ആരാണ് ആഹ്ലുല്‍ ബയ്ത്?

സ്വഹാബികളോടൊപ്പം അദ്ദേഹം നബി-ﷺ-യുടെ കുടുംബക്കാര്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു.

‘ആല്‍’ എന്ന പദത്തിനാണ് കുടുംബം എന്ന അര്‍ഥം നല്‍കിയത്. മുഅ്മിനുകളായ നബി-ﷺ-യുടെ കുടുംബത്തിലെ അംഗങ്ങളാണവര്‍. അവിടുത്തെ കുടുംബാംഗങ്ങള്‍ക്ക് പ്രത്യേക ശ്രേഷ്ഠതയുണ്ട് എന്ന കാര്യം ഹദീഥുകള്‍ കൊണ്ട് സ്ഥിരപ്പെട്ടതാണ്.

നബി-ﷺ-നടത്തിയ ഒരു പ്രസംഗം സൈദുബ്നു അര്‍ഖം നിവേദനം ചെയ്തതില്‍ അവിടുന്ന് ഇപ്രകാരം പറഞ്ഞതായി കാണാം:

«أُذَكِّرُكُمُ اللَّهَ فِي أَهْلِ بَيْتِي»

“എന്റെ ‘അഹ്ലു ബയ്തിന്റെ’ കാര്യത്തില്‍ അല്ലാഹുവിനെ ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.” മൂന്നു തവണ നബി -ﷺ- അതാവര്‍ത്തിച്ചു.

ആരാണ് അഹ്ലുല്‍ ബയ്ത് എന്ന് ചോദിച്ചവരോട് സൈദ് പറഞ്ഞു: “അലിയുടെയും, അഖീലിന്റെയും, ജഅ്ഫറിന്റെയും, അബ്ബാസിന്റെയും കുടുംബങ്ങള്‍.” (മുസ്‌ലിം: 2408)

നബി -ﷺ- യുടെ കുടുംബക്കാര്‍ ഇന്നും ഉണ്ട്. സകാതിന്റെ മുതല്‍ നിഷിദ്ധമാവുക പോലുള്ള ചില നിയമങ്ങള്‍ അവര്‍ക്ക് ബാധകമാണ്. നബി കുടുംബത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുക എന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിച്ച കാര്യമാണെന്നതില്‍ യാതൊരു സംശയവുമില്ല.

പക്ഷേ മുസ്‌ലിം സമൂഹം നബി കുടുംബത്തോട് -തങ്ങന്മാരോട്- കാണിക്കേണ്ട ഈ സ്നേഹത്തില്‍ അതിരു കവിയുകയും, അല്ലാഹുവിന്റെ റസൂലിനെ തന്നെ ധിക്കരിക്കുന്നതിലേക്ക് ആ സ്നേഹം അവരെ കൊണ്ടെത്തിക്കുകയും ചെയ്തിരിക്കുന്നു.

ഖേദകരമെന്ന് പറയട്ടെ, നബി -ﷺ- യുടെ കുടുംബത്തില്‍ ഉള്‍പ്പെട്ടു എന്ന അവകാശവാദം ഉന്നയിച്ചു കൊണ്ടും, നബികുടുംബത്തില്‍ പെട്ടവനാണെന്ന തെളിവായ ‘സനദ്’ (കുടുംബപരമ്പര രേഖപ്പെടുത്തിയ രേഖ) കാണിച്ചും ജനങ്ങളെ വഞ്ചിക്കുന്ന വലിയൊരു വിഭാഗം നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്.

നബി -ﷺ- യുടെ കുടുംബമാണെന്നതിന്റെ അഭിമാനം അവരില്‍ കുറച്ചെങ്കിലും ബാക്കിയുണ്ടായിരുന്നെങ്കില്‍ അവര്‍ ജനങ്ങളെ വഞ്ചിക്കാതെ പണിയെടുത്ത് ജീവിക്കാനും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിജ്ഞാനം തേടാനും, അതനുസരിച്ച് ജനങ്ങളെ വഴി നടത്താനും ശ്രമിക്കുമായിരുന്നു. എന്നാല്‍ ബഹുഭൂരിപക്ഷത്തിന്റെയും സ്ഥിതി പറയാതെ തന്നെ പലര്‍ക്കും അറിയാവുന്നതാണ്.

ഒരാളെയും അവരുടെ കുടുംബബന്ധം മാത്രം പരലോകത്ത് രക്ഷപ്പെടുത്തുകയില്ലെന്ന ഇസ്‌ലാമിന്റെ ബാലപാഠം പോലും മനസ്സിലാക്കിയിട്ടില്ലെന്നത് കൊണ്ടാണ് ഈ തരം വിഡ്ഢിത്തരങ്ങള്‍ എഴുന്നള്ളിക്കാന്‍ ഇവര്‍ മുതിരുന്നത്.

ആര്‍ക്കെങ്കിലും ആരുമായെങ്കിലും ഉള്ള കുടുംബബന്ധങ്ങള്‍ സഹായകമാവുമായിരുന്നെങ്കില്‍ നൂഹ് നബി-عَلَيْهِ الصَّلَاةُ وَالسَّلَامُ-യുടെ ഭാര്യക്കും, ഇബ്രാഹീം നബി-عَلَيْهِ الصَّلَاةُ وَالسَّلَامُ-യുടെ പിതാവിനും, ലൂത്വ് നബി-عَلَيْهِ الصَّلَاةُ وَالسَّلَامُ-യുടെ ഭാര്യക്കും അത് ഉപകാരപ്പെടുമായിരുന്നു. പക്ഷേ ഖുര്‍ആന്‍ അവരുടെയെല്ലാം ചരിത്രം വിവരിച്ചത് എങ്ങനെയായിരുന്നു?!

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: « … وَمَنْ بَطَّأَ بِهِ عَمَلُهُ، لَمْ يُسْرِعْ بِهِ نَسَبُهُ»

അബൂ ഹുറൈറ നിവേദനം: നബി -ﷺ- പറയുകയുണ്ടായി: “ആരുടെയെങ്കിലും പ്രവര്‍ത്തനങ്ങള്‍ അവനെ പതുക്കെ ആക്കിയിട്ടുണ്ടെങ്കില്‍, അവന്റെ കുടുംബപരമ്പര അവന് വേഗത കൂട്ടുകയില്ല.” (മുസ്‌ലിം: 2699)

അതായത്; ആരുടെയെങ്കിലും സല്‍കര്‍മ്മങ്ങള്‍ കുറവാണെങ്കില്‍ അവന് ഒരിക്കലും സല്‍കര്‍മ്മങ്ങള്‍ ചെയ്തവന്റെ പദവിയിലേക്ക് എത്തുക സാധ്യമല്ല. അതിനാല്‍ തന്റെ തറവാട്ടു മഹിമയില്‍ പിടിച്ചു തൂങ്ങാതെ ഓരോരുത്തരും പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കേണ്ടതാണ്.

തന്റെ കുടുംബക്കാരോടായി നബി -ﷺ- പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്:

«يَا بَنِي عَبْدِ مَنَافٍ لاَ أُغْنِي عَنْكُمْ مِنَ اللَّهِ شَيْئًا، يَا عَبَّاسُ بْنَ عَبْدِ المُطَّلِبِ لاَ أُغْنِي عَنْكَ مِنَ اللَّهِ شَيْئًا، وَيَا صَفِيَّةُ عَمَّةَ رَسُولِ اللَّهِ لاَ أُغْنِي عَنْكِ مِنَ اللَّهِ شَيْئًا، وَيَا فَاطِمَةُ بِنْتَ مُحَمَّدٍ سَلِينِي مَا شِئْتِ مِنْ مَالِي لاَ أُغْنِي عَنْكِ مِنَ اللَّهِ شَيْئًا»

“അബ്ദു മനാഫിന്റെ മക്കളേ! അല്ലാഹുവിങ്കല്‍ നിന്ന് നിങ്ങള്‍ക്കുള്ള (ശിക്ഷ തടഞ്ഞ്) സഹായിക്കാന്‍ എനിക്കാവില്ല. ഹേ അബ്ബാസ്! അല്ലാഹുവില്‍ നിന്ന് നിന്നെ സഹായിക്കാന്‍ എനിക്കാവില്ല. അല്ലാഹുവിന്റെ റസൂലിന്റെ അമ്മായിയായ സ്വഫിയ്യാ! അല്ലാഹുവില്‍ നിന്ന് നിന്നെ സഹായിക്കാന്‍ എനിക്കാവില്ല. ഹേ മുഹമ്മദിന്റെ മകള്‍ ഫാത്വിമാ! എന്റെ സമ്പാദ്യത്തില്‍ നിന്ന് നീ ഉദ്ദേശിക്കുന്നത് ചോദിച്ചു കൊള്ളുക; (പക്ഷേ) അല്ലാഹുവില്‍ നിന്ന് നിന്നെ സഹായിക്കാന്‍ എനിക്കാവില്ല.” (ബുഖാരി: 2753, മുസ്‌ലിം: 204)

അമ്മാ ബഅദു:

പിന്നീട് ശൈഖ് മുഹമ്മദ് പറഞ്ഞു: ‘അമ്മാ ബഅ്ദു’.

ഖുതുബകളുടെയും മറ്റും ആരംഭത്തില്‍ ഈ പദം നാം കേള്‍ക്കാറുണ്ട്. ആമുഖത്തിന് ശേഷം പറയാനുദ്ദേശിക്കുന്ന വിഷയത്തിലേക്ക് കടക്കുന്നതിന് മുന്‍പാണ് ഈ പദം ഉപയോഗിക്കാറുള്ളത്. നബി -ﷺ- അവിടുത്തെ ഖുതുബകളില്‍ ഈ പദം ഉപയോഗിക്കാറുണ്ടായിരുന്നതായി സ്ഥിരപ്പെട്ടിട്ടുണ്ട്.

وَاللَّهُ المُوَفِّقُ لِكُلِّ مَا يُحِبُّهُ وَيَرْضَاهُ، وَهُوَ السَّمِيعُ البَصِيرُ، الرَّحِيمُ الغَفُورُ.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

جَمَعَهُ الفَقِيرُ إِلَى عَفْوِ رَبِّهِ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيدُ

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

  • വഅലൈകസ്സല്ലാം വ റഹ്മതുല്ലാഹി വബറകാതുഹു.

    തഅലീമുസ്സ്വിബ്യാന്‍ എന്ന ഗ്രന്ഥത്തിന് പ്രത്യേകമായി ആരെങ്കിലും ശര്‍ഹ് എഴുതിയതായി ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ ശൈഖുല്‍ ഇസ്ലാം മുഹമ്മദ്‌ ബ്നു അബ്ദില്‍ വഹാബ് മറ്റു പല ഗ്രന്ഥങ്ങളിലും പറഞ്ഞ വിഷയങ്ങള്‍ തന്നെയാണ് ഈ ഗ്രന്ഥത്തിലുള്ളത്. പ്രധാനമായും ഉസ്വൂലുസ്സല്ലാസ, കിതാബുത്തൌഹീദ്, മഅനത്ത്വാഗൂത് പോലുള്ള ഗ്രന്ഥങ്ങളില്‍. ഇവയുടെ വിശദീകരണങ്ങള്‍ അവലംബിച്ചു കൊണ്ട് എഴുതിയതാണ് ഈ ലേഖന പരമ്പരകള്‍.

  • السلام عليكم ورحمة الله وبركاته

    തഅലീമുസ്സ്വിബ്യാന്‍റെ വിശദീകരണത്തില്‍ അഖി കൊടുത്ത ശര്‍ഹ് ആരെഴുതിയതാണ്?

Leave a Comment