സിഹ്റും വ്യത്യസ്ത മതങ്ങളും

(യഹൂദന്മാര്‍ക്ക്) സിഹ്ര്‍ നിഷിദ്ധമായിരുന്നു. മൂസ -عَلَيْهِ السَّلَامُ- സാഹിറന്മാരുമായി നടത്തിയ യുദ്ധം അവരുടെ ഗ്രന്ഥങ്ങളില്‍ വിശദമായി പ്രതിപാദിക്കപ്പെട്ടിട്ടുമുണ്ട്. സാഹിറന്മാര്‍ക്ക് അല്ലാഹുവിന്റെ ദൃഷ്ടാങ്ങള്‍ക്ക് മുന്‍പിലുണ്ടായ പരാജയം അവരുടെ പൂര്‍വികര്‍ നേരിട്ട് അനുഭവിച്ചവരുമാണ്. പക്ഷേ പില്‍ക്കാലഘട്ടത്തില്‍ സാഹിറന്മാരെ പരാജയപ്പെടുത്തിയവര്‍ തന്നെ സിഹ്റിനെ പുല്‍കുന്നതിനാണ് ചരിത്രം സാക്ഷ്യം വഹിച്ചത്.

യഹൂദര്‍ പരിപാവനമായി കരുതുന്ന തല്‍മൂദിന്റെ വരികള്‍ക്കിടയില്‍ സിഹ്റിനെ ന്യായീകരിക്കുന്നതും, പ്രശംസിക്കുന്നതുമായ വരികള്‍ കാണാന്‍ കഴിയുമെന്ന് അത് വായിച്ചവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (അവലംബം: ആലമുസ്സിഹ്രിവശ്ശഅ്വദ: 36-37)

യഹൂദരുടെ ഈ പരിണാമം വിശുദ്ധ ഖുര്‍ആന്‍ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.

وَلَمَّا جَاءَهُمْ رَسُولٌ مِنْ عِنْدِ اللَّهِ مُصَدِّقٌ لِمَا مَعَهُمْ نَبَذَ فَرِيقٌ مِنَ الَّذِينَ أُوتُوا الْكِتَابَ كِتَابَ اللَّهِ وَرَاءَ ظُهُورِهِمْ كَأَنَّهُمْ لَا يَعْلَمُونَ * وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَى مُلْكِ سُلَيْمَانَ وَمَا كَفَرَ سُلَيْمَانُ وَلَكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنْزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّى يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ وَمَا هُمْ بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّهِ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنْفَعُهُمْ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ وَلَبِئْسَ مَا شَرَوْا بِهِ أَنْفُسَهُمْ لَوْ كَانُوا يَعْلَمُونَ

“അവരുടെ (യഹൂദന്മാരുടെ) പക്കലുള്ള വേദത്തെ (തൗറാത്തിനെ) ശരിവെച്ചു കൊണ്ട് അല്ലാഹുവിന്റെ ഒരു റസൂല്‍ അവരുടെ അടുത്ത് ചെന്നപ്പോള്‍ അഹ്ലുല്‍ കിതാബുകാരില്‍ ഒരു വിഭാഗം അല്ലാഹുവിന്റെ കിതാബിനെ യാതൊരു പരിചയവുമില്ലാത്തവരെ പോലെ പുറകോട്ട് വലിച്ചെറിയുകയാണ് ചെയ്തത്.

സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ (രഹസ്യമെന്ന) പേരില്‍ ശ്വൈത്വാന്മാര്‍ പറഞ്ഞുപരത്തിക്കൊണ്ടിരുന്നത് [10] അവര്‍ (ഇസ്രായീല്യര്‍) പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ നബി കുഫ്ര്‍ ചെയ്തിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് സിഹ്ര്‍ പഠിപ്പിച്ചുകൊടുത്ത് കൊണ്ട് ശ്വൈത്വാന്മാരാണ് കുഫ്ര്‍ ചെയ്തത്.

ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മലക്കുകള്‍ക്ക് ലഭിച്ചതിനെയും (അവര്‍ പിന്തുടര്‍ന്നു). എന്നാല്‍ ഹാറൂത്തും മാറൂത്തും ഏതൊരാള്‍ക്ക് പഠിപ്പിക്കുമ്പോഴും, ഞങ്ങള്‍ ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍ (ഇത് ഉപയോഗിച്ച്) കുഫ്റില്‍ അകപ്പെടരുത് എന്ന് അവര്‍ പറഞ്ഞുകൊടുക്കാതിരുന്നില്ല.

അങ്ങനെ അവരില്‍ നിന്ന് ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള (സിഹ്ര്‍) അവര്‍ പഠിച്ച് കൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവര്‍ പഠിച്ചു കൊണ്ടിരുന്നത്.

അത് (സിഹ്ര്‍) ആര്‍ വാങ്ങി (കൈവശപ്പെടുത്തി)യോ അവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്. അവരുടെ ആ ത്മാവുകളെ വിറ്റ് അവര്‍ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍!” (ബഖറ: 101-102)

സുലൈമാന്‍ നബി-عَلَيْهِ السَّلَامُ-ക്ക് ലഭിച്ച അനേകം അനുഗ്രഹങ്ങള്‍ അല്ലാഹുവിന്റെ അടുക്കല്‍ നിന്നുള്ളതായിരുന്നുവെന്ന് വിശുദ്ധ ഖുര്‍ആനിലെ ആയത്തുകളില്‍ അനേകമിടങ്ങളില്‍ കാണാന്‍ സാധിക്കും. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ആ അനുഗ്രഹങ്ങളുടെയെല്ലാം കാരണം സിഹ്റായിരുന്നുവെന്ന് പിശാചുക്കള്‍ ജനങ്ങള്‍ക്കിടയില്‍ പറഞ്ഞു പരത്തി. എന്നാല്‍ സിഹ്ര്‍ ചെയ്യുക എന്നത് കുഫ്റാണെന്നും, സുലൈമാന്‍ -عَلَيْهِ السَّلَامُ- അപ്രകാരം ചെയ്തിട്ടില്ലെന്നും യഹൂദന്മാര്‍ക്ക് മറുപടി കൊടുക്കുകയും, അല്ലാഹുവിന്റെ ഗ്രന്ഥത്തെ വലിച്ചെറിഞ്ഞ് സിഹ്റിനെ പിന്‍പറ്റിയതിന് അവരെ ആക്ഷേപിക്കുക യുമാണ് ഈ ആയത്തില്‍ അല്ലാഹു ചെയ്തത്. യഹൂദന്മാര്‍ക്ക് സിഹ്റുമായുള്ള ബന്ധത്തിന് ഇതില്‍ കൂടുതല്‍ തെളിവ് വേണ്ടതില്ല.

യൂറോപ്യന്‍ സമൂഹത്തിലേക്ക് സിഹ്റിനെ ഇറക്കുമതി ചെയ്തത് യഹൂദന്മാരായിരുന്നു. അധികാരത്തിനും സമ്പാദ്യത്തിനും ദേഹേഛകള്‍ക്കും പിന്നാലെ അന്തമില്ലാതെ ഓടിയിരുന്ന യൂറോപ്യന്മാര്‍ക്കാകട്ടെ സിഹ്റ് ഒരാവശ്യവുമായിരുന്നു. യൂറോപ്യന്‍ രാജാക്കന്മാര്‍ക്കും രാജകുമാരികള്‍ക്കും വേണ്ടി പ്രത്യേകം സാഹിറന്മാര്‍ തന്നെ നിയോഗിക്കപ്പെട്ടിരുന്നു.

സിഹ്റിന്റെ പ്രചാരണത്തില്‍ യഹൂദന്മാര്‍ വഹിച്ച പങ്ക് ഭീകരമാം വിധം വലുതാണ്. ‘കബ്ബാല’ എന്ന പേരില്‍ തല്‍മൂദിനെ അടിസ്ഥാനപ്പെടുത്തി ഒരു പ്രത്യേക സംഘടന തന്നെ അവര്‍ രൂപീകരിക്കുകയുണ്ടായി. ജനങ്ങളില്‍ തിന്മയുടെ ആത്മാക്കള്‍ സ്ഥായിയായി നിലകൊള്ളുന്നുണ്ടെന്നും, അതിനെ ഉപയോഗപ്പെടുത്താനുള്ള വഴികളുണ്ടെന്നുമായിരുന്നു ഇവരുടെ അടിസ്ഥാന വിശ്വാസവും പ്രചരണവും. പതിനാലാം നൂറ്റാണ്ടില്‍ ഇതിന് യൂറോപ്പില്‍ വലിയ പ്രചാരം സിദ്ധിക്കുകയുണ്ടായി. 1533 ല്‍ സിഹ്ര്‍ പഠിപ്പിക്കുന്നതിന് വേണ്ടി മാത്രമായി ഒരു സര്‍വ്വകശാല അവര്‍ ആരംഭിച്ചു. 1572 ല്‍ അടച്ചു പൂട്ടുന്നത് വരെ ഇത് സജീവമായി നിലകൊണ്ടിരുന്നു.

ഈ സംഘടനയില്‍ അംഗമായിരുന്ന പ്രശസ്ത വ്യക്തിതമായിരുന്നു ഗില്‍സ് ഡി റൈസ് (Gilles de Rais) (1404-1440). നന്മയുടെ പ്രതിരൂപമെന്ന് ജനങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന ഈ വ്യക്തിയുടെ ക്രൂരതകള്‍ പിന്നീടാണ് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടത്. എണ്ണമില്ലാത്തത്ര പിഞ്ചുകുഞ്ഞുങ്ങളെയായിരുന്നു പിശാചിന് ബലിയായി അതിനോടകം അയാള്‍ അറുത്തു കളഞ്ഞിരുന്നത്. (അവലംബം: ആലമുസ്സിഹ്രി വശ്ശഅ്വദ: 42-43, വിക്കീപീഡിയ)

ഇന്നും യൂറോപ്പിന്റെ സ്ഥിതി വ്യത്യസ്തമല്ല. സിഹ്റിനുള്ള യൂറോപ്പിലെ സ്വാധീനം വളരെ പ്രകടമായിത്തന്നെ ഇന്നും നിലനില്‍ക്കുന്നുണ്ട്.

ഈസ നബി -عَلَيْهِ السَّلَامُ- യുടെ അനുയായികളെന്ന് അവകാശപ്പെടുന്ന (നസ്വാറാക്കളുടെ) സമൂഹത്തിന്റെയും സ്ഥിതി വ്യത്യസ്തമല്ല. യഹൂദരുമായുള്ള അടുത്ത ബന്ധം നസ്വ്റാനികളുടെ പല നല്ല ഗുണങ്ങളും നശിപ്പിക്കുകയും, പല തിന്മകളും സമ്മാനിക്കുകയും ചെയ്ത കൂട്ടത്തില്‍ സിഹ്റിന്റെ സഭാപ്രവേശനവും എണ്ണാന്‍ കഴിയും. കേവലമൊരു ആരോപണമല്ല ഇതെന്ന് സഭകളുടെ തലപ്പത്തിരുന്നവരുടെ വാക്കുകള്‍ തന്നെ നമ്മെ ബോധ്യപ്പെടുത്തും.

തൊണ്ണൂറുകളുടെ അവസാനത്തില്‍ കാത്തോലിക്ക് ആര്‍ച്ച് ബിഷപ്പ് ഇമ്മാനുവല്‍ മിലിംഗോ (Emmanuel Milingo) ഒരു ഞെട്ടിപ്പിക്കുന്ന പ്രസ്താവന നടത്തി. കാത്തോലിക്ക് സഭയുടെ പ്രഥമസ്ഥാനം വഹിക്കുന്ന ചിലര്‍ പൈശാചികാരാധനയുടെ (സാത്താനിസ്റ്റുകള്‍) വക്താക്കളാണെന്ന് 2000 ല്‍ നടന്ന ലോക സമാധാന സമ്മേളനത്തില്‍ മിലിംഗോ തുറന്നു പറഞ്ഞു. സഭയുടെ നേതാക്കന്മാരില്‍ പിശാചിനെ ആരാധിക്കുന്നവരുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി മിലിംഗോ പറഞ്ഞു: “തീര്‍ച്ചയായും ബിഷപ്പുമാരില്‍ വൈദികന്മാരിലും അത്തരക്കാറുണ്ട്. പക്ഷേ ഞാനൊരു ആര്‍ച്ച് ബിഷപ്പ് മാത്രമാണ്. ഇതില്‍ കൂടുതല്‍ പറയാന്‍ എനിക്ക് സാധിക്കുകയില്ല.”

1972 ജൂണ്‍ 29 ന് പോള്‍ അഞ്ചാമന്‍ മാര്‍പ്പാപ്പ നടത്തിയ പ്രസ്താവനയും ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. “സാത്താന്റെ കറുത്ത പുക ചില വിടവുകളിലൂടെ ദൈവത്തിന്റെ ആരാധനാലയങ്ങളിലും പ്രവേശിച്ചിരിക്കുന്നു” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. [11] ക്രൈസ്തവ സഭ ഇന്നനുഭവിക്കുന്ന വലിയ പ്രതിസന്ധികളില്‍ ഒന്നാണിതെന്ന് വത്തിക്കാനിലെ വാര്‍ത്തകള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നവര്‍ക്ക് വ്യക്തമാകും.

സിഹ്റിനെതിരെ ശക്തമായ പോരാടിയ മതമാണ് ഇസ്‌ലാം. മുസ്‌ലിംകളുടെ ചരിത്രത്തില്‍ അതിന് അനേകം ഉദാഹരണങ്ങളുമുണ്ട്. ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ സാഹിറന്മാര്‍ നിലനിന്നിരുന്നെങ്കിലും തീര്‍ത്തും നിന്ദ്യതയാണ് അവര്‍ക്ക് മുസ്‌ലിംകളില്‍ നിന്ന് എന്നും അനുഭവിക്കേണ്ടി വന്നത്.

പക്ഷേ പില്‍ക്കാലഘട്ടത്തില്‍ വിവരമില്ലാത്ത വഴിപിഴച്ചു പോയ ചിലര്‍ വരികയും, സിഹ്റിന്റെ ഗ്രന്ഥങ്ങള്‍ വായിക്കുകയും, അവയെ ഇസ്‌ലാമികമെന്ന പേരില്‍ ഇറക്കുമതി ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. അതില്‍ സൂഫികള്‍ വഹിച്ച പങ്ക് ചെറുതല്ല. പിശാചിന്റെ കൂട്ടാളികളായ സാഹിറന്മാരെ അല്ലാഹുവിന്റെ പ്രീതി ലഭിച്ച ഔലിയാക്കന്മാരായി ജനസമൂഹത്തിന് മുന്നില്‍ ചിത്രീകരിക്കാന്‍ അവര്‍ക്ക് സാധിച്ചു എന്നത് മാത്രം മതിയാകും അവര്‍ ഈ വിഷയത്തില്‍ ഇസ്‌ലാമിക സമൂഹത്തില്‍ വരുത്തിയ അപചയം തിരിച്ചറിയാന്‍.

സിഹ്റിനെ കറാമത്തുകളെന്ന പേരില്‍ രൂപം മാറ്റാനും, അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളായ ഉറുക്ക്, ഏലസ്സ്, ഹോമം, കുത്തുറാത്തീബ് പോലുള്ളവയെ ഇസ്‌ലാമിലെ ഒഴിച്ചു കൂടാനാകാത്ത ഇബാദത്തിന്റെ പദവിയിലേക്ക് ജനമനസ്സുകളില്‍ ഉയര്‍ത്തിക്കൊണ്ടുവരാനും അവരുടെ പ്രവര്‍ത്തികള്‍ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. ഇത് കേരളീയ സമൂഹത്തില്‍ പോലും പകല്‍ പോലെ പ്രകടമാണ്.

സിഹ്ർ ആധുനിക സമൂഹത്തിൽ (തുടർന്നു വായിക്കുക)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment