മൂന്ന് അടിസ്ഥാനങ്ങള്‍

فَإِذَا قِيلَ لَكَ: مَا الأُصُولُ الثَّلاثَةُ التِّي يَجِبُ عَلَى الإِنْسَانِ مَعْرِفَتُهَا؟

എല്ലാ മനുഷ്യരുടെയും മേല്‍ പഠിക്കല്‍ നിര്‍ബന്ധമായിട്ടുള്ള മൂന്ന് അടിസ്ഥാനങ്ങള്‍ ഏതെല്ലാമാണ് എന്ന് നിന്നോട് ചോദിക്കപ്പെട്ടാല്‍;

فَقُلْ: مَعْرِفَةُ الْعَبْدِ رَبَّهُ، وَدِينَهُ، وَنَبِيَّهُ مُحَمَّدًا صَلَّى اللَّهُ عَلَيْهِ وَسَلَّمَ.

നീ പറയുക: ഓരോ അടിമയും അവന്റെ റബ്ബിനെ അറിയലും, തന്റെ ദീന്‍ അറിയലും, നബിയായ മുഹമ്മദ്‌ -ﷺ- യെ അറിയലും ആകുന്നു (എല്ലാ മനുഷ്യരുടെ മേലും പഠിക്കല്‍ നിര്‍ബന്ധമായ ആ മൂന്ന് അടിസ്ഥാനങ്ങള്‍). [1]

അല്ലാഹുവിനെ അറിയല്‍

الأَصْلُ الأَوَّلُ: مَعْرِفَةُ الرَّبِّ.

ഒന്നാമത്തെ അടിസ്ഥാനം: റബ്ബിനെ [2] അറിയല്‍. [3]

فَإِذَا قِيلَ لَكَ: مَنْ رَبُّكَ؟

നിന്റെ റബ്ബ് ആരാണ് എന്ന് നിന്നോട് ചോദിക്കപ്പെട്ടാല്‍;

فَقُلْ: رَبِّيَ اللَّهُ الَّذِي رَبَّانِي، وَرَبَّى جَمِيعَ الْعَالَمِينَ بِنِعَمِهِ.

പറയുക: എന്നെയും, സര്‍വ്വ ലോകങ്ങളെയും തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് പരിപാലിച്ചവനായ അല്ലാഹുവാകുന്നു എന്റെ റബ്ബ്.

وَهُوَ مَعْبُودِي لَيْسَ لِي مَعْبُودٌ سِوَاهُ، وَالدَّلِيلُ قَوْلُهُ تَعَالَى:

അവനാകുന്നു എന്റെ ആരാധ്യന്‍; അവന് പുറമെ ഒരു ആരാധ്യന്‍ എനിക്കില്ല. [4] (ഈ പറഞ്ഞതിനുള്ള) തെളിവ് അല്ലാഹുവിന്റെ വാക്കാകുന്നു:

الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ ﴿٢﴾

“സര്‍വ്വ സ്തുതിയും ലോകങ്ങളുടെ റബ്ബായ അല്ലാഹുവിനാകുന്നു.” [5] (ഫാതിഹ: 2)

وَكُلُّ مَنْ سِوَى اللَّهِ عَالَمٌ، وَأَنَا وَاحِدٌ مِنْ ذَلِكَ الْعَالَمِ.

അല്ലാഹുവിന് പുറമെയുള്ളതെല്ലാം ലോകമാകുന്നു; ഞാന്‍ ആ ലോകത്തില്‍ പെട്ട ഒരാളും. [6]

فَإِذَا قِيلَ لَكَ: بِمَ عَرَفْتَ رَبَّكَ؟ فَقُلْ: بِآيَاتِهِ وَمَخْلُوقَاتِهِ.

നിന്റെ റബ്ബിനെ നീ എങ്ങനെയാണ് അറിഞ്ഞത് എന്ന് നിന്നോട് ചോദിക്കപ്പെട്ടാല്‍; പറയുക: അവന്റെ ദൃഷ്ടാന്തങ്ങള്‍ [7] കൊണ്ടും, സൃഷ്ടികളെ കൊണ്ടുമാണ് (ഞാന്‍ അറിഞ്ഞത്). [8]

وَمِنْ آيَاتِهِ: اللَّيْلُ، وَالنَّهَارُ، وَالشَّمْسُ، وَالْقَمَرُ.

അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് രാത്രിയും പകലും സൂര്യനും ചന്ദ്രനും.

وَمِنْ مَخْلُوقَاتِهِ السَّمَاوَاتُ السَّبْعُ وَالأَرَضُونَ السَّبْعُ وَمَنْ فِيهِنَّ، وَمَا بَيْنَهُمَا.

അവന്റെ സൃഷ്ടികളില്‍ പെട്ടതാണ് ഏഴ് ആകാശങ്ങളും, ഏഴ് ഭൂമികളും [9] അവയിലുള്ളതും, അവക്കിടയിലുള്ളതും. [10]

وَالدَّلِيلُ قَوْلُهُ تَعَالَى:

(ഈ പറഞ്ഞതിനുള്ള) തെളിവ് അല്ലാഹുവിന്റെ വാക്കാകുന്നു:

وَمِنْ آيَاتِهِ اللَّيْلُ وَالنَّهَارُ وَالشَّمْسُ وَالْقَمَرُ ۚ لَا تَسْجُدُوا لِلشَّمْسِ وَلَا لِلْقَمَرِ وَاسْجُدُوا لِلَّـهِ الَّذِي خَلَقَهُنَّ إِن كُنتُمْ إِيَّاهُ تَعْبُدُونَ ﴿٣٧﴾

“അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങള്‍ സുജൂദ് (സാഷ്ടാംഗം) ചെയ്യരുത്‌. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന് നിങ്ങള്‍ സുജൂദ് ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍.” [11] (ഫുസ്സ്വിലത്‌: 37)

وَقَوْلُهُ تَعَالَى:

അതോടൊപ്പം അല്ലാഹുവിന്റെ ഈ വാക്കും (മേല്‍ പറഞ്ഞതിനുള്ള തെളിവാകുന്നു):

إِنَّ رَبَّكُمُ اللَّـهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ يُغْشِي اللَّيْلَ النَّهَارَ يَطْلُبُهُ حَثِيثًا وَالشَّمْسَ وَالْقَمَرَ وَالنُّجُومَ مُسَخَّرَاتٍ بِأَمْرِهِ ۗ أَلَا لَهُ الْخَلْقُ وَالْأَمْرُ ۗ تَبَارَكَ اللَّـهُ رَبُّ الْعَالَمِينَ ﴿٥٤﴾

“തീര്‍ച്ചയായും നിങ്ങളുടെ റബ്ബ് ആറു ദിവസങ്ങളിലായി [12] ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്‍ സിംഹാസനത്തില്‍ ആരോഹിതനായിരിക്കുന്നു. [13] രാത്രിയെ കൊണ്ട് അവന്‍ പകലിനെ മൂടുന്നു. ദ്രുതഗതിയില്‍ അത് പകലിനെ തേടിച്ചെല്ലുന്നു. [14] സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്റെ കല്‍പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നു തന്നെയാണ്. [15] ലോകങ്ങളുടെ റബ്ബായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു.” [16]

وَالرَّبُ هُوَ الْمَعْبُودُ.

റബ്ബ്; അവനാകുന്നു (യഥാര്‍ത്ഥ) ആരാധ്യന്‍. [17]

وَالدَّلِيلُ قَوْلُهُ تَعَالَى:

(അതിനുള്ള) തെളിവ് അല്ലാഹുവിന്റെ വാക്കാകുന്നു:

يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴿٢١﴾ الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَّكُمْ ۖ فَلَا تَجْعَلُوا لِلَّـهِ أَندَادًا وَأَنتُمْ تَعْلَمُونَ ﴿٢٢﴾

“ജനങ്ങളേ, നിങ്ങളേയും നിങ്ങള്‍ക്ക് മുന്‍പുള്ളവരെയും സൃഷ്ടിച്ച നിങ്ങളുടെ റബ്ബിനെ ആരാധിക്കുവിന്‍. [18] നിങ്ങള്‍ തഖ്-വ ഉള്ളവരാകാന്‍ (വേണ്ടിയത്രെ അത്‌). നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞു തന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (റബ്ബിനെ). [19] അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ് കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്‌.” (ബഖറ: 21, 22)

قَالَ ابْنُ كَثِيرٍ -رَحِمَهُ اللَّهُ تَعَالَى-: الخَالِقُ لِهَذِهِ الأَشْيَاءَ هُوَ الْمُسْتَحِقُّ لِلْعِبَادَةِ.

ഇബ്‌നു കസീര്‍ -رَحِمَهُ اللَّهُ- പറഞ്ഞു: “ഈ (ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട) വസ്തുക്കളെയെല്ലാം സൃഷ്ടിച്ചവനാണ് ആരാധനക്ക് അര്‍ഹനായിട്ടുള്ളവന്‍.”


[1] ഇവിടെ പരാമര്‍ശിക്കപ്പെട്ട ഈ മൂന്ന് കാര്യങ്ങള്‍ പഠിക്കല്‍ എല്ലാ മനുഷ്യരുടെയും മേല്‍ നിര്‍ബന്ധമാകുന്നു. കാരണം ഓരോ മനുഷ്യനും അവന്റെ ഖബറില്‍ എത്തിക്കഴിഞ്ഞാല്‍ ഈ മൂന്ന് കാര്യങ്ങളെ കുറിച്ച് ചോദിക്കപ്പെടും. ‘നിന്റെ റബ്ബ് ആരാണ്?’, ‘നിന്റെ നബി ആരാണ്?’, ‘നിന്റെ ദീന്‍ ഏതാണ്?’.

ഈ മൂന്ന് ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കിയാല്‍ അവന്‍ രക്ഷപ്പെട്ടു; മരണശേഷമുള്ള അവന്റെ ജീവിതം പരിപൂര്‍ണ്ണ സമാധാനത്തിലായിരിക്കും. എന്നാല്‍ ഉത്തരം തെറ്റിയാല്‍ അവന്റെ പരലോകം വളരെ കഷ്ടത്തില്‍ തന്നെയായിരിക്കും.

കേവലം ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പഠിച്ചതു കൊണ്ട് മാത്രമായില്ല. മറിച്ച് അവയുടെ അന്തസ്സത്ത നിലനിര്‍ത്തുന്ന ജീവിതം നയിക്കാനും, അതിലേക്ക് ക്ഷണിക്കാനും, അതില്‍ ക്ഷമയോടെ ഉറച്ചു നില്‍ക്കാനും അവന് കഴിയേണ്ടതുണ്ട്.

അല്ലെങ്കില്‍ ചിന്തിച്ചു നോക്കൂ! നബി -ﷺ- യുടെ കാലത്ത് ജീവിച്ച മുനാഫിഖുകളായ -കപടവിശ്വാസികള്‍-; അവര്‍ക്ക് ഈ മൂന്ന് ചോദ്യങ്ങളുടെയും ഉത്തരം അറിയാമായിരുന്നു. എന്നാല്‍ ഖബറില്‍ അതവര്‍ക്ക് ഉപകാരപ്പെടുകയില്ല. കാരണം അവരുടെ ജീവിതം ഈ ഉത്തരങ്ങള്‍ക്ക് അനുസൃതമായിരുന്നില്ല എന്നത് തന്നെ.

ചുരുക്കത്തില്‍ ഇനി പറയാന്‍ പോകുന്ന വിശദീകരണങ്ങള്‍ വളരെ പ്രാധാന്യത്തോടെ ഓരോ മുസ്‌ലിമും പഠിക്കുകയും മനസ്സിലാക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലാഹു -تَعَالَى- അതിന് എല്ലാ വിധ തൗഫീഖും നമുക്ക് നല്‍കി അനുഗ്രഹിക്കട്ടെ.

[2] ‘റബ്ബ്’ എന്നത് അല്ലാഹുവിന്റെ നാമങ്ങളില്‍ ഒരു നാമമാണ്. എല്ലാ വസ്തുക്കളെയും സൃഷ്ടിക്കുകയും, എല്ലാത്തിനെയും ഉടമപ്പെടുത്തുകയും, അവയെയെല്ലാം നിയന്ത്രിക്കുകയും, അവക്ക് വേണ്ടതെല്ലാം നല്‍കി പരിചരിക്കുകയും പടിപടിയായി എല്ലാത്തിനെയും വളര്‍ത്തി കൊണ്ടു വരികയും ചെയ്യുന്നവനാണ് റബ്ബ്. ഈ പറഞ്ഞതെല്ലാം അല്ലാഹു -تَعَالَى- യ്ക്ക് മാത്രം അവകാശപ്പെട്ട വിശേഷണങ്ങളാണ്. അതിനാല്‍ ലോകങ്ങളുടെ റബ്ബ് എന്ന് അല്ലാഹുവിനെ മാത്രമേ വിശേഷിപ്പിക്കാവൂ.

[3] ആരാണ് റബ്ബ് എന്ന് അറിയല്‍ ഒന്നാമത്തെ അടിസ്ഥാനമായി ശൈഖവര്‍കള്‍ ഇവിടെ നല്‍കിയിരിക്കുന്നു. ഖബറില്‍ ഒന്നാമത് ചോദിക്കപ്പെടുന്ന ചോദ്യം ‘ആരാണ് നിന്റെ റബ്ബ്?’ എന്നായിരിക്കും. അതു കൊണ്ടാണ് ഇത് ഒന്നാമത്തെ അടിസ്ഥാനമായി എണ്ണപ്പെട്ടത്. മാത്രമല്ല, ഇനി വരുന്ന എല്ലാ വിഷയങ്ങളുടെയും അടിസ്ഥാനം അല്ലാഹുവിനെ അറിയലാണ്. നബി -ﷺ- യെ അറിയുക എന്നതും, ഇസ്‌ലാം ദീനിനെ കുറിച്ച് അറിയുക എന്നതുമെല്ലാം അല്ലാഹുവിനെ അറിയുന്നതിന്റെ തുടര്‍ച്ചയായി വരുന്ന അറിവുകളാണ്.

[4] കേവലം അല്ലാഹുവാണ് എന്റെ റബ്ബ് എന്നു വിശ്വസിച്ചത് കൊണ്ട് മാത്രമായില്ല; മറിച്ച് അല്ലാഹുവിന് മാത്രം ഇബാദത് നല്‍കുകയും, അല്ലാഹുവല്ലാത്തവര്‍ക്കുള്ള ഇബാദതുകളില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്‌താല്‍ മാത്രമേ ഒരാള്‍ യഥാര്‍ത്ഥ മുസ്‌ലിമാവൂ എന്നതിലേക്കുള്ള സൂചനയാണ് ഈ വാക്കുകള്‍. ഇക്കാര്യം വളരെ പ്രാധാന്യത്തോടെ മനസ്സിലാക്കേണ്ട വിഷയമാണ്.

മക്കയിലെ മുശ്രിക്കുകളോട് ആരാണ് എല്ലാത്തിനെയും സൃഷ്ടിക്കുകയും ഉടമപ്പെടുത്തുകയും എല്ലാത്തിനെയും നിയന്ത്രിക്കുകയും ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ അല്ലാഹുവാണ് എന്ന് അവരും പറയുമായിരുന്നു. അല്ലാഹു റബ്ബാണ് എന്ന കാര്യം അവരും അംഗീകരിച്ചിരുന്നു. എന്നാല്‍ എല്ലാത്തിന്റെയും റബ്ബായ അല്ലാഹുവിനെ മാത്രമേ ഇബാദത് ചെയ്യാന്‍ പാടുള്ളൂ എന്ന കാര്യമാണ് അവര്‍ക്ക് അംഗീകരിക്കാന്‍ കഴിയാതെ പോയത്. അതാണ്‌ അവരെ നരകാവകാശികളാക്കിയത്.

[5] സൂറ. ഫാതിഹയുടെ തുടക്കത്തിലുള്ള ഈ ആയത് അല്ലാഹുവാണ് സര്‍വ്വ ലോകങ്ങളുടെയും റബ്ബ് എന്ന് അറിയിക്കുന്നു. മറ്റെല്ലാം അല്ലാഹുവിന്റെ സൃഷ്ടികള്‍ മാത്രമാണ്. അതോടൊപ്പം അല്ലാഹുവിന് മാത്രമേ ഇബാദതുകള്‍ നല്‍കാന്‍ പാടുള്ളൂ എന്നും ഈ ആയത്ത് അറിയിക്കുന്നുണ്ട്. അതു കൊണ്ടാണല്ലോ ഈ ആയത്തുകള്‍ക്ക് തൊട്ടു ശേഷം ‘നിന്നെ മാത്രം ഞങ്ങള്‍ ഇബാദത് ചെയ്യുന്നു’ എന്ന ആയത് അല്ലാഹു -تَعَالَى- നമ്മെ കൊണ്ട് പറയിപ്പിക്കുന്നത്.

ഇതില്‍ നിന്ന് മേലെ പറഞ്ഞ അടിസ്ഥാനം ഒന്നു കൂടി എളുപ്പത്തില്‍ മനസ്സിലാകും. കേവലം അല്ലാഹുവാണ് റബ്ബ് എന്നു പറഞ്ഞതു കൊണ്ട് മാത്രമായില്ല. മറിച്ച് ആ റബ്ബിന് മാത്രമേ ഞാന്‍ എല്ലാ ഇബാദതുകളും സമര്‍പ്പിക്കുകയുള്ളൂ എന്ന് കൂടി അംഗീകരിക്കണം. അപ്പോള്‍ മാത്രമേ ഒരാള്‍ യഥാര്‍ത്ഥ മുസ്‌ലിമാകൂ.

