ആയത്ത്
قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِ اللَّـهِ ۖ
لَا يَمْلِكُونَ مِثْقَالَ ذَرَّةٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ
وَمَا لَهُمْ فِيهِمَا مِن شِرْكٍ وَمَا لَهُ مِنْهُم مِّن ظَهِيرٍ ﴿٢٢﴾
وَلَا تَنفَعُ الشَّفَاعَةُ عِندَهُ إِلَّا لِمَنْ أَذِنَ لَهُ ۚ
അര്‍ഥം
“പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോട് നിങ്ങള്‍ പ്രാര്‍ഥിച്ച് നോക്കുക.
ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല. അവ രണ്ടിലും അവര്‍ക്ക് യാതൊരു പങ്കുമില്ല.
അവരുടെ കൂട്ടത്തില്‍ അവന്ന് സഹായിയായി ആരുമില്ല.
ആര്‍ക്കു വേണ്ടി അവന്‍ അനുമതി നല്‍കിയോ അവര്‍ക്കല്ലാതെ അവന്റെ അടുക്കല്‍ ശുപാര്‍ശ പ്രയോജനപ്പെടുകയുമില്ല.” (സബഅ്: 22-23)
പദാനുപദ അര്‍ഥം
قُلْ: പറയുക
ادْعُوا: വിളിക്കൂ/പ്രാര്‍ഥിക്കൂ
الذِّينَ زَعَمْتُمْ: നിങ്ങള്‍ ജല്‍പ്പിച്ചവര്‍
مِنْ دُونِ اللَّهِ: അല്ലാഹുവിന് പുറമെയുള്ള
لَا يَمْلِكُونَ: അവര്‍ ഉടമപ്പെടുത്തുന്നില്ല
مِثْقَالَ: തൂക്കം
ذَرَّةٍ: കറുത്ത ചെറിയ ഉറുമ്പ്/അണു
فِي السَّمَاوَاتِ: ആകാശങ്ങളില്‍
وَلاَ فِي الأَرْضِ: ഭൂമിയിലും
وَمَا لَهُمْ: അവര്‍ക്ക് ഇല്ല
فِيهِمَا: അവ രണ്ടിലും
مِنْ شِرْكٍ: ഒരു പങ്കും
وَمَا لَهُ: അവന് ഇല്ല
مِنْهُمْ: അവരില്‍ നിന്ന്
مِنْ ظَهِيرٍ: ഒരു സഹായിയും
لاَ تَنْفَعُ: ഉപകാരപ്പെടുകയില്ല
الشَّفَاعَةُ: ശുപാര്‍ശ
عِنْدَهُ: അവന്റെ അടുക്കല്‍
إِلَّا: ഒഴികെ
مَنْ أَذِنَ لَهُ: അവന്‍ അനുമതി നല്‍കിയവന്
ചുരുക്കവിശദീകരണം
അഞ്ച് വാചകങ്ങളാണ് ഈ ആയത്തിലുള്ളത്:
قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِ اللَّـهِ ۖ
01. പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോട് നിങ്ങള്‍ പ്രാര്‍ഥിച്ച് നോക്കുക.
لَا يَمْلِكُونَ مِثْقَالَ ذَرَّةٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ
02. ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല.
وَمَا لَهُمْ فِيهِمَا مِن شِرْكٍ
03. അവ രണ്ടിലും അവര്‍ക്ക് യാതൊരു പങ്കുമില്ല.
وَمَا لَهُ مِنْهُم مِّن ظَهِيرٍ ﴿٢٢﴾
04. അവരുടെ കൂട്ടത്തില്‍ അവന്ന് സഹായിയായി ആരുമില്ല.
وَلَا تَنفَعُ الشَّفَاعَةُ عِندَهُ إِلَّا لِمَنْ أَذِنَ لَهُ ۚ
05. ആര്‍ക്കു വേണ്ടി അവന്‍ അനുമതി നല്‍കിയോ അവര്‍ക്കല്ലാതെ അവന്റെ അടുക്കല്‍ ശുപാര്‍ശ പ്രയോജനപ്പെടുകയുമില്ല.
ആയത്തിന്റെ പ്രാധാന്യം
ഇബ്‌നുല്‍ ഖയ്യിം –رَحِمَهُ اللَّهُ– പറഞ്ഞു: “മുശ്രിക്കുകള്‍ തങ്ങളുടെ ശിര്‍ക്കില്‍ കടിച്ചു തൂങ്ങാന്‍ ഉന്നയിക്കാറുള്ള എല്ലാ കാരണങ്ങളുടെയും അടിവേര് ഈ ആയത്തിലൂടെ അല്ലാഹു മുറിച്ചു കളഞ്ഞിരിക്കുന്നു. ഈ ആയത്തിനെ കുറിച്ച് ചിന്തിക്കുകയും, അത് മനസ്സിലാക്കുകയും ചെയ്തവര്‍ക്ക് അല്ലാഹുവിന് പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവരുടെ ഉപമ എട്ടുകാലി വല പോലെയാണെന്ന് ബോധ്യപ്പെടും.”
ശൈഖ് സുലൈമാന്‍ ബ്നു അബ്ദില്ലാഹ് –رَحِمَهُ اللَّهُ– പറഞ്ഞു: “ഈ ആയത്തിനെ കുറിച്ചാണ് ചില പണ്ഡിതന്മാര്‍ പറഞ്ഞത്: ‘ഇത് മുശ്രികിന്റെ മനസ്സില്‍ അള്ളിപ്പിടിച്ചിട്ടുള്ള ശിര്‍ക്കാകുന്ന വൃക്ഷത്തിന്റെ അടിവേരുകള്‍ ഹൃദയത്തില്‍ നിന്ന് അറുത്തു കളയുന്ന ആയത്താണ്.” (തയ്സീറുല്‍ അസീസില്‍ ഹമീദ്: 245)
ശൈഖ് നാസ്വിര്‍ അസ്സഅ്ദി –رَحِمَهُ اللَّهُ– പറഞ്ഞു: “ഇത് മുശ്രിക്കിന്റെ ശിര്‍ക്കുമായുള്ള എല്ലാ ബന്ധങ്ങളെയും മുറിച്ചു കളഞ്ഞിരിക്കുന്നു. അവയുടെയെല്ലാം നിരര്‍ഥകത ബോധ്യപ്പെടുത്തുകയും, അതിന്റെ അടിവേരുകള്‍ പിഴുതെറിയുകയും ചെയ്തിരിക്കുന്നു.” (തഫ്സീറുസ്സഅ്ദി: 678)
ആയത്തിന്റെ വിശദീകരണം
ഈ ആയത്തുകളില്‍ അഞ്ചു വാചകങ്ങളാണ് ഉള്ളതെന്ന് മുന്‍പ് പറയുകയുണ്ടായി. ഓരോ വാചകങ്ങളായി നമുക്ക് വിശദീകരിക്കാം.
1- പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോട് നിങ്ങള്‍ പ്രാര്‍ഥിച്ച് നോക്കുക.
നബി -ﷺ- യോടുള്ള കല്‍പ്പനയാണിത്. മക്കയിലെ മുശ്രിക്കുകളോട് ചോദിക്കേണ്ട സുപ്രധാനമായ ഒരു ചോദ്യമാണ് ആയത്തില്‍ പരാമര്‍ശിക്കപ്പെടുന്നത്. ഈ ചോദ്യത്തിലൂടെ അവര്‍ നിലകൊള്ളുന്ന ശിര്‍ക്കിന്റെ നിരര്‍ഥകതയും, അവരുടെ ആരാധ്യന്മാരുടെ നിരര്‍ഥകതയും -ചിന്തിക്കുകയാണെങ്കില്‍- അവര്‍ക്ക് ബോധ്യപ്പെടും.
‘നിങ്ങള്‍ ജല്‍പ്പിച്ചു കൊണ്ടിരിക്കുന്നവര്‍’ എന്നത് കൊണ്ടുള്ള ഉദ്ദേശം മുശ്രിക്കുകളുടെ ആരാധ്യന്മാരാണ്. അവര്‍ അല്ലാഹുവിന് പുറമെയുള്ള ഇലാഹുകള്‍ -ആരാധ്യന്മാര്‍- ആണെന്നായിരുന്നല്ലോ അവരുടെ ജല്‍പ്പനം.
മക്കയെ ബാധിച്ച വരള്‍ച്ചയുടെ കാലഘട്ടത്തിലാണ് ഈ ആയത്ത് അവതരിച്ചത്; അല്ലാഹു നിങ്ങള്‍ക്ക് പരീക്ഷണമായി ഇറക്കിയ ഈ വരള്‍ച്ചയില്‍ നിന്ന് നിങ്ങളെ രക്ഷിക്കാന്‍ നിങ്ങളുടെ ആരാധ്യന്മാര്‍ക്ക് കഴിയുമോ എന്ന് പരിശോധിച്ചു നോക്കുവാന്‍ മുശ്രിക്കുകളോടുള്ള വെല്ലുവിളിയാണ് ഈ ആയത്തിലുള്ളത് എന്നൊരു അഭിപ്രായമുണ്ട്.
മക്കയിലെ മുശ്രിക്കുകള്‍ വ്യത്യസ്തങ്ങളായ ആരാധ്യന്മാരെ സ്വീകരിച്ചവരായിരുന്നു. അവരെല്ലാവരും വിഗ്രഹങ്ങളെ മാത്രം ആരാധിച്ചവരായിരുന്നില്ല. ചിലര്‍ നബിമാരെ -ഇബ്രാഹീമിനെയും ഇസ്മാഈലിനെയുമെല്ലാം- ആരാധിച്ചിരുന്നവരായിരുന്നു. പല തരം ആരാധ്യ വസ്തുക്കള്‍ അവര്‍ക്കുണ്ടായിരുന്നു. എന്നിട്ടും അവയെ ആരാധിച്ചവരെ അല്ലാഹു മുശ്രിക്കുകള്‍ എന്നാണു വിശേഷിപ്പിച്ചത്.
ഇസ്‌ലാമിലുള്ളവരാണ് തങ്ങളുമെന്ന് മേനി പറയുന്നവര്‍ ഇക്കാര്യം ഗൗരവത്തില്‍ ചിന്തിക്കേണ്ടതുണ്ട്. മക്കയിലെ മുശ്രിക്കുകളില്‍ ഇബ്രാഹീം നബിയെയും ഇസ്മാഈല്‍ നബിയെയും ആരാധിച്ചിരുന്നവരെ ഒഴിവാക്കി, വിഗ്രഹങ്ങളെയും മരത്തെയും ആരാധിക്കുന്നവരെ മാത്രമല്ല നബി -ﷺ- കാഫിറുകള്‍ എന്ന് വിളിച്ചത്; അവരോട് മാത്രമല്ല അവിടുന്ന് യുദ്ധം ചെയ്തത്. മറിച്ച്, രണ്ട് വിഭാഗത്തെയും -വിഗ്രഹത്തെ ആരാധിച്ചവരെയും നബിമാരെ ആരാധിച്ചവരെയും- ഒരു പോലെയാണ് അവിടുന്ന് പരിഗണിച്ചത്.
മുത്ത് നബിയെ സ്നേഹിക്കുന്നവരാണ് ഞങ്ങളെന്നും, അത് കൊണ്ടാണ് ‘യാ റസൂലല്ലാഹ്’ എന്ന് തൊണ്ട പൊട്ടി വിളിച്ച് ഞങ്ങള്‍ അവിടുത്തോട് പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്നതെന്നും പറയുന്നവര്‍ ഇക്കാര്യത്തെ കുറിച്ച് ഗൗരവത്തില്‍ ചിന്തിക്കുകയും, തങ്ങളുടെ വിശ്വാസം ശരിപ്പെടുത്താന്‍ -മരണത്തിന് മുന്‍പ്- ആത്മാര്‍ഥമായി പരിശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്.
