اعْلَمْ رَحِمَكَ اللَّهُ أَنَّه يَجِبُ عَلَى كُلِّ مُسْلِمٍ وَمُسْلِمَةٍ، تَعَلُّمُ هَذِهِ الثَّلاثِ مَسَائِل، والْعَمَلُ بِهِنَّ:

അറിയുക! -അല്ലാഹു നിന്നോട് കാരുണ്യം ചൊരിയട്ടെ!-; ഓരോ മുസ്‌ലിം പു-രുഷന്റെയും സ്ത്രീയുടെയും മേല്‍ (താഴെ പറയുന്ന) ഈ മൂന്ന് അ-ടി-സ്ഥാനങ്ങള്‍ [1] പഠിക്കലും, പ്രാവര്‍ത്തികമാക്കലും നിര്‍ബന്ധമാകുന്നു. [2]

الأُولَى:أَنَّ اللَّهَ خَلَقَنَا، وَرَزَقَنَا، وَلَمْ يَتْرُكْنَا هَمَلًا.

ഒന്നാമത്തെ (അടിസ്ഥാനം): അല്ലാഹുവ നമ്മെ സൃഷ്ടിക്കുകയും, നമുക്ക് ഉപജീവനം നല്‍കുകയും, നമ്മെ നിരര്‍ത്ഥകമായി ഉപേക്ഷിച്ചിട്ടില്ലെന്നും (പഠിക്കണം). [3]

بَلْ أَرْسَلَ إِلَيْنَا رَسُولاً

മറിച്ച്, നമ്മളിലേക്ക് ഒരു റസൂലിനെ പറഞ്ഞയച്ചിരിക്കുന്നു. [4]

فَمَنْ أَطَاعَهُ دَخَلَ الجَنَّةَ، وَمَنْ عَصَاهُ دَخَلَ النَّارَ، وَالدَّلِيلُ قَوْلُهُ تَعَالَى:

അപ്പോള്‍ ആരെങ്കിലും ആ റസൂലിനെ അനുസരിച്ചാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. ആരെങ്കിലും റസൂലിനെ ധിക്കരിച്ചാല്‍ അവര്‍ നരകത്തില്‍ പ്രവേശിക്കും. [5] (ഈ പറഞ്ഞതിനുള്ള) തെളിവ് അല്ലാഹുവിന്റെ വാക്കാകുന്നു:

إِنَّا أَرْسَلْنَا إِلَيْكُمْ رَسُولًا شَاهِدًا عَلَيْكُمْ كَمَا أَرْسَلْنَا إِلَىٰ فِرْعَوْنَ رَسُولًا ﴿١٥﴾ فَعَصَىٰ فِرْعَوْنُ الرَّسُولَ فَأَخَذْنَاهُ أَخْذًا وَبِيلًا ﴿١٦﴾

“തീര്‍ച്ചയായും ഫിര്‍ഔന്റെ അടുത്തേക്ക് നാം ഒരു റസൂലിനെ നിയോഗിച്ചത് പോലെ, നിങ്ങളുടെ മേല്‍ സാക്ഷിയായിട്ടുള്ള [6] ഒരു റസൂലിനെ നിങ്ങളിലേക്ക് നാം നിയോഗിച്ചിരിക്കുന്നു.  എന്നിട്ട് ഫിര്‍ഔന്‍ ആ റസൂലിനെ ധിക്കരിച്ചു. അപ്പോള്‍ നാം അവനെ കടുത്ത ഒരു പിടുത്തം പിടിക്കുകയുണ്ടായി.” [7] (മുസമ്മില്‍: 15-16)

الثَّانِيَةُ: أَنَّ اللَّهَ لَا يَرْضَى أَنْ يُشْرَكَ مَعَهُ أَحَدُ فِي عِبَادَتِهِ

രണ്ടാമത്തെ (അടിസ്ഥാനം): അല്ലാഹു അവനുള്ള ഇബാദത്തില്‍ ആരെങ്കിലും അവനോടൊപ്പം പങ്കു ചേര്‍ക്കപ്പെടുന്നത് തൃപ്തിപ്പെടുന്നില്ല. [8]

لا مَلَكٌ مُقَرَّبٌ، وَلا نَبِيٌّ مُرْسَلٌ، وَالدَّلِيلُ قَوْلُهُ تَعَالَى:

അതിനി (അല്ലാഹുവിങ്കല്‍) സാമീപ്യം സിദ്ധിച്ച മലക്കാകട്ടെ, (അല്ലാഹുവിനാല്‍) അയക്കപ്പെട്ട റസൂലാകട്ടെ; (അവരെയൊന്നും അല്ലാഹുവിനുള്ള ഇബാദതില്‍ പങ്കു ചേര്‍ക്കുന്നത് അവന്‍ ഇഷ്ടപ്പെടുന്നില്ല). [9] (ഈ പറഞ്ഞതിനുള്ള) തെളിവ് അല്ലാഹുവിന്റെ വാക്കാകുന്നു:

وَأَنَّ الْمَسَاجِدَ لِلَّـهِ فَلَا تَدْعُوا مَعَ اللَّـهِ أَحَدًا ﴿١٨﴾

“മസ്ജിദുകള്‍ [10] അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ത്ഥിക്കരുത് എന്നും.” [11]  (ജിന്ന്: 18)

الثَّالِثَةُ: أَنَّ مَنْ أَطَاعَ الرَّسُولَ، وَوَحَّدَ اللَّهَ لا يَجُوزُ لَهُ مُوَالاةُ مَنْ حَادَّ اللَّهَ وَرَسُولَهُ، وَلَوْ كَانَ أَقْرَبَ قَرِيبٍ، وَالدَّلِيلُ قَوْلُهُ تَعَالَى:

മൂന്നാമത്തെ അടിസ്ഥാനം: റസൂലിനെ അനുസരിക്കുകയും, അല്ലാഹുവിനെ ഏകനാക്കുകയും ചെയ്ത ഒരാള്‍ക്ക്, അല്ലാഹുവിനോടും റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരോട് -അതിനി അവന്റെ ഏറ്റവും അടുത്ത കുടുംബക്കാരനാണ് എങ്കിലും- ആത്മബന്ധം സ്ഥാപിക്കുന്നത് അനുവദനീയമല്ല. [12] (ഈ പറഞ്ഞതിനുള്ള) തെളിവ് അല്ലാഹുവിന്റെ വാക്കാകുന്നു:

لَّا تَجِدُ قَوْمًا يُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّـهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ ۚ أُولَـٰئِكَ كَتَبَ فِي قُلُوبِهِمُ الْإِيمَانَ وَأَيَّدَهُم بِرُوحٍ مِّنْهُ ۖ وَيُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ رَضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ ۚ أُولَـٰئِكَ حِزْبُ اللَّـهِ ۚ أَلَا إِنَّ حِزْبَ اللَّـهِ هُمُ الْمُفْلِحُونَ ﴿٢٢﴾

“അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല. [13] അവര്‍ അവരുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരന്‍മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും.

അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്റെ പക്കല്‍ നിന്നുള്ള ‘റൂഹിനെ’ [14] കൊണ്ട് അവന്‍ അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. [15]

അത്തരക്കാരാകുന്നു അല്ലാഹുവിന്റെ കക്ഷി. അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍.” [16] (മുജാദില: 22)


[1] ഉസ്വൂലുസ്സലാസയുടെ തുടക്കത്തില്‍ ഉള്ള ഈ മൂന്ന് അടിസ്ഥാനങ്ങള്‍ പുസ്തകത്തിന്റെ ആമുഖമായി എഴുതപ്പെട്ടതാണ്. ഇവയെ കുറിച്ചല്ല ഈ ഗ്രന്ഥം പ്രധാനമായി ചര്‍ച്ച ചെയ്യുന്നത്. മറിച്ച്, അല്ലാഹുവിനെ അറിയുക, നബി -ﷺ- യെ അറിയുക, ഇസ്‌ലാം ദീനിനെ അറിയുക എന്നിങ്ങനെയുള്ള മൂന്ന് അടിസ്ഥാനങ്ങളെ കുറിച്ചുള്ള ചര്‍ച്ചയാണ് പുസ്തകത്തിന്റെ അടിത്തറ. അവയെ ഉദ്ദേശിച്ചു കൊണ്ടാണ് മൂന്ന് അടിസ്ഥാനങ്ങള്‍ -ഉസ്വൂലുസ്സലാസ- എന്ന പേര് ഈ ഗ്രന്ഥത്തിന് നല്‍കപ്പെട്ടത്.

[2] ഈ മൂന്ന് കാര്യങ്ങള്‍ ഇസ്‌ലാമിന്റെ ആകെത്തുകയാണ്. ഒരാള്‍ മുസ്‌ലിമാകുന്നു എന്നാല്‍ ഈ മൂന്ന് കാര്യങ്ങള്‍ അയാളില്‍ അതോടെ ഉണ്ടാകുന്നു എന്നാണ് അര്‍ഥം. അതു കൊണ്ടാണ് ഓരോ മുസ്‌ലിം പുരുഷനും സ്ത്രീയും ഇവ പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യല്‍ നിര്‍ബന്ധമാണ്‌ എന്ന് ശൈഖ് ഓര്‍മ്മപ്പെടുത്തിയത്.

[3] മനുഷ്യരെ അല്ലാഹുവാണ് സൃഷ്ടിച്ചത് എന്നും, അവനാണ് അവര്‍ക്ക് ഉപജീവനം നല്‍കുന്നവനെന്നും, അവന്‍ നമ്മെ സൃഷ്ടിച്ചതിന് പിന്നില്‍ ഒരു ലക്ഷ്യമുണ്ട് എന്നുമുള്ള തിരിച്ചറിവാണ് ഒരു മതവിശ്വാസിയെയും നിരീശ്വരവാദിയെയും വേര്‍തിരിക്കുന്ന ഒന്നാമത്തെ ഘടകം. അതു കൊണ്ട് തന്നെ ഒരാള്‍ മുസ്‌ലിമാകുന്നതിന്റെ പ്രാഥമികപടിയാണ് ഈ വിശ്വാസം.

അല്ലാഹു -تَعَالَى- നമ്മെ പടച്ചതിന് പിന്നില്‍ രണ്ട് പ്രധാന ലക്ഷ്യങ്ങള്‍ ഉണ്ട്.

ഒന്ന്: നാം അല്ലാഹുവിനെ അറിയുകയും, അവനെ ആരാധിച്ചും അനുസരിച്ചും ജീവിക്കുകയും ചെയ്യുക.

രണ്ട്: അനുസരിച്ചവര്‍ക്ക് അല്ലാഹുവിന്റെ പ്രതിഫലമാകുന്ന സ്വര്‍ഗവും ധിക്കരിച്ചവര്‍ക്ക് നരകവും നല്‍കുക.

[4] അല്ലാഹുവിനെ അറിഞ്ഞും, അവനെ ആരാധിച്ചും അനുസരിച്ചും ജീവിക്കുകയും, അനുസരിച്ചവര്‍ക്ക് സ്വര്‍ഗവും ധിക്കരിച്ചവര്‍ക്ക് ശിക്ഷയും നല്‍കുന്നതിന് വേണ്ടിയാണ് മനുഷ്യ സൃഷ്ടിപ്പ് എന്നു പറഞ്ഞല്ലോ? അല്ലാഹുവിനെ എങ്ങനെ അറിയും? അവനെ എങ്ങനെ ആരാധിക്കും? സ്വര്‍ഗത്തെ കുറിച്ചും നരകത്തെ കുറിച്ചും എങ്ങനെ മനസ്സിലാക്കും? ഈ പറഞ്ഞ കാര്യങ്ങളൊന്നും മനുഷ്യന്റെ കേവല ബുദ്ധി കൊണ്ട് കണ്ടെത്താവുന്നതല്ല. അതിനാല്‍ അവ അറിയിക്കുന്നതിന് വേണ്ടി അല്ലാഹു -تَعَالَى- നമ്മളിലേക്ക് റസൂലുകളെ -അല്ലാഹുവിന്റെ ദൂതന്മാരെ- പറഞ്ഞയച്ചു.

[5] റസൂലിനെ അയച്ചത് അല്ലാഹുവിന്റെ കല്‍പ്പനകള്‍ നമ്മെ അറിയിക്കുന്നതിന് വേണ്ടിയാണ്. അപ്പോള്‍ റസൂലിനെ അനുസരിക്കല്‍ അല്ലാഹുവിനെ അനുസരിക്കലും, ധിക്കരിക്കല്‍ അല്ലാഹുവിനെ ധിക്കരിക്കലുമാണ്. നിന്നെ സൃഷ്ടിക്കുകയും, നിനക്ക് ഉപജീവനം നല്‍കുകയും ചെയ്ത, നിന്നെ അവഗണിക്കാതെ -നിന്റെ നന്മക്ക് വേണ്ടതെല്ലാം അറിയിച്ചു നല്‍കുകയും, നിനക്ക് ഉപദ്രവമാകുന്നതെല്ലാം സൂക്ഷിക്കണമെന്ന് താക്കീത് നല്‍കുകയും ചെയ്ത- അല്ലാഹുവിനെ ധിക്കരിക്കല്‍ എന്തു ഗുരുതരമായ അപരാധവും അതിക്രമവുമാണ്?!

അത്തരം ധിക്കാരികള്‍ക്ക് -കല്ലുകളും മനുഷ്യരും ഇന്ധനമാക്കപ്പെടുന്ന, ഭൂമിയിലെ അഗ്നിയെക്കാള്‍ എഴുപതിരട്ടി ചൂടുള്ള- അല്ലാഹുവിന്റെ നരകമുണ്ട്. എന്നാല്‍ അല്ലാഹുവിനെ അനുസരിക്കുകയും തങ്ങളുടെ സൃഷ്ടിപ്പിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുകയും ചെയ്ത സച്ചരിതരായ അല്ലാഹുവിന്റെ അടിമകള്‍ക്ക് മഹത്തരമായ -എല്ലാ നന്മകളും കളിയാടുന്ന, താഴ്ഭാഗത്തു കൂടെ അരുവികള്‍ ഒഴുകുന്ന- സ്വര്‍ഗങ്ങളുമുണ്ട്.

[6] നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയായി കൊണ്ട് എന്നാണ് ഉദ്ദേശം.

[7] അല്ലാഹു അയച്ച റസൂലിനെ അനുസരിക്കണം; അദ്ദേഹത്തെ ധിക്കരിച്ചു കൂടാ എന്നതാണ് ഒന്നാമത്തെ അടിസ്ഥാനത്തിന്റെ രത്നചുരുക്കം. അതിനുള്ള തെളിവായാണ് ഈ ആയത് ഇവിടെ നല്‍കിയിരിക്കുന്നത്.

സ്രഷ്ടാവായ അല്ലാഹുവിനെ നിഷേധിക്കുകയും, താനാണ് ജനങ്ങള്‍ക്ക് മേല്‍ അനുഗ്രഹങ്ങള്‍ ചൊരിയുന്ന രക്ഷിതാവെന്ന് ജല്‍പ്പിക്കുകയും, അല്ലാഹുവിനെ ധിക്കരിക്കുകയും ചെയ്ത, ചരിത്രത്തിലെ മഹാധിക്കാരിയാണ് ഫിര്‍ഔന്‍. അവനിലേക്ക് അല്ലാഹു -تَعَالَى- ഒരു റസൂലിനെ -മൂസ -عَلَيْهِ السَّلَامُ- യെ- നിയോഗിച്ചു. എന്നാല്‍ അവന്‍ ആ റസൂലിനെ അനുസരിച്ചില്ല; അവനെ ഇഹലോകത്തും പരലോകത്തും കടുത്ത ശിക്ഷ പിടികൂടി.

ഫിര്‍ഔന്റെ അടുക്കലേക്ക് റസൂലിനെ നിയോഗിച്ച പോലെ -അല്ലയോ മനുഷ്യരേ!- നിങ്ങളിലേക്കും ഇതാ ഒരു റസൂലിനെ -മുഹമ്മദ്‌ -ﷺ- യെ നിയോഗിച്ചിരിക്കുന്നു. അദ്ദേഹത്തെ -മൂസ -عَلَيْهِ السَّلَامُ- യെ ഫിര്‍ഔന്‍ ധിക്കരിച്ചത് പോലെ- നിങ്ങളും റസൂലിനെ -മുഹമ്മദ്‌ നബി -ﷺ- യെ- ധിക്കരിക്കുകയാണെങ്കില്‍, അവന് വന്നു ഭവിച്ചത് പോലുള്ള കടുത്ത ശിക്ഷ നിങ്ങള്‍ക്കും വന്നു ഭവിക്കും.

[8] അങ്ങേയറ്റത്തെ താഴ്മയും വിനയവും, ബഹുമാനം നിറഞ്ഞ സ്നേഹവും അറിയിക്കുന്നവയാണ് ഇബാദതുകള്‍. അത് സ്രഷ്ടാവായ അല്ലാഹുവിന് മാത്രം അര്‍ഹതപ്പെട്ടതാണ്. അതില്‍ അല്ലാഹുവല്ലാത്ത ആര്‍ക്കെങ്കിലും പങ്കുണ്ടാകുന്നത് അവന്‍ അങ്ങേയറ്റം വെറുക്കുന്നു. കാരണം അല്ലാഹുവല്ലാത്ത മറ്റെല്ലാം സൃഷ്ടികളാണ്. അവയെല്ലാം ധാരാളം ന്യൂനതകള്‍ ഉള്‍ക്കൊള്ളുന്ന, കുറവുകളുള്ള, അല്ലാഹുവിനെ ആശ്രയിച്ചു നിലകൊള്ളുന്ന കേവല പടപ്പുകള്‍ മാത്രമാണ്. അവയെ ആരാധിക്കുക എന്നത് എല്ലാ പൂര്‍ണ്ണതകളും മഹത്വവും ഉള്ളവനായ അല്ലാഹുവിനോട് അനേകം ന്യൂനതകളുള്ള ഈ സൃഷ്ടികളെ തുല്യതപ്പെടുത്തലാണ്.

[9] അല്ലാഹുവിന് ഏറെ ഇഷ്ടമുള്ള, അവന്റെ കല്‍പനകള്‍ അണുകിട തെറ്റാതെ പാലിക്കുന്ന, മനുഷ്യര്‍ക്ക് അദൃശ്യരായ സൃഷ്ടികളാണ് മലക്കുകള്‍. മനുഷ്യരില്‍ നിന്ന് അല്ലാഹു പ്രത്യേകം തിരഞ്ഞെടുക്കുകയും, തന്റെ സന്ദേശം വിശ്വസ്തതയോടെ ഏല്‍പ്പിക്കുകയും ചെയ്തവരാണ് റസൂലുകള്‍. ഈ രണ്ടു കൂട്ടരിലും ഏറ്റവും ശ്രേഷ്ഠര്‍ ജിബ്രീല്‍ -عَلَيْهِ السَّلَامُ- യും മുഹമ്മദ്‌ നബി -ﷺ- യുമാണ്‌.

അല്ലാഹുവിന് നല്‍കേണ്ട ഇബാദതുകളില്‍ എന്തെങ്കിലും ഒന്ന് അവരിലാര്‍ക്കെങ്കിലും നല്‍കിയാല്‍ അത് അല്ലാഹു തൃപ്തിപ്പെടുകയില്ല. അല്ല! അങ്ങേയറ്റത്തെ കോപവും വെറുപ്പുമാണ് അപ്രകാരം പ്രവര്‍ത്തിച്ചവരോട് അവനുള്ളത്. വുഭിചരിക്കുകയും മോഷ്ടിക്കുകയും ലോകത്തുള്ള മറ്റെല്ലാ തിന്മകളും പ്രവര്‍ത്തിക്കുകയും ചെയ്തവനെക്കാള്‍ ഗുരുതരമാണ് ഈ ഒരൊറ്റ തിന്മ ചെയ്തവന്റെ അവസ്ഥ.

അപ്പോള്‍ നബി -ﷺ- യെക്കാളും ജിബ്രീലിനെക്കാളും താഴെ സ്ഥാനമുള്ളവര്‍ക്ക് ഇബാദത് നല്‍കുന്നത് അല്ലാഹുവിന് എത്ര കോപമുണ്ടാക്കുമായിരിക്കും?! ഔലിയാക്കള്‍ ഉദാഹരണം. അതിനെക്കാള്‍ താഴെയുള്ളവര്‍. ജീവനില്ലാത്ത ജാറങ്ങളും മഖ്ബറകളും. കല്ലുകളും മരങ്ങളും. അല്ലാഹു നമ്മെ ശിര്‍കില്‍ നിന്ന് കാത്തു രക്ഷിക്കട്ടെ!

[10] മസ്ജിദ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിനെ ആരാധിക്കുന്നതിന് വേണ്ടി പ്രത്യേകമായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള അല്ലാഹുവിന്റെ ഭവനങ്ങളാണ്. സാഷ്ടാംഗം ചെയ്യുമ്പോള്‍ ഭൂമിയില്‍ സ്പര്‍ശിക്കുന്ന ശരീരത്തിലെ അവയവങ്ങളാണ് ഉദ്ദേശം എന്നും പറയപ്പെട്ടിട്ടുണ്ട്.

[11] അല്ലാഹുവിനുള്ള ഇബാദതുകള്‍ അവന് പുറമെയുള്ളവര്‍ക്ക് നല്‍കുന്നത് അല്ലാഹുവിന് ഇഷ്ടമല്ല എന്ന കാര്യമാണല്ലോ രണ്ടാമത്തെ അടിസ്ഥാനത്തിന്റെ രത്നച്ചുരുക്കം. അതിന് തെളിവായി നല്‍കിയ ആയത്തില്‍ അല്ലാഹു -تَعَالَى- അവന് പുറമെ ആരെയും -ഒരാളെയും തന്നെ- വിളിച്ചു പ്രാര്‍ഥിക്കരുത് എന്ന് കല്‍പ്പിക്കുന്നു. ‘ആരെയും’ എന്ന് അടച്ചുപൂട്ടി പറയുമ്പോള്‍ അതില്‍ അല്ലാഹുവല്ലാത്ത എല്ലാവരും -നബിമാരും മലക്കുകളും അവര്‍ക്ക് താഴെയുള്ളവരുമെല്ലാം- പെട്ടു.

[12] ഒരു മുസ്‌ലിം അല്ലാഹുവിന് തന്നെ പൂര്‍ണ്ണമായി സമര്‍പ്പിച്ചവനാണ്. അവന് സ്വന്തത്തെക്കാള്‍ ഇഷ്ടം അവന്റെ റബ്ബിനെയും അവന്റെ റസൂലിനെയുമാണ്‌ -ﷺ-. അല്ലാഹുവിന്റെയും റസൂലിന്റെയും പാര്‍ട്ടിയിലാണ് അവനുള്ളത്. അല്ലാഹുവിനും റസൂലിനും എതിരാകുന്നവരുമായി അവന് യാതൊരു ആത്മബന്ധവും സ്ഥാപിക്കാന്‍ കഴിയില്ല. അല്ല! അല്ലാഹുവിനെയും റസൂലിനെയും എതിര്‍ക്കുന്നു എന്നതിനാല്‍ അവരോട് സ്വാഭാവികമായും അവന് വെറുപ്പും ദേഷ്യവും ഉണ്ടായിരിക്കും. മൂന്നാമത്തെ ഈ അടിസ്ഥാനം ആദ്യത്തെ രണ്ട് അടിസ്ഥാനങ്ങള്‍ പാലിക്കുന്ന ഒരു വ്യക്തിയില്‍ സ്വാഭാവികമായി ഉണ്ടാകുന്നതാണ്.

ഒരുദാഹരണം പറയാം. നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കൂട്ടുകാരന്‍. അവനെ നീ അങ്ങേയറ്റം സ്നേഹിക്കുന്നുവെങ്കില്‍ അവന് എതിരെ നിലകൊള്ളുന്ന, അവനെ ഉപദ്രവിക്കുന്ന ഏതൊരാളോടും നിനക്കും വെറുപ്പുണ്ടായിരിക്കും. നിന്റെ കൂട്ടുകാരനെയും അവന്റെ കടുത്ത ശത്രുവിനെയും ഒരുമിച്ചു നിന്റെ കൂട്ടുകാരാക്കുക എന്നത് ഒരിക്കലും സാധ്യമാവില്ല.

ഈ പറഞ്ഞത് കേവലം ഐഹികമായ ബന്ധങ്ങളുടെ ഉദാഹരണമാണ്. എന്നാല്‍ ലോകങ്ങളുടെ സ്രഷ്ടാവായ അല്ലാഹുവിനോട് ഒരു മുസ്‌ലിമിന്റെ ബന്ധവും കടപ്പാടും ഈ ഉദാഹരണങ്ങള്‍ക്കെല്ലാം മുകളിലാണ്. അവനെ നീ സ്നേഹിക്കുന്നെങ്കില്‍ അവന്റെ ശത്രുവിനെ നിനക്ക് സ്നേഹിക്കാന്‍ കഴിയില്ല -അതിനി നിന്റെ ഏറ്റവും അടുത്ത ബന്ധുവാണെങ്കിലും എങ്കിലും-. കേവല ബുദ്ധിയാണിത്.

ഇവിടെ എതിര്‍പ്പ് പുലര്‍ത്തുന്നവന്‍ എന്നു പറഞ്ഞത് അല്ലാഹുവിനെ മാത്രം ആരാധിക്കാത്ത, അവന്‍ നിയോഗിച്ച റസൂലിനെ -ﷺ- അംഗീകരിക്കാത്ത എല്ലാവരെയും ഉദ്ദേശിച്ചാണ്. അഹ്ലുല്‍ കിതാബുകാരായ യഹൂദ-നസ്വാറാക്കളും വിഗ്രഹാരാധകരായ മുശ്രിക്കുകളും, നിരീശ്വരവാദികളുമെല്ലാം ഇതില്‍ ഉള്‍പ്പെടും.

[13] ഇസ്‌ലാം സ്വീകരിക്കാത്തവരോടുള്ള സ്നേഹബന്ധം മൂന്ന് രൂപത്തിലുണ്ട്.

ഒന്ന്: അനുവദനീയമായ, പ്രകൃതിപരമായ സ്നേഹം. ഉദാഹരണത്തിന് കാഫിറായ മാതാപിതാക്കളോട് ഉണ്ടാകുന്ന സ്നേഹം.

രണ്ട്: ഹറാമാകുന്ന, അല്ലാഹുവിങ്കല്‍ ശിക്ഷക്ക് അര്‍ഹനാകുന്ന സ്നേഹം. ഉദാഹരണത്തിന് കേവലം ഐഹികമായ ഗുണഗണങ്ങളുടെ പേരില്‍ -കാഫിറുകളായ അഭിനേതാക്കളെയോ കളിക്കാരെയോ- സ്നേഹിക്കല്‍.

മൂന്ന്: കുഫ്റാകുന്ന, ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകാന്‍ കാരണമാകുന്ന സ്നേഹം. ഇസ്‌ലാമിന് പുറമെയുള്ള മതം ഒരാള്‍ സ്വീകരിക്കുകയും അത് നിലനിര്‍ത്തുകയും ചെയ്യുന്നു എന്നതിന്റെ പേരിലുള്ള സ്നേഹം ഉദാഹരണം.

[14] ‘റൂഹ്’ എന്നതിന്റെ ഉദ്ദേശം സഹായമാണ് എന്നാണ് ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം. ഈമാന്‍ ആണ് ഉദ്ദേശം എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.

[15] അല്ലാഹുവിന്റെ പേരില്‍ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്നവര്‍ക്ക് അഞ്ചു പ്രതിഫലങ്ങള്‍ അല്ലാഹു -تَعَالَى- വാഗ്ദാനം ചെയ്തിരിക്കുന്നു.

ഒന്ന്: അവരുടെ ഹൃദയങ്ങളില്‍ ഈമാന്‍ രേഖപ്പെടുത്തിയിരിക്കുന്നു. സംശയങ്ങളോ ആശയക്കുഴപ്പങ്ങളോ അവരുടെ ഈമാനിനു പോറലേല്‍പ്പിക്കുകയില്ല.

രണ്ട്: അവര്‍ക്ക് അല്ലാഹുവിങ്കല്‍ നിന്നുള്ള സഹായം ഉണ്ടായിരിക്കും. ദുനിയാവില്‍ അവരായിരിക്കും ഉന്നതര്‍.

മൂന്ന്: അവര്‍ക്ക് സ്വര്‍ഗം ഉണ്ടായിരിക്കും. ആഖിറത്തില്‍ അവര്‍ വിഷമിക്കേണ്ടതില്ല.

നാല്: അവര്‍ക്ക് അല്ലാഹുവിന്റെ തൃപ്തിയുണ്ടായിരിക്കും; പിന്നീടൊരിക്കലും അല്ലാഹു അവരോട് കോപിക്കുകയില്ല.

അഞ്ച്: അവര്‍ അല്ലാഹുവിനെയും അവന്‍ അവര്‍ക്ക് നല്‍കിയതിനെയും തൃപ്തിപ്പെടും. അവര്‍ക്ക് അതൃപ്തിയുണ്ടാക്കുന്ന ഒന്നും ഇനിയുണ്ടാകില്ല.

[16] അല്ലാഹുവിനെയും റസൂലിനെയും എതിര്‍ത്തു നില്‍ക്കുന്നവരോട് സ്നേഹബന്ധം സ്ഥാപിക്കുക എന്നത് ഒരു മുഅമിനിന് യോജിച്ചതല്ല എന്നതാണ് മൂന്നാമത്തെ അടിസ്ഥാനം. അതിനുള്ള തെളിവായാണ് ഈ ആയത്ത് ശൈഖവര്‍കള്‍ നല്‍കിയത്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ച ഒരു സമൂഹം അല്ലാഹുവിനോടും റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി ആത്മബന്ധം സ്ഥാപിക്കുന്നത് നിനക്ക് കാണാന്‍ കഴിയില്ല എന്ന അല്ലാഹുവിന്റെ പ്രഖ്യാപനം ഓരോ മുഅമിനും സ്വന്തത്തെ പരിശോധിക്കാന്‍ പ്രേരിപ്പിക്കുന്നു. താന്‍ ഒരു യഥാര്‍ത്ഥ മുഅമിന്‍ ആണെങ്കില്‍ അല്ലാഹുവിന്റെ ശത്രുക്കളോടു തന്റെ മനസ്സില്‍ സ്നേഹം ഉണ്ടാകാന്‍ കഴിയില്ലെന്ന് അവന് മനസ്സിലാക്കാന്‍ സാധിക്കുന്നു. അങ്ങനെ വല്ലതും അവന്റെ മനസ്സില്‍ ഉള്ളതായി അവന്‍ കാണുന്നെങ്കില്‍ അല്ലാഹുവിലേക്ക് പാശ്ചാത്തപിച്ചു മടങ്ങാനും, തന്റെ ഈമാന്‍ വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്തു കൂട്ടാനും അവന്‍ ശ്രമിക്കട്ടെ.

كَتَبَهُ : الأَخُ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيدُ

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment