സിഹ്‌ർ അറബികൾക്കിടയിൽ…

(അറബി)കളുടെ ചരിത്രത്തില്‍ സിഹ്റിന് സാന്നിധ്യമുള്ളത് കാണാമെങ്കിലും മറ്റ് സമൂഹങ്ങളിലുണ്ടായിരുന്നത് പോലുള്ള വൈദഗ്ദ്യം അവര്‍ക്ക് ഇതിലില്ലായിരുന്നു. സിഹ്റിന്റെ ഉപവിഭാഗങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന ജോത്സ്യവും ശകുനവും നേടിയെടുക്കുന്നതിലായിരുന്നു അവരുടെ പ്രധാനശ്രദ്ധ. ഇസ്‌ലാമിന് മുന്‍പ് സിഹ്റിന് അറബികളിലുണ്ടായിരുന്ന സ്വാധീനം നബി-ﷺ-യുടെ ഹദീഥുകളില്‍ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്.

عَنْ صُهَيْبٍ، أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «كَانَ مَلِكٌ فِيمَنْ كَانَ قَبْلَكُمْ، وَكَانَ لَهُ سَاحِرٌ، فَلَمَّا كَبِرَ، قَالَ لِلْمَلِكِ: إِنِّي قَدْ كَبِرْتُ، فَابْعَثْ إِلَيَّ غُلَامًا أُعَلِّمْهُ السِّحْرَ، فَبَعَثَ إِلَيْهِ غُلَامًا يُعَلِّمُهُ، فَكَانَ فِي طَرِيقِهِ، إِذَا سَلَكَ رَاهِبٌ فَقَعَدَ إِلَيْهِ وَسَمِعَ كَلَامَهُ، فَأَعْجَبَهُ فَكَانَ إِذَا أَتَى السَّاحِرَ مَرَّ بِالرَّاهِبِ وَقَعَدَ إِلَيْهِ، فَإِذَا أَتَى السَّاحِرَ ضَرَبَهُ، فَشَكَا ذَلِكَ إِلَى الرَّاهِبِ، فَقَالَ: إِذَا خَشِيتَ السَّاحِرَ، فَقُلْ: حَبَسَنِي أَهْلِي، وَإِذَا خَشِيتَ أَهْلَكَ فَقُلْ: حَبَسَنِي السَّاحِرُ.

സുഹൈബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: നിങ്ങള്‍ക്ക് മുന്‍പ് ഒരു രാജാവും [4], അയാള്‍ക്ക് (പ്രത്യേകമായി) ഒരു സാഹിറുമുണ്ടായിരുന്നു. തനിക്ക് പ്രായമായപ്പോള്‍ (സാഹിര്‍) രാജാവിനോട് പറഞ്ഞു: “എനിക്ക് പ്രായമായി. ഒരു കുട്ടിയെ എനിക്ക് നല്‍കുക; അവന് ഞാന്‍ സിഹ്ര്‍ പഠിപ്പിക്കാം.” അങ്ങനെ പഠനത്തിനായി ഒരു കുട്ടിയെ (രാജാവ് സാഹിറിന്) അയച്ചു കൊടുത്തു.

അവന്‍ യാത്ര ചെയ്യുമ്പോള്‍ വഴിയില്‍ ഒരു പുരോഹിതനെ കാണാറുണ്ടായിരുന്നു. ഒരിക്കല്‍ അവന്‍ അദ്ദേഹത്തിന്റെ അരികില്‍ ഇരിക്കുകയും, അദ്ദേഹത്തിന്റെ സംസാരം കേള്‍ക്കുകയും ചെയ്തു. അയാളുടെ വാക്കുകള്‍ അവനെ അത്ഭുതപ്പെടുത്തി.

(പിന്നീട്) അവന്‍ സാഹിറിന്റെ അരികില്‍ പോകുമ്പോള്‍ പുരോഹിതന്റെ അരികില്‍ ചെല്ലുകയും, അവിടെ ഇരുന്ന് (അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിക്കുകയും) ചെയ്യും. (വൈകി വരുന്നതിന്റെ പേരില്‍) സാഹിര്‍ അവനെ അടിക്കാറുണ്ടായിരുന്നു.

ഇക്കാര്യം അവന്‍ പുരോഹിതനോട് സങ്കടം പറഞ്ഞു. പുരോഹിതന്‍ പറഞ്ഞു: “സാഹിര്‍ (നിന്നെ അടിക്കുമെന്ന്) ഭയന്നാല്‍ എന്റെ വീട്ടുകാര്‍ എന്നെ തടഞ്ഞു വെച്ചു എന്ന് പറയുക. നിന്റെ വീട്ടുകാര്‍ (നിന്നെ ഉപദ്രവിക്കുമെന്ന്) ഭയന്നാല്‍ സാഹിര്‍ എന്നെ തടഞ്ഞു വെച്ചു എന്നും നീ പറഞ്ഞു കൊള്ളുക.” [5]

فَبَيْنَمَا هُوَ كَذَلِكَ إِذْ أَتَى عَلَى دَابَّةٍ عَظِيمَةٍ قَدْ حَبَسَتِ النَّاسَ، فَقَالَ: الْيَوْمَ أَعْلَمُ آلسَّاحِرُ أَفْضَلُ أَمِ الرَّاهِبُ أَفْضَلُ؟ فَأَخَذَ حَجَرًا، فَقَالَ: اللهُمَّ إِنْ كَانَ أَمْرُ الرَّاهِبِ أَحَبَّ إِلَيْكَ مِنْ أَمْرِ السَّاحِرِ فَاقْتُلْ هَذِهِ الدَّابَّةَ، حَتَّى يَمْضِيَ النَّاسُ، فَرَمَاهَا فَقَتَلَهَا، وَمَضَى النَّاسُ.

അവന്‍ ഇപ്രകാരം മുന്നോട്ട് പോകുന്നതിനിടയില്‍ ജനങ്ങളെ (യാത്രയില്‍ നിന്ന്) തടഞ്ഞു വെക്കുന്ന ഭയങ്കരനായ ഒരു മൃഗത്തെ [6] അവന്‍ കാണുകയുണ്ടായി. അപ്പോള്‍ അവന്‍ പറഞ്ഞു: “സാഹിറാണോ അതല്ല പുരോഹിതനാണോ കൂടുതല്‍ ശ്രേഷ്ഠന്‍ എന്ന് ഞാന്‍ ഇന്ന് അറിയും.” എന്നിട്ട് അവന്‍ ഒരു കല്ലെടുത്തു കൊണ്ടു പറഞ്ഞു: “അല്ലാഹുവേ! പുരോഹിതന്റെ പ്രവര്‍ത്തിയാണ് നിനക്ക് സാഹിറിന്റെ പ്രവൃത്തിയെക്കാള്‍ പ്രിയങ്കരമെങ്കില്‍ ജനങ്ങളുടെ (പ്രയാസം) അവസാനിപ്പിക്കുന്ന വിധത്തില്‍ ഈ മൃഗത്തെ നീ കൊല്ലേണമേ.” [7] എന്നിട്ട് അവന്‍ (ആ മൃഗത്തെ) കല്ലെറിയുകയും, അതിനെ കൊലപ്പെടുത്തുകയും ചെയ്തു. അങ്ങനെ ജനങ്ങള്‍ (അതിന്റെ ശല്യത്തില്‍ നിന്ന്) രക്ഷപ്പെട്ടു.

فَأَتَى الرَّاهِبَ فَأَخْبَرَهُ، فَقَالَ لَهُ الرَّاهِبُ: أَيْ بُنَيَّ أَنْتَ الْيَوْمَ أَفْضَلُ مِنِّي، قَدْ بَلَغَ مِنْ أَمْرِكَ مَا أَرَى، وَإِنَّكَ سَتُبْتَلَى، فَإِنِ ابْتُلِيتَ فَلَا تَدُلَّ عَلَيَّ، وَكَانَ الْغُلَامُ يُبْرِئُ الْأَكْمَهَ وَالْأَبْرَصَ، وَيُدَاوِي النَّاسَ مِنْ سَائِرِ الْأَدْوَاءِ.

നടന്ന കാര്യമെല്ലാം കുട്ടി പുരോഹിതനെ അറിയിച്ചു. അപ്പോള്‍ അദ്ദേഹം അവനോട് പറഞ്ഞു: “പൊന്നു മോനേ! ഇപ്പോള്‍ നീ എന്നെക്കാള്‍ ശ്രേഷ്ഠനായി മാറിയിരിക്കുന്നു. ഞാന്‍ കാണുന്നത് പ്രകാരം (മഹത്തരമായി) നിന്റെ കാര്യം എത്തിയിരിക്കുന്നു. നീ തീര്‍ച്ചയായും പരീക്ഷിക്കപ്പെടും. നീ പരീക്ഷിക്കപ്പെടുകയാണെങ്കില്‍ എന്നെ കുറിച്ച് നീ പറഞ്ഞു കൊടുക്കരുത്.” പാണ്ഡ് രോഗികളെയും കുഷ്ഠ രോഗികളെയും ആ കുട്ടി സുഖപ്പെടുത്താറുണ്ടായിരുന്നു. ജനങ്ങളുടെ എല്ലാ രോഗങ്ങളും അവന്‍ ചികിത്സിക്കാറുണ്ടായിരുന്നു.

فَسَمِعَ جَلِيسٌ لِلْمَلِكِ كَانَ قَدْ عَمِيَ، فَأَتَاهُ بِهَدَايَا كَثِيرَةٍ، فَقَالَ: مَا هَاهُنَا لَكَ أَجْمَعُ، إِنْ أَنْتَ شَفَيْتَنِي، فَقَالَ: إِنِّي لَا أَشْفِي أَحَدًا إِنَّمَا يَشْفِي اللَّهُ، فَإِنْ أَنْتَ آمَنْتَ بِاللَّهِ دَعَوْتُ اللَّهَ فَشَفَاكَ، فَآمَنَ بِاللَّهِ فَشَفَاهُ اللَّهُ.

(അങ്ങനെയിരിക്കെ ഈ ബാലനെ കുറിച്ച്) രാജാവിന്റെ സദസ്സ്യരില്‍ പെട്ട ഒരാള്‍ കേട്ടു. അയാള്‍ക്ക് അന്ധത ബാധിച്ചിരുന്നു. ധാരാളം സമ്മാനങ്ങളുമായി അയാള്‍ കുട്ടിയുടെ അരികില്‍ ചെന്നു. “ഇതെല്ലാം ഞാന്‍ നിനക്ക് വേണ്ടിയാണ് ഒരുമിച്ച് കൂട്ടിയതാണ്; നീ എന്നെ സുഖപ്പെടുത്തുകയാണെങ്കില്‍ (ഇതെല്ലാം ഞാന്‍ നിനക്ക് നല്‍കാം).”

(കുട്ടി) പറഞ്ഞു: “ഞാന്‍ ഒരാളെയും സുഖപ്പെടുത്തുന്നില്ല. അല്ലാഹു മാത്രമാണ് രോഗശമനം നല്‍കുന്നത്. നീ അല്ലാഹുവില്‍ വിശ്വസിക്കുകയാണെങ്കില്‍ നിന്റെ രോഗം സുഖപ്പെടുത്താന്‍ ഞാന്‍ അവനോട് പ്രാര്‍ഥിക്കാം.” അപ്പോള്‍ അയാള്‍ അല്ലാഹുവില്‍ വിശ്വസിച്ചു. അല്ലാഹു അയാള്‍ക്ക് രോഗശമനം നല്‍കുകയും ചെയ്തു.

فَأَتَى الْمَلِكَ فَجَلَسَ إِلَيْهِ كَمَا كَانَ يَجْلِسُ، فَقَالَ لَهُ الْمَلِكُ: مَنْ رَدَّ عَلَيْكَ بَصَرَكَ؟ قَالَ: رَبِّي، قَالَ: وَلَكَ رَبٌّ غَيْرِي؟ قَالَ: رَبِّي وَرَبُّكَ اللَّهُ، فَأَخَذَهُ فَلَمْ يَزَلْ يُعَذِّبُهُ حَتَّى دَلَّ عَلَى الْغُلَامِ، فَجِيءَ بِالْغُلَامِ.

(രോഗശമനം ലഭിച്ച ഈ വ്യക്തി) മുന്‍പ് സന്നിഹിതരാകാറുള്ളത് പോലെ രാജസദസ്സില്‍ സന്നിഹിതനായി. അപ്പോള്‍ രാജാവ് അയാളോട് ചോദിച്ചു: “നിന്റെ കാഴ്ച്ച ആരാണ് മടക്കിനല്‍കിയത്?” അയാള്‍ പറഞ്ഞു: “എന്റെ രക്ഷിതാവ്.” രാജാവ് ചോദിച്ചു: “നിനക്ക് ഞാനല്ലാതെ മറ്റൊരു രക്ഷിതാവുണ്ടോ?”

അയാള്‍ പറഞ്ഞു: “എന്റെയും നിന്റെയും രക്ഷിതാവ് അല്ലാഹുവാകുന്നു.” രാജാവ് അയാളെ പിടികൂടുകയും ഉപദ്രവിക്കുകയും ചെയ്തു കൊണ്ടിരുന്നു; (പീഢനം സഹിക്കവയ്യാതെ) അയാള്‍ കുട്ടിയെ കുറിച്ച് വിവരം കൊടുക്കുന്നത് വരെ (അത് തുടര്‍ന്നു.)

