ഇസ്‌ലാം പഠിപ്പിച്ച തൌഹീദില്‍ ഉറച്ചു നില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നബി -ﷺ- യുടെ കാലത്ത് ജീവിച്ചിരുന്ന മക്കയിലെ മുശ്രിക്കുകളുടെ വിശ്വാസം പഠിക്കല്‍ നിര്‍ബന്ധമാണ്. ചിലര്‍ പറയാറുള്ളത് പോലെ: അതൊക്കെ കഴിഞ്ഞു പോയ ഒരു സമൂഹത്തിന്റെ വിശ്വാസമായിരുന്നു; അതിനെ കുറിച്ചൊക്കെ നാം ഇപ്പോള്‍ പഠിക്കുന്നതില്‍ യാതൊരു ഉപകാരവുമില്ല എന്ന് പറയുന്നത് ശരിയല്ല. അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്ക് വേണ്ടി അവതരിപ്പിച്ച ഖുര്‍ആനില്‍ അല്ലാഹു -تَعَالَى- അവരുടെ വിശ്വാസങ്ങള്‍ എടുത്തു പറയുകയും, അവക്കുള്ള മറുപടി വിശദമായി നല്‍കുകയും ചെയ്തത് ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്ക് പഠിക്കാന്‍ വേണ്ടിയല്ലാതെ മറ്റെന്തിനാണ്?
മക്കയിലെ മുശ്രിക്കുകളുടെ വിശ്വാസത്തെ കുറിച്ച് അറിവില്ലാത്ത ഒരു സമൂഹം വളര്‍ന്നു വരുമ്പോഴാണ് ഇസ്‌ലാമിക വിശ്വാസത്തിന്റെ തകര്‍ച്ചക്ക് തുടക്കം കുറിക്കുക എന്ന് ഉമര്‍ ബ്നുല്‍ ഖത്താബ് -ِرَضِيَ اللَّهُ عَنْهُ- താക്കീത് ചെയ്തത് മുന്‍ഗാമികളുടെ ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും. തിന്മകളില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി ഞാന്‍ തിന്മകളെ കുറിച്ച് പഠിക്കാറുണ്ടായിരുന്ന ഹുദൈഫ -ِرَضِيَ اللَّهُ عَنْهُ- എന്ന സ്വഹാബിയുടെ വാക്കില്‍ നിന്നും ഇതേ പാഠം നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയും. ഏറ്റവും വലിയ തിന്മയായ ശിര്‍കിനെ കുറിച്ചും, അതില്‍ ആപതിച്ച മുശ്രിക്കുകളെ കുറിച്ചും പഠിച്ചില്ലെങ്കില്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകാന്‍ കാരണമാകുന്ന ഗുരുതരമായ ഈ തിന്മയില്‍ അയാള്‍ വീണു പോകാന്‍ സാധ്യതയുണ്ട്.
ചുരുക്കത്തില്‍ മക്കയില്‍ ഉണ്ടായിരുന്നവരുടെ വിശ്വാസം മനസ്സിലാക്കേണ്ടതുണ്ട്. അവരില്‍ എങ്ങനെ ശിര്‍ക് സംഭവിച്ചു എന്നത് പഠനവിധേയമാക്കേണ്ടതുണ്ട്. കഴിഞ്ഞ കുറിപ്പില്‍ വിശദീകരിച്ചത് പോലെ: മക്കയിലുണ്ടായിരുന്ന മുശ്രിക്കുകള്‍ തങ്ങളുടെ ശിര്‍കിനെ ന്യായീകരിക്കാന്‍ പറഞ്ഞ വാദങ്ങള്‍ പലതും ഇന്ന് മുസ്‌ലിമീങ്ങള്‍ എന്ന് അവകാശപ്പെടുന്ന ചിലര്‍ അതു പോലെ ആവര്‍ത്തിക്കുന്നുണ്ട് എന്ന് അപ്പോള്‍ മാത്രമേ നമുക്ക് മനസ്സിലാകൂ.
മക്കയിലെ മുശ്രിക്കുകള്‍ വ്യത്യസ്തങ്ങളായ ആരാധ്യവസ്തുക്കളെ സ്വീകരിച്ചിരുന്നു. വെറും കല്ലിനെയും വിഗ്രഹങ്ങളെയും മാത്രം ആരാധിക്കുന്നവരായിരുന്നില്ല അവര്‍. വ്യത്യസ്തങ്ങളായ ആരാധ്യരും, വിവിധങ്ങളായ ആരാധനാ രീതികളും അവര്‍ വെച്ചു പുലര്‍ത്തിയിരുന്നു. ഇത് മനസ്സിലാക്കിയാല്‍ ‘വിഗ്രഹങ്ങളെ ആരാധിച്ചാല്‍ മാത്രമേ ശിര്‍ക്കാവൂ; ഔലിയാക്കളെയും അമ്പിയാക്കളെയും വിളിച്ച് പ്രാര്‍ഥിക്കുന്നതും സഹായം തേടുന്നതുമൊന്നും ശിര്‍ക്കില്‍ പെട്ടില്ല’ എന്ന ചിലരുടെ വാദം ഒട്ടും ശരിയല്ല എന്നു നമുക്ക് ബോധ്യപ്പെടും.
ശിര്‍ക്കിന്റെ അനേകം ഇനങ്ങളില്‍ പെട്ട ഒരു ഇനം തന്നെയാണ് വിഗ്രഹങ്ങളെ ആരാധിക്കുക എന്നത്. എന്നാല്‍ അത് മാത്രമേ ശിര്‍ക്കാവൂ എന്ന് പറയുന്നത് തെറ്റാണ്. അല്ലാഹുവിന് പുറമേ എന്തൊന്നിനെ വിളിച്ച് പ്രാര്‍ഥിക്കുകയും, അവക്ക് ഇബാദത്ത് നല്‍കുകയും ചെയ്താലും -അത് വിഗ്രഹമോ, മലക്കുകളോ, നബിമാരോ, ഔലിയാക്കളോ ആകട്ടെ- ശിര്‍ക്കാണ്.
ചിലര്‍ വിഗ്രഹങ്ങളെയാണ് ആരാധിച്ചിരുന്നതെങ്കില്‍, മറ്റു ചിലര്‍ സൂര്യനെയും ചന്ദ്രനെയും ആരാധിച്ചവരായിരുന്നു. മലക്കുകളെയും ജിന്നുകളെയും ശ്വൈത്വാന്മാരെയും വിളിച്ച് പ്രാര്‍ഥിച്ചവരും അക്കൂട്ടത്തിലുണ്ടായിരുന്നു. നബിമാരില്‍ പെട്ട ഈസ -عَلَيْهِ السَّلَامُ- യെയും, സ്വാലിഹീങ്ങളില്‍ പെട്ട ഉസൈര്‍ -عَلَيْهِ السَّلَامُ- യെയും ആരാധിച്ചവരുണ്ടായിരുന്നു. ഇതെല്ലാം ഖുര്‍ആനില്‍ തന്നെ പറയപ്പെട്ടിട്ടുണ്ട്.
സൂര്യനെയും ചന്ദ്രനെയും അവര്‍ ആരാധിച്ചിരുന്നു എന്നതിനുള്ള തെളിവ് അല്ലാഹുവിന്റെ ആയത്താണ്:
وَمِنْ آيَاتِهِ اللَّيْلُ وَالنَّهَارُ وَالشَّمْسُ وَالْقَمَرُ ۚ لَا تَسْجُدُوا لِلشَّمْسِ وَلَا لِلْقَمَرِ وَاسْجُدُوا لِلَّـهِ الَّذِي خَلَقَهُنَّ إِن كُنتُمْ إِيَّاهُ تَعْبُدُونَ ﴿٣٧﴾
“അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങള്‍ സുജൂദ് ചെയ്യരുത്. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന് നിങ്ങള്‍ സുജൂദ് ചെയ്യുക; നിങ്ങള്‍ അവനെയാണ് ഇബാദത് ചെയ്യുന്നതെങ്കില്‍.” (ഫുസ്സ്വിലത്: 37)
ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യുടെ കാലത്തുള്ളവര്‍ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും വിളിച്ചാരാധിച്ചിരുന്നതിനെ കുറിച്ചും, ഇബ്രാഹീം -عَلَيْهِ السَّلَامُ- അവര്‍ക്ക് മറുപടി പറഞ്ഞതും ഖുര്‍ആനില്‍ അല്ലാഹു -تَعَالَى- വിശദമായി വിവരിച്ചിട്ടുണ്ട്. (അന്‍ആം: 75-79)
അല്ലാഹുവിനോട് വളരെ സാമീപ്യമുണ്ടായിരുന്ന മലക്കുകളെ വിളിച്ചു പ്രാര്‍ഥിച്ചിരുന്നവരും മക്കയിലെ മുശ്രിക്കുകളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. സ്വാലിഹീങ്ങളായ മലക്കുകളോട് സഹായം തേടിയാല്‍ കുഴപ്പമില്ല; അത് ശിര്‍കാവില്ല എന്ന് അല്ലാഹുവോ റസൂലോ പഠിപ്പിച്ചില്ല. എപ്പോഴും അല്ലാഹുവിനെ ആരാധിക്കുന്ന മലക്കുകളെ വിളിച്ചു സഹായം തേടുന്നത് ശിര്‍കാണെങ്കില്‍ അതില്‍ താഴെയുള്ളവരെ വിളിച്ചു പ്രാര്‍ഥിക്കുന്നത് എത്ര ഗുരുതരമായിരിക്കും. മക്കാ മുശ്രിക്കുകള്‍ മലക്കുകളെ വിളിച്ചു പ്രാര്‍ഥിച്ചിരുന്നു എന്നതിനും തെളിവ് അല്ലാഹുവിന്റെ ആയതാണ്.
وَيَوْمَ يَحْشُرُهُمْ جَمِيعًا ثُمَّ يَقُولُ لِلْمَلَائِكَةِ أَهَـٰؤُلَاءِ إِيَّاكُمْ كَانُوا يَعْبُدُونَ ﴿٤٠﴾ قَالُوا سُبْحَانَكَ أَنتَ وَلِيُّنَا مِن دُونِهِم ۖ بَلْ كَانُوا يَعْبُدُونَ الْجِنَّ ۖ أَكْثَرُهُم بِهِم مُّؤْمِنُونَ ﴿٤١﴾
“അവരെ മുഴുവന്‍ അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം: അവന്‍ (അല്ലാഹു) മലക്കുകളോട് ചോദിക്കും: നിങ്ങളെയാണോ ഇക്കൂട്ടര്‍ ആരാധിച്ചിരുന്നത്? അവര്‍ പറയും: നീ എത്ര പരിശുദ്ധന്‍! നീയാണ് ഞങ്ങളുടെ വലിയ്യ് (രക്ഷാധികാരി). അവരല്ല. എന്നാല്‍ അവര്‍ ജിന്നുകളെയായിരുന്നു ആരാധിച്ചിരുന്നത്; അവരില്‍ അധികപേരും അവരില്‍ (ജിന്നുകളില്‍) വിശ്വസിക്കുന്നവരത്രെ.” (ആലു ഇംറാന്‍: 80)
അല്ലാഹുവിന്റെ റസൂലുകളില്‍ ഏറ്റവും ശ്രേഷ്ഠരായ ‘ഉലുല്‍ അസ്മി’ല്‍ പെട്ട നബിയാണല്ലോ ഈസ -عَلَيْهِ السَّلَامُ-? അദ്ദേഹത്തെ വിളിച്ചു പ്രാര്‍ഥിച്ചിരുന്നവരായിരുന്നു നസ്വാറാക്കള്‍. അല്ലാഹുവിന് വളരെ ഇഷ്ടപ്പെട്ട നബിയായതിനാല്‍ ഈസയെ നിങ്ങള്‍ ആരാധിച്ചോളൂ എന്നോ, അദ്ദേഹത്തോട് സഹായം തേടിക്കൂളൂ എന്നോ ഇസ്‌ലാം പഠിപ്പിച്ചില്ല. മറിച്ച് മരണശേഷമുള്ള പരലോകത്തില്‍ കഠിനമായ ശിക്ഷ ഈസ -عَلَيْهِ السَّلَامُ- യെ ആരാധിച്ചിരുന്നതിന്റെ പേരില്‍ നിങ്ങളെ കാത്തിരിക്കുന്നു എന്നാണ് അല്ലാഹു -تَعَالَى- അവര്‍ക്ക് താക്കീത് നല്‍കിയത്.
وَإِذْ قَالَ اللَّـهُ يَا عِيسَى ابْنَ مَرْيَمَ أَأَنتَ قُلْتَ لِلنَّاسِ اتَّخِذُونِي وَأُمِّيَ إِلَـٰهَيْنِ مِن دُونِ اللَّـهِ ۖ قَالَ سُبْحَانَكَ مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ ۚ إِن كُنتُ قُلْتُهُ فَقَدْ عَلِمْتَهُ ۚ تَعْلَمُ مَا فِي نَفْسِي وَلَا أَعْلَمُ مَا فِي نَفْسِكَ ۚ إِنَّكَ أَنتَ عَلَّامُ الْغُيُوبِ ﴿١١٦﴾
“അല്ലാഹു പറയുന്ന സന്ദര്‍ഭം; മര്‍യമിന്റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്റെ മാതാവിനെയും ആരാധ്യന്മാരാക്കി കൊള്ളൂ; എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളത് നീ അറിയും. നിന്റേത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍.” (മാഇദ: 116)
സ്വാലിഹീങ്ങളെയും ഔലിയാക്കളെയും ആരാധിച്ചിരുന്നു എന്നതിനുള്ള തെളിവും ഖുര്‍ആനിലെ ആയത്ത് തന്നെ:
أُولَـٰئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ الْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُ وَيَخَافُونَ عَذَابَهُ ۚ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا ﴿٥٧﴾
“അവര്‍ വിളിച്ച് പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ റബ്ബിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്റെ കാരുണ്യം ആഗ്രഹിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു.” (ഇസ്റാഅ്: 57)
മേല്‍ പറഞ്ഞവരോടെല്ലാം നബി -ﷺ- ഒരേ നിലപാടാണ് സ്വീകരിച്ചത്. അവരെയെല്ലാം അല്ലാഹുവും റസൂലും വിശേഷിപ്പിച്ചത് മുഷ്രിക്കുകള്‍ എന്ന് തന്നെയാണ്. നബിമാരെ വിളിച്ച് പ്രാര്‍ഥിച്ചവരും, മലക്കുകളെ ആരാധിച്ചവരും, സ്വാലിഹീങ്ങളോട് സഹായം തേടിയവരുമെല്ലാം, കല്ലുകളെയും വിഗ്രഹങ്ങളെയും ആരാധിച്ച മുഷ്രിക്കുകളോടൊപ്പം തന്നെയാണ് അവിടുന്ന് നിര്‍ത്തിയത്.
ഇക്കാര്യം ഇന്നുള്ളവര്‍ക്കും ബാധകമാണ്. ഈസ നബി -عَلَيْهِ السَّلَامُ- യെ വിളിച്ചു പ്രാര്‍ഥിക്കുകയും, അദ്ദേഹത്തോട് സഹായം ചോദിക്കുകയും ചെയ്തവര്‍ നബി -ﷺ- യുടെ അടുക്കല്‍ മുഷ്രിക്കുകളായാണ് പരിഗണിക്കപ്പെട്ടതെങ്കില്‍, അദ്ദേഹത്തെക്കാള്‍ പദവികള്‍ എത്രയോ താഴെയുള്ള മുഹ്യുദ്ദീന്‍ ശൈഖിനെയും, രിഫാഈ ശൈഖിനെയുമൊക്കെ വിളിച്ച് പ്രാര്‍ഥിക്കുന്നവര്‍ എന്തു കൊണ്ടും ‘മുഷ്രിക്’ എന്ന പേരിന് അര്‍ഹരാണ്. ചുരുക്കത്തില്‍, വിഗ്രഹങ്ങളെ ആരാധിക്കുമ്പോള്‍ മാത്രമല്ല -ഔലിയാക്കളെയും അമ്പിയാക്കളെയും സ്വാലിഹീങ്ങളെയും ആരാധിച്ചാലും- അത് ശിര്‍ക്ക് തന്നെ.
ഈ പാഠം മുസ്‌ലിംകളാണ് എന്ന് അവകാശപ്പെടുന്ന പലര്‍ക്കും ഇന്ന് അറിയാതെ പോയിരിക്കുന്നു. അവരുടെ ധാരണ കല്ലുകളെയും വിഗ്രഹങ്ങളെയും ആരാധിച്ചാല്‍ മാത്രമേ ശിര്‍കാവൂ എന്നാണ്. ഈ അജ്ഞത അവരെ ഇസ്‌ലാമില്‍ നിന്ന് പുറത്തെത്തിക്കുകയും കാഫിറുകളുടെ വിശ്വാസം പേറുന്നവരാക്കി മാറ്റുകയും ചെയ്തിരിക്കുന്നു. അല്ലാഹുവില്‍ അഭയം! അല്ല! കേരളത്തില്‍ ചിലയിടങ്ങളിലെല്ലാം മുസ്‌ലിം വേഷദാരികള്‍ കല്ലുകളെയും മരങ്ങളെയും ആരാധിക്കുന്ന അവസ്ഥയില്‍ വരെ എത്തിയിരിക്കുന്നു. ഇസ്‌ലാമിനെ കുറിച്ചുള്ള ഈ അജ്ഞതയില്‍ നിന്ന് മുസ്‌ലിം ഉമ്മത്തിനെ രക്ഷപ്പെടുത്തേണ്ട ബാധ്യത ഓരോ മുസ്‌ലിമിനെയും ഓര്‍മ്മപ്പെടുത്തുകയാണ് ഇത്തരം സംഭവങ്ങള്‍.
അല്ലാഹു -تَعَالَى- മുസ്‌ലിംകളെ എല്ലാ ശിര്‍കില്‍ നിന്നും കാത്തു രക്ഷിക്കുകയും, തൗഹീദ് വാക്കിലും പ്രവൃത്തിയിലും വിശ്വാസത്തിലും മുറുകെ പിടിക്കുന്നവരാക്കി തീര്‍ക്കുകയും ചെയ്യട്ടെ. അല്ലാഹുവിന്റെ ദീനില്‍ വിവരമുള്ളവരും അത് പ്രാവര്‍ത്തികമാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരില്‍ അവന്‍ നാമേവരെയും ഉള്‍പ്പെടുത്തട്ടെ. (ആമീന്‍)
وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.
كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد
أَصْلُهُ: رِسَالَةٌ كَتَبَهَا الشَّيْخُ فَيْصَلُ بْنُ قَزَّار الجَاسِم
تَجْرِيدُ التَّوْحِيدِ مِنْ دَرَنِ الشِّرْكِ وَشُبَهِ التَّنْدِيدِ
-غَفَرَ اللَّهُ لَهُمَا وَلِوَالِدَيْهِمَا وَلِجَمِيعِ المُسْلِمِينَ-
وعليكم السلام ورحمة الله وبركاته
عَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا، قَالَ: كَانَ الْمُشْرِكُونَ يَقُولُونَ: لَبَّيْكَ لَا شَرِيكَ لَكَ، قَالَ: فَيَقُولُ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «وَيْلَكُمْ، قَدْ قَدْ» فَيَقُولُونَ: إِلَّا شَرِيكًا هُوَ لَكَ، تَمْلِكُهُ وَمَا مَلَكَ، يَقُولُونَ هَذَا وَهُمْ يَطُوفُونَ بِالْبَيْتِ
ഹദീസ് മുസ്ലിമാണ് ഉദ്ധരിച്ചത്. നമ്പര്‍: 1185. കിതാബുല്‍ ഹജ്ജ്/ബാബുത്തല്‍ബിയ.
السلام عليكم ورحمة الله
ഈ വിഷയത്തിൽ ഇക്രിമ (റ) ഒരു ഹദീസ് സ്വഹീഹ് ബുഖാരിയിൽ ഉള്ളത് പറഞ്ഞത് , അത് ഏത് volume , ഏത് ബുക്ക് , ഹദീസ് നമ്പർ എന്ന ക്രമത്തിൽ ഒന്ന് പറഞ്ഞു തരുമോ ?
بارك الله فيك