ഇബാദത്തുകളുടെ കൂട്ടത്തില്‍ വളരെ മഹത്തരമായ ഇബാദതാണ് ‘ദുആ’. ദുആ രണ്ട് ഇനങ്ങളാണ്.
ഒന്ന്: ദുആഉ ഇബാദഃ.
നീ ഏതൊരു ഇബാദത് ചെയ്യുമ്പോഴും അതിലെല്ലാം ഒരു പ്രാര്‍ഥന അടങ്ങിയിട്ടുണ്ട്. നിസ്കാരം ആദ്യം മുതല്‍ അവസാനം വരെ പ്രാര്‍ഥനകളിലൂടെയാണ് മുന്നോട്ടു പോകുന്നത്. സകാത് നല്‍കുമ്പോള്‍ ‘അല്ലാഹുവേ! ഇതെന്റെ പക്കല്‍ നിന്ന് നീ സ്വീകരിക്കണമേ’ എന്ന തേട്ടം നിന്റെ മനസ്സില്‍ ഉണ്ടാകാതിരിക്കില്ല. എല്ലാ ഇബാദതുകളുടെയെല്ലാം സത്തയും മജ്ജയും പ്രാര്‍ഥനയാണ്. അല്ല! പ്രാര്‍ഥനയില്ലെങ്കില്‍ ആ ഇബാദത്തുകള്‍ക്കൊന്നും തന്നെ നിലനില്‍പ്പില്ല.
عَنِ النُّعْمَانِ بْنِ بَشِيرٍ: قَالَ رَسُولُ اللَّهِ -ﷺ-: «الدُّعَاءُ هُوَ العِبَادَةُ»
നുഅ്മാനു ബ്നു ബഷീര്‍ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ദുആ; അത് തന്നെയാണ് ഇബാദത്ത്.” (അഹ്മദ്: 18378)
രണ്ട്: ദുആഉ മസ്അലഃ.
അല്ലാഹുവിനോട് നിന്റെ ആവശ്യങ്ങള്‍ സമര്‍പ്പിച്ചു കൊണ്ട് നീ നടത്തുന്ന സഹായതേട്ടങ്ങളാണ് ദുആഉ മസ്അലഃ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ദുആ എന്നാല്‍ പ്രാര്‍ഥനയാണെന്ന് നാം പറയാറുള്ളത് പലപ്പോഴും ഈ അര്‍ഥത്തിലാണ്. ‘അല്ലാഹുവേ! എന്റെ പ്രയാസങ്ങള്‍ നീക്കിത്തരണേ’, ‘എന്റെ രോഗങ്ങള്‍ ശിഫയാക്കണേ’, ‘എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കണേ’ എന്നിങ്ങനെയുള്ള തേട്ടങ്ങളെല്ലാം ദുആഉ മസ്അലയാണ്.
മേല്‍ പറഞ്ഞ രണ്ട് ഇനം ദുആഉകളും അല്ലാഹുവിന് മാത്രമേ സമര്‍പ്പിക്കാവൂ. എത്രയോ ആയതുകളില്‍ അല്ലാഹു -تَعَالَى- ഇക്കാര്യം നമ്മെ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.
അല്ലാഹു -تَعَالَى- പറഞ്ഞു:
وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ ﴿٦٠﴾
“നിങ്ങളുടെ റബ്ബ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് ദുആ ചെയ്യൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ഇബാദത് ചെയ്യാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച.” (ഗാഫിര്‍: 60)
ഈ ആയത് ദുആഇനെ മനസ്സിലാക്കുന്നതില്‍ ഒരു അടിസ്ഥാനമാണ്. അനേകം പാഠങ്ങള്‍ അവ ഉള്‍ക്കൊള്ളുന്നുണ്ട്. അതില്‍ ചിലത് താഴെ എണ്ണമിട്ടു നല്‍കാം.
ഒന്ന്: പ്രാര്‍ത്ഥന ഇബാദതാണ്; ഇബാദത് അല്ലാഹുവല്ലാത്തവര്‍ക്ക് നല്‍കല്‍ ശിര്‍കുമാണ്.
നബി -ﷺ- ഈ ആയത് വിശദീകരിച്ചു കൊണ്ടാണ് ‘പ്രാര്‍ത്ഥന; അതു തന്നെ ഇബാദത്’ എന്ന പ്രസിദ്ധമായ ഹദീസ് പറഞ്ഞത്.ആയതിന്റെ ഘടന സൂക്ഷ്മമായി വിശദീകരിക്കുന്നവര്‍ക്ക് ഇക്കാര്യം മനസ്സിലാകും. തുടക്കത്തില്‍ എന്നോട് ദുആ ചെയ്യൂ എന്നാണുള്ളതെങ്കില്‍, ആയതിന്റെ അവസാനത്തില്‍ ഈ പ്രവൃത്തിയെ ഇബാദതായാണ് വിശേഷിപ്പിച്ചത്. ഇതില്‍ നിന്ന് ദുആഉം ഇബാദതും ഒന്ന് തന്നെയാണെന്ന് മനസ്സിലാക്കാം. ഈ ആയതിന്റെ വിശദീകരണത്തില്‍ ഇമാം ത്വബരി -رَحِمَهُ اللَّهُ- നല്‍കിയ ഒരു അഥര്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാക്കും.
عَنْ ثَابِتٍ، قَالَ: قُلْتُ لِأَنَسٍ: يَا أَبَا حَمْزَةَ! أَبَلَغَكَ أَنَّ الدُّعَاءَ نِصْفُ العِبَادَةِ؟ قَالَ: «لَا! بَلْ هُوَ العِبَادَةُ كُلُّهَ»
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- വിനോട് ചോദിക്കപ്പെട്ടു: ദുആ ഇബാദതിന്റെ പകുതിയാണെന്ന് താങ്കള്‍ കേട്ടിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു: അല്ല! ദുആ പൂര്‍ണ്ണമായും ഇബാദത് തന്നെയാണ്. (തഫ്സീറുത്വബരി: 21/408)
രണ്ട്: അല്ലാഹുവിനോട് ദുആ ചെയ്യുന്നത് അവന് ഇഷ്ടമാണ്; അതു കൊണ്ടാണ് അല്ലാഹു അവനെ വിളിച്ചു പ്രാര്‍ഥിക്കാന്‍ നമ്മോട് കല്‍പ്പിച്ചത്.
ഈ അര്‍ത്ഥത്തില്‍ നബി -ﷺ- യുടെ ഹദീസും വന്നിട്ടുണ്ട്. അവിടുന്നു പറഞ്ഞു:
عَنْ عَبْدِ اللَّهِ قَالَ قَالَ رَسُولُ اللَّهِ -ﷺ-: « سَلُوا اللَّهَ مِنْ فَضْلِهِ فَإِنَّ اللَّهَ عَزَّ وَجَلَّ يُحِبُّ أَنْ يُسْأَلَ … »
അബ്ദുല്ലാഹി ബ്നു മസ്ഊദ് -ِرَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങള്‍ അല്ലാഹുവിന്റെ ഔദാര്യത്തില്‍ നിന്ന് അവനോടു ചോദിക്കുക. തീര്‍ച്ചയായും അല്ലാഹു അവനോട് ചോദിക്കുന്നത് ഇഷ്ടപ്പെടുന്നു.” (തിര്‍മിദി)
മൂന്ന്: അല്ലാഹുവിനോട് ദുആ ചെയ്‌താല്‍ ഉത്തരം നല്‍കുമെന്നത് അവന്റെ വാഗ്ദാനമാണ്; അല്ലാഹു ഒരിക്കലും വാഗ്ദാനം ലംഘിക്കില്ല.
പണ്ഡിതന്മാരില്‍ ചിലര്‍ ഈ ആയതിന്റെ വിശദീകരണത്തില്‍ പറഞ്ഞതായി കാണാം. നിങ്ങള്‍ എന്നെ വിളിച്ചു പ്രാര്‍ഥിക്കൂ എന്നത് അല്ലാഹു നമ്മെ വിളിച്ചു പറഞ്ഞ കാര്യമാണ്. അല്ലാഹുവിന്റെ വിളിക്ക് നാം ഉത്തരം നല്‍കുകയും അവനെ നാം വിളിച്ചു പ്രാര്‍ഥിക്കുകയും ചെയ്‌താല്‍ അവന്‍ നമ്മുടെ വിളിക്ക് ഉത്തരം നല്‍കും. അതിനാല്‍ പ്രാര്‍ഥിക്കുമ്പോള്‍ ഉത്തരം കിട്ടുമെന്ന ഉറപ്പോടെ പ്രാര്‍ഥിക്കണം.
عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «ادْعُوا اللَّهَ وَأَنْتُمْ مُوقِنُونَ بِالإِجَابَةِ »
അബൂ ഹുറൈറ -ِرَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ഉത്തരം ലഭിക്കുമെന്ന ഉറപ്പോടെ നിങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുക.” (തിര്‍മിദി)
നാല്: അല്ലാഹുവിനോട് ദുആ ചെയ്യുന്നത് ഒഴിവാക്കുന്നത് അഹങ്കാരമാണ്.
നാം അല്ലാഹുവിന്റെ ദാസന്മാരാണ്. അവര്‍ അല്ലാഹുവിനോട് ചോദിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു കൊണ്ടിരിക്കേണ്ടവരാണ്. സ്വന്തം ദൌര്‍ബല്യവും അശക്തിയും അവന്റെ റബ്ബിന്റെ മുന്നില്‍ പ്രകടമാക്കുന്ന സന്ദര്‍ഭമാണ് പ്രാര്‍ത്ഥനയുടെ വേള. അതൊരാള്‍ ഒഴിവാക്കുന്നെങ്കില്‍ അവന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന അഹങ്കാരമല്ലാതെ മറ്റൊന്നും അത് തെളിയിക്കുന്നില്ല.
അല്ലാഹു -تَعَالَى- പറഞ്ഞത് നോക്കൂ:
قُلْ مَا يَعْبَأُ بِكُمْ رَبِّي لَوْلَا دُعَاؤُكُمْ ۖ فَقَدْ كَذَّبْتُمْ فَسَوْفَ يَكُونُ لِزَامًا ﴿٧٧﴾
“(നബിയേ,) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ് ? എന്നാല്‍ നിങ്ങള്‍ നിഷേധിച്ച് തള്ളിയിരിക്കുകയാണ്. അതിനാല്‍ അതിനുള്ള ശിക്ഷ അനിവാര്യമായിരിക്കും.” (ഫുര്‍ഖാന്‍: 77)
അഞ്ച്: അല്ലാഹുവിനോടുള്ള ദുആ ഒഴിവാക്കുന്നത് തന്നെ അഹങ്കാരമാണെങ്കില്‍ അവന് മാത്രം അവകാശപ്പെട്ട ദുആ മറ്റുള്ളവര്‍ക്ക് നല്‍കുന്നത് എന്തു മാത്രം ഗുരുതരമായിരിക്കും?!
അല്ലാഹുവല്ലാത്തവരോട് ദുആ ചെയ്യുന്നതിന്റെ ഗൌരവം ബോധ്യപ്പെടുത്തുന്ന ചിന്തയാണിത്. മുന്‍പുള്ള കുറിപ്പുകളില്‍ ആവര്‍ത്തിച്ചു പറഞ്ഞതു പോലെ അല്ലാഹുവിന് പുറമെയുള്ളവര്‍ക്ക് ഇബാദത് ചെയ്യുന്നത് തനിച്ച ശിര്‍കാണ്. ഏറ്റവും ഗുരുതരമായ തിന്മ. ഇബാദതുകളുടെ കൂട്ടത്തില്‍ ഏറ്റവും മഹത്തരമായ ദുആ അല്ലാഹുവല്ലാത്തവര്‍ക്ക് നല്‍കുമ്പോള്‍ തന്റെ ദീനില്‍ എത്ര ഗുരുതരമായ പാതകമാണ് അവന്‍ ചെയ്യുന്നത് എന്ന് എല്ലാവരും ഓര്‍ക്കട്ടെ.
ചുരുക്കത്തില്‍, ദുആ അല്ലാഹുവിന് മാത്രമാക്കുക എന്ന ഈ അടിസ്ഥാനം വളരെ പ്രധാനപ്പെട്ട നിയമം തന്നെയാണ്. എന്നാല്‍ എത്രയോ പേര്‍ ഇത്തരം വിഷയങ്ങളില്‍ അശ്രദ്ധരും യാതൊരു ഗൌരവവുമില്ലാത്തവരുമായി മാറിയിരിക്കുന്നു. പറഞ്ഞു വന്ന വിഷയത്തിലേക്ക് മടങ്ങാം; അല്ലാഹു -تَعَالَى- യെ മാത്രമേ വിളിച്ചു പ്രാര്‍ഥിക്കാവൂ എന്ന കാര്യം ഖുര്‍ആനില്‍ അല്ലാഹു വീണ്ടുംവീണ്ടും ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.
അല്ലാഹു -تَعَالَى- പറഞ്ഞു:
هُوَ الْحَيُّ لَا إِلَـٰهَ إِلَّا هُوَ فَادْعُوهُ مُخْلِصِينَ لَهُ الدِّينَ ۗ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ﴿٦٥﴾
“അവനാകുന്നു എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. അവനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ കീഴ്‌വണക്കം അവന് നിഷ്കളങ്കമാക്കിക്കൊണ്ട് നിങ്ങള്‍ അവനോട് ദുആ ചെയ്യുക. റബ്ബുല്‍ ആലമീനായ (ലോകങ്ങളുടെ രക്ഷിതാവ്) അല്ലാഹുവിന്ന് സ്തുതി.” (ഗാഫിര്‍: 65)
അല്ലാഹു -تَعَالَى- പറഞ്ഞു:
وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا ﴿١٨﴾
“മസ്ജിദുകള്‍ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും ദുആ ചെയ്യരുത്.” (ജിന്ന്: 18)
قَالَ القُرْطُبِيُّ: «هَذَا تَوْبِيخٌ لِلْمُشْرِكِينَ فِي دُعَائِهِمْ مَعَ اللَّهِ غَيْرَهُ فِي الْمَسْجِدِ الْحَرَامِ. وَقَالَ مُجَاهِدٌ: كَانَتِ الْيَهُودُ وَالنَّصَارَى إِذَا دَخَلُوا كَنَائِسَهُمْ وَبِيَعَهُمْ أَشْرَكُوا بِاللَّهِ، فَأَمَرَ اللَّهُ نَبِيَّهُ وَالْمُؤْمِنِينَ أَنْ يُخْلِصُوا لِلَّهِ الدَّعْوَةَ إِذَا دَخَلُوا الْمَسَاجِدَ كُلَّهَا»
ഇമാം ഖുര്‍ത്വുബി -رَحِمَهُ اللَّهُ- ഈ ആയതിന്റെ തഫ്സീറില്‍ പറഞ്ഞു: “മസ്ജിദുല്‍ ഹറമില്‍ അല്ലാഹുവിന് പുറമെയുള്ളവരെ വിളിച്ചു പ്രാര്‍ഥിക്കുന്ന മുശ്രിക്കുകള്‍ക്കുള്ള ആക്ഷേപമാണ് ഈ ആയതില്‍ ഉള്ളത്. മുജാഹിദ് -رَحِمَهُ اللَّهُ- പറഞ്ഞു: “യഹൂദരും നസ്വാറാക്കളും തങ്ങളുടെ ആരാധനാലയങ്ങളില്‍ പ്രവേശിച്ചാല്‍ അല്ലാഹുവില്‍ പങ്കു ചേര്‍ക്കാറുണ്ടായിരുന്നു. അതിനാല്‍ അവന്‍ തന്റെ നബിയായ മുഹമ്മദ് -ﷺ- യോടും മുഅമിനീങ്ങളോടും -അവര്‍ മസ്ജിദുകളില്‍ പ്രവേശിച്ചാല്‍- അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാര്‍ഥിക്കണമെന്ന് (ഈ ആയത്തില്‍) കല്‍പ്പിച്ചിരിക്കുന്നു.” (തഫ്സീറുല്‍ ഖുര്‍ത്വുബി: 19/22)
നോക്കൂ!
അല്ലാഹു നമ്മോട് കല്‍പ്പിച്ചത് മസ്ജിദുകളില്‍ അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാര്‍ഥിക്കാനാണ്. എന്നാല്‍ നമ്മുടെ മസ്ജിദുകളുടെ കാര്യമെന്താണ്? പല മസ്ജിദുകളും ‘ജാറം അച്ചാറ്റ്ട്’ ആയി മാറിയിരിക്കുന്നു. മസ്ജിദുകള്‍ എന്നു പേരിട്ടു വിളിക്കുന്ന ചില സ്ഥലങ്ങളിലേക്ക് ജനങ്ങള്‍ വരുന്നതിന്റെ കാരണം തന്നെ അവിടെയുള്ള ജാറം മാത്രമാണ്. മദീനയിലെ റസൂലുല്ലയുടെ -ﷺ- മസ്ജിദില്‍ വന്നാല്‍ പോലും -അല്ലാഹുവിന് വേണ്ടി രണ്ട് റക്അത് നിസ്കരിക്കാന്‍ പോലും സമയമില്ലാതെ- റസൂലുല്ലയുടെ ഖബറിലേക്ക് തിരിഞ്ഞു നിന്ന് പ്രാര്‍ഥിക്കുന്നവരെ കാണാം!
സുബ്ഹാനല്ലാഹ്! മുസ്‌ലിം സമൂഹമേ! നാം എത്തിപ്പെട്ട അധപതനം എത്ര ആഴമുള്ളതാണ് എന്ന് ചിന്തിച്ചു നോക്കൂ!
അല്ലാഹു -تَعَالَى- പറയുന്നത് നോക്കൂ:
وَمَنْ أَضَلُّ مِمَّن يَدْعُو مِن دُونِ اللَّهِ مَن لَّا يَسْتَجِيبُ لَهُ إِلَىٰ يَوْمِ الْقِيَامَةِ وَهُمْ عَن دُعَائِهِمْ غَافِلُونَ ﴿٥﴾
“അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ ദുആ ചെയ്യുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവര്‍ ദുആ ചെയ്യുന്നതിനെ കുറിച്ച് അശ്രദ്ധരാകുന്നു.” (അഹ്ഖാഫ്: 5)
ഇബ്‌നു അബ്ബാസ് -ِرَضِيَ اللَّهُ عَنْهُ- വിനെ ഉപദേശിക്കവെ നബി -ﷺ- പറഞ്ഞു:
إِذَا سَأَلْتَ فَاسْأَلْ اللَّهَ, وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ
“നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക! നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് സഹായം തേടുക.” (തിര്‍മിദി)
അല്ലാഹുവിനോട് ചോദിക്കാനാണ് ഖുര്‍ആനും സുന്നത്തും നമ്മെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പഠിപ്പിച്ചത്. എന്നാല്‍ നമ്മുടെ നാട്ടിലെ പുരോഹിതന്മാര്‍ എപ്പോഴെങ്കിലും അല്ലാഹുവിനോട് പ്രാര്‍ഥിച്ചു കൊണ്ടേയിരിക്കാനും, അവനില്‍ പ്രതീക്ഷയര്‍പ്പിക്കാനും ഭരമേല്‍പ്പിക്കാനും ഓര്‍മ്മപ്പെടുത്തുന്നത് നാം കേട്ടിട്ടുണ്ടോ?! നാം മേലെ വായിച്ച തെളിവുകളില്‍ നിന്ന് അല്ലാഹുവിങ്കല്‍ എന്തു മാത്രം പ്രാധാന്യമുള്ള ഇബാദതാണ് പ്രാര്‍ത്ഥനയും സഹായതേട്ടവും എന്ന് ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും. ഇബാദതുകള്‍ അല്ലാഹുവിന് മാത്രം നല്‍കേണ്ടതാണെന്നും, അതിന് വേണ്ടിയാണ് അല്ലാഹു -تَعَالَى- നമ്മെ പടച്ചിട്ടുള്ളതെന്നും കഴിഞ്ഞ കുറിപ്പുകളില്‍ നാം മനസ്സിലാക്കിയിട്ടുണ്ട്.
അപ്പോള്‍ എങ്ങനെയാണ് അല്ലാഹുവിനെ ഭയക്കുന്ന ഒരാള്‍ക്ക് നബിമാരെയോ മലക്കുകളെയോ ഔലിയാക്കളെയോ സ്വാലിഹീങ്ങളെയോ വിളിച്ചു പ്രാര്‍ഥിക്കാനാവുക?! ഇസ്‌ലാമില്‍ നിന്ന് തന്നെ പുറത്തു പോകുന്ന ഏറ്റവും ഗുരുതരമായ തിന്മ -ശിര്‍ക്- പ്രവര്‍ത്തിക്കാനും അതാണ് തൗഹീദ് എന്ന് വാദിക്കാനും അവന് സാധിക്കുക?!
അപ്പോള്‍ എങ്ങനെയാണ് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരാള്‍ക്ക് പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും മരിച്ചു പോയ ഖബറാളികളോട് അവ നീക്കിതരാനും നന്മകള്‍ നേടിയെടുക്കാനും ചോദിക്കാന്‍ സാധിക്കുക?! ഏതൊരു മുസ്‌ലിമും മനസ്സിലാക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ട ഈ പാഠം അവഗണിച്ചും അതിനെ കുറിച്ച് അശ്രദ്ധയിലായി കൊണ്ടും എങ്ങനെയാണ് അവന്‍ ജീവിതം കഴിച്ചു കൂട്ടുക?!
അല്ലാഹു നാമേവരെയും തൌഹീദില്‍ ഉറപ്പിച്ചു നിര്‍ത്തുകയും, ശിര്‍കില്‍ നിന്ന് പൂര്‍ണ്ണമായി രക്ഷപ്പെടുത്തുകയും ചെയ്യട്ടെ.
وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.
كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد
أَصْلُهُ: رِسَالَةٌ كَتَبَهَا الشَّيْخُ فَيْصَلُ بْنُ قَزَّار الجَاسِم
تَجْرِيدُ التَّوْحِيدِ مِنْ دَرَنِ الشِّرْكِ وَشُبَهِ التَّنْدِيدِ
-غَفَرَ اللَّهُ لَهُمَا وَلِوَالِدَيْهِمَا وَلِجَمِيعِ المُسْلِمِينَ-
Allahu Akbar 🤲
Ma shaa allahh ✨
👍👍
ما شاء الله