സ്ത്രീകളുടെ പ്രകൃതിപരമായ ദുര്‍ബലതകളെ പരിഗണിക്കുകയും, അവള്‍ക്ക് അനേകം ഇളവുകള്‍ നിശ്ചയിച്ചു നല്‍കുകയും ചെയ്ത മതമാണ്‌ ഇസ്‌ലാം. സ്ത്രീകള്‍ക്ക് അവരുടെ ജീവിതത്തില്‍ ഉണ്ടാകാവുന്ന അഞ്ച് അവസ്ഥകളുണ്ട്. താഴെ പറയുന്നവയാണ് അവ:

 • ഹയ്ദ്വ്.
 • നിഫാസ്.
 • ഇസ്തിഹാദ.
 • ഗര്‍ഭാവസ്ഥ.
 • മുലയൂട്ടുന്ന വേള.

ഈ സന്ദര്‍ഭങ്ങളില്‍ എല്ലാം അവളെ ബാധിക്കുന്ന വിഷയങ്ങളില്‍ കൃത്യമായ നിയമങ്ങളും നിര്‍ദേശങ്ങളും ഉണ്ട്. നോമ്പുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മാത്രം ഈ ലേഖനത്തില്‍ ചുരുക്കി വിശദീകരിക്കാം.

ഹയ്ദ്വും നിഫാസും

ഹയ്ദ്വ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ആര്‍ത്തവമാണ്. മാസമുറ, മെന്‍സസ് എന്നിങ്ങനെയും പറയാറുണ്ട്. ഓരോ മാസവും പൊതുവേ ഏഴു മുതല്‍ പതിനഞ്ച് ദിവസങ്ങള്‍ വരെ ഇത് കാണപ്പെടാം. ചിലപ്പോള്‍ അതില്‍ കൂടുകയോ കുറയുകയോ ചെയ്തേക്കാം.

നിഫാസ് എന്നാല്‍ പ്രസവശേഷം കാണപ്പെടുന്ന രക്തമാണ്. പൊതുവേ നാല്‍പ്പത് മുതല്‍ അറുപത് ദിവസങ്ങള്‍ വരെ ഇത് കാണപ്പെടാം.

ഹയ്ദ്വിന്റെയും നിഫാസിന്റെയും വിധി ഒന്നു തന്നെയാണ്. ഇസ്‌ലാമിക നിയമങ്ങള്‍ രണ്ടു വേളകളിലും ഒന്ന് തന്നെ. ഈ രണ്ടു സന്ദര്‍ഭങ്ങളിലും നിസ്കാരം, നോമ്പ് പോലുള്ള ചില ഇബാദതുകളും മറ്റു ചില വിധികളിലും സ്തീകള്‍ക്ക് ഇളവുകള്‍ നല്‍കപ്പെട്ടിട്ടുണ്ട്.

ഹയ്ദ്വും നിഫാസും ആരംഭിച്ചാല്‍ അതോടെ സ്ത്രീകളുടെ നോമ്പ് മുറിഞ്ഞു. നോമ്പ് നോല്‍ക്കണമെന്ന ഉദ്ദേശത്തില്‍ നോമ്പിന്റെ സന്ദര്‍ഭത്തില്‍ ആവശ്യമായ കാര്യങ്ങള്‍ പാലിച്ചാലും അവളുടെ നോമ്പ് സ്വീകാര്യമാവില്ല.

കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ അവര്‍ക്ക് നോമ്പ് നോല്‍ക്കാന്‍ അനുവാദമേ ഇല്ല എന്നതാണ് ശരി. ഇക്കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഏകാഭിപ്രായം ഉണ്ട്. നഷ്ടമായ നോമ്പുകള്‍ മറ്റേതെങ്കിലും ദിവസം നോറ്റു വീട്ടുക എന്നത് അവളുടെ മേല്‍ നിര്‍ബന്ധമാണ്‌.

കുറച്ചു കൂടി വ്യക്തമാകുന്നതിന്‌ വേണ്ടി നോമ്പു കാലത്തേ ഹയ്ദ്വിന്റെ അവസ്ഥകളെ നമുക്ക് മൂന്നായി തിരിക്കാം.

ഒന്ന്: രാവിലെ ശുദ്ധിയിലായിരുന്നു. അതിനാല്‍ നോമ്പ് എടുത്തു. പക്ഷേ മഗ്രിബിന് തൊട്ടു മുന്‍പോ അതിനെക്കാള്‍ നേരത്തെയോ ഹയ്ദ്വ് ആരംഭിച്ചു. ഇതോടെ അവരുടെ നോമ്പ് മുറിഞ്ഞു. പിന്നീട് ഈ ദിവസത്തെ നോമ്പ് മറ്റൊരിക്കല്‍ നോറ്റു വീട്ടേണ്ടതാണ്.

