തൗഹീദിന്റെ അടിത്തറകളിൽ രണ്ടാമത്തെ കാര്യം അല്ലാഹുവിന് മാത്രം ആരാധനകൾ നൽകുകയും, അവന്റെ യഥാർത്ഥ അടിമയായി തീരുകയും ചെയ്യുക എന്നതാണ്. ഹൃദയത്തിൽ നിന്ന് അല്ലാഹുവിന് പുറമെയുള്ള സർവ്വ ആരാധ്യന്മാരെയും പടിക്ക് പുറത്താക്കുകയും, സൃഷ്ടികളിൽ ആർക്കെങ്കിലും ആരാധന സമർപ്പിക്കുക എന്ന ഏറ്റവും മാലിന്യം നിറഞ്ഞ വിശ്വാസവും പ്രവർത്തിയും അതിൽ നിന്ന് തുടച്ചു നീക്കുകയും ചെയ്താൽ മനസ്സ് ശുദ്ധമായി തീർന്നിരിക്കുന്നു. രണ്ടാമത്തെ പടി, അവൻ ഏറ്റവും സ്നേഹിക്കുകയും ആദരിക്കുകയും ഭയക്കുകയും പ്രതീക്ഷയർപ്പിക്കുകയും ചെയ്യുന്ന അവന്റെ സ്രഷ്ടാവായ അല്ലാഹുവിന് മാത്രം ആരാധനകൾ സമർപ്പിക്കുക എന്ന അതിമഹത്തരമായ വിശ്വാസം അവിടെ ഉറപ്പോടെ സ്ഥാപിക്കുക എന്നതാണ്.

പല തവണ ആവർത്തിച്ചതു പോലെ, അല്ലാഹുവിന് പുറമെയുള്ളവരെ ആരാധിക്കുന്നത് നിഷേധിക്കുക എന്ന ആദ്യത്തെ അടിത്തറയും, അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന രണ്ടാമത്തെ അടിത്തറയും പരസ്പര പൂരകങ്ങളാണ്. അല്ലാഹുവിന് പുറമെയുള്ള ഒരാളെയും ഒരു വ്യക്തി ആരാധിക്കുന്നില്ല എന്ന് വിചാരിക്കുക; എന്നാൽ അതോടൊപ്പം അല്ലാഹുവിനെയും അവൻ ആരാധിക്കുന്നില്ലെങ്കിൽ അയാൾ ഇസ്‌ലാമിൽ പ്രവേശിക്കുകയില്ല. അല്ലാഹുവിനുള്ള ആരാധന തീർത്തും ഉപേക്ഷിക്കുകയും, അവനോടുള്ള അടിമത്വം അംഗീകരിക്കാതിരിക്കുകയും ചെയ്യുക എന്നത് കടുത്ത അഹങ്കാരവും ഏറ്റവും വലിയ നിഷേധവുമാണ്.

നിരീശ്വരവാദികളുടെ കാര്യം ഉദാഹരണം. അവർ വിഗ്രഹങ്ങളെയോ ആൾദൈവങ്ങളെയോ മരണപ്പെട്ടവരെയോ ആരാധിക്കുന്നില്ല. എന്നാൽ അതോടൊപ്പം അവർ അല്ലാഹുവിനെയും ആരാധിക്കുന്നില്ല. അല്ലാഹുവിന് പുറമെയുള്ള ആരാധ്യന്മാരെ ഉപേക്ഷിച്ചു എന്നത് അവർക്ക് ഇഹലോകത്തോ പരലോകത്തോ യാതൊരു ഉപകാരവും ചെയ്യുന്നില്ല; കാരണം അവരെയും സർവ്വ പ്രപഞ്ചത്തെയും സൃഷ്ടിച്ച അല്ലാഹുവിനെ ആരാധിക്കുന്നതിൽ നിന്ന് അഹങ്കാരം പുലർത്തുക എന്ന കടുത്ത നിഷേധത്തിലാണ് അക്കൂട്ടർ അകപ്പെട്ടിരിക്കുന്നത്. അതിനാൽ അല്ലാഹുവിന് പുറമെയുള്ള ആരാധ്യന്മാരെ നിഷേധിക്കുന്നതോടൊപ്പം അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതു കൂടി ഓരോ മുസ്‌ലിമിലും ഒത്തുചേരേണ്ടതുണ്ട്.

അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന ഈ അടിത്തറ പൂർത്തീകരിക്കുക എന്നതാണ് മനുഷ്യ സൃഷ്ടിപ്പിന്റെ പിന്നിലെ ലക്ഷ്യം എന്ന് ഖുർആനിലെ ആയത്തുകൾ നമ്മെ പഠിപ്പിക്കുന്നുണ്ട്.

അല്ലാഹു പറയുന്നു:

وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ﴿٥٦﴾

“ജിന്നുകളെയും മനുഷ്യരെയും എന്നെ മാത്രം ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.” (ദാരിയാത്: 56)

ഖുർആനിലെ ആദ്യത്തെ കൽപ്പന എന്ന് വിശേഷിപ്പിക്കാവുന്ന ആയത്തിൽ അല്ലാഹു പറയുന്നു:

يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِن قَبْلِكُمْ 

“ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ രക്ഷിതാവിനെ മാത്രം നിങ്ങള്‍ ആരാധിക്കുവിന്‍.” (ബഖറ: 21)

സർവ്വ മനുഷ്യരോടും അവരെയും അവരുടെ മുൻഗാമികളെയും സൃഷ്ടിച്ചവനായ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന് കൽപ്പിക്കുകയാണ് ഈ ആയത്ത്. മനുഷ്യർ സൂക്ഷ്മത പാലിക്കുന്നവരും, ജീവിതവിജയം നേടുന്നവരുമായി തീരണമെങ്കിൽ നിർബന്ധമായും പൂർത്തീകരിക്കേണ്ട കടമയാണതെന്ന് സാരം. ‘എന്നെ മാത്രം നിങ്ങൾ ആരാധിക്കൂ’ എന്ന് കൽപ്പിക്കുന്ന, സർവ്വ മനുഷ്യരോടുമായുള്ള അല്ലാഹുവിന്റെ വാക്കുകൾ ഖുർആനിൽ അനേകമുണ്ട്.

അല്ലാഹു പറയുന്നു:

إِنَّ هَـٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاعْبُدُونِ ﴿٩٢﴾

“(മനുഷ്യരേ,) തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ മാർഗം; (അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന) ഏകമാർഗം. ഞാന്‍ നിങ്ങളുടെ റബ്ബുമാകുന്നു. അതിനാല്‍ നിങ്ങള്‍ എന്നെ മാത്രം ആരാധിക്കുവിന്‍.” (അൻബിയാഅ്: 92)

ഈ ആയത്ത് വിശദീകരിച്ചു കൊണ്ട് പണ്ഡിതന്മാർ പറഞ്ഞു: “ജനങ്ങളേ! ഇതാകുന്നു നിങ്ങളുടെ ഏകമാർഗം. അതായത് ഇസ്‌ലാം പഠിപ്പിച്ചു നൽകുന്ന ഏകദൈവാരാധനയുടെ മാർഗം. ഞാൻ നിങ്ങളുടെ രക്ഷിതാവാകുന്നു. അതിനാൽ നിങ്ങളുടെ ആരാധനകൾ എനിക്ക് മാത്രം നിഷ്കളങ്കമാക്കുക എന്നതാണ് ആയത്തിന്റെ ഉദ്ദേശം.” (അൽ മുഖ്തസ്വർ: 330)

അല്ലാഹുവിനെ ആരാധിക്കുകയും, അവന്റെ അടിമയാണ് ഞാനെന്നത് അംഗീകരിക്കുകയും ചെയ്യുക എന്ന തൗഹീദിന്റെ സുപ്രധാനമായ ഈ അടിത്തറ വിശദീകരിക്കുന്ന ആയത്തുകൾ ഖുർആനിൽ അനേകമുണ്ട്.  അല്ലാഹുവിനെ ആരാധിക്കുന്നതിൽ നിന്ന് അഹങ്കാരം നടിക്കുകയും, അവന്റെ മുന്നിൽ താഴ്മയും വിനയവും കാണിക്കുകയോ അവനെ വിളിച്ചു പ്രാർത്ഥിക്കുകയോ ചെയ്യാതെയും, അവന്റെ അടിമയാണെന്നത് അംഗീകരിക്കാതെയും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് കടുത്ത അതിക്രമവും അഹങ്കാരവുമാണെന്ന് വിവരിക്കുന്ന തെളിവുകളും ധാരാളമുണ്ട്.

അല്ലാഹു പറയുന്നു:

وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ ﴿٦٠﴾

“നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ മാത്രം ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച.” (ഗാഫിർ: 60)

ആയത്തിനെ വിശദീകരിച്ചു കൊണ്ട് പണ്ഡിതന്മാർ പറഞ്ഞു: “നിങ്ങൾ എന്നെ മാത്രം വിളിച്ചു പ്രാർത്ഥിക്കുകയും, എനിക്ക് മാത്രം ആരാധനകൾ നൽകുകയും ചെയ്യുക. എങ്കിൽ ഞാൻ നിങ്ങൾക്ക് ഉത്തരം നൽകുന്നതാണ്. എന്നാൽ എനിക്ക് മാത്രം പരിപൂർണ്ണ അടിമത്വം നൽകുന്നതിൽ നിന്നും, എന്നെ മാത്രം ആരാധിക്കുന്നതിൽ നിന്നും അഹങ്കാരം നടിക്കുന്നവർ; നരകത്തിൽ നിന്ദ്യരും അപമാനിതരുമായി പ്രവേശിക്കുന്നതാണ്” എന്നാണ് ആയത്തിന്റെ അർത്ഥം. (മുയസ്സർ: 474) അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കുന്നതും, അവനെ ആരാധിക്കുന്നതും ഉപേക്ഷിക്കുക എന്നത് കടുത്ത അപരാധമാണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

അല്ലാഹുവിനെ ആരാധിക്കുന്നത് വെടിയുകയും, അവന്റെ അടിമയാകുന്നതിൽ നിന്ന് അഹങ്കാരം പുലർത്തുകയും ചെയ്യുക എന്നത് കടുത്ത തിന്മയാണ്. അല്ലാഹുവിനോട് പ്രാർത്ഥിക്കുകയോ സഹായം തേടുകയോ ചെയ്യാത്തവരെ കുറിച്ച് അല്ലാഹു പറഞ്ഞതു നോക്കൂ:

قُلْ مَا يَعْبَأُ بِكُمْ رَبِّي لَوْلَا دُعَاؤُكُمْ ۖ 

“(നബിയേ,) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്റെ റബ്ബ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ്?” (ഫുർഖാൻ: 77)

ആയത്തിന്റെ വിശദീകരണമായി പണ്ഡിതന്മാർ പറയുന്നു: “ജനങ്ങൾ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കുകയും, അവനെ ആരാധിക്കുകയും ചെയ്യുന്നില്ലെങ്കിൽ അല്ലാഹു അവർക്ക് യാതൊരു പരിഗണനയും നൽകില്ലായിരുന്നു എന്ന് ഈ ആയത്ത് അറിയിക്കുന്നു.” (മുയസ്സർ: 366)

ആരാധനയിലെ വിനയവും താഴ്മയും ഏറ്റവും പ്രകടമാകുന്ന ആരാധനയാണ് പ്രാർത്ഥന. അല്ലാഹുവിനോട് പ്രാർത്ഥിക്കാതിരിക്കുക എന്നത് അല്ലാഹുവിന് കോപമുണ്ടാക്കും എന്ന് നബി -ﷺ- യും അറിയിച്ചതായി കാണാം.

عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «إِنَّهُ مَنْ لَمْ يَسْأَلِ اللَّهَ يَغْضَبْ عَلَيْهِ»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “തീർച്ചയായും അല്ലാഹുവിനോട് പ്രാർത്ഥിക്കാത്തവരോട് അവൻ കോപിക്കുന്നതാണ്.” (തിർമിദി: 3373, അൽബാനി ഹസൻ എന്ന് വിലയിരുത്തി.)

അല്ലാഹുവിന്റെ കൽപ്പന ധിക്കരിക്കുകയും, അവന്റെ അടിമയാകാൻ വിസമ്മതിക്കുകയും ചെയ്ത ഇബ്‌ലീസിന്റെ ധിക്കാരത്തെ കുറിച്ച് അല്ലാഹു വിശേഷിപ്പിച്ചത് അഹങ്കാരം എന്നാണ്. അല്ലാഹുവിനെ ആരാധിച്ചു കൊണ്ട് താഴ്മ കാണിക്കാത്ത എല്ലാവർക്കും ഈ വിശേഷണം അർഹമാണെന്നതിൽ സംശയമില്ല.

وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ أَبَىٰ وَاسْتَكْبَرَ 

“ആദമിനെ നിങ്ങള്‍ പ്രണമിക്കുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക). അവര്‍ പ്രണമിച്ചു; ഇബ്ലീസ് ഒഴികെ. അവന്‍ വിസമ്മതം പ്രകടിപ്പിക്കുകയും അഹങ്കാരം നടിക്കുകയും ചെയ്തു.” (ബഖറ: 34)

‘ഞാനാണ് നിങ്ങളുടെ ഉന്നതനായ രക്ഷാധികാരി’ എന്ന കടുത്ത അഹങ്കാരത്തിന്റെ വാക്ക് തന്റെ ജനങ്ങളോട് പറഞ്ഞ ഫിർഔൻ; അല്ലാഹുവിനെ നിഷേധിക്കുകയും, അവനെ ആരാധിക്കുന്നതിൽ നിന്ന് അഹങ്കാരം പുലർത്തുകയും ചെയ്ത ധിക്കാരിയായിരുന്നു അവൻ. അല്ലാഹു ആ നിഷേധിയെ കുറിച്ച് പറഞ്ഞതു നോക്കൂ:

إِلَىٰ فِرْعَوْنَ وَمَلَئِهِ فَاسْتَكْبَرُوا وَكَانُوا قَوْمًا عَالِينَ ﴿٤٦﴾ 

“ഫിര്‍ഔന്റെയും, അവന്റെ പ്രമാണിസംഘത്തിന്റെയും അടുത്തേക്ക്‌ (നാം ദൂതന്മാരെ അയച്ചു). അപ്പോള്‍ അവര്‍ അഹങ്കാരം നടിക്കുകയാണ് ചെയ്തത്‌. അവര്‍ പൊങ്ങച്ചക്കാരായ ഒരു ജനതയായിരുന്നു.” (മുഅ്മിനൂൻ: 46)

ചുരുക്കത്തിൽ, അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കുന്നതിനൊപ്പം അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നത് ജീവിതത്തിൽ കൊണ്ടുവരികയും വേണം. അല്ലാഹുവിന്റെ അടിമയാവുകയും അവന് ആരാധനകൾ സമർപ്പിക്കുക എന്നതും ഒരു മനുഷ്യന് നേടിയെടുക്കാവുന്ന ഏറ്റവും മഹത്തരമായ പദവിയാണ്. മനുഷ്യരിൽ ഏറ്റവും ഉത്തമരായ നബിമാരെയും റസൂലുകളെയും അല്ലാഹു ‘അബ്ദ് -അടിമ’ എന്ന വിശേഷണം നൽകിക്കൊണ്ട് പുകഴ്ത്തിയതായി കാണാം. അല്ലാഹുവിനെ ആരാധിക്കുന്നതിന്റെ മഹത്വവും, അത് നൽകുന്ന ഉന്നതമായ സ്ഥാനവും ബോധ്യപ്പെടുത്തുന്ന കാര്യമാണത്.

യഥാർത്ഥത്തിൽ ശരിയായ സ്വാതന്ത്ര്യവും നിലനിൽക്കുന്ന ശാന്തിയും അല്ലാഹുവിന്റെ അടിമയാകുന്നതിലൂടെ മാത്രമേ മനുഷ്യർക്ക് ലഭിക്കുകയുള്ളൂ എന്നതാണ് സത്യം. എന്നെ സൃഷ്ടിച്ചവനായ രക്ഷിതാവിന്റെ കൽപ്പനകൾ മാത്രമേ ഞാൻ ആത്യന്തികമായി അനുസരിക്കുകയുള്ളൂ എന്നും, അവന്റെ കൽപ്പനകൾക്ക് വിരുദ്ധമായ ഏതൊരു നിർദേശവും അനുസരിക്കാൻ ഞാൻ ബാധ്യസ്ഥനല്ല എന്നും പ്രഖ്യാപിക്കുന്ന ഓരോ മുസ്‌ലിമിന്റെയും ഹൃദയത്തിൽ അവൻ അനുഭവിക്കുന്ന ആനന്തം അതിമഹത്തരമാണ്.

ഖാദിസിയ്യ യുദ്ധവേളയിൽ സ്വഹാബിയായ റിബ്ഇയ്യു ബ്നു ആമിർ -رَضِيَ اللَّهُ عَنْهُ- പേർഷ്യക്കാരുടെ സേനാനായകനായ റുസ്തമിനോട് പറഞ്ഞ വാക്കുകളിൽ സ്വാതന്ത്ര്യത്തിന്റെ ഈ ഉജ്വലമായ പ്രഖ്യാപനം കാണാൻ കഴിയും. ‘എന്തിനാണ് നിങ്ങൾ ഞങ്ങളുമായി യുദ്ധത്തിലേർപ്പെടുന്നത്? എന്ന റുസ്തമിന്റെ ചോദ്യത്തിന് മറുപടിയായി കൊണ്ട് അദ്ദേഹം പറഞ്ഞു:

«اللَّهُ ابْتَعَثْنَا لِنُخْرِجَ مَنْ شَاءَ مِنْ عِبَادَةِ الْعِبَادِ إِلَى عِبَادَةِ اللَّهِ، وَمِنْ ضِيقِ الدُّنْيَا إِلَى سِعَتِهَا، وَمِنْ جَوْرِ الْأَدْيَانِ إِلَى عَدْلِ الْإِسْلَامِ»

“അടിമകളെ ആരാധിക്കുന്നതിൽ നിന്ന് അടിമകളുടെ സ്രഷ്ടാവായ അല്ലാഹുവിനെ ആരാധിക്കുന്നതിലേക്കും, ഇഹലോകത്തിന്റെ ഇടുക്കത്തിൽ നിന്ന് പരലോകത്തിന്റെ വിശാലതയിലേക്കും, നാനാജാതി മതങ്ങളുടെ വഞ്ചനകളിൽ നിന്ന് ഇസ്‌ലാമിന്റെ നീതിയിലേക്കും ജനങ്ങളെ കൊണ്ടുവരുന്നതിനായി അല്ലാഹുവാണ് ഞങ്ങളെ നിയോഗിച്ചത്.” (അൽ ബിദായ വന്നിഹായ: 7/39)

അല്ലാഹുവിനെ ആരാധിക്കുകയും, അവന്റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്യുന്നതിലാണ് സർവ്വവിജയവും യഥാർത്ഥ പ്രതാപവുമുള്ളത് എന്ന് ഓരോ മുസ്‌ലിമും തിരിച്ചറിയേണ്ടതുണ്ട്. തൗഹീദിന്റെ രണ്ടാമത്തെ ഈ അടിത്തറ -അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നത്- എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരവും എല്ലാ നന്മകളുടെയും താക്കോലുമാണ്. വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും നേരായ നിലനിൽപ്പ് ഈ അടിത്തറ പാലിക്കുന്നതിലൂടെ മാത്രമേ പുലരുകയുള്ളൂ എന്നത് -ചിന്തിച്ചാൽ- ഏതൊരാൾക്കും ബോധ്യപ്പെടുന്ന പരമസത്യമാണ്.

തൗഹീദിന്റെ ഒഴിച്ചു കൂടാനാകാത്ത രണ്ട് അടിസ്ഥാനങ്ങളെ കുറിച്ചാണ് ഇത്രയും പറഞ്ഞത്. ഈ വിശദീകരണത്തിൽ നിന്ന് പ്രധാനപ്പെട്ട ഒരു പാഠം മനസ്സിലാക്കാം. ഒരാൾ അല്ലാഹുവിനെ ആരാധിക്കുന്നതിനൊപ്പം മറ്റു സൃഷ്ടികളെ കൂടി ആരാധിച്ചാൽ അവൻ ബഹുദൈവാരാധനയിൽ അകപ്പെട്ട മുശ്‌രികാണ്. ഒരാൾ സൃഷ്ടികളെയൊന്നും ആരാധിക്കുന്നില്ല എന്നതിനൊപ്പം അല്ലാഹുവിനെയും ആരാധിക്കുന്നില്ലെങ്കിൽ അവൻ കടുത്ത നിഷേധത്തിൽ അകപ്പെട്ട മുൽഹിദും കാഫിറുമാണ്. അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവന് പുറമെ ആരാധിക്കപ്പെടുന്നവയെ ഉപേക്ഷിക്കുകയും ചെയ്തവർ മാത്രമാണ് തൗഹീദ് പാലിക്കുന്ന മുവഹ്ഹിദും മുസ്‌ലിമുമാവുക.

[/mks_toggle]

തൗഹീദിന്റെ രണ്ട് അടിത്തറകളെ കുറിച്ചാണ് നാം പറഞ്ഞു വെച്ചത്. ഈ രണ്ട് അടിസ്ഥാനങ്ങളും വിശദമായി ഇനിയും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ ഉപേക്ഷിക്കുക എന്ന അടിസ്ഥാനം പാലിക്കണമെങ്കിൽ ശിർകിനെ കുറിച്ചും, അതിന്റെ വ്യത്യസ്ത രൂപങ്ങളെ കുറിച്ചും, ശിർകിലേക്ക് നയിക്കുന്ന വഴികളെ കുറിച്ചും മനസ്സിലാക്കണം. അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന അടിസ്ഥാനം പാലിക്കണമെങ്കിൽ ആരാധന എന്താണെന്നും, അതിന്റെ വ്യത്യസ്ത ഇനങ്ങൾ ഏതെല്ലാമാണെന്നും, അവയുടെ പൂർത്തീകരണം ഏതു രൂപത്തിലായിരിക്കണം എന്നതുമെല്ലാം പഠിക്കേണ്ടതുണ്ട്.

തൗഹീദ് ദൃഢബോധ്യത്തോടെയും താൽപര്യത്തോടെയും പഠിക്കുകയും പ്രാവർത്തികമാക്കുകയും അതിലേക്ക് ക്ഷണിച്ചു കൊണ്ടേയിരിക്കുകയും, ആ മാർഗത്തിൽ മരണപ്പെടുകയും ചെയ്യുന്നവരിൽ അല്ലാഹു നാമേവരെയും ഉൾപ്പെടുത്തട്ടെ. (ആമീൻ)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: