അല്ലാഹുവിന്റെ സൃഷ്ടികളില്‍ ശ്രേഷ്ഠത കൊണ്ടും, അല്ലാഹുവിനോടുള്ള അടുപ്പം കൊണ്ടും ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് നമ്മുടെ നബിയായ മുഹമ്മദ് -ﷺ- ആണെന്നതില്‍ ഒരു മുസ്ലിമിനും സംശയമുണ്ടാവില്ല. നബി -ﷺ- യെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതാകട്ടെ; ഒരു മുസ്ലിമിന് ഒരിക്കലും ഒഴിച്ചു കൂടാന്‍ കഴിയാത്ത, ഏറ്റവും നിര്‍ബന്ധമുള്ള കാര്യങ്ങളില്‍ ഒന്നും. സ്വന്തം ശരീരങ്ങളെക്കാള്‍ അവിടുത്തെ സ്നേഹിക്കുന്നത് വരെ ഒരാള്‍ക്കും ഈമാന്‍ പൂര്‍ണ്ണമാകില്ല.
എന്നാല്‍ നബി -ﷺ- യോടുള്ള സ്നേഹത്തിന്റെ പേരില്‍ അവിടുത്തെ വിളിച്ചു പ്രാര്‍ഥിക്കുകയും, ദുനിയാവിലെ ആവശ്യങ്ങളും ആഗ്രഹങ്ങളും അവിടുത്തോട് സമര്‍പ്പിക്കുകയും ചെയ്യുന്ന ചിലരെ കാണാം. ‘റസൂലേ! ഞങ്ങളുടെ പ്രയാസങ്ങള്‍ നീക്കി തരണേ! ഞങ്ങള്‍ക്ക് കുട്ടികളെ തരണേ! ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി തരണേ’ എന്നിങ്ങനെ ഇത്തരക്കാര്‍ പ്രാര്‍ഥിക്കുന്നത് കാണാം. മദീനയില്‍ നബി -ﷺ- യുടെ ഖബറിന് അരികിലെത്തിയാല്‍ അല്ലാഹുവിന് വേണ്ടി നിസ്കരിക്കുകയും, അവനോടു പ്രാര്‍ഥിക്കുകയും ചെയ്യുന്നതിനെക്കാള്‍ ഇത്തരക്കാര്‍ ശ്രമിക്കുക അല്ലാഹുവിന്റെ റസൂലിന്റെ ഖബറിന് നേരെ തിരിഞ്ഞ് പ്രാര്‍ഥിക്കാനും, റസൂലുല്ല -ﷺ- യോട് ആവലാതികള്‍ ബോധിപ്പിക്കാനുമാണ്.
ഇവരുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ ആരെങ്കിലും എതിര്‍ക്കുകയും, അത് ഇസ്ലാമില്‍ നിന്ന് പുറത്തു പോകുന്ന ശിര്കും കുഫ്റുമാണെന്ന് ബോധ്യപ്പെടുത്തി നല്‍കുകയും ചെയ്താല്‍ അവരില്‍ ചിലര്‍ പറയും: അല്ലാഹുവിന്റെ റസൂലിനോട് ഇവര്‍ക്ക് സ്നേഹമില്ല. റസൂലുല്ലയെ -ﷺ- അനാദരിക്കുന്ന പുത്തന്‍വാദികളാണ് ഇക്കൂട്ടര്‍! അല്ലാഹുവിന്റെ റസൂലിനോടുള്ള സ്നേഹം കൊണ്ടും ആദരവു കൊണ്ടുമാണ് ഞങ്ങള്‍ ഇതെല്ലാം ചെയ്യുന്നത്!
