അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതിന്റെ മറുവശമാണ് അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കുക എന്നത്. ഒരാൾ സത്യവാനാകണമെങ്കിൽ കളവ് ഉപേക്ഷിക്കണം എന്നതു പോലെ, അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന തൗഹീദ് പൂർത്തീകരിക്കണമെങ്കിൽ അതിന് വിരുദ്ധമായത് തള്ളിപ്പറയുകയും ഉപേക്ഷിക്കുകയും വേണം. ഇസ്‌ലാമിന്റെ അടിസ്ഥാനമായി ഇക്കാര്യം അനേകം തെളിവുകളിൽ വിവരിക്കപ്പെട്ടിട്ടുണ്ട്.

നബി -ﷺ- യുടെ മതവിശ്വാസത്തെ കുറിച്ച് സംശയങ്ങൾ ഉന്നയിക്കുന്നവർക്ക് മറുപടി നൽകാൻ കൽപ്പിച്ചു കൊണ്ട് അല്ലാഹു ഖുർആനിൽ പറഞ്ഞതു നോക്കൂ:

قُلْ يَا أَيُّهَا النَّاسُ إِن كُنتُمْ فِي شَكٍّ مِّن دِينِي فَلَا أَعْبُدُ الَّذِينَ تَعْبُدُونَ مِن دُونِ اللَّـهِ وَلَـٰكِنْ أَعْبُدُ اللَّـهَ الَّذِي يَتَوَفَّاكُمْ ۖ

“പറയുക: ജനങ്ങളേ, എന്റെ മതത്തെ (ഇസ്‌ലാമിനെ) സംബന്ധിച്ച് നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (മനസ്സിലാക്കുക;) അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവരെ ഞാന്‍ ആരാധിക്കുകയില്ല. എന്നാൽ ഞാൻ ആരാധിക്കുന്നത് നിങ്ങളെ മരിപ്പിക്കുന്നവനായ അല്ലാഹുവിനെ മാത്രമാകുന്നു.” (യൂനുസ്: 104)

‘നിങ്ങൾ അല്ലാഹുവിന് പുറമെ നിശ്ചയിച്ചുണ്ടാക്കിയിരിക്കുന്ന ആരാധ്യവസ്തുക്കളെയൊന്നും ഒരിക്കലും ഞാൻ ആരാധിക്കുകയില്ല’ എന്ന കൃത്യമായ പ്രഖ്യാപനത്തോടെയാണ് ഇസ്‌ലാമിനെ കുറിച്ചുള്ള വിശദീകരണം നബി -ﷺ- ആരംഭിച്ചിരിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക. അല്ലാഹുവിന് പുറമെയുള്ള ആരാധ്യന്മാരെ തള്ളിപ്പറയുകയും നിഷേധിക്കുകയും, അല്ലാഹുവിനെ മാത്രമേ ഞാൻ ആരാധിക്കുകയുള്ളൂ എന്ന് സ്ഥിരീകരിക്കുകയും ഉറപ്പിക്കുകയും ചെയ്യുന്നത് ഇസ്‌ലാമിന്റെ ഏറ്റവും പ്രാഥമികമായ വിശദീകരണമാണെന്ന് ഈ ആയത്ത് നമ്മെ ബോധ്യപ്പെടുത്തുന്നു.

സമാനമായ ധാരാളം ആയത്തുകൾ വേറെയും ഖുർആനിലുണ്ട്.

അല്ലാഹു പറയുന്നു:

ذَٰلِكَ بِأَنَّ اللَّـهَ هُوَ الْحَقُّ وَأَنَّ مَا يَدْعُونَ مِن دُونِهِ هُوَ الْبَاطِلُ

“അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് ‘ഹഖ്’ ആയുള്ളവൻ. അവനു പുറമെ അവര്‍ ഏതൊന്നിനെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നുവോ അതുതന്നെയാണ് ‘ബാത്വിൽ’‌.” (ഹജ്ജ്: 62)

ഈ ആയത്തിൽ അല്ലാഹുവിനെ കുറിച്ച് ഹഖ് (الحَقُّ) എന്നും, അവന് പുറമെ ആരാധിക്കപ്പെടുന്നവയെ ‘ബാത്വിൽ’ (البَاطِلُ) എന്നുമാണ് അല്ലാഹു വിശേഷിപ്പിച്ചത്. “അതായത് അല്ലാഹുവാകുന്നു ഹഖായ ‘യഥാർഥ’ ആരാധ്യൻ. അവനെയല്ലാതെ മറ്റാരെയും ആരാധിക്കുക എന്നത് അർഹമോ അനുയോജ്യമോ അല്ല. അല്ലാഹുവിന് പുറമെ ബഹുദൈവാരാധകർ ആരാധിക്കുന്ന വിഗ്രഹങ്ങളും ആരാധ്യവസ്തുക്കളുമെല്ലാം ബാത്വിൽ ആണ്; അതായത് നിരർത്ഥകമാണ്. അവ യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യുന്നതല്ല.” ഇതാണ് ആയത്തിന്റെ ഉദ്ദേശം. (തഫ്സീറുൽ മുയസ്സർ: 339)

നബി -ﷺ- യുടെ ഹദീഥുകളിലും സമാനമായ വിശദീകരണങ്ങൾ ആവർത്തിച്ചു വന്നിട്ടുണ്ട്. അല്ലാഹുവിന് പുറമെ മറ്റെന്തെങ്കിലും ആരാധിക്കപ്പെടുക എന്നത് തീർത്തും നിരർത്ഥകവും അങ്ങേയറ്റം അനർഹവുമായ കാര്യമാണെന്ന വിശ്വാസം ഇസ്‌ലാമിന്റെ അടിത്തറയാണ് എന്ന് അവിടുന്ന് തന്റെ വാക്കുകളിൽ പലപ്പോഴായി ഓർമ്മപ്പെടുത്തിയിട്ടുണ്ട്.

عَنِ ابْنِ عُمَرَ، عَنِ النَّبِيِّ -ﷺ- قَالَ: «بُنِيَ الْإِسْلَامُ عَلَى خَمْسٍ، عَلَى أَنْ يُعْبَدَ اللَّهُ، وَيُكْفَرَ بِمَا دُونَهُ …»

ഇബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: “ഇസ്‌ലാം പടുത്തുയർത്തപ്പെട്ടിരിക്കുന്നത് അഞ്ച് കാര്യങ്ങൾക്ക് മേലാണ്. അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവന് പുറമെയുള്ളവയെ നിഷേധിക്കുകയും ചെയ്യുക…” (മുസ്‌ലിം: 20)

അഞ്ച് ഇസ്‌ലാം കാര്യങ്ങൾ എണ്ണിപ്പറയുന്ന, നബി -ﷺ- യുടെ പ്രസിദ്ധമായ ഹദീഥിന്റെ നിവേദനങ്ങളിൽ ഒന്നാണിത്. അഞ്ചു നേരത്തെ നിസ്കാരവും, നിർബന്ധമായും നൽകേണ്ട സകാതും, റമദാനിലെ നോമ്പും, സാധിക്കുന്നവരുടെ മേൽ ബാധ്യതയായ ഹജ്ജും ഓർമ്മപ്പെടുത്തുന്നതിന് മുൻപ് നബി -ﷺ- ഇസ്‌ലാമിന്റെ ആദ്യത്തെ സ്തംഭമായി എണ്ണിയത് നാം ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്ന തൗഹീദിന്റെ രണ്ട് സ്തംഭങ്ങളാണെന്ന കാര്യം ശ്രദ്ധിക്കുക.

മറ്റൊരു ഹദീഥ് കൂടി ശ്രദ്ധിക്കുക.

عَنْ أَبِي مَالِكٍ، عَنْ أَبِيهِ، قَالَ: سَمِعْتُ رَسُولَ اللَّهِ -ﷺ- يَقُولُ: «مَنْ قَالَ: لَا إِلَهَ إِلَّا اللَّهُ، وَكَفَرَ بِمَا يُعْبَدُ مَنْ دُونِ اللَّهِ، حَرُمَ مَالُهُ، وَدَمُهُ، وَحِسَابُهُ عَلَى اللَّهِ»

ത്വാരിഖ് ബ്നു അശ്‌യം -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ആരെങ്കിലും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന് പറയുകയും, അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കുകയും ചെയ്താൽ അവന്റെ സമ്പാദ്യവും രക്തവും പവിത്രമായിരിക്കുന്നു; അവന്റെ വിചാരണ അല്ലാഹുവിങ്കലത്രെ.” (മുസ്‌ലിം: 37)

നബി -ﷺ- ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയുവാൻ മാത്രമല്ല നിർദേശിച്ചത്. മറിച്ച്, ഒരാൾ മുസ്‌ലിമായി പരിഗണിക്കപ്പെടണമെങ്കിൽ -അവന്റെ രക്തവും സമ്പാദ്യവും പവിത്രമാകണമെങ്കിൽ- ശഹാദത് കലിമ ഉച്ചരിക്കുന്നതിനൊപ്പം അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ അവൻ നിഷേധിക്കുക കൂടി വേണ്ടതുണ്ട്. എങ്കിൽ മാത്രമേ അവൻ ഇസ്‌ലാമിന്റെ വലയത്തിലേക്ക് പ്രവേശിക്കുന്നുള്ളൂ.

ഇത്രയും പറഞ്ഞതിൽ നിന്ന് തൗഹീദിനെ കുറിച്ച് ചിലർക്കുള്ള തെറ്റായ ധാരണ തിരുത്തപ്പെടേണ്ടതുണ്ട്. അല്ലാഹുവിനെ ആരാധിക്കുക എന്നത് മാത്രമാണ് തൗഹീദിന്റെ അർത്ഥമായി അവർ മനസ്സിലാക്കിയിരിക്കുന്നത്. അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതിന് വിരുദ്ധമായ എല്ലാകാര്യത്തിൽ നിന്നും അകൽച്ച പ്രഖ്യാപിക്കുക എന്നതോ, അതിനെതിരെ ശക്തമായ എതിർപ്പും വിദ്വേഷവുമുണ്ടായിരിക്കുക എന്നതോ തൗഹീദിന്റെ ഭാഗമായി അവർ കാണുന്നില്ല. ഇത് തീർത്തും അബദ്ധമാണ്.

ഒരാൾ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് ഉച്ചരിക്കുകയും അതോടൊപ്പം വിഗ്രഹങ്ങളെയോ മരണപ്പെട്ടവരെയോ നബിമാരെയോ സ്വാലിഹീങ്ങളെയോ ഖബറാളികളെയോ മറ്റോ വിളിച്ചാരാധിക്കുകയും ചെയ്യുന്നെങ്കിൽ അവൻ മുസ്‌ലിമല്ല. അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കുകയോ, അവരുടെ മേൽ ഭരമേൽപ്പിക്കുകയോ, ആരാധനയുടെ ഏതെങ്കിലുമൊരു ഇനം അവർക്ക് സമർപ്പിക്കുകയോ ചെയ്യുന്ന വ്യക്തി ആയിരം തവണ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് ഉച്ചരിച്ചു കൊണ്ടേയിരുന്നാലും അവന്റെ തൗഹീദോ ഇസ്‌ലാമോ ശരിയായിട്ടില്ല. കാരണം -പല തവണ തെളിവുകളിലൂടെ നാം സ്ഥിരീകരിച്ചതു പോലെ- അല്ലാഹുവിന് പുറമെയുള്ളവർ ആരാധിക്കപ്പെടുക എന്നതിനെ നിഷേധിക്കുക എന്നത് തൗഹീദിന്റെ അടിത്തറയാണ്.

ഈ അടിസ്ഥാനത്തിന് വിരുദ്ധമാകുന്ന പ്രവൃത്തികൾ അനേകമുണ്ട്. ബഹുദൈവാരാധനയെ സ്നേഹിക്കുക എന്നത് അതിൽ പെട്ടതാണ്. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് ഉച്ചരിക്കുന്ന ഒരാൾ അല്ലാഹുവിന് പുറമെയുള്ളവരെ മറ്റാരെങ്കിലും ആരാധിക്കുന്നതിൽ സന്തോഷിക്കുകയും ആ പ്രവൃത്തിയെ ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നുവെന്ന് കരുതുക; എങ്കിൽ അവൻ ഇസ്‌ലാമിൽ ഉൾപ്പെട്ടിട്ടില്ല. നേരത്തെ നാം ഹദീഥുകളിൽ വായിച്ചതു പോലെ, അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ അവൻ നിഷേധിച്ചിട്ടില്ല.

അല്ലാഹു തന്നെയില്ല എന്ന് വാദിക്കുന്ന നിരീശ്വരവാദപ്രസ്ഥാനങ്ങളെയും, നിർമ്മതവാദികളുടെ ആശയങ്ങളെയും സ്നേഹിക്കുന്നതും ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന കാര്യം തന്നെ. ഇതു പോലെ ഇസ്‌ലാമിന് വിരുദ്ധമാകുന്ന ഏതൊരു ആശയത്തെയും വിശ്വാസത്തെയും മതത്തെയും ചിന്താഗതിയെയും ഇഷ്ടപ്പെടുക എന്നതോ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുക എന്നതോ ഒരു മുസ്‌ലിമിന്റെ പക്കൽ നിന്നുണ്ടായിത്തീരാൻ പാടില്ലാത്ത കൊടിയ തിന്മയാണ്. ദീനിന്റെ അടിത്തറയായ -അല്ലാഹുവിന് പുറമെയുള്ളവർക്ക് ആരാധന നൽകപ്പെടുന്നതിനെ നിഷേധിക്കുക എന്ന വിശ്വാസം- അവനിൽ നിന്ന് ഇല്ലാതെയായിരിക്കുന്നു എന്നും, അതോടെ അവൻ ഇസ്‌ലാമിൽ നിന്ന് പുറത്തു പോവുകയും ചെയ്തിരിക്കുന്നു എന്ന് മേലെ നാം വായിച്ച തെളിവുകളെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നു.

ബഹുദൈവാരാധനയോടും അതിന്റെ രൂപങ്ങളോടും സ്നേഹം വെച്ചു പുലർത്തുന്നതിനോടൊപ്പം അവൻ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ചൊല്ലിക്കൊണ്ടേയിരിക്കുന്നുണ്ടെങ്കിൽ അത് തീർത്തും വൈരുദ്ധ്യം നിറഞ്ഞതും പരിഹാസ്യവുമത്രെ. ‘അധ്വാനത്തിലൂടെ മാത്രമേ സമ്പാദിക്കാവൂ’ എന്ന് രായ്ക്കുരാമാനം ജനങ്ങളെ ഉദ്ബോധിപ്പിക്കുകയും, ജനങ്ങളുടെ സമ്പാദ്യം മോഷ്ടിക്കാൻ ഏണിവെച്ചു കൊടുക്കുകയും ചെയ്യുന്ന, ‘കള്ളന് കഞ്ഞിവെക്കുന്നവരേക്കാൾ’ അവൻ അധഃപതിച്ചിരിക്കുന്നു. ‘വിവാഹബന്ധത്തിന്റെ പവിത്രതയെ കുറിച്ച് വാചാലമാവുകയും’ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലവും കെട്ടിടവും വേശ്യാലയ നടത്തിപ്പിന് വാടകക്ക് നൽകുകയും ചെയ്തവനേക്കാൾ കടുത്ത കാപട്യമാണ് അവൻ പുലർത്തുന്നത്.

കാരണം മോഷണവും വ്യഭിചാരവും പോലുള്ള തിന്മകൾ -അങ്ങേയറ്റം ഗുരുതരമാണ് അവയെല്ലാമെങ്കിലും- ശിർകിനോളം ഗൗരവമുള്ളതല്ല. ഏറ്റവും ഗുരുതരമായ തിന്മയായ ശിർകിനെ സ്നേഹിക്കുകയും, അതോടൊപ്പം തൗഹീദും ഇസ്‌ലാമും തന്റെ ഹൃദയത്തിൽ ഉണ്ട് എന്ന് അവകാശപ്പെടുകയും ചെയ്യുന്നതിനേക്കാൾ വലിയ കാപട്യം വേറെയൊന്നുമില്ല.

ബഹുദൈവാരാധനയോട് സ്നേഹവും ഇഷ്ടവും പുലർത്തുക എന്നത് ദീനിന്റെ വലയത്തിൽ നിന്ന് പുറത്തു പോകാൻ കാരണമാകും എന്നത് പോലെ, തൗഹീദിനോട് വിദ്വേഷവും കോപവും വെച്ചു പുലർത്തുന്നതും ഇസ്‌ലാമിൽ നിന്ന് പുറത്തെത്തിക്കുന്ന പ്രവൃത്തിയാണ്. അല്ലാഹുവിനെ മാത്രം ആരാധിക്കൂ എന്നത് കേൾക്കുമ്പോൾ ഈർഷ്യതയും കോപവും കൊണ്ട് തിളക്കുന്നത് ഹൃദയം ഇസ്‌ലാമിലല്ല നിലകൊള്ളുന്നത് എന്നതിന്റെ അടയാളമാണ്. അല്ലാഹു മുശ്‌രിക്കുകളുടെ അടയാളമായി പറഞ്ഞതു നോക്കൂ:

وَإِذَا ذُكِرَ اللَّـهُ وَحْدَهُ اشْمَأَزَّتْ قُلُوبُ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ ۖ وَإِذَا ذُكِرَ الَّذِينَ مِن دُونِهِ إِذَا هُمْ يَسْتَبْشِرُونَ ﴿٤٥﴾

“അല്ലാഹുവെപ്പറ്റി മാത്രം പറയപ്പെട്ടാൽ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്‌. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പറയപ്പെട്ടാലോ, അപ്പോഴതാ അവര്‍ സന്തോഷവാന്മാരാകുന്നു.” (സുമർ: 45)

നബി -ﷺ- യുടെ കാലഘട്ടത്തിലുള്ള മക്കയിലെ മുശ്‌രിക്കുകളുടെ സ്വഭാവമാണ് ആയത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതിന് സമാനമായ സ്വഭാവഗുണങ്ങൾ പുലർത്തുന്ന എത്രയോ പേർ ഇസ്‌ലാമിന്റെയും മുസ്‌ലിമീങ്ങളുടെയും പേര് അവകാശപ്പെടുത്തുന്ന വേദന നിറഞ്ഞ കാലഘട്ടത്തിലാണ് നാം കഴിയുന്നത്. ‘അല്ലാഹുവോട് മാത്രം’ എന്ന് പറഞ്ഞു കേൾക്കുന്നത് അത്തരക്കാർക്ക് അനിഷ്ടവും ദേഷ്യവുമുണ്ടാക്കുന്നു; ‘ഇന്ന വലിയ്യിനോട്, ഇന്ന നബിയോട്, ഇന്ന ജാറത്തിലേക്ക്’ എന്നിങ്ങനെ അല്ലാഹുവിന് പുറമെയുള്ളവരെ കുറിച്ച് പറയപ്പെടുമ്പോൾ അവർ സന്തുഷ്ടരും സമാധാനചിത്തരുമായി തീരുന്നു!

ഇന്നാലില്ലാഹി വ ഇന്നാ ഇലയ്‌ഹി റാജിഊൻ!

പ്രിയപ്പെട്ട മുസ്‌ലിം സഹോദരങ്ങളേ! ദീനിന്റെ ഒന്നാമത്തെ അടിത്തറയായ തൗഹീദിന്റെ ഏറ്റവും പ്രധാനപ്പെട്ട ഈ അടിസ്ഥാനം നാമോരോരുത്തരും എപ്രകാരം മനസ്സിൽ ഉൾക്കൊള്ളുകയും, ആഴ്ത്തിൽ സ്വാംശീകരിക്കുകയും ചെയ്തിട്ടുണ്ട് എന്ന കാര്യം ഗൗരവത്തിൽ ചിന്തിക്കുക. എത്രയോ പേർ ഇക്കാര്യത്തെ കുറിച്ചുള്ള അജ്ഞതയാൽ ശിർകിന്റെ വഴികളിൽ വീണു പോയിരിക്കുന്നു; അവരുടെ ആധിക്യമോ അട്ടഹാസമോ സത്യത്തിൽ നിന്ന് നിന്നെ പിന്നോട്ട് വലിക്കാതിരിക്കട്ടെ.

[/mks_toggle]
നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: