റമദാനിൽ നഷ്ടപ്പെട്ട നോമ്പുകൾ തുടർച്ചയായി നോറ്റു വീട്ടുക എന്നത് നിർബന്ധമില്ല. കാരണം അല്ലാഹു പറയുന്നു:

وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۗ 

“ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) ” (ബഖറ: 185)

എന്നാൽ സാധിക്കുമെങ്കിൽ തുടർച്ചയായി നോമ്പ് നോറ്റുവീട്ടലാണ് കൂടുതൽ ശ്രേഷ്ഠം എന്ന് ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. ഇബ്‌നു ഉസൈമീൻ -رَحِمَهُ اللَّهُ- പറഞ്ഞു: “നോമ്പ് തുടർച്ചയായി നോറ്റു വീട്ടലാണ് കൂടുതൽ ശ്രേഷ്ഠം. അതിന് മൂന്ന് കാരണങ്ങളുണ്ട്.

ഒന്ന്: റമദാനിലെ നോമ്പ് തുടർച്ചയായി നോൽക്കേണ്ടതാണ്. അപ്പോൾ റമദാനിൽ നഷ്ടപ്പെട്ട നോമ്പുകളും തുടർച്ചയായി നോറ്റു വീട്ടുന്നതാണ് റമദാനിലെ അവസ്ഥയോട് കൂടുതൽ സാമ്യത പുലർത്തുന്നത്.

രണ്ട്: തന്റെ മേലുള്ള ബാധ്യത പെട്ടെന്ന് ഒഴിവാക്കാൻ സഹായകമാവുക ഒരുമിച്ചു നോറ്റു വീട്ടുമ്പോഴാണ്. കാരണം ഒരു ദിവസം നോമ്പ് നോൽക്കുകയും അടുത്തത് കുറച്ചു ദിവസം കഴിഞ്ഞ് നോറ്റു വീട്ടുകയും ചെയ്താൽ നിന്റെ ചുമലിൽ ഈ ബാധ്യത കൂടുതൽ കാലം നിലനിൽക്കും. എന്നാൽ തുടർച്ചയായി നോറ്റു വീട്ടിയാൽ അതോടെ ഈ ബാധ്യത നിന്റെ മേൽ നിന്ന് അവസാനിക്കും.

മൂന്ന്: തുടർച്ചയായി നോമ്പ് നോറ്റു വീട്ടുന്നതാണ് കൂടുതൽ സൂക്ഷ്മതയുള്ളത്. കാരണം തനിക്ക് നാളെ എന്താണ് സംഭവിക്കുക എന്ന് ആർക്കും അറിയില്ല. ഇന്ന് ആരോഗ്യവാനായിരിക്കാം. എന്നാൽ നാളെ രോഗിയായേക്കാം. അല്ലെങ്കിൽ മരിച്ചേക്കാം. അതിനാൽ പെട്ടെന്ന് നിന്റെ മേലുള്ള ബാധ്യത നിർവ്വഹിക്കുക.” (ശർഹുൽ മുംതിഅ്: 6/441)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment