അല്ലാഹു -تَعَالَى- റസൂലുകളെ പറഞ്ഞയച്ചതും, അവരുടെ കൈകളില്‍ അല്ലാഹുവിന്റെ വചനങ്ങള്‍ ഉള്‍ക്കൊള്ളുന്ന അവന്റെ ഗ്രന്ഥങ്ങള്‍ കൊടുത്തയച്ചതും അല്ലാഹു -تَعَالَى- അറിയിച്ചു കൊടുത്ത രൂപത്തില്‍ മനുഷ്യര്‍ അല്ലാഹുവിനെ ആരാധിക്കുന്നതിനു വേണ്ടിയാണ്. ജനങ്ങള്‍ അവര്‍ക്ക് തോന്നിയതു പോലെ ആരാധിക്കുന്നതിന് വേണ്ടിയായിരുന്നെങ്കില്‍ ഒരിക്കലും അല്ലാഹു അവതരിപ്പിച്ച മതത്തില്‍ നിയമങ്ങളും വിധിവിലക്കുകളും വേണ്ടതില്ലായിരുന്നു. ഓരോരുത്തരും അവരവര്‍ക്ക് മനസ്സിലാകുന്നത് പോലെ അല്ലാഹുവിനെ ആരാധിക്കണം എന്നു മാത്രം അവരോടു കല്പ്പിച്ചാല് മതിയായിരുന്നു.
എന്നാല്‍ ഓരോ സമുദായത്തിലേക്ക് നബിമാരെ അയക്കുമ്പോഴും അല്ലാഹു -تَعَالَى- അവനെ ആരാധിക്കേണ്ടതിന്റെ രൂപം കൂടി ജനങ്ങള്‍ക്ക് പഠിപിച്ചു നല്കാന് നബിമാരോട് കല്പ്പിച്ചു. ഓരോ സമുദായത്തിലേക്കും നബിമാര്‍ നിയോഗിക്കപ്പെട്ടതിന്റെ പിന്നിലെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന് ഇതായിരുന്നു.
അല്ലാഹു -تَعَالَى- പറഞ്ഞു:
وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚ
“നിങ്ങള്‍ക്കു റസൂല്‍ നല്കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക.” (ഹശ്ര്: 7)
وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّـهِ ۚ
“അല്ലാഹുവിന്റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു റസൂലിനെയും അയച്ചിട്ടില്ല.” (നിസാഅ: 64)
മനുഷ്യര്‍ അല്ലാഹുവിനെ എങ്ങനെയാണ് ആരാധിക്കേണ്ടത് എന്ന കാര്യം അറിയാന്‍ നബിമാര്‍ പറയുന്നത് കേള്‍ക്കുകയല്ലാതെ മറ്റൊരു വഴിയും നമ്മുടെ മുന്നിലില്ല. എന്തെല്ലാം കാര്യങ്ങള്‍ അല്ലാഹുവിന് ഇഷ്ടമാണെന്നും, ഏതെല്ലാം കാര്യങ്ങളാണ് അല്ലാഹുവിന് വെറുപ്പുള്ളതെന്നും മനസ്സിലാക്കാനും നമ്മുടെ മുന്നില്‍ വേറെ വഴിയില്ല. അവയെല്ലാം നബിമാര്‍ തന്നെ നമുക്ക് വിശദീകരിച്ചു തരണം.
നബി -ﷺ- യുടെ വാക്ക് ഈ പറഞ്ഞതിനോട് നമുക്ക് ചേര്‍ത്തു വെക്കാം. അവിടുന്നു പറഞ്ഞു:
«لَيْسَ مِنْ عَمَلٍ يُقَرِّبُ إِلَى الجَنَّةِ إِلَّا وَقَدْ أَمَرْتُكُمْ بِهِ، وَلَا عَمَلٍ يُقَرِّبُ إِلَى النَّارِ إِلَّا قَدْ نَهَيْتُكُمْ عَنْهُ»
“” സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുന്ന ഒരു പ്രവര്‍ത്തനവും ഞാന്‍ നിങ്ങളോട് കല്‍പ്പിക്കാതെ ഇല്ല. നരകത്തിലേക്ക് അടുപ്പിക്കുന്ന ഒരു പ്രവര്‍ത്തനവും ഞാന്‍ നിങ്ങളോട് വിലക്കാതെയും ഇല്ല.” (ഹാകിം: 2/5)
നബി -ﷺ- ഇക്കാര്യം -എങ്ങനെയാണ് അല്ലാഹുവിനെ ആരാധിക്കേണ്ടതെന്ന കാര്യം- ഏറ്റവും പൂര്‍ണ്ണമായ രൂപത്തില്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഇനിയൊരാളും അധികമായി ഒന്നും കൂട്ടിച്ചേര്ക്കേണ്ടതില്ലാത്ത വണ്ണം ഖുര്‍ആനിലും സുന്നത്തിലും ഒരു മനുഷ്യനെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരവുമുണ്ട്. അതു കൊണ്ടാണല്ലോ ഹജ്ജതുല് വദാഇല് അല്ലാഹു -تَعَالَى- ഖുര്‍ആനിലെ മനോഹരമായ ഈ ആയത് അവതരിപ്പിച്ചത്.
الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ۚ
“ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. ” (മാഇദ: 3)
അതിനാല്‍ ആരെങ്കിലും ഹിദായത് (സന്മാര്ഗം) ആഗ്രഹിക്കുന്നെങ്കില്‍; സൌഭാഗ്യമാണ് അവന്റെ ലക്ഷ്യമെങ്കില്‍; നബി -ﷺ- പഠിപ്പിച്ചു തന്ന മാര്‍ഗത്തില്‍ അവന് പ്രവേശിക്കട്ടെ. അവിടുന്നു അറിയിച്ചു തന്ന ഇബാദതുകളും സുന്നത്തുകളും മുറുകെ പിടിക്കട്ടെ. അതില്‍ യാതൊന്നും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതിരിക്കട്ടെ.
അല്ലാഹുവിന്റെ ദീനില്‍ നബി -ﷺ- പഠിപ്പിച്ചതല്ലാത്ത എന്തെങ്കിലും വഴികള്‍ പുതുതായി ഉണ്ടാക്കുന്നത് അവിടുന്ന് ശക്തമായി വിലക്കിയിട്ടുണ്ട്. നബി -ﷺ- പറഞ്ഞു:
«مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ» وفي رواية: «مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ»
“ആരെങ്കിലും നമ്മുടെ ഈ (ദീനിന്റെ) കാര്യത്തില്‍ പുതുതായി എന്തെങ്കിലും ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാകുന്നു.” (ബുഖാരി: 2550, മുസ്ലിം: 17180) മറ്റൊരു രിവായതില്‍ ഇപ്രകാരമാണ് ഉള്ളത്: “ആരെങ്കിലും നമ്മുടെ കല്പ്പനയില്ലാത്ത ഒരു പ്രവൃത്തി ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്.” (മുസ്ലിം: 1719)
നബി -ﷺ- പഠിപ്പിക്കാത്ത എല്ലാ ഇബാദതുകളും തള്ളപ്പെടേണ്ടതാണെന്ന് ഈ ഹദീസ് വ്യക്തമായി നമ്മെ പഠിപ്പിക്കുന്നുണ്ട്. കാരണം ഇബാദതുകള്‍ ദീനിന്റെ കാര്യത്തില്‍ പെട്ടതാണ്. അതില്‍ നബി -ﷺ- പഠിപ്പിക്കാത്ത എന്തൊന്നു കൊണ്ട് വന്നാലും അത് തള്ളിക്കളയണമെന്നാണ് നമ്മുടെ റസൂല്‍ -ﷺ- നമ്മെ പഠിപ്പിച്ചിരിക്കുന്നത്. നബി -ﷺ- പറഞ്ഞു:
«فَإِنَّهُ مَنْ يَعِشْ مِنْكُمْ بَعْدِي فَسَيَرَى اخْتِلَافًا كَثِيراً، فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الخُلَفَاءِ الرَّاشِدِينَ المَهْدِيِّينَ، تَمَسَّكُوا بِهَا وَعَضُّوا عَلَيْهَا بِالنَّوَاجِذِ، وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ، فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ، وَكُلَّ بِدْعَةٍ ضَلَالَةٌ»
“നിങ്ങളില്‍ എനിക്ക് ശേഷം ജീവിക്കുന്നവര്‍ ധാരാളം അഭിപ്രായ വ്യത്യാസങ്ങള്‍ കാണും. അപ്പോള്‍ നിങ്ങള്‍ എന്റെ സുന്നതിനെയും ഖുലഫാഉ റാശിദീങ്ങളുടെ സുന്നത്തിനെയും പിന്‍പറ്റുക. അതിനെ നിങ്ങള്‍ മുറുകെ പിടിക്കുകയും, അണപ്പല്ല് കൊണ്ട് മുറുകെ പിടിക്കുകയും ചെയ്യുക. പുതിയ കാര്യങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും എല്ലാ പുതിയ കാര്യങ്ങളും ബിദ്അതുകള്‍ ആകുന്നു. എല്ലാ ബിദ്അതുകളും വഴികേടുകള്‍ ആകുന്നു.” (അഹ്മദ്: 4/126, അബൂ ദാവൂദ്: 4/200)
ഈ ഹദീസ് വളരെ ശ്രദ്ധ കൊടുക്കേണ്ട ഹദീസുകളില്‍ ഒന്നാണ്. നബി -ﷺ- മുസ്ലിം ഉമ്മത്തിനെ ബാധിക്കാനിരിക്കുന്ന അസുഖത്തെ കുറിച്ച് ഈ ഹദീസില്‍ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. അസുഖം വരാനുള്ള കാരണത്തെ കുറിച്ചും, അസുഖത്തിനുള്ള മരുന്നിനെ കുറിച്ചും അറിയിച്ചിട്ടുണ്ട്. ചിന്തിക്കുന്നവര്‍ക്ക് ഈ ഹദീസ് വലിയ പാഠം തന്നെ നല്കാതിരിക്കില്ല.
എന്താണ് മുസ്ലിം ഉമ്മത്തിനെ ഗ്രസിച്ചിരിക്കുന്ന രോഗം?! അവരെ തളര്‍ത്തുകയും നശിപ്പിക്കുകയും അവരുടെ സുഗന്ധം ഇല്ലാതെയാക്കുകയും ചെയ്തിരിക്കുന്ന മാരകവ്യാധി?! സംശയമെന്ത്; അവരെ ചിന്നിച്ചിതറിച്ചിരിക്കുന്ന ഭിന്നിപ്പുകളും അഭിപ്രായവ്യത്യാസങ്ങളും തന്നെ. അതാണ് ഈ ഉമ്മത്തിനെ വരിഞ്ഞു മുറുക്കിയിരിക്കുന്ന വേദന കഠിനമായ രോഗം.
എന്താണ് രോഗത്തിന്റെ കാരണം?! എങ്ങനെയാണ് ഈ രോഗം നമ്മെ പിടികൂടിയത്?! നബി -ﷺ- അതിന്റെ കാരണമാണ് -ഈ രോഗം പരത്തുന്ന വൈറസിനെയാണ്- നമുക്ക് കാണിച്ചു തന്നിരിക്കുന്നത്. പുത്തനാചാരങ്ങള്‍. നബി -ﷺ- ക്കോ സ്വഹാബതിനോ പരിചയമില്ലാത്ത കര്‍മ്മങ്ങള്‍. എന്നു മുതല്‍ അത്തരം കര്‍മ്മങ്ങള്‍ നമുക്കിടയിലേക്ക് കയറി വന്നുവോ; അന്നു മുതല്‍ നാം രോഗാതുരമായ സമൂഹമായി മാറി. നാമെല്ലാം റസൂലിന്റെയും സ്വഹാബത്തിന്റെയും മാര്‍ഗത്തിലും മാതൃകയിലുമായിരുന്നെങ്കില് എങ്ങനെ നാം ഭിന്നിക്കാനാണ്?!
ശരി! മരുന്നെന്താണ്?! അതും നബി -ﷺ- അറിയിച്ചു തന്നു. അവിടുത്തെയും ഖുലഫാഉകളുടെയും മാര്‍ഗം പിന്‍പറ്റുക. അതിനെ മുറുകെ പിടിക്കുക. അല്ല! അണപ്പല്ല് കൊണ്ട് ശക്തമായി, വിട്ടു കൊടുക്കാതെ കടിച്ചു പിടിക്കുക. ആരെല്ലാം തള്ളിയിടാന്‍ ശ്രമിച്ചാലും, ഏതെല്ലാം കൊടുങ്കാറ്റുകള്‍ അതിനെതിരെ ആഞ്ഞു വീശിയാലും ഇളകാതെ നീ നിലകൊള്ളുക. പതറാതെ നീ മുന്നോട്ടു പോവുക!
അല്ലാഹു -تَعَالَى- നമ്മെ സുന്നത്തില്‍ ഉറപ്പിച്ചു നിര്‍ത്തുകയും, എല്ലാ ബിദ്അതുകളില്‍ നിന്നും അതിന്റെ വക്താക്കളില്‍ നിന്നും കാത്തു രക്ഷിക്കുകയും ചെയ്യട്ടെ.
وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.
كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد
أَصْلُهُ: رِسَالَةٌ كَتَبَهَا الشَّيْخُ فَيْصَلُ بْنُ قَزَّار الجَاسِم
تَجْرِيدُ التَّوْحِيدِ مِنْ دَرَنِ الشِّرْكِ وَشُبَهِ التَّنْدِيدِ
-غَفَرَ اللَّهُ لَهُمَا وَلِوَالِدَيْهِمَا وَلِجَمِيعِ المُسْلِمِينَ-