«وَمَا أَرْسَلْنَا مِنْ رَسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّهِ»
മത് ന്‍
[السُّؤَالُ 5] : فَإِنْ قِيلَ لَكَ: مَا دِينُكَ؟
[الجَوَابُ] : فَقُلْ: دِينُ الإِسْلَامِ.
وَمَعْنَى الإِسْلَامِ: «الإِسْتِسْلَامُ لِلَّهِ بِالتَّوْحِيدِ، وَالانْقِيَادُ لَهُ بِالطَّاعَةِ، وَمُوَالَاةُ المُسْلِمِينَ وَمُعَادَاةُ المُشْرِكِينَ»
قَالَ -تَعَالَى-: «إِنَّ الدِّينَ عِنْدَ اللَّهِ الْإِسْلَامُ» [آل عمران: 19]
قَالَ -تَعَالَى-: «وَمَنْ يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ» [آل عمران: 85]
അര്‍ഥം
ചോദ്യം 5 : ‘നിന്റെ ദീന്‍ എന്താണ്’ എന്ന് ചോദിക്കപ്പെട്ടാല്‍; (ഉത്തരം) : നീ പറയുക: ദീനുല്‍ ഇസ്‌ലാം (ആണ് എന്റെ ദീന്‍).
“തൗഹീദ് കൊണ്ട് അല്ലാഹുവിന് സമര്‍പ്പിക്കുകയും; അനുസരണം കൊണ്ട് അല്ലാഹുവിന് കീഴൊതുങ്ങുകയും; മുസ്‌ലിംകളെ സ്നേഹിക്കുകയും, മുശ്രിക്കുകളെ വെറുക്കുകയും ചെയ്യലാണ് ഇസ്‌ലാം എന്നതിന്റെ അര്‍ഥം.
അല്ലാഹു -تَعَالَى- പറഞ്ഞു:
«إِنَّ الدِّينَ عِنْدَ اللَّهِ الْإِسْلَامُ» [آل عمران: 19]
“തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ ദീന്‍ എന്നാല്‍ ഇസ്‌ലാമാണ്.” (ആലു ഇംറാന്‍: 19)
അല്ലാഹു -تَعَالَى- പറഞ്ഞു:
قَالَ -تَعَالَى-: «وَمَنْ يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ» [آل عمران: 85]
“ആരെങ്കിലും ദീനായി ഇസ്‌ലാം അല്ലാത്ത മറ്റു വല്ലതിനെയും അന്വേഷിച്ചാല്‍ അതവനില്‍ നിന്ന് സ്വീകരിക്കപ്പെടുകയില്ല. ആഖിറത്തില്‍ (പരലോകം) അവന്‍ നഷ്ടക്കാരില്‍ പെട്ടവനായിരിക്കും.” (ആലു ഇംറാന്‍: 85)
ശര്‍ഹ്
തഅ്ലീമുത്തൗഹീദ് എന്ന ഗ്രന്ഥത്തിന്റെ തുടക്കം ഓര്‍മ്മയുള്ളവര്‍ക്കറിയാമായിരിക്കും; ചോദ്യങ്ങളിലൂടെയും അവക്കുള്ള ഉത്തരങ്ങളിലൂടെയുമാണ് നാം ഇത്രയുമെത്തിയത്. നമ്മുടെ ഒന്നാമത്തെ ചോദ്യമാകട്ടെ; നിന്റെ റബ്ബാരാണ് എന്നായിരുന്നു. അതിനുള്ള ഉത്തരവും വിശദീകരണവും നാം പഠിച്ചു കഴിഞ്ഞു. ഇനിയുള്ളത് -പ്രധാനപ്പെട്ട- രണ്ടാമത്തെ ചോദ്യമാണ്.
നിന്റെ ദീനേതാണ്?
ഖബറില്‍ ചോദിക്കപ്പെടുന്ന ചോദ്യങ്ങളിലൊന്നാണിത് എന്ന് എല്ലാവര്‍ക്കുമറിയാം. ഈ ചോദ്യത്തിനുള്ള ഉത്തരം ‘ഇസ്‌ലാമാണ് എന്റെ ദീന്‍’ എന്നാണെന്നും നമുക്കറിയാം. പക്ഷേ എന്താണ് ദീന്‍ എന്ന് ചോദിച്ചാലോ, എന്താണ് ഇസ്‌ലാമെന്ന് ചോദിച്ചാലോ നമ്മില്‍ പലരും മുഖത്തോട് മുഖം നോക്കും. അതിന്റെ അന്തസത്ത നമ്മില്‍ എത്ര പേര്‍ക്കറിയാം എന്നത് പ്രസക്തമായ ചോദ്യമാണ്.
എന്താണ് ദീന്‍ എന്ന പദത്തിന്റെ അര്‍ഥം?
‘ദാന’ എന്ന പദത്തില്‍ നിന്നാണ് ദീന്‍ നിഷ്പന്നമായിരിക്കുന്നത്. അധീനപ്പെടുത്തുന്നതിനും അധികാരത്തിന് കീഴിലാക്കുന്നതിനുമാണ് അപ്രകാരം പറയുക.
എന്നാല്‍ സാധാരണയായി ദീന്‍ എന്ന് പറയുന്നത് ‘സൃഷ്ടാവായ അല്ലാഹു -تَعَالَى- യില്‍ നിന്ന് റസൂലുകളിലൂടെ മനുഷ്യര്‍ക്ക് ലഭിച്ച നിയമസംഹിതകളെ’ കുറിച്ചാണ്. ഇതൊരു പൊതുവായ നിര്‍വ്വചനമാണ്. സാധാരണയായി മതം എന്ന് വിളിക്കാറുള്ളത് ദൈവീകമായ നിയമസംഹിതകള്‍ക്കാണെങ്കിലും അതല്ലാത്തവയെയും മതം എന്ന് വിളിക്കാറുണ്ട്.
യഹൂദ-നസ്വ്റാനീ മതങ്ങളെയും ഇസ്‌ലാമിനെയും മതമെന്ന് വിശേഷിപ്പിക്കാറുള്ളത് അവ ദൈവീകമായി ലഭിച്ചത് എന്ന അര്‍ഥത്തിലാണെങ്കില്‍, മറ്റനേകം മതങ്ങളെ മനുഷ്യരാണ് നിര്‍മ്മിച്ചത്. ഹിന്ദു-ബുദ്ധ-ജൈന സിദ്ധാന്തങ്ങളെ മതമെന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും അവ മനുഷ്യ നിര്‍മ്മിതമാണെന്നതില്‍ തര്‍ക്കമില്ല. മാത്രമല്ല, ഇസ്‌ലാമിന്റെ ഭാഷയില്‍ കമ്മ്യൂണിസ്സവും കാപിറ്റലിസവും ഡെമോക്രസിയുമെല്ലാം വ്യത്യസ്ത മതങ്ങള്‍ തന്നെയാണ്; അതില്‍ വിശ്വസിക്കുകയും അതിനെ സത്യപ്പെടുത്തുകയും ചെയ്യുന്നവര്‍ ആ മതവിശ്വാസികളും.
എന്തായാലും ചില പ്രത്യേക വിധിവിലക്കുകളും നിയമങ്ങളും ഉള്‍ക്കൊള്ളുന്ന ഏതൊരു സംഹിതകളെയും മതം എന്ന് പറയാം. അവ അല്ലാഹു -تَعَالَى- വില്‍ നിന്ന് വന്നതായാലും മനുഷ്യര്‍ നിര്‍മ്മിച്ചതായാലും മതം തന്നെയാണ്.
എന്താണ് നിന്റെ ദീന്‍?
ഇതാണ് ചോദ്യം. അതിനുള്ള ഉത്തരമാകട്ടെ ഇസ്‌ലാം എന്നുമാണ്. ഇസ്‌ലാമാണ് എന്റെ മതം എന്ന് പറയുമ്പോള്‍ കേവലം മുസ്‌ലിം പിതാവിന്റെയും മാതാവിന്റെയും മക്കളായി ജനിച്ചതു കൊണ്ട്, അവരുടെ മതം ഇസ്‌ലാമായത് കൊണ്ട് എന്റെയും മതം ഇസ്‌ലാമായി എന്നല്ല നാം ഉദ്ദേശിക്കുന്നത്.
മറിച്ച്, അറിഞ്ഞും മനസ്സിലാക്കിയും ഞാന്‍ സ്വീകരിച്ച വഴിയാണ് ഇസ്‌ലാമിന്റെ വഴി എന്നതായിരിക്കണം നമ്മുടെ ഉത്തരം. അറിവിന്റെയും തെളിവുകളുടെയും അന്വേഷണത്തിന്റെയും ഫലമായിരിക്കണം ഇസ്‌ലാം എന്ന തിരഞ്ഞെടുപ്പ്. അപ്പോഴാണ് അതിന്റെ മഹത്വം വര്‍ദ്ധിക്കുകയും, അര്‍ഥം സാക്ഷാല്‍കരിക്കപ്പെടുകയും ചെയ്യുന്നത്.
എന്റെ മതം ഇസ്‌ലാമാണെന്ന് ഞാന്‍ പറയാനുള്ള കാരണം; അത് മാത്രമാണ് സത്യമെന്നും, എന്നെ സൃഷ്ടിച്ചവനായ അല്ലാഹുവില്‍ നിന്ന് അവതീര്‍ണ്ണമായ -മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമായിട്ടില്ലാത്ത- ഏക മതം ഇതാണെന്ന് മനസ്സിലായത് കൊണ്ടാണ്.
ഇസ്‌ലാം!
ആകാശഭൂമികളുടെ സൃഷ്ടാവായ അല്ലാഹു -تَعَالَى- അവതരിപ്പിച്ച മതമാണ് ഇസ്‌ലാം. അവങ്കല്‍ സ്വീകാര്യമായ ഏകമതം അതു മാത്രമാണ്. എല്ലാ കാലഘട്ടത്തിലുമുള്ള നബിമാരും ഈ ഇസ്‌ലാമിലേക്ക് തന്നെയാണ് ക്ഷണിച്ചത്. എല്ലാ വേദഗ്രന്ഥങ്ങളിലുമുണ്ടായിരുന്നതും ഇസ്‌ലാം തന്നെയാണ്.
അതു കൊണ്ട് തന്നെയാണല്ലോ വേദക്കാരോട് ഇപ്രകാരം പറയാന്‍ അല്ലാഹു -تَعَالَى- കല്‍പ്പിച്ചത്.
«قُلْ يَاأَهْلَ الْكِتَابِ تَعَالَوْا إِلَى كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا اللَّهَ وَلَا نُشْرِكَ بِهِ شَيْئًا وَلَا يَتَّخِذَ بَعْضُنَا بَعْضًا أَرْبَابًا مِنْ دُونِ اللَّهِ فَإِنْ تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ»
“(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക് നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും, നമ്മില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്). എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ മുസ്‌ലിംകളാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക.” (ആലു ഇംറാന്‍: 64)
ഈ ആയതില്‍ ഇസ്‌ലാമിക വിശ്വാസവും വേദക്കാരുടെ വിശ്വാസവും ചില കാര്യങ്ങളില്‍ യോജിക്കുന്നുണ്ടെന്ന സൂചനയുണ്ട്. ഈ യോജിപ്പ് അവരിലേക്ക് നിയോഗിക്കപ്പെട്ട നബിമാരും ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍ തന്നെയാണ് അവരുടെ അനുയായികളെ പഠിപ്പിച്ചത് എന്ന കാരണം കൊണ്ടാണ്.
ഇതില്‍ നിന്നെല്ലാം ഒരു കാര്യം മനസ്സിലാക്കാം. ഇസ്‌ലാം എന്ന പദം രണ്ട് അര്‍ഥങ്ങളില്‍ പറയപ്പെടാറുണ്ട്.
ഒന്ന്: എല്ലാ നബിമാരും ക്ഷണിച്ച, എല്ലാ വേദഗ്രന്ഥങ്ങളിലും പരാമര്‍ശിക്കപ്പെട്ട, തൗഹീദും (അല്ലാഹു -تَعَالَى- യെ ആരാധനയില്‍ ഏകനാക്കല്‍), ആഖിറതും (മരണശേഷം ഉയര്‍ത്തെഴുന്നേല്‍പ്പുണ്ടെന്ന വിശ്വാസം), രിസാലതും (അല്ലാഹു -تَعَالَى- മനുഷ്യര്‍ക്ക് വഴികാണിക്കാന്‍ നബിമാരെ പറഞ്ഞയച്ചിട്ടുണ്ടെന്ന വിശ്വാസം) അടങ്ങുന്ന ‘പൊതുവായ ഇസ്‌ലാം’. ഈ അര്‍ഥത്തിലാണ് ശൈഖ് മുഹമ്മദ് -رَحِمَهُ اللَّهُ- ഇസ്‌ലാമിന്റെ നിര്‍വചനം നല്‍കിയിരിക്കുന്നത്. വഴിയെ അത് നാം വിശദീകരിക്കും.
രണ്ട്: മുഹമ്മദ് നബി -ﷺ- ക്ക് അല്ലാഹു -تَعَالَى- അവതരിപ്പിച്ചു നല്‍കിയ മതം. ഈ അര്‍ഥത്തിലും ഇസ്‌ലാം എന്ന പദം ഉപയോഗിക്കാറുണ്ട്. അതിനര്‍ഥം മുന്‍കഴിഞ്ഞ നബിമാരുടെ വിശ്വാസത്തോടും അടിസ്ഥാനങ്ങളോടും മുഹമ്മദ് നബി -ﷺ- യുടെ മതം എതിരാണെന്നല്ല. മറിച്ച്, അടിസ്ഥാനങ്ങളില്‍ അവ ഒന്നാണെങ്കിലും വിശദീകരണങ്ങളിലും കര്‍മ്മ-ആചാര മേഖലകളിലും അവ വ്യത്യസ്ത പുലര്‍ത്തുന്നുണ്ട്. ഇക്കാര്യം നബി -ﷺ- യുടെ ഹദീഥുകളില്‍ തന്നെ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:
عَنْ أَبِي هُرَيْرَةَ، قَالَ: سَمِعْتُ رَسُولَ اللَّهِ -ﷺ- يَقُولُ: «أَنَا أَوْلَى النَّاسِ بِابْنِ مَرْيَمَ، وَالأَنْبِيَاءُ أَوْلاَدُ عَلَّاتٍ، لَيْسَ بَيْنِي وَبَيْنَهُ نَبِيٌّ»
അവിടുന്ന് പറഞ്ഞു: “(ഈസ) ബ്നു മര്‍യമിനോട് ജനങ്ങളില്‍ ഏറ്റവും അടുപ്പമുള്ളത് എനിക്കാണ്. നബിമാരെല്ലാം ഒരേ പിതാവിന് വ്യത്യസ്ത ഭാര്യമാരിലുണ്ടായ സഹോദരങ്ങളാണ്.” (ബുഖാരി: 3442, മുസ്‌ലിം: 2365)
ഈ ഹദീഥിനെ വിശദീകരിച്ച പണ്ഡിതന്മാര്‍ പറഞ്ഞു: നബിമാരെല്ലാം ഒരു പിതാവിന് വ്യത്യസ്ത ഭാര്യമാരിലുണ്ടായ മക്കളാണെന്ന പരാമര്‍ശത്തിന്റെ ഉദ്ദേശം; അവരെല്ലാം പ്രബോധനം ചെയ്ത മതത്തിന്റെ അടിസ്ഥാനം ഒന്നാണെന്നും, അതിന്റെ ശാഖാപരമായ മേഖലകളില്‍ മാത്രമാണ് ചില വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതെന്നുമാണ്.
ചുരുക്കത്തില്‍; ഇസ്‌ലാം ജനങ്ങളെ ക്ഷണിക്കുന്നത് മുന്‍കഴിഞ്ഞ നബിമാരെല്ലാം ക്ഷണിച്ച അതേ മാര്‍ഗത്തിലേക്കാണ്. അവരുടെ മാര്‍ഗമല്ലാതെ മറ്റൊന്നും ഈ ദീനിലില്ല. എന്നാല്‍ നബിമാരുടെ വാക്കുകള്‍ വിസ്മരിക്കുകയും, അവരവര്‍ക്ക് നല്‍കപ്പെട്ട വേദഗ്രന്ഥങ്ങളെ മാറ്റിമറിക്കുകയും ചെയ്തതിലൂടെ മറ്റു മതസ്ഥര്‍ -യഹൂദരും നസ്വ്റാനികളും-, ശരിയായ മതത്തില്‍ നിന്ന് അകന്നു പോവുകയാണുണ്ടായത്.
ഇസ്‌ലാമിന്റെ നിര്‍വ്വചനം:
എന്താണ് ഇസ്‌ലാം എന്ന് വിശദീകരിച്ചു കൊണ്ട് ശൈഖ് മുഹമ്മദ് -رَحِمَهُ اللَّهُ- പറഞ്ഞു:
«الإِسْتِسْلَامُ لِلَّهِ بِالتَّوْحِيدِ، وَالانْقِيَادُ لَهُ بِالطَّاعَةِ، وَمُوَالَاةُ المُسْلِمِينَ وَمُعَادَاةُ المُشْرِكِينَ»
“തൗഹീദ് കൊണ്ട് അല്ലാഹുവിന് സമര്‍പ്പിക്കുകയും; അനുസരണം കൊണ്ട് അല്ലാഹുവിന് കീഴൊതുങ്ങുകയും; മുസ്‌ലിംകളെ സ്നേഹിക്കുകയും, മുശ്രിക്കുകളെ വെറുക്കുകയും ചെയ്യലാണ് ഇസ്‌ലാം എന്നതിന്റെ അര്‍ഥം.”
മൂന്ന് കാര്യങ്ങളാണ് ഈ പറഞ്ഞതില്‍ അടങ്ങിയിരിക്കുന്നത്.
ഒന്ന്: തൗഹീദ്; അല്ലാഹു -تَعَالَى- യെ മാത്രം ആരാധിക്കുകയെന്നത്. വിശ്വാസപരമായ കാര്യങ്ങളെയാണ് അത് ഉള്‍ക്കൊള്ളുന്നത്.
രണ്ട്: അനുസരണം; അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക. ഇത് കര്‍മ്മങ്ങളുടെ/പ്രവര്‍ത്തനങ്ങളുടെ മേഖല ഉള്‍ക്കൊള്ളുന്നു.
മൂന്ന്: മുസ്‌ലിംകളെ സ്നേഹിക്കലും, മുശ്രിക്കുകളെ വെറുക്കലും. അത് പരസ്പരമുള്ള ബന്ധങ്ങളെയും ഇടപാടുകളെയും ഉള്‍ക്കൊള്ളുന്നു.
ചുരുക്കത്തില്‍; ഇസ്‌ലാം വെളിച്ചം വീശുന്ന മൂന്ന് മേഖലകളാണിവ. വിശ്വാസം, പ്രവര്‍ത്തനം, സ്വഭാവം. അവയോരോന്നിലുമുള്ള അടിസ്ഥാനങ്ങളാണ് ശൈഖ് മുഹമ്മദ് -رَحِمَهُ اللَّهُ- ഈ നിര്‍വ്വചനത്തിലൂടെ ഓര്‍മ്മപ്പെടുത്തിയത്. എല്ലാ നബിമാരും ഈ മൂന്ന് കാര്യങ്ങളിലേക്കും തങ്ങളുടെ സമൂഹത്തെ ക്ഷണിച്ചിട്ടുണ്ട്. ഖുര്‍ആനിലെ അനേകം ആയത്തുകളില്‍ ഇക്കാര്യം വിശദീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
തൗഹീദിലേക്ക് എല്ലാ നബിമാരും ക്ഷണിച്ചിരുന്നുവെന്നതിന് തെളിവ് അല്ലാഹു -تَعَالَى- യുടെ വാക്കാണ്:
«وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَهَ إِلَّا أَنَا فَاعْبُدُونِ»
“‘ലാ ഇലാഹ ഇല്ലല്ലാഹ്’ (ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല). അതിനാല്‍ എനിക്ക് നിങ്ങള്‍ ഇബാദത് (ആരാധന) ചെയ്യൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു റസൂലിനെയും (നബി) നാം അയച്ചിട്ടില്ല.” (അമ്പിയാഅ്: 25)
എല്ലാ നബിമാരും തങ്ങളെ അനുസരിക്കണമെന്ന് കല്‍പ്പിച്ചിരുന്നെന്നും, അതിന് വേണ്ടി മാത്രമാണ് അല്ലാഹു -تَعَالَى- അവരെയെല്ലാം നിയോഗിച്ചതെന്നതിനുമുള്ള തെളിവ് അല്ലാഹുവിന്റെ വാക്ക് തന്നെയാണ്:
«وَمَا أَرْسَلْنَا مِنْ رَسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّهِ»
“അല്ലാഹു -تَعَالَى- യുടെ അനുമതി പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു റസൂലിനെയും അയച്ചിട്ടില്ല.” (നിസാഅ്: 64)
മുസ്‌ലിംകളോട് അടുപ്പവും മുശ്രിക്കുകളോട് വെറുപ്പും വെച്ചു പുലര്‍ത്തിയവരായിരുന്നു എല്ലാ നബിമാരും എന്നതിന് തെളിവ് അല്ലാഹു -تَعَالَى- യുടെ വാക്ക് തന്നെ:
«قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ إِذْ قَالُوا لِقَوْمِهِمْ إِنَّا بُرَآءُ مِنْكُمْ وَمِمَّا تَعْبُدُونَ مِنْ دُونِ اللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ الْعَدَاوَةُ وَالْبَغْضَاءُ أَبَدًا حَتَّى تُؤْمِنُوا بِاللَّهِ وَحْدَهُ»
“നിങ്ങള്‍ക്ക് ഇബ്രാഹീമിലും അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും (മറ്റു നബിമാര്‍) ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്. അവര്‍ തങ്ങളുടെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങളുമായും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയുമായുള്ള ബന്ധത്തില്‍ നിന്നു തീര്‍ച്ചയായും ഞങ്ങള്‍ ഒഴിവായവരാകുന്നു. നിങ്ങളില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നത് വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു.” (മുംതഹന: 4)
ഇസ്‌ലാം സ്വീകരിക്കല്‍ നിര്‍ബന്ധം:
ആദമിന്റെ മക്കളാണ് മനുഷ്യരെല്ലാം. ആദമിനെയാണ് അല്ലാഹു ആദ്യത്തെ മനുഷ്യനായി പടച്ചത്. സ്വര്‍ഗത്തിലായിരുന്നു ആദമിന്റെ ആദ്യവാസം. അല്ലാഹു -تَعَالَى- യുടെ കല്‍പ്പന ധിക്കരിച്ചതിനാല്‍ അദ്ദേഹവും ഭാര്യ ഹവ്വാഉം സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് അയക്കപ്പെട്ടു.
അവരെ ഭൂമിയിലേക്ക് അയക്കുന്ന വേളയില്‍ അല്ലാഹു -تَعَالَى- അവരോടും, അവര്‍ക്ക് ശേഷം വരാനിരിക്കുന്ന മനുഷ്യരോടുമായി പറഞ്ഞു:
«قُلْنَا اهْبِطُوا مِنْهَا جَمِيعًا فَإِمَّا يَأْتِيَنَّكُمْ مِنِّي هُدًى فَمَنْ تَبِعَ هُدَايَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ * وَالَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا أُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ»
“നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന് ഇറങ്ങിപ്പോകുക. എന്നിട്ട് എന്റെ പക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ക്ക് ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളുകയും ചെയ്തവരാരോ അവരായിരിക്കും നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.” (ബഖറ: 38-39)
മനുഷ്യര്‍ക്ക് അല്ലാഹു -تَعَالَى- അയച്ചു തരുമെന്ന് പറഞ്ഞ സന്മാര്‍ഗമാണ് ഇസ്‌ലാം. അത് പിന്‍പറ്റിയവര്‍ക്ക് വിജയമുണ്ട്. അല്ലാത്തവര്‍ക്ക് നിന്ദ്യമായ ശിക്ഷയും വേദനകളുമുണ്ട്.
അതിനാല്‍ തന്നെ തന്റെ നബിമാരോടും അവരുടെ സമൂഹത്തോടും അല്ലാഹു -تَعَالَى- നല്‍കിയ കല്‍പ്പനകളില്‍ പ്രധാനമാണ് ഇസ്‌ലാം സ്വീകരിക്കുകയും, മുസ്‌ലിമീങ്ങളില്‍ ഉള്‍പ്പെടുകയും ചെയ്യണമെന്നത്. അല്ലാഹു -تَعَالَى- പറഞ്ഞു:
«إِنَّمَا أُمِرْتُ أَنْ أَعْبُدَ رَبَّ هَذِهِ الْبَلْدَةِ الَّذِي حَرَّمَهَا وَلَهُ كُلُّ شَيْءٍ وَأُمِرْتُ أَنْ أَكُونَ مِنَ الْمُسْلِمِينَ»
“(നീ പറയുക:) ഈ രാജ്യത്തെ പവിത്രമാക്കിത്തീര്‍ത്ത ഇതിന്റെ റബ്ബിനെ ആരാധിക്കുവാന്‍ മാത്രമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. എല്ലാ വസ്തുവും അവന്റെതത്രെ. ഞാന്‍ മുസ്‌ലിമീങ്ങളുടെ കൂട്ടത്തിലായിരിക്കണമെന്നും കല്‍പിക്കപ്പെട്ടിരിക്കുന്നു.” (നംല്: 91)
«قُلْ إِنِّي أُمِرْتُ أَنْ أَعْبُدَ اللَّهَ مُخْلِصًا لَهُ الدِّينَ * وَأُمِرْتُ لِأَنْ أَكُونَ أَوَّلَ الْمُسْلِمِينَ * قُلْ إِنِّي أَخَافُ إِنْ عَصَيْتُ رَبِّي عَذَابَ يَوْمٍ عَظِيمٍ»
“പറയുക: ദീന്‍ അല്ലാഹുവിന് നിഷ്കളങ്കമാക്കിക്കൊണ്ട് അവനെ ആരാധിക്കുവാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. ഞാന്‍ മുസ്‌ലിമീങ്ങളില്‍ ഒന്നാമനായിരിക്കണമെന്നും എനിക്ക് കല്‍പന നല്‍കപ്പെട്ടിരിക്കുന്നു. പറയുക: ഞാന്‍ എന്റെ റബ്ബിനെ ധിക്കരിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ തീര്‍ച്ചയായും ഞാന്‍ പേടിക്കുന്നു.” (സുമര്‍: 11-13)
മുസ്‌ലിമായിട്ടല്ലാതെ -ഇസ്‌ലാമില്‍ പ്രവേശിച്ചു കൊണ്ടല്ലാതെ- മരിക്കരുതെന്ന് അല്ലാഹു -تَعَالَى- നമ്മെ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു.
«يَاأَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنْتُمْ مُسْلِمُونَ»
“മുഅ്മിനീങ്ങളേ (അല്ലാഹുവില്‍ വിശ്വസിച്ചവരേ), നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്‌ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്.” (ആലു ഇംറാന്‍: 102)
ഇസ്‌ലാമിലേക്ക് പൂര്‍ണമായി പ്രവേശിക്കണമെന്നും, പിശാചിന്റെ കാല്‍പ്പാടുകള്‍ പിന്‍പറ്റരുതെന്നും അല്ലാഹു -تَعَالَى- നമ്മോട് കല്‍പ്പിച്ചിരിക്കുന്നു.
«يَاأَيُّهَا الَّذِينَ آمَنُوا ادْخُلُوا فِي السِّلْمِ كَافَّةً وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ إِنَّهُ لَكُمْ عَدُوٌّ مُبِينٌ»
“മുഅ്മിനീങ്ങളേ (അല്ലാഹു -تَعَالَى- വില്‍ വിശ്വസിച്ചവരേ), നിങ്ങള്‍ പരിപൂര്‍ണ്ണമായി ഇസ്‌ലാമില്‍ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു.” (ബഖറ: 208)
ഇക്കാരണം കൊണ്ട് തന്നെ നബി -ﷺ- ജനങ്ങളെ ശക്തമായി ഇസ്‌ലാമിലേക്ക് ക്ഷണിച്ചു കൊണ്ടേയിരുന്നു. അതല്ലാത്ത മാര്‍ഗങ്ങളില്‍ നിന്ന് താക്കീത് ചെയ്യുകയും, അതിന്റെ നിരര്‍ഥകത ബോധ്യപ്പെടുത്തി നല്‍കുകയും ചെയ്തു കൊണ്ടേയിരുന്നു. അങ്ങാടിയില്‍ ജനമദ്ധ്യത്തില്‍ നിന്നു കൊണ്ട് അവിടുന്ന് പറഞ്ഞു:
«أَيُّهَا النَّاسُ قُولُوا: لَا إِلَهَ إِلَّا اللَّهُ تُفْلِحُوا»
“ഹേ ജനങ്ങളേ! ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയുക. നിങ്ങള്‍ വിജയിക്കും.” (അഹ്മദ്: 16023)
«فَإِنِّي أَدْعُوكَ بِدِعَايَةِ الإِسْلاَمِ، أَسْلِمْ تَسْلَمْ، يُؤْتِكَ اللَّهُ أَجْرَكَ مَرَّتَيْنِ، فَإِنْ تَوَلَّيْتَ فَإِنَّ عَلَيْكَ إِثْمَ الأَرِيسِيِّينَ»
ഹിര്‍ഖല്‍ രാജാവിനെഴുതിയ കത്തില്‍ നബി -ﷺ- പറഞ്ഞു: “താങ്കളെ ഞാന്‍ ഇസ്‌ലാമിന്റെ വാക്കിലേക്ക് -‘ലാ ഇലാഹ ഇല്ലല്ലാഹ് എന്ന കലിമയിലേക്ക്- ക്ഷണിക്കുന്നു. മുസ്‌ലിമാവുക; താങ്കള്‍ക്ക് രക്ഷപ്പെടാം. അല്ലാഹു -تَعَالَى- താങ്കള്‍ക്ക് രണ്ട് ഇരട്ടി പ്രതിഫലം നല്‍കും. എന്നാല്‍ താങ്കള്‍ തിരിഞ്ഞു കളയുകയാണെങ്കില്‍; നിന്നെ പിന്‍പറ്റുന്നവരുടെ പാപഭാരവും നിന്റെ മേലുണ്ടാകും.” (ബുഖാരി: 7)
അവിടുന്ന് പറഞ്ഞു:
عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ -ﷺ- أَنَّهُ قَالَ: «وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ، لَا يَسْمَعُ بِي أَحَدٌ مِنْ هَذِهِ الْأُمَّةِ يَهُودِيٌّ، وَلَا نَصْرَانِيٌّ، ثُمَّ يَمُوتُ وَلَمْ يُؤْمِنْ بِالَّذِي أُرْسِلْتُ بِهِ، إِلَّا كَانَ مِنْ أَصْحَابِ النَّارِ»
“മുഹമ്മദിന്റെ ആതമാവ് ആരുടെ കയ്യിലാണോ; അവന്‍ തന്നെ സത്യം! എന്നെ കുറിച്ച് ഈ സമൂഹത്തില്‍ പെട്ട ആരെങ്കിലും കേട്ടതിന് ശേഷം -അവന്‍ യഹൂദനോ നസ്വ്റാനിയോ ആകട്ടെ- പിന്നീട് എന്നോടൊപ്പം അയക്കപ്പെട്ട (ഇസ്‌ലാമില്‍) വിശ്വസിക്കാതെ മരണപ്പെട്ടാല്‍; അവന്‍ നരകാവകാശികളില്‍ പെടാതിരിക്കില്ല.” (മുസ്‌ലിം: 240)
عَنْ جَابِرٍ عَنِ النَّبِيِّ -ﷺ- قَالَ: «لَقَدْ جِئْتُكُمْ بِهَا بَيْضَاءَ نَقِيَّةً وَلَوْ كَانَ مُوسَى حَيًّا مَا وَسِعَهُ إِلَّا اتِّبَاعِي»
നബി -ﷺ- പറഞ്ഞു: “നിങ്ങള്‍ക്ക് ഞാന്‍ കൊണ്ടു വന്നു തന്നിരിക്കുന്ന (ഈ ദീന്‍) പ്രകാശപൂരിതവും പരിശുദ്ധവുമാണ്. മൂസ -عَلَيْهِ السَّلَامُ- (ഇപ്പോള്‍) ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് എന്നെ പിന്‍പറ്റുകയല്ലാതെ മറ്റു മാര്‍ഗമുണ്ടാവില്ലായിരുന്നു.” (അഹ്മദ്)
ഇസ്‌ലാമല്ലാത്ത മറ്റു മതങ്ങളെല്ലാം നിരര്‍ഥകം:
അല്ലാഹു -تَعَالَى- പറഞ്ഞു:
«إِنَّ الدِّينَ عِنْدَ اللَّهِ الْإِسْلَامُ»
“തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്‌ലാമാകുന്നു.” (ആലു ഇംറാന്‍: 19)
«وَمَنْ يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ»
“ഇസ്‌ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും.” (ആലു ഇംറാന്‍: 85)
ഇസ്‌ലാമല്ലാത്ത മറ്റൊരു മതവും ലോകങ്ങളുടെ സ്രഷ്ടാവായ അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ല. യഹൂദ-നസ്വാറാക്കളുടെ മതമോ, ഹൈന്ദവ-ജൈന-ബുദ്ധ മതങ്ങളോ, കമ്യൂണിസം, ലിബറലിസം, മതേതരത്വ-ജനാധിപത്യ സംവിധാനങ്ങള്‍ പോലുള്ള ഭൗതിക പ്രത്യയശാസ്ത്രങ്ങളോ ആകട്ടെ; അവയൊന്നും അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ല. അതിനെ പുണര്‍ന്നവര്‍ക്ക് ഒരിക്കലും സ്വര്‍ഗ പ്രവേശവുമില്ല; കത്തിയെരിയുന്ന നരകമല്ലാതെ.
ഇസ്‌ലാം മാത്രമാകുന്നു നേരായ പാത. അതിന് പുറമെയുള്ളതെല്ലാം പിശാചിന്റെ മാര്‍ഗങ്ങളും വഴികേടിലേക്ക് നയിക്കുന്നവയുമാണ്. അല്ലാഹു -تَعَالَى- പറഞ്ഞു:
«وَأَنَّ هَذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَتَّقُونَ»
“ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്.” (അന്‍ആം: 153)
عَنْ عَبْدِ اللهِ بْنِ مَسْعُودٍ، قَالَ: خَطَّ لَنَا رَسُولُ اللَّهِ -ﷺ- خَطًّا، ثُمَّ قَالَ: «هَذَا سَبِيلُ اللَّهِ»، ثُمَّ خَطَّ خُطُوطًا عَنْ يَمِينِهِ وَعَنْ شِمَالِهِ، ثُمَّ قَالَ: «هَذِهِ سُبُلٌ مُتَفَرِّقَةٌ، عَلَى كُلِّ سَبِيلٍ مِنْهَا شَيْطَانٌ يَدْعُو إِلَيْهِ» ثُمَّ قَرَأَ: «وَأَنَّ هَذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلَا تَتَّبِعُوا السُّبُلَ، فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ»
ഈ ആയത്ത് നബി -ﷺ- വളരെ മനോഹരമായി വിശദീകരിച്ചിട്ടുണ്ട്. അവിടുന്ന് ഒരിക്കല്‍ (മണലില്‍) ഒരു നേര്‍വര വരച്ചു. ശേഷം പറഞ്ഞു: “ഇത് അല്ലാഹു -تَعَالَى- യുടെ മാര്‍ഗമാണ്.” പിന്നീട് അതിന്റെ വലതും ഇടതുമായി ചില വരകള്‍ കൂടി വരച്ചു. ശേഷം പറഞ്ഞു: “ഇതാകുന്നു സുബുല്‍; വ്യത്യസ്ത മാര്‍ഗങ്ങള്‍. ഇവയിലോരോ വഴികളുടെയും തുടക്കത്തില്‍ അതിലേക്ക് ക്ഷണിച്ചു കൊണ്ടിരിക്കുന്ന ഒരു പിശാചുമുണ്ട്.” ശേഷം നബി -ﷺ- മേലെ നല്‍കിയ ആയത്ത് പാരായണം ചെയ്തു. (അഹ്മദ്: 4142)
നബി -ﷺ- യുടെ ഖുര്‍ആന്‍ പാരായണം കേട്ട ജിന്നുകളുടെ സംസാരം അല്ലാഹു -تَعَالَى- ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ സ്വീകരിച്ച ഇസ്‌ലാമല്ലാത്ത മറ്റു മതങ്ങള്‍ സ്വീകരിക്കുന്നവര്‍ നരകത്തിലാണെന്ന് അവര്‍ മനസ്സിലാക്കിയിരുന്നുവെന്ന് അവരുടെ സംസാരത്തില്‍ നിന്ന് ബോധ്യപ്പെടും.
«وَأَنَّا مِنَّا الْمُسْلِمُونَ وَمِنَّا الْقَاسِطُونَ فَمَنْ أَسْلَمَ فَأُولَئِكَ تَحَرَّوْا رَشَدًا»
“ഞങ്ങളുടെ കൂട്ടത്തില്‍ മുസ്‌ലിമീങ്ങളുണ്ട്. അനീതി പ്രവര്‍ത്തിക്കുന്നവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ ആര്‍ മുസ്‌ലിമായിരിക്കുന്നുവോ അത്തരക്കാര്‍ സന്‍മാര്‍ഗം അവലംബിച്ചിരിക്കുന്നു.” (ജിന്ന്: 14)
ഇസ്‌ലാം മാത്രമാണ് സത്യമെന്നും, അതിന് പുറമെയുള്ളതെല്ലാം നിരര്‍ഥകമാണെന്നും പറയുന്നത് അസഹിഷ്ണുതയും ‘മതേതര’ വിരുദ്ധവുമാണെന്ന് ചിലരെങ്കിലും പറയാറുണ്ട്. തങ്ങളുടെ ജീവിതത്തിനൊരു ലക്ഷ്യമുണ്ടെന്നും, അതില്‍ തങ്ങള്‍ പിന്തുടരുന്നത് സത്യം മാത്രമായിരിക്കണമെന്നും ആഗ്രഹിക്കുന്ന ഒരാള്‍ക്കും അതപ്രകാരമാണെന്ന് പറയാന്‍ കഴിയില്ല.
ഉദാഹരണം പറയാം: രണ്ടു ഗ്ലാസുകളില്‍ ഒന്നില്‍ പാലും മറ്റൊന്നില്‍ വിഷവുമാണിരിക്കുന്നതെങ്കില്‍ ഇത് പാലും മറുഗ്ലാസിലുള്ളത് വിഷവുമാണെന്ന് ശഠിക്കുന്നത് എങ്ങനെയാണ് അസഹിഷ്ണുതയാവുക?!
എത്രയധികം പേര്‍ വിഷമുള്ള ഗ്ലാസിലേക്ക് ചൂണ്ടി ഇത് പാലാണെന്ന് വാദിച്ചാലും -ഹൃദയമുള്ള ഒരാളും- അഃംഗീകരിക്കുകയില്ല. ഇത് മാത്രമാണ് പാല്‍; മറു ഗ്ലാസിലുള്ളത് വിഷം തന്നെ എന്ന അവന്റെ ശാഠ്യം യഥാര്‍ഥത്തില്‍ സത്യസന്ധതയും സഹജീവികളോടുള്ള സ്നേഹവുമാണ്. ജനങ്ങള്‍ വിഷം കുടിക്കട്ടെ എന്ന കുടിലചിന്തയുള്ളവര്‍ക്ക് മാത്രമേ അവനെ ആക്ഷേപിക്കാനാവൂ.
മതങ്ങളുടെ കാര്യവും ഇപ്രകാരം തന്നെയാണ്. എല്ലാം സത്യമല്ല. അതൊരിക്കലും ആവുകയുമില്ല. എങ്ങനെയാണ് അല്ലാഹു -تَعَالَى- യെ മാത്രം ആരാധിക്കാമെന്നതും, മൂന്ന് ദൈവങ്ങളെ ആരാധിക്കാമെന്നതും, തോന്നിയതിനെയെല്ലാം ആരാധിക്കാമെന്നതുമൊക്കെ ഒരേ സമയം തന്നെ ശരിയാവുക?
എങ്ങനെയാണ് മുഹമ്മദ് നബി -ﷺ- അല്ലാഹു -تَعَالَى- യുടെ റസൂലും പ്രവാചകനുമാണെന്നതും, അവിടുന്ന് പറഞ്ഞതെല്ലാം കളവാണെന്നതും ഒരു പോലെ യാഥാര്‍ഥ്യമാവുക?
മരണത്തിന് ശേഷം ഒരു ജീവിതമുണ്ടെന്നതും, അങ്ങനെയൊന്ന് ഇല്ലേയില്ലെന്ന വാദവും, മരിച്ചാല്‍ പട്ടിയോ പൂച്ചയോ ഒക്കെയായി ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നതുമൊക്കെ ഒരുമിച്ച് സത്യമാകുമോ?
ഒരിക്കലുമില്ല!
മാത്രമല്ല; എല്ലാ മതങ്ങളും സത്യമാണെന്ന് പറയുന്നവര്‍ക്ക് ഒരിക്കലും തങ്ങളുടെ വാദം നിലനിര്‍ത്തുക സാധ്യമേയല്ല. കാരണം, എല്ലാ മതങ്ങളും സത്യമല്ല; ഒരു മതം മാത്രമേ സത്യമുള്ളൂ എന്ന് പറയുന്നവരും വിശ്വസിക്കുന്നത് മതത്തില്‍ തന്നെയാണ്. അവര്‍ പറയുന്നതും സത്യമാണെന്ന് വന്നാല്‍ പിന്നെ വാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വല്ല നിലനില്‍പ്പുമുണ്ടോ?
ഇതിനെല്ലാം പുറമേ; ഈ സഹിഷ്ണുതയും ‘സമഭാവനയു’മെല്ലാം നിലനിര്‍ത്തുന്നവര്‍; അവരുടെ ഭൗതിക വ്യവഹാരങ്ങളിലും കച്ചവടവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലും ഇതേ നിലപാട് സ്വീകരിക്കാന്‍ തയ്യാറാകുമോ? വലിയ വലിയ കാര്യങ്ങള്‍ അവിടെ നില്‍ക്കട്ടെ!
ഒരു പേന വാങ്ങുമ്പോള്‍ പോലും മനുഷ്യര്‍ എത്ര ശ്രദ്ധയോടെയാണ് തിരഞ്ഞെടുക്കുന്നത്?! ഏതെങ്കിലുമൊരു പേനയങ്ങു വാങ്ങിയേക്കാം എന്ന് ആരെങ്കിലും പറയാറുണ്ടോ? നിസ്സാരമായ ഒരു പേനയുടെ കാര്യത്തില്‍ പോലും ഇത്ര ശ്രദ്ധയും സൂക്ഷ്മതയുമാവാമെങ്കില്‍; ജീവിതത്തിന്റെ ആദ്യം മുതല്‍ അവസാനം വരെ നിര്‍ണ്ണയിക്കുന്ന തന്റെ വിശ്വാസ-ആചാര-സ്വഭാവ മേഖലകളെ നിര്‍ണ്ണയിക്കുന്ന മതത്തിന്റെ കാര്യത്തില്‍ എങ്ങനെയാണ് അവന് അലസനും അശ്രദ്ധനുമാകാന്‍ കഴിയുക?!
ഈ ചിന്താഗതി യഥാര്‍ഥത്തില്‍ മനുഷ്യന്റെ ശത്രുവായ പിശാചിന്റെ കുതന്ത്രങ്ങളില്‍ പെട്ടതത്രെ!
മുസ്‌ലിമാവുക! രക്ഷപ്പെടാം!
മരണത്തിന് ശേഷമുള്ള ജീവിതത്തില്‍ രക്ഷപ്പെടണമെങ്കില്‍ ഇസ്‌ലാം സ്വീകരിക്കുക മാത്രമാണ് വഴി. ഇസ്‌ലാമിന്റെ വഴി ആര്‍ക്കും പരിശോധിക്കാം. ഖുര്‍ആനും നബി -ﷺ- യുടെ ചര്യയും എന്തിലേക്കാണ് ക്ഷണിക്കുന്നതെന്ന് പരിശോധിക്കുകയുമാകാം. അത് സത്യമാണെന്ന് അവന് ബോധ്യപ്പെട്ടാല്‍ -ശരിയായ ബുദ്ധിയും നന്മയുള്ള ഹൃദയവുമുള്ളവര്‍ക്ക് അപ്രകാരം ബോധ്യപ്പെടാതിരിക്കില്ല-; ഇസ്‌ലാം സ്വീകരിക്കലും, മുസ്‌ലിമീങ്ങളില്‍ ഉള്‍പ്പെടലും അവന്റെ മേല്‍ നിര്‍ബന്ധമാണ്.
ഇസ്‌ലാം സ്വീകരിക്കുന്നതോടെ ഒരാള്‍ക്ക് അനേകം നേട്ടങ്ങള്‍ കരസ്ഥമാക്കാനുണ്ട്. അല്ലാഹു -تَعَالَى- യുടെ -അവന്റെ സ്രഷ്ടാവിന്റെ- സത്യമതമാണ് സ്വീകരിച്ചിരിക്കുന്നതെന്ന സന്തോഷവും, പരലോകം സുരക്ഷിതമാക്കിയെന്ന പ്രതീക്ഷയും അവന് നല്‍കുന്ന സമാധാനം ചെറുതല്ല.
അല്ലാഹു -تَعَالَى- പറഞ്ഞു:
«فَمَنْ يُرِدِ اللَّهُ أَنْ يَهْدِيَهُ يَشْرَحْ صَدْرَهُ لِلْإِسْلَامِ وَمَنْ يُرِدْ أَنْ يُضِلَّهُ يَجْعَلْ صَدْرَهُ ضَيِّقًا حَرَجًا كَأَنَّمَا يَصَّعَّدُ فِي السَّمَاءِ كَذَلِكَ يَجْعَلُ اللَّهُ الرِّجْسَ عَلَى الَّذِينَ لَا يُؤْمِنُونَ»
“ഏതൊരാളെ നേര്‍വഴിയിലേക്ക് നയിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവന്റെ ഹൃദയത്തെ ഇസ്‌ലാമിലേക്ക് അവന്‍ തുറന്നുകൊടുക്കുന്നതാണ്. ഏതൊരാളെ അല്ലാഹു പിഴവിലാക്കാന്‍ ഉദ്ദേശിക്കുന്നുവോ അവന്റെ ഹൃദയത്തെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീര്‍ക്കുന്നതാണ്. അവന്‍ ആകാശത്തിലൂടെ കയറിപ്പോകുന്നത് പോലെ. വിശ്വസിക്കാത്തവരുടെ മേല്‍ അപ്രകാരം അല്ലാഹു ശിക്ഷ ഏര്‍പെടുത്തുന്നു.” (അന്‍ആം: 125)
«أَفَمَنْ شَرَحَ اللَّهُ صَدْرَهُ لِلْإِسْلَامِ فَهُوَ عَلَى نُورٍ مِنْ رَبِّهِ فَوَيْلٌ لِلْقَاسِيَةِ قُلُوبُهُمْ مِنْ ذِكْرِ اللَّهِ أُولَئِكَ فِي ضَلَالٍ مُبِينٍ»
“അപ്പോള്‍ ഏതൊരാളുടെ ഹൃദയത്തിന് ഇസ്‌ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‍ശുകയും അങ്ങനെ അവന്‍ തന്റെ റബ്ബില്‍ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ (അവന്‍ ഹൃദയം കടുത്തു പോയവനെ പോലെയാണോ?) എന്നാല്‍ അല്ലാഹുവിന്റെ സ്മരണയില്‍ നിന്ന് അകന്ന് ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കാകുന്നു നാശം. അത്തരക്കാര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലത്രെ.” (സുമര്‍: 22)
അടിമത്വത്തിന്റെ എല്ലാ ചങ്ങലക്കെട്ടുകളില്‍ നിന്നും രക്ഷപ്പെട്ട്, തന്നെ സൃഷ്ടിച്ച റബ്ബിന് മാത്രം കീഴൊതുങ്ങുക എന്നതിനെക്കാള്‍ വലിയ സ്വാതന്ത്ര്യം മറ്റെന്തുണ്ട്? അത് നല്‍കുന്ന സമാധാനത്തെക്കാള്‍ മധുരതരമായ ആനന്തവും മറ്റെവിടെയുണ്ട്?
ഇസ്‌ലാം സ്വീകരിക്കുന്നത് കൊണ്ടുള്ള ശ്രേഷ്ഠതയും പ്രതിഫലവും അവിടെയും അവസാനിക്കുന്നില്ല. വേദക്കാരുടെ കൂട്ടത്തില്‍ നിന്ന് ഇസ്‌ലാം സ്വീകരിച്ചവര്‍ക്ക് രണ്ട് പ്രതിഫലം ഉണ്ടാകുമെന്ന് നബി -ﷺ- അറിയിച്ചിട്ടുണ്ട്. മൂസ നബി -عَلَيْهِ السَّلَامُ- യുടെ അനുയായികളെന്ന് അവകാശപ്പെടുന്ന യഹൂദരും, ഈസ -عَلَيْهِ السَّلَامُ- നെ പിന്‍പറ്റുന്നെന്ന് ധരിച്ചു വെച്ചിരിക്കുന്ന നസ്വ്റാനികളുമാണ് വേദക്കാര്‍ എന്നതിന്റെ ഉദ്ദേശം. അവര്‍ ഇസ്‌ലാമിലേക്ക് വന്നാല്‍; ഇരട്ടി പ്രതിഫലം അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ട്.
عَنْ أَبِي بُرْدَةَ، عَنْ أَبِيهِ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «ثَلاَثَةٌ لَهُمْ أَجْرَانِ: رَجُلٌ مِنْ أَهْلِ الكِتَابِ، آمَنَ بِنَبِيِّهِ وَآمَنَ بِمُحَمَّدٍ –ﷺ-»
നബി -ﷺ- പറഞ്ഞു: “മൂന്ന് വിഭാഗത്തിന് രണ്ട് പ്രതിഫലമുണ്ട്. വേദക്കാരില്‍ പെട്ട ഒരാള്‍ തന്റെ നബിയിലും (അതായത്; മൂസ -عَلَيْهِ السَّلَامُ- യിലോ ഈസ -عَلَيْهِ السَّلَامُ- യിലോ) വിശ്വസിക്കുകയും, (പിന്നീട്) മുഹമ്മദ് നബി -ﷺ- വിശ്വസിക്കുകയും ചെയ്താല്‍ അവന് രണ്ട് പ്രതിഫലമുണ്ട്.” (ബുഖാരി: 97, മുസ്‌ലിം: 154)
ഇതിനെല്ലാം പുറമെ; ഏതൊരു വിഷയത്തിലും കൃത്യവും വ്യക്തവുമായ മാര്‍ഗനിര്‍ദേശം നല്‍കുന്ന ഒരു മതത്തെയും -ഇസ്‌ലാമിനെയല്ലാതെ- നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. അബദ്ധങ്ങളിലേക്കും വിഡ്ഢിത്തരങ്ങളിലേക്കും ഖേദമവസാനിക്കാത്ത അതിക്രമങ്ങളിലേക്കും അത് നിങ്ങള്‍ക്ക് വഴി കാണിക്കില്ല.
ആധുനിക സമൂഹം വര്‍ഷം തോറും മാറ്റുകയും, പിന്നീടും മാറ്റുകയും, അതിലുമവസാനിക്കാതെ ഇനിയും മാറ്റണമെന്ന് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നത് പോലെയല്ല ഇസ്‌ലാമിലെ നിയമങ്ങള്‍. അവര്‍ക്ക് ഓരോ നൂറ്റാണ്ടുകളിലും നന്മ തിന്മകള്‍ മാറിമറിഞ്ഞു കൊണ്ടിരിക്കുന്നു. നസ്വ്റാനികളുടെയും യഹൂദരുടെയും ഹൈന്ദവരുടെയുമെല്ലാം കാര്യമങ്ങനെ തന്നെ.
ഇന്നലെ വരെ ആരാധ്യമല്ലാതിരുന്നവ ഇന്ന് പരിപാവനവും ദൈവവുമായി മാറുന്നു. ഇന്നലെ വരെ കല്ലും മണ്ണുമായി കിടന്നവ -മൃഗങ്ങളുടെ കാഷ്ഠവും മൂത്രവുമേറ്റു വാങ്ങിയ, മനുഷ്യന്റെ കാലടിപ്പാടുകള്‍ പതിഞ്ഞ വെറും കല്ലും മണ്ണും- ഇന്നിതാ ‘ഉയര്‍ത്തെഴുന്നേറ്റ്’ ദൈവത്തിന്റെ ‘വിഗ്രഹാവതാരമായി’ ബഹുമാനിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നു?
ഇതാണോ സത്യം!?
ഇങ്ങനെയാണോ മതം?!
ഇതിലാണോ സമാധാനവും സ്ഥിരതയുമുള്ളത്?!
കഷ്ടം!
അവസാനിച്ചില്ല! ഇന്നലെകളില്‍ വ്യഭിചാരവും സ്വവര്‍ഗരതിയുമെല്ലാം കടുത്ത തിന്മകളായി കണ്ടിരുന്നവര്‍ക്ക് ഇന്നതെല്ലാം തെറ്റല്ലാതായി മാറി. അപ്പോള്‍ ഇത്രയും വര്‍ഷം നിങ്ങളവരെ ഈ ‘നന്മയില്‍’ നിന്നാണോ തടുത്തു നിര്‍ത്തിക്കൊണ്ടിരുന്നത്? ഈ ‘പുരോഗതിയെയാണോ’ നിങ്ങള്‍ അധോഗതിയെന്ന് വിശേഷിപ്പിച്ചിരുന്നത്?
ഇനി നാളെ നിങ്ങള്‍ മാറ്റിപ്പറയുകയും, ഇന്നത്തെ പുരോഗതിയെല്ലാം മനുഷ്യന്റെ നാശമായിരുന്നുവെന്ന് തിരുത്തുകയും ചെയ്താല്‍; -അല്ല!- നിങ്ങള്‍ക്ക് പരീക്ഷണം നടത്താനുള്ള ഗിനിപ്പന്നികളോ മനുഷ്യര്‍!?
ചില വിഡ്ഢികളുടെ പരീക്ഷണ ടേബിളുകളിലെ മൃതദേഹങ്ങളോ ബുദ്ധിയും ചിന്തയുമുള്ള മനുഷ്യര്‍!
എന്നാല്‍ -ഇസ്‌ലാം!-; അതിന്റെ നിയമങ്ങള്‍ക്ക് മാറ്റമുണ്ടായിട്ടില്ല. തിന്മയിലേക്കതൊരിക്കലും നയിച്ചില്ല; ഇന്നലെകളില്‍ പറഞ്ഞതൊന്നും അത് മാറ്റിപ്പറഞ്ഞുമില്ല. അതിന്റെ വക്താക്കളെ ഒരിക്കലും പരിഹസിച്ചില്ല. പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത നിയമങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടിച്ചില്ല. അവരുടെ ബുദ്ധിയും വിശ്വാസവും അഭിമാനവും സമ്പത്തും ശരീരവുമെല്ലാം അതിലെ നിയമങ്ങളാല്‍ സുരക്ഷിതമായിരുന്നു.
1400 വര്‍ഷങ്ങള്‍ ഒരു സമൂഹത്തെ വിജയത്തിലൂടെയും വ്യക്തതയിലൂടെയും നടത്തിയ ഗ്രന്ഥമാണ് ഇതിന്റെ വക്താക്കളുടെ പക്കലുള്ളത്. അതില്‍ മാറ്റങ്ങള്‍ വരുത്തപ്പെട്ടിട്ടില്ല. കൂട്ടിച്ചേര്‍ക്കലുകളോ, വെട്ടിത്തിരുത്തലുകളോ ഉണ്ടായിട്ടില്ല. മനുഷ്യന്റെ ദുര്‍ബലമായ പേനത്തുമ്പുകളില്‍ നിന്നൊരു വരിയും അതില്‍ കടന്നു കൂടിയിട്ടില്ല.
അതിനാല്‍ -സ്വാഗതം!- ഇസ്‌ലാമിലേക്ക്!
മനുഷ്യരെ, നിന്നെ പോലുള്ള ദുര്‍ബലരായ സൃഷ്ടികളെ, കാണാനും കേള്‍ക്കാനും കഴിയാത്ത നശ്വരങ്ങളായ പടപ്പുകളുടെ മുന്നില്‍ തല കുനിക്കുന്നതില്‍ നിന്ന്; അടിമത്വത്തിന്റെ ഇരുട്ടുകളില്‍ നിന്ന്;
സര്‍വ്വ ലോകങ്ങളുടെയും സ്രഷ്ടാവായ, എല്ലാം പടച്ചവനും, എല്ലാം അറിയുന്നവനുമായ, നിന്നെയും എന്നെയും നാമേവരെയും പടച്ചവനായ, അല്ലാഹുവിന് മാത്രം കീഴൊതുങ്ങുക എന്ന സ്വാതന്ത്ര്യത്തിലേക്ക് -സ്വാഗതം-!
ഇതെല്ലാം കേട്ടതിന് ശേഷവും തര്‍ക്കത്തിലേര്‍പ്പെടാനും, കുതന്ത്രങ്ങള്‍ മെനയാനും പരിഹസിക്കാനുമാണ് ഉദ്ദേശിക്കുന്നതെങ്കില്‍; അല്ലാഹു -تَعَالَى- യുടെ ആയത്ത് ഓര്‍മ്മപ്പെടുത്തട്ടെ!
«فَإِنْ حَاجُّوكَ فَقُلْ أَسْلَمْتُ وَجْهِيَ لِلَّهِ وَمَنِ اتَّبَعَنِ وَقُلْ لِلَّذِينَ أُوتُوا الْكِتَابَ وَالْأُمِّيِّينَ أَأَسْلَمْتُمْ فَإِنْ أَسْلَمُوا فَقَدِ اهْتَدَوْا وَإِنْ تَوَلَّوْا فَإِنَّمَا عَلَيْكَ الْبَلَاغُ وَاللَّهُ بَصِيرٌ بِالْعِبَادِ»
“ഇനി അവര്‍ നിന്നോട് തര്‍ക്കിക്കുകയാണെങ്കില്‍ നീ പറഞ്ഞേക്കുക: ഞാന്‍ എന്നെത്തന്നെ പൂര്‍ണ്ണമായി അല്ലാഹുവിന്ന് കീഴ്പെടുത്തിയിരിക്കുന്നു (മുസ്‌ലിമായിരിക്കുന്നു). എന്നെ പിന്‍പറ്റിയവരും (അങ്ങനെ തന്നെ).
വേദഗ്രന്ഥം നല്‍കപ്പെട്ടവരോടും (യഹൂദ-നസ്വ്റാനികളോടും) അക്ഷര ജ്ഞാനമില്ലാത്തവരോടും (മുശ്രിക്കുകളായ അറബികളോട്) നീ ചോദിക്കുക: നിങ്ങള്‍ മുസ്‌ലിമായോ? അങ്ങനെ അവര്‍ മുസ്‌ലിമായാല്‍ അവര്‍ നേര്‍വഴിയിലായിക്കഴിഞ്ഞു.
അവര്‍ പിന്തിരിഞ്ഞു കളഞ്ഞാലോ അവര്‍ക്ക് (ഇസ്‌ലാമിനെ കുറിച്ച്) അറിയിച്ചു നല്‍കേണ്ട ബാധ്യത മാത്രമേ നിനക്കുള്ളൂ. അല്ലാഹു (തന്റെ) ദാസന്‍മാരുടെ കാര്യങ്ങള്‍ കണ്ടറിയുന്നവനാകുന്നു.” (ആലു ഇംറാന്‍: 20)
വസ്സലാം!