രണ്ട്: സുബഹ് ബാങ്കിന് തൊട്ടുടനെയോ അതിന് ശേഷം കുറച്ചു കഴിഞ്ഞോ ഹയ്ദ്വില്‍ നിന്ന് ശുദ്ധിയായി. ഈ അവസ്ഥയിലും നോമ്പ് നോല്‍ക്കാന്‍ കഴിയില്ല. മഗ്രിബ് വരെ അവര്‍ നോമ്പുകാരെ പോലെ കഴിച്ചു കൂട്ടണമെങ്കിലും അത് നോമ്പായി പരിഗണിക്കപ്പെടുകയില്ല. പിന്നീട് ഈ ദിവസം നോറ്റു വീട്ടേണ്ടതാണ്.

മൂന്ന്: സുബഹ് ബാങ്ക് കൊടുക്കുന്നതിന് തൊട്ടു മുന്‍പ് ശുദ്ധിയായി. ഈ സന്ദര്‍ഭത്തില്‍ നോമ്പിന് നിയ്യത് വെച്ചുവെങ്കില്‍ അവള്‍ക്ക് നോമ്പ് എടുക്കാവുന്നതാണ്. സുബഹ് ബാങ്ക് തീരുന്നതിന് മുന്‍പ് കുളിച്ചു കയറണമെന്ന നിബന്ധനയില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അതിനാല്‍ സുബഹ് ബാങ്കിന് ശേഷം കുളിച്ചാലും അവളുടെ നോമ്പ് നഷ്ടപ്പെടുകയില്ല.

എന്നാല്‍ സുബഹ് ബാങ്കിന് മുന്‍പ് നോമ്പ് നോല്‍ക്കാന്‍ നിയ്യത് വെച്ചില്ലെങ്കില്‍ അന്നേ ദിവസം നോമ്പ് നോല്‍ക്കാന്‍ പറ്റില്ല. അതിനാല്‍ ഈ ദിവസത്തെ നോമ്പ് പിന്നീട് കടം വീട്ടണം.

ഇസ്തിഹാദ്വ

ഹയ്ദ്വിന്റെയോ നിഫാസിന്റെയോ രക്തമല്ലാത്ത, സ്ത്രീകള്‍ക്കുണ്ടാക്കുന്ന രക്തവാര്‍ച്ചയാണ് ഇസ്തിഹാദ്വത് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ചില സ്ത്രീകള്‍ക്ക് ഹയ്ദ്വിന്റെ സമയം അവസാനിച്ചാലും രക്തം വരുന്നത് നില്‍ക്കണമെന്നില്ല. പലപ്പോഴും ഇത് ഇസ്തിഹാദ്വതിന്റെ രക്തമാകാറുണ്ട്. ചിലപ്പോള്‍ ഹയ്ദ്വ് കുറച്ച് നീണ്ടു പോയതുമായേകാം.

ഹയ്ദ്വും ഇസ്തിഹാദ്വതും വേര്‍തിരിച്ചറിയാന്‍ മൂന്ന് അടയാളങ്ങളുണ്ട്. അവ താഴെ വിശദീകരിക്കാം.

ഒന്ന്: ഹയ്ദ്വിന്റെ രക്തം മോശം മണം ഉള്ളതായിരിക്കും. സ്ത്രീകള്‍ക്ക് അത് തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ ഇസ്തിഹാദ്വതിന്റെ രക്തത്തിന് പ്രത്യേകിച്ച് മോശം മണം ഉണ്ടാകില്ല.

രണ്ട്: ഹയ്ദ്വിന്റെ രക്തം കട്ടിയുള്ളതായിരിക്കും. ഇസ്തിഹാദ്വതിന്റെ രക്തം കട്ടി കുറവും, ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായാല്‍ പുറത്തു വരുന്ന രക്തത്തോട് സാദൃശ്യമുള്ളതുമായിരിക്കും.

മൂന്ന്: ഹയ്ദ്വിന്റെ രക്തം ഏറെക്കുറെ കറുപ്പ് നിറത്തോട് അടുത്തു നില്‍ക്കുന്നതായിരിക്കും. എന്നാല്‍ ഇസ്തിഹാദ്വതിന്റെ രക്തം ചുവപ്പ് നിറത്തോട് അടുത്ത് നില്‍ക്കുന്നത് തന്നെയായിരിക്കും.

ഇസ്തിഹാദ്വതിന്റെ സന്ദര്‍ഭത്തില്‍ സ്ത്രീകള്‍ ഹയ്ദ്വിന്റെയും നിഫാസിന്റെയും നിയമങ്ങള്‍ പാലിക്കേണ്ടതില്ല. മറിച്ച്, അവള്‍ക്ക് നിസ്കരിക്കുകയും, നോമ്പെടുക്കുകയും, ഭര്‍ത്താവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയുമൊക്കെ ചെയ്യാം.

എന്നാല്‍ നിസ്കരിക്കുന്ന വേളയില്‍ ഓരോ നിസ്കാരത്തിന് മുന്‍പും രക്തം വരുന്ന ഭാഗം വൃത്തിയാക്കുകയും, വസ്ത്രത്തില്‍ രക്തം പുരണ്ടിട്ടുണ്ടെങ്കില്‍ അത് കഴുകിക്കളയുകയും, ശേഷം വുദുവെടുക്കുകയും ചെയ്യണം. തുടര്‍ച്ചയായി വുദു നഷ്ടപ്പെടുന്ന -മൂത്രവാര്‍ച്ച, ധാരാളമായി കീഴ്ശ്വാസം പോയിക്കൊണ്ടിരിക്കുക പോലുള്ള- രോഗങ്ങള്‍ ബാധിച്ചവരോടാണ് ഇവര്‍ക്ക് സാദൃശ്യമുള്ളത്.

ചുരുക്കത്തില്‍ ഇസ്തിഹാദ്വത് ബാധിച്ച സ്ത്രീകളുടെ നോമ്പില്‍ യാതൊരു സ്വാധീനവും അതിന് ഇല്ല. മറിച്ച്, സാധാരണ ദിവസങ്ങള്‍ പോലെ തന്നെയാണ് ഇസ്തിഹാദ്വതിന്റെ ദിവസങ്ങളിലും അവള്‍ നോമ്പ് അനുഷ്ഠിക്കേണ്ടത്.

ഗര്‍ഭിണികളും മുലയൂട്ടുന്നവരും

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും നോമ്പുമായി ബന്ധപ്പെട്ട് ഇളവുകളുണ്ട്. അവളുടെയും അവളുടെ കുട്ടിയുടെയും ആരോഗ്യ സംരക്ഷണത്തിനും ജീവന്‍ നിലനില്‍ക്കുന്നതിനും -ചിലപ്പോള്‍- നോമ്പ് പ്രയാസം സൃഷ്ടിച്ചേക്കാം എന്നത് കൊണ്ടാണ് അത്.

ഗര്‍ഭിണികളെയും മുലയൂട്ടുന്നവരെയും താരതമ്യം ചെയ്യാവുന്നത് രോഗികളോടാണ്. കാരണം രണ്ടു വിഭാഗവും തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയാണ് നോമ്പ് ഒഴിവാക്കുന്നത്. നബി -ﷺ- യുടെ ഹദീസുകളില്‍ ഈ പറഞ്ഞതിനുള്ള സൂചനകളുണ്ട്.

ചുരുക്കത്തില്‍, ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും നോമ്പ് എടുക്കുന്നത് കൊണ്ട് തങ്ങളുടെയോ തങ്ങളുടെ കുട്ടികളുടെയോ ആരോഗ്യത്തിന് പ്രയാസം ഉണ്ടാകുമെന്ന് ഭയപ്പെട്ടാല്‍ അവര്‍ക്ക് നോമ്പ് ഒഴിവാക്കാം.

മാതാവിന്റെയോ കുട്ടിയുടെയോ ആരോഗ്യത്തിനും ജീവനും വളരെ ബുദ്ധിമുട്ടുണ്ടാക്കും എന്ന് ഭയക്കുന്നെങ്കില്‍ അവള്‍ ഒരു കാരണവശാലും നോമ്പ് എടുക്കരുത്. അങ്ങനെ നോമ്പ് എടുത്താല്‍ അത് നിഷിദ്ധമാണ്. അല്ലാഹുവിങ്കല്‍ ശിക്ഷ ലഭിക്കാനാണ് അത് കാരണമാവുക.

നഷ്ടപ്പെട്ട നോമ്പുകള്‍ പിന്നീട് ഇവര്‍ നോറ്റു വീട്ടേണ്ടതുണ്ട്. നോമ്പിന്റെ കടം വീട്ടുന്നതോടൊപ്പം കഫാറതായി ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ അത് വേണ്ടതില്ല എന്ന അഭിപ്രായമാണ് കൂടുതല്‍ ശരിയായി മനസ്സിലാകുന്നത്. വല്ലാഹു അഅലം.

 • കഴിഞ്ഞ വര്‍ഷം ഗര്‍ഭിണിയായിരുന്നു എന്നത് കൊണ്ട് നോമ്പെടുക്കാന്‍ കഴിഞ്ഞില്ല. പ്രസവശേഷം മുലയൂട്ടലിന്റെ കാലമായത് കൊണ്ട് നഷ്ടപ്പെട്ട നോമ്പുകള്‍ കടം വീട്ടാനും കഴിഞ്ഞില്ല. എന്തു ചെയ്യണം?

ഓരോ വര്‍ഷവും നഷ്ടപ്പെട്ട നോമ്പുകള്‍ അടുത്ത റമദാന്‍ വരുന്നതിന് മുന്‍പ് നോറ്റു വീട്ടല്‍ നിര്‍ബന്ധമാണ്‌ എന്നതാണ് അടിസ്ഥാനം. കാരണമില്ലാതെ ഒരു വര്‍ഷം മുഴുവന്‍ നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റു വീട്ടാതെ പിന്തിക്കുക എന്നത് തെറ്റാണ്.

എന്നാല്‍ ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ട കാര്യം ഇതില്‍ നിന്ന് വ്യത്യസ്തമാണ്. ഇവിടെ നഷ്ടപ്പെട്ട നോമ്പുകള്‍ കടം വീട്ടാന്‍ കഴിയാതെ പോയത് മതപരമായി പരിഗണിക്കാവുന്ന ഒരു ഒഴിവുകഴിവ് ഉള്ളതിനാലാണ്. അത് കൊണ്ട് അവര്‍ക്ക് മേല്‍ യാതൊരു തെറ്റുമില്ല. സാധ്യമാകുമ്പോള്‍ അവര്‍ നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റു വീട്ടട്ടെ. മറ്റൊന്നും അവര്‍ ചെയ്യേണ്ടതായില്ല.

എന്നാല്‍ കാരണമില്ലാതെ നോമ്പ് കടം വീട്ടുന്നത് പിന്തിപ്പിച്ചവരാണ് എങ്കില്‍ അവര്‍ ഉടന്‍ തന്നെ തങ്ങളുടെ മേല്‍ ബാധ്യതയുള്ള നോമ്പുകള്‍ നോറ്റു വീട്ടുകയും, അകാരണമായി പിന്തിച്ചു എന്ന തെറ്റ് സംഭവിച്ചതില്‍ അല്ലാഹുവിനോട് പശ്ചാത്താപം തേടുകയും വേണം.

വല്ലാഹു അഅലം.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى رَسُولِنَا وَنَبِيِّنَا مُحَمَّدِ بْنِ عَبْدِ اللَّهِ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ

وَآخِرُ دَعْوَانَا أَنِ الحَمْدُ لِلَّهِ رَبِّ العَالَمِينَ.

كَتَبَهُ : أَبُو تُرَاب عَبْد المُحْسِن بْن سَيِّد عَلِيّ عَيْدِيدُ

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

ലേഖനത്തിന്റെ പ്രധാന അവലംബം: അസ്സ്വിയാമു ഫില്‍ ഇസ്‌ലാം/ശൈഖ് സഈദ് അല്‍-ഖഹ്ത്വാനി

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

 • നിഫാസിന്റെ സമയം കഴിഞ്ഞു എന്ന് കരുതി കുളിച്ചു നിസ്കരിച്ചു
  പക്ഷെ കുറച്ചു ദിവസം കഴിഞ്ഞാണ് മൂത്രമൊഴിച്ച ശേഷം അല്പം (വളരെ നേരിയ രീതിയിൽ ) രക്തം കലർന്ന നിറമില്ലാത്ത ദ്രാവാകം കാണുന്നു…
  പിന്നീട് വീണ്ടും കുളിക്കും (ഇനിയൊന്നും ഇല്ല എന്ന് ഉറപ്പാക്കിയ കുറച്ചു ദിവസങ്ങൾക്കുശേഷം ).അതാ വീണ്ടും ഒരു നേരം മാത്രം..എന്ത് ചെയ്യണം ഈ സന്ദർഭത്തിൽ

 • നിഫാസിൽ നിന്ന് മുക്തിയയി എന്ന് കരുതി അവൾ കുളിച് നമസ്കരിച്ചു പക്ഷേ അവളുടെ ശരീരത്തിൽ nifasinte അശുദ്ധി undenkilooo അതിന്റെ വിധി എന്താണ് ? അങ്ങനെ അറിയാതെ ഹൈലും നിഫാസും ഉണ്ടായാൽ കുഴപ്പം ഉണ്ടോ

Leave a Comment