[6] അല്ലാഹു മാത്രമാണ് സ്രഷ്ടാവ്. മറ്റെല്ലാം സൃഷ്ടികളാണ്. അവയെ എല്ലാം സൃഷ്ടിച്ചത് അല്ലാഹു -تَعَالَى- യാണ്. ഏഴ് ആകാശങ്ങളും ഏഴു ഭൂമികളും അവക്കിടയിലുള്ളതുമെല്ലാം അല്ലാഹുവിന്റെ സൃഷ്ടികള്‍ മാത്രമാണ്. അല്ലാഹുവിന്റെ സിംഹാസനമായ അര്‍ശും, അല്ലാഹുവിന്റെ പാദപീഠമായ കുര്‍സിയ്യുമെല്ലാം അല്ലാഹുവിന്റെ സൃഷ്ടികളില്‍ പെട്ടത് തന്നെ.

[7] ദൃഷ്ടാന്തങ്ങള്‍ക്ക് അറബിയില്‍ ആയത് എന്നാണ് പറയുക. അല്ലാഹുവിന്റെ ആയതുകള്‍ രണ്ട് രൂപത്തിലാണ്.

ഒന്ന്: പാരായണം ചെയ്യപ്പെടാവുന്ന ആയത്തുകള്‍. ഖുര്‍ആനിലെ അല്ലാഹുവിന്റെ വചനങ്ങളാണ് ഇതു കൊണ്ട് ഉദ്ദേശം. അവ അല്ലാഹുവിന്റെ ഏകത്വത്തെ അറിയിക്കുന്ന ഏറ്റവും പ്രകടമായ ദൃഷ്ടാന്തങ്ങളാണ്.

രണ്ട്: കാണാവുന്ന ദൃഷ്ടാന്തങ്ങള്‍. അല്ലാഹുവിന്റെ ഏതൊരു സൃഷ്ടിയും അവനെ കുറിച്ച് അറിയിക്കുന്ന ദൃഷ്ടാന്തങ്ങള്‍ തന്നെയാണ്. ശൈഖവര്‍കള്‍ ഈ ഗണത്തില്‍ പെട്ട ദൃഷ്ടാന്തങ്ങളെ കുറിച്ചാണ് ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

[8] അല്ലാഹു -تَعَالَى- യെ കുറിച്ച് അറിയിക്കുന്ന തെളിവുകള്‍ ധാരാളമുണ്ട്. അല്ല! പ്രപഞ്ചം മുഴുവന്‍ അവനെ കുറിച്ച് അറിയിക്കുന്ന തെളിവുകളാല്‍ നിബിഡമാണ്. അത്തരം തെളിവുകളെ നാല് ഇനങ്ങളായി തിരിക്കാം.

ഒന്ന്: ശുദ്ധപ്രകൃതിയുടെ തെളിവ്. (എല്ലാ മനുഷ്യരുടെയും മനസ്സില്‍ അവന് നിഷേധിക്കാന്‍ കഴിയാത്ത വണ്ണം ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ട് എന്ന ബോധ്യമുണ്ട്. അതിനെയാണ് ശുദ്ധപ്രകൃതിയുടെ തെളിവ് എന്നു വിശേഷിപ്പിക്കുന്നത്.)

രണ്ട്: ബുദ്ധിപരമായ തെളിവ്. (എന്തൊരു പ്രവൃത്തിയുണ്ടെങ്കിലും അവ പ്രവൃത്തിച്ച ഒരാള്‍ ഉണ്ടായിരിക്കണമെന്നത് കേവല ബുദ്ധിയാണ്. അതു കൊണ്ടാണല്ലോ ഒന്നും പഠിപ്പിച്ചിട്ടില്ലാത്ത കുട്ടികള്‍ എന്തെങ്കിലും ശബ്ദം കേട്ടാല്‍ അവിടേക്ക് തിരിഞ്ഞു നോക്കുന്നത്. കാരണം അതിന് പിന്നില്‍ ഒരാള്‍ ഉണ്ട് എന്ന് അവന് പോലും അറിയാം. അപ്പോള്‍ ഈ കാണുന്ന പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് ഉണ്ടായിരിക്കണമെന്നതും അതു പോലെ ബുദ്ധിപരമാണ്.)

മൂന്ന്: അനുഭവവേദ്യമായ തെളിവുകള്‍. (പ്രയാസത്തില്‍ അകപ്പെട്ടവന്‍ പ്രാര്‍ഥിച്ചാല്‍ അതിന് ഉത്തരം ലഭിക്കുന്നു; ആരാണ് ആ പ്രാര്‍ത്ഥന കേട്ടത്?! പ്രാര്‍ത്ഥന കേള്‍ക്കുന്ന ഒരു റബ്ബ് ഉണ്ട് എന്നതിനുള്ള തെളിവുകളില്‍ ഒന്നാണ് ഇതും.)

നാല്: മതപരമായ തെളിവുകള്‍. (ഖുര്‍ആനും ഹദീസുമാണ് ഉദ്ദേശം. അവയില്‍ മേല്‍ പറഞ്ഞ തെളിവുകളെ കുറിച്ചുള്ള വിശദീകരണവും, മറ്റനേകം തെളിവുകളും അല്ലാഹു ഉണ്ട് എന്നതിനും, അവനാണ് ആരാധനക്ക് അര്‍ഹന്‍ എന്നതിനും നല്‍കപ്പെട്ടതായി കാണാം.)

[9] ഖുര്‍ആനിലെയും ഹദീസിലെയും പദങ്ങളുടെ ബാഹ്യാര്‍ത്ഥം അറിയിക്കുന്നത് ഏഴ് ആകാശങ്ങള്‍ ഉള്ളത് പോലെ ഏഴു ഭൂമികളും ഉണ്ട് എന്നതാണ്. ഈ വിഷയത്തില്‍ അഹ്ലുസ്സുന്നത്തിന് ഇടയില്‍ ഏകാഭിപ്രായം ഉണ്ടെന്ന് അബൂ ബക്ര്‍ അല്‍-അംബാരി -رَحِمَهُ اللَّهُ- രേഖപ്പെടുത്തിയിട്ടുണ്ട്.

[10] മേല്‍ പറഞ്ഞ കാര്യങ്ങളെല്ലാം അല്ലാഹു -تَعَالَى- യുടെ ശക്തിയും പ്രതാപവും അറിയിക്കുന്ന മഹത്തരമായ ദൃഷ്ടാന്തങ്ങളാണ് എന്നതില്‍ സംശയമില്ല. രാത്രിയും പകലും മാറിമാറി വരുന്നതിലും, അവയുടെ കൃത്യതയിലും, അവ കൊണ്ടുള്ള ഉപകാരങ്ങളിലും, മനുഷ്യരുടെ നിത്യജീവിതത്തിന് അവ എത്ര മാത്രം അനിവാര്യമാണ് എന്നതിലുമെല്ലാം വളരെ പാഠങ്ങളുണ്ട്. സൂര്യനും ചന്ദ്രനും അതു പോലെ തന്നെ. എന്നാല്‍ അവയെ കുറിച്ച് ചിന്തിക്കുകയോ, അതില്‍ അടങ്ങിയിട്ടുള്ള പാഠങ്ങളെ കുറിച്ച് ഉറ്റാലോചിക്കുകയോ ചെയ്യാത്തവരെ സംബന്ധിച്ച് അവ കേവലം ഭൗതിക പ്രതിഭാസങ്ങള്‍ മാത്രമായിരിക്കും. കന്നുകാലികളെക്കാള്‍ അധപതിച്ചവര്‍ എന്ന് അല്ലാഹു -تَعَالَى- വിശേഷിപ്പിച്ചത് അവരെ കുറിച്ചത്രെ.

[11] ഈ ആയത്ത് സൂര്യനും ചന്ദ്രനും രാത്രിയും പകലുമെല്ലാം അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ് എന്നും, അതില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ട പാഠം എന്താണെന്നും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. സൂര്യനും ചന്ദ്രനും മനുഷ്യര്‍ക്ക് വലിയ അനുഗ്രഹവും ഉപകാരവുമാണ്. അവ രണ്ടും വലിപ്പത്തിലും വെളിച്ചത്തിലും മനുഷ്യര്‍ക്ക് അത്ഭുമുണ്ടാക്കുന്നു.

എന്നാല്‍ അല്ലാഹുവിന്റെ സൃഷ്ടിപ്പുകളായ ഇവയെ കണ്ട് നിങ്ങള്‍ അത്ഭുതപ്പെടുന്നുവെങ്കില്‍, അവയെ സൃഷ്ടിച്ച റബ്ബിനെ കുറിച്ചും അവന്റെ മഹത്വത്തെ കുറിച്ചുമാണ് നിങ്ങള്‍ കൂടുതല്‍ അത്ഭുതപ്പെടേണ്ടത് എന്ന് ഈ ആയത്ത് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

സൂര്യനും ചന്ദ്രനും മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും അനേകം ഉപകാരങ്ങള്‍ ലഭിക്കാന്‍ കാരണമാകുന്നുണ്ടല്ലോ എന്നതിനാല്‍ അവയെ അല്ല നിങ്ങള്‍ ആരാധിക്കേണ്ടത്. മറിച്ച് അവയെ സൃഷ്ടിക്കുകയും മനുഷ്യര്‍ക്ക് ഉപകാരപ്പെടുന്ന രൂപത്തില്‍ അവയെ സംവിധാനിക്കുകയും ചെയ്ത അല്ലാഹുവിനാണ് നിങ്ങള്‍ കീഴ്പ്പെടേണ്ടത്.

അതോടൊപ്പം, അല്ലാഹുവിന്റെ സൃഷ്ടികളില്‍ വളരെ വലുതും അനേകം ഉപകാരങ്ങള്‍ ഉള്ളതുമായ സൂര്യ-ചന്ദ്ര നക്ഷത്രാദികളെ ആരാധിക്കുന്നതും, അവക്ക് സാഷ്ടാംഗം ചെയ്യുന്നതും അല്ലാഹു ഇഷ്ടപ്പെടുന്നില്ലയെങ്കില്‍ അവയെക്കാള്‍ ചെറുതും ശക്തി കുറഞ്ഞതുമായ മറ്റു സൃഷ്ടികളെ ആരാധിക്കുന്നവന്റെ അവസ്ഥ എന്തായിരിക്കും എന്ന പാഠം കൂടി ഈ ആയത് ഉള്‍ക്കൊള്ളുന്നു.

[12] അല്ലാഹു -تَعَالَى- ആറു ദിവസങ്ങളിലായാണ് ആകാശഭൂമികളെ സൃഷ്ടിച്ചത് എന്ന് ഈ ആയത്തില്‍ നമ്മെ അറിയിക്കുന്നു. ഞായറാഴ്ചയാണ് സൃഷ്ടിപ്പിന്റെ ആരംഭം; വെള്ളിയാഴ്ച ആകാശഭൂമികളുടെ സൃഷ്ടിപ്പില്‍ നിന്ന് അവന്‍ വിരമിച്ചു.

[13] അല്ലാഹുവിന് അവന്റെ മഹത്വത്തിനും പ്രതാപത്തിനും യോജിച്ച സിംഹാസനമുണ്ട്. അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറ്റവും വലിയ സൃഷ്ടിപ്പാണ് അവന്റെ സിംഹാസനം. അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ചതിന് ശേഷം അതിന്മേല്‍ ആരോഹിതനായിരിക്കുന്നു. അല്ലാഹു അര്‍ശില്‍ ആരോഹിതനായതിന്റെ രൂപം -അവന്‍ നമുക്ക് വിശദീകരിച്ചു തരാത്തതിനാല്‍- എങ്ങനെയാണ് എന്ന് നമുക്കറിയില്ലെങ്കിലും, അതില്‍ വിശ്വസിക്കല്‍ നമ്മുടെ മേല്‍ നിര്‍ബന്ധമാണ്‌. എങ്ങനെയാണ് അല്ലാഹു അര്‍ശില്‍ ആരോഹിതനായത് എന്ന ചോദ്യം നബി -ﷺ- യുടെ അനുചരന്മാരായ സ്വഹാബികളോ അവര്‍ക്ക് ശേഷമുള്ള സച്ചരിതരായ സലഫുകളോ ചോദിച്ചിട്ടില്ല എന്നതിനാല്‍ അങ്ങനെ ചോദിക്കല്‍ വളരെ മോശമായ ബിദ്അതാണ്.

[14] രാത്രി അതിന്റെ ഇരുട്ടിനാല്‍ പകലിനെ മൂടുന്നു. അവ രണ്ടും ചെറിയ ഇടവേളകള്‍ പോലുമില്ലാതെ മാറിമാറി വരികയും ചെയ്യുന്നു. ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തവും മനുഷ്യര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലുമാണ്.

[15] എല്ലാ വസ്തുക്കളെയും ശൂന്യതയില്‍ നിന്ന് സൃഷ്ടിച്ചത് അല്ലാഹുവാണ്. അതിനാല്‍ എല്ലാ സൃഷ്ടികളും അവന്റെതാണ്. അതിനാല്‍ അവയോടു കല്‍പ്പിക്കാനുള്ള അര്‍ഹതയും അല്ലാഹുവിനാണ് ഉള്ളത്.

[16] ഈ ആയത്തില്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളായ ആകാശഭൂമികളെ കുറിച്ചും, രാത്രിയെയും പകലിനെയും കുറിച്ചും, അവ മാറിമാറി വരുന്നതിനെ കുറിച്ചും അല്ലാഹു ഓര്‍മ്മപ്പെടുത്തുകയും, അങ്ങനെയെല്ലാം കാര്യങ്ങളെ സംവിധാനിച്ചവനായ അല്ലാഹുവാകുന്നു നിങ്ങളുടെ റബ്ബ് എന്ന് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. അതാണ്‌ ഈ ആയത്ത് ഇവിടെ നല്‍കാനുള്ള കാരണം.

[17] റബ്ബ് എന്നതിന്റെ അര്‍ഥം മുന്‍പ് നാം വിശദീകരിച്ചു കഴിഞ്ഞു. ഇവിടെ അല്ലാഹുവാണ് തന്റെ റബ്ബ് എന്ന് ഒരാള്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ അയാളുടെ മേല്‍ നിര്‍ബന്ധമാകുന്ന കാര്യമാണ് ശൈഖവര്‍കള്‍ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നത്. എല്ലാം സൃഷ്ടിക്കുകയും, പരിപാലിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന അല്ലാഹു മാത്രമാണ് ആരാധനകള്‍ക്ക് അര്‍ഹന്‍. മറ്റെല്ലാം തന്നെ സൃഷ്ടികളാണ്; അവ ആരാധനകള്‍ക്ക് ഒരു നിലക്കും അര്‍ഹതയുള്ളവരല്ല.

[18] എല്ലാം സൃഷ്ടിക്കുകയും, പരിപാലിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന അല്ലാഹു മാത്രമാണ് ആരാധനകള്‍ക്ക് അര്‍ഹന്‍ എന്നു പറഞ്ഞല്ലോ? അതിനുള്ള തെളിവാണ് ഈ ആയത്. നിങ്ങളെയും നിങ്ങള്‍ക്ക് മുന്‍പുള്ളവരെയും സൃഷ്ടിച്ചവനാണ് റബ്ബ് എന്ന് മനസ്സിലായെങ്കില്‍ ആ റബ്ബിനെ ആരാധിക്കൂ എന്നാണ് ഈ ആയത്തില്‍ അല്ലാഹു -تَعَالَى- നമ്മോടു കല്‍പ്പിക്കുന്നത്.

‘നിങ്ങളെയും നിങ്ങളുടെ മുന്‍പുള്ളവരെയും സൃഷ്ടിച്ചവന്‍’ എന്ന ഗുണം അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ്. മറ്റേതൊരു ആരാധ്യവസ്തുവിനും ഇത് അവകാശപ്പെടാന്‍ കഴിയില്ല.

ഉദാഹരണത്തിന്; ഈസ -عَلَيْهِ السَّلَامُ- യെയും മുഹമ്മദ്‌ നബി -ﷺ- യെയും ആരാധിക്കുന്നവരുണ്ട്. ഈ ആയത്ത് അത്തരക്കാരോട്‌ ചിന്തിക്കാന്‍ കല്‍പ്പിക്കുന്നു; അവര്‍ ജനിക്കുന്നതിന് മുന്‍പുള്ളവരെ സൃഷ്ടിച്ചത് ആരാണ്? ഒരിക്കലും അവരാകാന്‍ തരമില്ല; കാരണം അവര്‍ തന്നെ ജനിച്ചവരാണ്. ഇത് ഏതൊരു ആരാധ്യനും ബാധകമാണ്; അല്ലാഹുവിനൊഴികെ.

[19] ഭൂമിയില്‍ ജീവിക്കുന്ന ഏതൊരു സൃഷ്ടിക്കും നിഷേധിക്കാന്‍ കഴിയാത്ത അനുഗ്രഹങ്ങളാണ് ഇവയെല്ലാം. ഈ പറഞ്ഞതൊന്നും അനുഭവിക്കാത്ത ഒരാള്‍ പോലും ഇത് വായിക്കുന്നവരിലുണ്ടാവില്ല. പല ജനങ്ങളാലും ആരാധിക്കപ്പെടുന്ന ഈസ -عَلَيْهِ السَّلَامُ- യും, മുഹമ്മദ്‌ നബി -ﷺ- യും വരെ ഈ അനുഗ്രഹങ്ങള്‍ അനുഭവിച്ചവരും ആസ്വദിച്ചവരുമാണ്. അപ്പോള്‍ അവരാണ് ഇതൊന്നും നല്‍കിയത് എന്നു പറയുക സാധ്യമല്ല. അപ്പോള്‍ ആരാണ് ഇവയൊക്കെ നിങ്ങള്‍ക്ക് നല്‍കിയത്; അവനെ നിങ്ങള്‍ ആരാധിക്കുകയും അതില്‍ മറ്റൊരാളെയും പങ്ക് ചേര്‍ക്കാതിരിക്കുകയും ചെയ്യുക എന്നാണ് ഈ ആയത്ത് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

  • ആരാധന മാത്രമല്ല ജീവിതം പൂർണ്ണമായും അല്ലാഹു വിൻ്റെ വിധിവിലക്കുകളനുസരിച്ചാകണം.
    الا له خلق والامر

Leave a Comment