فَقَالَ لَهُ الْمَلِكُ: أَيْ بُنَيَّ قَدْ بَلَغَ مِنْ سِحْرِكَ مَا تُبْرِئُ الْأَكْمَهَ وَالْأَبْرَصَ، وَتَفْعَلُ وَتَفْعَلُ، فَقَالَ: إِنِّي لَا أَشْفِي أَحَدًا، إِنَّمَا يَشْفِي اللَّهُ، فَأَخَذَهُ فَلَمْ يَزَلْ يُعَذِّبُهُ حَتَّى دَلَّ عَلَى الرَّاهِبِ، فَجِيءَ بِالرَّاهِبِ، فَقِيلَ لَهُ: ارْجِعْ عَنْ دِينِكَ، فَأَبَى، فَدَعَا بِالْمِئْشَارِ، فَوَضَعَ الْمِئْشَارَ فِي مَفْرِقِ رَأْسِهِ، فَشَقَّهُ حَتَّى وَقَعَ شِقَّاهُ.

അങ്ങനെ കുട്ടിയെ കൊണ്ടുവരപ്പെട്ടു. രാജാവ് അവനോട് ചോദിച്ചു: “ഹേ മോനേ! കുഷ്ഠ രോഗിയെയും പാണ്ഡുരോഗിയെയും സുഖപ്പെടുത്തുന്നത് വരെ നിന്റെ സിഹ്ര്‍ വളര്‍ന്നുവല്ലോ! (അതല്ലാതെയും അനേകം അത്ഭുതപ്രവൃത്തികള്‍) നീ ചെയ്യുന്നു.”

ബാലന്‍ പറഞ്ഞു: “ഞാന്‍ ആരെയും സുഖപ്പെടുത്തുന്നില്ല; അല്ലാഹു മാത്രമാണ് രോഗശമനം നല്‍കുന്നവന്‍.” രാജാവ് കുട്ടിയെ പിടികൂടുകയും ഉപദ്രവിക്കുകയും ചെയ്തു കൊണ്ടിരുന്നു; (പീഢനം സഹിക്കവയ്യാതെ) അവന്‍ പുരോഹിതനെ കുറിച്ച് വിവരം കൊടുക്കുന്നത് വരെ (അത് തുടര്‍ന്നു.)

അങ്ങനെ പുരോഹിതന്‍ കൊണ്ടു വരപ്പെട്ടു. തന്റെ മതത്തില്‍ നിന്ന് മടങ്ങാന്‍ അയാളോട് പറയപ്പെട്ടു. പക്ഷേ അദ്ദേഹം വിസമ്മതിച്ചു. അപ്പോള്‍ ഒരു ഈർച്ചവാൾ കൊണ്ട് വന്ന് അദ്ദേഹത്തിന്റെ ശിരസ്സിന്റെ നെറുകയില്‍ വെച്ചു. അത് കൊണ്ട് (അവര്‍) അദ്ദേഹത്തിന്റെ ശരീരം രണ്ടായി ചീര്‍ന്നു.

ثُمَّ جِيءَ بِجَلِيسِ الْمَلِكِ فَقِيلَ لَهُ: ارْجِعْ عَنْ دِينِكَ، فَأَبَى فَوَضَعَ الْمِئْشَارَ فِي مَفْرِقِ رَأْسِهِ، فَشَقَّهُ بِهِ حَتَّى وَقَعَ شِقَّاهُ.

പിന്നീട് രാജാവിന്റെ സദസ്സിലെ വ്യക്തിയെ കൊണ്ടു വന്നു. തന്റെ മതത്തിൽ നിന്ന് മടങ്ങുവാൻ അദ്ദേഹത്തോടും കൽപ്പിക്കപ്പെട്ടു. എന്നാൽ അദ്ദേഹം വിസമ്മതിച്ചു. അപ്പോള്‍ ഒരു ഈർച്ചവാൾ കൊണ്ട് വന്ന് അദ്ദേഹത്തിന്റെ ശിരസ്സിന്റെ നെറുകയില്‍ വെച്ചു. അത് കൊണ്ട് (അവര്‍) അദ്ദേഹത്തിന്റെ ശരീരം രണ്ടായി ചീര്‍ന്നു.

ثُمَّ جِيءَ بِالْغُلَامِ فَقِيلَ لَهُ ارْجِعْ عَنْ دِينِكَ، فَأَبَى فَدَفَعَهُ إِلَى نَفَرٍ مِنْ أَصْحَابِهِ، فَقَالَ: اذْهَبُوا بِهِ إِلَى جَبَلِ كَذَا وَكَذَا، فَاصْعَدُوا بِهِ الْجَبَلَ، فَإِذَا بَلَغْتُمْ ذُرْوَتَهُ، فَإِنْ رَجَعَ عَنْ دِينِهِ، وَإِلَّا فَاطْرَحُوهُ، فَذَهَبُوا بِهِ فَصَعِدُوا بِهِ الْجَبَلَ، فَقَالَ: اللهُمَّ اكْفِنِيهِمْ بِمَا شِئْتَ، فَرَجَفَ بِهِمِ الْجَبَلُ فَسَقَطُوا، وَجَاءَ يَمْشِي إِلَى الْمَلِكِ، فَقَالَ لَهُ الْمَلِكُ: مَا فَعَلَ أَصْحَابُكَ؟ قَالَ: كَفَانِيهِمُ اللَّهُ.

പിന്നീട് ആ കുട്ടി കൊണ്ടു വരപ്പെട്ടു. അവനോടും തന്റെ മതത്തില്‍ നിന്ന് മടങ്ങാന്‍ പറയപ്പെട്ടു. അപ്പോള്‍ ആ കുട്ടി വിസമ്മതിച്ചു. രാജാവ് അവനെ തന്റെ പടയാളികളെ ഏല്‍പ്പിച്ച ശേഷം പറഞ്ഞു: “ഇവനെയും കൊണ്ട് നിങ്ങള്‍ ഇന്ന പര്‍വ്വതത്തിന്റെ അടുത്ത് പോകുക. ശേഷം അവനെയും കൊണ്ട് പര്‍വ്വതത്തിന്റെ മുകളില്‍ കയറുക. അതിന്റെ ഏറ്റവും മുകളില്‍ എത്തിയാല്‍ -തന്റെ മതത്തില്‍ നിന്ന് അവന്‍ പിന്മാറുന്നില്ലെങ്കില്‍- അവിടെ നിന്ന് അവനെ താഴേക്ക് എറിയുക.” അങ്ങനെ അവര്‍ അവനെയും കൊണ്ട് പോവുകയും, പര്‍വ്വതത്തിന്റെ മേല്‍ കയറുകയും ചെയ്തു.

കുട്ടി പ്രാര്‍ഥിച്ചു : “അല്ലാഹുവേ! നീ ഉദ്ദേശിക്കുന്ന (ശിക്ഷ) കൊണ്ട് അവര്‍ക്ക് നീ മതിയാക്കേണമേ!” അപ്പോള്‍ പര്‍വ്വതം അവരെയും കൊണ്ട് കുലുങ്ങുകയും, അവര്‍ താഴെ വീഴുകയും ചെയ്തു. (ഒന്നും സംഭവിക്കാതെ) കുട്ടി രാജാവിന്റെ അടുക്കലേക്ക് നടന്ന് വന്നു. രാജാവ് ചോദിച്ചു: “നിന്റെ ഒപ്പമുണ്ടായിരുന്നവര്‍ക്ക് എന്ത് സംഭവിച്ചു?” കുട്ടി പറഞ്ഞു: “അവര്‍ക്ക് അല്ലാഹു മതിയായത് നല്‍കി.”

فَدَفَعَهُ إِلَى نَفَرٍ مِنْ أَصْحَابِهِ، فَقَالَ: اذْهَبُوا بِهِ فَاحْمِلُوهُ فِي قُرْقُورٍ، فَتَوَسَّطُوا بِهِ الْبَحْرَ، فَإِنْ رَجَعَ عَنْ دِينِهِ وَإِلَّا فَاقْذِفُوهُ، فَذَهَبُوا بِهِ، فَقَالَ: اللهُمَّ اكْفِنِيهِمْ بِمَا شِئْتَ، فَانْكَفَأَتْ بِهِمِ السَّفِينَةُ فَغَرِقُوا، وَجَاءَ يَمْشِي إِلَى الْمَلِكِ، فَقَالَ لَهُ الْمَلِكُ: مَا فَعَلَ أَصْحَابُكَ؟ قَالَ: كَفَانِيهِمُ اللَّهُ.

അപ്പോള്‍ രാജാവ് കുട്ടിയെ തന്റെ പടയാളികളെ ഏല്‍പ്പിച്ച് കൊണ്ട് പറഞ്ഞു: “ഇവനെ നിങ്ങള്‍ തോണിയില്‍ കയറ്റുകയും, സമുദ്രത്തിന്റെ മധ്യത്തിലെത്തിയാല്‍ തന്റെ മതത്തില്‍ നിന്ന് പിന്മാറുന്നില്ലെങ്കില്‍ അവനെ (സമുദ്രത്തില്‍) എറിയുകയും ചെയ്യുക.” അവര്‍ അവനെയും കൊണ്ട് പോയി.

കുട്ടി പ്രാര്‍ഥിച്ചു : “അല്ലാഹുവേ! നീ ഉദ്ദേശിക്കുന്ന (ശിക്ഷ) കൊണ്ട് അവര്‍ക്ക് നീ മതിയാക്കേണമേ!” അപ്പോള്‍ അവരെയും കൊണ്ട് സമുദ്രം മുങ്ങുകയും, അവര്‍ മുങ്ങിമരിക്കുകയും ചെയ്തു. കുട്ടി രാജാവിന്റെ അരികിലേക്ക് നടന്ന് കൊണ്ട് തിരിച്ചു വന്നു. രാജാവ് ചോദിച്ചു: “നിന്റെ ഒപ്പമുണ്ടായിരുന്നവര്‍ക്ക് എന്ത് സംഭവിച്ചു?” കുട്ടി പറഞ്ഞു: “അവര്‍ക്ക് അല്ലാഹു മതിയായത് നല്‍കി.”

 فَقَالَ لِلْمَلِكِ: إِنَّكَ لَسْتَ بِقَاتِلِي حَتَّى تَفْعَلَ مَا آمُرُكَ بِهِ، قَالَ: وَمَا هُوَ؟ قَالَ: تَجْمَعُ النَّاسَ فِي صَعِيدٍ وَاحِدٍ، وَتَصْلُبُنِي عَلَى جِذْعٍ، ثُمَّ خُذْ سَهْمًا مِنْ كِنَانَتِي، ثُمَّ ضَعِ السَّهْمَ فِي كَبِدِ الْقَوْسِ، ثُمَّ قُلْ: بِاسْمِ اللهِ رَبِّ الْغُلَامِ، ثُمَّ ارْمِنِي، فَإِنَّكَ إِذَا فَعَلْتَ ذَلِكَ قَتَلْتَنِي.

ശേഷം അവന്‍ രാജാവിനോട് പറഞ്ഞു: “ഞാന്‍ നിന്നോട് കല്‍പ്പിക്കുന്നത് പ്രകാരം പ്രവര്‍ത്തിക്കുന്നത് വരെ നിനക്ക് എന്നെ വധിക്കാന്‍ സാധിക്കുകയില്ല.” [8] രാജാവ് ചോദിച്ചു: “എന്താണത്?” അവന്‍ പറഞ്ഞു: “താങ്കള്‍ ജനങ്ങളെയെല്ലാം ഒരു മൈതാനത്ത് ഒരുമിച്ചു കൂട്ടുക. ശേഷം എന്നെ ഒരു മരത്തില്‍ തറക്കുക. എന്നിട്ട് എന്റെ ആവനാഴിയില്‍ നിന്ന് ഒരു അമ്പ് എടുത്ത് വില്ലില്‍ കുലച്ചതിന് ശേഷം ‘ഈ കുട്ടിയുടെ രക്ഷിതാവായ അല്ലാഹുവിന്റെ നാമത്തില്‍’ എന്ന് പറഞ്ഞ് അമ്പെയ്യുക. ഇപ്രകാരം നീ പ്രവര്‍ത്തിച്ചാല്‍ നിനക്ക് എന്നെ കൊലപ്പെടുത്താന്‍ കഴിയും.”

فَجَمَعَ النَّاسَ فِي صَعِيدٍ وَاحِدٍ، وَصَلَبَهُ عَلَى جِذْعٍ، ثُمَّ أَخَذَ سَهْمًا مِنْ كِنَانَتِهِ، ثُمَّ وَضَعَ السَّهْمَ فِي كَبْدِ الْقَوْسِ، ثُمَّ قَالَ: بِاسْمِ اللهِ، رَبِّ الْغُلَامِ، ثُمَّ رَمَاهُ فَوَقَعَ السَّهْمُ فِي صُدْغِهِ، فَوَضَعَ يَدَهُ فِي صُدْغِهِ فِي مَوْضِعِ السَّهْمِ فَمَاتَ.

അങ്ങനെ രാജാവ് ജനങ്ങളെയെല്ലാം ഒരു മൈതാനത്ത് ഒരുമിച്ച് കൂട്ടുകയും, കുട്ടിയെ ഒരു മരത്തടിയില്‍ ബന്ധിച്ച്, അവന്റെ ആവനാഴിയില്‍ നിന്ന് ഒരു അമ്പെടുത്ത് വില്ലില്‍ കുലച്ചതിന് ശേഷം ‘ഈ കുട്ടിയുടെ രക്ഷിതാവായ അല്ലാഹുവിന്റെ നാമത്തില്‍’ എന്ന് പറഞ്ഞ് കൊണ്ട് അമ്പെയ്തു. അപ്പോള്‍ അമ്പ് കുട്ടിയുടെ കണ്ണിനും ചെവിക്കുമിടയില്‍ തറച്ചു. അമ്പ് തറച്ചയിടത്ത് കുട്ടി തന്റെ കൈ വെച്ചപ്പോള്‍ അവന്‍ മരണപ്പെട്ടു.

فَقَالَ النَّاسُ: آمَنَّا بِرَبِّ الْغُلَامِ، آمَنَّا بِرَبِّ الْغُلَامِ، آمَنَّا بِرَبِّ الْغُلَامِ، فَأُتِيَ الْمَلِكُ فَقِيلَ لَهُ: أَرَأَيْتَ مَا كُنْتَ تَحْذَرُ؟ قَدْ وَاللَّهِ نَزَلَ بِكَ حَذَرُكَ، قَدْ آمَنَ النَّاسُ.

അപ്പോള്‍ ജനങ്ങള്‍ പറഞ്ഞു: “ഈ കുട്ടിയുടെ രക്ഷിതാവില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഈ കുട്ടിയുടെ രക്ഷിതാവില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഈ കുട്ടിയുടെ രക്ഷിതാവില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു.”

അപ്പോള്‍ രാജാവിനോട് പറയപ്പെട്ടു: “താങ്കള്‍ ഭയപ്പെട്ടിരുന്നത് (സംഭവിച്ചത്) കണ്ടോ? അല്ലാഹുവാണ! തീര്‍ച്ചയായും താങ്കള്‍ ഭയപ്പെട്ടത് പ്രകാരം തന്നെ സംഭവിച്ചിരിക്കുന്നു. ജനങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ചിരിക്കുന്നു.”

فَأَمَرَ بِالْأُخْدُودِ فِي أَفْوَاهِ السِّكَكِ، فَخُدَّتْ وَأَضْرَمَ النِّيرَانَ، وَقَالَ: مَنْ لَمْ يَرْجِعْ عَنْ دِينِهِ فَأَحْمُوهُ فِيهَا، أَوْ قِيلَ لَهُ: اقْتَحِمْ، فَفَعَلُوا حَتَّى جَاءَتِ امْرَأَةٌ وَمَعَهَا صَبِيٌّ لَهَا فَتَقَاعَسَتْ أَنْ تَقَعَ فِيهَا، فَقَالَ لَهَا الْغُلَامُ: يَا أُمَّهْ اصْبِرِي فَإِنَّكِ عَلَى الْحَقِّ»

അപ്പോള്‍ (രാജ്യത്തിന്റെ പ്രവേശന) കവാടങ്ങളില്‍ വലിയ കിടങ്ങുകള്‍ കുഴിക്കാനും, [9] അഗ്നി ആളിക്കത്തിക്കാനും അയാള്‍ (തന്റെ പടയാളികളോട്) കല്‍പ്പിച്ചു. അയാള്‍ പറഞ്ഞു: “തന്റെ (സത്യ)മതത്തില്‍ നിന്ന് തിരിച്ച് (സത്യനിഷേധത്തിലേക്ക്) മടങ്ങാത്തവരെ അതിലേക്ക് എറിഞ്ഞു കളയുക.” അങ്ങനെ അവര്‍ അപ്രകാരം ചെയ്തു.

ഒരു മാതാവ് തന്റെ കുട്ടിയോടൊപ്പം കൊണ്ടു വരപ്പെട്ടു, (അഗ്നിയിലേക്ക്) വീഴുന്നത് ഭയന്ന് കൊണ്ട് അവര്‍ പിന്തിനിന്നു. അപ്പോള്‍ (മാതാവിന്റെ കയ്യിലുള്ള) ആ കുട്ടി പറഞ്ഞു : “പൊന്നു മാതാവേ! ക്ഷമിക്കുക. തീര്‍ച്ചയായും നിങ്ങള്‍ സത്യത്തിലാണ്.” (മുസ്‌ലിം:3005, തിര്‍മിദി:3340, നസാഈ: 6/510, അഹ്മദ്:6/17, ഇബ്‌നു ഹിബ്ബാന്‍:2/116-117)

ഹദീഥില്‍ സൂചിപ്പിക്കപ്പെട്ട സമൂഹം അറബികള്‍ തന്നെയാണെന്നതിന് വ്യക്തമായ തെളിവില്ലെങ്കിലും, ചരിത്രപണ്ഡിതന്മാര്‍ക്കിടയിലെ ഒരു അഭിപ്രായം അപ്രകാരമാണ്. (അല്‍-ബിദായ വന്നിഹായ: 2/153) രാജാക്കന്മാര്‍ക്ക് പ്രത്യേകമായി സാഹിറന്മാര്‍ ഉണ്ടായിരുന്നുവെന്നും, അവര്‍ തങ്ങള്‍ക്ക് ശേഷമുള്ള തലമുറകള്‍ക്ക് ഇത് പകര്‍ന്ന് നല്‍കാന്‍ ശ്രമിച്ചിരുന്നുവെന്നും ഈ ഹദീഥ് നമ്മെ അറിയിക്കുന്നുണ്ട്. സത്യവിശ്വാസിയുടെ മനസ്സ് സിഹ്റിലേക്കല്ല; ഇസ്‌ലാമിക വിജ്ഞാനത്തിലേക്കും അല്ലാഹുവിലുള്ള വിശ്വാസത്തിലേക്കുമാണ് ചായ്വ് കാണിക്കുക എന്ന മഹത്തായ പാഠവും ഈ ഹദീഥ് നല്‍കുന്നുണ്ട്. വല്ലാഹു അഅ്ലം.

സാഹിറന്മാര്‍ നബി -ﷺ- യുടെ കാലത്തും ജീവിച്ചിരുന്നു. അവിടുത്തെ സിഹ്ര്‍ ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ലബീദുബ്നു അഅ്സം നബി-ﷺ-യുടെ കാലത്ത് ജീവിച്ചിരുന്ന സാഹിറാണ്. ഉമര്‍-رَضِيَ اللَّهُ عَنْهُ-വിന്റെ കാലഘട്ടത്തില്‍ സാഹിറന്മാരെ കൊന്നുകളയാന്‍ അദ്ദേഹം കല്‍പ്പിച്ചത് പ്രകാരം മൂന്നു പേരെ കൊലപ്പെടുത്തിയതായി ചരിത്രത്തില്‍ കാണാം. ഉഥ്മാന്‍-رَضِيَ اللَّهُ عَنْهُ-വിന്റെ കാലത്ത് ഹഫ്സ -رَضِيَ اللَّهُ عَنْهَا- തനിക്കെതിരെ സിഹ്ര്‍ ചെയ്തവളെ വധിച്ചു കളഞ്ഞിട്ടുണ്ട്.

ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ് ബ്നു അബ്ദില്‍ വഹാബ് -رَحِمَهُ اللَّهُ- സ്വഹാബികളുടെ കാലഘട്ടത്തില്‍ നടന്ന മേല്‍ സംഭവങ്ങള്‍ ഉദ്ധരിച്ചതിന് ശേഷം പറഞ്ഞു: “സിഹ്റിന്റെ സ്വാധീനം മുസ്‌ലിംകള്‍ക്കിടയില്‍ ഉമര്‍-رَضِيَ اللَّهُ عَنْهُ-വിന്റെ കാലഘട്ടത്തില്‍ ഇപ്രകാരം നിലനിന്നിരുന്നെങ്കിൽ, പില്‍ക്കാലഘട്ടത്തിലുള്ള അവസ്ഥയെന്തായിരിക്കും?!”

എന്നാല്‍ മേല്‍ പറഞ്ഞതിന്റെയെല്ലാം ഉദ്ദേശം മനുഷ്യ ചരിത്രത്തിന്റെ ആരംഭം മുതല്‍ക്കു തന്നെ സിഹ്ര്‍ നിലനിന്നിട്ടുണ്ട് എന്നല്ല. കാരണം ആദിമ തലമുറ സത്യത്തിലായിരുന്നുവെന്നും, പിന്നീട് അവര്‍ ഭിന്നിക്കുകയാണുണ്ടായതെന്നും അല്ലാഹു -تَعَالَى- നമ്മെ അറിയിച്ചിട്ടുണ്ട്.

كَانَ النَّاسُ أُمَّةً وَاحِدَةً فَبَعَثَ اللَّهُ النَّبِيِّينَ مُبَشِّرِينَ وَمُنْذِرِينَ وَأَنْزَلَ مَعَهُمُ الْكِتَابَ بِالْحَقِّ لِيَحْكُمَ بَيْنَ النَّاسِ فِيمَا اخْتَلَفُوا فِيهِ

“മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (നിഷേധികള്‍ക്ക്) താക്കീത് നല്‍കുവാനുമായി അല്ലാഹു നബിമാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു.” (ബഖറ :213)

അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥങ്ങളിലോ, അവന്‍ അയച്ച റസൂലുകളുടെ വചനങ്ങളിലോ സിഹ്റിനെ ന്യായീകരിക്കുന്നതോ, സാഹിറന്മാരെ കുറ്റവിമുക്തരാക്കുന്നതോ ആയ ഒന്നും തന്നെ കാണാന്‍ സാധിക്കുകയില്ല. യഹൂദ-നസ്വാറാക്കളുടെ മതഗ്രന്ഥങ്ങളിലെ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമായിട്ടില്ലാത്ത ചില ഭാഗങ്ങള്‍ അതിന് സാക്ഷ്യം വഹിക്കും. എന്നാല്‍ അടിസ്ഥാന വിശ്വാസമായ ഏകദൈവാരാധനയില്‍ നിന്ന് ഈ രണ്ടു വിഭാഗവും തെന്നിപ്പോയത് പോലെ, സിഹ്റിന്റെ കാര്യത്തിലും അവര്‍ക്ക് പിഴവ് സംഭവിച്ചു.

സിഹ്റും വ്യത്യസ്ത മതങ്ങളും (തുടർന്നു വായിക്കുക)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment