അല്ലാഹുവിന് മാത്രം പ്രത്യേകമായുള്ള കാര്യങ്ങളില്‍ അവനെ ഏകനാക്കലാണ് തൗഹീദ് എന്ന് പറയുകയുണ്ടായി. അല്ലാഹുവിന്റെ ഏകത്വം സ്ഥിരപ്പെടുത്തേണ്ട, അവന് മാത്രം പ്രത്യേകമായുള്ള അനേകം വിഷയങ്ങളുണ്ടെങ്കിലും അവയെല്ലാം മൂന്ന് അടിസ്ഥാനങ്ങളിൽ ചുരുക്കുവാൻ കഴിയും.
അവയിൽ ആദ്യത്തെ അടിസ്ഥാനം ‘അല്ലാഹു മാത്രമാണ് എന്റെ റബ്ബ് എന്ന് വിശ്വസിക്കലാണ്’. റുബൂബിയ്യതിലെ തൗഹീദ് എന്ന് പണ്ഡിതന്മാർ വിശേഷിപ്പിക്കുന്നത് ഈ വിശ്വാസത്തെയാണ്. ഖുർആനിൽ പറയപ്പെട്ട അല്ലാഹുവിന്റെ അതിമഹത്തരമായ നാമങ്ങളിൽ ധാരാളം പറയപ്പെട്ട നാമമാണ് റബ്ബ് എന്നത്; റുബൂബിയ്യഃ എന്ന പദം ബന്ധപ്പെട്ടിരിക്കുന്നത് ഈ നാമവുമായാണ്. അതിനാൽ ‘റബ്ബ്’ എന്ന നാമത്തിന് കീഴിൽ ഉദ്ദേശിക്കപ്പെടുന്ന കാര്യങ്ങളിലെല്ലാം അല്ലാഹു ഏകനാണെന്ന് ഒരാൾ വിശ്വസിച്ചാൽ അവന്റെ തൗഹീദിന്റെ ആദ്യഭാഗം ശരിയായി.
അല്ലാഹു മാത്രമാണ് റബ്ബ് എന്നത് കൊണ്ട് പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഉദ്ദേശിക്കപ്പെടുന്നത്.
ഒന്ന്: അല്ലാഹു മാത്രമാണ് സർവ്വതിന്റെയും സ്രഷ്ടാവ്. പ്രപഞ്ചസൃഷ്ടിപ്പിൽ ഒരു പങ്കാളിയോ സഹായിയോ അല്ലാഹുവിനില്ല. നമുക്ക് കാണാൻ കഴിയുന്നതും കഴിയാത്തതുമായ എന്തെല്ലാം വസ്തുക്കളുണ്ടോ; അവയുടെയെല്ലാം സ്രഷ്ടാവ് അല്ലാഹു മാത്രമാണ്. ശൂന്യതയിൽ നിന്ന് എല്ലാം സൃഷ്ടിക്കുകയും, നിർജ്ജീവമായ വസ്തുക്കളിൽ നിന്ന് ജീവനുള്ളതിനെ പടക്കുകയും ചെയ്ത അല്ലാഹുവിന് പുറമെ ഒരു സ്രഷ്ടാവുമില്ല.
يَا أَيُّهَا النَّاسُ اذْكُرُوا نِعْمَتَ اللَّـهِ عَلَيْكُمْ ۚ هَلْ مِنْ خَالِقٍ غَيْرُ اللَّـهِ يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ ۚ
“മനുഷ്യരേ! അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. ആകാശത്ത് നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്കാന് അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ?” (ഫാത്വിർ: 3)
രണ്ട്: അല്ലാഹു മാത്രമാണ് സർവ്വതിന്റെയും ഉടമസ്ഥൻ. ആകാശഭൂമികളെയും അവക്കിടയിലുള്ളതിനെയും സൃഷ്ടിച്ചവൻ അല്ലാഹു മാത്രമാണ്; അതിനാൽ അവയെല്ലാം അവന്റെ ഉടമസ്ഥതയിലാണ്. അല്ലാഹുവിന്റെ ഉടമസ്ഥതയിൽ പെടാത്ത ഒരു കണിക പോലും പ്രപഞ്ചത്തിൽ എവിടെയുമില്ല. അവന്റെ അധികാരം ഒരിക്കലും നശിക്കുകയോ അതിൽ കുറവ് സംഭവിക്കുകയോ ഇല്ല.
وَلِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿١٨٩﴾
“അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.” (ആലു ഇംറാന്‍: 189)
قُلِ اللَّـهُمَّ مَالِكَ الْمُلْكِ تُؤْتِي الْمُلْكَ مَن تَشَاءُ وَتَنزِعُ الْمُلْكَ مِمَّن تَشَاءُ وَتُعِزُّ مَن تَشَاءُ وَتُذِلُّ مَن تَشَاءُ ۖ
“പറയുക: ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ ആധിപത്യം നല്കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ പ്രതാപം നല്കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു.” (ആലു ഇംറാൻ: 26)
മൂന്ന്: അല്ലാഹു മാത്രമാണ് സർവ്വതിനെയും നിയന്ത്രിക്കുന്നവൻ. പ്രപഞ്ചത്തിലെ സൂക്ഷ്മകണിക മുതൽ മനുഷ്യന്റെ ചിന്തയിൽ ഉൾക്കൊള്ളുക പോലും സാധ്യമല്ലാത്ത നക്ഷത്രഗോളാധികൾ വരെ അല്ലാഹുവിന്റെ പരിപൂർണ്ണമായ നിയന്ത്രണത്തിന് കീഴിലാണ്. അവന്റെ ഉദ്ദേശത്തിനോ തീരുമാനത്തിനോ വിരുദ്ധമായി ഒരാൾക്കും ഒന്നും ചെയ്യുക സാധ്യമല്ല. അവന്റെ നിയന്ത്രണം ഒരു നിമിഷത്തേക്ക് പോലും നഷ്ടമാവുകയോ, അവനെ അശ്രദ്ധയോ മയക്കമോ ഉറക്കമോ ബാധിക്കുകയോ ഇല്ല.
إِنَّ رَبَّكُمُ اللَّـهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ۖ يُدَبِّرُ الْأَمْرَ ۖ
“തീര്‍ച്ചയായും നിങ്ങളുടെ റബ്ബ് ആകാശങ്ങളും ഭൂമിയും ആറുദിവസങ്ങളിലായി സൃഷ്ടിക്കുകയും, ശേഷം സിംഹാസനാരോഹണം ചെയ്യുകയും, കാര്യങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നവനായ അല്ലാഹുവാകുന്നു.” (യൂനുസ്: 3)
مَّا مِن دَابَّةٍ إِلَّا هُوَ آخِذٌ بِنَاصِيَتِهَا ۚ
“അല്ലാഹു നെറുകയില്‍ പിടിച്ചു (നിയന്ത്രിക്കുന്ന) നിലയിലല്ലാതെ ഒരു ജീവിയുമില്ല.” (ഹൂദ്: 56)
മേൽ പറഞ്ഞ മൂന്ന് കാര്യങ്ങൾ ഒരാൾ വിശ്വസിച്ചാൽ അവൻ അല്ലാഹു മാത്രമാണ് റബ്ബ് എന്ന സത്യം അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. ആകാശഭൂമികളെ പടച്ചതും, മഴ വർഷിക്കുന്നതും, ചെടികൾ മുളപ്പിക്കുന്നതും, ഉപജീവനം നൽകുന്നതും, സർവ്വതിനെയും ഉടമപ്പെടുത്തുന്നതും, അവയെ നിലനിർത്തുന്നവനും, എല്ലാത്തിനെയും നിയന്ത്രിക്കുന്നവനും അല്ലാഹുവാണ് എന്ന വിശ്വാസം മനുഷ്യരുടെ ഹൃദയത്തിൽ ആഴത്തിൽ ഊട്ടിയുറപ്പിക്കുന്ന അനേകം ആയത്തുകൾ ഖുർആനിലുണ്ട്. തൗഹീദിന്റെ ഒന്നാമത്തെ അടിത്തറയാണ് പ്രസ്തുത ആയത്തുകളിലൂടെ വിവരിക്കപ്പെടുന്നത്.