ഒരു മുസ്‌ലിമിന്റെ തുടക്കം ശഹാദത് കലിമയിലാണ്. അവന്റെ ജീവിതം അത് പ്രാവര്‍ത്തികമാക്കുന്നതിലും. ദുനിയാവില്‍ നിന്നു വിടപറഞ്ഞു പോകുമ്പോഴുള്ള അവസാന ശ്വാസത്തില്‍ അതുച്ചരിച്ചു കൊണ്ടാണ് അവന്റെ മടക്കവും.

ചുരുക്കത്തില്‍ ജീവിതം മുഴുവന്‍ ശഹാദതില്‍ തന്നെ. അതിന് വേണ്ടിയും, അതിന്റെ ഉന്നതിക്കായും. അതു കൊണ്ടാണ് അവന്‍ അഭിമാനം കൊള്ളുന്നത്. അതിന്റെ ഉയര്‍ച്ചയിലാണ് അവന്റെ സന്തോഷം. അതിനുണ്ടാകുന്ന ഏതു പ്രയാസവും അവന്റെ ഹൃദയം തകര്‍ക്കുന്നു.

എന്നാല്‍ എന്താണ് ശഹാദ?

എന്താണ് ശഹാദതിന്റെ ഉദ്ദേശം?

‘അശ്ഹദു’ -ഞാന്‍ സാക്ഷ്യം വഹിക്കുന്നു-; എന്നു പ്രഖ്യാപിക്കുന്നത് കൊണ്ട് അവന്‍ അര്‍ത്ഥമാക്കുന്നത് എന്താണ്?

ഖേദകരം തന്നെ! പലര്‍ക്കും എന്താണ് ശഹാദ എന്നറിയില്ല.

ശഹാദത് എന്താണെന്ന് മനസ്സിലാക്കാതെ അവനെങ്ങനെയാണ് ശഹാദത് കലിമയുടെ വക്താവാകുക?

എങ്ങനെയാണ് അവന്‍ അതിലേക്ക് പ്രബോധനം ചെയ്യുക?

എങ്ങനെയാണ് നാവിന്‍ തുമ്പത്ത്‌ അതുച്ചരിച്ചു കൊണ്ട് മരിക്കാന്‍ കഴിയുമെന്ന് അവന് പ്രതീക്ഷ വെക്കാന്‍ കഴിയുക?

അറബി ഭാഷയില്‍ ‘ശഹിദ’ (شَهِدَ) എന്ന വാക്കിനോടാണ് ഈ പദം ബന്ധപ്പെട്ടു കിടക്കുന്നത്. ഈ പദങ്ങള്‍ -ഭാഷയില്‍- മൂന്ന് അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അവ:

1- ഒരു കാര്യത്തിനു സാക്ഷിയാകല്‍.

2- ഒരു കാര്യം അറിയല്‍.

3- ഒരു കാര്യം മറ്റുള്ളവരെ അറിയിക്കല്‍.

ഈ മൂന്ന് കാര്യങ്ങളും ‘അശ്ഹദു’ എന്ന വാക്ക് ഉള്‍ക്കൊള്ളുന്നു. ‘ഞാന്‍ സാക്ഷ്യം വഹിക്കുന്നു’ എന്നു പറയുമ്പോള്‍ നീ അര്‍ത്ഥമാക്കുന്നത്:

(1) ഞാന്‍ എന്റെ മനസ്സു കൊണ്ട് സാക്ഷ്യം വഹിക്കുകയും;

(2) അറിഞ്ഞു മനസ്സിലാക്കുകയും ചെയ്ത കാര്യം;

(3) എന്റെ നാവ് കൊണ്ട് ഞാന്‍ പ്രഖ്യാപിക്കുകയും അറിയിക്കുകയും ചെയ്യുന്നു എന്നാണ്.

മേല്‍ പറഞ്ഞ മൂന്ന് കാര്യങ്ങളില്ലാതെ നിന്റെ ശഹാദത് ശഹാദതാവുകയില്ല. ഈ മൂന്ന് കാര്യങ്ങള്‍ ചുരുക്കി വിശദീകരിക്കാം.

ഒന്ന്: മനസ്സ് കൊണ്ട് ഈ സത്യം ബോധ്യപ്പെടണം.

‘അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല’ എന്നു സാക്ഷ്യം വഹിക്കുമ്പോള്‍ അത് നിന്റെ ഹൃദയം കൊണ്ട് കണ്ടറിഞ്ഞതു പോലെ ഉറപ്പും ദൃഡതയും നിനക്ക് അക്കാര്യത്തില്‍ ഉണ്ടായിരിക്കണം.

സംശയങ്ങള്‍ നിന്റെ മനസ്സിനെ ചഞ്ചലമാക്കരുത്. ആശയക്കുഴപ്പങ്ങളുടെ വേലിയേറ്റങ്ങള്‍ നിന്റെ മനസ്സില്‍ ഇറങ്ങിയും കയറിയുമിരിക്കരുത്. കാറ്റത്ത് ചാഞ്ഞും ചരിഞ്ഞുമാടുന്ന പുല്‍ക്കൊടി പോലെ ഹൃദയം വിറക്കരുത്.

മറിച്ച്, അതില്‍ ഉറപ്പും ശക്തിയുമുണ്ടായിരിക്കണം. നീ കണ്ണു കൊണ്ട് അറിഞ്ഞ ഒരു കാര്യം എപ്രകാരം നീ ഉറച്ചു വിശ്വസിക്കുമോ; അതു പോലെ. ആരെല്ലാം തള്ളിപ്പറഞ്ഞാലും, നിഷേധിച്ചാലും എതിര്‍പ്പുയര്‍ത്തിയാലും ശക്തമായി നീ അതിന് വേണ്ടി നിലകൊണ്ടിരിക്കണം. വേരുകള്‍ ആഴത്തിലൂന്നിയ വടവൃക്ഷം പോലെ അത് നിന്റെ മനസ്സിന്റെ ആഴങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കണം.

അല്ലാഹു -تَعَالَى- പറഞ്ഞതു പോലെ:

  أَلَمْ تَرَ كَيْفَ ضَرَبَ اللَّـهُ مَثَلًا كَلِمَةً طَيِّبَةً كَشَجَرَةٍ طَيِّبَةٍ أَصْلُهَا ثَابِتٌ وَفَرْعُهَا فِي السَّمَاءِ ﴿٢٤﴾

“അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? (അത്‌) ഒരു നല്ല മരം പോലെയാകുന്നു. അതിന്റെ മുരട് ഉറച്ചുനില്‍ക്കുന്നതും അതിന്റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്നതുമാകുന്നു.” (ഇബ്രാഹീം: 26)

സംശയത്തോടെയും ആടിയുലഞ്ഞുമാണ് അവന്റെ ശഹാദതെങ്കില്‍ -ഹാ കഷ്ടം!- അവന്‍ ഒരിക്കലും ശഹാദത് പറഞ്ഞിട്ടേയില്ല. അവന്റെത്‌ മനസ്സില്‍ തട്ടാത്ത പൊള്ളയായ ചില വാക്കുകള്‍ മാത്രം. നരകത്തിന്റെ അടിത്തട്ടുകളില്‍ ചുട്ടെരിക്കപ്പെടാന്‍ പോകുന്ന മുനാഫിഖുകളോടത്രെ അവന് സാദൃശ്യമുള്ളത്. അവരും ശഹാദ പറഞ്ഞവര്‍ തന്നെയായിരുന്നു. പക്ഷേ അല്ലാഹു അവരുടെ സാക്ഷ്യത്തെ കളവാക്കി. അവര്‍ കള്ളന്മാരെന്ന് അല്ലാഹു സാക്ഷ്യം വഹിച്ചു!

إِذَا جَاءَكَ الْمُنَافِقُونَ قَالُوا نَشْهَدُ إِنَّكَ لَرَسُولُ اللَّـهِ ۗ وَاللَّـهُ يَعْلَمُ إِنَّكَ لَرَسُولُهُ وَاللَّـهُ يَشْهَدُ إِنَّ الْمُنَافِقِينَ لَكَاذِبُونَ ﴿١﴾

“മുനാഫിഖുകള്‍ നിന്റെ അടുത്ത് വന്നാല്‍ അവര്‍ പറയും: തീര്‍ച്ചയായും താങ്കള്‍ അല്ലാഹുവിന്റെ റസൂലാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിന്നറിയാം തീര്‍ച്ചയായും നീ അവന്റെ റസൂലാണെന്ന്‌. തീര്‍ച്ചയായും മുനാഫിഖുകള്‍ (കപടന്‍മാര്‍) കള്ളം പറയുന്നവരാണ് എന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.” (മുനാഫിഖൂന്‍: 1)

