പ്രതീക്ഷയര്‍പ്പിക്കേണ്ട നാല് കാര്യങ്ങള്‍ ഇവയാണ്:

ഒന്ന്: അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കുക.

അല്ലാഹു എന്നെ കൈവെടിയില്ലെന്നും, അവനിലാണ് ഞാന്‍ ഭരമേല്‍പ്പിച്ചിരിക്കുന്നതെന്നും, ആരെല്ലാം കൈവെടിഞ്ഞാലും എന്റെ റബ്ബ് എന്നെ കൈവെടിയില്ലെന്നുമുള്ള ഉറച്ച ബോധ്യവും അല്ലാഹുവിലുള്ള പ്രതീക്ഷയില്‍ നിന്നാണ് ഉണ്ടാകുന്നത്. പ്രതീക്ഷയുടെ നേര്‍വിപരീതമാണല്ലോ നിരാശ. അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശപ്പെടുക എന്നത് ഗുരുതരമായ തെറ്റുമാണ്. അല്ലാഹു -تَعَالَى- പറഞ്ഞു:

وَلَا تَيْأَسُوا مِن رَّوْحِ اللَّهِ ۖ إِنَّهُ لَا يَيْأَسُ مِن رَّوْحِ اللَّهِ إِلَّا الْقَوْمُ الْكَافِرُونَ ﴿٨٧﴾

“അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. കാഫിറുകളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച.” (യൂസുഫ്: 87)

എന്നാല്‍ വേര്‍തിരിച്ചു മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് പ്രതീക്ഷയും (الرَّجَاءُ) പകല്‍ക്കിനാവും (التَّمَنِّي). പലര്‍ക്കും ഇവ രണ്ടും കൂടിക്കലരാറുണ്ട്. ചെയ്യേണ്ടതൊന്നും ചെയ്തു വെക്കാതെ അല്ലാഹു പൊറുത്തു തരുമെന്ന പ്രതീക്ഷയില്‍ കഴിച്ചു കൂട്ടുകയും, സ്വര്‍ഗം സ്വപ്നം കാണുകയും ചെയ്യുന്ന ഈ അവസ്ഥ ഒരിക്കലും പ്രശംസനീയമല്ല.

ഒരുദാഹരണം പറയാം. ഒരാള്‍ കല്ല്യാണം കഴിക്കുകയും തന്റെ ഭാര്യയുമായി യോജ്യമായ ബന്ധം വെച്ചു പുലര്‍ത്തുകയും ചെയ്യുന്നു. തനിക്കൊരു കുഞ്ഞിനെ ലഭിക്കണമെന്ന് അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അയാള്‍ യഥാര്‍ത്ഥത്തില്‍ പ്രതീക്ഷയിലാണ്. മറ്റൊരാള്‍ കല്ല്യാണം കഴിക്കുകയോ, സ്ത്രീയെ സ്പര്‍ശിക്കുകയോ പോലും ചെയ്തിട്ടില്ല. അയാളും കുഞ്ഞിനെ ആഗ്രഹിക്കുകയും, അതിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു! ഇയാള്‍ പകല്‍ക്കിനാവുകാരനാണ്.

ഇത്തരം പകല്‍ക്കിനാവുകാര്‍ ധാരാളമുണ്ട്. ഒരു പ്രവര്‍ത്തനവും ചെയ്തില്ലെങ്കിലും അല്ലാഹു തങ്ങള്‍ക്ക് പൊറുത്തു നല്‍കുമെന്നും, സ്വര്‍ഗം നേടിയെടുക്കാമെന്നുമാണ് അവര്‍ കരുതുന്നത്. യഥാര്‍ത്ഥത്തില്‍ അവര്‍ അല്ലാഹുവിന്റെ തന്ത്രത്തെ കുറിച്ച് നിര്‍ഭയരും, അവന്റെ ശിക്ഷയെ വേണ്ട വിധം ഭയക്കാത്തവരുമാണ്. ഇത്തരക്കാരെ അല്ലാഹു ശക്തമായി ആക്ഷേപിച്ചിട്ടുണ്ട്. അവന്‍ പറഞ്ഞു:

لَّيْسَ بِأَمَانِيِّكُمْ وَلَا أَمَانِيِّ أَهْلِ الْكِتَابِ ۗ مَن يَعْمَلْ سُوءًا يُجْزَ بِهِ وَلَا يَجِدْ لَهُ مِن دُونِ اللَّهِ وَلِيًّا وَلَا نَصِيرًا ﴿١٢٣﴾

“കാര്യം നിങ്ങളുടെ വ്യാമോഹങ്ങളനുസരിച്ചല്ല. ആഹ്ലുല്‍ കിതാബുകാരുടെ വ്യാമോഹങ്ങളനുസരിച്ചുമല്ല. ആര് തിന്മ പ്രവര്‍ത്തിച്ചാലും അതിന്നുള്ള പ്രതിഫലം അവന്ന് നല്‍കപ്പെടും.” (നിസാഅ: 123)

യഥാര്‍ത്ഥത്തില്‍ അല്ലാഹുവില്‍ പ്രതീക്ഷ വെക്കേണ്ടവര്‍ ആരാണെന്ന് അല്ലാഹു -تَعَالَى- തന്നെ അറിയിച്ചിട്ടുണ്ട്. അവന്‍ പറഞ്ഞു:

إِنَّ الَّذِينَ آمَنُوا وَالَّذِينَ هَاجَرُوا وَجَاهَدُوا فِي سَبِيلِ اللَّهِ أُولَـٰئِكَ يَرْجُونَ رَحْمَتَ اللَّهِ ۚ وَاللَّهُ غَفُورٌ رَّحِيمٌ ﴿٢١٨﴾

“മുഅമിനീങ്ങള്‍ ആവുകയും, ഹിജ്റ (പാലായനം) ചെയ്യുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദില്‍ ഏര്‍പെടുകയും ചെയ്തവരാരോ; അവര്‍ അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കുന്നവരാകുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.” (ബഖറ: 218)

നോക്കൂ! ഇസ്‌ലാമിലെ പ്രധാനപ്പെട്ട മൂന്ന് കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചതിന് ശേഷമാണ് അവര്‍ പ്രതീക്ഷ വെച്ചിരിക്കുന്നത്. ഈമാനും, ഹിജ്റയും (പാലായനം), അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദുമാണ് അവ. എന്നാല്‍, ഇതിന്റെ പകുതിയോ, പകുതിയുടെ പകുതിയോ പോലുമില്ലാത്തവരാണ് പലപ്പോഴും പ്രതീക്ഷയുടെ വക്താക്കളായി ചമയുന്നത്.

ഹസനുല്‍ ബസ്വരി -رَحِمَهُ اللَّهُ- യുടെ വാക്കോട് കൂടി ഈ ചര്‍ച്ച അവസാനിപ്പിക്കട്ടെ; അദ്ദേഹം പറഞ്ഞു:

إِنَّ قَوْمًا أَلْهَتْهُمُ الأَمَانِيُّ حَتَّى خَرَجُوا مِنَ الدُّنْيَا وَمَا لَهُمْ حَسَنَةٌ، وَيَقُولُ أَحَدُهُمْ: إِنِّي أُحْسِنُ الظَّنَّ بِرَبِّي، وَكَذَبَ، وَلَوْ أَحْسَنَ الظَّنَّ لَأَحْسَنَ العَمَلَ

“ചിലരെ സ്വപ്നങ്ങള്‍ അശ്രദ്ധയിലാക്കി. ദുനിയാവില്‍ നിന്ന് വിടപറഞ്ഞു പോകുമ്പോള്‍ ഒരു നന്മയുമില്ലാതെയാണ് അവര്‍ പടിയിറങ്ങിയത്. ‘എന്റെ റബ്ബിനെ കുറിച്ചുള്ള നല്ല വിചാരത്തിലാണ് ഞാന്‍’ എന്നാണ് അവന്‍ പറയുന്നത്. കളവാണ് അവന്‍ പറഞ്ഞിരിക്കുന്നത്. അവന് അല്ലാഹുവിനെ കുറിച്ച് നല്ല വിചാരമുണ്ടായിരുന്നെങ്കില്‍ അവന്‍ നല്ല പ്രവര്‍ത്തനം കാഴ്ച വെച്ചേനെ.” (ഫയ്ദ്വ്ല്‍ ഖദീര്‍: 5/67)

രണ്ട്: അല്ലാഹുവിന്റെ സ്വര്‍ഗത്തില്‍ പ്രതീക്ഷ വെക്കുക.

അല്ലാഹുവിന്റെ കാരുണ്യങ്ങളില്‍ അപാരമായ കാരുണ്യമാണ് സ്വര്‍ഗം. സര്‍വ്വ ലോകങ്ങളുടെയും സ്രഷ്ടാവായ അല്ലാഹുവിനെ ദര്‍ശിക്കുക എന്നത് ഒഴിച്ചു നിര്‍ത്തിയാല്‍, സ്വര്‍ഗത്തില്‍ പ്രവേശിക്കുക എന്നതിനെക്കാള്‍ വലിയ മറ്റൊരു അനുഗ്രഹവുമില്ല.

സ്വര്‍ഗം പ്രതീക്ഷിക്കേണ്ടതുണ്ട്. അല്ല! അതിലെ ഉന്നതപദവികള്‍ തന്നെ ആഗ്രഹിക്കുകയും, അല്ലാഹുവിനോട് ചോദിക്കുകയും വേണ്ടതുണ്ട്.

നബി -ﷺ- പറഞ്ഞു:

«إِنَّ فِي الجَنَّةِ مِائَةَ دَرَجَةٍ، أَعَدَّهَا اللَّهُ لِلْمُجَاهِدِينَ فِي سَبِيلِهِ، كُلُّ دَرَجَتَيْنِ مَا بَيْنَهُمَا كَمَا بَيْنَ السَّمَاءِ وَالأَرْضِ، فَإِذَا سَأَلْتُمُ اللَّهَ فَسَلُوهُ الفِرْدَوْسَ، فَإِنَّهُ أَوْسَطُ الجَنَّةِ، وَأَعْلَى الجَنَّةِ، وَفَوْقَهُ عَرْشُ الرَّحْمَنِ، وَمِنْهُ تَفَجَّرُ أَنْهَارُ الجَنَّةِ»

“തീര്‍ച്ചയായും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവര്‍ക്ക് വേണ്ടി അവന്‍ ഒരുക്കി വെച്ചിട്ടുള്ള നൂറ് പദവികള്‍ സ്വര്‍ഗത്തില്‍ ഉണ്ട്. ഓരോ പദവികള്‍ക്കും ഇടയില്‍ ആകാശഭൂമികള്‍ക്ക് ഇടയിലുള്ള അകലമുണ്ട്. നിങ്ങള്‍ അല്ലാഹുവിനോട് (സ്വര്‍ഗം) ചോദിക്കുകയാണെങ്കില്‍ ഫിര്‍ദൌസ് തന്നെ ചോദിക്കുക. സ്വര്‍ഗത്തിലെ ഏറ്റവും മദ്ധ്യത്തിലും, ഉയരത്തിലുമുള്ള ഭാഗമാണ് അത്. അതിന് മുകളിലാണ് റഹ്മാനായ റബ്ബിന്റെ സിംഹാസനം ഉള്ളത്. അതില്‍ നിന്നാണ് സ്വര്‍ഗത്തിലേക്കുള്ള നദികള്‍ പുറപ്പെടുന്നത്.” (ബുഖാരി: 7423)

മൂന്ന്: സല്‍കര്‍മ്മങ്ങള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരിക്കുക.

നന്മകള്‍ പ്രവര്‍ത്തിക്കുന്നത് അല്ലാഹു അവ സ്വീകരിക്കുമെന്ന പ്രതീക്ഷയിലായിരിക്കണം. അതില്ലെങ്കില്‍ പിന്നെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്തര്‍ത്ഥമാണ് ഉള്ളത്? അതു കൊണ്ട് തന്നെയാണല്ലോ നബി -ﷺ- പല ഇബാദതുകള്‍ക്കും ഇന്നയിന്ന പ്രതിഫലങ്ങളുണ്ട്‌ എന്ന് സന്തോഷ വാര്‍ത്ത അറിയിച്ചത്.

ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യും ഇസ്മാഈല്‍ -عَلَيْهِ السَّلَامُ- യും കഅബ പടുത്തുയര്‍‍ത്തിയതിന് ശേഷം പ്രാര്‍ഥിച്ച പ്രാര്‍ത്ഥന പ്രസിദ്ധമാണല്ലോ? അവര്‍ പറഞ്ഞതായി അല്ലാഹു -تَعَالَى- അറിയിച്ചു:

وَإِذْ يَرْفَعُ إِبْرَاهِيمُ الْقَوَاعِدَ مِنَ الْبَيْتِ وَإِسْمَاعِيلُ رَبَّنَا تَقَبَّلْ مِنَّا ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ ﴿١٢٧﴾

“ഇബ്രാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ (കഅ്ബയുടെ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും (അനുസ്മരിക്കുക.) (അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചിരുന്നു:) ഞങ്ങളുടെ റബ്ബേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.” (ബഖറ: 127)

ഇമ്രാന്റെ ഭാര്യ -മര്‍യം -عَلَيْهَا السَّلَامُ- യുടെ മാതാവ്- തന്റെ കുട്ടിയെ നേര്‍ച്ച നേര്‍ന്ന സംഭവം വിശദീകരിക്കവെയും അല്ലാഹു -تَعَالَى- ഇക്കാര്യത്തിലേക്ക് സൂചന നല്‍കിയിട്ടുണ്ട്.

إِذْ قَالَتِ امْرَأَتُ عِمْرَانَ رَبِّ إِنِّي نَذَرْتُ لَكَ مَا فِي بَطْنِي مُحَرَّرًا فَتَقَبَّلْ مِنِّي ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ ﴿٣٥﴾

“ഇംറാന്റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക:) എന്റെ റബ്ബേ, എന്റെ വയറ്റിലുള്ള കുഞ്ഞിനെ നിനക്കായ് ഉഴിഞ്ഞുവെക്കാന്‍ ഞാന്‍ നേര്‍ച്ച നേര്‍ന്നിരിക്കുന്നു. ആകയാല്‍ എന്നില്‍ നിന്ന് നീ അത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.” (ആലു ഇംറാന്‍: 35)

ചുരുക്കത്തില്‍, അല്ലാഹു നമ്മുടെ സല്‍കര്‍മ്മങ്ങള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയും അതിന് വേണ്ടിയുള്ള പ്രാര്‍ഥനയും നമ്മില്‍ നിന്ന് ഉണ്ടാകേണ്ടതുണ്ട്. അവ വിശ്വാസിയുടെ സ്വഭാവങ്ങളില്‍ പ്രകടവും പ്രസക്തവുമായി നിലകൊള്ളുകയും ചെയ്യേണ്ടതുണ്ട്.

നാല്: അല്ലാഹു തന്റെ തിന്മകള്‍ പൊറുത്തു തരുമെന്ന പ്രതീക്ഷ ഉണ്ടായിരിക്കുക.

മനുഷ്യന്‍ തെറ്റുകള്‍ സംഭവിക്കുന്നവനാണ്. അവരില്‍ ഏറ്റവും നല്ലവര്‍ അവ അംഗീകരിക്കുകയും, അതില്‍ ഖേദിക്കുകയും, അല്ലാഹുവിനോട് തൌബ ചെയ്യുകയും ചെയ്യുന്നവരാണ്.

അല്ലാഹു -تَعَالَى- തന്റെ തിന്മകള്‍ പൊറുത്തു നല്‍കുമെന്ന പ്രതീക്ഷ എപ്പോഴും നമുക്ക് ഉണ്ടായിരിക്കണം. ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- തന്റെ സമൂഹത്തോട് പറഞ്ഞതായി അല്ലാഹു -تَعَالَى- അറിയിച്ചു:

وَالَّذِي أَطْمَعُ أَن يَغْفِرَ لِي خَطِيئَتِي يَوْمَ الدِّينِ ﴿٨٢﴾

“പ്രതിഫലത്തിന്റെ നാളില്‍ ഏതൊരുവന്‍ എന്റെ തെറ്റ് പൊറുത്തുതരുമെന്ന് ഞാന്‍ ആശിക്കുന്നുവോ; (അവനാണ് എന്റെ റബ്ബ്).” (ശുഅറാ: 82)

അങ്ങേയറ്റം നശിച്ചവനല്ലാതെ അല്ലാഹുവിന്റെ പാപമോചനത്തില്‍ നിന്ന് നിരാശനാവുകയില്ല. അല്ലാഹു -تَعَالَى- പറഞ്ഞു:

قَالَ وَمَن يَقْنَطُ مِن رَّحْمَةِ رَبِّهِ إِلَّا الضَّالُّونَ ﴿٥٦﴾

“അദ്ദേഹം (ഇബ്രാഹീം) പറഞ്ഞു: വഴിപിഴച്ചവരല്ലാതെ മറ്റാരാണ്‌ തന്റെ റബ്ബിന്റെ കാരുണ്യത്തെപ്പറ്റി നിരാശപ്പെടുക? .” (ഹിജ്ര്‍: 56)

ഖുര്‍ആനിലെ ഏറ്റവും പ്രതീക്ഷ നല്‍കപ്പെടുന്ന ആയത് എന്നു വിശേഷിപ്പിക്കപ്പെട്ട ആയതില്‍ അല്ലാഹു പറഞ്ഞു:

قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ ﴿٥٣﴾

“പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.” (സുമര്‍: 53)

പ്രതീക്ഷയര്‍പ്പിക്കേണ്ട നാല് കാര്യങ്ങളെ കുറിച്ചുള്ള ഒരു ചുരുക്ക വിശദീകരണമാണ് മേലെ നല്‍കിയത്. അല്ലാഹു -تَعَالَى- അവനെ ശരിയാം വിധം ഭയക്കുകയും, നല്ല രൂപത്തില്‍ പ്രതീക്ഷ വെക്കുകയും ചെയ്യുന്ന അവന്റെ സച്ചരിതരായ അടിമകളില്‍ നമ്മെ ഉള്‍പ്പെടുത്തുമാറാകട്ടെ!

[ലേഖനത്തിന്റെ ചുരുക്കം പോസ്റ്ററുകളില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക]

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى رَسُولِنَا وَنَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ

وَآخِرُ دَعْوَانَا أَنِ الحَمْدُ لِلَّهِ رَبِّ العَالَمِينَ.

كَتَبَهُ : أَبُو تُرَاب عَبْد المُحْسِن بْن سَيِّد عَلِيّ عَيْدِيدُ

وَالرِّسَالَةُ مَأْخُوذَةٌ مِنْ الفَوَائِدِ المُنْتَقَاةِ مِنْ دُرُوسِ

فَضِيلَةِ الشَّيْخِ صَالِحٍ بْنِ عَبْدِ العَزِيزِ السِّنْدِيِّ

-غَفَرَ اللَّهُ لَهُمَا وَلِوَالِدَيْهِمَا وَلِجَمِيعِ المُسْلِمِينَ

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

3 Comments

Leave a Comment