ചുരുക്കത്തില്‍മുശ്രിക്കുകള്‍ വിളിച്ചു പ്രാര്‍ഥിച്ചിരുന്ന എല്ലാ ആരാധ്യവസ്തുക്കളെയും ഉദ്ദേശിച്ചു കൊണ്ടാണ് അല്ലാഹു -ത- ഇപ്രകാരം പറഞ്ഞത്.
قُلِ ادْعُوا الَّذِينَ زَعَمْتُم مِّن دُونِ اللَّـهِ ۖ
‘പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോട് നിങ്ങള്‍ പ്രാര്‍ഥിച്ച് നോക്കുക.’
‘ഇവരെയെല്ലാം നിങ്ങള്‍ വിളിച്ചു നോക്കൂ. അവര്‍ക്കൊന്നും നിങ്ങളെ സഹായിക്കാനാകില്ല. അവര്‍ക്കെന്തിനെങ്കിലും കഴിയുമെങ്കില്‍ അവര്‍ നിങ്ങളുടെ വിളിക്കുത്തരം നല്‍കുമോ എന്ന് നോക്കൂ. അവര്‍ ഉത്തരം നല്‍കുന്നില്ലെങ്കില്‍ നിങ്ങള്‍ മനസ്സിലാക്കുക: ഇവര്‍ക്കൊന്നും യാതൊരു കഴിവുമില്ല.’ ഇതാണ് ആദ്യത്തെ വാചകം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.
വല്ലാഹു അഅ്ലം.
2- ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല.
ഈ ആയത്തിലെ രണ്ടാമത്തെ വാചകമാണ് ഇത്. മുശ്രിക്കുകളുടെ ന്യായവാദങ്ങളെ ഒന്നൊന്നായി തകര്‍ക്കാന്‍ ആരംഭിക്കുന്നത് ഈ വാചകം മുതലാണ്. ആകാശത്തിലോ ഭൂമിയിലോ ഒരു ആണുമണിത്തൂക്കം പോലും മുശ്രിക്കുകളുടെ ആരാധ്യവസ്തുക്കള്‍ -ലാതയും ഉസ്സയും മനാതയും ഇബ്രാഹീം നബി -عَلَيْهِ السَّلَامُ-യും ഇസ്മാഈല്‍ നബി -عَلَيْهِ السَّلَامُ- യും അടക്കമുള്ളവര്‍- ഉടമപ്പെടുത്തുന്നില്ല എന്നാണ് ഈ ആയത്തിന്റെ ഉദ്ദേശം.
ഈ പ്രപഞ്ചത്തിലുള്ള ഒരു വസ്തുവും നമ്മള്‍ നിര്‍മ്മിച്ചതല്ല. എല്ലാം സൃഷ്ടിച്ചവന്‍ അല്ലാഹുവാണ്. ഇവിടെയുള്ള ഒന്നിലും നമുക്ക് പരിപൂര്‍ണമായ അധികാരമില്ല. നമ്മുടെ അധീനപരിതിയിലുള്ളവയെല്ലാം -വീടോ ഭാര്യയോ മക്കളോ കാറോ ഭൂമിയോ മറ്റെന്തുമോ ആകട്ടെ-; അവയെല്ലാം ഒന്നല്ലെങ്കില്‍ നമ്മെ വിട്ടുപോകും. ചിലപ്പോള്‍ ആര്‍ക്കെങ്കിലും നാം സമ്മാനമായി നല്‍കും; മറ്റു ചിലപ്പോള്‍ നമ്മുടെ കയ്യില്‍ നിന്ന് മോഷണം പോയേക്കാം; അതുമല്ലെങ്കില്‍ നമ്മള്‍ തന്നെ മറ്റൊരാള്‍ക്ക് വില്‍ക്കുകയും ചെയ്തേക്കാം. ഇനി അതുമല്ലെങ്കില്‍ നമ്മുടെ അധീനതയിലുണ്ടെന്ന് നാം മേനി നടിക്കുന്ന ഇവയെല്ലാം വിട്ടേച്ച് നാം പോയേക്കാം; മരണം നമ്മെ പിടികൂടിയേക്കാം. അന്നു മുതല്‍ അതിന്റെ ഉടമസ്ഥര്‍ നമ്മളല്ലാതായി മാറി.
ചുരുക്കത്തില്‍; ഒന്നല്ലെങ്കില്‍ അധികാരം നമ്മെ വിട്ടേച്ചു പോകും; അല്ലെങ്കില്‍ നമ്മള്‍ അതിനെ വിട്ടേച്ച് പോകും. ഒന്നിന്റെയും മേല്‍ പരിപൂര്‍ണമായ അധികാരം നമുക്കില്ല.
സകലസൃഷ്ടികളുടെയും അവസ്ഥ ഇതു തന്നെ. ആദമാകട്ടെ –عَلَيْهِ الصَّلَاةُ وَالسَّلَامُ-, നൂഹാകട്ടെ –عَلَيْهِ الصَّلَاةُ وَالسَّلَامُ-, മൂസയോ –عَلَيْهِ الصَّلَاةُ وَالسَّلَامُ– -യേശുവെന്ന് നസ്വ്റാനികള്‍ വിളിക്കാറുള്ള ഈസയോ –عَلَيْهِ الصَّلَاةُ وَالسَّلَامُ– ആകട്ടെ. അന്തിമ റസൂലായ മുഹമ്മദ് നബി -ﷺ- തന്നെയുമോ ആകട്ടെ; മുസ്‌ലിംകളെന്ന് മേനി നടിക്കുന്ന ചിലരെല്ലാം വിളിച്ചു പ്രാര്‍ഥിക്കുകയും നേര്‍ച്ചകള്‍ നേരുകയും ചെയ്യാറുള്ള മുഹ്യുദ്ധീന്‍ ശൈഖോ, മമ്പുറത്തെ തങ്ങളോ, ബദ്രീങ്ങളോ ആകട്ടെ; എല്ലാവരും ഒന്നും അധീനപ്പെടുത്താത്തവരാണ്.
അവരുടെ അധീനതയില്ലാത്തത് എങ്ങനെ അവര്‍ക്ക് നല്‍കാന്‍ കഴിയും?
നിങ്ങള്‍ മുട്ടിപ്പായി ചോദിച്ചാലും, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി യാചിച്ചാലും, ആയിരങ്ങള്‍ നേര്‍ച്ച നേര്‍ന്നാലും; അവരുടെ കൈകളില്‍ ഇല്ലാത്തത് അവര്‍ക്ക് എങ്ങനെ നല്‍കാന്‍ കഴിയും?!
ഇത് കൊണ്ട് തന്നെയാകാം; അല്ലാഹു -تَعَالَى- ഖുര്‍ആനില്‍ പലയിടങ്ങളിലും തന്റെ അധികാരത്തിന്റെ പൂര്‍ണതയും, അവന് പുറമെ ആരാധിക്കപ്പെടുന്നവ ഒന്നും അധീനപ്പെടുത്തിയിട്ടില്ലെന്നതും ഓര്‍മ്മപ്പെടുത്തിയത്. ഉടമസ്ഥാവകാശവും ആരാധനയും തമ്മില്‍ അടുത്ത ബന്ധമുള്ളതായി ഖുര്‍ആനിലെ ആയത്തുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.
എല്ലാ നിസ്കാരങ്ങളിലും അല്ലാഹുവിന്റെ അധികാരത്തിന്റെ പൂര്‍ണത ഓര്‍മ്മപ്പെടുത്തിയതിന് ശേഷം അവന് മാത്രമേ ഇബാദത്തുകള്‍ -ആരാധനകള്‍- സമര്‍പ്പിക്കുകയുള്ളൂ എന്ന് സൂറ. ഫാത്തിഹയില്‍ നാം പ്രഖ്യാപിക്കുന്നു.
അല്ലാഹു -تَعَالَى- പറഞ്ഞു:
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾
“പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍. നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു.” (ഫാതിഹ: 4-5)
ഉപജീവനം ഉടമപ്പെടുത്തിയിരിക്കുന്നത് അല്ലാഹു മാത്രമാണെന്നും, അല്ലാഹുവിന് പുറമെയുള്ള ആരുടെ പക്കലും ഒരുപജീവനവുമില്ലെന്നും സ്ഥിരപ്പെടുത്തിയതിന് ശേഷം, അല്ലാഹുവിന് ഇബാദത് ചെയ്യുവാന്‍ അവന്‍ ചില ആയത്തുകളില്‍ കല്‍പ്പിച്ചിരിക്കുന്നു.
അല്ലാഹു -تَعَالَى- പറഞ്ഞു:
إِنَّمَا تَعْبُدُونَ مِن دُونِ اللَّـهِ أَوْثَانًا وَتَخْلُقُونَ إِفْكًا ۚ إِنَّ الَّذِينَ تَعْبُدُونَ مِن دُونِ اللَّـهِ لَا يَمْلِكُونَ لَكُمْ رِزْقًا فَابْتَغُوا عِندَ اللَّـهِ الرِّزْقَ وَاعْبُدُوهُ وَاشْكُرُوا لَهُ ۖ إِلَيْهِ تُرْجَعُونَ ﴿١٧﴾
“നിങ്ങള്‍ അല്ലാഹുവിന് പുറമെ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും കള്ളം കെട്ടിയുണ്ടാക്കുകയുമാണ് ചെയ്യുന്നത്. അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നത് ആരെയാണോ അവര്‍ നിങ്ങള്‍ക്കുള്ള ഉപജീവനം അധീനമാക്കുന്നില്ല. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിങ്കല്‍ ഉപജീവനം തേടുകയും അവനെ ആരാധിക്കുകയും അവനോട് നന്ദികാണിക്കുകയും ചെയ്യുക. അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത്.” (അന്‍കബൂത്: 17)
അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവര്‍ ഒരുപകാരമോ ഉപദ്രവമോ ഉടമപ്പെടുത്തുന്നവരല്ലെന്ന് ഒന്നിലധികം ആയത്തുകളില്‍ അല്ലാഹു ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു.
അല്ലാഹു -تَعَالَى- പറഞ്ഞു:
قُلْ أَتَعْبُدُونَ مِن دُونِ اللَّـهِ مَا لَا يَمْلِكُ لَكُمْ ضَرًّا وَلَا نَفْعًا ۚ وَاللَّـهُ هُوَ السَّمِيعُ الْعَلِيمُ ﴿٧٦﴾
“പറയുക: അല്ലാഹുവെ കൂടാതെ നിങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ഉടമപ്പെടുത്തിയിട്ടില്ലാത്ത വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്? അല്ലാഹുവാകട്ടെ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.” (മാഇദ: 76)
അല്ലാഹു -تَعَالَى- പറഞ്ഞു:
قُلْ مَن رَّبُّ السَّمَاوَاتِ وَالْأَرْضِ قُلِ اللَّـهُ ۚ قُلْ أَفَاتَّخَذْتُم مِّن دُونِهِ أَوْلِيَاءَ لَا يَمْلِكُونَ لِأَنفُسِهِمْ نَفْعًا وَلَا ضَرًّا ۚ
“ചോദിക്കുക: ആരാണ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്? പറയുക: അല്ലാഹുവാണ്. പറയുക: എന്നിട്ടും അവന്നു പുറമെ അവരവര്‍ക്കു തന്നെ ഉപകാരമോ ഉപദ്രവമോ ഉടമപ്പെടുത്തിയിട്ടില്ലാത്ത ചില രക്ഷാധികാരികളെ നിങ്ങള്‍ സ്വീകരിച്ചിരിക്കുകയാണോ?” (റഅ്ദ്: 16)
അല്ലാഹു -تَعَالَى- പറഞ്ഞു:
وَيَعْبُدُونَ مِن دُونِ اللَّـهِ مَا لَا يَمْلِكُ لَهُمْ رِزْقًا مِّنَ السَّمَاوَاتِ وَالْأَرْضِ شَيْئًا وَلَا يَسْتَطِيعُونَ ﴿٧٣﴾
“ആകാശങ്ങളില്‍ നിന്നോ ഭൂമിയില്‍ നിന്നോ അവര്‍ക്ക് വേണ്ടി യാതൊരു ഭക്ഷണവും അധീനപ്പെടുത്തികൊടുക്കാത്തവരും, (യാതൊന്നിനും) കഴിയാത്തവരുമായിട്ടുള്ളവരെയാണ് അല്ലാഹുവിന് പുറമെ അവര്‍ ആരാധിക്കുന്നത്.” (നഹ്ല്‍: 73)
ഈ ആയത്തുകളിലെല്ലാം ഒരു പോലെ അല്ലാഹുവിന് മാത്രമാണ് പൂര്‍ണമായ അധികാരമുള്ളതെന്നും, മറ്റാരും -അത് നബിയാകട്ടെ, മലക്കാകട്ടെ, ജിന്നോ ഔലിയയോ ആകട്ടെ; ആരായാലും- അവര്‍ക്കൊന്നും യാതൊരു അധികാരവുമില്ലെന്നും അല്ലാഹു -تَعَالَى- വ്യക്തമാക്കിയിരിക്കുന്നു.
ഒന്നിന്റെയും മേല്‍ ഒരു അധികാരവുമില്ലാത്തവനോട് എന്തു ചോദിച്ചിട്ടും ഒരു കാര്യവുമില്ല. ആ ചോദ്യങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വര പോലെയായിരിക്കും. യാതൊരു ഉപകാരവും അവ കൊണ്ടുണ്ടായിരിക്കുകയില്ല. എന്നാല്‍ ഉപദ്രവങ്ങളോ?! എമ്പാടുമുണ്ടു താനും; ഇഹലോകത്തും പരലോകത്തും.
വിശദീകരിച്ചു കൊണ്ടിരുന്ന ആയത്തിലേക്ക് മടങ്ങാം. ശിര്‍ക്കിന്റെ ഒന്നാമത്തെ അടിവേരാണ് ഈ ആയത്തിലെ ഒന്നാമത്തെ വാക്യത്തിലൂടെ -ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിന്റെ തൂക്കം പോലും അവര്‍ ഉടമപ്പെടുത്തുന്നില്ല എന്ന വാക്കിലൂടെ- അറുത്തു കളഞ്ഞിരിക്കുന്നത്.
കാരണം, അല്ലാഹുവിന് പുറമെയുള്ളവരെ വിളിച്ചു പ്രാര്‍ഥിക്കുന്നവരുടെ ഉദ്ദേശം തങ്ങളുടെ ഈ സഹായതേട്ടത്തിലൂടെ എന്തെങ്കിലും ഉപകാരം നേടിയെടുക്കലോ, എന്തെങ്കിലും ഉപദ്രവം തന്നില്‍ നിന്ന് തട്ടിനീക്കലോ ആണ്. ഒരു കാര്യവും സ്വന്തം അധീനത്തില്‍ ഇല്ലാത്തവര്‍ക്ക് എങ്ങനെയാണ് തങ്ങളോട് മറ്റുള്ളവര്‍ ചോദിക്കുന്നത് നല്‍കാന്‍ കഴിയുക?
അവരുടെ കൈകള്‍ തന്നെ ശൂന്യമാണ്. തങ്ങളുടെ നേര്‍ക്ക് നീട്ടിയിരിക്കുന്ന കൈകളിലേക്ക് നല്‍കാന്‍ അവരുടെ കയ്യില്‍ ഒന്നും തന്നെയില്ല. അത് കൊണ്ട് കൈകള്‍ ശൂന്യമാകാത്ത, കാലിയാകാത്ത ഖജാനകളുള്ള അല്ലാഹുവിനോട് ചോദിക്കുക.
عَنْ أَبِي هُرَيْرَةَ: أَنَّ رَسُولَ اللَّهِ -ﷺ- قَالَ: «يَدُ اللَّهِ مَلْأَى لاَ يَغِيضُهَا نَفَقَةٌ، سَحَّاءُ اللَّيْلَ وَالنَّهَارَ، وَقَالَ: أَرَأَيْتُمْ مَا أَنْفَقَ مُنْذُ خَلَقَ السَّمَوَاتِ وَالأَرْضَ، فَإِنَّهُ لَمْ يَغِضْ مَا فِي يَدِهِ»
അബൂഹുറൈറ –رَضِيَ اللَّهُ عَنْهُ– നിവേദനം: നബി -ﷺ- പറഞ്ഞു: “അല്ലാഹുവിന്റെ കൈ നിറഞ്ഞതാണ്. എത്ര നല്‍കിയാലും അതില്‍ കുറവു വരികയില്ല. രാത്രിയിലും രാവിലെയുമായി അവന്‍ ചൊരിഞ്ഞു കൊണ്ടിരിക്കുന്നു. ആകാശഭൂമികള്‍ സൃഷ്ടിച്ചതിന് ശേഷം എന്തു മാത്രമാണ് അവന്‍ ദാനം ചെയ്തതെന്ന് നിങ്ങള്‍ കാണുന്നില്ലേ? അതൊന്നും അവന്റെ കൈയ്യിലുള്ളത് കുറവു വരുത്തിയിട്ടില്ല.” (ബുഖാരി: 7411.)
അല്ലാഹുവിന്റെ പരിപൂര്‍ണമായ അധികാരവും, അവന് പുറമെയുള്ളവര്‍ ഒന്നും അധീനപ്പെടുത്തുന്നില്ലെന്നതും ഈ ആയത്തിന്റെ ആദ്യത്തില്‍ വ്യക്തമാക്കിയതിലൂടെ ശിര്‍ക്കിന്റെ വക്താക്കളുടെ ഒന്നാമത്തെ പടിയാണ് തകര്‍ന്നു വീണിരിക്കുന്നത് എന്ന് ചിന്തിക്കുന്നവര്‍ക്ക് ബോധ്യപ്പെടും.
3- അവ രണ്ടിലും അവര്‍ക്ക് യാതൊരു പങ്കുമില്ല.
ശിര്‍ക്കിന്റെ രണ്ടാമത്തെ ന്യായമാണ് ഈ ആയത്തിലെ ഈ വചനത്തിലൂടെ തകര്‍ക്കുന്നത്. ‘അവ രണ്ടും’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ആകാശങ്ങളും ഭൂമിയുമാണ്. മുശ്രിക്കുകള്‍ ജല്‍പ്പിക്കുന്ന ആരാധ്യന്മാരാണ് ‘അവര്‍’ എന്നതിന്റെ ഉദ്ദേശം. അതായത്; ആകാശങ്ങളിലും ഭൂമിയിലുമുള്ള ഒരു വസ്തുവിന്റെ മേലും അവര്‍ക്കാര്‍ക്കും അധികാരമില്ല.
അല്ലാഹുവല്ലാത്ത ഒരാളുടെയും അധീനതയില്‍ ഒന്നുമില്ലെന്ന കാര്യം തീര്‍ച്ചയായി. രണ്ടാമതൊരു സാധ്യതയുള്ളത്; പൂര്‍ണമായ അധികാരമൊന്നുമില്ലെങ്കിലും, അല്ലാഹുവിനോടൊപ്പം അധികാരത്തില്‍ പങ്കാളിത്തമുണ്ടാകുക എന്നതാണ്. അധികാരത്തിലും കൈകാര്യകര്‍തൃത്വത്തിലും പങ്കാളിത്തമുണ്ടെങ്കില്‍ തനിക്ക് പങ്കുള്ളവയിലെങ്കിലും ചില ഇടപെടലുകള്‍ നടത്താന്‍ കഴിയുമല്ലോ? എന്നാല്‍ ആ സാധ്യതയെ ഈ ആയത്തിലുള്ള രണ്ടാമത്തെ വാചകത്തിലൂടെ അല്ലാഹു ഇല്ലാതെയാക്കി.
അല്ലാഹുവിന് പുറമേ ആരാധിക്കപ്പെടുന്ന ആരായാലും -അത് അല്ലാഹുവിങ്കല്‍ ഏറ്റവും സാമീപ്യം സിദ്ധിച്ച മലക്കായ ജിബ്രീലിനാകട്ടെ, അവിടുത്തെ സൃഷ്ടികളില്‍ ഏറ്റവും മഹാനായ മുഹമ്മദ് നബി-ﷺ-ക്കാകട്ടെ-; അവര്‍ക്കൊന്നും തന്നെ സ്വന്തമായ അധികാരമില്ല; അത് കൊണ്ട് അവരോട് എന്തു ചോദിച്ചാലും അവര്‍ക്ക് ഉത്തരം നല്‍കുക സാധ്യമല്ല. അവര്‍ക്കൊന്നും അല്ലാഹുവിന്റെ അധികാരത്തില്‍ പങ്കുമില്ല; ഉണ്ടായിരുന്നെങ്കില്‍ തങ്ങളുടെ പങ്കുള്ളവയില്‍ നിന്നെങ്കിലും അവര്‍ക്ക് എന്തെങ്കിലും നല്‍കാന്‍ കഴിയുമായിരുന്നു.
തന്റെ അധികാരത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന കാര്യം പല ആയത്തുകളിലും അല്ലാഹു -تَعَالَى- വ്യക്തമാക്കിയിരിക്കുന്നു.
وَقُلِ الْحَمْدُ لِلَّـهِ الَّذِي لَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُ شَرِيكٌ فِي الْمُلْكِ وَلَمْ يَكُن لَّهُ وَلِيٌّ مِّنَ الذُّلِّ ۖ وَكَبِّرْهُ تَكْبِيرًا ﴿١١١﴾
“സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും, ആധിപത്യത്തില്‍ പങ്കാളിയില്ലാത്തവനും നിന്ദ്യതയില്‍ നിന്ന് രക്ഷിക്കാന്‍ ഒരു രക്ഷകന്‍ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിന് സ്തുതി! എന്ന് നീ പറയുകയും അവനെ ശരിയാംവണ്ണം മഹത്വപ്പെടുത്തുകയും ചെയ്യുക.” (ഇസ്റാഅ്: 111)
الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ وَلَمْ يَتَّخِذْ وَلَدًا وَلَمْ يَكُن لَّهُ شَرِيكٌ فِي الْمُلْكِ وَخَلَقَ كُلَّ شَيْءٍ فَقَدَّرَهُ تَقْدِيرًا ﴿٢﴾
“ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ആര്‍ക്കാണോ അവനത്രെ (അത് അവതരിപ്പിച്ചവന്‍.) അവന്‍ സന്താനത്തെ സ്വീകരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവന്ന് യാതൊരു പങ്കാളിയും ഉണ്ടായിട്ടുമില്ല. ഓരോ വസ്തുവെയും അവന്‍ സൃഷ്ടിക്കുകയും, അതിനെ അവന്‍ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.” (ഫുര്‍ഖാന്‍: 2)
അല്ലാഹുവിന് പുറമെയുള്ളവര്‍ക്കൊന്നും പ്രപഞ്ചത്തിലെ ഒരണുമണിത്തൂക്കം വരുന്ന കാര്യത്തിലും പരിപൂര്‍ണമായ അധികാരമില്ലെന്ന് മനസ്സിലായി; അതോടൊപ്പം, അവര്‍ക്കൊന്നും അല്ലാഹുവിന്റെ അധികാരത്തില്‍ പങ്കുമില്ല.
എങ്ങനെ അവര്‍ക്ക് അധികാരമുണ്ടാകും? അല്ലാഹു മാത്രമാണ് ഇവയെല്ലാം സൃഷ്ടിച്ചത്. അതില്‍ ഒരാളും അവനെ സഹായിക്കാനായി ഉണ്ടായിട്ടില്ല. ആരും സ്വന്തമായി ഒന്നും സൃഷ്ടിച്ചിട്ടില്ല; എല്ലാം അല്ലാഹു സൃഷ്ടിച്ചതാണ്. ബാക്കിയുള്ളതെല്ലാം അവന്റെ സൃഷ്ടികളാണ്.
قُلْ أَرَأَيْتُم مَّا تَدْعُونَ مِن دُونِ اللَّـهِ أَرُونِي مَاذَا خَلَقُوا مِنَ الْأَرْضِ أَمْ لَهُمْ شِرْكٌ فِي السَّمَاوَاتِ ۖ
“പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയില്‍ അവര്‍ എന്താണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചുതരൂ. അതല്ല ആകാശങ്ങളുടെ സൃഷ്ടിയില്‍ വല്ല പങ്കും അവര്‍ക്കുണ്ടോ? നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഇതിന് മുമ്പുള്ള ഏതെങ്കിലും വേദഗ്രന്ഥമോ, അറിവിന്റെ വല്ല അംശമോ നിങ്ങള്‍ എനിക്ക് കൊണ്ടു വന്നു തരൂ.” (അഹ്ഖാഫ്: 4)
ഈ ലോകത്ത് അധികാരത്തിന്റെ വക്താക്കളെന്ന് അഹങ്കരിച്ചവര്‍; രാജാക്കന്മാരും ഭരണാധികാരികളുമായി ലോകം വാഴാന്‍ ആഗ്രഹിച്ചവര്‍; അവരുടെയെല്ലാം അധികാരത്തിന് യാതൊരു വിലയുമില്ലായിരുന്നെന്ന് വ്യക്തമാക്കുന്ന അന്ത്യനാളിനെ കുറിച്ച് എല്ലാ നിസ്കാരങ്ങളിലും നാം ഓര്‍മ്മിക്കുന്നു.
مَالِكِ يَوْمِ الدِّينِ ﴿٤﴾
“പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍.” (ഫാതിഹ: 4)
عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ-، أَنَّ رَسُولَ اللَّهِ -ﷺ- قال: «يَقْبِضُ اللَّهُ الأَرْضَ، وَيَطْوِي السَّمَوَاتِ بِيَمِينِهِ، ثُمَّ يَقُولُ: أَنَا المَلِكُ، أَيْنَ مُلُوكُ الأَرْضِ»
അബൂഹുറൈറ -تَعَالَى- നിവേദനം: നബി -ﷺ- പറഞ്ഞു: “അല്ലാഹു ഭൂമിയെ പിടിക്കും; ആകാശത്തെ തന്റെ വലതു കൈ കൊണ്ട് ചുരുട്ടി പിടിക്കും. എന്നിട്ട് അവന്‍ പറയും: ഞാനാണ് രാജാവ്; എവിടെ ഭൂമിയിലെ രാജാക്കന്മാര്‍?” (ബുഖാരി: 4812, മുസ്‌ലിം: 2787)
സ്വന്തമായി യാതൊരു അധികാരവുമില്ലാത്തവര്‍; അല്ലാഹുവിന്റെ അധികാരത്തില്‍ ഒരു പങ്കാളിത്തവും ചെറുതോ വലുതോ ആയ ഒന്നും- അവകാശപ്പെടാന്‍ കഴിയാത്തവര്‍. അവര്‍ തങ്ങളുടെ സ്വന്തം കാര്യം തന്നെ അല്ലാഹുവില്‍ ഏല്‍പ്പിച്ചിരിക്കുന്നു. പിന്നെങ്ങനെ അവര്‍ക്ക് നിന്റെ പ്രയാസങ്ങള്‍ നീക്കാന്‍ കഴിയും?! നിന്റെ ആഗ്രഹങ്ങള്‍ സാധിപ്പിച്ചു നല്‍കാന്‍ സാധിക്കും?!
ശിര്‍ക്കിന്റെ വക്താക്കള്‍ പറയാന്‍ സാധ്യതയുള്ള രണ്ടാമത്തെ ന്യായത്തെയും അല്ലാഹു ഈ ആയത്തിലൂടെ തകര്‍ത്തിരിക്കുന്നു. അല്ലാഹുവിന്റെ അധികാരത്തില്‍ എന്തെങ്കിലും പങ്കുമുള്ളവരല്ല നിങ്ങള്‍ ആരാധിക്കുന്നവര്‍; അതിനാല്‍ അല്ലാഹുവിനുള്ള ആരാധനയിലും അവര്‍ക്ക് പങ്കു നല്‍കപ്പെടാവതല്ല. ഇതെല്ലാമാണ് മൂന്നാമത്തെ വാചകത്തിന്റെ ഉദ്ദേശം.
വല്ലാഹു അഅ്ലം.
4- അവരുടെ കൂട്ടത്തില്‍ അവന്ന് സഹായിയായി ആരുമില്ല.
അല്ലാഹുവല്ലാത്ത മറ്റാര്‍ക്കും സ്വന്തമായ അധികാരമോ, അല്ലാഹുവിന്റെ അധികാരത്തില്‍ പങ്കാളിത്തമോ ഇല്ലെന്ന കാര്യം ഉറപ്പായി. -വിദൂരമാണെങ്കിലും- മൂന്നാമതൊരു സാധ്യതയുള്ളത് അല്ലാഹുവിന്റെ ഈ അധികാരത്തില്‍; ആകാശഭൂമികളെ മുഴുവന്‍ സൃഷ്ടിക്കുന്ന വേളയിലോ, അതിന് ശേഷമോ- അവനെ സഹായിക്കാന്‍ ആരെങ്കിലും ഉണ്ടായിരിക്കുക എന്നതാണ്.
അങ്ങനെയൊരു സാധ്യത നിലനില്‍ക്കുന്നുണ്ടോ?
അല്ലാഹുവിന്റെ അധികാരം പടുത്തുയര്‍ത്താന്‍; ആകാശഭൂമികളുടെ നിലനില്‍പ്പ് അവതാളത്തിലാകാതിരിക്കാന്‍ അല്ലാഹുവിന് ഒരു ചെറിയ സഹായമെങ്കിലും നല്‍കുന്ന ആരെങ്കിലുമുണ്ടോ?
സുബ്ഹാനല്ലാഹ്!
സര്‍വ്വചരാചങ്ങളെയും പടച്ചവനായ റബ്ബുല്‍ ആലമീനെങ്ങനെയാണ് അവന്റെ സൃഷ്ടികളില്‍ നിന്ന് തന്നെ സഹായികളുണ്ടാവുക?! എല്ലാവരും സൃഷ്ടിക്കപ്പെട്ടത് തന്നെ അവന്റെ കനിവിനാലും ഔദാര്യത്തിനാലുമത്രെ. അവന്‍ തീരുമാനിച്ചിരുന്നില്ലെങ്കില്‍ ഇവര്‍ ഉണ്ടാകുക പോലുമില്ലായിരുന്നു.
يَا أَيُّهَا النَّاسُ أَنتُمُ الْفُقَرَاءُ إِلَى اللَّـهِ ۖ وَاللَّـهُ هُوَ الْغَنِيُّ الْحَمِيدُ ﴿١٥﴾
“മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്റെ ആശ്രിതന്‍മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു.” (ഫാത്വിര്‍: 15)
ആകാശഭൂമികളുടെ സൃഷ്ടിപ്പില്‍ ഒരാള്‍ക്കും പങ്കില്ലെന്നും, ഒരാളും സഹായികളായിട്ടില്ലെന്നുമുള്ള കാര്യം അല്ലാഹു ഖുര്‍ആനില്‍ പലയിടത്തും വ്യക്തമാക്കിയിരിക്കുന്നു.
مَّا أَشْهَدتُّهُمْ خَلْقَ السَّمَاوَاتِ وَالْأَرْضِ وَلَا خَلْقَ أَنفُسِهِمْ وَمَا كُنتُ مُتَّخِذَ الْمُضِلِّينَ عَضُدًا ﴿٥١﴾
“ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനാകട്ടെ, അവരുടെ തന്നെ സൃഷ്ടിപ്പിനാകട്ടെ നാം അവരെ സാക്ഷികളാക്കിയിട്ടില്ല. വഴിപിഴപ്പിക്കുന്നവരെ ഞാന്‍ സഹായികളായി സ്വീകരിക്കുന്നവനല്ലതാനും.” (കഹ്ഫ്: 51)
അവനെന്തിനാണ് സഹായികള്‍?! ആകാശഭൂമികളുടെ സൃഷ്ടിപ്പോ, അവയുടെ പരിപാലനമോ അവന് യാതൊരു ക്ഷീണമോ പ്രയാസമോ ഉണ്ടാക്കിയിട്ടില്ല.
وَلَقَدْ خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ وَمَا مَسَّنَا مِن لُّغُوبٍ ﴿٣٨﴾
“ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം ആറു ദിവസങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നു. യാതൊരു ക്ഷീണവും നമ്മെ ബാധിച്ചിട്ടുമില്ല.” (ഖാഫ്: 38)
وَلَا يَئُودُهُ حِفْظُهُمَا ۚ
“അവയുടെ (ആകാശഭൂമികളുടെ) സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല.” (ബഖറ: 255)
അല്ലാഹുവിന് പുറമെയുള്ളവരെ വിളിച്ച് പ്രാര്‍ഥിക്കുന്നതിനെ ന്യായീകരിക്കുന്നതിനായി നമ്മുടെ നാട്ടിലുള്ള പിഴച്ച ചിന്താഗതിക്കാര്‍ -സുന്നികളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍- തങ്ങളുടെ ശിര്‍ക്കിന് ന്യായീകരണമായി പറയാറുള്ള ഉദാഹരണത്തിന്റെ നിരര്‍ഥകതയും മേല്‍ പറഞ്ഞതില്‍ നിന്ന് ബോധ്യപ്പെടും.
അവരില്‍ ചിലര്‍ പറയാറുള്ളത് പോലെ -അല്ലാഹു അവര്‍ക്ക് ഹിദായത് നല്‍കട്ടെ-: രാജാവിന്റെ അടുക്കലേക്ക് നേരിട്ട് കാര്യങ്ങള്‍ സമര്‍പ്പിക്കാന്‍ പറ്റില്ലെന്നത് പോലെ; പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും നേരിട്ട് പോയി കണ്ടത് കൊണ്ട് കാര്യമില്ലെന്ന പോലെ; അല്ലാഹുവിന്റെ അടുക്കലും കാര്യങ്ങള്‍ നേരിട്ട് അവതരിപ്പിച്ചത് കൊണ്ട് ഉപകാരമില്ല.
മറിച്ച് രാജാവിന്റെയും പ്രധാനമന്ത്രിയുടെയുമെല്ലാം അടുപ്പക്കാരെ സമീപിച്ച്, അവരോട് നമ്മുടെ ആവശ്യങ്ങള്‍ സമര്‍പ്പിക്കുകയും, അവര്‍ നമ്മുടെ കാര്യങ്ങള്‍ തങ്ങളുടെ ‘മേലധികാരികളോട്’ അവതരിപ്പിക്കുകയും ചെയ്യും എന്നത് പോലെ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ അമ്പിയാക്കളെയും ഔലിയാക്കളെയും വിളിച്ചു പ്രാര്‍ഥിക്കുകയും, അവരോട് കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുക. അവര്‍ നമ്മുടെ കാര്യങ്ങള്‍ അല്ലാഹുവിന്റെ മുന്നില്‍ സമര്‍പ്പിക്കുകയും അങ്ങനെ അല്ലാഹു അവ സാധിപ്പിച്ചു തരികയും ചെയ്യും!