യഥാര്‍ത്ഥത്തില്‍ അല്ലാഹുവിന്റെ ഖുര്‍ആനും നബി -ﷺ- യുടെ ഹദീസുകളും ശരിയാംവിധം മനസ്സിലാക്കുകയും പഠിക്കാതെ പോവുകയും ചെയ്തതിന്റെ കുഴപ്പമാണ് ഇത്. നബി -ﷺ- യോടോ മറ്റേതെങ്കിലും നബിമാരോടോ ദുനിയാവിലെ കാര്യങ്ങള്‍ സാധിച്ചു നല്കാന് ചോദിക്കലും അവരോടുള്ള ആദരവല്ല; മറിച്ച് തനിച്ച അനാദരവും അവര്‍ പഠിപ്പിച്ച ആദര്‍ശത്തിന് കടകവിരുദ്ധവുമാണ്. എത്രയോ ചരിത്ര സംഭവങ്ങള്‍ ഈ വിഷയത്തില്‍ നമുക്ക് വായിക്കാന്‍ കഴിയും.
ദുനിയാവിലെ കാര്യങ്ങള്‍ നബി -ﷺ- യോട് ചോദിക്കുന്നത് അവിടുന്നു ജീവിച്ചിരിക്കെ തന്നെ നബി -ﷺ- ക്ക് ഇഷ്ടമുള്ള കാര്യമല്ലായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ അത്തരം ദുനിയാവ് ആവശ്യപ്പെടുന്നവര്‍ക്ക് നരകമുണ്ട് എന്ന് നബി -ﷺ- അറിയിക്കുകയും ചെയ്തിട്ടുണ്ട്!
عَنْ أَبِي سَعِيدٍ الخُدْرِيِّ رَضِيَ اللَّهُ عَنْهُ قَالَ: قَالَ عُمَرُ رَضِيَ اللَّهُ عَنْهُ: … قَالَ النَّبِيُّ -ﷺ-: أَمَا وَاللَّهِ! إِنَّ أَحَدَكُمْ لَيُخْرِجُ مَسْأَلَتَهُ مِنْ عِنْدِي يَتَأَبَّطُهَا نَارًا، قَالَ: قَالَ عُمَرُ رَضِيَ اللَّهُ عَنْهُ: يَا رَسُولَ اللَّهِ! لِمَ تَعْطِيهَا إِيَّاهُمْ؟ قَالَ: فَمَا أَصْنَعُ؟! يَأْبُونَ إِلَّا ذَلِكَ! وَيَأْبَى اللَّهُ لِي البُخْلَ!
നബി -ﷺ- പറഞ്ഞു: “നിങ്ങളില്‍ ചിലര്‍ എന്റെ അടുക്കല്‍ നിന്ന് അവന്റെ ആവശ്യം നേടിയെടുക്കുന്നുണ്ടാകാം; അവന്റെ കക്ഷത്തിനിടയില്‍ നരകം വെച്ചു കൊണ്ട്.” ഇതു കേട്ടപ്പോള്‍ ഉമര്‍ -رَضِيَ اللَّهُ عَنْهُ- ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ! അങ്ങനെയെങ്കില്‍ എന്തിനാണ് അവര്‍ക്ക് അങ്ങ് (ചോദിച്ച കാര്യം) നല്‍കുന്നത്?” അവിടുന്ന് പറഞ്ഞു: “ഞാന്‍ എന്തു ചെയ്യും?! അവര്‍ ചോദിക്കാതെ വിടുന്നില്ല. ഞാന്‍ പിശുക്ക് കാണിക്കാന്‍ അല്ലാഹു അനുവദിക്കുന്നുമില്ല.” (അഹ്മദ്: 11004, സ്വഹീഹുത്തര്‍ഗീബ്: 815)
നബി -ﷺ- ജീവിച്ചിരിക്കെ, അവിടുത്തോട് ദുനിയാവിലെ ചില കാര്യങ്ങള്‍ ചോദിച്ച ചിലരുടെ വിഷയത്തില്‍ നബി -ﷺ- പറഞ്ഞ വാക്കുകളാണ് മേലെ വായിച്ചത്. റസൂലുള്ള -ﷺ- അവിടുത്തോട് ദുനിയാവ് ചോദിക്കുന്നത് എത്ര മാത്രം വെറുത്തിരുന്നു എന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. ഈ പറഞ്ഞ ആക്ഷേപമെല്ലാം അവിടുന്നു ജീവിച്ചിരിക്കുന്ന വേളയിലായിരുന്നു. അപ്പോള്‍ അവിടുന്നു മരണപ്പെട്ടതിന് ശേഷം ദുനിയാവിലെ ആവശ്യങ്ങള്‍ നിറവേറ്റി നല്കാന് ചോദിക്കുന്നവരോട് നബി -ﷺ- എന്തായിരിക്കും പറയുക?! അതാകട്ടെ; ഇസ്ലാമില്‍ നിന്ന് പുറത്തു പോകുന്ന ശിര്കും കുഫ്റുമാണ് താനും.
