയുടെയും വക്താക്കളായി മുദ്രകുത്തപ്പെടുകയും, പിന്തിരിപ്പന്മാരും പ്രൊഫഷണലിസ്സമില്ലാത്തവരുമായി ചിത്രീകരിക്കപ്പെടുകയും, രാഷ്ട്രീയക്കാര്‍ പരിപാടിക്ക് ഡെയ്റ്റ് തരാതിരിക്കുകയും, തങ്ങളുടെ ‘ഇസ്‌ലാമിക പ്രബോധനം’ അവസാനിച്ചു പോകുകയും ചെയ്യുമോ എന്ന പേടിയാണ് അവരെ നയിക്കുന്നത് എന്ന് തോന്നുന്നു.

പ്രബോധനത്തിന്റെ ന്യായം പറഞ്ഞ് റുഖിയ ശര്‍ഇയ്യയോടും അതിന്റെ പ്രചാരണത്തോടും അവജ്ഞ കാണിക്കുന്ന അത്തരക്കാരോടായി പറയട്ടെ; ശരിയായ ഇസ്‌ലാമിക പ്രബോധനത്തിന്റെ നന്മയില്‍ പെട്ടതാണ് തിന്മയുടെ ഒരു വഴി ആ പ്രബോധനം മൂലം കൊട്ടിയടക്കപ്പെടുമ്പോള്‍ തന്നെ നന്മയുടെ നൂറ് വഴികള്‍ അത് ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്നത്. നബി-ﷺ-യുടെ പ്രബോധനത്തില്‍ ഇതിന് ധാരാളം ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. ഉദാഹരണത്തിന്; മുഷ്രിക്കുകള്‍ മരുഭൂമികളിലൂടെ യാത്ര ചെയ്യുമ്പോള്‍ ജിന്നുകളെ വിളിച്ച് സഹായം തേടാറുണ്ടായിരുന്നതായി അല്ലാഹു -تَعَالَى- പറഞ്ഞു:

 وَأَنَّهُ كَانَ رِجَالٌ مِنَ الْإِنْسِ يَعُوذُونَ بِرِجَالٍ مِنَ الْجِنِّ فَزَادُوهُمْ رَهَقًا 

“മനുഷ്യരില്‍പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട വ്യക്തികളോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക് (ജിന്നുകള്‍ക്ക്) ഗര്‍വ്വ് വര്‍ദ്ധിപ്പിച്ചു.” (ജിന്ന്: 6)

ഇത് ഇസ്‌ലാം നിരോധിച്ചപ്പോള്‍ തന്നെ പകരമായി അതിനെക്കാള്‍ നല്ല മാര്‍ഗം നബി -ﷺ- പഠിപ്പിച്ചു നല്‍കി. ഒരുദാഹരണമിതാ:

عَنْ خَوْلَةِ بِنْتِ حَكِيمٍ -رَضِيَ اللَّهُ عَنْهَا- قَالَتْ: قَالَ رَسُولُ اللَّهِ -ﷺ-: «مَنْ نَزَلَ مَنْزِلاً فَقَالَ: أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ، لَمْ يَضُرُّهُ شَيْءٌ حَتَّى يَرْحَلَ مِنْ مَنْزِلِهِ ذَلِكَ»

ഖൗലത് ബിന്‍ത് ഹകീം -رَضِيَ اللَّهُ عَنْهَا- പറഞ്ഞു: നബി-ﷺ- പറഞ്ഞു: “ആരെങ്കിലും ഒരു പ്രദേശത്ത് ഇറങ്ങുകയും;

«أَعُوذُ بِكَلِمَاتِ اللَّهِ التَّامَاتِ مِنْ شَرِّ مَا خَلَقَ»

((സാരം: അല്ലാഹുവിന്റെ പരിപൂര്‍ണമായ വചനങ്ങള്‍ (കലിമാത്ത്) കൊണ്ട് അവര്‍ സൃഷ്ടിച്ചവയുടെ തിന്മയില്‍ നിന്ന് ഞാന്‍ ശരണം തേടുന്നു)) എന്ന് പറയുകയും ചെയ്താല്‍ അവിടെ നിന്ന് മടങ്ങുന്നത് വരെ അവനെ ഒന്നും തന്നെ ഉപദ്രവിക്കുകയില്ല.” (മുസ്‌ലിം: 2708)

ശൈഖ് ഇബ്‌നു ഉഥൈമീന്‍ -رَحِمَهُ اللَّهُ- പറഞ്ഞു: “ജാഹിലിയ്യ കാലഘട്ടത്തില്‍ നിലനിന്നിരുന്ന ഒരു കാര്യവും ഇസ്‌ലാം ഇല്ലാതാക്കിയിട്ടില്ല; അതിനെക്കാള്‍ നന്മയുള്ള മറ്റൊരു കാര്യം പകരമായി പഠിപ്പിക്കാതെ എന്ന പാഠം ഈ ഹദീസ് ഉള്‍ക്കൊള്ളുന്നു. ജാഹിലിയ്യ കാലഘട്ടത്തില്‍ അവര്‍ ജിന്നിനെ വിളിച്ച് ശരണം തേടുകയാണ് ചെയ്തിരുന്നത്. അതിന് പകരം അല്ലാഹുവിന്റെ കലിമാത്തുകള്‍ പകരമായി നബി -ﷺ- നിശ്ചയിച്ചു നല്‍കി.

ഏതൊരു പ്രബോധകനും സ്വീകരിക്കേണ്ട സുരക്ഷിതമായ പ്രബോധന വഴിയാണിത്. തിന്മയുടെ ഒരു വഴി ജനങ്ങള്‍ക്ക് മുന്നില്‍ അവന്‍ കൊട്ടിയടക്കുമ്പോള്‍ തന്നെ നന്മയുടെ മറ്റൊരു വഴി തുറന്ന് കൊടുക്കല്‍ അവന്റെ മേല്‍ നിര്‍ബന്ധമാണ്. ഇതെല്ലാം ഹറാമാണെന്ന് പറഞ്ഞ് മിണ്ടാതിരിക്കുകയല്ല അവന്‍ ചെയ്യേണ്ടത്. മറിച്ച്; ഇന്നയിന്ന പ്രവര്‍ത്തികള്‍ ഹറാമാണ്; അതിന് പകരമായി അനുവദനീയമായ ഇന്നയിന്ന വഴികള്‍ നീ സ്വീകരിക്കുക എന്നാണ് അവനോട് പറയേണ്ടത്.

ഇതിന് ഖുര്‍ആനിലും സുന്നത്തിലും അനേകം ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും.

ഖുര്‍ആനില്‍ അല്ലാഹു -تَعَالَى- പറഞ്ഞു:

 يَاأَيُّهَا الَّذِينَ آمَنُوا لَا تَقُولُوا رَاعِنَا وَقُولُوا انْظُرْنَا وَاسْمَعُوا 

“ഹേ: സത്യവിശ്വാസികളേ, നിങ്ങള്‍ (നബിയോട്) ‘റാഇനാ’ എന്ന് പറയരുത്. പകരം ഉന്‍ളുര്‍നാ എന്ന് പറയുകയും ശ്രദ്ധിച്ച് കേള്‍ക്കുകയും ചെയ്യുക.” (ബഖറ: 104) (ഖൗലുല്‍ മുഫീദ് ശര്‍ഹു കിതാബിത്തൗഹീദ്: 1/258-259)

‘റാഇനാ’ എന്നത് രണ്ടര്‍ഥമുള്ള വാക്കായതിനാല്‍ യഹൂദരില്‍ ചിലര്‍ മോശമായ അര്‍ഥം മനസ്സില്‍ വെച്ചു കൊണ്ട് നബി-ﷺ-യെ അപ്രകാരം വിളിക്കാറുണ്ടായിരുന്നു. അപ്പോള്‍ അവ്യക്തമായ അര്‍ഥങ്ങളുള്ളവ ഉപേക്ഷിക്കാനും, വ്യക്തമായ പദങ്ങള്‍ പ്രയോഗിക്കാനും അല്ലാഹു -تَعَالَى- അവരോട് കല്‍പ്പിക്കുകയാണ് ഈ ആയത്തിലൂടെ.

കേരളത്തിലെ സാഹചര്യത്തില്‍ പ്രത്യേകം പഠിപ്പിക്കപ്പെടേണ്ട കാര്യമാണിത്. എല്ലാം തള്ളിപ്പറയാന്‍ എളുപ്പമാണ്; എന്നാല്‍ അതിന് പകരം ശരിയുടെ വഴി ഏതാണെന്ന് ബോധ്യപ്പെടുത്തി നല്‍കാനും, സത്യത്തെയും അസത്യത്തെയും വേര്‍തിരിച്ച് മനസ്സിലാക്കി നല്‍കാനും കുറച്ച് പ്രായാസമനുഭവിക്കണം.