പ്രതിസന്ധികളില്‍ അവര്‍ ഉറച്ചു നില്‍ക്കില്ല. പോരാട്ടങ്ങളില്‍ നിന്ന് അവര്‍ പിന്തിരിഞ്ഞോടും. വേദനകള്‍ അവര്‍ക്ക് പഥ്യമേയല്ല. അല്ലാഹു -تَعَالَى- പറഞ്ഞതു പോലെ:

إِنَّمَا يَسْتَأْذِنُكَ الَّذِينَ لَا يُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ وَارْتَابَتْ قُلُوبُهُمْ فَهُمْ فِي رَيْبِهِمْ يَتَرَدَّدُونَ ﴿٤٥﴾

“അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, മനസ്സുകളില്‍ സംശയം കുടികൊള്ളുകയും ചെയ്യുന്നവര്‍ മാത്രമാണ് നിന്നോട് അനുവാദം ചോദിക്കുന്നത്‌. കാരണം അവര്‍ അവരുടെ സംശയത്തില്‍ ആടിക്കളിച്ച് കൊണ്ടിരിക്കുകയാണ്‌.” (തൌബ: 45)

എന്നാല്‍ ശരിയായ ശഹാദതിന്റെ വക്താക്കള്‍; അവര്‍ ഉറച്ചു നില്‍ക്കും. അല്ലാഹു -تَعَالَى- പറഞ്ഞതു പോലെ:

 إِنَّمَا الْمُؤْمِنُونَ الَّذِينَ آمَنُوا بِاللَّـهِ وَرَسُولِهِ ثُمَّ لَمْ يَرْتَابُوا وَجَاهَدُوا بِأَمْوَالِهِمْ وَأَنفُسِهِمْ فِي سَبِيلِ اللَّـهِ ۚ أُولَـٰئِكَ هُمُ الصَّادِقُونَ ﴿١٥﴾

“അല്ലാഹുവിലും അവന്റെ റസൂളിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുകയും ചെയ്തവരാരോ അവര്‍ മാത്രമാകുന്നു മുഅ്മിനീങ്ങള്‍. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍.” (ഹുജുറാത്: 15)

ചുരുക്കത്തില്‍; ശഹാദതിന്റെ തുടക്കം ഈ ദൃഡവിശ്വാസത്തില്‍ നിന്നാണ്. നമ്മില്‍ ചിലരുടെയെങ്കിലും മനസ്സുകളില്‍ നിന്ന് ഈ ദൃഡത നഷ്ടപ്പെട്ടിരിക്കുന്നു. അവരുടെ ശക്തിയും ഉറപ്പും ക്ഷയിച്ചിരിക്കുന്നു. അതിന് കാരണം ഇനി നാം പറയാന്‍ പോകുന്ന -ശഹാദതിന്റെ രണ്ടാം ഭാഗത്തില്‍- അവര്‍ വരുത്തിയ കുറവ് തന്നെയാണ്.

രണ്ട്: സാക്ഷ്യം വഹിക്കുന്നതിനെ കുറിച്ച് അറിവുണ്ടായിരിക്കണം.

നിനക്ക് അറിവില്ലാത്ത കാര്യം നീ എങ്ങനെയാണ് സാക്ഷ്യം വഹിക്കുക? അറിവില്ലാത്ത കാര്യത്തിന് സാക്ഷ്യം പറയല്‍ വളരെ ഗുരുതരം തന്നെ. അല്ലാഹു -تَعَالَى- പറഞ്ഞു:

وَالَّذِينَ لَا يَشْهَدُونَ الزُّورَ وَإِذَا مَرُّوا بِاللَّغْوِ مَرُّوا كِرَامًا ﴿٧٢﴾

“വ്യാജത്തിന് സാക്ഷി നില്‍ക്കാത്തവരും, അനാവശ്യവൃത്തികള്‍ നടക്കുന്നേടത്തു കൂടി പോകുകയാണെങ്കില്‍ മാന്യന്മാരായി കടന്നുപോകുന്നവരുമാകുന്നു അവര്‍ (റഹ്മാനായ അല്ലാഹുവിന്റെ ദാസന്മാര്‍).” (ഫുര്‍ഖാന്‍: 72)

