നബി -ﷺ- ഹസന്‍-رَضِيَ اللَّهُ عَنْهُ-വിന് വിത്റിലെ ഖുനൂത് പഠിപ്പിച്ചു കൊടുത്തതായി ഹദീഥുകളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്.

عَنِ الحَسَنِ بْنِ عَلِيٍّ: عَلَّمَنِي رَسُولُ اللَّهِ -ﷺ- كَلِمَاتٍ أَقُولُهُنَّ فِي الوِتْرِ: «اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ، وَعَافِنِي فِيمَنْ عَافَيْتَ، وَتَوَلَّنِي فِيمَنْ تَوَلَّيْتَ، وَبَارِكْ لِي فِيمَا أَعْطَيْتَ، وَقِنِي شَرَّ مَا قَضَيْتَ، فَإِنَّكَ تَقْضِي وَلَا يُقْضَى عَلَيْكَ، وَإِنَّهُ لَا يَذِلُّ مَنْ وَالَيْتَ، [وَلَا يَعِزُّ مَنْ عَادَيْتَ]، تَبَارَكْتَ رَبَّنَا وَتَعَالَيْتَ [لَا مَنْجَا مِنْكَ إِلَّا إِلَيْكَ] »

ഹസന്‍ -رَضِيَ اللَّهُ عَنْهُ- നിവേദനം: വിത്റിലെ ഖുനൂതില്‍ ചൊല്ലുവാനായി നബി -ﷺ- ചില വാക്കുകള്‍ എനിക്ക് പഠിപ്പിച്ചു തന്നു.

اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ، وَعَافِنِي فِيمَنْ عَافَيْتَ، وَتَوَلَّنِي فِيمَنْ تَوَلَّيْتَ، وَبَارِكْ لِي فِيمَا أَعْطَيْتَ، وَقِنِي شَرَّ مَا قَضَيْتَ، فَإِنَّكَ تَقْضِي وَلَا يُقْضَى عَلَيْكَ، وَإِنَّهُ لَا يَذِلُّ مَنْ وَالَيْتَ، [وَلَا يَعِزُّ مَنْ عَادَيْتَ]، تَبَارَكْتَ رَبَّنَا وَتَعَالَيْتَ [لَا مَنْجَا مِنْكَ إِلَّا إِلَيْكَ]

(അര്‍ഥം:) “അല്ലാഹുവേ! നീ ഹിദായതില്‍  (സന്മാര്‍ഗത്തില്‍) ആക്കിയവരില്‍ (ഉള്‍പ്പെടുത്തി) എന്നെയും നീ ഹിദായതില്‍ ആക്കേണമേ! നീ സൗഖ്യം നല്‍കിയവരില്‍ എനിക്കും സൗഖ്യം നല്‍കേണമേ! നീ കാര്യങ്ങള്‍ ഏറ്റെടുത്തവരില്‍ (ഉള്‍പ്പെടുത്തി) എന്റെ കാര്യങ്ങളും നീ ഏറ്റെടുക്കേണമേ! നീ എനിക്ക് നല്‍കിയതില്‍ ബറകത് (അനുഗ്രഹം) ചൊരിയേണമേ! നീ വിധിച്ച ദോഷങ്ങളില്‍ നിന്ന് എന്നെ നീ രക്ഷിക്കേണമേ! നീയാണ് വിധിക്കുന്നവന്‍; നിനക്കെതിരെ വിധിക്കപ്പെടുകയില്ല. നീ (കാര്യങ്ങള്‍) ഏറ്റെടുത്തവര്‍ അപമാനിതരാവുകയില്ല. (നീ ശത്രുത സ്വീകരിച്ചവന്‍ പ്രതാപം നേടുകയില്ല.) ഞങ്ങളുടെ റബ്ബായ നീ പരിശുദ്ധനും അനുഗ്രഹസമ്പൂര്‍ണ്ണനും ഉന്നതനുമായിരിക്കുന്നു. നിന്നില്‍ നിന്ന് നീയല്ലാതെ മറ്റൊരു രക്ഷാസ്ഥാനമില്ല.” (ഇബ്‌നു മാജ: 1178, തിര്‍മിദി: 464, അബൂ ദാവൂദ്: 1427, നാസാഇ: 1745, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി.)

عَنْ عَلِيِّ بْنِ أَبِي طَالِبٍ، أَنَّ النَّبِيَّ -ﷺ- كَانَ يَقُولُ: فِي آخِرِ الْوِتْرِ «اللَّهُمَّ إِنِّي أَعُوذُ بِرِضَاكَ مِنْ سَخَطِكَ، وَأَعُوذُ بِمُعَافَاتِكَ مِنْ عُقُوبَتِكَ، وَأَعُوذُ بِكَ مِنْكَ، لَا أُحْصِي ثَنَاءً عَلَيْكَ، أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ»

അലിയ്യ് ബ്ന്‍ അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: വിത്ര്‍ നിസ്കാരത്തിന്റെ അവസാനത്തില്‍ ഇപ്രകാരം നബി -ﷺ- പ്രാര്‍ഥിക്കാറുണ്ടായിരുന്നു.

«اللَّهُمَّ إِنِّي أَعُوذُ بِرِضَاكَ مِنْ سَخَطِكَ، وَأَعُوذُ بِمُعَافَاتِكَ مِنْ عُقُوبَتِكَ، وَأَعُوذُ بِكَ مِنْكَ، لَا أُحْصِي ثَنَاءً عَلَيْكَ، أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ»

“അല്ലാഹുവേ! നിന്റെ തൃപ്തി മുന്‍നിര്‍ത്തി നിന്റെ കോപത്തില്‍ നിന്ന് ഞാന്‍ ശരണം തേടുന്നു. നിന്റെ പാപമോചനം മുന്‍നിര്‍ത്തി നിന്റെ ശിക്ഷയില്‍ നിന്ന് ഞാന്‍ രക്ഷ തേടുന്നു. നിന്നില്‍ നിന്ന് നിന്നിലേക്ക്‌ ഞാന്‍ അഭയം തേടുന്നു. നിന്നെ കുറിച്ചുള്ള പ്രശംസ എണ്ണിത്തിട്ടപ്പെടുത്താന്‍ എനിക്ക് സാധ്യമല്ല. നിന്റെ മേല്‍ നീ സ്വയം പ്രശംസ ചൊരിഞ്ഞത് എപ്രകാരമാണോ; അപ്രകാരം തന്നെയാണ് നീ.” (ഇബ്‌നു മാജ: 1179, തിര്‍മിദി: 3566, അബൂ ദാവൂദ്: 1429, നാസാഇ: 1747, അല്‍ബാനി സ്വഹീഹ് എന്ന്‍ വിലയിരുത്തി)

വിത്റിലെ ഖുനൂത് എന്നത് അവഗണിക്കപ്പെട്ട ഒരു സുന്നത്തായി വലിയൊരു കാലം തുടര്‍ന്നിരുന്നെങ്കിലും -അല്‍ഹംദുലില്ലാഹ്- ഇന്ന് പല മസ്ജിദുകളിലും ഈ സുന്നത്ത് ആരംഭിച്ചിരിക്കുന്നു. എന്നാല്‍ മറ്റെല്ലാ ഇബാദതുകളിലേതും പോലെ ഇതിലും സുന്നത്തുകളെ മുറുകെ പിടിക്കാനും, ബിദ്അത്തുകളില്‍ നിന്ന് അകന്നു നില്‍ക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമാണ് അല്ലാഹുവിങ്കല്‍ പ്രതിഫലം പ്രതീക്ഷിക്കപ്പെടാവുന്ന ഒരു പ്രവര്‍ത്തനമായി ഇത് മാറുകയുള്ളൂ.

അതിന് സഹായകമാകുന്ന ചില കാര്യങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മപ്പെടുത്തട്ടെ.

1. സ്ഥിരപ്പെട്ട പ്രാര്‍ഥനകള്‍ തിരഞ്ഞെടുക്കുക.

നബി -ﷺ- തന്റെ പേരമകന്‍ ഹസന്‍-ﷺ-വിന് പഠിപ്പിച്ചു നല്‍കിയ മേലെ കൊടുത്ത പ്രാര്‍ഥനയാണ് ചൊല്ലാന്‍ കൂടുതല്‍ ഉത്തമം. കാരണം അത് പഠിപ്പിച്ചു നല്‍കിയത് റസൂലുല്ലയാണെന്നത്  തന്നെ.

ഹദീസില്‍ സ്ഥിരപ്പെട്ട പ്രാര്‍ത്ഥന ചൊല്ലിയതിനു ശേഷം ഉദ്ദേശിക്കുന്നെങ്കില്‍ ചില ദുആകള്‍ അവന് വര്‍ദ്ധിപ്പിക്കാമെന്ന് മാത്രം. അതും ഖുര്‍ആനില്‍ നിന്നും, സുന്നത്തില്‍ നിന്നും തിരഞ്ഞെടുക്കലാണ് ഉത്തമം. ഓരോരുത്തരും സ്വയം നിര്‍മ്മിക്കുന്ന പ്രാര്‍ത്ഥനകളെക്കാള്‍ എന്ത് കൊണ്ടും നല്ലത് അതാണെന്നതില്‍ സംശയമില്ല.

എന്നാല്‍ ഇന്ന് കാണുന്നത് പോലെ അരമണിക്കൂറും, അതിലധികവും -ചിലപ്പോള്‍ ഒന്നിലധികം മണിക്കൂറുമെല്ലാം- ഖുനൂത് വര്‍ദ്ധിപ്പിക്കുക എന്നത് പണ്ഡിതന്മാര്‍ വിലക്കിയ കാര്യമാണ്.

ശൈഖ് ഇബ്‌നു ബാസ് പറഞ്ഞു: “ഖുനൂതിന്റെ വേളയില്‍ കൂടുതല്‍ ആശയസമ്പുഷ്ടമായ വാക്കുകള്‍ അടങ്ങിയ പ്രാര്‍ഥനകള്‍ തിരഞ്ഞെടുക്കുകയും, ധാരാളം സമയം അധികരിപ്പിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ഇമാമിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉത്തമമാണ്. ഹസന്‍ -رَضِيَ اللَّهُ عَنْهُ- വിന്റെ ഹദീഥില്‍ വന്ന ‘അല്ലാഹുമ്മഹ്ദിനാ..’ എന്ന് തുടങ്ങുന്ന ദുആ അവന്‍ പ്രാര്‍ഥിക്കട്ടെ.

ഉമര്‍ -رَضِيَ اللَّهُ عَنْهُ- വര്‍ദ്ധിപ്പിച്ചതു പോലെ ചില നല്ല പ്രാര്‍ഥനകളും അതിനോടൊപ്പം വര്‍ദ്ധിപ്പിക്കാം. എന്നാല്‍ അനാവശ്യമായി അതിരു കവിയുകയും, സമയം ദീര്‍ഘിപ്പിക്കുകയും, ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുകയും ചെയ്യരുത്.” (മജ്മൂഉ ഫതാവ: 11/355)

മേല്‍ പറഞ്ഞത് പ്രാര്‍ഥനകളില്‍ പൊതുവേ പാലിക്കാവുന്ന ഒരു മര്യാദയാണ്. കാരണം സംസാരങ്ങളില്‍ ഏറ്റവും ഉത്തമമായ ഖുര്‍ആനിലും, ഏറ്റവും നല്ല മാര്‍ഗം വിവരിച്ചു തന്ന നബി -ﷺ-യുടെ സുന്നത്തിലും വന്നിട്ടുള്ള പ്രാര്‍ഥനകളില്‍ നമ്മുടെ ആവശ്യങ്ങളും, അതോടൊപ്പം നമുക്കറിയാത്ത അനേകം നന്മകളും ഉള്‍ക്കൊള്ളുന്നുണ്ട്.

ശൈഖുല്‍ ഇസ്‌ലാം പറഞ്ഞു: “ഇബാദത്തുകളില്‍ ഏറ്റവും ശ്രേഷ്ഠമാണ് ദുആ. അതില്‍ അതിരു കവിയുന്നത് അല്ലാഹു വിരോധിച്ചിട്ടുണ്ട്. അതിനാല്‍ മതത്തില്‍ നിയമമാക്കപ്പെട്ടതും, സുന്നത്താക്കപ്പെട്ടതുമായ ദുആകള്‍ പിന്‍പറ്റലാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത്; ഇപ്രകാരം തന്നെയാണ് മറ്റു ഇബാദത്തുകളും.

നബി-ﷺ-യുടെ ദുആകളെ ഉപേക്ഷിച്ച് ശൈഖന്മാരും മറ്റും നിശ്ചയിച്ച ചില പ്രത്യേക ദുആകള്‍ സ്വീകരിച്ചവര്‍ക്ക് കൂടുതല്‍ ഉത്തമമായിട്ടുള്ളത് ഏറ്റവും പരിപൂര്‍ണവും ശ്രേഷ്ഠതയുള്ളതുമായ നബി-ﷺ-യുടെ ദുആകള്‍ നഷ്ടപ്പെടുത്താതിരിക്കുക എന്നതാണ്. അവിടുന്ന് പഠിപ്പിച്ച ദുആകളാണ് ഏറ്റവും ഉത്തമം എന്നതില്‍ മുസ്‌ലിംകള്‍ യോജിച്ചിരിക്കുന്നു.” (മജ്മൂഉല്‍ ഫതാവ: 22/525)

ശൈഖുല്‍ ഇസ്‌ലാം തന്നെ പറഞ്ഞു: “നിസ്കാരത്തില്‍ നബി-ﷺ-യുടെ സുന്നത്തില്‍ സ്ഥിരപ്പെട്ട പ്രാര്‍ഥനകളല്ലാതെ ഇമാം അഹ്മദ് -رَحِمَهُ اللَّهُ- ഉള്‍ക്കൊള്ളിക്കാറില്ലായിരുന്നു എന്നതാണ് അദ്ദേഹത്തില്‍ നിന്ന് സ്ഥിരപ്പെട്ട പ്രസിദ്ധമായ അഭിപ്രായം.

അഥ്റം പറഞ്ഞു: ഞാന്‍ അഹ്മദിനോട് ചോദിച്ചു: “(നിസ്കാരത്തില്‍ തശഹ്ഹുദ് കഴിഞ്ഞാല്‍) ഞാന്‍ ഏത് ദുആകള്‍ കൊണ്ടാണ് പ്രാര്‍ഥിക്കേണ്ടത്?” അദ്ദേഹം പറഞ്ഞു: “നബി-ﷺ-യുടെ ഹദീഥുകളില്‍ വന്നത് കൊണ്ട്.”

ഞാന്‍ ചോദിച്ചു: “(തശഹ്ഹുദിന് ശേഷം) ഓരോരുത്തരും ഉദ്ദേശിക്കുന്നത് അനുസരിച്ച് അവന്‍ ദുആഉകളില്‍ നിന്ന് തിരഞ്ഞെടുക്കട്ടെ എന്നല്ലേ നബി -ﷺ- പറഞ്ഞത്?”

അദ്ദേഹം പറഞ്ഞു: “(അതെ.) നബി-ﷺ-യുടേതായി സ്ഥിരപ്പെട്ട ദുആകളില്‍ നിന്ന് തിരഞ്ഞെടുക്കട്ടെ (എന്നാണ് അതിന്റെ അര്‍ഥം).” (മജ്മൂഉല്‍ ഫതാവ: 22/474)

ചിലര്‍ നബി-ﷺ-യുടെ ദുആകള്‍ പിന്‍പറ്റാതെ പുതിയ ദുആകള്‍ സ്വയം ഉണ്ടാക്കുകയോ, ഇന്‍റര്‍നെറ്റില്‍ പരതി ഏതെങ്കിലും ഖാരിഈങ്ങളുടെ ഖുനൂതില്‍ നിന്ന് പകര്‍ത്തിയെഴുതി ആവര്‍ത്തിക്കുകയോ ചെയ്യുന്നത് കാണാം. മേലെ പറഞ്ഞ ന്യൂനതകള്‍ ഉള്ളതിന് പുറമെ, വളരെ വലിയ അബദ്ധങ്ങള്‍ -ആശയപരമായും ഭാഷാപരമായും- ഇത്തരം ‘കോപ്പിയടിക്കാര്‍’ തങ്ങളുടെ പ്രാര്‍ഥനകളില്‍ വരുത്തുന്നത് കാണാം.

ഇത് വളരെ വലിയ തെറ്റാണ്; കാരണം ചിലപ്പോള്‍ അല്ലാഹുവിനോടുള്ള ദുആകളില്‍ പ്രാര്‍ഥിക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങളായിരിക്കും അവന്‍ പ്രാര്‍ഥിച്ചിരിക്കുക. മറ്റു ചിലപ്പോള്‍ തനിക്കും മുസ്‌ലിമീങ്ങള്‍ക്കും എതിരായ കാര്യങ്ങളായിരിക്കാം അവന്‍ പ്രാര്‍ഥിച്ചിരിക്കുക. മഅമൂമീങ്ങള്‍ ആമീന്‍ പറയുന്നതും ഈ അബദ്ധത്തിനായിരിക്കാം. അത് കൊണ്ട് ഇക്കാര്യം വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. അറിവില്ലായ്മയുടെയും അശ്രദ്ധയുടെയും അപകടങ്ങളില്‍ നിന്ന് അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ.

2. പിന്നിലെ മഅ്മൂമീങ്ങളെ കൂടെ പരിഗണിക്കുക.

ചിലര്‍ ദുആകള്‍ തങ്ങള്‍ക്ക് വേണ്ടി മാത്രമാക്കുന്നത് കാണാം; ഇത് പലപ്പോഴും അറിവില്ലായ്മ കൊണ്ടാണ്. തന്നെ പിന്തുടരുന്ന മഅ്മൂമീങ്ങളെ കൂടെ ഉദ്ദേശിച്ച് കൊണ്ട് ബഹുവചന രൂപത്തിലേക്ക് പ്രാര്‍ഥനയുടെ പദങ്ങള്‍ മാറ്റാന്‍ ഓര്‍മ്മിക്കുക.

ഉദാഹരണത്തിന്: اللهم اغْفِرْ لِي وَارْحَمْنِي (അല്ലാഹുവേ, എനിക്ക് പൊറുത്തു നല്‍കണേ, എന്നോട് കാരുണ്യം കാണിക്കണേ) എന്ന് പറയുന്നതിന് പകരം اللهم اغْفِرْ لَنَا وَارْحَمْنَا (അല്ലാഹുവേ, ഞങ്ങള്‍ക്ക് പൊറുത്തു നല്‍കണേ, ഞങ്ങളോട് കാരുണ്യം കാണിക്കണേ) എന്നിങ്ങനെ പറയുക. (മജ്മൂഉ ഫതാവ വ റസാഇല്‍ – ഇബ്‌നു ഉസൈമീന്‍: 14/80)

3. ഈണം നല്‍കുകയോ പാട്ടു പോലെ ആക്കുകയോ ചെയ്യാതിരിക്കുക.

അദാന്‍, ദിക്ര്‍, ദുആഅ്, നബി-ﷺ-യുടെ മേലുള്ള സ്വലാത്ത്, ഖുതുബകള്‍ പോലുള്ള ഇസ്‌ലാമിലെ മഹനീയമായ ഇബാദത്തുകളില്‍ കടത്തിക്കൂട്ടപ്പെട്ട ബിദ്അത്തുകളില്‍ ഒന്നാണ് അവ പാട്ടുപോലെയാക്കുക എന്നതും, സംഗീതാത്മകമാക്കലും.

ശൈഖ് ബക്ര്‍ അബൂ സൈദ് പറഞ്ഞു: “റമദാനിലെ ഖുനൂതിന്റെ പ്രാര്‍ഥനകളില്‍ ചില ഇമാമുമാര്‍ തങ്ങളുടെ പ്രാര്‍ഥനകള്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ശബ്ദം ഉയര്‍ത്തിയും താഴ്ത്തിയും, ഈണം നല്‍കുന്നതില്‍ അതിരു കവിഞ്ഞും, തജ്വീദും തര്‍തീലുമെല്ലാം ഖുര്‍ആനിലെ ഒരു സൂറത്ത് പാരായണം ചെയ്യുന്നത് പോലെ ശ്രദ്ധിച്ച് ചൊല്ലുന്നതും കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. മഅ്മൂമീങ്ങളുടെ വികാരങ്ങളെ തട്ടിയുണര്‍ത്താനും, അവരെ കരയിപ്പിക്കാനും വേണ്ടിയാണ് ഇതെല്ലാം.

ഇബാദത്തുകളിലേക്ക് ചേര്‍ക്കപ്പെട്ട ഇത്തരം ബിദ്അത്തുകളുടെ ഉത്ഭവം യഥാര്‍ഥത്തില്‍ ജാഹിലിയ്യ കാലഘട്ടത്തിലെ മുഷ്രിക്കുകളുടെ ആരാധനാ രീതികളിലാണ് ചെന്നവസാനിക്കുന്നത്.

ഇക്കാലഘട്ടത്തില്‍ ദുആഉകള്‍ സംഗീതാത്മകമാക്കുക എന്നത് നമ്മള്‍ റാഫിദികളുടെ അടുക്കലും, തരീഖത്തുകാരിലുമാണ് കാണുന്നത്. അവരോട് സാദൃശ്യപ്പെടുന്നതില്‍ നിന്ന് അഹ്ലുസ്സുന്നയുടെ വക്താക്കള്‍ ജാഗരൂകരായിരിക്കണം.” (തസ്വ്-ഹീഹുദ്ദുആ – ബക്ര്‍ അബൂ സൈദ്‌: 82-84)

അദ്ദേഹം തന്നെ പറഞ്ഞു: “ഖുനൂതിന്റെ പ്രാര്‍ഥനകള്‍ക്ക് ഈണം നല്‍കുന്നതും, അവ സംഗീതാത്മകമാക്കുന്നതും, പാട്ടു പോലെ പാടുന്നതും, തൊണ്ടക്കുഴിയില്‍ നിന്ന് പുറത്തെടുക്കാന്‍ പ്രയാസപ്പെടുന്നത് പോലെ പാരായണം ചെയ്യുന്നതും, മണിക്കുന്നതുമെല്ലാം വളരെ ഗൗരവമുള്ള തിന്മകളാണ്.

അല്ലാഹുവിനോടുള്ള താഴ്മയെയും വിനയത്തെയും ഇബാദത്തിന്റെ അവസ്ഥയെയും അതില്ലാതാക്കുമെന്ന് മാത്രമല്ല; രിയാഇനെയും (ലോകമാന്യം) അഹംഭാവത്തെയും, തന്റെ അനുയായിവൃന്ദം വര്‍ദ്ധിപ്പിക്കുക എന്നിങ്ങനെയുള്ള തിന്മകളെയും വിളിച്ചു വരുത്തുന്ന പ്രവര്‍ത്തനം കൂടിയാണത്.

പ്രാമാണികരും ആധുനികരുമായ പണ്ഡിതന്മാര്‍ ഈ പ്രവണതയെ എതിര്‍ത്തിട്ടുണ്ട്. അതിനാല്‍ നിസ്കാരങ്ങളില്‍ ഇമാം നില്‍ക്കാന്‍ അല്ലാഹു തൗഫീഖ് നല്‍കിയ ഓരോരുത്തരും ഖുനൂത്ത് ചൊല്ലുമ്പോള്‍ നിയ്യത്ത് ശരിയാക്കുവാനും, തന്റെ സാധാരണ ശബ്ദത്തില്‍ -വിനയത്തോടും താഴ്മയോടും ഇഖ്ലാസോടും കൂടി- ഖുനൂതിലെ ദുആ നിര്‍വ്വഹിക്കാനും, ഇത്തരം അനാവശ്യങ്ങള്‍ ഒഴിവാക്കുവാനും ശ്രദ്ധിക്കണം.”

മുനാവി പറഞ്ഞു: “ഇന്നുള്ള ഖാരിഉകള്‍ ചെയ്യുന്നത് പോലെ ദുആഉകള്‍ സംഗീതാത്മകമാക്കുക എന്നത് എന്താണ് ദുആഇന്റെയും തേട്ടത്തിന്റെയും അര്‍ഥം എന്ന് മനസ്സിലാക്കാത്തവനില്‍ നിന്ന് മാത്രമേ ഉണ്ടാകൂ. ഒരു തരം വിനോദമായി മാറിയിരിക്കുന്നു ഇത്.

ഒരാള്‍ ഏതെങ്കിലും രാജാവിന്റെ അടുക്കല്‍ പോയി തനിക്ക് ആവശ്യമുള്ള എന്തെങ്കിലും കാര്യം പാട്ടു പാടിയും, മണിച്ചും, നീട്ടിയും ചോദിച്ചാല്‍ അവന്‍ രാജാവിനെ കളിയാക്കുകയാണെന്നാണ് ഉറപ്പായും വിചാരിക്കപ്പെടുക. ആവശ്യങ്ങള്‍ സമര്‍പ്പിക്കുന്ന സന്ദര്‍ഭങ്ങള്‍ക്ക് യോജിച്ചത് പാട്ടല്ല; വിനയവും താഴ്മയുമാണ്.” (ഫയ്ദ്വുല്‍ ഖദീര്‍: 1/296)

അല്ലാഹു -سُبْحَانَهُ وَتَعَالَى- നമ്മുടെയെല്ലാം ഇബാദതുകളുടെ അകവും പുറവും ഒരു പോലെ നന്നാക്കുകയും, അവയിലെ കുറവുകളും അബദ്ധങ്ങളും പൊറുത്തു തന്ന്‍ സ്വീകരിക്കുകയും ചെയ്യട്ടെ.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى رَسُولِنَا وَنَبِيِّنَا مُحَمَّدِ بْنِ عَبْدِ اللَّهِ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ

وَآخِرُ دَعْوَانَا أَنِ الحَمْدُ لِلَّهِ رَبِّ العَالَمِينَ.

كَتَبَهُ : أَبُو تُرَاب عَبْد المُحْسِن بْن سَيِّد عَلِيّ عَيْدِيدُ

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

Leave a Comment