സ്വഹാബികളുടെ കാലം മുതൽ പിഴച്ച കക്ഷികൾ ഉടലെടുത്തപ്പോഴെല്ലാം സത്യത്തിന്റെ മാർഗത്തിൽ ഉറച്ചു നിന്നവരാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅഃ. ഇക്കാരണം കൊണ്ട് തന്നെ പൊതു മുസ്ലിംകളുടെ മനസ്സുകളിൽ ഈ പേരിന് വലിയ സ്വാധീനവും സ്വീകാര്യതയുമുണ്ട്. ശരിയായ ഇസ്ലാം എന്നാൽ അഹ്ലുസ്സുന്നത്തിന്റെ മാർഗമാണെന്ന പ്രാഥമിക വിവരം ഏതാണ്ട് മുസ്ലിംകളുടെയെല്ലാം മനസ്സിൽ രൂഢമൂലമായിട്ടുണ്ട്. കാരണം ഖുർആനിനെയും സുന്നത്തിനെയും യഥാരൂപത്തിൽ പിൻപറ്റുന്നവർ അഹ്ലുസ്സുന്നത്താണ് എന്നത് ചരിത്രത്തിൽ സ്ഥിരപ്പെട്ട യാഥാർത്ഥ്യമാണ്.
ഇക്കാരണം കൊണ്ട് തന്നെ പിഴച്ച കക്ഷികളിൽ ബഹുഭൂരിപക്ഷവും തങ്ങൾ അഹ്ലുസ്സുന്നത്താണ് എന്ന അവകാശവാദത്തിന് തുനിയുന്നതായി കാണാം. നബി -ﷺ- ക്കോ സ്വഹാബത്തിനോ യാതൊരു നിലക്കും പരിചിതമല്ലാത്ത അനേകായിരം വിശ്വാസങ്ങളും ആചാരങ്ങളും കൊണ്ടു നടക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർ തന്നെ തങ്ങളും അഹ്ലുസ്സുന്നത്താണെന്നും, മറ്റുള്ളവരെല്ലാം അതിന് പുറത്താണെന്നും ശക്തിയുക്തം വാദിക്കുന്നത് കാണാം.
പലപ്പോഴും സ്വഹാബികൾ എതിർത്തു തോൽപ്പിച്ച, താബിഈങ്ങൾ പിഴച്ചവരാണെന്ന് വിധി പ്രഖ്യാപിച്ച മുഅ്തസലികളുടെയും ജഹ്മികളുടെയും മുർജിഅതിന്റെയും ഖവാരിജുകളുടെയും വിശ്വാസങ്ങളാണ് പേറുകയും ജനങ്ങൾക്കിടയിൽ വിതറുകയും ചെയ്യുന്നതെങ്കിലും തങ്ങളാണ് അഹ്ലുസ്സുന്ന എന്ന് ഇത്തരക്കാർ എപ്പോഴും അവകാശപ്പെട്ടു കൊണ്ടിരിക്കുന്നത് കാണാം. ‘മുഹമ്മദ് നബി -ﷺ- അല്ലാഹുവിന്റെ റസൂലാണെന്ന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു’ എന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്ന കപടവിശ്വാസികളോടാണ് -മുനാഫിഖുകളോടാണ്- ഇക്കൂട്ടർക്ക് സാദൃശ്യമുള്ളത്.
അല്ലാഹു പറയുന്നു:
إِذَا جَاءَكَ الْمُنَافِقُونَ قَالُوا نَشْهَدُ إِنَّكَ لَرَسُولُ اللَّـهِ ۗ وَاللَّـهُ يَعْلَمُ إِنَّكَ لَرَسُولُهُ وَاللَّـهُ يَشْهَدُ إِنَّ الْمُنَافِقِينَ لَكَاذِبُونَ ﴿١﴾
“മുനാഫിഖുകൾ (കപടവിശ്വാസികൾ) നിന്റെ അടുത്ത് വന്നാല് അവര് പറയും: തീര്ച്ചയായും താങ്കള് അല്ലാഹുവിന്റെ റസൂലാണെന്ന് ഞങ്ങള് സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിന്നറിയാം തീര്ച്ചയായും നീ അവന്റെ റസൂലാണെന്ന്. തീര്ച്ചയായും മുനാഫിഖുകള് (കപടന്മാര്) കള്ളം പറയുന്നവരാണ് എന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.” (മുനാഫിഖൂൻ: 1)
മുനാഫിഖുകൾ ജൽപ്പിച്ചത് പോലെ തന്നെയാണ് ഇക്കാലഘട്ടത്തിൽ പലരും തങ്ങൾ അഹ്ലുസ്സുന്നത്താണെന്ന് ആവർത്തിച്ചു കൊണ്ടേയിരിക്കുന്നത്. നബി -ﷺ- ക്കോ സ്വഹാബത്തിനോ പരിചിതമല്ലാത്ത ജാറങ്ങൾ കെട്ടിപ്പൊക്കുകയും, അത് ദീനിന്റെ അടിസ്ഥാനമായി കൊണ്ടു നടക്കുകയും, അതിന് വേണ്ടി വാദിക്കുകയും തർക്കിക്കുകയും ചെയ്യുന്നവർ എങ്ങനെയാണ് അഹ്ലുസ്സുന്നത്തിൽ ഉൾപ്പെടുക?! ആദ്യകാല ഇമാമുമാർക്കോ അവരുടെ പിൻഗാമികൾക്കോ അറിയാത്ത ത്വരീഖത്തിന്റെ പിഴച്ച വഴികൾ നിർമ്മിച്ചുണ്ടാക്കുകയും, ഹലാൽ ഹറാമുകളുടെ അടിസ്ഥാനം തന്നെ തകർക്കുകയും ചെയ്ത തരീഖത്തുകൾ എങ്ങനെ സുന്നത്തോ ജമാഅതോ ആയി പരിഗണിക്കും?!