നീ എന്തിനെ കുറിച്ചാണ് സാക്ഷ്യം പറയുന്നത് എന്ന് നീ മനസ്സിലാക്കിയിരിക്കണം. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നാണു നീ സാക്ഷ്യം വഹിക്കുന്നതെങ്കില്‍; എന്താണ് അതിന്റെ ഉദ്ദേശം എന്ന് നീ അറിഞ്ഞിരിക്കണം. അതു കൊണ്ട് തന്നെയാണല്ലോ അല്ലാഹു -تَعَالَى- ഈ വാചകത്തെ കുറിച്ച് പഠിക്കണമെന്നു പറഞ്ഞത്? അവന്‍ പറഞ്ഞു:

فَاعْلَمْ أَنَّهُ لَا إِلَـٰهَ إِلَّا اللَّـهُ

“നീ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പഠിക്കുക.” (മുഹമ്മദ്‌: 19)

നബി -ﷺ- പറഞ്ഞു:

مَنْ مَاتَ وَهُوَ يَعْلَمُ أَنَّهُ لَا إِلَهَ إِلَّا اللَّهُ دَخَلَ الجَنَّةَ

“ആരെങ്കിലും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ അറിഞ്ഞു കൊണ്ട് മരണപ്പെട്ടാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു.” (മുസ്‌ലിം: 26)

എന്നാല്‍ ഇന്നത്തെ മുസ്‌ലിംകള്‍! -സുബ്ഹാനല്ലാഹ്!-; എന്താണവരുടെ സ്ഥിതി വിശേഷം?

അവരിലൊരാളെ വിളിച്ച് എന്താണ് നിന്റെ സാക്ഷ്യ വചനത്തിന്റെ അര്‍ഥം എന്നു ചോദിച്ചു നോക്കൂ. അവന്‍ തന്റെ തല ചൊറിയുകയും, വാക്കുകള്‍ക്കായി തപ്പിത്തടയുകയും, ലജ്ജ നിറഞ്ഞ ഒരു ചിരിയോടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയും ചെയ്യുന്നത് കാണാം.

അപ്പോള്‍, എങ്ങനെയാണ് നാം സാക്ഷ്യം വഹിച്ചവരാവുക?

എങ്ങനെയാണ് നാം ശഹാദതിന്റെ വക്താക്കളാവുക?

എങ്ങനെയാണ് നമുക്ക് ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ മുന്നേറാനാവുക?

സഹോദരാ! നീ ചിന്തിക്കുന്നുണ്ടോ?

മേല്‍ പറഞ്ഞ രണ്ടു പദവികളും പിന്നിട്ടാല്‍ മൂന്നാമതൊരു ഭാഗം ബാക്കി നില്‍ക്കുന്നു; അതാണ്‌;

മൂന്ന്: സാക്ഷ്യ വചനം മറ്റുള്ളവരെ അറിയിക്കുകയും, ഉറക്കെ പ്രഖ്യാപിക്കുകയും വേണം.

അതെ! നീ മുസ്‌ലിമാണ്. മറ്റുള്ളവര്‍ അതറിയട്ടെ.

ചില ബിദ്അതുകാര്‍ -അല്ലാഹു അവരെയും അവരുടെ ബിദ്അതുകളെയും നശിപ്പിക്കട്ടെ- പറഞ്ഞതു പോലെ; ഹൃദയത്തില്‍ വിശ്വാസമുണ്ടായാല്‍ മതി; നാവു കൊണ്ടത് പ്രഖ്യാപിക്കേണ്ടതില്ല എന്നത് പിഴച്ച വാദവും, ശഹാദതിന്റെ അര്‍ത്ഥത്തില്‍ തിരിമറി നടത്തലുമാണ്.

അല്ലാഹുവില്‍ അഭയം!

അതിനാല്‍, നിന്റെ നാവുകളില്‍ ശഹാദത് നിറഞ്ഞു നില്‍ക്കട്ടെ. എത്രയോ വേളകളില്‍ നാം അത് ആവര്‍ത്തിച്ച് ഉച്ചരിക്കാന്‍ കല്‍പ്പിക്കപ്പെട്ടവരാണല്ലോ?

ബാങ്കൊലികളില്‍ നാം അത് കേള്‍ക്കുന്നു; കൂടെ ചൊല്ലുന്നു. വുദുവിന് ശേഷവും നിസ്കാരങ്ങളിലും നിസ്കാര ശേഷവും മറ്റനേകം ഇബാദതുകളിലും ഈ ശഹാദത് നിറഞ്ഞു നില്‍ക്കുന്നു. ജനനത്തിലും മരണത്തിലും അത് നമ്മോടൊപ്പം നിലകൊള്ളുന്നു.

مَنْ كَانَ آخِرُ كَلَامِهِ لَا إِلَهَ إِلَّا اللَّهُ دَخََلَ الجَنَّةَ

“ആരുടെയെങ്കിലും അവസാന വാക്ക് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ ആയിത്തീര്‍ന്നാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു.” (അബൂദാവൂദ്: 3118)

അല്ല! മരണ ശേഷം പോലും നമുക്ക് ഉറപ്പ് നല്‍കുന്നത് ഈ വാക്കുകള്‍ തന്നെ. അല്ലാഹു -تَعَالَى- പറഞ്ഞു:

يُثَبِّتُ اللَّـهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ ۖ

“ദുനിയാവിലും, ആഖിറതിലും സുസ്ഥിരമായ വാക്കുകൊണ്ട് മുഅ്മിനീങ്ങളെ അല്ലാഹു ഉറപ്പിച്ച് നിര്‍ത്തുന്നതാണ്‌.” (ഇബ്രാഹീം: 27)

സ്ഥൈര്യമുള്ള വാക്കെന്നാല്‍ ‘ശഹാദതു കലിമ’യാണെന്നാണ് നബി -ﷺ- വിശദീകരിച്ചത്. (ബുഖാരി: 1369, മുസ്‌ലിം: 1369)

കേവലം നാവു കൊണ്ടു മാത്രമാണോ ശഹാദതിന്റെ പ്രഖ്യാപനം. അല്ല! പ്രവര്‍ത്തനങ്ങളിലും വിശ്വാസത്തിലും അതുണ്ടായിരിക്കണം. അല്ലാഹു -تَعَالَى- പറഞ്ഞില്ലേ?

وَمَنْ أَحْسَنُ قَوْلًا مِّمَّن دَعَا إِلَى اللَّـهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ ﴿٣٣﴾

“അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്‌ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്‌?” (ഫുസ്സ്വിലത്‌: 33)

വിശ്വാസത്തിലും പ്രവര്‍ത്തനങ്ങളിലും സ്വഭാവത്തിലും  വാക്കുകളിലും പെരുമാറ്റത്തിലും ഇടപാടുകളിലും വേഷത്തിലും സംസ്കാരത്തിലും; ജീവിതത്തിന്റെ നിഖില മേഖലകളിലും ശഹാദത് നിറഞ്ഞു നില്‍ക്കട്ടെ.

ഒരു സംശയവും മറുപടിയും:

ചില പിഴച്ച സ്വൂഫികള്‍ -അല്ലാഹു അവരില്‍ നിന്ന് മുസ്‌ലിം ഉമ്മതിനെ ശുദ്ധീകരിക്കട്ടെ!- പറയുന്നു:

” നീ എങ്ങനെ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ സാക്ഷ്യം വഹിക്കും? നീ അല്ലാഹുവിനെ കണ്ടിട്ടുണ്ടോ? കാണാത്ത കാര്യത്തിന് നീ എങ്ങനെ സാക്ഷ്യം വഹിക്കും? എന്നാല്‍ ഞങ്ങള്‍ -ത്വരീഖതുകാര്‍- അല്ലാഹുവിനെ കണ്ടിട്ടുണ്ട്; നിനക്കും കാണണമോ? വരൂ! ഞങ്ങളുടെ ശൈഖിന്റെ മുരീദായാല്‍ നിനക്കും അല്ലാഹുവിനെ കാണാം.”

ഈ പിഴച്ച കാഫിറുകള്‍ക്ക് മറുപടിയായി കുറിക്കട്ടെ:

ഒന്ന്: നിങ്ങള്‍ക്ക് അകലം! നിങ്ങളും ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. കാരണം ഈ ദുനിയാവില്‍ അല്ലാഹുവിനെ കാണാന്‍ കഴിയില്ലെന്ന് ഞങ്ങളുടെ റസൂല്‍ -ﷺ- അറിയിച്ചിട്ടുണ്ട്. നിങ്ങള്‍ക്കാകട്ടെ; റസൂലില്ല; നബിയില്ല. മറിച്ച് പിശാചിന്റെ വസ്വാസുകള്‍ മാത്രം!

അവസാന കാലഘട്ടത്തില്‍ പ്രത്യക്ഷപ്പെടാനിരിക്കുന്ന ദജ്ജാലിനെ കുറിച്ച് താക്കീത് ചെയ്യവെ നബി -ﷺ- പറഞ്ഞു:

فَإِنْ أُلْبِسَ عَلَيْكُمْ فَاعْلَمُوا أَنَّ رَبَّكُمْ لَيْسَ بِأَعْوَرٍ وَأَنَّكُمْ لَنْ تَرَوْا رَبَّكُمْ حَتَّى تَمُوتُوا

“നിങ്ങള്‍ക്ക് (ദജ്ജാലിനെ കുറിച്ച്) അവ്യക്തതയുണ്ടായാല്‍ അറിയുക! നിങ്ങളുടെ റബ്ബ് ഒറ്റക്കണ്ണനല്ല. നിങ്ങള്‍ മരിക്കുന്നത് വരെ നിങ്ങളുടെ റബ്ബിനെ നിങ്ങള്‍ കാണുകയുമില്ല.” (ജാമിഉസ്സ്വഗീര്‍: 4224)

രണ്ട്: നിന്റെ ശൈഖിനെക്കാളും, നിന്റെ ശൈഖിന്റെ ശൈഖിനെക്കാളും ശ്രേഷ്ഠത പതിന്മടങ്ങുള്ള നബിമാരില്‍ പെട്ട ഒരാള്‍ ഈ ദുനിയാവില്‍ അല്ലാഹുവിനെ കാണുവാന്‍ ആഗ്രഹിക്കുകയും, അതിന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഖുര്‍ആന്‍ അദ്ദേഹത്തിന്റെ ചരിത്രം ഇപ്രകാരമാണ് വിവരിച്ചത്:

وَلَمَّا جَاءَ مُوسَىٰ لِمِيقَاتِنَا وَكَلَّمَهُ رَبُّهُ قَالَ رَبِّ أَرِنِي أَنظُرْ إِلَيْكَ ۚ قَالَ لَن تَرَانِي وَلَـٰكِنِ انظُرْ إِلَى الْجَبَلِ فَإِنِ اسْتَقَرَّ مَكَانَهُ فَسَوْفَ تَرَانِي ۚ فَلَمَّا تَجَلَّىٰ رَبُّهُ لِلْجَبَلِ جَعَلَهُ دَكًّا وَخَرَّ مُوسَىٰ صَعِقًا ۚ فَلَمَّا أَفَاقَ قَالَ سُبْحَانَكَ تُبْتُ إِلَيْكَ وَأَنَا أَوَّلُ الْمُؤْمِنِينَ ﴿١٤٣﴾

“നമ്മുടെ നിശ്ചിത സമയത്തിന് മൂസാ വരികയും, അദ്ദേഹത്തിന്റെ റബ്ബ് അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തപ്പോള്‍ മൂസാ പറഞ്ഞു: എന്റെ റബ്ബേ, (നിന്നെ) എനിക്കൊന്നു കാണിച്ചുതരൂ. ഞാന്‍ നിന്നെയൊന്ന് നോക്കിക്കാണട്ടെ.

അവന്‍ (അല്ലാഹു) പറഞ്ഞു: നീ എന്നെ കാണുകയില്ല തന്നെ. എന്നാല്‍ നീ ആ മലയിലേക്ക് നോക്കൂ. അത് അതിന്റെ സ്ഥാനത്ത് ഉറച്ചുനിന്നാല്‍ വഴിയെ നിനക്കെന്നെ കാണാം.

അങ്ങനെ അദ്ദേഹത്തിന്റെ റബ്ബ് പര്‍വ്വതത്തിന് വെളിപ്പെട്ടപ്പോള്‍ അതിനെ അവന്‍ പൊടിയാക്കി. മൂസാ ബോധരഹിതനായി വീഴുകയും ചെയ്തു.

എന്നിട്ട് അദ്ദേഹത്തിന് ബോധം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നീയെത്ര പരിശുദ്ധന്‍! ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. ഞാന്‍ വിശ്വാസികളില്‍ ഒന്നാമനാകുന്നു.” (അഅറാഫ്: 143)

മൂന്ന്: നീ ചില പ്രകാശങ്ങളും ഭംഗിയുള്ള ചില മുഖങ്ങളും കണ്ടിരിക്കാം. നിന്റെ കടുത്ത അജ്ഞതയാല്‍ അത് അല്ലാഹുവാണെന്നും നീ ധരിച്ചിരിക്കാം. ഞാന്‍ നിന്നോട് പറയട്ടെ.

അത് അല്ലാഹുവല്ല! അവന്റെയും നിന്റെയും കടുത്ത ശത്രുവായ ഇബ്ലീസാണ്. നിസ്കരിക്കുകയോ നോമ്പ് നോല്‍ക്കുകയോ ഖുര്‍ആനിലെ പ്രാഥമിക കല്‍പ്പനകള്‍ പോലും പ്രാവര്‍ത്തികമാക്കുകയോ ചെയ്യാത്ത നിന്റെ ശൈഖിന്റെ നശിച്ച ബുദ്ധി കൊണ്ടല്ലാതെ സ്വന്തം ബുദ്ധി കൊണ്ട് നീ ചിന്തിക്കുക! പകല്‍വെളിച്ചം പോലെ ഞാന്‍ പറയുന്ന കാര്യം നിനക്ക് വ്യക്തമാകും.

അല്ലാഹു -تَعَالَى- പറഞ്ഞു:

هَلْ أُنَبِّئُكُمْ عَلَىٰ مَن تَنَزَّلُ الشَّيَاطِينُ ﴿٢٢١﴾ تَنَزَّلُ عَلَىٰ كُلِّ أَفَّاكٍ أَثِيمٍ ﴿٢٢٢﴾ يُلْقُونَ السَّمْعَ وَأَكْثَرُهُمْ كَاذِبُونَ ﴿٢٢٣﴾

“നബിയേ, പറയുക:) ആരുടെ മേലാണ് പിശാചുക്കള്‍ ഇറങ്ങുന്നതെന്ന് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ? പെരും നുണയന്‍മാരും പാപികളുമായ എല്ലാവരുടെ മേലും അവര്‍ (പിശാചുക്കള്‍) ഇറങ്ങുന്നു. അവര്‍ ചെവികൊടുത്ത് കേള്‍ക്കുന്നു. അവരില്‍ അധികപേരും കള്ളം പറയുന്നവരാകുന്നു.” (ശുഅറാഅ: 221-223)

അല്ലാഹു -تَعَالَى- പറഞ്ഞു:

وَمَن يَعْشُ عَن ذِكْرِ الرَّحْمَـٰنِ نُقَيِّضْ لَهُ شَيْطَانًا فَهُوَ لَهُ قَرِينٌ ﴿٣٦﴾ وَإِنَّهُمْ لَيَصُدُّونَهُمْ عَنِ السَّبِيلِ وَيَحْسَبُونَ أَنَّهُم مُّهْتَدُونَ ﴿٣٧﴾

“റഹ്മാനായ (അല്ലാഹുവിന്റെ) ഉല്‍ബോധനത്തിന്റെ നേര്‍ക്ക് വല്ലവനും അന്ധത നടിക്കുന്ന പക്ഷം അവന്നു നാം ഒരു പിശാചിനെ ഏര്‍പെടുത്തികൊടുക്കും. എന്നിട്ട് അവന്‍ (പിശാച്‌) അവന്ന് കൂട്ടാളിയായിരിക്കും. തീര്‍ച്ചയായും അവര്‍ (പിശാചുക്കള്‍) അവരെ നേര്‍മാര്‍ഗത്തില്‍ നിന്ന് തടയും. തങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചവരാണെന്ന് അവര്‍ വിചാരിക്കുകയും ചെയ്യും. ” (സുഖ്റുഫ്: 36-38)

അല്ലാഹു എന്നെയും നിന്നെയും ഹിദായതില്‍ ഒരുമിപ്പിക്കട്ടെ.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى رَسُولِنَا وَنَبِيِّنَا مُحَمَّدِ بْنِ عَبْدِ اللَّهِ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ

وَآخِرُ دَعْوَانَا أَنِ الحَمْدُ لِلَّهِ رَبِّ العَالَمِينَ.

كَتَبَهُ : أَبُو تُرَاب عَبْد المُحْسِن بْن سَيِّد عَلِيّ عَيْدِيدُ

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

ലേഖനത്തിന്റെ പ്രധാന അവലംബം:

ശഹാദതു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ് – സ്വാലിഹ് അസ്സിന്തി -ഹഫിദഹുല്ലാഹ്-.

Download PDF

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

Leave a Comment