വുദു

നജസായ വെള്ളം ഫില്‍ട്ടര്‍ ചെയ്ത ശേഷം ഉപയോഗിക്കാമോ?

ചോദ്യം: കുളിമുറികളിലും മറ്റും ഉപയോഗിക്കുന്ന, മൂത്രവും മറ്റു മാലിന്യങ്ങളും കലര്‍ന്ന വെള്ളം ഫില്‍ട്ടര്‍ വഴി ശുദ്ധീകരിച്ചതിന് ശേഷം ഉപയോഗിക്കാമോ? ശുദ്ധീകരണ വേളയില്‍ വെള്ളത്തില്‍ ചില രാസപദാര്‍ഥങ്ങളും മറ്റും കലര്‍ത്തുകയും, വെള്ളത്തിന്‍റെ മോശം മണം നീങ്ങുകയും ചെയ്യും. ഈ വെള്ളം തന്നെയാണ് വീണ്ടും കുളിമുറികളില്‍ ഉപയോഗിക്കാനായി ലഭ്യമാവുക. അത് വുദുവെടുക്കാനും, ജനാബത്തിന്‍റെ കുളിക്കും ഉപയോഗിക്കാമോ?


ഉത്തരം: സഊദിയിലെ ഉന്നത പണ്ഡിത സഭ ഈ വിഷയം പഠനവിധേയമാക്കുകയുണ്ടായി. അവര്‍ എത്തിച്ചേര്‍ന്ന അഭിപ്രായത്തിന്‍റെ ചുരുക്കം ഇതാണ്: “നജസ് കലര്‍ന്നതിനാല്‍ (നിറം, മണം, രുചി എന്നിവയിലേതെങ്കിലും) മാറ്റം സംഭവിച്ച വെള്ളം സ്വയം തന്നെ വൃത്തിയായാല്‍ അത് ശുദ്ധീകരണത്തിന് ഉപയോഗിക്കാം. നജസുള്ള വെള്ളത്തിലേക്ക് ശുദ്ധിയുള്ള വെള്ളം കൂടുതല്‍ ഒഴിച്ചതിനാല്‍ നജസിന്‍റെ അടയാളങ്ങള്‍ ഇല്ലാതായിട്ടുണ്ടെങ്കിലും ഇതേ വിധി തന്നെ. വെള്ളം കൂടുതല്‍ കാലം കെട്ടിനിന്നതിനാലോ, സൂര്യപ്രകാശം തട്ടിയത് കാരണത്താലോ, കാറ്റടിച്ചതിനാലോ മറ്റോ ശുദ്ധിയായാലും ഇതേ വിധി തന്നെ.

കാരണം, നജസായ വെള്ളം എന്ന വിശേഷണം അതോടു കൂടി ഈ വെള്ളത്തിന് ഇല്ലാതെയായിരിക്കുന്നു. വുദുവെടുക്കാന്‍ യോഗ്യമായ ശുദ്ധിയുള്ള വെള്ളമാണ് അത്.

നജസായ വെള്ളം ശുദ്ധീകരിക്കാന്‍ പല വഴികളുമുണ്ട്. ആധുനിക സംവിധാനങ്ങള്‍ കൊണ്ടുള്ള ശുദ്ധീകരണം അക്കൂട്ടത്തില്‍ വളരെ നല്ല മാര്‍ഗമാണ്. ഈ വിഷയത്തില്‍ അവഗാഹമുള്ള, വിശ്വസനീയരായ പലരും സാക്ഷ്യപ്പെടുത്തിയത് പോലെ, വെള്ളത്തിന്‍റെ നജാസത് (അശുദ്ധമായ അവസ്ഥ) നീക്കുന്നതിന് അനേകം വഴികള്‍ ഇന്ന് സ്വീകരിക്കപ്പെടുന്നുണ്ട്.

അതിനാല്‍ ഈ പണ്ഡിത സഭ മനസ്സിലാക്കുന്നത്; ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ടതു പോലുള്ള, ആധുനിക സങ്കേതകങ്ങള്‍ കൊണ്ട് ശുദ്ധീകരിക്കപ്പെട്ട വെള്ളം -നജസിന്‍റെ മണമോ രുചിയോ നിറമോ അതില്‍ കാണാത്തിടത്തോളം, വെള്ളത്തിന്‍റെ ശരിയായ അവസ്ഥയില്‍ തന്നെ അത് നിലനില്‍ക്കുകയും ചെയ്യുന്നതിനാല്‍- ശുദ്ധിയുള്ളത് തന്നെയാണ്.  വുദുവെടുക്കുന്നതിനും ജനാബത്തില്‍ നിന്ന് കുളിക്കുന്നതിനുമെല്ലാം ഈ വെള്ളം ഉപയോഗിക്കാവുന്നതുമാണ്.

ശരീരത്തിന് പ്രത്യേകിച്ച് ഉപദ്രവങ്ങളോ പ്രയാസങ്ങളോ ഉണ്ടാക്കില്ലെങ്കില്‍ ഇത്തരം വെള്ളം കുടിക്കാന്‍ വരെ ഉപയോഗിക്കാം. എന്നാല്‍ പ്രയാസങ്ങളുണ്ടാകുന്നുണ്ടെങ്കില്‍ ശരീരാരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി അത് ഉപയോഗിക്കാതിരിക്കാം. എങ്കിലും അപ്പോഴും വെള്ളം നജസല്ല.”

(ലജ്നതുദ്ദാഇമ: 2468/ആശയവിവര്‍ത്തനം)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്കുവെക്കൂ: