സകാതുല്‍ ഫിത്വര്‍ നിര്‍ബന്ധമാകുന്നതിന് മൂന്ന് നിബന്ധനകള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്. അവ താഴെ പറയാം.
ഒന്ന്: മുസ്ലിമായിരിക്കുക: മുസ്ലിമീങ്ങള്‍ ആണ് സകാതുല്‍ ഫിത്വര്‍ നല്‍കേണ്ടത്. അതില്‍ പുരുഷനെന്നോ സ്ത്രീയെന്നോ, സ്വതന്ത്രനെന്നോ അടിമയെന്നോ, വലിയവരെന്നോ ചെറിയവരെന്നോ ഉള്ള വ്യത്യാസമില്ല.
ഇബ്നു ഉമര്‍ -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: “എല്ലാ മുസ്ലിംകളുടെ മേലും -അടിമയാകട്ടെ സ്വതന്ത്രനാകട്ടെ, പുരുഷനാകട്ടെ സ്ത്രീയാകട്ടെ, ചെറിയവനാകട്ടെ വലിയവനാകട്ടെ- നബി -ﷺ- റമദാനിലെ സകാതുല്‍ ഫിത്വര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നു.” (ബുഖാരി: 1503, മുസ്ലിം: 984)
രണ്ട്: ധന്യതയുണ്ടായിരിക്കുക: ധന്യതയെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അവനും കുടുംബത്തിനും ആവശ്യമായ ഭക്ഷണവും, അടിസ്ഥാന പരമായ ആവശ്യങ്ങളും കഴിച്ച് ഒരു സ്വാഇലധികം ഭക്ഷണം അവന്റെ പക്കല്‍ ഉണ്ടാവുക എന്നതാണ്. അത് ഉണ്ടായാല്‍ അവന്റെ മേല്‍ സകാതുല്‍ ഫിത്വര്‍ നിര്‍ബന്ധമാകും.
മൂന്ന്: സകാതുല്‍ ഫിത്വറിന്റെ സമയത്തിലേക്ക് പ്രവേശിക്കുക: റമദാനിന്റെ അവസാന ദിവസം സൂര്യന് അസ്തമിക്കുക എന്നതാണ് സകാതുല്‍ ഫിത്വറിന്റെ സമയം പ്രവേശിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.