അല്ലാഹുവിനെ കുറിച്ചുള്ള വിശ്വാസത്തിൽ സലഫുകൾക്ക് പരിചിതമല്ലാത്ത ഇല്മുൽ കലാമിന്റെയും ഫൽസഫയുടെയും കെട്ടിക്കുടുക്കുകൾ കൂട്ടിച്ചേർത്തവർ എങ്ങനെ പരിശുദ്ധവും സുരക്ഷിതവുമായ അഹ്ലുസ്സുന്നത്തിന്റെ മാർഗത്തിലാണ് തങ്ങളെന്ന് അവകാശപ്പെടും?! ഹദീഥുകളിൽ സ്ഥിരപ്പെട്ട വിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയും തങ്ങളുടെ ബുദ്ധിയുടെ ആലയിലിട്ട് ശുദ്ധീകരിച്ചെന്ന് തോന്നിയാലേ സ്വീകരിക്കൂ എന്ന് പറയുന്നവർ തലമുറകളായി കൈമാറി വന്ന അഹ്ലുസ്സുന്നത്തിന്റെ ദീനിലാണ് തങ്ങളെന്ന് പറയുന്നത് എത്ര മാത്രം പരിഹാസ്യമാണ്?!
ആദ്യകാല തലമുറകൾക്ക് പരിചിതമല്ലാത്ത വഴികൾ മെനഞ്ഞെടുത്ത തങ്ങളുടെ നേതാക്കന്മാരുടെ ഗ്രന്ഥങ്ങളെ അവലംബമാക്കുകയും അതിന് ന്യായീകരണങ്ങൾ ചമക്കുകയും ചെയ്യുന്ന രാഷ്ട്രീയ ഇസ്ലാമിസ്റ്റുകാർക്ക് എങ്ങനെ അഹ്ലുസ്സുന്നത്തെന്ന പദം ചേരും?! മുസ്ലിം ഭരണാധികാരികളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യണമെന്നത് ദീനിന്റെ അടിത്തറകളിൽ ഒന്നാമതെഴുതി ചേർത്ത സലഫുകളുടെ ഗ്രന്ഥങ്ങൾ വ്യാപകമായി നിലനിൽക്കെ ആ അടിത്തറയെ തല്ലിത്തകർക്കുന്ന, സ്വഹാബികളെ കാഫിറെന്ന് മുദ്രകുത്തുന്ന ഖവാരിജുകളുടെ പിൻതലമുറയിൽ പെട്ട ആധുനിക തീവ്രവാദികൾക്ക് എങ്ങനെ ജമാഅതിന്റെ വക്താക്കളാകാൻ കഴിയും?!
സാന്ദർഭികമായി ഓർമ്മപ്പെടുത്തട്ടെ; ജനങ്ങൾ അല്ലാഹുവിന്റെ ദീൻ പഠിക്കുകയും, സ്വഹാബത്തിന്റെയും മുൻഗാമികളുടെയും ചരിത്രം മനസ്സിലാക്കുകയും ചെയ്തിരുന്നെങ്കിൽ സുന്നത്തിലേക്കും ജമാഅത്തിലേക്കും സലഫുകളിലേക്കും തങ്ങളെ സ്വയം ചേർത്തി പറയാനും, തങ്ങൾ അവരുടെ മാർഗത്തിലാണ് എന്ന് അവകാശപ്പെടാനും പിഴച്ച കക്ഷികളിൽ ഒരാൾക്കും സാധിക്കില്ലായിരുന്നു. അങ്ങനെ അവർ പറഞ്ഞാൽ തന്നെയും അത് ജനങ്ങൾ ഉടനടി തള്ളിക്കളയുമായിരുന്നു.
ഉദാഹരണത്തിന് ആരെങ്കിലും ഇക്കാലഘട്ടത്തിൽ വ്യഭിചരിക്കാനും മോഷ്ടിക്കാനും മദ്യപിക്കാനും കൽപ്പിക്കുകയും, ഞാൻ ഖുർആനിന്റെ മാർഗത്തിലാണ് എന്ന് പറയുകയും ചെയ്താൽ ജനങ്ങളൊന്നടങ്കം അത് തള്ളിക്കളയും. കാരണം ഖുർആൻ അതിന് എതിരാണ് പറയുന്നത് എന്ന് എല്ലാവർക്കും അറിയാം. എന്നാൽ പിഴച്ച വാദങ്ങൾ ദീനിൽ കടത്തിക്കൂട്ടുകയും തങ്ങൾ അഹ്ലുസ്സുന്നത്തിന്റെ മാർഗത്തിലാണ് എന്ന് അവകാശപ്പെടുകയും ചെയ്യാൻ ഇക്കാലഘട്ടത്തിൽ വലിയ തടസ്സങ്ങളില്ല; കാരണം ജനങ്ങൾക്ക് എന്താണ് സുന്നത്ത് എന്നോ ജമാഅത് എന്നോ അറിയില്ല. ഇക്കാരണത്താൽ തന്നെ അഹ്ലുസ്സുന്നത്തിന്റെ കടുത്ത ശത്രുക്കൾക്ക് പോലും തങ്ങൾ അഹ്ലുസ്സുന്നത്താണെന്ന് വാദിക്കുക പ്രയാസകരമല്ല!
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ -رَحِمَهُ اللَّهُ- ഇക്കാര്യം ഓർമ്മപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: “സലഫുകളിലേക്ക് (സ്വഹാബികൾ അടക്കമുള്ള മുൻഗാമികൾ) ചേർത്തി പറയുക എന്നത് ബിദ്അതുകാരുടെ അടയാളമായി തീരുക എന്നത് തീർത്തും നിരർത്ഥകമാണ്. കാരണം അത് ഒരിക്കലും സാധ്യമേയല്ല; അറിവില്ലായ്മ വ്യാപിക്കുകയും, ദീനിലുള്ള വിജ്ഞാനം കുറയുകയും ചെയ്താലല്ലാതെ (അങ്ങനെ ഉണ്ടാവുകയില്ല).” (മജ്മൂഉൽ ഫതാവാ: 4/156)
ചുരുക്കത്തിൽ സലഫിന്റെ മാർഗത്തിൽ ഉൾപ്പെടാത്തവർ തങ്ങൾ അഹ്ലുസ്സുന്നത്താണ് എന്ന് അവകാശപ്പെടുന്നുണ്ടെങ്കിൽ അത് തനിച്ച കളവ് മാത്രമാണ്.
ഇബ്നു ഹസ്മ് -رَحِمَهُ اللَّهُ- പറഞ്ഞു: “ആരെങ്കിലും നബി -ﷺ- ക്ക് പുറമെയുള്ളവരെ പിൻപറ്റുകയും, സുന്നത്തിനെയോ അൽ-ജമാഅതിനെയോ തള്ളിക്കളയുകയും ചെയ്താൽ താൻ അഹ്ലുസ്സുന്നത്തിലാണെന്ന അവന്റെ അവകാശവാദം കളവ് മാത്രമാണ്.” (അൽ-ഇഹ്കാം: 4/525)
ചുരുക്കത്തിൽ അഹ്ലുസ്സുന്ന എന്നത് ഏതെങ്കിലും പാർട്ടിയിൽ ചേരുന്നതു കൊണ്ടോ, ഏതെങ്കിലും ശൈഖിനെ കണ്ണടച്ച് പിൻപറ്റുന്നത് കൊണ്ടോ, ഏതെങ്കിലും പ്രത്യേക സംഘത്തിലേക്ക് ചേരുന്നത് കൊണ്ടോ ലഭിക്കുന്ന സ്ഥാനപ്പേരോ വിശേഷണമോ അല്ല. മറിച്ച് ഖുർആനും സുന്നത്തും സ്വഹാബത്ത് മനസ്സിലാക്കിയ രൂപത്തിൽ പിൻപറ്റുന്നവർ മാത്രമാണ് അഹ്ലുസ്സുന്ന. അതല്ലാതെയുള്ള അവകാശവാദങ്ങൾ തികഞ്ഞ വിവരക്കേടും വഴികേടും മാത്രമാണ്.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞു: “ധാരാളം പേർ മുസ്ലിംകളിലെ കക്ഷികളെ കുറിച്ച് ഊഹത്തിന്റെയും ദേഹേഛയുടെയും അടിസ്ഥാനത്തിൽ സംസാരിക്കുന്നതായി കാണാം. തന്റെ കക്ഷിയും, താൻ പിൻപറ്റുന്ന നേതാവിലേക്ക് ചേർത്തി പറയുകയും, അദ്ദേഹത്തോട് സ്നേഹബന്ധം പുലർത്തുകയും ചെയ്യുന്നവനാണ് അവന്റെ അടുക്കൽ അഹ്ലുസ്സുന്നതി വൽ ജമാഅഃ! അതിന് എതിരാവുന്നവരെ അവൻ ബിദ്അത്തുകാരായി മുദ്രകുത്തും. ഇത് വ്യക്തമായ വഴികേടാണ്. സത്യത്തിന്റെ വക്താക്കളായ അഹ്ലുസ്സുന്നതി വൽ ജമാഅഃയുടെ ധിക്കരിക്കപ്പെടാൻ പാടില്ലാത്ത നേതാവ് അല്ലാഹുവിന്റെ റസൂൽ -ﷺ- മാത്രമാണ്.” (മജ്മൂഉൽ ഫതാവാ: 3/346)
ഇമാം അഹ്മദും അഹ്ലുസ്സുന്നത്തും
അഹ്ലുസ്സുന്നത്തിന്റെ മാർഗത്തിനോട് ചേർത്തു പറയപ്പെടാറുള്ള നാമമാണ് ഇമാം അഹ്മദിന്റെ -رَحِمَهُ اللَّهُ- പേര്. അഹ്ലുസ്സുന്നത്തിന്റെ മാർഗത്തിന് നേരെ പര്യായമായി പല പണ്ഡിതന്മാരും ഇമാം അഹ്മദിന്റെ മാർഗത്തെ എണ്ണിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ വിശേഷണങ്ങളിൽ ഒന്ന് തന്നെ ഇമാമു അഹ്ലിസ്സുന്നഃ എന്നാണ്. എന്തു കൊണ്ട് അദ്ദേഹത്തിന് മുൻപുള്ള അനേകം പണ്ഡിതന്മാരും ഇമാമീങ്ങളും നിലനിൽക്കെ അഹ്ലുസ്സുന്നത്തിന്റെ മാർഗം ഇമാം അഹ്മദിലേക്ക് ചേർത്തപ്പെട്ടു എന്നതിൽ ചിലർക്ക് സംശയമുണ്ടായേക്കാം.
അഹ്ലുസ്സുന്നത്ത് നിലകൊള്ളുന്ന സത്യത്തിന്റെ മാർഗം ഇമാം അഹ്മദിന്റെ നിർമ്മിതിയോ അദ്ദേഹത്തിന്റെ കാലശേഷമുണ്ടായതോ അല്ല. മറിച്ച് ഇമാം അഹ്മദിനും മുൻപ് അഹ്ലുസ്സുന്നത്തും അതിന്റെ അടിസ്ഥാനങ്ങളും ഇവിടെയുണ്ട്. നബി -ﷺ- കാണിച്ചു തന്ന, സ്വഹാബികൾ പ്രാവർത്തികമാക്കിയ മാർഗമല്ലാതെ മറ്റൊന്നുമല്ല അത്. പക്ഷേ ഇമാം അഹ്മദിലേക്ക് ഈ മാർഗം ചേർത്തപ്പെടാനുള്ള കാരണം അദ്ദേഹം ഈ മാർഗത്തിൽ അനുഭവിച്ച പരീക്ഷണങ്ങളും, അതിലൂടെ അഹ്ലുസ്സുന്നത്തിന്റെ മാർഗത്തിന് ലഭിച്ച സ്വീകാര്യതയും വ്യതിരിക്തതയുമാണ്.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞു: “അഹ്ലുസ്സുന്നത്തിന്റെ മാർഗമെന്നാൽ ഏറെ പഴയതാണ്. അല്ലാഹു അബൂ ഹനീഫയെയും മാലികിനെയും ശാഫിഇയെയും അഹ്മദിനെയും പടക്കുന്നതിന് മുൻപേ അതിവിടെ ഉണ്ട്. നബി -ﷺ- യിൽ നിന്ന് സ്വഹാബികൾ കൈപറ്റിയ മാർഗമാണത്…
എന്നാൽ ഇമാം അഹ്മദ് ഈ മാർഗത്തിന്റെ നേതാവായി പ്രസിദ്ധനായി. അദ്ദേഹം എന്തെങ്കിലും പുതിയ ഒരു വാദം നിർമ്മിക്കുകയോ, മറ്റുള്ളവർക്കില്ലാത്ത ഏതെങ്കിലും അഭിപ്രായം കൊണ്ട് വേറിട്ടു നിൽക്കുകയോ ചെയ്തത് കാരണത്താലല്ല അത് സംഭവിച്ചത്.
മറിച്ച് അഹ്ലുസ്സുന്നത്ത് അതിനും മുൻപ് തന്നെ ഉണ്ടാവുകയും പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. ഇമാം അഹ്മദ് -رَحِمَهُ اللَّهُ- അത് പഠിക്കുകയും, അതിലേക്ക് ക്ഷണിക്കുകയും ചെയ്തു. അതിൽ നിന്ന് മാറിനിൽക്കുന്നതിന് വേണ്ടി അദ്ദേഹത്തെ കൊടിയ പരീക്ഷണങ്ങൾക്ക് വിധേയനാക്കിയപ്പോൾ അദ്ദേഹം ക്ഷമിച്ചു നിലകൊണ്ടു. അദ്ദേഹത്തിന് മുൻപുള്ള ഇമാമുമാർ ഈ പരീക്ഷണങ്ങളുടെ കാലഘട്ടത്തിന് മുൻപ് തന്നെ മരണപ്പെട്ടിരുന്നു എന്ന് മാത്രം.” (മിൻഹാജുസ്സുന്ന: 2/601-602)
ഇമാം അഹ്മദിന്റെ കാലഘട്ടത്തിൽ ഖുർആൻ അല്ലാഹുവിന്റെ സൃഷ്ടിയാണ് എന്ന പുത്തൻവാദം ഭരണാധികാരികളിൽ പെട്ട ചിലർ സ്വീകരിക്കുകയും, അത് മുസ്ലിംകളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും, ഇമാം അഹ്മദ് ഈ പിഴച്ച വാദം പറയാൻ തയ്യാറാവാതിരിക്കുകയും, അതിന്റെ പേരിൽ പരീക്ഷണങ്ങളും പീഢനങ്ങളും സഹിക്കുകയും ചെയ്തു. ഇതാണ് ഇബ്നു തൈമിയ്യ -رَحِمَهُ اللَّهُ- ഇമാം അഹ്മദ് -رَحِمَهُ اللَّهُ- നേരിട്ട പരീക്ഷണം എന്നത് കൊണ്ട് ഉദ്ദേശിച്ചത്. അദ്ദേഹത്തിന്റെ ജീവിതകാലഘട്ടത്തിൽ തന്നെ അല്ലാഹു ഇമാമവർകൾക്ക് വിജയം നൽകുകയും, അദ്ദേഹത്തിന്റെ മാർഗത്തിന്റെ സത്യസന്ധത ജനങ്ങൾക്ക് ബോധ്യപ്പെടുത്തുകയും ചെയ്തു.
ഇക്കാരണം കൊണ്ട് തന്നെ പിഴച്ച വാദങ്ങൾ ഉപേക്ഷിച്ച് അഹ്ലുസ്സുന്നത്തിന്റെ മാർഗത്തിലേക്ക് മടങ്ങുന്നവരിൽ പലരും ഇമാം അഹ്മദിന്റെ മദ്ഹബിലേക്കാണ് തങ്ങൾ മടങ്ങുന്നതെന്ന് പരസ്യമായി പ്രഖ്യാപിക്കാറുണ്ടായിരുന്നു.
അശ്അരി അഖീദയുടെ സ്ഥാപകൻ അബുൽ ഹസൻ അൽ-അശ്അരി -رَحِمَهُ اللَّهُ- അദ്ദേഹത്തിന്റെ അവസാന കാലഘട്ടത്തിൽ ഇപ്രകാരം ഇമാം അഹ്മദിന്റെ മാർഗത്തിലേക്ക് മടങ്ങിയിരിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ച വ്യക്തിയാണ്. അൽ-ഇബാന എന്ന തന്റെ ഗ്രന്ഥത്തിൽ അദ്ദേഹം എഴുതി:
“ഖുർആനും സുന്നത്തും മുറുകെ പിടിക്കുകയും, സ്വഹാബികളിൽ നിന്നും താബിഈങ്ങളിൽ നിന്നും മുഹദ്ദിഥുകളിൽ (ഹദീഥ് പണ്ഡിതന്മാർ) നിന്നും ലഭിച്ചതിനെ സ്വീകരിക്കുകയും ചെയ്യുക എന്നാണ് നാം വിശ്വസിക്കുന്നതും, അല്ലാഹുവിന്റെ ദീനായി സ്വീകരിച്ചിരിക്കുന്നതും. അതിൽ മുറുകെ പിടിക്കുന്നവരാണ് നാം. ഇമാം അഹ്മദു ബ്നു ഹമ്പൽ -رَحِمَهُ اللَّهُ- യുടെ നിലപാടാണ് നാം വിശ്വസിക്കുന്നത്. അദ്ദേഹത്തിന്റെ വിശ്വാസത്തിന് എതിര് നിൽക്കുന്നതിൽ നിന്ന് നാം അകന്നു നിൽക്കുന്നു.
കാരണം അദ്ദേഹം ശ്രേഷ്ഠനായ ഇമാമും, പരിപൂർണ്ണനായ നേതാവുമാണ്. അല്ലാഹു അദ്ദേഹത്തെ കൊണ്ട് സത്യം വെളിവാക്കുകയും, ദീനിന്റെ മാർഗം സുവ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. ബിദ്അത്തുകാരുടെ പുത്തൻവഴികളെ അദ്ദേഹത്തെ കൊണ്ട് തകർക്കുകയും, വഴികേടിലായവരുടെ കെട്ടമാർഗങ്ങളെ നശിപ്പിക്കുകയും, സംശയാലുക്കളുടെ സംശയം ഇല്ലാതെയാക്കുകയും ചെയ്തിരിക്കുന്നു.” (അൽ-ഇബാന: 20-21)
അഹ്ലുസ്സുന്നത്തും അശ്അരികളും
അഹ്ലുസ്സുന്നത്തിന്റെ മാർഗത്തിലാണ് തങ്ങളുമുള്ളത് എന്ന് വാദിക്കുന്നവരാണ് അശ്അരീ അഖീദ വിശ്വസിക്കുന്നവരാണ് തങ്ങൾ എന്ന് അവകാശപ്പെടുന്നവർ. നമ്മുടെ നാട്ടിലെ സമസ്തക്കാർ അശ്അരീ അഖീദയിലോ മാതുരീദീ അഖീദയിലോ ചേർന്നു നിൽക്കണമെന്ന് നിബന്ധന വെക്കുന്നവരാണ്. ഈ അഖീദയുടെ സ്വാധീനം നാട്ടിലെ പല കക്ഷികൾക്കും സംഘടനകൾക്കും ഏറിയും കുറഞ്ഞും ഉണ്ട് എന്നത് അവരെ നിരീക്ഷിക്കുന്നവർക്ക് ബോധ്യപ്പെടും.
കർമ്മശാസ്ത്ര മേഖലയിൽ നാലാലൊരു മദ്ഹബ് പിൻപറ്റണമെന്ന് വാശി പിടിക്കുകയും, അതിലേതെങ്കിലും ഒന്ന് സ്വീകരിക്കാത്തവൻ പിഴച്ചു പോയിരിക്കുന്നു എന്നും പറയുന്നവർ വിശ്വാസ കാര്യങ്ങളിൽ അശ്അരീ-മാതുരീദീ അഖീദകളിൽ അഭയം തേടുന്നത് എന്തു കൊണ്ടാണെന്നത് അത്ഭുതകരമാണ്?! വിശ്വാസം ശരിയായാലല്ലേ കർമ്മങ്ങൾ ശരിയാകൂ??! നാല് ഇമാമീങ്ങളുടെ കർമ്മശാസ്ത്രം എടുക്കാമെങ്കിൽ എന്തു കൊണ്ട് അവരുടെ വിശ്വാസവും സ്വീകരിച്ചു കൂടാ. അശ്അരിയ്യതിലേക്ക് ക്ഷണിക്കുന്ന സമസ്ത അടക്കമുള്ള പിഴച്ച കക്ഷികളുടെ വഴികേട് ബോധ്യപ്പെടുത്തുന്ന കാര്യങ്ങളിലൊന്നാണ് ഈ വൈരുദ്ധ്യം.
മാത്രമല്ല, നാമിത്രയും നേരം വിശദീകരിച്ച സ്വഹാബികൾ മുതൽ കൈമാറി വന്ന അഹ്ലുസ്സുന്നയുടെ അഖീദയിൽ അശ്അരീ – മാതുരീദീ അഖീദക്കാർ ഉൾപ്പെടുകയില്ല എന്നും ഈ പറഞ്ഞതിൽ നിന്ന് മനസ്സിലാകും. കാരണം ഇവർ നിർമ്മിച്ച ഈ അഖീദ സ്വഹാബികൾ അടക്കമുള്ള സലഫുകൾക്ക് പരിചയമില്ലാത്ത മാർഗമാണ്.
ഇബ്നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞു: “മാതുരീദി അശ്അരീ അഖീദ പിൻപറ്റുന്നവർ സലഫുകളുമായി എതിരിട്ടു നിൽക്കുന്ന വിഷയങ്ങൾ വ്യക്തമാക്കുന്നത് അവരുടെ ഗ്രന്ഥങ്ങളിൽ തന്നെ കാണാം. ഈമാനിന്റെ വിഷയത്തിലും ആയത്തുകളുടെയും ഹദീഥുകളുടെയും വിശദീകരണത്തിൽ അശ്അരികൾ (സ്വഹാബികളും മുൻകാലക്കാരുമായ) സലഫുകളുടെ അഭിപ്രായം ഇപ്രകാരമാണ്; നമ്മുടെ കൂട്ടരുടെ അഭിപ്രായം ഇപ്രകാരമാണ് എന്ന് പറയുന്നത് ധാരാളമായി കാണാൻ കഴിയും.
അവർ തന്നെയാണ് തങ്ങളും സലഫുകളും തമ്മിൽ വേറിട്ടു നിൽക്കുന്നത് എന്ന് വ്യക്തമാക്കുന്നത്. അവരുടെ വാക്കുകളും, അവരുടെ പുസ്തകങ്ങളിലെ വരികളും! എന്നിരിക്കെ ബുദ്ധിയുള്ളവർ പാഠമുൾക്കൊള്ളുന്നില്ലേ?! (ഈ പിഴച്ച വിശ്വാസത്തിൽ) വീണു പോയവർ അതിൽ നിന്ന് അകന്നു നിൽക്കുന്നില്ലേ?!” (മജ്മൂഉൽ ഫതാവാ (ആശയം): 4/156)
അശ്അരീ അഖീദയിൽ നിലകൊണ്ടവർ എഴുതിയ ഗ്രന്ഥങ്ങൾ -തഫ്സീറുകളും ഹദീഥിന്റെ ശർഹുകളും അഖീദയിലെ പുസ്തകങ്ങളും വായിക്കുന്നവർക്ക്- ഇക്കാര്യം പെട്ടെന്ന് ബോധ്യമാകും. എത്രയോ വിഷയങ്ങളിൽ തങ്ങളുടെ അഭിപ്രായവും സലഫുകളുടെ അഭിപ്രായവും വേറിട്ടു നിൽക്കുന്നു എന്ന് അശ്അരീ പണ്ഡിതന്മാർ വ്യക്തമാക്കിയതായി കാണാം. അഹ്ലുസ്സുന്നതി വൽ ജമാഅഃയെന്നാൽ സ്വഹാബത്തിന്റെയും മുൻഗാമികളുടെയും മാർഗം പിൻപറ്റിയവരാണ് എന്ന നമ്മുടെ മേലെയുള്ള വിശദീകരണം മനസ്സിലായ ഒരാൾക്കും ഇത്രയും വായിച്ചതിന് ശേഷം അഹ്ലുസ്സുന്നത്ത് എന്നതിൽ അശ്അരികളും മാതുരീദികളും ഉൾപ്പെടുകയില്ല എന്നതിൽ സംശയമുണ്ടാകാൻ പാടില്ല.
എന്നാൽ മുസ്ലിം സമൂഹത്തെ നെടുകെ പിളർത്തിയ ശീഇകളല്ലാത്ത എല്ലാവരെയും ഉൾക്കൊള്ളുന്ന തരത്തിൽ അഹ്ലുസ്സുന്ന വൽ ജമാഅഃ എന്ന പദം പറയപ്പെടുകയാണെങ്കിൽ അതിൽ അശ്അരികളും മാതുരീദികളും മറ്റുമെല്ലാം ഉൾപ്പെട്ടേക്കാം. അപ്പോൾ ശീഇകൾക്ക് വിരുദ്ധരായി നിലകൊള്ളുന്ന എല്ലാ മുസ്ലിംകളും അഹ്ലുസ്സുന്ന എന്ന പദത്തിൽ പ്രവേശിക്കുന്നതാണ്. എന്നാൽ അതല്ലാതെ, സ്വഹാബികൾ പിൻപറ്റിയ ശരിയായ മാർഗത്തിൽ നിലകൊള്ളുന്നവർ എന്ന അർത്ഥത്തിലാണ് അഹ്ലുസ്സുന്ന എന്ന് ഉപയോഗിക്കുന്നതെങ്കിൽ അതിൽ ഈ പറഞ്ഞവരൊന്നും ഒരിക്കലും ഉൾപ്പെടുകയില്ല. വല്ലാഹു അഅ്ലം.
അഹ്ലുസ്സുന്ന; സലഫുകളുടെ വസ്വിയ്യത്
അഹ്ലുസ്സുന്നത്തിൽ ഉൾപ്പെടാനും അതിലേക്ക് ചേർന്നു നിൽക്കാനും, അതിൽ നിന്ന് അകന്നു പോകുന്നത് സൂക്ഷിക്കാനും കൽപ്പിക്കുന്ന മുൻഗാമികളും പിൽക്കാലക്കാരുമായ അനേകം പണ്ഡിതന്മാരുടെ വാക്കുകൾ കാണാൻ സാധിക്കും. അല്ലാഹുവിന്റെ റസൂലും -ﷺ- സ്വഹാബത്തും നിലകൊണ്ട മാർഗമായ അഹ്ലുസ്സുന്നത്തിന്റെ വഴിയുടെ ഗൗരവവും പ്രാധാന്യവും അവ നമുക്ക് ബോധ്യപ്പെടുത്തി നൽകും.
عَنِ ابْنِ عَبَّاسٍ قَالَ: «النَّظَرُ إِلَى الرَّجُلِ مِنْ أَهْلِ السُّنَّةِ يَدْعُو إِلَى السُّنَّةِ وَيَنْهَى عَنِ الْبِدْعَةِ، عِبَادَةٌ»
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: “അഹ്ലുസ്സുന്നത്തിൽ പെട്ട ഒരാളെ നോക്കുന്നത് സുന്നത്തിലേക്ക് നയിക്കുകയും, ബിദ്അതിൽ നിന്ന് അകറ്റുകയും ചെയ്യും. (അതിനാൽ അവരെ നോക്കുന്നത് പ്രതിഫലാർഹമായ) ഇബാദതാണ്.” (ഉസ്വൂലിൽ ഇഅഅതിഖാദ്: 1/60)
عَنْ أَيُّوبٍ السَّخْتِيَانِيِّ قَالَ: «إِذَا كَانَ الرَّجُلُ صَاحِبَ سُنَّةٍ وَجَمَاعَةٍ فَلَا تَسْأَلْ عَنْ أَيِّ حَالٍ كَانَ فِيهِ»
അയ്യൂബ് അസ്സഖ്തിയാനി -رَحِمَهُ اللَّهُ- പറഞ്ഞു: “ഒരാൾ അഹ്ലുസ്സുന്നതി വൽ ജമാഅതിൽ പെട്ട വ്യക്തിയാണെങ്കിൽ അയാൾ ഏതൊരു അവസ്ഥയിലാണ് എന്ന് നീ ചോദിക്കേണ്ടതില്ല.” (ഉസ്വൂലിൽ ഇഅഅതിഖാദ്: 1/67)
عَنْ عَمْرِو بْنِ قَيْسٍ الْمُلَائِيِّ قَالَ: «إِذَا رَأَيْتَ الشَّابَّ أَوَّلَ مَا يَنْشَأُ مَعَ أَهْلِ السُّنَّةِ وَالْجَمَاعَةِ فَارْجُهُ، وَإِذَا رَأَيْتَهُ مَعَ أَهْلِ الْبِدَعِ، فَايْئَسْ مِنْهُ، فَإِنَّ الشَّابَّ عَلَى أَوَّلِ نُشُوئِهِ»
അംറു ബ്നു ഖയ്സ് -رَحِمَهُ اللَّهُ- പറഞ്ഞു: “അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിനോടൊപ്പമാണ് ഒരു യുവാവ് തുടക്കം മുതലേ വളർന്നു വന്നതെങ്കിൽ അവന്റെ കാര്യത്തിൽ നീ പ്രതീക്ഷ വെച്ചു കൊള്ളുക. ബിദ്അതുകാരോടൊപ്പമാണ് അവനെ നീ കണ്ടതെങ്കിൽ അവന്റെ കാര്യത്തിൽ നീ നിരാശയടഞ്ഞോളൂ. തീർച്ചയായും യുവാക്കൾ അവരുടെ ആരംഭത്തിൽ വളർന്നു വന്നതിലായിരിക്കും.” (ഇബാനഃ/ഇബ്നു ബത്വ: 1/205)
عَنْ سُفْيَانَ الثَّوْرِيِّ قَالَ: «إِذَا بَلَغَكَ عَنْ رَجُلٍ بِالْمَشْرِقِ صَاحِبِ سُنَّةٍ وَآخَرَ بِالْمَغْرِبِ، فَابْعَثْ إِلَيْهِمَا بِالسَّلَامِ وَادْعُ لَهُمَا، مَا أَقَلَّ أَهْلُ السُّنَّةِ وَالْجَمَاعَةِ»
സുഫ്യാൻ അഥൗരി -رَحِمَهُ اللَّهُ- പറഞ്ഞു: “കിഴക്ക് ഭാഗത്തുള്ള ഒരാളെ കുറിച്ചും, പടിഞ്ഞാറു ഭാഗത്തുള്ള മറ്റൊരാളെ കുറിച്ചും അവർ അഹ്ലുസ്സുന്നത്തിൽ പെട്ടവരാണെന്ന വിവരം നിനക്ക് ലഭിച്ചാൽ അവരെ സലാം അറിയിക്കുകയും, അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുക. അഹ്ലുസ്സുന്ന വൽ ജമാഅഃ എത്ര കുറഞ്ഞ ആളുകൾ മാത്രമാണ്!” (ഉസ്വൂലിൽ ഇഅഅതിഖാദ്: 1/71)
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞ വാക്ക് കൊണ്ട് ഈ ലേഖനം അവസാനിപ്പിക്കട്ടെ: “എല്ലാ കലർപ്പുകളിൽ നിന്നും മുക്തമായ, ശരിയായ ഇസ്ലാമിനെ മുറുകെ പിടിക്കുന്നവരാണ് അഹ്ലുസ്സുന്ന വൽ ജമാഅഃ. അവരുടെ കൂട്ടത്തിൽ സ്വിദ്ദീഖുകളും ശുഹദാക്കളും സ്വാലിഹീങ്ങളുമുണ്ട്. സന്മാർഗത്തിലേക്ക് വഴികാട്ടികളായി നിലകൊള്ളുന്നവരും, ഇരുട്ടിലെ വിളക്കുമാടങ്ങളായി മാറിയവരും അക്കൂട്ടത്തിലുണ്ട്… അക്കൂട്ടത്തിൽ നമ്മെയും ഉൾപ്പെടുത്താനും, സന്മാർഗത്തിലേക്ക് നയിച്ചതിന് ശേഷം നമ്മുടെ ഹൃദയങ്ങളെ വഴിതെറ്റിക്കാതിരിക്കാനും അല്ലാഹുവിനോട് നാം യാചിക്കുന്നു.” (മജ്മൂഉൽ ഫതാവാ: 3/159)