അല്ലാഹുവിനെ കുറിച്ച് ഇത്തരക്കാര്‍ക്കുള്ള അങ്ങേയറ്റത്തെ അജ്ഞതയാണ് ഇവരെ കൊണ്ട് ഇത് പറയിക്കുന്നത്. ദുര്‍ബലരായ മനുഷ്യരുടെ മേല്‍ അധികാരമേറ്റെടുത്തിട്ടുള്ള ദുര്‍ബലരായ രാജാക്കന്മാരോടാണ് അവര്‍ അല്ലാഹുവിനെ ഉപമിച്ചിരിക്കുന്നത് എന്നതില്‍ നിന്ന് മാത്രം അവരുടെ വഴികേടിന്റെ ആഴം വ്യക്തമാകും.
എന്തു കൊണ്ടാണ് രാജാക്കന്മാര്‍ മന്ത്രിമാരുടെ വാക്കുകള്‍ ശ്രവിക്കുന്നതും, അവര്‍ ശുപാര്‍ശ നല്‍കുന്നവരെ സഹായിക്കുന്നതും? മൂന്നാലൊരു കാരണമാണതിന് പിന്നിലുള്ളത്:
ഒന്നല്ലെങ്കില്‍ മന്ത്രിയുടെ സഹായമില്ലാതെ രാജാവിന് ഭരണം മുന്നോട്ട് കൊണ്ടു പോകാന്‍ പറ്റില്ലെന്നത് കൊണ്ട്;
അതല്ലെങ്കില്‍ പ്രജകളില്‍ ചിലര്‍ക്ക് സഹായം ആവശ്യമുണ്ടെന്ന കാര്യം രാജാവിന് അറിയില്ലായിരുന്നു; മന്ത്രി പറഞ്ഞു കൊടുത്തപ്പോഴാണ് അയാള്‍ക്ക് അത് മനസ്സിലായത് എന്നതു കൊണ്ട്;
അതുമല്ലെങ്കില്‍; പ്രജകളെ സഹായിക്കണമെന്ന് രാജാവിന് ഉദ്ദേശമില്ലായിരുന്നു; അവരോട് കരുണ കാണിക്കണമെന്ന് മന്ത്രി ഉപദേശിച്ചപ്പോള്‍ രാജാവിന് മനസ്സലിവ് തോന്നുകയും സഹായിക്കുകയും ചെയ്യുന്നത് കൊണ്ട്.
ഈ മൂന്നിലൊരു കാരണവും അല്ലാഹുവിന്റെ കാര്യത്തില്‍ ഇല്ല തന്നെ. അല്ലാഹു അവയിലേതെങ്കിലും ഉണ്ടാകുന്നതില്‍ നിന്നെല്ലാം പരിശുദ്ധനാണ്; ഉന്നതനും പ്രതാപവാനുമാണ്.
ഒന്നാമത്തെ സാധ്യത: രാജാവിന് ഭരണചക്രം തിരിക്കാന്‍ മന്ത്രിയുടെ സഹായം വേണം; മന്ത്രി പറഞ്ഞതു കേട്ടില്ലെങ്കില്‍ അയാള്‍ പിന്നെ സഹായിക്കില്ല. ചിലപ്പോള്‍ തന്റെ ഭരണം തന്നെ തകര്‍ന്നു പോകാന്‍ അയാള്‍ കാരണമാകും. അതു കൊണ്ട് -ചിലപ്പോള്‍ ഇഷ്ടമില്ലെങ്കിലും- മന്ത്രിയെ രാജാവ് സഹായിച്ചേക്കാം; മന്ത്രി പറയുന്നവര്‍ക്ക് രാജാവിന്റെ സഹായങ്ങള്‍ നല്‍കിയേക്കാം.
ഇങ്ങനെ അല്ലാഹുവിനെ സഹായിക്കുന്ന ആരെങ്കിലുമുണ്ടോ? ഒരിക്കലുമില്ല! അവനെ സഹായിക്കാന്‍ ഉദ്ദേശിച്ചാല്‍ പോലും അവര്‍ക്ക് കഴിയില്ല.
അല്ലാഹുവിനെ ഉപദ്രവിക്കാന്‍ -മനുഷ്യരെല്ലാം ഒന്നിച്ചാലും- ആര്‍ക്കെങ്കിലും സാധിക്കുമോ? ആര്‍ക്കെങ്കിലും ‘തന്റെ സഹായമില്ലെങ്കില്‍ അല്ലാഹുവിന്റെ അധികാരം നശിച്ചു പോകും’ എന്ന് വീമ്പു പറയാന്‍ കഴിയുമോ?
ഇക്കാര്യം ഊട്ടിയുറപ്പിക്കുന്ന ആയത്താണ് മേലെ നാം നല്‍കിയ ആയത്ത്. “അവരുടെ കൂട്ടത്തില്‍ അവന്ന് സഹായിയായി ആരുമില്ല.”
രണ്ടാമത്തെ സാധ്യത: രാജാവിന്റെ അജ്ഞതയാണ്. പ്രജകളെ കുറിച്ച് അയാള്‍ക്ക് ചിലപ്പോള്‍ അറിവുണ്ടായിക്കൊള്ളണമെന്നില്ല. മന്ത്രി പറഞ്ഞു കൊടുക്കുമ്പോഴായിരിക്കും ചിലപ്പോള്‍ തന്റെ മൂക്കിന് താഴെ നടന്ന അനീതിയെ കുറിച്ചോ, അതിക്രമത്തെ കുറിച്ചോ, ദാരിദ്ര്യത്തെ പറ്റിയോ രാജാവ് അറിയുക.
അല്ലാഹുവിന് ഇപ്രകാരം അജ്ഞതയുണ്ടാകുമോ? അവന്‍ സര്‍വജ്ഞാനിയാണ്. അലീമും ആലിമും അല്ലാമുമാണ്. മനുഷ്യരുടെ മനസ്സകത്തുള്ള -അവര്‍ക്ക് പോലും അറിയാത്ത രഹസ്യങ്ങള്‍ വരെ അറിയുന്ന- ഖബീറും ലതീഫുമാണ്. അവരുടെ കണ്ണിന്റെ കട്ടുനോട്ടം പോലും അറിയുന്ന, അവരെ കുറിച്ച് അവരെക്കാള്‍ അറിവുള്ളവനാണ്.
നിന്റെ പ്രയാസങ്ങള്‍ അറിയാന്‍ അവന് ആരുടെയും ശുപാര്‍ശ ആവശ്യമില്ല. ആരുടെയും ഓര്‍മ്മപ്പെടുത്തലോ ‘ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയങ്ങളോ’ അല്ലാഹുവിന് വേണ്ടതില്ല. നിന്റെ ഹൃദയത്തിന്റെ അകത്തളങ്ങളിലെ തേട്ടങ്ങള്‍ നിന്നെക്കാള്‍ മനസ്സിലാക്കിയവനാണവന്‍.
നിന്റെ കാര്യങ്ങള്‍ അറിയിക്കുന്നതിന് പിന്നെന്തിനാണൊരു ശുപാര്‍ശകന്‍? ഇടനിലക്കാരനും മദ്ധ്യസ്ഥനും?!
മൂന്നാമത്തെ സാധ്യത: രാജാവ് ക്രൂരനാവുകയെന്നതാണ്. രാജാവിനറിയാം പ്രജകളുടെ ദയനീയാവസ്ഥകള്‍; പക്ഷേ അയാള്‍ പ്രജകളെ സഹായിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ അയാളുടെ മനസ്സിലേക്ക് അയാള്‍ ചെവികൊടുക്കുന്ന ആരെങ്കിലും -അയാളുടെ മന്ത്രിയോ ഭാര്യയോ സേനാനായകനോ മറ്റാരെങ്കിലുമോ- ഒരിറ്റു കാരുണ്യമുണ്ടാക്കുന്ന വാക്കുകള്‍ പറഞ്ഞു കൊടുത്താല്‍ അയാള്‍ ചെവി കൊണ്ടേക്കാം. സഹായിച്ചേക്കാം.
എന്നാല്‍ അല്ലാഹു ഈ രാജാവിനെ പോലെയാണോ?! ക്രൂരനും അനീതിയും അത്രിക്രമവും ചെയ്യുന്നവനാണോ? അല്ലേയല്ല!
അവന്‍ നീതിമാനാണ്. ഒരണുമണിത്തൂക്കം പോലും അനീതി ചെയ്യാത്തവനാണ്. അനന്തമായ കാരുണ്യമുള്ളവനാണ് -റഹ്മാനും റഹീമുമായവന്‍-. വിട്ടുകൊടുക്കന്നവനും മാപ്പാക്കുന്നവനും അങ്ങേയറ്റം അനുകമ്പയുള്ളവനുമാണ്. എങ്ങനെയാണ് ക്രൂരനായ ഈ രാജാവിനോട് അല്ലാഹുവിനെ ഉപമിക്കുക?!
വിശ്വാസികളേ!
ദുര്‍ബലനും ക്രൂരനും അജ്ഞനുമായ രാജാവിനോട് -പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും- സര്‍വ്വശക്തനും സര്‍വ്വജ്ഞനും കാരുണ്യവാനുമായ അല്ലാഹുവിനെ ഉപമപ്പെടുത്തുന്നവരെ ബഹിഷ്കരിക്കുക! അവരെ ശപിക്കുകയും ഇസ്‌ലാമിന്റെ വൃത്തത്തില്‍ നിന്ന് കല്ലെറിഞ്ഞോടിക്കുകയും ചെയ്യുക!
അവരുടെ തലപ്പാവുകളും വെള്ളവസ്ത്രവും ഉള്ളിലെ ചെളിയും മാലിന്യവും മറക്കാനുള്ള ചില തന്ത്രങ്ങള്‍ മാത്രമെന്ന് തിരിച്ചറിയുക! അവരെ കൊണ്ട് ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ഉണ്ടായ ഉപദ്രവങ്ങള്‍ക്ക് അങ്ങനെയെങ്കിലും പ്രായശ്ചിത്തം ചെയ്യുക!
അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതന്നേക്കാം!
ചുരുക്കത്തില്‍; അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും സ്വന്തമായ എന്തെങ്കിലും അധികാരമോ, അല്ലാഹുവിന്റെ അധികാരത്തില്‍ ഒരു പങ്കോ ഇല്ല. ഇതിനെല്ലാം പുറമെ അല്ലാഹുവിന്റെ ഉദ്ദേശങ്ങളില്‍ ഇടപെടാന്‍ സാധിക്കുന്ന രൂപത്തില്‍ അല്ലാഹുവിനെ സഹായിക്കുന്നവരോ അവന് പിന്‍ബലം നല്‍കുന്നവരോ ആയില്ല. അതിനാല്‍ അല്ലാഹുവല്ലാത്ത ആരോടും എന്തൊരു കാര്യം തേടിയതു കൊണ്ടും കാര്യമില്ല എന്നെല്ലാമാണ് നാലാമത്തെ വാചകത്തിന്റെ ഉദ്ദേശം.
വല്ലാഹു അഅ്ലം.
4- ‘ആര്‍ക്കു വേണ്ടി അവന്‍ അനുമതി നല്‍കിയോ അവര്‍ക്കല്ലാതെ അവന്റെ അടുക്കല്‍ ശുപാര്‍ശ പ്രയോജനപ്പെടുകയുമില്ല.’
ആകാശഭൂമികള്‍ക്കിടയില്‍ ഒന്നിലും ആര്‍ക്കും ഒരധികാരവുമില്ല -അല്ലാഹുവിനല്ലാതെ-. അവനോടൊപ്പം അധികാരത്തില്‍ ആര്‍ക്കും ഒരു പങ്കുമില്ല. അവന്റെ അധികാരം കയ്യാളുന്നതിലോ മറ്റോ അവര്‍ യാതൊരു സഹായവും ചെയ്തിട്ടില്ല. അതിനാല്‍ ആകാശഭൂമികളിലുള്ള ഒരാള്‍ക്കും ഒരു കാര്യത്തിലും അല്ലാഹുവിന്റെ ഉദ്ദേശങ്ങളെ സ്വാധീനിക്കാനോ, അവയെ മാറ്റിമറിക്കാനോ കഴിയില്ല.
നിനക്ക് ഒരു പ്രയാസം അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അത് നീക്കാന്‍ അല്ലാഹുവല്ലാതെ ഒരാളുമില്ല. നിനക്ക് ഒരു ഉപകാരം അല്ലാഹു നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അത് തടുക്കാനും ഒരാളുമില്ല; അല്ലാഹുവല്ലാതെ.
قُلْ أَفَرَأَيْتُم مَّا تَدْعُونَ مِن دُونِ اللَّـهِ إِنْ أَرَادَنِيَ اللَّـهُ بِضُرٍّ هَلْ هُنَّ كَاشِفَاتُ ضُرِّهِ أَوْ أَرَادَنِي بِرَحْمَةٍ هَلْ هُنَّ مُمْسِكَاتُ رَحْمَتِهِ ۚ قُلْ حَسْبِيَ اللَّـهُ ۖ عَلَيْهِ يَتَوَكَّلُ الْمُتَوَكِّلُونَ ﴿٣٨﴾
“പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എനിക്ക് വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് അവന്റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക് വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക് അവന്റെ അനുഗ്രഹം പിടിച്ചു വെക്കാനാകുമോ? പറയുക: എനിക്ക് അല്ലാഹു മതി. അവന്റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്.” (സുമര്‍: 38)
ഇത്രയും കാര്യം ഒരാള്‍ക്ക് വ്യക്തമായി ബോധ്യപ്പെട്ടാല്‍ തന്നെ അയാള്‍ അല്ലാഹുവല്ലാത്തവരോട് എന്തു കാര്യം ചോദിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കും. അവനല്ലാത്ത ആര്‍ക്കും ഒരു കാര്യവും മാറ്റിമറിക്കാനോ പ്രയാസങ്ങള്‍ എടുത്തു നീക്കാനോ കഴിയില്ലെന്ന് അവന് മനസ്സിലാകും.
അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ നബിമാര്‍ക്കോ, അവനെ തൃപ്തിപ്പെടുത്തിയ ഔലിയാക്കന്മാര്‍ക്കോ, ഖബറില്‍ കിടക്കുന്ന മഹാന്മാര്‍ക്കോ, മഹത്തുകളുടെ രൂപത്തില്‍ നിര്‍മ്മിക്കപ്പെട്ട വിഗ്രഹങ്ങള്‍ക്കോ, അനുഗ്രഹീതമെന്ന് കരുതപ്പെടുന്ന കല്ലുകള്‍ക്കോ മരങ്ങള്‍ക്കോ; ഒന്നിനും ഈ പ്രപഞ്ചത്തില്‍ ഒരു അണുവിട പോലും മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ല; അല്ലാഹു ഉദ്ദേശിച്ചതല്ലാതെ.
അതിനാല്‍ ഒരു യഥാര്‍ഥ മുഅ്മിന്‍ -സത്യവിശ്വാസി- അല്ലാഹുവിനോട് മാത്രമായിരിക്കും ചോദിക്കുക. അവന്റെ ഹൃദയം അല്ലാഹുവുമായി മാത്രമായിരിക്കും ബന്ധിതമായിരിക്കുക. അവന്റെ ആഗ്രഹങ്ങള്‍ അല്ലാഹുവിന്റെ മുന്നില്‍ മാത്രമാകും തുറന്നു വെക്കപ്പെടുക. അവന്റെ പ്രയാസങ്ങള്‍ നീക്കാനുള്ള തേട്ടങ്ങള്‍ അല്ലാഹുവിലല്ലാതെ അര്‍പ്പിക്കപ്പെടുകയില്ല.
എന്നാല്‍ ചിലര്‍, -അല്ലാഹു നമ്മെയും അവരെയും സ്വിറാതുല്‍ മുസ്തഖീമിലേക്ക് നയിക്കട്ടെ- ഇതെല്ലാം മനസ്സിലായാലും അവര്‍ പറയും:
‘ഇതെല്ലാം ശരിയാണ്. ഈ പറഞ്ഞതിലൊന്നും ഞങ്ങള്‍ക്ക് സംശയമില്ല. നബിമാര്‍ക്കോ ഔലിയാക്കന്മാര്‍ക്കോ സ്വന്തമായി കഴിവുകളുണ്ടെന്നോ, അവര്‍ എന്തെങ്കിലും അധീനപ്പെടുത്തിയിട്ടുണ്ടെന്നോ ഞങ്ങള്‍ പറയുന്നില്ല. അവര്‍ക്ക് ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റി നല്‍കാനോ, പ്രയാസങ്ങള്‍ നീക്കിത്തരാനോ കഴിവുണ്ടെന്നും ഞങ്ങള്‍ വിശ്വസിക്കുന്നില്ല.
എന്നാല്‍ അവര്‍ അല്ലാഹുവിന് പ്രിയപ്പെട്ടവരായ, അവന്റെ ഇഷ്ടദാസന്മാരാണ്. അവര്‍ അവനോട് എന്തെങ്കിലും ചോദിച്ചാല്‍ അല്ലാഹു അത് തട്ടിക്കളയുകയില്ല. കാരണം അല്ലാഹുവിങ്കല്‍ മഹത്തരമായ സ്ഥാനവും പദവിയും ഉള്ളവരാണിവര്‍.
നമ്മളാകട്ടെ -പാപികളും അതിക്രമികളുമാണ്-. നമ്മള്‍ ചോദിച്ചാല്‍ അല്ലാഹു നമുക്ക് ഉത്തരം നല്‍കിക്കൊള്ളണമെന്നില്ല. നമ്മുടെ തേട്ടങ്ങളും ആവശ്യങ്ങളും അവന്‍ പരിഗണിച്ചു കൊള്ളണമെന്നില്ല.
അതിനാല്‍ ഞങ്ങള്‍ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ -നബിമാരോടും ഔലിയാക്കളോടും ഖബറാളികളോടും- ഞങ്ങളുടെ ആവശ്യങ്ങള്‍ സമര്‍പ്പിക്കും. അവര്‍ ഞങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിനോട് ശുപാര്‍ശ പറയുകയും, അവരുടെ ശുപാര്‍ശ കാരണത്താല്‍ അല്ലാഹു ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിത്തരികയും ചെയ്യും.
ഇതിലെന്താണ് തെറ്റ്?!’
ശിര്‍ക്കിന്റെ വക്താക്കളുടെ അവസാനത്തെ ന്യായമാണിത്. അവരുടെ കച്ചിത്തുരുമ്പ്. അതിനെയാണ് അല്ലാഹു -تَعَالَى- രണ്ടാമത്തെ ആയത്തിലൂടെ -അവസാന വാചകത്തിലൂടെ- തകര്‍ത്തു കളഞ്ഞത്.
‘ആര്‍ക്കു വേണ്ടി അവന്‍ അനുമതി നല്‍കിയോ അവര്‍ക്കല്ലാതെ അവന്റെ അടുക്കല്‍ ശുപാര്‍ശ പ്രയോജനപ്പെടുകയുമില്ല.’
നിങ്ങള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്ന അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ -നബിമാരും ഔലിയാക്കളും-; അവര്‍ അല്ലാഹു അനുമതി നല്‍കിയവര്‍ക്ക് വേണ്ടിയല്ലാതെ ശുപാര്‍ശ പറയുകയേയില്ല!
അതിനാല്‍ നിങ്ങള്‍ക്ക് അവരുടെ ശുപാര്‍ശ ഉപകാരപ്പെടണമെങ്കില്‍ നിങ്ങള്‍ അല്ലാഹുവിനെ തൃപ്തിപ്പെടുത്തുക. അവന്‍ പറഞ്ഞതു പോലെ ജീവിക്കുകയും, അവനോട് ആവശ്യങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുക. അവന്‍ നിങ്ങളെ തൃപ്തിപ്പെട്ടാലല്ലാതെ; നിങ്ങള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്തു കൊള്ളൂ എന്ന് അല്ലാഹു അനുമതി നല്‍കിയാലല്ലാതെ അവരാരും നിങ്ങള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യുകയില്ല. ഇനി ചെയ്താല്‍ തന്നെയും -അതൊരിക്കലും സംഭവിക്കുകയില്ല- ആ ശുപാര്‍ശ പ്രയോജനപ്പെടുകയുമില്ല!
ഇതോടു കൂടി അല്ലാഹുവിന് പുറമെയുള്ളവരുടെ ദുര്‍ബലത വ്യക്തമായി ബോധ്യപ്പെട്ടു. അവര്‍ക്ക് അധികാരമില്ല; അതില്‍ പങ്കുമില്ല; അല്ലാഹുവിന്റെ സഹായികളുമല്ല അവര്‍.
ഏറ്റവും അവസാനം -തങ്ങള്‍ ആര്‍ക്ക് വേണ്ടിയെല്ലാം ശുപാര്‍ശ പറയണമെന്നത് പോലും തീരുമാനിക്കാന്‍ അവര്‍ക്ക് അവകാശമില്ല-!
ഏറ്റവും മഹാനും അങ്ങേയറ്റത്തെ പ്രതാപത്തിന്റെ ഉടമസ്ഥനുമായ റബ്ബിന്റെ അരികില്‍ ‘ഇന്നയിന്നവരെയെല്ലാം നരകത്തില്‍ നിന്ന് മോചിപ്പിക്കണം, ഇന്നയാളുകള്‍ക്കെല്ലാം അവരുടെ ആവശ്യങ്ങള്‍ നിറവേറ്റി നല്‍കണം’ എന്ന് ആവശ്യപ്പെടുന്നത് പോയിട്ട് അവന്റെ അനുമതിയില്ലാതെ ശുപാര്‍ശ ചെയ്യാന്‍ പോലും ആര്‍ക്കും അധികാരമില്ല.
എത്ര മാത്രം അല്ലാഹു തൃപ്തിപ്പെട്ട അടിമയാണെങ്കിലും അല്ലാഹു അനുമതി നല്‍കിയതിന് ശേഷം മാത്രമേ അവര്‍ക്ക് ശുപാര്‍ശ പറയാന്‍ പോലുമുള്ള അധികാരമുള്ളൂ; ശുപാര്‍ശ തുടങ്ങി വെക്കാന്‍ പോലും അവര്‍ക്ക് സ്വയം അധികാരമില്ലെന്ന് ചുരുക്കം!
അല്ലാഹു -تَعَالَى- പറഞ്ഞു:
مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ
“അവന്റെ (അല്ലാഹുവിന്റെ) അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്?” (ബഖറ: 255)
നബിമാരില്‍ അന്തിമനും ഏറ്റവും ശ്രേഷ്ഠനുമായ മുഹമ്മദ് നബി -ﷺ- പോലും അല്ലാഹുവിന്റെ അനുമതി ലഭിച്ചതിന് ശേഷമല്ലാതെ ശുപാര്‍ശ ചെയ്യാന്‍ ആരംഭിക്കുക പോലുമില്ല.
സൂര്യന്‍ ഒരു ചാണ്‍ അകലത്തില്‍ നിലകൊള്ളുന്ന സന്ദര്‍ഭത്തില്‍ തങ്ങളെ വിചാരണക്കെടുക്കണമെന്ന് അല്ലാഹുവിനോട് ശുപാര്‍ശ പറയണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആദം –عَلَيْهِ الصَّلَاةُ وَالسَّلَامُ– മുതല്‍ ഈസ –عَلَيْهِ الصَّلَاةُ وَالسَّلَامُ– വരെയുള്ള നബിമാരോടെല്ലാം മനുഷ്യര്‍ ആവശ്യപ്പെടുകയും, അവരെല്ലാം വിസമ്മതിക്കുകയും, നബിമാരില്‍ അന്തിമനായ മുഹമ്മദ് നബി -ﷺ- ശുപാര്‍ശ ചെയ്യുമെന്നുമുള്ള കാര്യങ്ങളെല്ലാം പരാമര്‍ശിക്കപ്പെട്ട -സുദീര്‍ഘമായ ‘ശഫാഅത്തിന്റെ’ ഹദീഥില്‍- നബി -ﷺ- പറഞ്ഞു:
عَنْ أَنَسِ بْنِ مَالِكٍ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: « … فَيَأْتُونِي فَأَسْتَأْذِنُ عَلَى رَبِّي، فَيُؤْذَنُ لِي، فَإِذَا أَنَا رَأَيْتُهُ وَقَعْتُ سَاجِدًا، فَيَدَعُنِي مَا شَاءَ اللَّهُ، فَيُقَالُ: يَا مُحَمَّدُ، ارْفَعْ رَأْسَكَ، قُلْ تُسْمَعْ، سَلْ تُعْطَهْ، اشْفَعْ تُشَفَّعْ، فَأَرْفَعُ رَأْسِي، فَأَحْمَدُ رَبِّي بِتَحْمِيدٍ يُعَلِّمُنِيهِ رَبِّي، ثُمَّ أَشْفَعُ فَيَحُدُّ لِي حَدًّا، فَأُخْرِجُهُمْ مِنَ النَّارِ، وَأُدْخِلُهُمُ الْجَنَّةَ، ثُمَّ أَعُودُ فَأَقَعُ سَاجِدًا، فَيَدَعُنِي مَا شَاءَ اللَّهُ أَنْ يَدَعَنِي، ثُمَّ يُقَالُ: ارْفَعْ يَا مُحَمَّدُ، قُلْ تُسْمَعْ، سَلْ تُعْطَهْ، اشْفَعْ تُشَفَّعْ، فَأَرْفَعُ رَأْسِي، فَأَحْمَدُ رَبِّي بِتَحْمِيدٍ يُعَلِّمُنِيهِ، ثُمَّ أَشْفَعُ فَيَحُدُّ لِي حَدًّا، فَأُخْرِجَهُمْ مِنَ النَّارِ وَأُدْخِلُهُمُ الْجَنَّةَ»
അനസു ബ്നു മാലിക് –رَضِيَ اللَّهُ عَنْهُ– നിവേദനം: നബി -ﷺ- പറഞ്ഞു: “… അങ്ങനെ അവര്‍ എന്റെ അടുക്കല്‍ വരും. അപ്പോള്‍ ഞാന്‍ എന്റെ റബ്ബിനോട് അനുമതി ചോദിക്കും. അപ്പോള്‍ എനിക്ക് അനുമതി നല്‍കപ്പെടും. ഞാന്‍ അവനെ കണ്ടാല്‍ സുജൂദില്‍ (സാഷ്ടാംഘം) വീഴും. അങ്ങനെ (ആ അവസ്ഥയില്‍) അല്ലാഹു ഉദ്ദേശിക്കുന്നത് വരെ ഞാന്‍ കഴിച്ചു കൂട്ടും.
അപ്പോള്‍ പറയപ്പെടും: ‘ഹേ മുഹമ്മദ്! തല ഉയര്‍ത്തുക. നീ സംസാരിക്കുക; (നിന്റെ സംസാരം) ശ്രവിക്കപ്പെടും. നീ ചോദിക്കുക; അത് നല്‍കപ്പെടും. നീ ശുപാര്‍ശ പറയുക; നിന്റെ ശുപാര്‍ശ സ്വീകരിക്കപ്പെടും.’
അപ്പോള്‍ ഞാന്‍ എന്റെ ശിരസ്സ് ഉയര്‍ത്തും. എന്റെ റബ്ബ് എനിക്ക് പഠിപ്പിച്ചു നല്‍കുന്ന സ്തുതികീര്‍ത്തനങ്ങള്‍ കൊണ്ട് ഞാന്‍ അവനെ സ്തുതിക്കും. പിന്നീട് ഞാന്‍ ശുപാര്‍ശ പറയും.
പിന്നീട് എനിക്ക് ഒരു അതിര്‍ നിര്‍ണയിച്ചു നല്‍കും. അപ്പോള്‍ അവരെ ഞാന്‍ നരകത്തില്‍ നിന്ന് പുറത്തേക്കെടുക്കുകയും, സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യും.”
ഇക്കാര്യം ഖുര്‍ആനിലും അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. മലക്കുകളെ കുറിച്ച് -അവരും പരലോകത്ത് ശുപാര്‍ശ ചെയ്യുന്നവരാണ്- പരാമര്‍ശിക്കവെ അല്ലാഹു -تَعَالَى- പറഞ്ഞു:
وَلَا يَشْفَعُونَ إِلَّا لِمَنِ ارْتَضَىٰ وَهُم مِّنْ خَشْيَتِهِ مُشْفِقُونَ ﴿٢٨﴾
“അവന്‍ തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ ശുപാര്‍ശ ചെയ്യുകയില്ല. അവരാകട്ടെ, അവനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരാകുന്നു.” (അമ്പിയാഅ്: 28)
അല്ലാഹുവിന്റെ തൃപ്തി ലഭിക്കണമെങ്കില്‍ തൗഹീദ് പാലിക്കുന്നവരും ശിര്‍ക്കില്‍ നിന്ന് വിട്ടു നില്‍ക്കുന്നവരുമായിരിക്കണം. അവര്‍ക്ക് മാത്രമേ അല്ലാഹുവിന്റെ ശുപാര്‍ശ ലഭിക്കുകയുള്ളൂ. അതിന് ഇബാദത്തുകളെല്ലാം അല്ലാഹുവിന് മാത്രം സമര്‍പ്പിക്കുകയല്ലാതെ മറ്റു വഴികളില്ല. അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ശുപാര്‍ശകരെന്ന പേരില്‍ പ്രാര്‍ഥനകളും വഴിപാടുകളും അല്ലാഹുവിന്റെ ഇഷ്ടദാസന്മാര്‍ക്ക് സമര്‍പ്പിച്ചാല്‍ അത് തൗഹീദിന് കടകവിരുദ്ധമായ പ്രവര്‍ത്തിയാണ്. അവര്‍ക്ക് നാളെ ശുപാര്‍ശക്ക് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.
ശിര്‍ക്കിലും കുഫ്റിലുമായി മരണപ്പെട്ടാല്‍ -അല്ലാഹുവിന്റെ ഇഷ്ടദാസന്മാരുമായി എത്ര അടുത്ത ബന്ധമുള്ളവരാണെങ്കിലും അവര്‍ക്ക്- ശുപാര്‍ശക്ക് അര്‍ഹതയുണ്ടാകില്ല.
ഇബ്രാഹീം നബി-عَلَيْهِ الصَّلَاةُ وَالسَّلَامُ-യുടെ സംഭവം തന്നെ നോക്കൂ! ആരായിരുന്നു അദ്ദേഹം?! അല്ലാഹുവിന്റെ ഖലീല്‍ എന്ന വിശേഷണം ലഭിച്ച, ഹനീഫായ ഇബ്രാഹീം –عَلَيْهِ الصَّلَاةُ وَالسَّلَامُ-.
എന്നാല്‍ അദ്ദേഹത്തിന്റെ പിതാവോ?! മുശ്രിക്കുകളില്‍ പെട്ടവനായിരുന്നു അദ്ദേഹം. തന്റെ പിതാവിനെ ഇബ്രാഹീം –عَلَيْهِ الصَّلَاةُ وَالسَّلَامُ– സ്നേഹിച്ചിരുന്നു. അദ്ദേഹത്തിന് വേണ്ടി പാപമോചനം തേടാന്‍ വരെ അദ്ദേഹം തുനിഞ്ഞു; എന്നാല്‍ ഒരു മുശ്രിക്കിന് വേണ്ടി പാപമോചനം തേടാന്‍ പാടില്ലെന്ന അല്ലാഹുവിന്റെ കല്‍പ്പന വന്നതോടെ അദ്ദേഹം അതില്‍ നിന്ന് വിരമിച്ചു.
പരലോകത്ത് ഈ രണ്ടു പേരുടെയും അവസ്ഥ എന്തായിരിക്കുമെന്ന് നബി -ﷺ- അറിയിച്ചിരിക്കുന്നു.
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ -ﷺ- قَالَ: «يَلْقَى إِبْرَاهِيمُ أَبَاهُ آزَرَ يَوْمَ القِيَامَةِ، وَعَلَى وَجْهِ آزَرَ قَتَرَةٌ وَغَبَرَةٌ، فَيَقُولُ لَهُ إِبْرَاهِيمُ: أَلَمْ أَقُلْ لَكَ لاَ تَعْصِنِي، فَيَقُولُ أَبُوهُ: فَاليَوْمَ لاَ أَعْصِيكَ، فَيَقُولُ إِبْرَاهِيمُ: يَا رَبِّ إِنَّكَ وَعَدْتَنِي أَنْ لاَ تُخْزِيَنِي يَوْمَ يُبْعَثُونَ، فَأَيُّ خِزْيٍ أَخْزَى مِنْ أَبِي الأَبْعَدِ؟ فَيَقُولُ اللَّهُ تَعَالَى: «إِنِّي حَرَّمْتُ الجَنَّةَ عَلَى الكَافِرِينَ، ثُمَّ يُقَالُ: يَا إِبْرَاهِيمُ، مَا تَحْتَ رِجْلَيْكَ؟ فَيَنْظُرُ، فَإِذَا هُوَ بِذِيخٍ مُلْتَطِخٍ، فَيُؤْخَذُ بِقَوَائِمِهِ فَيُلْقَى فِي النَّارِ»
അബൂ ഹുറൈറ –رَضِيَ اللَّهُ عَنْهُ– നിവേദനം: നബി -ﷺ- പറഞ്ഞു: “ഖിയാമതു നാളില്‍ ഇബ്രാഹീം തന്റെ പിതാവ് ആസറിനെ കണ്ടുമുട്ടും. അയാളുടെ മുഖം കാളിമ നിറഞ്ഞതും, പൊടി പുരണ്ടതുമായിരിക്കും.
അപ്പോള്‍ ഇബ്രാഹീം അയാളോട് പറയും: “എന്നെ ധിക്കരിക്കരുതെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞതല്ലയോ?”
ഇബ്രാഹീമിന്റെ പിതാവ് പറയും: “ഇന്ന് ഞാന്‍ നിന്നെ ധിക്കരിക്കുകയില്ല.”
അപ്പോള്‍ ഇബ്രാഹീം പറയും: “റബ്ബേ! മനുഷ്യര്‍ ഉയര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന ദിവസം എന്നെ അപമാനിക്കില്ലെന്ന് നീ എനിക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ട്. (നിന്റെ കാരുണ്യത്തില്‍ നിന്ന്) അകറ്റപ്പെട്ട എന്റെ പിതാവിനെക്കാള്‍ വലിയ മറ്റെന്ത് അപമാനമാണുള്ളത്?”
അപ്പോള്‍ അല്ലാഹു -تَعَالَى- പറയും: “ഞാന്‍ കാഫിറുകള്‍ക്ക് മേല്‍ സ്വര്‍ഗം നിഷിദ്ധമാക്കിയിരിക്കുന്നു.”
ശേഷം ഇപ്രകാരം പറയപ്പെടും: “ഹേ ഇബ്രാഹീം! നിന്റെ കാലുകള്‍ക്ക് അടിയില്‍ എന്താണ്?”
അദ്ദേഹം നോക്കിയാല്‍ തന്റെ പിതാവിനെ രക്തം പുരണ്ട ഒരു കഴുതപ്പുലിയുടെ രൂപത്തില്‍ കാണും. കാലുകളില്‍ പിടിച്ച് അത് നരകത്തിലേക്ക് വലിച്ചെറിയപ്പെടും.” (ബുഖാരി: 3350)
നോക്കൂ! ഇബ്രാഹീം നബി-عَلَيْهِ الصَّلَاةُ وَالسَّلَامُ-ക്ക് തന്റെ പിതാവിനെ പോലും സഹായിക്കാന്‍ കഴിഞ്ഞില്ല. പിന്നെങ്ങനെയാണ് അദ്ദേഹത്തോടും, അദ്ദേഹത്തെ പോലുള്ളവരോടും ഈ പറഞ്ഞ ബന്ധമൊന്നുമില്ലാത്ത നിനക്ക് അവരുടെ ശഫാഅത്ത് ഉപകാരപ്പെടുക; നീ ശിര്‍ക്ക് ചെയ്തവനാണെങ്കില്‍?!
ചിലര്‍ പറഞ്ഞേക്കാം: ‘അല്ലാഹുവിന്റെ ഇഷ്ടദാസന്മാരെ ശുപാര്‍ശകരെന്ന നിലക്ക് വിളിച്ചു പ്രാര്‍ഥിക്കുന്നതും അവരോട് സഹായം തേടുന്നതും ശിര്‍ക്കാവുകയില്ല; കൂടിയാല്‍ ഒരു ഹറാമോ മറ്റോ ആവുകയുള്ളൂ.’
ഇല്ല സുഹൃത്തേ -അല്ലാഹു എന്നെയും നിന്നെയും നേര്‍വഴിയിലാക്കട്ടെ-; ഒരിക്കലുമല്ല.
മക്കയിലെ മുശ്രിക്കുകളും ഇതേ അബദ്ധധാരണയില്‍ തന്നെയായിരുന്നു അകപ്പെട്ടത്. അല്ലാഹുവിന്റെ അടുക്കല്‍ തങ്ങള്‍ക്ക് വേണ്ടി ലാതയും ഉസ്സയും മനാതയുമെല്ലാം ശുപാര്‍ശ ചെയ്യുമെന്ന വിശ്വാസത്തിലായിരുന്നു അവരും നബിമാരെയും മഹാന്മാരെയും വിളിച്ചു തേടിയത്. എന്നാല്‍ മുശ്രിക്കുകള്‍ എന്ന വിശേഷണം അര്‍ഹമാകുന്നതില്‍ നിന്ന് അവരെ ഈ വിശ്വാസവും രക്ഷപ്പെടുത്തിയില്ല.
അല്ലാഹു -تَعَالَى- പറഞ്ഞു:
وَيَعْبُدُونَ مِن دُونِ اللَّـهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّـهِ ۚ قُلْ أَتُنَبِّئُونَ اللَّـهَ بِمَا لَا يَعْلَمُ فِي السَّمَاوَاتِ وَلَا فِي الْأَرْضِ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ ﴿١٨﴾
“അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറഞ്ഞു കൊണ്ട് അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. (നബിയേ,) പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ലകാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് (-ശിര്‍ക്കില്‍ നിന്ന്-) എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു.” (യൂനുസ്: 18)
അല്ലാഹുവിന് പുറമെയുള്ളവരെ ശുപാര്‍ശകരെന്ന വിശ്വാസത്തില്‍ വിളിച്ച് പ്രാര്‍ഥിക്കുകയും, ആരാധിക്കുകയും ചെയ്തവരെ കുറിച്ച് പരാമര്‍ശിച്ച ആയത്ത് അല്ലാഹു അവസാനിപ്പിച്ചത് അവരുടെ ശിര്‍ക്കില്‍ നിന്ന് അല്ലാഹു പരിശുദ്ധനാണെന്ന് വ്യക്തമാക്കി കൊണ്ടാണ്. ശുപാര്‍ശകരെന്ന പേരില്‍ മഹാന്മാരെ വിളിച്ചു പ്രാര്‍ഥിക്കല്‍ ശിര്‍ക്കാണെന്നതിന് ഇക്കാര്യം വ്യക്തമായ തെളിവാണ്.
സൂറ. സുമറില്‍ അല്ലാഹു -تَعَالَى- പറഞ്ഞു:
وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّـهِ زُلْفَىٰ إِنَّ اللَّـهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ ۗ إِنَّ اللَّـهَ لَا يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ ﴿٣﴾
“അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്.” (സുമര്‍: 3)
നോക്കൂ! എന്തു മാത്രം സാമ്യതയാണ് മക്കയിലുണ്ടായിരുന്ന മുശ്രിക്കുകളുടെയും, ഇസ്‌ലാമിന്റെ വക്താക്കളാണ് തങ്ങളെന്ന് അവകാശപ്പെടുന്ന ചിലരുടെയും സംസാരങ്ങളിലുള്ളത്?!
അല്ലാഹു എല്ലാ വഴികേടുകളില്‍ നിന്നും എന്നെയും നിന്നെയും കാത്തുരക്ഷിക്കട്ടെ!
തങ്ങളുടെ ശുപാര്‍ശകരാണ് നബിമാരും ഔലിയാക്കളുമെന്ന ന്യായം പറഞ്ഞ്, അവരെ വിളിച്ചു പ്രാര്‍ഥിക്കുകയും അവരോട് ആവശ്യങ്ങള്‍ തേടുകയും ചെയ്യുന്നവര്‍ ഗൗരവത്തില്‍ ചിന്തിക്കേണ്ട ചില ആയത്തുകളും ഹദീഥുകളുമാണ് മേലെ നല്‍കിയത്.
ചുരുക്കത്തില്‍, ശുപാര്‍ശകരുടെ കയ്യിലല്ല ശുപാര്‍ശയുടെ നിയന്ത്രണമുള്ളത്; മറിച്ച് അല്ലാഹുവാണ് ആരു ശുപാര്‍ശ പറയണമെന്നും, ആര്‍ക്കു വേണ്ടി ശുപാര്‍ശ പറയണമെന്നും, എപ്പോള്‍ ശുപാര്‍ശ പറയണമെന്നുമെല്ലാം തീരുമാനിക്കുന്നത്. ശുപാര്‍ശയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന തീരുമാനങ്ങള്‍; അവയെല്ലാം അല്ലാഹുവിന്റെ കയ്യിലാണ്.
1- ആരാണ് ശുപാര്‍ശ പറയേണ്ടത്.
2- ആര്‍ക്ക് വേണ്ടിയാണ് ശുപാര്‍ശ പറയേണ്ടത്.
3- എപ്പോഴാണ് ശുപാര്‍ശ പറയേണ്ടത്.
ഇതോടു കൂടി ബുദ്ധിയുള്ള ഏതൊരു വ്യക്തിയും അല്ലാഹുവല്ലാത്തവരുമായുള്ള ബന്ധങ്ങളില്‍ നിന്ന് തന്റെ മനസ്സിനെ പരിപൂര്‍ണമായും മുക്തമാക്കും. അവന്‍ തന്റെ റബ്ബിങ്കല്‍ ഭരമേല്‍പ്പിക്കുകയും അവന് നിഷ്കളങ്കമായി ആരാധനകള്‍ സമര്‍പ്പിക്കുന്നവനുമായി തീരും.
അല്ലാഹു എന്നെയും നിന്നെയും സത്യം പിന്‍പറ്റുന്നതിന് സഹായിക്കട്ടെ.
وَكَانَ الفَرَاغُ مِنْ كِتَابَةِ هَذِهِ الرِّسَالَةِ المُشْتَمِلَةِ عَلَى بَيَانِ الشِّرْكِ وَخُطُورَتِهِ
وَتَفْسِيرِ آيَةٍ عَظِيمَةٍ مِنْ سُورَةِ سَبَأ صَبَاحَ الأَرْبِعَاءِ
المُوَافِقُ لِلثَّانِي وَعِشْرِينَ مِنْ شَهْرِ رَبِيعٍ الثَّانِي مِنْ عَامِ 1437 هـ.
وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.
كَتَبَهُ: أَبُو تُرَاب عَبْدُ المُحْسِن بْنُ سَيِّد عَلِيّ عَيْدِيد
-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-
وعليكم السلام ورحمة الله وبركاته
ഇസ്ലാമില്‍ രണ്ടു നിലക്കുള്ള യുദ്ധമുണ്ട്.
ഒന്ന്‍: ജിഹാദുദ്ദിഫാഅ (പ്രതിരോധം). ഇങ്ങോട്ട് ആക്രമിക്കാന്‍ വരുന്നവരെ തടുക്കുകയും പ്രതിരോധിക്കുകയും ചെയ്യുക എന്നത്. ഒരു മുസ്ലിം രാജ്യം പുറത്ത് നിന്ന്‍ ആക്രമിക്കപ്പെട്ടാല്‍ ഇത് നിര്‍ബന്ധമാകും.
രണ്ട്: ജിഹാദുത്വലബ്. ഇത് ശക്തിയും കഴിവുമുള്ള സന്ദര്‍ഭത്തില്‍, ഇസ്ലാമിക ഭരണാധികാരിക്ക് കീഴില്‍ നടക്കേണ്ടതാണ്. കുഫ്റിന്‍റെ നാടുകളിലേക്ക് അങ്ങോട്ട് ചെന്നു യുദ്ധം ചെയ്യുകയും, ഇസ്ലാമിക നിയമങ്ങള്‍ അവിടങ്ങളില്‍ നടപ്പിലാക്കുകയും ചെയ്യല്‍. റോമാ-പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളോട് മുസ്ലിംകള്‍ നടത്തിയ യുദ്ധങ്ങള്‍ ഇതില്‍ പെട്ടതാണ്.
ചുരുക്കത്തില്‍ രണ്ടും ഇസ്ലാമില്‍ ഉണ്ട്. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന്‍ ചൊല്ലുന്നത് വരെ ജനങ്ങളോട് യുദ്ധത്തിലേര്‍പ്പെടാന്‍ ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു’ എന്ന റസൂലുല്ലയുടെ ഹദീസും ഈ സന്ദര്‍ഭത്തില്‍ സ്മരണീയം തന്നെ.
വല്ലാഹു അഅലം.
സ്ലാമിലുള്ളവരാണ് തങ്ങളുമെന്ന് മേനി പറയുന്നവര്‍ ഇക്കാര്യം ഗൗരവത്തില്‍ ചിന്തിക്കേണ്ടതുണ്ട്. മക്കയിലെ മുശ്രിക്കുകളില്‍ ഇബ്രാഹീം നബിയെയും ഇസ്മാഈല്‍ നബിയെയും ആരാധിച്ചിരുന്നവരെ ഒഴിവാക്കി, വിഗ്രഹങ്ങളെയും മരത്തെയും ആരാധിക്കുന്നവരെ മാത്രമല്ല നബി -ﷺ- കാഫിറുകള്‍ എന്ന് വിളിച്ചത്; അവരോട് മാത്രമല്ല അവിടുന്ന് യുദ്ധം ചെയ്തത്. മറിച്ച്, രണ്ട് വിഭാഗത്തെയും -വിഗ്രഹത്തെ ആരാധിച്ചവരെയും നബിമാരെ ആരാധിച്ചവരെയും- ഒരു പോലെയാണ് അവിടുന്ന് പരിഗണിച്ചത്.
അസ്സലാമുഅലൈക്കും
ഈ ലേഖനത്തിലെ ഒരു ഭാഗം ആണ് മുകളിൽ പേസ്റ്റ് ചെയ്തത് .ഇത് വായിച്ചാൽ തോന്നുക നബി സ കാഫിറുകളോട് അങ്ങോട്ട് പോയി യുദ്ധം ചെയ്‌തെന്നാണ് .അങ്ങനെ ആയിരുന്നോ ?
Pls reply
thanks
shameem
Shameemp50@yahoo.com