തൗഹീദ് പാലിക്കാൻ ഉദ്ദേശിക്കുന്ന ഏതൊരു വ്യക്തിയും നിർബന്ധമായും പ്രാവർത്തികമാക്കേണ്ട രണ്ട് സ്തംഭങ്ങളുണ്ട്. തൗഹീദിന്റെ അടിത്തറ പൂർത്തീകരിക്കാൻ അവ രണ്ടും നിർബന്ധമായും പാലിച്ചിരിക്കേണ്ടതുണ്ട്. അവയിൽ ഏതെങ്കിലും ഒന്ന് ഇല്ലാതെയായാൽ അവന്റെ തൗഹീദ് തകരുകയും, അവൻ ഇസ്ലാമിൽ നിന്ന് തന്നെ പുറത്തു പോവുകയും ചെയ്യും.
അല്ലാഹുവിന് മാത്രം അർഹതപ്പെട്ട കാര്യങ്ങളിൽ അവനെ ഏകനാക്കുക എന്നതാണല്ലോ തൗഹീദിന്റെ ഉദ്ദേശം. അല്ലാഹുവിന്റെ ഏകത്വം ഒരാൾ പ്രഖ്യാപിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നതോടൊപ്പം, അവന്റെ ഏകത്വത്തിന് വിരുദ്ധമാകുന്ന കാര്യങ്ങളെ അവൻ തള്ളിപ്പറയുകയും നിഷേധിക്കുകയും ചെയ്യേണ്ടതുണ്ട്. ഈ രണ്ട് കാര്യങ്ങൾ -അതായത് ഏകത്വം സ്ഥിരീകരിക്കലും, അതിന് വിരുദ്ധമായത് നിഷേധിക്കലും- തൗഹീദിന്റെ ഏറ്റവും ഗൗരവപ്പെട്ട രണ്ട് സ്തംഭങ്ങളാണ്.
ഉദാഹരണത്തിന് അല്ലാഹു മാത്രമാണ് എന്നെ സൃഷ്ടിച്ചതെന്നും, അവൻ മാത്രമാണ് എന്റെ ഉടമസ്ഥനെന്നും അംഗീകരിക്കുകയും സ്ഥാപിക്കുകയും ചെയ്യുന്ന വ്യക്തി അതിന് വിരുദ്ധമാകുന്ന എല്ലാ കാര്യത്തെയും നിഷേധിക്കുന്നവനായിരിക്കണം. അല്ലാഹു മാത്രമാണ് എന്റെ റബ്ബ് എന്ന് പറയുമ്പോൾ, അവന് പുറമെ ഒരാളും എന്റെ റബ്ബല്ല എന്ന നിഷേധം കൂടി ഒപ്പമുണ്ടായിരിക്കണം എന്ന് ചുരുക്കം.
മറ്റൊരു ഉദാഹരണം കൂടി ശ്രദ്ധിക്കുക. അല്ലാഹു മാത്രമാണ് എന്റെ ആരാധ്യനെന്നും, അവനെ മാത്രമേ ഞാൻ ആരാധിക്കുകയുള്ളൂ എന്നും ഒരാൾ വിശ്വസിക്കുന്നുണ്ടെങ്കിൽ സ്വാഭാവികമായും അവന്റെ ഈ വിശ്വാസത്തിന് എതിരാകുന്ന സർവ്വതിനെയും അവൻ നിഷേധിച്ചിരിക്കണം. അല്ലാഹുവിന് പുറമെ ആരാധന നൽകപ്പെടുന്ന വസ്തുക്കൾ അതിന് അർഹരല്ലെന്നും, അല്ലാഹുവല്ലാത്ത ഒരാളെ ആരാധിക്കുന്നത് എന്റെ വിശ്വാസത്തിന് കടകവിരുദ്ധമാണെന്ന ബോധ്യവും അവനുണ്ടായിരിക്കണം.
ഈ രണ്ട് അടിത്തറകളെ പണ്ഡിതന്മാർ തൗഹീദിന്റെ സ്തംഭങ്ങളാണ് എന്ന് വിശേഷിപ്പിച്ചത് കാണാം. ഒന്നാമത്തെ അടിസ്ഥാനം അല്ലാഹുവിന്റെ ഏകത്വം സ്ഥിരീകരിക്കലാണെങ്കിൽ (إِثْبَاتُ الوَحْدَانِيَّةِ), രണ്ടാമത്തെ അടിസ്ഥാനം അതിന് വിരുദ്ധമാകുന്ന സർവ്വതിനെയും നിഷേധിക്കലാണ് (نَفْيُ التَّشْرِيكِ). ഇവ രണ്ടും കൂടിച്ചേരുമ്പോൾ മാത്രമേ തൗഹീദ് ശരിയാവുകയുള്ളൂ.
ഇസ്ലാമിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ അല്ലാഹു ഈ രണ്ട് അടിസ്ഥാനങ്ങളെ കുറിച്ച് ഓരോ വ്യക്തിയെയും ഓർമ്മപ്പെടുത്തുന്നുണ്ട്. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന ശഹാദത് കലിമയിലൂടെയാണത്. ഒരാൾ മുസ്ലിമാകുന്നത് ഈ വാക്യം ഉച്ചരിക്കുന്നതിലൂടെയാണല്ലോ?
തൗഹീദിന്റെ ഈ വാചകം തുടങ്ങുന്നത് സർവ്വ ആരാധ്യന്മാരെയും നിഷേധിച്ചു കൊണ്ടും, തള്ളിപ്പറഞ്ഞു കൊണ്ടുമാണ്. ‘ലാ ഇലാഹ’ (لَا إِلَهَ) എന്ന വാക്കിന്റെ അർത്ഥം ഒരു ആരാധ്യനുമില്ലെന്നാണ്. അല്ലാഹുവിന് പുറമെയുള്ള സർവ്വ ആരാധന്മാരെയും തള്ളിപ്പറയുകയാണ് ഈ വാക്കുകളിലൂടെ. ശേഷം ‘ഇല്ലല്ലാഹ്’ (إِلَّا اللَّهُ) എന്ന വാക്കിലൂടെ അല്ലാഹു മാത്രമേ ആരാധ്യനായുള്ളൂ എന്ന ഏകത്വം സ്ഥിരീകരിക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു.
ഖുർആനിൽ ധാരാളം ആയത്തുകളിൽ നിഷേധവും സ്ഥിരീകരണവും ഒരുമിച്ചു ചേരുന്ന ഈ രീതി ആവർത്തിക്കപ്പെട്ടതായി കാണാം. ചില ഉദാഹരണങ്ങൾ ശ്രദ്ധിക്കുക.
അല്ലാഹു പറയുന്നു:
فَمَن يَكْفُرْ بِالطَّاغُوتِ وَيُؤْمِن بِاللَّـهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انفِصَامَ لَهَا ۗ
“ആരെങ്കിലും (അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന) ‘ത്വാഗൂതു’കളെ നിഷേധിക്കുകയും, അല്ലാഹുവിൽ മാത്രം വിശ്വസിക്കുകയും ചെയ്താൽ അവൻ ഉറപ്പുള്ള പാശത്തിൽ മുറുകെ പിടിച്ചിരിക്കുന്നു. അത് പൊട്ടിപ്പോകുന്നതല്ല.” (ബഖറ: 256)
രണ്ട് കാര്യങ്ങൾ പ്രാവർത്തികമാക്കിയാൽ അവൻ ഉറപ്പുള്ള പാശത്തിൽ -അതായത് ഇസ്ലാം ദീനിൽ- മുറുകെ പിടിച്ചിരിക്കുന്നു എന്നാണ് ഈ ആയത്തിൽ അല്ലാഹു അറിയിച്ചിരിക്കുന്നത്. ഒന്നാമത്തെ കാര്യം അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന ത്വാഗൂതുകളെ നിഷേധിക്കുക എന്നതാണെങ്കിൽ, രണ്ടാമത്തെ കാര്യം അല്ലാഹുവിൽ മാത്രം വിശ്വസിക്കലാണ്. തൗഹീദിന്റെ അടിത്തറകളായി നാം മനസ്സിലാക്കിയ നിഷേധവും സ്ഥിരീകരണവുമാണ് അതിലൂടെ പരാമർശിക്കപ്പെട്ടത്.
അല്ലാഹു പറയുന്നു:
وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ
“തീർച്ചയായും എല്ലാ ജനതയിലേക്കും നാം റസൂലുകളെ അയച്ചിരിക്കുന്നു; നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, (അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന) ‘ത്വാഗൂതു’കളെ വെടിയുകയും ചെയ്യൂ (എന്ന് പറഞ്ഞു കൊണ്ട്).” (നഹ്ൽ: 36)
അല്ലാഹു എല്ലാ ജനതകളിലേക്കും നബിമാരെ അയച്ചത് രണ്ട് കാര്യങ്ങൾ കൊണ്ടാണെന്ന് ഈ ആയത്ത് അറിയിക്കുന്നു. ഒന്ന്: അല്ലാഹുവിനെ മാത്രം ആരാധിക്കലാണ്. രണ്ട്: അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ ഉപേക്ഷിക്കലാണ്. നബിമാരെല്ലാം ആദ്യം ക്ഷണിച്ചത് തൗഹീദിലേക്കാണെന്ന് നമുക്കറിയാം; അവർ പറഞ്ഞ തൗഹീദ് ഈ രണ്ട് അടിത്തറകളായിരുന്നു ഉൾക്കൊണ്ടിരുന്നത് എന്ന് ഈ ആയതിലൂടെ നമുക്ക് ബോധ്യപ്പെടുകയും ചെയ്യുന്നു.
അല്ലാഹു പറയുന്നു:
يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ
“എന്റെ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവന് പുറമെ നിങ്ങൾക്ക് ഒരു ആരാധ്യനുമില്ല.” (അഅ്റാഫ്: 59)
നബിമാരിൽ പലരും ഒരു പോലെ പറഞ്ഞതായി അല്ലാഹു അറിയിച്ച വാക്കുകളാണ് മേലെയുള്ള ആയത്തിലുള്ളത്. നൂഹ് നബിയും -عَلَيْهِ السَّلَامُ-, ഹൂദ് നബിയും -عَلَيْهِ السَّلَامُ-, സ്വാലിഹ് നബിയും -عَلَيْهِ السَّلَامُ-, ശുഐബ് നബിയും -عَلَيْهِ السَّلَامُ- ഇതേ വാക്കുകൾ തന്നെ യാതൊരു മാറ്റവുമില്ലാതെ പറഞ്ഞതായി ഖുർആനിലെ അവരുടെ ചരിത്രവിവരണങ്ങളിൽ കാണാം. ശ്രദ്ധിച്ചു വായിച്ചാൽ നാം മനസ്സിലാക്കിയ തൗഹീദിന്റെ രണ്ട് അടിസ്ഥാനങ്ങൾ ഇവയിലും കാണാം. ‘നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കൂ’ എന്ന കൽപ്പന അല്ലാഹുവിന്റെ ഏകത്വം സ്ഥിരീകരിക്കാനും, ‘അവന് പുറമെ മറ്റൊരു ആരാധ്യനും നിങ്ങൾക്കില്ല’ എന്ന വാക്കുകൾ അവന്റെ ഏകത്വത്തിന് വിരുദ്ധമാകുന്ന കാര്യങ്ങളെ നിഷേധിക്കാനും ഓർമ്മപ്പെടുത്തുന്നു.
അല്ലാഹു പറയുന്നു:
وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ وَقَوْمِهِ إِنَّنِي بَرَاءٌ مِّمَّا تَعْبُدُونَ ﴿٢٦﴾ إِلَّا الَّذِي فَطَرَنِي فَإِنَّهُ سَيَهْدِينِ ﴿٢٧﴾
“ഇബ്രാഹീം തന്റെ പിതാവിനോടും തന്റെ ജനങ്ങളോടും പറഞ്ഞ സന്ദർഭം; ഞാൻ നിങ്ങൾ ആരാധിക്കുന്നവയിൽ നിന്നെല്ലാം ഒഴിവാകുന്നു; എന്നെ സൃഷ്ടിച്ചവനൊഴികെ. അവൻ എനിക്ക് നേർവഴി കാണിക്കുന്നതാണ്.” (സുഖ്റുഫ്: 26-27)
തൗഹീദീ മാർഗത്തിന്റെ നേതാവായ ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- ബഹുദൈവാരാധനയിൽ മുങ്ങിക്കുളിച്ച തന്റെ ജനങ്ങൾക്ക് തൗഹീദ് പഠിപ്പിച്ചു നൽകിയ അനേകം സംഭവങ്ങൾ ഖുർആനിൽ വിവരിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം അവരോട് രണ്ട് കാര്യങ്ങൾ പ്രധാനമായും പറഞ്ഞിരിക്കുന്നു എന്ന് ഈ ആയത്ത് നമ്മെ ബോധ്യപ്പെടുത്തുന്നു. ഒന്ന്: നിങ്ങൾ ആരാധിക്കുന്നവയിൽ നിന്ന് ഞാൻ ഒഴിവാണ്; അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കുക എന്ന തൗഹീദിന്റെ ഒന്നാമത്തെ സ്തംഭമാണ് അതിലുള്ളത്. രണ്ട്: എന്നെ സൃഷ്ടിച്ചവനായ അല്ലാഹുവിൽ നിന്ന് ഞാൻ ഒഴിവല്ല; മറിച്ച് അവനെ മാത്രമേ ഞാൻ ആരാധിക്കുകയുള്ളൂ. അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന തൗഹീദിന്റെ രണ്ടാമത്തെ അടിസ്ഥാനമാണ് അതിലുള്ളത്.
അല്ലാഹു പറയുന്നു:
قَالَ أَفَرَأَيْتُم مَّا كُنتُمْ تَعْبُدُونَ ﴿٧٥﴾ أَنتُمْ وَآبَاؤُكُمُ الْأَقْدَمُونَ ﴿٧٦﴾ فَإِنَّهُمْ عَدُوٌّ لِّي إِلَّا رَبَّ الْعَالَمِينَ ﴿٧٧﴾
“ഇബ്രാഹീം പറഞ്ഞു: “നിങ്ങൾ അപ്പോള് നിങ്ങള് ആരാധിച്ചു കൊണ്ടിരിക്കുന്നത് എന്തിനെയാണെന്ന് നിങ്ങള് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളും നിങ്ങളുടെ പൂര്വ്വപിതാക്കളും (ആരാധിക്കുന്നവ); അവയെല്ലാം എന്റെ ശത്രുക്കളാകുന്നു ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹു ഒഴികെ” (ശുഅറാഅ്: 75-77)
ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യുടെ തന്നെ ചരിത്രത്തിൽ നിന്ന് അല്ലാഹു പ്രാധാന്യത്തോടെ ഓർമ്മപ്പെടുത്തിയ മറ്റൊരു ഉപദേശമാണ് ഈ ആയത്തുകളിലും ഉള്ളത്. ‘നിങ്ങളും നിങ്ങളുടെ പിതാക്കളും ആരാധിക്കുന്നവയെല്ലാം എന്റെ ശത്രുക്കളാകുന്നു’ എന്ന പ്രഖ്യാപനം അല്ലാഹുവിന് പുറമെയുള്ള ആരാധ്യവസ്തുക്കളോടുള്ള കടുത്ത നിഷേധത്തെയാണ് അറിയിക്കുന്നത് എങ്കിൽ തൊട്ടടുത്ത വചനം ‘ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനുള്ള ആരാധന’ അന്നസിഗ്ധമായി സ്ഥാപിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്നു.
ഈ രണ്ട് അടിസ്ഥാനങ്ങളും വിശദമായി ഗ്രഹിക്കുകയും, മനസ്സിൽ ഉറപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. കാരണം ഇവ രണ്ടും തീർത്തും പരസ്പരപൂരകങ്ങളാണ്. ഇതിൽ ഏതെങ്കിലും ഒന്ന് ഇല്ലാതെയായാൽ അടുത്ത പകുതിയും ഇല്ലാതെയാകും. ചുരുങ്ങിയ രൂപത്തിൽ ഇവയെ കുറിച്ച് താഴെ വിവരിക്കാം.