ചോദ്യം: ഓപ്പറേഷന്‍ കഴിഞ്ഞു കിടക്കുന്ന ഒരു സ്ത്രീക്ക് രോഗത്തിന്റെ കാഠിന്യം കാരണത്താല്‍ വുദു എടുക്കാനോ തയമ്മും ചെയ്യാനോ ഒന്നും കഴിയില്ല. അവരുടെ ശരീരത്തില്‍ നജസുമുണ്ട്. മൂന്ന്‍ ദിവസം നിസ്കരിക്കാതെയാണ് അവര്‍ കഴിച്ചു കൂട്ടിയത്. എന്താണ് ഇനി അവര്‍ ചെയ്യേണ്ടത്? ഈ സംഭവം കഴിഞ്ഞിട്ട് ഒരു മാസത്തില്‍ അധികമായി. ഇനി ആ നിസ്കാരങ്ങള്‍ ഖദാ വീട്ടേണ്ടതുണ്ടോ? അവള്‍ ഈ ചെയ്തതില്‍ അവള്‍ക്ക് തെറ്റുണ്ടോ?


ഉത്തരം: ഒരു മനുഷ്യനില്‍ അയാളുടെ ബുദ്ധി നിലനില്‍ക്കുന്നിടത്തോളം അയാളുടെ മേല്‍ നിസ്കാരം നിര്‍ബന്ധമാണ്‌ എന്നതാണ് ഇസ്‌ലാമിലെ അടിസ്ഥാനം. എന്തെല്ലാം സംഭവിച്ചാലും (ബുദ്ധി ഉണ്ടെങ്കില്‍) അവര്‍ നിസ്കരിക്കണം.

ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ട സ്ത്രീ അവള്‍ക്ക് കഴിയാവുന്ന രൂപത്തില്‍ നിസ്കരിക്കുകയായിരുന്നു വേണ്ടത്. വുദു എടുക്കാനോ, തയമ്മും ചെയ്യാനോ കഴിയില്ലെങ്കിലും, ശരീരത്തിലും വസ്ത്രത്തിലും നീക്കം ചെയ്യാനാകാത്ത രൂപത്തില്‍ നജസ് ഉണ്ടെങ്കിലും  അവര്‍ നിസ്കരിക്കണമായിരുന്നു.

കാരണം അല്ലാഹു -تَعَالَى- പറഞ്ഞത് ഇപ്രകാരമാണ്:

لَا يُكَلِّفُ اللَّـهُ نَفْسًا إِلَّا وُسْعَهَا ۚ

“അല്ലാഹു ഒരു ആത്മാവിനും അതിന് സാധിക്കാത്തത് ഏല്‍പ്പിക്കുകയില്ല.” (ബഖറ: 286)

അല്ലാഹു -تَعَالَى- പറഞ്ഞു:

فَاتَّقُوا اللَّـهَ مَا اسْتَطَعْتُمْ

“നിങ്ങള്‍ അല്ലാഹുവിനെ സാധിക്കുന്നത്ര സൂക്ഷിക്കുക.” (തഗാബുന്‍: 16)

അതിനാല്‍, അവള്‍ക്ക് നിന്നു കൊണ്ട് നിസ്കരിക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ നിസ്കരിക്കട്ടെ; ഇരുന്ന് നിസ്കരിക്കാനേ സാധിക്കൂ എങ്കില്‍ ഇരുന്ന് നിസ്കരിക്കാം. ഇരിക്കാനും കഴിയില്ലെങ്കില്‍ കിടന്നു നിസ്കരിക്കാം. പുറം തിരിഞ്ഞു കിടക്കാന്‍ കഴിയില്ലെങ്കില്‍ ചെരിഞ്ഞു കിടന്നും നിസ്കരിക്കാം.

നേരത്തെ പറഞ്ഞ ആയത്തുകള്‍ തന്നെയാണ് ഇതിനെല്ലാം ഉള്ള തെളിവ്. മാത്രമല്ല, നബി -ﷺ- പറഞ്ഞു:

«صَلِّ قَائِمًا فَإِنْ لَمْ تَسْتَطِعْ فَقَاعِداً فَإِنْ لَمْ تَسْتَطِعْ فَعَلَى جَنْبٍ» وَفِي رِوَايَةٍ: «فَإِنْ لَمْ تَسْتَطِعْ فَمُسْتَلْقِيًا» 

“നീ നിന്നു കൊണ്ട് നിസ്കരിക്കുക. അതിന് നിനക്ക് സാധിക്കില്ലെങ്കില്‍ ഇരുന്ന് കൊണ്ട്. അതിനും കഴിയില്ലെങ്കില്‍ ചാരി കിടന്നു കൊണ്ട്.” മറ്റു ചില നിവേദനങ്ങളില്‍ ഇപ്രകാരമുണ്ട്: “അതിനും കഴിയില്ലെങ്കില്‍ കിടന്നു കൊണ്ട്.” (ബുഖാരി: 1117)

ഈ പറഞ്ഞതില്‍ നിന്ന് മനസ്സിലാക്കേണ്ടത്: ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ട സ്ത്രീ അവള്‍ ഉപേക്ഷിച്ച നിസ്കാരം ക്രമപ്രകാരം മടക്കി നിസ്കരിക്കേണ്ടതുണ്ട്. ആദ്യ ദിവസത്തിലെ നിസ്കാരങ്ങള്‍ ആദ്യം എന്ന ക്രമത്തില്‍ അവസാനം വരെ നിസ്കരിച്ചു വീട്ടുക.

 വിവര്‍ത്തകന്റെ അടിക്കുറിപ്പ്:

നഷ്ടപ്പെട്ട നിസ്കാരം ഖദാ വീട്ടുന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്ക് ഭിന്നാഭിപ്രായങ്ങള്‍ ഉണ്ട്. ഖദാ വീട്ടണമെന്നു അഭിപ്രായമുള്ള പന്ധിതന്മാരുടെ വാക്കുകളാണ് മേലെ നല്‍കിയിട്ടുള്ളത്.

എന്നാല്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ, ശിഷ്യന്‍ ഇബ്‌നുല്‍ ഖയ്യിം, ശൈഖ് അല്‍ബാനി, ശൈഖ് ഇബ്‌നു ഉസൈമീന്‍ -رَحِمَهُمُ اللَّهُ- തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരുടെ അഭിപ്രായം ബോധപൂര്‍വ്വം നഷ്ടപ്പെടുത്തിയ നിസ്കാരത്തിനു ഖദാ ഇല്ലെന്നാണ്.

അവന്‍ അല്ലാഹുവിനോട് ആത്മാര്‍ഥമായി തൌബ (പശ്ചാത്താപം) ചെയ്യുകയും, പിന്നീട് അതിലേക്ക് മടങ്ങാതിരിക്കുകയുമാണ് വേണ്ടത്. നഷ്ടപ്പെട്ട നിസ്കാരത്തിനു പകരമായി ആയിരം തവണ അവന്‍ നിസ്കരിചാലും അത് പകരമാവില്ലെന്ന ബോധ്യവും അവന് ഉണ്ടാകേണ്ടതുണ്ട്.

ഈ അഭിപ്രായമാണ് കൂടുതല്‍ തെളിവുകളോട് അടുത്ത് നില്‍ക്കുന്നതായി മനസ്സിലാകുന്നത്. വല്ലാഹു അഅലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment