മത് ന്‍
السُّؤَالُ الثَّانِي: وَمَا مَعْنَى الرَّبُّ؟
الجَوَابُ: فَقُلْ: المَالِكُ المَعْبُودُ.
അര്‍ഥം:
ചോദ്യം 2 : എന്താണ് ‘റബ്ബ്’ എന്നതിന്റെ അര്‍ഥം?
ഉത്തരം : ഉടമസ്ഥനും ഇബാദത് നല്‍കപ്പെടുന്നവനും (എന്നാണ് അതിന്റെ അര്‍ഥം) എന്ന് നീ പറയുക.
ശര്‍ഹ്
നിന്റെ റബ്ബ് ആരാണ് എന്ന ചോദ്യത്തിന് ‘എന്റെ റബ്ബ് അല്ലാഹുവാണ്’ എന്ന ഉത്തരം പറയണമെന്ന് നീ പഠിച്ചു. എന്നാല്‍ ശരി, എന്താണ് റബ്ബ് എന്നതിന്റെ അര്‍ഥം? ശൈഖ് മുഹമ്മദ് രണ്ടാമത്തെ ചോദ്യമായാണ് ഇത് നല്‍കിയിട്ടുള്ളത്.
ഈ ചോദ്യവും അതിന്റെ ഉത്തരവും വിശദീകരിക്കുന്നതിന് മുന്‍പ് വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം ഉണര്‍ത്തേണ്ടതുണ്ടെന്ന് തോന്നുന്നു. പലരും ദീനുമായി ബന്ധപ്പെട്ട പല അടിസ്ഥാന പദങ്ങളും ഉപയോഗിക്കാറുള്ളത് അതിന്റെ ആശയവും അര്‍ഥവും മനസ്സിലാക്കാതെയും, ഗൗനിക്കാതെയുമായിരിക്കും. കേവലം ആ വാക്കുകള്‍ ഉച്ചരിക്കുക എന്നതിനപ്പുറത്ത് അതിന്റെ ആശയപരമായ സ്വാധീനങ്ങള്‍ എന്തു മാത്രമാണെന്ന് ചിന്തിക്കാത്ത വലിയൊരു വിഭാഗത്തെ കാണാന്‍ കഴിയും.
ഇപ്പോള്‍ ഈ ഗ്രന്ഥത്തില്‍ കണ്ടതു പോലെ; നിന്റെ റബ്ബ് ആരാണ് എന്ന് ചോദിച്ചാല്‍ സംശയമേതുമില്ലാതെ ‘എന്റെ റബ്ബ് അല്ലാഹുവാണ്’ എന്ന് പലരും മറുപടി പറഞ്ഞേക്കാം. എന്നാല്‍; എന്താണ് റബ്ബ് എന്നതിന്റെ അര്‍ഥമെന്നു ചോദിച്ചാല്‍ പലരും നിശബ്ദരാകും.
ഓരോ മുസല്‍മാന്റെയും ഇസ്‌ലാമിന് ജീവന്‍ നല്‍കുന്ന, തൗഹീദിന്റെയും ഇഖ്ലാസിന്റെയും വാചകമായ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന കലിമതിന്റെ കാര്യം തന്നെയെടുക്കുക; എത്ര പേര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഈ വാക്കുകള്‍ ഉച്ചരിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍ അവരില്‍ പലരോടും അതിന്റെ അര്‍ഥം ചോദിച്ചാല്‍ അവര്‍ കൈമലര്‍ത്തും.
ഇങ്ങനെ ഓരോരോ കാര്യങ്ങളെടുത്തു പരിശോധിച്ചു നോക്കുക; നിസ്കാരത്തിലെയും നിസ്കാര ശേഷവുമുള്ള ദിക്റുകള്‍, ദുആകള്‍, അല്ലാഹുവിന്റെ അനേകം നാമങ്ങള്‍, വിശേഷണങ്ങള്‍… പലരും നാവ് കൊണ്ട് അവ ഉച്ചരിക്കുന്നുവെന്നല്ലാതെ അവയുടെ ആശയമെന്തെന്ന് പഠിക്കുകയോ, അിറയാന്‍ വേണ്ടി ശ്രമിക്കുകയോ ചെയ്തിട്ടില്ല.
ഇവരുടെ -‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ പോലും അര്‍ഥം അറിയാത്തവരുടെ- അവസ്ഥ ചില പണ്ഡിതന്മാര്‍ പറഞ്ഞതു പോലെ മക്കയിലുണ്ടായിരുന്ന മുഷ്രിക്കുകളെക്കാള്‍ ഒരു നിലക്ക് കഷ്ടമാണ്. കാരണം മക്കയിലെ മുഷ്രിക്കുകള്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അതിന്റെ അര്‍ഥം മനസ്സിലാക്കിയവരായിരുന്നു. എന്നാല്‍ ഇന്നുള്ള -ഇസ്‌ലാമിന്റെ ആളുകളെന്ന് അവകാശപ്പെടുന്ന ചിലര്‍- ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നതിന്റെ അര്‍ഥവും മനസ്സിലാക്കിയിട്ടില്ല; അതിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
പറയുന്ന വാക്കിനെതിരെ പ്രവര്‍ത്തിക്കുക എന്നത് അല്ലാഹു -تعالى- ശക്തമായി വിലക്കിയ കാര്യമാണ്.
അവന്‍ -تعالى- പറഞ്ഞു:
(( يَاأَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لَا تَفْعَلُونَ (2) كَبُرَ مَقْتًا عِنْدَ اللَّهِ أَنْ تَقُولُوا مَا لَا تَفْعَلُونَ ))
“മുഅ്മിനീങ്ങളേ, നിങ്ങള്‍ ചെയ്യാത്തതെന്തിന് നിങ്ങള്‍ പറയുന്നു? നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ പറയുക എന്നുള്ളത് അല്ലാഹുവിങ്കല്‍ വലിയ ക്രോധത്തിന് കാരണമായിരിക്കുന്നു.” (സ്വഫ്: 2-3)
അല്ലാഹു -تعالى- പറഞ്ഞു:
(( أَتَأْمُرُونَ النَّاسَ بِالْبِرِّ وَتَنْسَوْنَ أَنْفُسَكُمْ وَأَنْتُمْ تَتْلُونَ الْكِتَابَ أَفَلَا تَعْقِلُونَ ))
“നിങ്ങള്‍ ജനങ്ങളോട് നന്‍മ കല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ (അത്) മറന്നുകളയുകയുമാണോ? നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ. നിങ്ങളെന്താണ് ചിന്തിക്കാത്തത്?” (ബഖറ: 44)
ഇസ്‌ലാമില്‍ പെട്ടവരാണ് തങ്ങളും എന്നഭിമാനിക്കുന്ന ചിലരെങ്കിലും വിചാരിക്കുന്നത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പോലുള്ള ഇസ്‌ലാമിന്റെ വാചകങ്ങള്‍ അര്‍ഥമറിയാതെ ഉരുവിട്ടാലും പരലോകത്ത് അവന് രക്ഷ ലഭിക്കുമെന്നാണ്. അര്‍ഥമറിയാത്ത, പ്രവര്‍ത്തനങ്ങള്‍ യോജിക്കാത്ത വാക്കുകള്‍ ആര്‍ക്കെങ്കിലും പരലോകത്ത് ഉപകാരം ചെയ്യുമായിരുന്നെങ്കില്‍ നബി-ﷺ-യെ കണ്ണു കൊണ്ട് കാണാന്‍ വരെ കഴിഞ്ഞ മുനാഫിഖുകള്‍ക്ക് (കപട വിശ്വാസികള്‍) ആകുമായിരുന്നു.
മുഹമ്മദ് നബി -ﷺ- അല്ലാഹുവിന്റെ റസൂലാണെന്ന് പുറമേക്ക് പ്രഖ്യാപിക്കുകയും, ഇസ്‌ലാമിന്റെ കര്‍മ്മങ്ങളില്‍ പലതും പുറമേക്ക് പ്രകടമാക്കുകയും, ചിലപ്പോഴെല്ലാം ഇസ്‌ലാമിന് വേണ്ടി യുദ്ധം വരെ ചെയ്തവരുമായിരുന്നു അവര്‍. അവര്‍ ശഹാദത് കലിമ ഉച്ചരിച്ചിരുന്നു; പക്ഷേ അവരുടെ ഹൃദയങ്ങളിലെ വിശ്വാസവും അവയവങ്ങളുടെ പ്രവര്‍ത്തനവും അതിനോട് യോജിച്ചില്ല.
അല്ലാഹു -تعالى- പറഞ്ഞു:
(( إِذَا جَاءَكَ الْمُنَافِقُونَ قَالُوا نَشْهَدُ إِنَّكَ لَرَسُولُ اللَّهِ وَاللَّهُ يَعْلَمُ إِنَّكَ لَرَسُولُهُ وَاللَّهُ يَشْهَدُ إِنَّ الْمُنَافِقِينَ لَكَاذِبُونَ ))
“മുനാഫിഖുകള്‍ നിന്റെ അടുത്ത് വന്നാല്‍ അവര്‍ പറയും: തീര്‍ച്ചയായും താങ്കള്‍ അല്ലാഹുവിന്റെ റസൂലാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിന്നറിയാം തീര്‍ച്ചയായും നീ അവന്റെ ദൂതനാണെന്ന്. തീര്‍ച്ചയായും മുനാഫിഖുകള്‍ കള്ളം പറയുന്നവരാണ് എന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.” (മുനാഫിഖൂന്‍: 1)
അകത്തും പുറത്തുമെല്ലാം ഇസ്‌ലാമിനെ നിരസിച്ച കാഫിറുകള്‍ക്ക് പോലും ലഭിക്കാത്ത ശിക്ഷയാണ് പുറമേക്കെങ്കിലും ഇസ്‌ലാം പ്രകടമാക്കിയ മുനാഫിഖുകള്‍ക്കായി നരകത്തില്‍ അല്ലാഹു -تعالى- ഒരുക്കി വെച്ചിരിക്കുന്നത്.
(( إِنَّ الْمُنَافِقِينَ فِي الدَّرْكِ الْأَسْفَلِ مِنَ النَّارِ وَلَنْ تَجِدَ لَهُمْ نَصِيرًا ))
“തീര്‍ച്ചയായും കപടവിശ്വാസികള്‍ നരകത്തിന്റെ അടിത്തട്ടിലാകുന്നു. അവര്‍ക്കൊരു സഹായിയെയും നീ കണ്ടെത്തുന്നതല്ല.” (നിസാഅ്: 145)
ചിലര്‍; അവരോട് ദീനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചാല്‍ ഉത്തരം പറയും. പക്ഷേ അവയില്‍ പലതും വെറും ഊഹങ്ങളോ, കേട്ടുകേള്‍വികളോ എന്നോ ഏതോ പ്രസംഗത്തില്‍ കേട്ടു മറന്നവയുടെയോ, ഏതോ പുസ്തകത്തില്‍ വായിച്ചു പോയവയുടെയോ ബാക്കിപത്രം മാത്രമായിരിക്കും.
വേദക്കാരെ കുറിച്ചാണെങ്കിലും ഈ ആയത് തങ്ങള്‍ക്കും ബാധകമാകുമോ എന്ന് അവര്‍ ഭയക്കേണ്ടിയിരിക്കുന്നു.
(( فَوَيْلٌ لِلَّذِينَ يَكْتُبُونَ الْكِتَابَ بِأَيْدِيهِمْ ثُمَّ يَقُولُونَ هَذَا مِنْ عِنْدِ اللَّهِ لِيَشْتَرُوا بِهِ ثَمَنًا قَلِيلًا فَوَيْلٌ لَهُمْ مِمَّا كَتَبَتْ أَيْدِيهِمْ وَوَيْلٌ لَهُمْ مِمَّا يَكْسِبُونَ ))
“അക്ഷരജ്ഞാനമില്ലാത്ത ചില ആളുകളും അവരില്‍ (ഇസ്രായീല്യരില്‍) ഉണ്ട്. ചില വ്യാമോഹങ്ങള്‍ വെച്ച് പുലര്‍ത്തുന്നതല്ലാതെ വേദഗ്രന്ഥത്തെപ്പറ്റി അവര്‍ക്ക് ഒന്നുമറിയില്ല. അവര്‍ ഊഹത്തെ അവലംബമാക്കുക മാത്രമാണ് ചെയ്യുന്നത്.” (ബഖറ: 78)
ചുരുക്കത്തില്‍; പറയുന്നത് എന്താണെന്ന് മനസ്സിലാക്കല്‍ വളരെ പ്രാധാന്യമുള്ള കാര്യമാണ്.
ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോഴും നാം ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. കേവല പാരായണത്തെക്കാള്‍ നാം കൂടുതല്‍ ശ്രദ്ധ ഖുര്‍ആനിന്റെ ആശയം മനസ്സിലാക്കുന്നതിനും, പഠിക്കുന്നതിനുമായി മാറ്റിവെക്കേണ്ടതുണ്ട്. ഖുര്‍ആന്‍ അവതരിപ്പിച്ചതിന് പിന്നിലുള്ള ലക്ഷ്യം പോലും അതാണല്ലോ?
അല്ലാഹു -تعالى- പറഞ്ഞു:
(( كِتَابٌ أَنْزَلْنَاهُ إِلَيْكَ مُبَارَكٌ لِيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ ))
“നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ആയതുകളെ പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി.” (സ്വാദ്: 29)
(( أَفَلَا يَتَدَبَّرُونَ الْقُرْآنَ أَمْ عَلَى قُلُوبٍ أَقْفَالُهَا ))
“അപ്പോള്‍ അവര്‍ ഖുര്‍ആന്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളിന്‍മേല്‍ പൂട്ടുകളിട്ടിരിക്കയാണോ?” (മുഹമ്മദ്: 24)
ചിന്തയോ ആലോചനയോ ഇല്ലാതെ കേവല ഖുര്‍ആന്‍ പാരായണം നടത്തി ഖത്മ് തീര്‍ക്കുന്നതിനെക്കാള്‍ ശ്രേഷ്ഠം ഒരായത്ത് വേണ്ടത്ര ചിന്തിച്ചും ആലോചിച്ചും മനസ്സിലാക്കിയും പഠിക്കുന്നതാണ് കൂടുതല്‍ നല്ലത് എന്ന് ഇബ്‌നുല്‍ ഖയ്യിം -رحمه الله- പറഞ്ഞതായി കാണാം.
സ്വഹാബികളുടെ രീതി അതായിരുന്നു; അവരില്‍ പലരും സൂറത്തുല്‍ ബഖറ പഠിച്ചു തീര്‍ക്കാന്‍ വര്‍ഷങ്ങളെടുത്തു. ഇബ്‌നു മസ്ഊദും ഇബ്‌നു ഉമറുമെല്ലാം രണ്ടും മൂന്നും അതിലധികവും വര്‍ഷങ്ങളെടുത്താണ് സൂറത്തുല്‍ ബഖറ മാത്രം പഠിച്ചത്. നമ്മുടെ മക്കള്‍ അത്ര സമയം കൊണ്ട് ഖുര്‍ആന്‍ മുഴുവന്‍ മനപാഠമാക്കാറുണ്ടല്ലോ എന്നായിരിക്കും ചിലര്‍ ചിന്തിക്കുന്നത്!
അതെ! അതു തന്നെയാണ് അവരും നമ്മളും തമ്മിലുള്ള വ്യത്യാസം. മുന്‍ഗാമികള്‍ -സ്വഹാബികളും സലഫുകളും- ഓരോ ആയതും അതിലുള്ള വിജ്ഞാനം എന്താണെന്ന് മനസ്സിലാക്കിയും, അത് പ്രാവര്‍ത്തികമാക്കിയുമെല്ലാമായിരുന്നു അടുത്ത ആയതിലേക്ക് കടന്നിരുന്നത്.
എന്നാല്‍, ഇന്നുള്ള പലരും ഖുര്‍ആന്‍ മുഴുവന്‍ ഹിഫ്ദ് ആക്കിയിട്ടുണ്ടെങ്കിലും, അതിലെ ചെറിയ സൂറത്തുകള്‍ക്ക് പോലും അര്‍ഥം പറയാന്‍ കഴിയുന്നവരായി കൊള്ളണമെന്നില്ല. അവരില്‍ പലരുടെയും പ്രവര്‍ത്തനങ്ങളോ ഖുര്‍ആനിന് കടകവിരുദ്ധവുമായിരിക്കും; അല്ലാഹുവിന്റെ കാരുണ്യം ലഭിച്ചവരൊഴികെ.
ചുരുക്കം; പറയുക മാത്രമല്ല, ആശയം മനസ്സിലാക്കുകയും ഗ്രഹിക്കുകയും ചെയ്യുക. കേവല മനപാഠത്തെക്കാള്‍ എന്തു കൊണ്ടും മഹത്തരമാണത്.
ശൈഖ് മുഹമ്മദ് -رحمه الله- ‘എന്റെ റബ്ബ് അല്ലാഹുവാണ്’ എന്ന ഉത്തരത്തില്‍ മതിയാക്കാതെ ‘റബ്ബ്’ എന്നതിന്റെ ഉദ്ദേശം കൂടി മനസ്സിലാക്കുന്നതിനായി അടുത്ത ചോദ്യം ഇപ്രകാരം നിശ്ചയിച്ചതില്‍ ഈ പറഞ്ഞതിലേക്കുള്ള സൂചന നമുക്ക് കാണാന്‍ കഴിയും.
രണ്ടു കാര്യങ്ങളാണ് ‘റബ്ബ്’ എന്ന അല്ലാഹുവിന്റെ നാമത്തെ വിശദീകരിക്കാന്‍ അദ്ദേഹം എടുത്തു കൊടുത്തത്;
1. മാലിക് (ഉടമസ്ഥന്‍)
2. മഅ്ബൂദ് (ആരാധിക്കപ്പെടുന്നവന്‍)
ഒരു കാര്യം ഉടമസ്ഥപ്പെടുത്തിയവനെ കുറിച്ച് അവന്‍ അതിന്റെ റബ്ബാണ് എന്ന് പറയാം. അറബിയില്‍ വീടിന്റെ ഉടമസ്ഥനെ ‘റബ്ബുദ്ദാര്‍/റബ്ബുല്‍ ബയ്ത്’ എന്ന് വിളിക്കാറുണ്ട്. ഈ അര്‍ഥത്തില്‍ ഖുര്‍ആനില്‍ റബ്ബ് എന്ന പദം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
യൂസുഫ് -عليه الصلاة والسلام- തന്നോടൊപ്പം ജയിലില്‍ കഴിഞ്ഞ രണ്ടു പേരില്‍ ഒരാളോട് അയാളുടെ സ്വപ്നം വിശദീകരിച്ചു നല്‍കവേ, അയാളെ അഭിസംബോധന ചെയ്തു പറഞ്ഞു:
(( أَمَّا أَحَدُكُمَا فَيَسْقِي رَبَّهُ خَمْرًا ))
“(നിങ്ങളില്‍ ഒരാള്‍) തന്റെ ‘റബ്ബിന്’ (ഉടമസ്ഥന്) മദ്യം കുടിപ്പിക്കും.” (യൂസുഫ്: 41)
എന്നാല്‍ ‘റബ്ബ്’ എന്ന പദം സൃഷ്ടികളില്‍ ചിലതിലേക്ക് ചേര്‍ത്തിപ്പറയാതെ, ഒറ്റക്ക് മാത്രമായി ‘അര്‍-റബ്ബ്’ എന്ന് പറയുന്നുണ്ടെങ്കില്‍ അത് അല്ലാഹുവിനെ കുറിച്ച് മാത്രമായിരിക്കണം. സൃഷ്ടികളെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന രൂപത്തില്‍ ‘റബ്ബുല്‍ ആലമീന്‍’ -ലോകങ്ങളുടെ മുഴുവന്‍ റബ്ബ്- എന്നും അല്ലാഹുവിനെ കുറിച്ചല്ലാതെ പറയാന്‍ പാടില്ല. എന്നാല്‍, സൃഷ്ടികളില്‍ ചിലതിലേക്ക് ചേര്‍ത്തി കൊണ്ട് വീടിന്റെ റബ്ബ്, അടിമയുടെ റബ്ബ്, നാടിന്റെ റബ്ബ് എന്നൊക്കെ പറയാം.
‘റബ്ബ്’ എന്ന പദം വളരെ വിശാലമായ അര്‍ഥം ഉള്‍ക്കൊള്ളുന്ന പദമാണ്. ഈ നാമത്തിന്റെ വിശദീകരണം പ്രധാനമായും മൂന്ന് കാര്യങ്ങളില്‍ ചുരുക്കി പറയാം. (അവലംബം:മജ്മൂഉ ഫതാവാ ഇബ്നി ഉഥൈമീന്‍: 3/150)
1- സൃഷ്ടിപ്പ്.
അല്ലാഹുവാണ് എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചത്. അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ പെടാത്ത ഒന്നും തന്നെയില്ല. അല്ലാഹുവല്ലാത്ത മറ്റെന്തുണ്ടൊ; അവയെല്ലാം അവന്റെ സൃഷ്ടികളില്‍ പെട്ടതാണ്. മനുഷ്യനും മലക്കും ജിന്നും മൃഗങ്ങളും പക്ഷികളും വെള്ളവും വായുവും; എന്ന് വേണ്ട നിനക്കറിയുന്നതും അറിയാതതുമായ എന്തെല്ലാമുണ്ടോ അവയെല്ലാം അവന്റെ സൃഷ്ടികളില്‍ പെട്ടത് തന്നെ.
അല്ലാഹു -تعالى- പറഞ്ഞു:
(( يَاأَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ))
“ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ റബ്ബിനെ നിങ്ങള്‍ ആരാധിക്കുവിന്‍.” (ബഖറ: 21)
അല്ലാഹു -تعالى- പറഞ്ഞു:
(( هُوَ الَّذِي خَلَقَ لَكُمْ مَا فِي الْأَرْضِ جَمِيعًا ))
“അവനാണ് ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചത്.” (ബഖറ: 29)
അല്ലാഹു -تعالى- പറഞ്ഞു:
(( الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ ))
“ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറുദിവസങ്ങളില്‍ സൃഷ്ടിച്ചവനത്രെ അവന്‍.” (ഫുര്‍ഖാന്‍: 59)
സൃഷ്ടിപ്പില്‍ അവന്‍ ഏകനാണ്. അല്ലാഹുവല്ലാതെ മറ്റൊരു സ്രഷ്ടാവും ഇല്ല തന്നെ.
അല്ലാഹു -تعالى- പറഞ്ഞു:
(( يَاأَيُّهَا النَّاسُ اذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ هَلْ مِنْ خَالِقٍ غَيْرُ اللَّهِ يَرْزُقُكُمْ مِنَ السَّمَاءِ وَالْأَرْضِ لَا إِلَهَ إِلَّا هُوَ فَأَنَّى تُؤْفَكُونَ ))
“മനുഷ്യരേ, അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. ആകാശത്ത് നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കാന്‍ അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ യാതൊരു ഇലാഹുമില്ല. അപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്?” (ഫാത്വിര്‍: 3)
അല്ലാഹു -تعالى- പറഞ്ഞു:
(( هَذَا خَلْقُ اللَّهِ فَأَرُونِي مَاذَا خَلَقَ الَّذِينَ مِنْ دُونِهِ بَلِ الظَّالِمُونَ فِي ضَلَالٍ مُبِينٍ ))
“ഇതൊക്കെ അല്ലാഹുവിന്റെ സൃഷ്ടിയാകുന്നു. എന്നാല്‍ അവന്നു പുറമെയുള്ളവര്‍ സൃഷ്ടിച്ചിട്ടുള്ളത് എന്താണെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചുതരൂ. അല്ല, അക്രമകാരികള്‍ വ്യക്തമായ വഴികേടിലാകുന്നു.” (ലുഖ്മാന്‍: 11)
അല്ലാഹു -تعالى- പറഞ്ഞു:
(( يَاأَيُّهَا النَّاسُ ضُرِبَ مَثَلٌ فَاسْتَمِعُوا لَهُ إِنَّ الَّذِينَ تَدْعُونَ مِنْ دُونِ اللَّهِ لَنْ يَخْلُقُوا ذُبَابًا وَلَوِ اجْتَمَعُوا لَهُ وَإِنْ يَسْلُبْهُمُ الذُّبَابُ شَيْئًا لَا يَسْتَنْقِذُوهُ مِنْهُ ضَعُفَ الطَّالِبُ وَالْمَطْلُوبُ ))
“മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ.” (ഹജ്ജ്: 73)
മനുഷ്യരും ചിലതെല്ലാം സൃഷ്ടിക്കാറുണ്ടല്ലോ എന്ന് ചിലര്‍ പറഞ്ഞേക്കാം. അതിനുള്ള മറുപടി:
ഒന്ന്: അല്ലാഹു എല്ലാത്തിനെയും സൃഷ്ടിച്ചത് ഇല്ലായ്മയില്‍ നിന്നാണ്. എന്നാല്‍ മനുഷ്യരുടെ സൃഷ്ടിപ്പാകടെ, മുന്‍പ് തന്നെ നിലവിലുള്ള വസ്തുക്കളുടെ രൂപം മാറ്റല്‍ മാത്രമാണ്.
ഉദാഹരണത്തിന്: ആശാരി മേശകളും കസേരകളും ഉണ്ടാക്കുന്നു. അവ ഇല്ലായ്മയില്‍ നിന്ന് ഉണ്ടാക്കിയതല്ല; ഭൂമിയില്‍ മുന്‍പ് തന്നെയുള്ള വൃക്ഷങ്ങള്‍ മുറിച്ച്, അവയുടെ തടി ഉപയോഗിച്ചു കൊണ്ടാണ് അവന്‍ മേശ ഉണ്ടാക്കിയിരിക്കുന്നത്. ഇത് പോലെ തന്നെയാണ് മനുഷ്യന്റെ മറ്റെല്ലാം സൃഷ്ടികളും. ഭൂമിയില്‍ അല്ലാഹു സൃഷ്ടിച്ചു വെച്ചവയില്‍ രൂപമാറ്റം വരുത്താനല്ലാതെ ഇല്ലായ്മയില്‍ നിന്ന് ഉണ്ടാക്കുവാന്‍ അവര്‍ക്കാര്‍ക്കും കഴിയില്ല.
എന്നാല്‍ അല്ലാഹു -تعالى- യുടെ സൃഷ്ടിപ്പോ?
(( إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَنْ يَقُولَ لَهُ كُنْ فَيَكُونُ ))
“താന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു.” (യാസീന്‍: 82)
രണ്ട്: ജീവനില്ലാത്തവക്ക് ജീവന്‍ നല്‍കിയവനാണ് അല്ലാഹു -تعالى-. എന്നാല്‍ മനുഷ്യരും ജിന്നുകളും എല്ലാവരും ഒരുമിച്ചാല്‍ പോലും ഇക്കാര്യം -നിര്‍ജ്ജീവമായതിന് ജീവന്‍ നല്‍കുക എന്നത്- അവര്‍ക്ക് സാധ്യമല്ല.
അല്ലാഹു -تعالى- പറഞ്ഞു:
(( إِنَّ اللَّهَ فَالِقُ الْحَبِّ وَالنَّوَى يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَمُخْرِجُ الْمَيِّتِ مِنَ الْحَيِّ ذَلِكُمُ اللَّهُ فَأَنَّى تُؤْفَكُونَ ))
“അല്ലാഹു നിര്‍ജീവമായതില്‍ നിന്ന് ജീവനുള്ളതിനെ അവന്‍ പുറത്ത് വരുത്തുന്നു. ജീവനുള്ളതില്‍ നിന്ന് നിര്‍ജീവമായതിനെയും അവന്‍ പുറത്ത് വരുത്തുന്നതാണ്. അങ്ങനെയുള്ളവനത്രെ അല്ലാഹു.” (അന്‍ആം: 95)
2- അധികാരം.
അല്ലാഹുവാണ് എല്ലാത്തിന്റെയും അധികാരി. അവന്റെ അധികാരം എത്തിപ്പെടാത്ത ഒന്നും തന്നെ ആകാശങ്ങളിലോ ഭൂമിയിലോ ഇല്ല.
അല്ലാഹു -تعالى- പറഞ്ഞു:
(( قُلِ اللَّهُمَّ مَالِكَ الْمُلْكِ تُؤْتِي الْمُلْكَ مَنْ تَشَاءُ وَتَنْزِعُ الْمُلْكَ مِمَّنْ تَشَاءُ وَتُعِزُّ مَنْ تَشَاءُ وَتُذِلُّ مَنْ تَشَاءُ بِيَدِكَ الْخَيْرُ إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ ))
“പറയുക: ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ ആധിപത്യം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ പ്രതാപം നല്‍കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്റെ കൈവശമത്രെ നന്‍മയുള്ളത്. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.” (ആലു ഇംറാന്‍: 26)
അല്ലാഹുവിന് പുറമെയുള്ളവര്‍ക്ക് ഒന്നിലും പരിപൂര്‍ണമായ അധികാരം ഇല്ലെന്ന കാര്യം ഖുര്‍ആനില്‍ പലയിടങ്ങളിലും അവന്‍ വ്യക്തമാക്കിയിരിക്കുന്നു.
അല്ലാഹു -تعالى- പറഞ്ഞു:
(( قُلِ ادْعُوا الَّذِينَ زَعَمْتُمْ مِنْ دُونِ اللَّهِ لَا يَمْلِكُونَ مِثْقَالَ ذَرَّةٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ وَمَا لَهُمْ فِيهِمَا مِنْ شِرْكٍ وَمَا لَهُ مِنْهُمْ مِنْ ظَهِيرٍ ))
മനുഷ്യരില്‍ അധികാരമുണ്ടല്ലോ എന്ന് ചിലര്‍ പറഞ്ഞേക്കാം. ഉദാഹരണത്തിന്; എന്റെ വീട്ടിനുള്ളില്‍ എനിക്ക് അധികാരമുണ്ട്; എന്റെ ഓഫീസിലെ അധികാരി ഞാനാണ് എന്നൊക്കെ പറയാറുണ്ടല്ലോ? അവരോട് മറുപടിയായി പറയാനുള്ളത്:
ഒന്ന്: അല്ലാഹുവിന്റെ അധികാരം പരിധികള്‍ ഇല്ലാത്തതാണ്. സൃഷ്ടികളായി എന്തെല്ലാമുണ്ടോ; അവയുടെയെല്ലാം അധികാരം അല്ലാഹുവിനാണ് ഉള്ളത്. ഒന്നും അവന്റെ അധികാരപരിധിയില്‍ പെടാത്തതായി ഇല്ല.
എന്നാല്‍ മറ്റുള്ളവരുടെ കാര്യമോ? അവരുടെ അധികാരം പരിമിതമാണ്. എന്റെ വീട്ടില്‍ എനിക്ക് അധികാരമുണ്ട് എന്ന് പറയുമ്പോള്‍ അതില്‍ നിന്ന് തന്നെ മനസ്സിലാക്കാം; അവന്റെ വീട്ടിന് പുറത്ത് -അയല്‍വാസിയുടെയും കുടുംബങ്ങളുടെയും വീടുകളില്‍- അവന് അധികാരമില്ല. അവന്റെ അധികാരം പരിമിതമാണ്.
രണ്ട്: അല്ലാഹു എല്ലാത്തിന്റെയും അധികാരിയാണ്. അവന്റെ മേല്‍ അധികാരിയായി മറ്റാരുമില്ല.
എന്നാല്‍ മനുഷ്യരുടെ കാര്യമോ? മറ്റു മനുഷ്യര്‍ അവന്റെ അധികാരികളായി ഉണ്ടാകും. ഉദാഹരണത്തിന് മക്കളുടെ രക്ഷാധികാരികള്‍ മാതാപിതാക്കളാണ്. ഭാര്യയുടെ രക്ഷാധികാരി ഭര്‍ത്താവാണ്. ഇങ്ങനെ.
ചില മനുഷ്യരെ മറ്റു ചിലര്‍ ഉടമപ്പെടുത്തിയിട്ടുണ്ടെങ്കില്‍; അവരെ മറ്റു പലരും ഉടമപ്പെടുത്തിയിട്ടുണ്ടായിരിക്കും. ആരും തന്റെ മേലെ അധികാരിയായി ഇല്ലാത്ത ഒരാളും ഉണ്ടാകില്ല.
എന്റെ മേല്‍ അധികാരിയായി ഒരാളും ഇല്ല എന്ന് ആരെങ്കിലും വാദിക്കുകയാണെങ്കില്‍ അവനോട് പറയുക: വാദത്തിന് വേണ്ടി നീ പറയുന്നത് സമ്മതിച്ചാല്‍ പോലും; നിന്റെ മേല്‍ അധികാരിയായി അല്ലാഹു ഉണ്ട്!
ചുരുക്കത്തില്‍; ആരുടെയെങ്കിലും അധീനത്തിലല്ലാതെ ഒരു സൃഷ്ടിയുമില്ല. എന്നാല്‍ അല്ലാഹുവാകട്ടെ; അവന്‍ എല്ലാത്തിന്റെയും അധികാരിയാണെന്നു മാത്രമല്ല; അവനെ അധീനപ്പെടുത്തിയ ഒരാളും ഇല്ല താനും.
മൂന്ന്: അല്ലാഹുവിന്റെ അധികാരം തുടക്കമോ ഒടുക്കമോ ഇല്ലാത്തതാണ്. ഏതൊരു വസ്തുവും അവന്റെ അധീനതയില്‍ അല്ലാതെയില്ല. എന്നാല്‍ മനുഷ്യരുടെ ആധിപത്യത്തിന് തുടക്കവും, സ്വാഭാവികമായും ഒടുക്കവും ഉണ്ട്.
അവന്‍ അധീനപ്പെടുത്തിയ ഏതൊരു വസ്തുവും ഒന്നല്ലെങ്കില്‍ അത് അവനെ വിട്ടുപോകും. ചിലപ്പോള്‍ അവന്റെ കയ്യില്‍ നിന്ന് നഷ്ടപ്പെടുകയോ കളഞ്ഞു പോവുകയോ ചെയ്തേക്കാം; മറ്റു ചിലപ്പോള്‍ അവന്‍ സ്വയം തന്നെ അതിന്റെ അധികാരം മറ്റൊരാള്‍ക്ക് നല്‍കിയേക്കാം. ഇതൊന്നുമല്ലെങ്കില്‍, അവന്‍ താന്‍ അധീനപ്പെടുത്തിയതെല്ലാം ഉപേക്ഷിച്ച് മരിച്ചു പോവുകയും ചെയ്തേക്കാം. രണ്ടായാലും അവന്റെ അധികാരം ശാശ്വതമല്ല!
എന്നാല്‍ അല്ലാഹുവിന്റെ അധികാരമാകട്ടെ, അത് അനന്തവും ശാശ്വതവുമാണ്. അവന്റെ അധികാരത്തിലുണ്ടായിരുന്ന ഒന്നിനും അതിന് പുറത്തേക്ക് കടക്കാനോ, അവനെ തോല്‍പ്പിച്ച് രക്ഷപ്പെടാനോ കഴിഞ്ഞിട്ടില്ല; ഇനി കഴിയുകയുമില്ല.
നബി -ﷺ- യുടെ കാലഘട്ടത്തില്‍ ഇസ്‌ലാം സ്വീകരിച്ച ചില ജിന്നുകളുടെ സംസാരം ഉദ്ധരിച്ചു കൊണ്ട് അല്ലാഹു -تعالى- പറഞ്ഞു:
(( وَأَنَّا ظَنَنَّا أَنْ لَنْ نُعْجِزَ اللَّهَ فِي الْأَرْضِ وَلَنْ نُعْجِزَهُ هَرَبًا ))
“ഭൂമിയില്‍ വെച്ച് അല്ലാഹുവെ ഞങ്ങള്‍ക്ക് തോല്‍പിക്കാനാവില്ല എന്നും, ഓടി മാറിക്കളഞ്ഞിട്ട് അവനെ തോല്‍പിക്കാനാവില്ലെന്നും ഞങ്ങള്‍ക്ക് ഉറപ്പായിരിക്കുന്നു.” (ജിന്ന്: 12)
3- നിയന്ത്രണം.
റബ്ബ് എന്ന പദം ഉള്‍ക്കൊള്ളുന്ന ആശയങ്ങളുടെ ആകെത്തുക ഉള്‍ക്കൊള്ളുന്ന മൂന്നാമത്തെ കാര്യം; അവനാണ് എല്ലാ സൃഷ്ടികളെയും നിയന്ത്രിക്കുന്നത് എന്ന വിശ്വാസമാണ്. അല്ലാഹുവിന്റെ നിയന്ത്രണത്തില്‍ നിന്ന് പുറത്തു കടക്കാനാകുന്ന ഒന്നും തന്നെയില്ല. അവന്റെ ഉദ്ദേശത്തിന് വിരുദ്ധമായി ഒരു വിരല്‍ പോലുമനക്കാന്‍ ആര്‍ക്കും സാധ്യമല്ല.
അല്ലാഹു -تعالى- പറഞ്ഞു:
(( يُدَبِّرُ الْأَمْرَ مِنَ السَّمَاءِ إِلَى الْأَرْضِ ))
“അവന്‍ ആകാശത്ത് നിന്ന് ഭൂമിയിലേക്ക് കാര്യങ്ങള്‍ നിയന്ത്രിച്ചയക്കുന്നു.” (സജ്ദഃ: 5)
അല്ലാഹുവിന്റെ ഉദ്ദേശമില്ലാതെ ഒരു വസ്തുവിലും ഒന്നും സംഭവിക്കുന്നില്ല. എന്തിനധികം; നമ്മുടെ ഉദ്ദേശങ്ങള്‍ പോലും സംഭവിക്കുന്നത് നാം അങ്ങനെ ഉദ്ദേശിക്കണമെന്ന് അവന്‍ തീരുമാനിച്ചത് കൊണ്ട് മാത്രമാണ്.
അല്ലാഹു -تعالى- പറഞ്ഞു:
(( وَمَا تَشَاءُونَ إِلَّا أَنْ يَشَاءَ اللَّهُ إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا ))
“അല്ലാഹു ഉദ്ദേശിക്കുന്നെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.” (ഇന്‍സാന്‍: 30)
ലോകത്ത് എന്തൊരു കാര്യം സംഭവിച്ചതായി നീ കാണുന്നോ; -നിനക്കുറപ്പിക്കാം- അത് സംഭവിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ട്. അല്ലാഹു ഉദ്ദേശിച്ചില്ലായിരുന്നെങ്കില്‍ അത് സംഭവിക്കുമായിരുന്നില്ല.
അല്ലാഹുവിന്റെ ഉദ്ദേശപ്രകാരമല്ലാതെ ഒന്നും സംഭവിക്കുന്നില്ലെന്ന് മനസ്സിലാക്കിയാല്‍ സ്വാഭാവികമായും അതില്‍ നിന്ന് മനസ്സിലാക്കാം; അല്ലാഹുവിന്റെ പരിപൂര്‍ണ നിയന്ത്രണത്തിലാണ് ലോകത്തോരോ വസ്തുവും. അവന്റെ നിയന്ത്രണത്തില്‍ നിന്ന് പുറത്തു കടക്കാന്‍ ഒന്നിനും കഴിയില്ല. സൃഷ്ടികള്‍ക്കും നിയന്ത്രണമുണ്ട്; പക്ഷേ അത് പരിമിതവും ന്യൂനതകള്‍ നിറഞ്ഞു നില്‍ക്കുന്നതുമാണ്.
മനുഷ്യന്റെ നിയന്ത്രണത്തെ ശൈഖ് ഉഥൈമീന്‍ -رحمه الله- വിശദീകരിച്ചത് ഇപ്രകാരമാണ്: ‘ഒരാള്‍ കോണിപ്പടികള്‍ കയറുമ്പോള്‍ കാലുകള്‍ എവിടെ വെക്കണമെന്നത് അയാളുടെ നിയന്ത്രണത്തിലുള്ള കാര്യമാണ്. എന്നാല്‍, അതില്‍ നിന്ന് കാല്‍തെന്നിപ്പോയാല്‍ പിന്നെ തന്റെ ശരീരം എവിടെയെല്ലാം ചെന്നിടിക്കണമെന്ന് അയാളല്ല തീരുമാനിക്കുന്നത്!!’
‘റബ്ബ്’ എന്ന അല്ലാഹുവിന്റെ നാമം -ഇസ്മ്-; അതില്‍ അടങ്ങിയിട്ടുള്ള പ്രധാനപ്പെട്ട മൂന്ന് ആശയങ്ങളെയണ് നാം വിശദീകരിച്ചത്. അതില്‍ ഒരു കാര്യത്തിലേക്ക് ശൈഖ് മുഹമ്മദ് തന്നെ സൂചന നല്‍കിയിട്ടുണ്ട്.
ഈ മൂന്ന് കാര്യങ്ങളില്‍ ഒരാള്‍ വിശ്വസിച്ചാല്‍ അയാള്‍ അല്ലാഹു -تعالى- യാണ് തന്റെ റബ്ബ് എന്ന ഉത്തരം മനസ്സിലാക്കിയിരിക്കുന്നു.
പക്ഷേ, ഈ മൂന്ന് കാര്യങ്ങളില്‍ മാത്രം -അതായത്; അല്ലാഹുവിന്റെ റുബൂബിയ്യത്തില്‍; അവന്‍ റബ്ബണെന്നതില്‍ മാത്രം- വിശ്വസിച്ചാല്‍ പോരാ. ആ വിശ്വാസം സ്വാഭാവികമായും അവനില്‍ നിന്ന് തേടുന്ന ചില അനന്തരഫലങ്ങളുണ്ട്. അതിലേക്കുള്ള സൂചനയാണ് ‘മഅ്ബൂദ്’ എന്ന വാക്കിലുടെ ശൈഖ് മുഹമ്മദ് നല്‍കിയിരിക്കുന്നത്.
അല്ലാഹുവാണ് റബ്ബ്’ എന്നത് കൊണ്ട് അവന്‍ നിന്റെ ഉടമസ്ഥനാണെന്ന് മനസ്സിലാക്കിയാല്‍ മാത്രം പോരാ; അതോടൊപ്പം അവന് നീ ഇബാദത് -ആരാധനകള്‍- സമര്‍പ്പിക്കുകയും ചെയ്യണം. റബ്ബ് അല്ലാഹുവാണ് എന്ന നിന്റെ ഉത്തരം ആത്മാര്‍ഥമായാണ് നീ പറഞ്ഞതെങ്കില്‍ അപ്രകാരം ചെയ്യാതിരിക്കാന്‍ നിനക്കാവില്ല.
കാരണം മേല്‍ പറഞ്ഞ കാര്യങ്ങള്‍; -അല്ലാഹുവാണ് സ്രഷ്ടാവും അധികാരിയും നിയന്താവുമെന്ന കാര്യങ്ങള്‍- അവയില്‍ മക്കയിലെ മുശ്രിക്കുകള്‍ക്കും അംഗീകരിച്ചിരുന്നു. അവരും ഇക്കാര്യം അംഗീകരിച്ചവര്‍ തന്നെയായിരുന്നു. ഇക്കാര്യം തെളിയിക്കുന്ന അനേകം ഖുര്‍ആന്‍ ആയതുകളും, കുറവല്ലാത്ത ഹദീഥുകളുമുണ്ട്. ചിലത് മാത്രം ഇവിടെ നല്‍കട്ടെ:
അല്ലാഹു -تعالى- പറഞ്ഞു:
(( وَلَئِنْ سَأَلْتَهُمْ مَنْ خَلَقَهُمْ لَيَقُولُنَّ اللَّهُ فَأَنَّى يُؤْفَكُونَ ))
“ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്. അപ്പോള്‍ എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത്?” (സുഖ്റുഫ്: 87)
അല്ലാഹു -تعالى- പറഞ്ഞു:
(( وَلَئِنْ سَأَلْتَهُمْ مَنْ خَلَقَ السَّمَاوَاتِ وَالْأَرْضَ وَسَخَّرَ الشَّمْسَ وَالْقَمَرَ لَيَقُولُنَّ اللَّهُ فَأَنَّى يُؤْفَكُونَ ))
“ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്. അപ്പോള്‍ എങ്ങനെയാണ് അവര്‍ തെറ്റിക്കപ്പെടുന്നത്?” (അന്‍കബൂത്: 61)
അല്ലാഹു -تعالى- പറഞ്ഞു:
(( وَلَئِنْ سَأَلْتَهُمْ مَنْ نَزَّلَ مِنَ السَّمَاءِ مَاءً فَأَحْيَا بِهِ الْأَرْضَ مِنْ بَعْدِ مَوْتِهَا لَيَقُولُنَّ اللَّهُ قُلِ الْحَمْدُ لِلَّهِ بَلْ أَكْثَرُهُمْ لَا يَعْقِلُونَ ))
“ആകാശത്ത് നിന്ന് വെള്ളം ചൊരിയുകയും, ഭൂമി നിര്‍ജീവമായി കിടന്നതിനു ശേഷം അതുമൂലം അതിന് ജീവന്‍ നല്‍കുകയും ചെയ്താരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും; അല്ലാഹുവാണെന്ന്. പറയുക: അല്ലാഹുവിന് സ്തുതി! പക്ഷെ അവരില്‍ അധികപേരും ചിന്തിച്ച് മനസ്സിലാക്കുന്നില്ല.” (അന്‍കബൂത്: 63)
عَنِ ابْنِ عَبَّاسٍ -رَضِيَ اللَّهُ عَنْهُمَا-، قَالَ: «كَانَ الْمُشْرِكُونَ يَقُولُونَ: لَبَّيْكَ لَا شَرِيكَ لَكَ، قَالَ: فَيَقُولُ رَسُولُ اللَّهِ -ﷺ-: «وَيْلَكُمْ، قَدْ قَدْ» فَيَقُولُونَ: إِلَّا شَرِيكًا هُوَ لَكَ، تَمْلِكُهُ وَمَا مَلَكَ، يَقُولُونَ هَذَا وَهُمْ يَطُوفُونَ بِالْبَيْتِ.
ഇബ്‌നു അബ്ബാസ് -رضي الله عنهما- പറഞ്ഞു: “മുശ്രിക്കുകള്‍ ‘നിന്റെ വിളിക്ക് ഉത്തരം നല്‍കുന്നു; നിനക്ക് യാതൊരു പങ്കുകാരനും ഇല്ല’ എന്ന് പറയാറുണ്ടായിരുന്നു. അപ്പോള്‍ നബി -ﷺ- പറയും: “നിങ്ങള്‍ക്ക് നാശം. മതി, മതി.” അപ്പോള്‍ അവര്‍ പറയും: “ഒരു പങ്കുകാരന്‍ ഒഴികെ; അവന്‍ നിനക്കുള്ളതാണ്. ആ പങ്കുകാരനെയും അവന്‍ ഉടമപ്പെടുത്തിയിട്ടുള്ളതും നിന്‍റേതാണ്.” (മുസ്‌ലിം: 1185)
ചുരുക്കത്തില്‍; അല്ലാഹു റബ്ബാണെന്ന് മാത്രം അംഗീകരിച്ചത് കൊണ്ട് കാര്യമില്ല; അതോടൊപ്പം അവന് മാത്രമാണ് ഇബാദത്ത് നല്‍കേണ്ടതെന്ന പരമപ്രധാനമായ വിഷയവും അംഗീകരിക്കേണ്ടതുണ്ട്.
ഇബാദത് അല്ലാഹുവിന് മാത്രമാണ് നല്‍കേണ്ടതെന്നും, അല്ലാഹുവല്ലാത്തവര്‍ക്ക് ഇബാദതുകള്‍ സമര്‍പ്പിക്കല്‍ ഏറ്റവും വലിയ തിന്മയാണെന്നും, എന്താണ് ഇബാദതുകളെന്നും, അവയുടെ ഇനങ്ങള്‍ ഏതെല്ലാമാണെന്നുമൊക്കെ ഈ ഗ്രന്ഥത്തില്‍ തന്നെ വഴിയെ വിശദീകരിക്കുന്നുണ്ട്.
ഇന്‍ഷാ അല്ലാഹ്.
മാഷാ അല്ലാഹ് നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ
അടുത്ത് തന്നെ സൈറ്റില്‍ പുനപ്രസിദ്ധീകരിക്കും. ചെറിയ ചില എഡിറ്റിംഗുകള്‍ നടത്താനുണ്ട്. ഇന്‍ഷാ അല്ലാഹ്.
ഇബാദത്ത് എന്ന ലേഖനം കാണാനില്ലല്ലോ