നബി -ﷺ- പലപ്പോഴും അവിടുത്തേക്ക് കൂടുതല്‍ ഇഷ്ടമുള്ള പലരെയും മാറ്റി നിര്‍ത്തി, താരതമ്യേന അവിടുത്തേക്ക് ഇഷ്ടം കുറവുള്ളവര്‍ക്കാണ് പലപ്പോഴും ദുനിയാവിലെ സൗകര്യങ്ങള്‍ നല്‍കിയത്. ഇസ്ലാമിനെ അതിന്റെ തുടക്കത്തില്‍ സഹായിച്ച മുഹാജിറുകളും അന്‍സ്വാറുകളും നില്‍ക്കെ ഇസ്ലാമിലേക്ക് അടുത്തു മാത്രം വന്നവര്‍ക്ക് അവിടുന്ന് പലപ്പോഴും ദുനിയാവ് കൂടുതലായി നല്കി. പക്ഷേ അവിടുത്തെ മനസ്സില്‍ കൂടുതല്‍ ഇഷ്ടമുണ്ടായിരുന്നത് മറ്റു ചിലരോടായിരുന്നു. ഒരു സംഭവം നോക്കൂ!
عَنْ سَعْدٍ رَضِيَ اللَّهُ عَنْهُ، أَنَّ رَسُولَ اللَّهِ -ﷺ- أَعْطَى رَهْطًا وَسَعْدٌ جَالِسٌ، فَتَرَكَ رَسُولُ اللَّهِ -ﷺ- رَجُلًا هُوَ أَعْجَبُهُمْ إِلَيَّ … فَقَالَ رَسُولُ اللَّهِ -ﷺ-: «يَا سَعْدُ إِنِّي لَأُعْطِي الرَّجُلَ، وَغَيْرُهُ أَحَبُّ إِلَيَّ مِنْهُ، خَشْيَةَ أَنْ يَكُبَّهُ اللَّهُ فِي النَّارِ»
സഅദ് ബ്നു അബീ വഖാസ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: നബി -ﷺ- ചിലര്‍ക്ക് (കുറച്ച് പണം) നല്കുകയുണ്ടായി. അത് കൊടുക്കുന്ന വേളയില്‍ ഞാന്‍ (സഅദ്) അവിടെ ഉണ്ടായിരുന്നു. എന്നാല്‍ എനിക്ക് വളരെ ഇഷ്ടമുണ്ടായിരുന്ന ഒരാള്‍ക്ക് നബി -ﷺ- ഒന്നും നല്‍കിയില്ല. (ഞാന്‍ അതിനെ കുറിച്ച് അവിടുത്തോട് ചോദിച്ചു.) അപ്പോള്‍ നബി -ﷺ- പറഞ്ഞു: “ഹേ സഅദ്! ഞാന്‍ ചിലര്‍ക്ക് (പണം) നല്‍കും; പക്ഷേ അയാളെക്കാള്‍ എനിക്ക് ഇഷ്ടമുള്ളത് വേറെ ചിലരെയായിരിക്കും. അല്ലാഹു -تَعَالَى- അവനെ നരകത്തില്‍ മുഖം കുത്തി വീഴ്ത്തുമോ എന്ന ഭയം കാരണത്താലാണ് (ഞാന്‍ അവന് പണം നല്‍കുന്നത്).” (ബുഖാരി: 27, മുസ്ലിം: 150)
നോക്കൂ! ഇസ്ലാം മനസ്സില്‍ ഉറച്ചിട്ടില്ലാത്ത ചിലര്‍ക്ക് വരെ നബി -ﷺ- ദുനിയാവിലെ സമ്പാദ്യങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ അവിടുത്തേക്ക് കൂടുതല്‍ ഇഷ്ടമുള്ള പലര്‍ക്കും നബി -ﷺ- സമ്പത്ത് നല്‍കിയിരുന്നില്ല. റസൂലിനെ സ്നേഹിച്ചു കൊണ്ടാണ് ഞങ്ങള്‍ അവിടുത്തോട് ദുനിയാവിലെ ആവശ്യങ്ങള്‍ നിറവേറ്റി തരാന്‍ ആവശ്യപ്പെടുന്നത് എന്ന് അവകാശപ്പെടുന്നവരോട് ചോദിക്കട്ടെ: നിങ്ങള്‍ക്ക് അല്ലാഹുവിന്റെ റസൂലിന്റെ സ്നേഹമായിരുന്നു കൂടുതല്‍ വേണ്ടിയിരുന്നതെങ്കില്‍ അവിടുത്തെ സ്വഹാബികളെ പോലെ ആവുകയായിരുന്നില്ലേ വേണ്ടത്?! അവിടുത്തോട് ദുനിയാവ് ചോദിക്കാതിരിക്കു ആയായിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത്?!
അപ്പോഴും ഓര്‍മ്മിപ്പിക്കട്ടെ! മേലെ പറഞ്ഞതെല്ലാം നബി -ﷺ- ജീവിച്ചിരിക്കെ സംഭവിച്ച കാര്യങ്ങളാണ്. അപ്പോള്‍ അവിടുത്തോട് ദുനിയാവിലെ ചിലതെല്ലാം ചോദിക്കുക എന്നത് ശിര്കല്ല. അപ്പോള്‍ നബി -ﷺ- മരിച്ചതിനു ശേഷം ദുനിയാവ് ചോദിക്കുന്നതിന്റെ വിധി എന്തായിരിക്കും എന്ന് ആലോചിച്ചു നോക്കുക!
നമ്മുടെ റസൂലാകട്ടെ; എന്തു കാര്യവും അല്ലാഹു -تَعَالَى- യോട് ചോദിക്കാനും, അവന്റെ മുന്പില് സമര്‍പ്പിക്കാനുമാണ് നമ്മെ പഠിപ്പിച്ചത്. ദുനിയാവും ആഖിറവും അല്ലാഹുവിനോട് ചോദിക്കാം; അവന്റെ ഖജാന എത്രയെല്ലാം നല്കിയാലും കാലിയാകില്ല. എത്ര തവണയും എപ്പോള്‍ വേണമെങ്കിലും അവനോടു നിന്റെ ആവശ്യങ്ങള്‍ തേടാം; അവന് മടുക്കുകയോ നിന്റെ തേട്ടം കേള്‍ക്കാതിരിക്കുകയോ ഇല്ല. രഹസ്യവും പരസ്യവും അവന്റെ മുന്നില്‍ തുറന്നു പറയാം; അവന് അറിയാത്ത ഒന്നു പോലും നിന്റെ ജീവിതത്തില്‍ ഇല്ല. അല്ല! നിന്നെ കുറിച്ച് നിന്നെക്കാള്‍ അറിവുല്ലവനാണ് അല്ലാഹു -تَعَالَى-.
ചെറിയ കുട്ടിയായിരിക്കെ നബി -ﷺ- ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- യെ പഠിപ്പിച്ചത് നോക്കൂ!
عَنِ ابْنِ عَبَّاسٍ، قَالَ: كُنْتُ خَلْفَ رَسُولِ اللَّهِ -ﷺ- يَوْمًا، فَقَالَ: «إِذَا سَأَلْتَ فَاسْأَلِ اللَّهَ، وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ»
“നീ ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക! നീ സഹായം തെടുന്നെങ്കില് അല്ലാഹുവിനോട് സഹായം തേടുക!” (തിര്‍മിദി: 2516)
عَنْ عَوْفِ بْنِ مَالِكٍ الأَشْجَعِيِّ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «لَا تَسْأَلُوا النَّاسَ شَيْئًا»
നബി -ﷺ- പറഞ്ഞു: “നിങ്ങള്‍ ജനങ്ങളോട് ഒന്നും ചോദിക്കരുത്.” (മുസ്ലിം: 1043)
ജനങ്ങളോട് ഒന്നും ചോദിക്കരുത് എന്നതിന്റെ ഉദ്ദേശം സമ്പത്തും ദുനിയാവിലെ സൗകര്യങ്ങളും ചോദിക്കരുതെന്നാണ്. അല്ലാതെ ദീനിനെ കുറിച്ച് അറിവുള്ളവരോട് ചോദിക്കുന്നതോ, അറിവില്ലാത്ത കാര്യം അന്വേഷിക്കുന്നതോ മറ്റോ അല്ല ഇവിടെയുള്ള ഉദ്ദേശം. ജനങ്ങള്‍ എന്നു പറഞ്ഞതില്‍ അല്ലാഹുവിന്റെ റസൂല്‍ -ﷺ- യും ഉള്‍പ്പെട്ടു. വീണ്ടും ഓര്‍മ്മപ്പെടുത്തട്ടെ: ഇത് അവിടുന്നു ജീവിച്ചിരുന്ന കാലത്തെ കാര്യമാണ്; അപ്പോള്‍ മരണ ശേഷം ചോദിക്കുന്നത് എത്ര ഗുരുതരമായിരിക്കും?!
‘ജനങ്ങളോട് ഒന്നും ചോദിക്കരുത്’ എന്ന നബി -ﷺ- യുടെ ഉപദേശം സ്വഹാബികളില്‍ ഉണ്ടാക്കിയ മാറ്റം അത്ഭുതമുണ്ടാക്കുന്നതാണ്. ഒരു സംഭവം നോക്കൂ!
عَنْ ثَوْبَانَ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «وَمَنْ يَتَقَبَّلْ لِي بِوَاحِدَةٍ أَتَقَبَّلْ لَهُ بِالجَنَّةِ؟» قُلْتُ: أَنَا، قَالَ: «لَا تَسْأَلِ النَّاسَ شَيْئًا» قَالَ: فَكَانَ ثَوْبَانُ يَقَعُ سُوطُهُ وَهُوَ رَاكِبٌ، فَلَا يَقُولُ لِأَحَدٍ: نَاوِلْنِيهِ، حَتَّى يَنْزِلَ فَيَأْخُذَهُ.
സൌബാന്‍ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരിക്കല്‍ നബി -ﷺ- പറഞ്ഞു: “ആരാണ് എനിക്ക് ഒരു കാര്യം ഉറപ്പു നല്‍കുക! ഞാന്‍ അവന് സ്വര്‍ഗം ഉറപ്പു നല്‍കാം.” സൌബാന്‍ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “ഞാനുണ്ട് അല്ലാഹുവിന്റെ റസൂലേ!” നബി -ﷺ- പറഞ്ഞു: “നീ ജനങ്ങളോട് ഒന്നും ചോദിക്കരുത്.” പിന്നീട് സൌബാന്‍ -رَضِيَ اللَّهُ عَنْهُ- ആരോടും ഒന്നും ചോദിക്കാറില്ലായിരുന്നു. വാഹനപ്പുറത്തിരിക്കെ കയ്യില്‍ നിന്ന് ചാട്ട വീണാല്‍ ‘അതൊന്ന് എടുത്തു തരൂ’ എന്നു പോലും അദ്ദേഹം പറയാരില്ലായിരുന്നു. മറിച്ച് സ്വയം തന്നെ ഇറങ്ങി എടുക്കുമായിരുന്നു.” (തിര്‍മിദി: 1837)
നോക്കൂ! ജീവിച്ചിരിക്കുന്നവരോട് പോലും പരമാവധി ചോദ്യങ്ങളും തേട്ടങ്ങളും കുറയ്ക്കണമെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം. അപ്പോള്‍ എങ്ങനെയാണ് മരിച്ചവരോടു തന്റെ ദുനിയാവിന്റെ കാര്യങ്ങള്‍ ഒരു മുസ്ലിം ചോദിക്കുക?! എന്നിട്ട് അതാണ് ഇസ്ലാമെന്നും ഈമാനെന്നും ധരിച്ചു വെക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക?!
ചുരുക്കട്ടെ: നബിമാരോട് അവര്‍ ജീവിച്ചിരിക്കുമ്പോള്‍ പോലും ദുനിയാവിലെ ആവശ്യങ്ങള്‍ ചോദിക്കുകയും തേടുകയും ചെയ്യുന്നത് നിരുത്സാഹപ്പെടുത്തപ്പെട്ട കാര്യമാണ് എന്ന് മേല്‍ പറഞ്ഞതില്‍ നിന്ന് മനസ്സിലായി. അപ്പോള്‍ അവര്‍ മരിച്ചതിനു ശേഷം ചോദിക്കുക എന്നതിന്റെ വിധി എന്തായിരിക്കും? ദീന് അത് പ്രോത്സാഹിപ്പിക്കുകയും അതിന് വേണ്ടി കല്‍പ്പിക്കുകയും ചെയ്യുമെന്ന് ബുദ്ധിയുള്ള ആര്‍ക്കെങ്കിലും മനസ്സിലാകുമോ? അല്ല! അത് അനുവദനീയമാണ് എന്നെങ്കിലും ദീനില്‍ ഒരു വിധി കണ്ടെത്താന്‍ കഴിയുമോ?!
നബിമാരോടു ചോദിക്കുന്നതിന്റെ വിധി മേല്‍ പറഞ്ഞതില്‍ നിന്ന് മനസ്സിലായി. മനുഷ്യരോട് ഏറ്റവും ഗുണകാംക്ഷയും ഇസ്ലാം സ്വീകരിച്ചവരോട് വലിയ സ്നേഹവും ഇഷ്ടവും വെച്ചു പുലര്‍ത്തുന്നവര്‍ നബിമാരാണ്; അവര്‍ നമ്മില്‍ നിന്ന് യാതൊരു നേട്ടമോ ഗുണമോ ഉപകാരമോ ആഗ്രഹിക്കുന്നില്ല. അവരോടു പോലും ചോദിക്കാന്‍ പാടില്ലെങ്കില്‍ അവര്‍ക്ക് താഴെയുള്ള ഔലിയാക്കന്മാരോടും സ്വാലിഹീങ്ങളോടും മറ്റും ചോദിക്കുന്നതിന്റെ വിധി എന്തായിരിക്കും?!
അവസാനമായി പറയട്ടെ: അല്ലാഹു -تَعَالَى- അവന്റെ സൃഷ്ടികളോട് -അവര്‍ മരിച്ചവരാകട്ടെ, ജീവിച്ചിരിക്കുന്നവരാകട്ടെ- ചോദിക്കാനും അവരുടെ മുന്നില്‍ ആവശ്യങ്ങള്‍ സമര്‍പ്പിക്കാനും എവിടെയും കല്‍പ്പിച്ചിട്ടില്ല. മറിച്ച് ചോദിക്കേണ്ടത് അല്ലാഹുവിനോടാണ്. എല്ലാം സമര്‍പ്പിക്കേണ്ടത് അവനു മാത്രമാണ്. ആരെങ്കിലും അല്ലാഹു അവന്റെ സൃഷ്ടികളോട് ചോദിക്കാനും കാര്യങ്ങള്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് വാദിക്കുന്നെങ്കില്‍ അവന് ഭീമമായ അബദ്ധം സംഭവിച്ചിരിക്കുന്നു. തന്റെ പിഴവില്‍ നിന്ന് അവന് മടങ്ങുകയും, അല്ലാഹുവിലേക്ക് അവന് പശ്ചാത്താപം തേടുകയും ചെയ്യട്ടെ.
وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.
كَتَبَهُ: أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيد
أَصْلُهُ: رِسَالَةٌ كَتَبَهَا الشَّيْخُ فَيْصَلُ بْنُ قَزَّار الجَاسِم
تَجْرِيدُ التَّوْحِيدِ مِنْ دَرَنِ الشِّرْكِ وَشُبَهِ التَّنْدِيدِ
-غَفَرَ اللَّهُ لَهُمَا وَلِوَالِدَيْهِمَا وَلِجَمِيعِ المُسْلِمِينَ-