ഓരോ നാട്ടുകാരും അവർ മാസപ്പിറവി കണ്ടതിനനുസരിച്ചാണ് നോമ്പും ഈദും അനുഷ്ഠിക്കേണ്ടത്.

എന്നാൽ ലോകത്തെവിടെയെങ്കിലും ഹിലാൽ കണ്ടാൽ എല്ലാ രാജ്യക്കാരും അത് പരിഗണിക്കണം എന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്.

ഇതിൽ ആദ്യത്തെതാണ് കൂടുതൽ ശരിയായ അഭിപ്രായമായി ഈ കുറിപ്പുകാരന് മനസിലായിട്ടുള്ളത്.

ഓരോ നാട്ടിലെയും മാസപ്പിറവി അനുസരിച്ച് അവിടെ ദുൽഹിജ്ജ 9 എന്നാണോ അന്നാണ് അറഫാ നോമ്പെടുക്കേണ്ടത്.

അല്ല, അറഫയിൽ ഹാജിമാർ നിൽക്കുന്ന ദിവസമാണ് എല്ലാവരും അറഫാ നോമ്പ് അനുഷ്ഠിക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.

ഇതിലും ആദ്യത്തെതാണ് കൂടുതൽ തെളിവിനോട് യോജിച്ച അഭിപ്രായമായി മനസിലാകുന്നത്.

എന്നാൽ ഇതിൽ ഏത് അഭിപ്രായം സ്വീകരിച്ചവരാകട്ടെ, പരസ്യമായി മുസ്‌ലിം പൊതുജനത്തോട് ഭിന്നിച്ച് സ്വന്തമായി ഓരോരുത്തരും നോമ്പും പെരുന്നാളും പ്രഖ്യാപിക്കുക എന്നത് ലോകത്ത് പൗരാണികരും ആധുനികരുമായ പണ്ഡിതന്മാർ എതിർത്തിട്ടുള്ള കാര്യമാണ്.

അതുകൊണ്ടുതന്നെ, നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ വിവാദങ്ങളുണ്ടാക്കിയവർ ഈ വിഷയത്തിൽ തീർത്തും തെറ്റായ നിലപാടിലാണ് എന്ന് പറയാതെ നിർവാഹമില്ല.

കാരണം, ഈ വിഷയത്തിൽ ഭിന്നിപ്പുണ്ടാക്കരുത് എന്നത് പണ്ഡിതന്മാരുടെ ഏകോപ്പിച്ച അഭിപ്രായമാണ്. അതിൽ അവർക്കിടയിൽ യാതൊരു തർക്കവുമില്ല. ഒരു നാട്ടിലെ മുസ്‌ലിംകൾ അവലംബിക്കുന്നത് കാഴ്ചയെയാണ്, ഗോളശാസ്ത്രകണക്കിനെയല്ല, എങ്കിൽ അവരോട് ഭിന്നിച്ച് സ്വന്തമായി നോമ്പും പെരുന്നാളും പ്രഖ്യാപിക്കുക എന്നത് ഒരിക്കലും ശരിയല്ല. അതുകൊണ്ടു തന്നെ സ്വന്തമായി പെരുന്നാൾ കൊണ്ടാടാനുള്ള ആഹ്വാനം ഭിന്നിപ്പിനും തർക്കങ്ങൾക്കും തിരികൊളുത്തുന്ന തീർത്തും തെറ്റായ നടപടിയാണ്. ലോകത്തെല്ലായിടത്തും ഒറ്റ പെരുന്നാൾ വേണമെന്ന് പറയുന്നവർ ഒരേ പഞ്ചായത്തിലും ഒരേ വീട്ടിലും വരെ രണ്ടു പെരുന്നാളുണ്ടാക്കുന്ന സാഹചര്യമാണ് ഇതുവഴി ഉടലെടുക്കുന്നത് .

ഹിലാൽ കാണുന്നതിലും മാസം ഉറപ്പിക്കുന്നതിലും വല്ല വീഴ്ചയും മുസ്‌ലിംകൾക്ക് സംഭവിച്ചാൽ പോലും അതിന്റെ പിന്നാലെ കൂടി മുസ്‌ലിംകളുടെ ഇബാദത്തിൽ സംശയം ജനിപ്പിക്കാൻ നടക്കേണ്ട യാതൊരു ആവശ്യവുമില്ല. കാരണം, ദീനിൽ വിശാലത നൽകപ്പെട്ട ഒരു വിഷയമാണിത്. ഇതിൽ കടുംപിടുത്തത്തിന്റെ യാതൊരു ആവശ്യവുമില്ല.

ഈ തത്വം അറിഞ്ഞോ അറിയാതെയോ മൂടിവെക്കപ്പെടുകയാണിപ്പോൾ.

ജനങ്ങളുടെ കൂടെ നോമ്പും പെരുന്നാളും അനുഷ്ഠിക്കണമെന്ന നബിﷺയുടെ ഹദീഥ് തന്നെ ഈ വിഷയത്തിലെ തർക്കങ്ങൾക്കുള്ള മതിയായ പരിഹാരമാണ്.

പുതുതായി യാതൊരു സാഹചര്യവും ഇവിടെയുണ്ടായിട്ടില്ല എന്നതാണ് യാഥാർഥ്യം. കാരണം, സമാനമായ സാഹചര്യങ്ങളിലെല്ലാം ജനങ്ങളുടെ കൂടെ നിൽക്കാനുള്ള ഫത്‌വകളാണ് പണ്ഡിതന്മാർ നൽകിയിട്ടുള്ളത്.

എന്നിട്ടുകൂടി നിലവിലെ കേരളത്തിലെ സാഹചര്യം വിശദീകരിച്ചുകൊണ്ട് വീണ്ടും പല സഹോദരങ്ങളും പണ്ഡിതന്മാരോട് ചോദിക്കുകയുണ്ടായി. പെരുന്നാൾ രണ്ടാക്കണമെന്ന് പറയുന്നവരുടെ വാദമുഖങ്ങൾ വിശദമായി നിരത്തിക്കൊണ്ടും അവ ഊന്നിപ്പറഞ്ഞു കൊണ്ടുമായിരുന്നു ചോദ്യങ്ങൾ. എന്നിട്ടും ഒരൊറ്റ പണ്ഡിതൻ പോലും ജനങ്ങൾക്കെതിരായി പെരുന്നാൾ ആഘോഷിക്കാൻ പറഞ്ഞില്ല. അതിനെ അവർ എതിർക്കുകയാണ് ചെയ്തത്. ഇബ്‌റാഹീം അർ റുഹൈലി, ബദ്ർ അൽ ഉതൈബി, ഹംസ അന്നാഇലീ, അബൂ അമ്മാർ മുഹമ്മദ് ബാ മൂസാ എന്നീ പണ്ഡിതന്മാരെല്ലാം ഫത്‌വ നൽകിയത് അങ്ങനെത്തന്നെയാണ്.

‘പെരുന്നാൾ ജനങ്ങളോട് വിഭിന്നമായി പരസ്യമായി കൊണ്ടാടുന്നത് കേവലം ശാഖാപരമായ അഭിപ്രായ വ്യത്യാസമാണ്’ എന്ന് ഇപ്പോൾ ചിലർ പറയുന്നത് കേൾക്കുന്നു. അതൊരിക്കലും ശരിയല്ല. മുൻമാതൃകയില്ലാത്ത വാദങ്ങൾ അവതരിപ്പിക്കുകയും എന്നിട്ടതിനെ നിസാരവൽക്കരിക്കുകയും ചെയ്യുന്നത് തീർത്തും തെറ്റാണ്. പെരുന്നാൾ ഭിന്നിപ്പ് പോലെയുള്ള വൻവിവാദങ്ങൾ ഉണ്ടാക്കിത്തീർത്തവർ തന്നെ “ആരും ഇതിന്റെ പേരിൽ പരസ്പരം ചേരിതിരിയേണ്ട” എന്ന് പറയുന്നത് വിചിത്രമാണ്!