മന്ത്രവാദത്തിനെതിരെ തിരിയാനും, മന്ത്രവാദികള്‍ക്കെതിരെ ജാഥ വിളിക്കാനും എല്ലാവരുമിവിടെയുണ്ട്. നിരീശ്വരവാദികളും രാഷ്ട്രീയക്കാരും മന്ത്രവാദികളെ കൊണ്ട് നിറഞ്ഞ സുന്നി സംഘടനകളെ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റെല്ലാ മുസ്‌ലിം സംഘടനകളും പത്രങ്ങളായ പത്രങ്ങളുമെല്ലാം അതിന് മത്സരിച്ചു കൊണ്ടിരിക്കുകയാണ്. അവിടെ കൂട്ടത്തില്‍ കൂടി; ഞങ്ങളും നിങ്ങളുടെ ഒപ്പമുണ്ടെന്ന് പറഞ്ഞ്, ഒഴുക്കിനനുസരിച്ച് നീന്താന്‍ പ്രത്യേകിച്ച് പ്രയാസമൊന്നുമില്ല. പക്ഷേ, വേറിട്ട ശബ്ദമായി മാറി നിന്ന് മന്ത്രവാദവും ഇസ്‌ലാമിക മന്ത്രവും ചികിത്സയും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് പഠിപ്പിച്ചു നല്‍കണമെങ്കില്‍ മതവിജ്ഞാനവും മുസ്‌ലിം ഉമ്മത്തിനോട് അല്‍പ്പമെങ്കിലും നസ്വീഹത്തും കൈമുതലായുണ്ടാകേണ്ടതുണ്ട്.

05. ഈ വിഷയത്തില്‍ വന്നിട്ടുള്ള ആയത്തുകളുടെയും ഹദീഥുകളുടെയും ആധിക്യം.

ജിന്ന്, സിഹ്ര്‍, റുഖിയ പോലുള്ള വിഷയങ്ങളില്‍ ഖുര്‍ആനിലും ഹദീഥിലും വന്നിട്ടുള്ള പരാമര്‍ശങ്ങള്‍ വളരെ കുറച്ച് മാത്രമാണെന്ന ഒരു ധാരണ ചിലയാളുകള്‍ക്കുണ്ട്. ഇത്രയും കുറച്ച് മാത്രം പ്രാധാന്യം നല്‍കപ്പെട്ട ഒരു വിഷയം പഠിപ്പിക്കപ്പെടേണ്ടതില്ല എന്നാണ് അവര്‍ പറയുന്നതിന്റെ ചുരുക്കം.

വലിയ ധാരണപ്പിശകുകള്‍ ഈ സംസാരത്തിന് പിന്നിലുണ്ട്. അതിലൊന്നാമത്തെ കാര്യം; ഇസ്‌ലാമിക വിഷയങ്ങളുടെ പ്രാധാന്യം ആയത്തുകളുടെയും ഹദീഥുകളുടെയും എണ്ണക്കുറവോ ആധിക്യമോ അനുസരിച്ച് നിശ്ചയിക്കപ്പെടുമെന്നതാണ്. ഖുര്‍ആനിലോ സുന്നത്തിലോ ഒരു കാര്യം ഒരു തവണ മാത്രമേ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളുവെങ്കിലും ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം അതിന് അവന്റെ ജീവനെക്കാള്‍ പ്രാധാന്യമുണ്ട്. ആ വിഷയത്തില്‍ വന്നിട്ടുള്ള തെളിവുകള്‍ കുറവാണെന്ന ന്യായം പറഞ്ഞ് വിഷയം പഠിക്കാതിരിക്കുക എന്നത് യഥാര്‍ഥത്തില്‍ പൈശാചിക ദുര്‍ബോധനത്തിന് വശംവദരായവരുടെ ന്യായമാണ്. ഇതൊരിക്കലും സലഫുകളുടെ രീതിയായിരുന്നില്ല.

എന്തിനധികം?! ഇതൊരിക്കലും കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രം ജീവിച്ച് മരണപ്പെട്ടു പോയ മുജാഹിദ് നേതാക്കന്മാരുടെ പോലും രീതിയല്ല!

നിസ്കാരത്തില്‍ നെഞ്ചത്ത് തന്നെ കൈ കെട്ടണമെന്ന് വാശി പിടിക്കാന്‍ -നബി-ﷺ-യുടെ സുന്നത്തില്‍ ഉറച്ചു നില്‍ക്കണമെന്ന വാശി പ്രശംസനാര്‍ഹമാണ്- അവരെ പ്രേരിപ്പിച്ചത് ആയിരക്കണക്കിന് ഹദീഥുകള്‍ ആ വിഷയത്തിലുണ്ടെന്നതല്ല; മറിച്ച് നബി -ﷺ- അപ്രകാരമാണ് ചെയ്തത് എന്ന് അവരെ ബോധ്യപ്പെടുത്തിയ ചില്ലറ ഹദീഥുകള്‍ മാത്രമാണ്. ഒരിക്കലും ആ വിഷയത്തിലുള്ള ഹദീഥുകളുടെ എണ്ണക്കുറവ് വിഷയം പഠിപ്പിക്കുന്നതില്‍ നിന്ന് അവരെ തടഞ്ഞിട്ടില്ല.

ഇങ്ങനെ എത്രയോ അധികം വിഷയങ്ങള്‍ ഇനിയും കാണാന്‍ സാധിക്കും. ആയത്തുകളുടെയും ഹദീഥുകളുടെയും എണ്ണം നോക്കി വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കുക എന്നത് ശരിയായ രീതിയല്ല എന്ന് അതില്‍ നിന്നെല്ലാം മനസ്സിലാകും.

ഇനി; വാദത്തിന് വേണ്ടി ഹദീഥുകള്‍ കുറച്ചേ ഉള്ളുവെങ്കില്‍ വിഷയത്തിന്റെ പ്രാധാന്യം കുറയും എന്ന് തന്നെ ധരിക്കുക. അങ്ങനെയാണെങ്കിലും ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടാന്‍ എന്തു കൊണ്ടും അര്‍ഹമാണ്.

ഡോ. അബ്ദുല്ല അത്ത്വയ്യാര്‍ പറയുന്നു: “ജിന്നുകളുടെ വിഷയത്തില്‍ ധാരാളം തെളിവുകള്‍ വന്നിരിക്കുന്നു. എന്തിനധികം! ജിന്നുകളെ കുറിച്ചുള്ള വിഷയം പ്രതിപാദിക്കുന്നതിനായി ഖുര്‍ആനില്‍ ഒരു സൂറത്ത് തന്നെയുണ്ട്.” (ഫത്ഹുല്‍ ഹഖില്‍ മുബീന്‍ ഫീ ഇലാജിസ്സര്‍ഇ വസ്സിഹ്രി വല്‍ അയ്ന്‍: 13. ഈ ഗ്രന്ഥം സഊദിയിലെ ഗ്രാന്‍റ് മുഫ്തിയായിരുന്ന ശൈഖ് അബ്ദുല്‍ അസീസ് ബ്നു അബ്ദില്ലാഹി ബ്നു ബാസ്യു-رَحِمَهُ اللَّهُ-ടെ പ്രത്യേക നിര്‍ദേശപ്രകാരം എഴുതപ്പെട്ടതാണ്.)

06. ശിര്‍ക്കിലേക്ക് ജനങ്ങളെ എത്തിക്കുന്ന പ്രധാനകാരണം.

അസത്യത്തിന്റെ വക്താക്കളായ അനേകം മതങ്ങളും കക്ഷികളും അവരുടെ പ്രധാന പ്രബോധന വഴിയായി സ്വീകരിച്ചിരിക്കുന്നത് ശിര്‍ക്കന്‍ മന്ത്രങ്ങളിലൂടെയും സിഹ്റിന്റെ വഴികളിലൂടെയും ജനങ്ങളുടെ പ്രയാസങ്ങള്‍ നീക്കിക്കൊടുത്ത് അവരെ തങ്ങളുടെ പിഴച്ച ചിന്താഗതിയിലേക്ക് എത്തിക്കുക എന്ന കുതന്ത്രമാണ്.

നസ്വാറാക്കളുടെ പ്രധാന പ്രബോധന രീതി ഇത്തരം വഴികള്‍ തന്നെയാണ്. പണ്ഡിതപുരോഹിതന്മാരുടെ കൈകടത്തലുകള്‍ക്ക് എമ്പാടും വിധേയമായ ‘ഇഞ്ചീലെന്ന് വിചാരിക്കപ്പെടുന്ന’ ബൈബിളിന്റെ വചനങ്ങള്‍ ആരുടെയും മനസ്സുകളില്‍ ചലനമുണ്ടാക്കില്ലെന്ന് ഏറ്റവും അറിവുള്ളത് അതിന്റെ പ്രചാരകര്‍ക്ക് തന്നെയാണ്. അതു കാരണം തന്നെയാണ് അവരുടെ പ്രബോധന പ്രസംഗങ്ങളുടെ മുഖ്യ ഇനമായി രോഗശാന്തിശുശ്രൂഷയും, മനശാന്തിയും വാഗ്ദാനം ചെയ്യപ്പെടുന്നത്.

ഇവയെല്ലാം തനിച്ച പൈശാചിക വഴികളിലൂടെയാണ് സാധിച്ചെടുക്കുന്നതെന്നറിയാന്‍ പൈശാചിക ശബ്ദമെന്ന് നബി -ﷺ- വിശേഷിപ്പിച്ച സംഗീതത്തിന് ഇത്തരം പരിപാടികളിലുള്ള സ്ഥാനം ശ്രദ്ധിച്ചാല്‍ മാത്രം മതിയാകും. കൈ കൊട്ടിപ്പാടിയും, പിശാചിന് മന്ത്രോച്ചാരണം നല്‍കിയും ശിര്‍ക്കിന്റെയും കുഫ്റിന്റെയും അഗാതഗര്‍ത്തങ്ങളിലേക്ക് മനുഷ്യരെ എത്തിക്കുന്ന കുടില പ്രബോധന തന്ത്രമാണ് ക്രൈസ്തവര്‍ പയറ്റുന്നതെന്നതിന് കൂടുതല്‍ തെളിവുകള്‍ വേറെയുമുണ്ട്. സാഹചര്യം വരുമ്പോള്‍ അവ വിശദീകരിക്കാം.

മുസ്‌ലിംകള്‍ക്കിടയില്‍ ശിര്‍ക്ക് പ്രചരിപ്പിക്കുന്നതിന്റെ മൊത്തക്കുത്തക ഏറ്റെടുത്തിട്ടുള്ള, അല്ലാഹുവിന്റെ ശാപത്തിനര്‍ഹരായ പണ്ഡിതപുരോഹിത വര്‍ഗം അവരുടെ ആദര്‍ശം പ്രചരിപ്പിക്കുന്നത് ഖുര്‍ആനിന്റെ ആയത്തുകളിലൂടെയോ നബി-ﷺ-യുടെ ഹദീഥുകളിലൂടെയോ അല്ല. മറിച്ച്, ജനങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പൈശാചിക സേവയിലൂടെയും, സിഹ്റിലൂടെയും, ശിര്‍ക്കന്‍ മന്ത്രങ്ങളിലൂടെയും പരിഹരിച്ചു നല്‍കിക്കൊണ്ടാണ്. യഥാര്‍ഥത്തിലുള്ള പ്രശ്നപരിഹാരം ഇത്തരം വഴികളിലൂടെ ഒരിക്കലും സിദ്ധിക്കുകയില്ലെങ്കിലും, താല്‍ക്കാലിക ശമനം ലഭിക്കുന്ന പാമരന്മാരായ സാധാരണ ജനങ്ങള്‍ അവരുടെ ശിര്‍ക്കന്‍ വഴികളിലേക്ക് യാതൊരു വിസമ്മതവുമില്ലാതെ പ്രവേശിക്കും.

ജാറങ്ങളിലും മഖ്ബറകളിലും ഇസ്‌ലാമിന്റെ പുറംതോലണിഞ്ഞ പുരോഹിതച്ചെന്നായ്ക്കളുടെ ‘മഠങ്ങളിലും’ ഇപ്പോഴും കാണപ്പെടുന്ന നീണ്ടനിര എന്തു കൊണ്ടാണെന്ന് നവോത്ഥാനത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷിച്ചവര്‍ ഒന്നു കൂടി ആലോചിക്കേണ്ടതുണ്ട്. കേരളത്തില്‍ നിന്ന് ശിര്‍ക്കിനെ പടികടത്തി പിണ്ഡം വെച്ചെന്ന് വീമ്പിളക്കിയ നേതാക്കന്മാര്‍ ഇതിനൊരുത്തരം പറയേണ്ടതുണ്ട്. ശിര്‍ക്കിന്റെ വ്യത്യസ്ത രൂപങ്ങള്‍ കേരളത്തിന്റെ മുക്കുമൂലകളില്‍ ഇപ്പോഴും പത്തിവിടര്‍ത്തിയാടി കൊണ്ടിരിക്കുന്നു. സംഘടനാ കെട്ടിടങ്ങളുടെ എസിയിട്ട് തണുപ്പിച്ച റൂമിനുള്ളിലിരുന്നാല്‍ മുസ്‌ലിം ഉമ്മത്ത് അകപ്പെട്ടിരിക്കുന്ന ഈ ദാരുണമായ സ്ഥിതി വിശേഷം കാണാന്‍ കഴിയില്ല.

ഇപ്രകാരം ശിര്‍ക്കിലേക്കും കുഫ്റിലേക്കും ജനങ്ങളെ എത്തിക്കുന്ന പ്രധാന വഴിയാണ് സിഹ്റും അതുമായി ബന്ധപ്പെട്ട ശിര്‍ക്കന്‍ മന്ത്ര ചികിത്സകളും. ഇവയെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ഏതൊരു വിശ്വാസിയുടെയും കടമയാണ് എന്നതും ഈ ചര്‍ച്ചയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

ചിലര്‍ പറയാറുണ്ട്; ഇത്തരം ചൈത്താന്‍ കൂവലും കണ്ണേറുമൊക്കെ നമ്മള്‍ പടിയിറക്കി പിണ്ഡം വെച്ചു കഴിഞ്ഞതാണ്; ഇനിയും അതൊന്നും ജനങ്ങള്‍ക്കിടയിലേക്ക് എടുത്തിടേണ്ടതില്ല എന്ന്. അവര്‍ക്ക് മറുപടിയായി ശൈഖ് സ്വാലിഹ് അല്‍-ഫൗസാന്‍-حَفِظَهُ اللَّهُ-യുടെ വാക്കുകള്‍ ഇവിടെ പകര്‍ത്തട്ടെ:

“നിങ്ങള്‍ ജനങ്ങള്‍ക്ക് തൗഹീദ് പഠിപ്പിച്ചു നല്‍കിയാല്‍ മാത്രം മതി;… ജനങ്ങള്‍ ഖുറാഫാത്തുകളുടെ കാലം പിന്നിട്ടിരിക്കുന്നു; സാംസ്കാരികമായി അവര്‍ ഉയര്‍ന്നിരിക്കുന്നു. ഇനി അവരില്‍ ശിര്‍ക്ക് ഉണ്ടാവുകയെന്നത് അസംഭവ്യമാണ് എന്നാണ് വേറെ ചിലര്‍ പറയുന്നത്… ഇതെല്ലാം ആദം സന്തതികള്‍ക്ക് പിശാച് കരുതിവെച്ചിട്ടുള്ള തന്ത്രങ്ങളില്‍ പെട്ടതാണ്… ഇപ്പോള്‍ ധാരാളം ആളുകള്‍ ഉടലെടുത്തിരിക്കുന്നു. ഇത്തരം കാര്യങ്ങള്‍ പഠിക്കുന്നതില്‍ അവര്‍ വിരക്തി കാണിക്കുന്നു. തൗഹീദും ശിര്‍ക്കും, വഴികേടുകളും മുഷ്രിക്കുകളുടെ ആശയക്കുഴപ്പങ്ങളുമെല്ലാം പഠിക്കുന്നതില്‍ നിന്ന് ജനങ്ങളെ അവര്‍ അകറ്റുകയാണ്.

ഇത് ഒന്നല്ലെങ്കില്‍ അവരുടെ അറിവില്ലായ്മ കൊണ്ടാണ്. അതല്ലെങ്കില്‍ മുസ്‌ലിംകള്‍ക്കിടയില്‍ കലര്‍പ്പുണ്ടാക്കാനും, അവരുടെ അഖീദയെ തകര്‍ക്കാനുമാണ് അവര്‍ ഉദ്ദേശിക്കുന്നത്.

മുഅ്തസിലത്തിന്റെ പിഴച്ച വിശ്വാസവും, അവര്‍ക്കുള്ള മറുപടികളും പഠിക്കുന്നവന്‍ ഖബറിന് നേരെ കല്ലെറിയുന്നവനെ പോലെയാണെന്ന് പറയുന്ന ചിലരെ നാം കണ്ടിട്ടുണ്ട്. (ഇത്തരം പിഴച്ച ചിന്താഗതിക്കാര്‍) മരിച്ചു പോയി എന്നതാണ് അതിനുള്ള കാരണമായി അവര്‍ പറയുന്നത്.

(അവര്‍ക്ക് മറുപടിയായി) നമ്മള്‍ പറയുന്നു: സുബ്ഹാനല്ലാഹ്! ആ വ്യക്തികള്‍ മാത്രമാണ് മരിച്ചത്. അവരുടെ പിഴച്ച ചിന്താഗതികള്‍ ഇപ്പോഴും ബാക്കിയാണ്. അവര്‍ ഉണ്ടാക്കിവിട്ട ആശയക്കുഴപ്പങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അവരുടെ ഗ്രന്ഥങ്ങള്‍ ഇപ്പോഴും പ്രസിദ്ധീകരിക്കപ്പെടുകയും അതിന് വേണ്ടി ധാരാളം പണം ചിലവഴിക്കപ്പെടുകയും, അവക്ക് എല്ലാ പ്രോത്സാഹനങ്ങളും നല്‍കപ്പെടുകയും ചെയ്യുന്നു.

അപ്പോള്‍ എങ്ങനെയാണ് അവരെ ശ്രദ്ധിക്കാതെ വിട്ടേക്കൂ എന്ന് പറയാന്‍ നമുക്ക് കഴിയുക? അല്ലാഹു -تَعَالَى- ആദ്യ കാല സമുദായങ്ങളിലെ മുഷ്രിക്കുകള്‍ പറഞ്ഞിരുന്ന ന്യായങ്ങള്‍ ഖുര്‍ആനില്‍ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. ഫിര്‍ഔന്റെയും ഹാമാന്റെയും ഖാറുന്റെയും നൂഹ് നബിയുടെ സമൂഹത്തിന്റെയും, ആദ്-ഥമൂദ് ഗോത്രക്കാരുടെയും ന്യായവാദങ്ങള്‍. അവരൊക്കെ നശിച്ചു പോയിട്ടും അവരുടെ ന്യായവാദങ്ങളും അതിനുള്ള മറുപടിയും അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നു. അതിനാല്‍ വ്യക്തികളെയല്ല പരിഗണിക്കേണ്ടത്; മറിച്ച് അവരുടെ ആദര്‍ശങ്ങളെയാണ്.” (ഇആനതുല്‍ മുസ്തഫീദ്: 1/128-129)

സിഹ്റും ഖുറാഫാത്തുകളുമെല്ലാം നശിച്ചു പോയി എന്ന് വാദത്തിന് സമ്മതിച്ചാല്‍ പോലും അവയെ കുറിച്ച് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടതുണ്ട് എന്നത് മേല്‍ വായിച്ച വാക്കുകളില്‍ നിന്ന് മനസ്സിലാകും. ഇനി അവര്‍ ഉദ്ദേശിക്കുന്നത്; സിഹ്ര്‍ ബാധിക്കും, അവക്ക് ശരിയായ രൂപത്തിലുള്ള ചികിത്സയുണ്ട് എന്നൊക്കെ പറയുന്നതാണ് ഖുറാഫത്ത് എന്നാണെങ്കില്‍ അവരുടെ അറിവില്ലായ്മയെ കുറിച്ചോര്‍ത്ത് സഹതപിക്കുക എന്നതല്ലാതെ എന്ത് ചെയ്യാന്‍?!

07. ചില പൊതുവിഷയങ്ങള്‍.

ജിന്ന്, സിഹ്ര്‍ വിഷയങ്ങളില്‍ നിഷേധവും സ്ഥിരീകരണവുമായി കളം നിറയുന്നവരാകട്ടെ, ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിസംഗതയുടെ വക്താക്കളാകട്ടെ, ബഹുഭൂരിപക്ഷത്തിനും ഈ വിഷയത്തില്‍ വലിയ അജ്ഞതയാണുള്ളത്. ശരിയായ രൂപത്തില്‍ ഈ വിഷയം പഠിപ്പിക്കുന്നതിനെ എതിര്‍ക്കുന്നവരും ജിന്നിന്റെയും സിഹ്റിന്റെയും കെട്ടുകഥകള്‍ ജനങ്ങള്‍ പറയുന്നത് കേട്ടാല്‍ കൗതുകത്തോടെ അതിന് ചെവി കൊടുക്കുന്നത് കാണാം! മനുഷ്യനില്‍ പ്രകൃതിപരമായി നിക്ഷേപിക്കപ്പെട്ടിട്ടുള്ള അന്വേഷണ ത്വര മറ്റേതു വിഷയങ്ങളിലുള്ളതിനെക്കാളും ഈ വിഷയത്തില്‍ അധികമാണ്; തങ്ങളുടെ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത സൃഷ്ടിവിഭാഗമായ ജിന്നുകളെ കുറിച്ചുള്ള കൗതുകവും ആകാംക്ഷയും പലരെയും ഈ വിഷയത്തിനോട് താല്‍പര്യമുള്ളവരാക്കുന്നുണ്ട്.

ജനങ്ങള്‍ക്കിടയില്‍ ഈ വിഷയത്തില്‍ പ്രചാരത്തിരുന്ന പല കെട്ടുകഥകളില്‍ നിന്നും പ്രാമാണികമായി ഈ വിഷയത്തെ വേര്‍തിരിച്ച് പഠിപ്പിച്ചു നല്‍കുകയും, മനസ്സിലാക്കി കൊടുക്കയും ചെയ്യേണ്ട സമയം എന്നേ അതിക്രമിച്ചു പോയിട്ടുണ്ട്. ജിന്നിനെ കുറിച്ചുള്ള അനാവശ്യ ഭീതിയും, അവരുടെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനെന്നോണം ജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള അന്ധവിശ്വാസങ്ങളും ഉടലെടുക്കുന്നതിന്റെ ഒരു കാരണം ഈ വിഷയത്തിലുള്ള അവ്യക്തതയാണ്. മനുഷ്യന്‍ അവന് അറിവില്ലാത്തതിനെയെല്ലാം ഭയക്കുന്നു എന്നതൊരു പൊതുതത്വമായി പലരും പറയാറുള്ളതും ഇതിനോട് കൂട്ടിവായിക്കാം.

ഇതിനെല്ലാം പുറമെ, സിഹ്റിനെ കുറിച്ചും ജിന്നുകളെ കുറിച്ചും കേരളത്തിലെ ഈ ചെറിയ ചുറ്റുപാടിനുള്ളില്‍ തന്നെ എഴുതപ്പെട്ട ഗ്രന്ഥങ്ങള്‍ അനേകമാണ്. അവയില്‍ ബഹുഭൂരിപക്ഷവുമാകട്ടെ, അസത്യങ്ങളും അന്ധവിശ്വാസങ്ങളും വിഢിത്തങ്ങളും കുത്തിനിറച്ചവയുമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സത്യം വേര്‍തിരിക്കുക എന്നത് ഈ വിഷയം പഠിച്ചവരുടെ ബാധ്യതയാണ്.

ഈ വിഷയത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്ന കാരണങ്ങളായി മേല്‍ പറഞ്ഞതല്ലാത്ത അനേകം കാരണങ്ങള്‍ വേറെയും പറയാന്‍ കഴിയും. പക്ഷേ, മേല്‍ പറഞ്ഞവയില്‍ തന്നെ ബുദ്ധിയുള്ളവര്‍ക്ക് ചിന്തിക്കാന്‍ അനേകം പാഠങ്ങളുണ്ട്. എന്നിട്ടും ഈ വിഷയത്തിന്റെ പ്രാധാന്യം ബോധ്യപ്പെടാത്തവരോട് നമുക്ക് പറയാനുള്ളത് ശൈഖ് അല്‍ബാനി -رَحِمَهُ اللَّهُ- പറയാറുണ്ടായിരുന്ന ഒരു വാക്കാണ്;

“ഹഖ് അന്വേഷിക്കുന്നവന് ഒരു തെളിവ് മതി; എന്നാല്‍ ദേഹേഛയെ പിന്തുടരുന്നവന് ആയിരം തെളിവുകള്‍ കണ്ടാലും തൃപ്തിയാവുകയില്ല.”

അല്ലാഹു -تَعَالَى- അദ്ദേഹത്തിന് പൊറുത്തു കൊടുക്കട്ടെ; അദ്ദേഹം പറഞ്ഞതെന്തു മാത്രം വലിയ സത്യമാണ്!

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

  • സിഹർ: ബാധഏറ്റയാൾ എന്ത് ചെയ്താൽ രോഗം മാറികിട്ടും

Leave a Comment