സകരിയ്യാ സ്വലാഹി (رحمه الله) യുടെ പേരിൽ ഈ ഭിന്നിപ്പ്-വാദം ചിലർ ആരോപിക്കുന്നത് കേട്ടു. യഥാർത്ഥത്തിൽ അദ്ദേഹം മരണത്തിന് ഒരു മാസം മുൻപ് പുറത്തിറക്കിയ കുറിപ്പിൽ പോലും ജനങ്ങളോടൊപ്പം നോമ്പും പെരുന്നാളും കൊണ്ടാടണമെന്നാണ് പറയുന്നത്. ഇവിടെ നിലവിലുള്ള ഹിലാൽ കമ്മിറ്റികൾക്കു പുറമെ പുതുതായി നമ്മൾ നാലാളുകൾ മാസപ്പിറവി പ്രഖ്യാപിക്കാൻ ഇറങ്ങുന്നത് ഫിത്നയുണ്ടാക്കലാണ് എന്നും അദ്ദേഹം പറയുന്ന ശബ്ദരേഖ കേൾക്കാൻ കഴിഞ്ഞു. അതും മരണത്തിന് ഏതാനും ആഴ്‌ചകൾ മുൻപ് അദ്ദേഹം പറഞ്ഞതാണ്.

സകരിയ്യാ സ്വലാഹിയുടെ വാക്ക് ദീനിൽ പ്രമാണമല്ല. ഖുർആനും സുന്നത്തുമാണ് നമ്മുടെ തെളിവുകൾ. പക്ഷെ, അദ്ദേഹത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിൽ ചിലരുടെ അവകാശവാദങ്ങൾ ചെന്നെത്തുന്നു എന്നതുകൊണ്ട് ഇക്കാര്യം പരാമർശിച്ചു എന്നുമാത്രം.

പുണ്യകർമങ്ങളും സന്തോഷവും നിറഞ്ഞു നിൽക്കേണ്ട നോമ്പിന്റെയും ഈദിന്റെയും ദിനങ്ങളിൽ മുസ്‌ലിംകളെ ഇത്തരം തർക്കങ്ങളിൽ തളച്ചിടുന്നതിൽ എന്ത് നന്മയാണുള്ളത്?

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പരിഹസിക്കാനും കൊത്തിക്കീറാനും മതനിഷേധികൾ വട്ടം ചുറ്റിപ്പറക്കുന്ന ഇക്കാലത്ത് വേണ്ടാത്ത വിവാദങ്ങൾക്ക് തിരികൊളുത്തുന്നത് ആർക്കാണ് ഗുണം ചെയ്യുക? സാധാരണക്കാരായ മുസ്‌ലിംകളെ അവരുടെ ഇബാദത്തുകളുടെ കാര്യത്തിൽ ഒരുതരം അങ്കലാപ്പിലാക്കുന്ന പ്രസംഗങ്ങൾ നന്മയിലേക്കുള്ള പ്രബോധനമാകുമോ?

അതുകൊണ്ട് സലഫി ദഅ് വതിനെ ദോഷകരമായി ബാധിക്കുന്ന ഇത്തരം ആഹ്വാനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു.

അല്ലാഹുവേ! മരണംവരെ സന്മാർഗത്തിൽ നിലകൊള്ളാനും സത്യത്തിനു വേണ്ടി വാദിക്കാനും നീ തൗഫീഖ് ചെയ്യേണമേ! വഴികേടുകളിൽ പെട്ടുപോകുന്നതിൽ നിന്നും അസത്യത്തിനുവേണ്ടി വാദിക്കേണ്ടി വരുന്നതിൽ നിന്നും നീ കാത്തുരക്ഷിക്കേണമേ! ആമീൻ…

– നിയാഫ് ബിൻ ഖാലിദ്

(ഈ വിഷയത്തിലുള്ള പണ്ഡിത ഫത്‌വകൾ വായിക്കുക)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: