നബി -ﷺ- യുടെ വഫാതിന് ശേഷം കുറച്ചു കാലങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഇസ്‌ലാമിന്റെ പേരിൽ പിഴച്ച കക്ഷികൾ ഉടലെടുത്തു തുടങ്ങിയിരുന്നു. അലി -رَضِيَ اللَّهُ عَنْهُ- വിനെയും ഒപ്പമുള്ള സ്വഹാബികളെയും കാഫിറാണെന്ന് വിശേഷിപ്പിച്ചു കൊണ്ട് ഇസ്‌ലാമിക സമൂഹത്തിൽ ആദ്യമായി ഭിന്നിപ്പിന്റെ വിത്ത് മുളപ്പിച്ചത് ഖവാരുജുകളാണ്. പിന്നീട് അലി -رَضِيَ اللَّهُ عَنْهُ- വിനെ നബിയുടെ സ്ഥാനത്തേക്ക് -അല്ലെങ്കിൽ അല്ലാഹുവിന്റെ തന്നെ- ഉയർത്തിക്കൊണ്ട് റാഫിദ്വികൾ ഉടലെടുത്തു. മുർജിഅതും ഖദരികളും സ്വഹാബികൾ ജീവിക്കുന്ന കാലഘട്ടത്തിൽ തന്നെ വന്നിട്ടുണ്ട്. താബിഈങ്ങളുടെ കാലഘട്ടത്തിലാണ് ജഹ്മികളും മുഅ്തസലികളും പോലുള്ള പിഴച്ച കക്ഷികൾ വന്നെത്തുന്നത്.
ഒരുമയോടും ഐക്യത്തോടും കഴിഞ്ഞിരുന്ന മുസ്‌ലിം ഉമ്മത്ത് കക്ഷികളായി ഭിന്നിക്കുകയും, ചിന്നിച്ചിതറുകയും ചെയ്യുന്നതിന്റെ തുടക്കമായിരുന്നു ഇതെല്ലാം. ഓരോ കക്ഷികളും തങ്ങളാണ് സത്യത്തിന്റെ വക്താക്കളെന്നും സ്വർഗത്തിലേക്ക് എത്താൻ ഞങ്ങളുടെ മാർഗമാണ് സ്വീകരിക്കേണ്ടതെന്ന് അവകാശപ്പെടുകയും, തങ്ങൾക്ക് പുറമെയുള്ളവരെല്ലാം പിഴച്ചവരാണെന്നും -ചിലപ്പോഴെല്ലാം കാഫിറുകളാണെന്നും വരെ- ആരോപിച്ചും ഉന്നയിച്ചും കഴിഞ്ഞു കൂടി.
എന്നാൽ നബി -ﷺ- യുടെ സ്വഹാബികളും അവരിൽ നിന്ന് ദീൻ പഠിച്ച താബിഈങ്ങളും അവരുടെ അനുയായികളുമെല്ലാം ഈ പിഴച്ച വാദങ്ങൾക്ക് മറുപടി നൽകുകയും, ഇത്തരം പിഴച്ച കക്ഷികളിൽ നിന്ന് ജനങ്ങൾക്ക് താക്കീത് നൽകുകയും ചെയ്തു കൊണ്ടിരുന്നു. ഖുർആനും സുന്നത്തും നബി -ﷺ- യുടെ സ്വഹാബത്തിന്റെ മാർഗവും മുറുകെ പിടിച്ചു കൊണ്ട് നിലകൊണ്ട ഈ കൂട്ടമാളുകളായിരുന്നു സത്യത്തിന്റെ മാർഗത്തിൽ നിലകൊണ്ടവർ എന്നതിൽ സംശയമില്ല. അല്ലാഹു ഖുർആനിൽ അവതരിപ്പിക്കുകയും, നബി -ﷺ- മുസ്‌ലിംകൾക്ക് വിട്ടേച്ചു പോവുകയും, സ്വഹാബികൾ അവിടുത്തെ മുൻപിൽ പ്രാവർത്തികമാക്കി കാണിക്കുകയും ചെയ്ത ആ മാർഗത്തിൽ ഉറച്ചു നിലകൊണ്ടവർ അഹ്ലുസ്സുന്നത്തി വൽ ജമാഅഃ എന്ന് അറിയപ്പെട്ടു.
പിഴച്ചകക്ഷികൾ തങ്ങളുടെ നേതാക്കന്മാരെയും തങ്ങളുടെ പിഴച്ച വാദങ്ങളെയും മറ്റും അടിസ്ഥാനപ്പെടുത്തി പേരുകൾ സ്വീകരിക്കുകയോ, അതിൽ അറിയപ്പെടുകയോ ചെയ്തുവെങ്കിൽ നബി -ﷺ- യെയും സ്വഹാബത്തിനെയും മുറുകെ പിടിച്ചവർ സുന്നത്തിന്റെയും ജമാഅതിന്റെയും ആളുകളായാണ് അറിയപ്പെട്ടത്. അഹ്ലുസ്സുന്ന വൽ ജമാഅഃ എന്ന മനോഹരമായ പേരാണ് അവർക്ക് നൽകപ്പെട്ടതും, ആ പേരിലാണ് അവർ അറിയപ്പെട്ടതും. അതിലേക്ക് അവർ സ്വയം ചേർന്നു നിൽക്കുകയും, ആ മാർഗത്തിന് പുറത്താകുന്നതിൽ നിന്ന് അവർ ജനങ്ങളെ താക്കീത് നൽകുകയും ചെയ്തു. ദീൻ സ്വീകരിക്കുമ്പോൾ അഹ്ലുസ്സുന്നയിൽ പെട്ടവരിൽ നിന്ന് മാത്രം സ്വീകരിക്കണമെന്ന നിഷ്കർശത അവർ പുലർത്തി.
عَنِ ابْنِ سِيرِينَ قَالَ: «لَمْ يَكُونُوا يَسْأَلُونَ عَنِ الْإِسْنَادِ، فَلَمَّا وَقَعَتِ الْفِتْنَةُ، قَالُوا: سَمُّوا لَنَا رِجَالَكُمْ، فَيُنْظَرُ إِلَى أَهْلِ السُّنَّةِ فَيُؤْخَذُ حَدِيثُهُمْ، وَيُنْظَرُ إِلَى أَهْلِ الْبِدَعِ فَلَا يُؤْخَذُ حَدِيثُهُمْ»
ഇബ്‌നു സീരീൻ -رَحِمَهُ اللَّهُ- പറഞ്ഞു: “അവർ (ഹദീഥിന്റെ) നിവേദകപരമ്പരയെ കുറിച്ച് (സനദിനെ കുറിച്ച്) ചോദിക്കാറുണ്ടായിരുന്നില്ല. എന്നാൽ ഫിത്‌ന (ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- വിന്റെ കൊലപാതകം) സംഭവിച്ചതോടെ ഹദീഥുകൾ പറയുന്നവരോട് അവർ പറയും: നിങ്ങളോട് ഹദീഥ് പറഞ്ഞു തന്ന വ്യക്തികളുടെ പേരുകൾ പറയുക. ശേഷം ഹദീഥിന്റെ നിവേദകപരമ്പരയിലുള്ളവരെ പരിശോധിക്കുകയും, അവർ അഹ്ലുസ്സുന്നത്തിൽ പെട്ടവരാണെങ്കിൽ അവരുടെ ഹദീഥുകൾ സ്വീകരിക്കുകയും, ബിദ്അതുകാരാണെങ്കിൽ അവരുടെ ഹദീഥുകൾ സ്വീകരിക്കാതിരിക്കുകയും ചെയ്യുമായിരുന്നു.” (മുഖദ്ദിമതു സ്വഹീഹ് മുസ്ലിം: 15)
ഇസ്‌ലാമിൽ പുത്തൻ വഴികൾ സൃഷ്ടിച്ചവർ ഉടലെടുക്കുകയും, അവർ ഇസ്ലാമിന്റെ മുഖം വികൃതമാക്കുകയും ചെയ്തപ്പോൾ അതിൽ നിന്ന് വേറിട്ടു നിൽക്കുന്നതിനാണ് അവർ അഹ്ലുസ്സുന്ന എന്ന പേര് സ്വീകരിക്കുന്നത്! ചുരുക്കത്തിൽ, യഥാർത്ഥ ഇസ്‌ലാമിലേക്ക് ചേർന്നു നിൽക്കുക എന്ന ഉദ്ദേശത്തിലും, പിഴച്ച കക്ഷികളിൽ നിന്ന് വേറിട്ടു നിൽക്കുന്നതിനും വേണ്ടിയായിരുന്നു അഹ്ലുസ്സുന്ന ഈ പേര് സ്വീകരിച്ചത്.
സലഫിയ്യതിനെ കുറിച്ചുള്ള ഈ പഠനത്തിൽ അഹ്ലുസ്സുന്നതി വൽ ജമാഅത് എന്താണ് എന്നതിനെ കുറിച്ചുള്ള അന്വേഷണം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. കാരണം സലഫിയ്യതും അഹ്ലുസ്സുന്നതും ഒരേ വഴിതന്നെയാണ്. രണ്ടും ഒരേ കാര്യം തന്നെയാണ് അർത്ഥമാക്കുന്നത്.
സുന്നത്തും ജമാഅതും; അർഥവും ഉദ്ദേശവും
അഹ്ലുസ്സുന്നത്തി വൽ ജമാഅ; മൂന്ന് പദങ്ങൾ ഈ പേര് ഉൾക്കൊള്ളുന്നു; അഹ്‌ൽ, സുന്നത്ത്, ജമാഅത് എന്നിവയാണവ. സലഫിയ്യത് ആണ് യഥാർത്ഥ അഹ്ലുസ്സുന്നത്തിന്റെ മാർഗമെന്നും, സലഫികൾ ആണ് യഥാർത്ഥ അഹ്ലുസ്സുന്നത്ത് എന്നും ബോധ്യപ്പെടാൻ ഈ വിശദീകരണം സഹായിക്കുന്നതാണ്.
ഒന്നാമത്തെ വാക്ക് അഹ്‌ൽ എന്നതാണ്. അടുത്ത കൂട്ടർ, ബന്ധപ്പെട്ടവർ എന്നെല്ലാം അർത്ഥം നൽകാവുന്ന വാക്കാണ് അത്.
സുന്നത്ത് എന്നതാണ് രണ്ടാമത്തെ വാക്ക്. നബി -ﷺ- യുടെ മാർഗമാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്. അവിടുത്തെ വാക്കുകളും പ്രവൃത്തികളും അംഗീകാരങ്ങളും ജീവിതവുമെല്ലാം ഈ പറഞ്ഞതിൽ ഉൾപ്പെടും. വിശ്വാസകാര്യങ്ങളിലും കർമ്മങ്ങളിലും സ്വഭാവങ്ങളിലും ഇടപാടുകളിലുമെല്ലാം നബി -ﷺ- എപ്രകാരമായിരുന്നോ; അതെല്ലാം സുന്നത്ത് എന്ന പദത്തിൽ ഉൾപ്പെടുന്നതാണ്. ഇസ്‌ലാം ദീനിനും ശരീഅതിനും പകരമായി ഉപയോഗിക്കാവുന്ന പര്യായപദമാണ് സുന്നത്ത് എന്ന് വേണമെങ്കിൽ ഈ അർത്ഥത്തിൽ പറയാവുന്നതാണ്.
قَالَ ابْنُ تَيْمِيَّةَ: «السُّنَّةُ الَّتِي يَجِبُ اتِّبَاعُهَا وَيُحْمَدُ أَهْلُهَا وَيُذَمُّ مَنْ خَالَفَهَا: هِيَ سُنَّةُ رَسُولِ اللَّهِ -ﷺ-: فِي أُمُورِ الِاعْتِقَادَاتِ وَأُمُورِ الْعِبَادَاتِ وَسَائِرِ أُمُورِ الدِّيَانَاتِ»
ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞു: “സുന്നത്ത് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നബി -ﷺ- യുടെ ചര്യയാണ്. വിശ്വാസകാര്യങ്ങളിലും ആരാധനാകർമ്മങ്ങളിലും ദീനുമായി ബന്ധപ്പെട്ട മറ്റെല്ലാ കാര്യത്തിലുമുള്ള അവിടുത്തെ മാർഗചര്യയാണ് അത്. ഈ സുന്നത്താണ് എല്ലാവരും നിർബന്ധമായി പിൻപറ്റേണ്ട സുന്നത്ത്. അഹ്ലുസ്സുന്ന എന്ന പ്രശംസനീയരായ വിഭാഗം ഈ സുന്നത്തിന്റെ ആളുകളാണ്. ഇതിന് വിരുദ്ധമായി നിൽക്കുന്നവരാണ് ആക്ഷേപാർഹരായിട്ടുള്ളത്.” (മജ്മൂഉൽ ഫതാവാ: 3/378)
മൂന്നാമത്തെ വാക്ക് ‘അൽ-ജമാഅഃ’ എന്നതാണ്. ഒരുമിച്ചു ചേരുന്നതിനാണ് ജമാഅഃ എന്ന് പറയുക. ഭിന്നിച്ചു നിൽക്കുക എന്നർത്ഥമുള്ള ഫുർഖതാണ് അതിന്റെ എതിര്. ഒരുമിച്ചു ചേർന്നു നിൽക്കുന്ന ഒരു കൂട്ടമാളുകൾക്ക് ഭാഷയിൽ ജമാഅഃ എന്ന് പറയാം. ഇത് ഭാഷയിലെ അർത്ഥമാണ്.
എന്നാൽ അഹ്ലുസ്സുന്നത്തി വൽ ജമാഅഃ എന്ന വാക്കിലെ അൽ-ജമാഅയുടെ ഉദ്ദേശം എന്താണെന്നതിൽ പണ്ഡിതന്മാർക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇബ്നു ഹജർ -رَحِمَهُ اللَّهُ- അഞ്ച് അഭിപ്രായങ്ങളായും, ഇമാം ശാത്വിബിയെ പോലുള്ള ചില പണ്ഡിതന്മാർ അഞ്ച് അഭിപ്രായങ്ങളായും അവ ചുരുക്കിയിട്ടുണ്ട്. അതല്ലാത്ത അഭിപ്രായങ്ങളുമുണ്ട്. അതിൽ പ്രധാനപ്പെട്ടവ താഴെ പറയാം.
ഒന്ന്: സ്വഹാബികളുടെ കാലഘട്ടത്തിൽ അവരിലെ ബഹുഭൂരിപക്ഷവും ഒരുമിച്ച മാർഗം.
രണ്ട്: ദീനിന്റെ കാര്യത്തിൽ പിൻപറ്റപ്പെടാൻ അർഹരായ ഉലമാക്കളും ഇമാമുമാരും. അബ്ദുല്ലാഹി ബ്നുൽ മുബാറക്, ത്വബരി, ഇമാം ബുഖാരി -رَحِمَهُ اللَّهُ- തുടങ്ങിയവർ ഈ അഭിപ്രായം പറഞ്ഞിട്ടുണ്ട്.
മൂന്ന്: സത്യത്തിന് മേൽ ഒരുമിച്ചു നിൽക്കുന്നവരും, അക്കാര്യത്തിൽ ഭിന്നിച്ചു പോകാത്തവരും.
നാല്: നബി -ﷺ- യുടെ മാർഗത്തിൽ നിലകൊള്ളുന്ന മുസ്‌ലിംകളിലെ ബഹുഭൂരിപക്ഷം.
അഞ്ച്: ഇസ്‌ലാമിക ഭരണാധികാരികളും, ഭരണവുമായി ബന്ധപ്പെട്ടവരും (അഹ്ലുൽ ഹില്ലി വൽ അഖ്ദ്). ഇബ്‌നു ബത്വാലിൽ നിന്ന് ഈ അഭിപ്രായം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
മേലെ നൽകിയ അഞ്ച് അഭിപ്രായങ്ങളിൽ ഏതെങ്കിലും ഒന്ന് മാത്രം ശരിയാണെന്ന് പറയുന്നതിനെക്കാൾ അവയെല്ലാം ശരിയാണ് എന്ന് പറയുന്നതായിരിക്കും കുറച്ചു കൂടി അനുയോജ്യമാവുക. കാരണം ഈ പറഞ്ഞ അർത്ഥങ്ങളെല്ലാം അൽ-ജമാഅഃ എന്ന പദത്തിന്റെ ഉദ്ദേശങ്ങളിൽ പെട്ടതാണ്. അവയെല്ലാം പരസ്പരപൂരകങ്ങളും ഇഴപിരിഞ്ഞു നിൽക്കുന്നവയുമാണ്. മേലെ പറഞ്ഞ ഓരോ കാര്യങ്ങളും ശ്രദ്ധയോടെ വായിച്ചാൽ അത് ബോധ്യപ്പെടുന്നതാണ്.
സ്വഹാബികളുടെ കാലഘട്ടത്തിൽ അവർ ഒരുമിച്ചു നിലകൊണ്ട മാർഗമാണ് സത്യത്തിന്റെ വഴി എന്നതിൽ യാതൊരു സംശയവുമില്ല. അവരുടെ കാലഘട്ടത്തിലോ അവർക്ക് ശേഷമോ ആ മാർഗത്തിന് ആരെങ്കിലും എതിരായാൽ -സ്വർഗത്തിൽ പ്രവേശിക്കുമെന്ന് നബി -ﷺ- വാഗ്ദാനം ചെയ്ത അൽ-ജമാഅതിൽ- അവർ ഉൾപ്പെടുകയില്ല. ഇതാണ് ഒന്നാമത്തെ അഭിപ്രായം കൊണ്ട് അർത്ഥമാക്കുന്നത്.
ഈ പറയപ്പെട്ട സ്വഹാബത്തിന്റെ മാർഗം പിന്തുടരുകയും അതിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥ പണ്ഡിതന്മാർ എന്നതിനാൽ രണ്ടാമത്തെ അഭിപ്രായം ആദ്യത്തേതിന്റെ തുടർച്ചയാണ്. കാരണം സ്വഹാബികൾ പഠിപ്പിച്ചു നൽകിയവരാണ് താബിഉകൾ; അവർ അവരുടെ കാലഘട്ടത്തിലെ പണ്ഡിതന്മാരാണ്. താബിഉകൾ അവർക്ക് ശേഷമുള്ളവർ. അങ്ങനെ തലമുറകൾ ഈ ദീൻ കൈമാറി വന്നത് പണ്ഡിതന്മാരുടെ കൈകളിലൂടെയാണ്. അതിനാൽ ഓരോ കാലഘട്ടത്തിലെയും പണ്ഡിതന്മാർ -സ്വഹാബികളിൽ നിന്ന് പരമ്പരകളായി ദീൻ സ്വീകരിച്ചവർ- അവരാണ് ഓരോ കാലഘട്ടത്തിലെയും അൽ-ജമാഅഃ.
മൂന്നാമത്തെ അഭിപ്രായം ഈ പറഞ്ഞതിന്റെ തുടർച്ചയാണ്. സ്വഹാബികൾ മുതൽ കൈമാറി വന്ന സത്യമാർഗം സ്വീകരിച്ചവരും പണ്ഡിതന്മാരുടെ പിറകിൽ അണിനിരന്നവരുമായിരിക്കും സത്യത്തിന് മേൽ ഉറച്ചു നിൽക്കുന്നവർ. അവരാകട്ടെ, -സ്വഹാബികളും അവർക്ക് ശേഷമുള്ളവരും നിലകൊണ്ടതു പോലെ- ദീനിന്റെ കാര്യത്തിൽ ഭിന്നിക്കാതെയും കക്ഷികളായി ചിന്നഭിന്നമാകാതെയും ഉറച്ചു നിൽക്കുന്നവരായിരിക്കും. കക്ഷികളായി ചിന്നിച്ചിതറുക എന്നത് ബിദ്അതിന്റെയും വഴികേടിന്റെയും വക്താക്കളുടെ അടയാളങ്ങളിൽ പെട്ടതാണ്.
നാലാമത്തെ അഭിപ്രായം; ഇത്രയും പറഞ്ഞതിന്റെ തുടർച്ച തന്നെ. നബി -ﷺ- യുടെ മാർഗം പിൻപറ്റുന്ന -വിശ്വാസത്തിലും ഇബാദത്തുകളിലും ദീനിന്റെ കാര്യങ്ങളിലുമെല്ലാം- മുസ്‌ലിംകളിലെ ബഹുഭൂരിപക്ഷം അൽ-ജമാഅതായിരിക്കും. സ്വഹാബികളുടെ കാലഘട്ടത്തിലും, ആദ്യതലമുറകളിലുമെല്ലാം മുസ്ലിംകളിലെ ബഹുഭൂരിപക്ഷവും നിലകൊണ്ടത് അല്ലാഹു അവതരിപ്പിച്ച ദീനിൽ -ശരിയായ മാർഗമായ- അഹ്ലുസ്സുന്നത്തിന്റെ വഴിയിലായിരുന്നു.
അഞ്ചാമത്തെ അഭിപ്രായം അഹ്ലുസ്സുന്നത്തിന്റെ അടയാളങ്ങളിലൊന്നാണ് അറിയിക്കുന്നത്. ഇസ്‌ലാമിക ഭരണാധികാരികൾക്ക് കീഴിൽ അണിനിരക്കുന്നവരും, അവർക്കെതിരെ വിപ്ലവാഹ്വാനങ്ങളുമായി പുറപ്പെടാത്തവരോ ആയിരിക്കും അഹ്ലുസ്സുന്ന വൽ ജമാഅഃ. കാരണം സ്വഹാബികൾ മുതലിങ്ങോട്ട് ദീനിന്റെ മാർഗത്തിലേക്ക് ക്ഷണിച്ച പണ്ഡിതന്മാരെല്ലാം ഇസ്‌ലാമിക ഭരണാധികാരികളെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുക എന്ന മാർഗത്തിൽ ഉറച്ചു നിന്നവരാണ്.
ഈ അഞ്ച് അഭിപ്രായങ്ങൾക്കും ഉപോൽബലകമായി പണ്ഡിതന്മാർ പറഞ്ഞ വാക്കുകളും വിശദീകരണങ്ങളും ധാരാളമുണ്ട്. (കൂടുതൽ പഠനത്തിന് വായിക്കുക: മഫ്ഹൂമുൽ ജമാഅഃ/നാസ്വിർ ബിൻ അബ്ദിൽ കരീം അൽ-അഖ്‌ൽ, ഇല്മുത്തൗഹീദ് ഇൻദ അഹ്ലിസ്സുന്ന വൽ ജമാഅഃ: 20-25, അഹ്ലുസ്സുന്ന വൽ ജമാഅഃ മആലിമുൽ ഇൻത്വിലാഖ അൽ-കുബ്റാ: 45-50)
ആരാണ് അഹ്‌ലുസ്സുന്ന?
അഹ്‌ലുസ്സുന്ന വൽ ജമാഅ എന്നാൽ സുന്നത്തിന്റെയും ജമാഅതിന്റെയും വക്താക്കൾ എന്നാണർത്ഥം. വിശ്വാസത്തിലും ഇബാദതിലും മറ്റെല്ലാ ദീനിന്റെ മേഖലകളിലും നബി -ﷺ- യുടെ സുന്നത്ത് പിൻപറ്റുകയും, സ്വഹാബത്തിന്റെ മാർഗത്തിൽ അണിനിരക്കുകയും, പണ്ഡിതന്മാരാൽ നേതൃത്വം നൽകപ്പെടുകയും, അവരെ പിൻപറ്റുകയും, ഇസ്‌ലാമിക ഭരണാധികാരികൾക്ക് കീഴൊതുങ്ങുകയും, ഭിന്നിക്കാതെ ഐക്യത്തോടെ മുന്നോട്ടു പോവുകയും ചെയ്യുന്നവരാണ് അവർ.
ഇബ്‌നു കഥീർ -رَحِمَهُ اللَّهُ- പറഞ്ഞു: “അഹ്‌ലുസ്സുന്നത്തി വൽ ജമാഅഃ എന്നാൽ അല്ലാഹുവിന്റെ ഖുർആനും, നബി -ﷺ- യുടെ സുന്നത്തും, സ്വഹാബികളുടെയും താബിഈങ്ങളുടെയും മുൻഗാമികളും പിൽക്കാലക്കാരുമായ മുസ്‌ലിമീങ്ങളിലെ ഇമാമുമാരുടെയും മാർഗവും മുറുകെ പിടിക്കുന്നവരാണ്.” (ഇബ്‌നു കഥീർ: 6/285)
അഹ്‌ലുസ്സുന്നത്തിന്റെ മാർഗമായി എന്തൊരു കാര്യമാണോ ഇബ്‌നു കഥീർ പറഞ്ഞിട്ടുള്ളത്; അത് തന്നെയാണ് സലഫിയ്യത്തിന്റെ അടിസ്ഥാനമായും നാം മുൻപുള്ള അദ്ധ്യായങ്ങളില്‍ വിശദീകരിച്ചത് എന്ന് ഈ സന്ദർഭത്തിൽ ഓർക്കുക. അതു കൊണ്ടാണ് സലഫിയ്യതും അഹ്‌ലുസ്സുന്നത്തും എന്നത് ഒരേ കാര്യം തന്നെയാണ് അർത്ഥമാക്കുന്നത് എന്ന് നാം തുടക്കത്തിൽ പറഞ്ഞത്.
ഓരോ സംഘവും തങ്ങളാണ് അഹ്‌ലുസ്സുന്ന വൽ ജമാഅഃ എന്ന് അവകാശപ്പെടുകയും, തങ്ങളല്ലാത്ത എല്ലാവരെയും പിഴച്ചവരും ബിദ്അതുകാരുമായി മുദ്രകുത്തുന്ന കാലഘട്ടത്തിൽ അഹ്‌ലുസ്സുന്ന വൽ ജമാഅ എന്നതിന്റെ ഉദ്ദേശം യഥാർത്ഥത്തിൽ എന്താണ് എന്ന് ബോധ്യപ്പെടാൻ ഈ വിശദീകരണങ്ങൾ നമ്മെ സഹായിക്കുന്നതാണ്. സത്യത്തിന് മേൽ ഉറച്ചു നിലകൊള്ളുമ്പോൾ ചുറ്റുമുള്ളവരെല്ലാം എതിർക്കുകയും, ‘നിന്നോടൊപ്പം ആരുണ്ട്?’ എന്ന് പരിഹസിക്കുകയും ചെയ്യുമ്പോൾ മേലെ പറഞ്ഞ അടിസ്ഥാനങ്ങളിൽ താൻ ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് അവൻ പരിശോധിക്കട്ടെ. ഈ പറഞ്ഞ ശരിയായ മാർഗത്തിൽ തന്നെയാണ് താനുള്ളതെങ്കിൽ ധൈര്യമായി അവൻ അതിൽ ഉറച്ചു നിൽക്കട്ടെ.
عَنْ ابْنِ مَسْعُودٍ قَالَ: «الجَمَاعَةُ مَا وَافَقَ الحَقَّ وَإِنْ كُنْتَ وَحْدَكَ»
ഇബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞ മനോഹരമായ വാക്ക് ഈ സന്ദർഭത്തിൽ എന്തു കൊണ്ടും സ്മരണീയമാണ്. അദ്ദേഹം പറഞ്ഞു: “അൽ-ജമാഅതെന്നാൽ സത്യത്തോട് യോജിച്ചതാണ്; അത് നീ ഒറ്റക്കാണ് എങ്കിലും.”
അൽ-ജമാഅഃ എന്നാൽ കേവലം മുസ്‌ലിംകളിൽ പെട്ട ഒരു സംഘമോ ഏതെങ്കിലും കക്ഷിയോ സംഘടനയോ ജനങ്ങളിലെ ഏറ്റവും വലിയ കൂട്ടമോ ഏതെങ്കിലുമൊരു പ്രത്യേക മദ്‌ഹബ് പിന്തുടർന്നവർ മാത്രമോ ഒന്നുമല്ല എന്ന് ഇതിൽ നിന്നെല്ലാം മനസ്സിലാക്കാവുന്നതാണ്. ഏതെങ്കിലും വ്യക്തിയുടെ പേരിൽ ഒത്തുചേർന്ന സംഘങ്ങൾക്കുള്ളിലോ, ആരെങ്കിലും പടച്ചുണ്ടാക്കിയ സംഘടനാ ചട്ടക്കൂടുകൾക്ക് ഉള്ളിലോ ഒതുങ്ങി നിൽക്കുന്നതുമല്ല അത്. ആൾക്കൂട്ടത്തിന്റെ എണ്ണക്കൂടുതലോ കുറവോ ഒന്നും അഹ്‌ലുസ്സുന്ന വൽ ജമാഅഃ എന്ന വാക്കിന്റെ ചേർച്ചക്കോ ചേർച്ചയില്ലായ്മക്കോ കാരണമാകുന്നില്ല.
അബൂ ശാമഃ -رَحِمَهُ اللَّهُ- പറഞ്ഞു: “അൽ-ജമാഅതിനെ മുറുകെ പിടിക്കണമെന്ന കൽപ്പന കൊണ്ട് ഉദ്ദേശിക്കുന്നത് സത്യത്തെ മുറുകെ പിടിക്കുകയും, അതിനെ പിൻപറ്റുകയും ചെയ്യലാണ്. സത്യം മുറുകെ പിടിക്കുന്നവർ വളരെ കുറവും, അതിനെ എതിർക്കുന്നവർ ധാരാളവുമുണ്ടെങ്കിലും (സത്യത്തെയാണ് മുറുകെ പിടിക്കേണ്ടത്). കാരണം നബി -ﷺ- യുടെയും സ്വഹാബത്തിന്റെയും കാലഘട്ടത്തിലെ ഒന്നാമത്തെ ജമാഅത് നിലകൊണ്ടതാണ് യഥാർത്ഥ സത്യം. അവർക്ക് ശേഷം അസത്യത്തെ പിൻപറ്റിയവർ വർദ്ധിച്ചിട്ടുണ്ട് എന്നത് കൊണ്ട് അവരുടെ മാർഗം ഉപേക്ഷിച്ചു കൂടാ.” (അൽ-ബാഇഥ്: 22)
സുന്നത്തും ജമാഅതും; പേരിന് പിന്നിലെ കാരണം:
സത്യത്തിന് മേൽ ഉറച്ചു നിന്നവർക്ക് ഈ പേര് നൽകപ്പെടാനും, അവർ അതിലേക്ക് ചേർത്തപ്പെടാനുമുള്ള കാരണം സുന്നത്തിനെയും ജമാഅതിനെയും പിൻപറ്റുന്നതിൽ അവർ പുലർത്തിയ കടുത്ത ശ്രദ്ധയും പരിശ്രമവും തന്നെയാണ്.
അഹ്‌ലുസ്സുന്ന സുന്നത്തിന്റെ വക്താക്കളാണ്; കാരണം നബി -ﷺ- യുടെ വാക്കുകളെ അവർ മറ്റേതൊരു സൃഷ്ടിയുടെ വാക്കിനെക്കാളും മുന്നിൽ വെക്കുന്നു. അവിടുത്തെ വാക്കുകളും പ്രവൃത്തികളും യാതൊരു നിലക്കും ചോദ്യം ചെയ്യാതെ അവർ പിൻപറ്റുകയും സ്വീകരിക്കുകയും ചെയ്യുന്നു. അവിടുത്തേക്ക് എതിരാവുക എന്നത് അവരുടെ മാർഗത്തിൽ പെട്ടതേയല്ല.
അവർ ജമാഅതിന്റെയും വക്താക്കളാണ്. കാരണം ഖുർആനും സുന്നത്തും കഴിഞ്ഞാൽ മുസ്‌ലിമീങ്ങൾ ഒത്തൊരുമിച്ച ഇജ്മാഇനെ (അവർക്കിടയിലെ ഏകഖണ്ഡമായ അഭിപ്രായം) അവർ തെളിവായി സ്വീകരിക്കുന്നു. പ്രത്യേകിച്ച് സ്വഹാബികളും താബിഈങ്ങളും മുൻഗാമികളും ഒരുമിച്ച ഏതെങ്കിലും ഒരു വിഷയത്തിൽ. അവർക്ക് പരിചിതമല്ലാത്ത എന്തെങ്കിലുമൊരു കാര്യം ദീനിൽ കൊണ്ടുവന്ന് മുസ്‌ലിംകളുടെ ഒരുമയെ തകർക്കുക എന്നതിനെ അവർ അങ്ങേയറ്റം വെറുക്കുന്നു.
അതോടൊപ്പം മുസ്‌ലിം ഉമ്മത്തിന്റെ നേതാക്കന്മാരായ പണ്ഡിതന്മാരോടൊപ്പം അവർ ചേർന്നു നിൽക്കുന്നു. അക്കാരണത്താലും അവർ ജമാഅതിന്റെ ആളുകളാണ്. പണ്ഡിതന്മാർക്കെതിരെ തങ്ങളുടെ ബുദ്ധിപരമായ ന്യായങ്ങളും ദേഹേഛകളും അടിസ്ഥാനമാക്കി എതിരുനിൽക്കുക എന്നത് അവരിൽ നിന്നുണ്ടാവുകയില്ല. ഇസ്‌ലാമിക ഭരണാധികാരികൾക്ക് ഒപ്പം നിന്നു കൊണ്ട് മുസ്‌ലിം ഉമ്മത്തിന്റെ ഐക്യത്തെ ചേർത്തു പിടിക്കുകയും, നബി -ﷺ- യുടെ കൽപ്പന നിറവേറ്റുകയും ചെയ്യുന്നവരാണ്.
അഹ്‌ലുസ്സുന്ന; ഖുർആനിലും ഹദീഥിലും
അഹ്‌ലുസ്സുന്നതി വൽ ജമാഅഃ എന്ന പദം ഖുർആനിലെ ആയത്തുകളുടെ വിശദീകരണത്തിൽ മുൻഗാമികൾ ഉപയോഗിച്ചിട്ടുണ്ട്. സൂറതുൽ ഫാതിഹയിൽ ‘സ്വിറാത്വുൽ മുസ്തഖീം’ എന്നത് കൊണ്ടുള്ള ഉദ്ദേശം അഹ്‌ലുസ്സുന്നതി വൽ ജമാഅതിന്റെ മാർഗമാണെന്ന് ചിലർ വിശദീകരിച്ചത് ഉദാഹരണം. (ഇത്ഖാൻ/സുയൂത്വി: 4/203)
അല്ലാഹു പറയുന്നു:
يَوْمَ تَبْيَضُّ وُجُوهٌ وَتَسْوَدُّ وُجُوهٌ ۚ
“ചില മുഖങ്ങള്‍ വെളുക്കുകയും, ചില മുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തില്‍ (അതായത് അന്ത്യനാളിൽ).” (ആലു ഇംറാൻ: 106)
عَنِ ابْنِ عَبَّاسٍ قَالَ: «فَأَمَّا الَّذِينَ ابْيَضَّتْ وُجُوهُهُمْ فَأَهْلُ السُّنَّةِ وَالْجَمَاعَةِ وَأُولُو الْعِلْمِ , وَأَمَّا الَّذِينَ اسْوَدَّتْ وُجُوهُهُمْ فَأَهْلُ الْبِدَعِ وَالضَّلَالَةِ»
ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: “മുഖങ്ങൾ വെളുത്തവർ അഹ്‌ലുസ്സുന്നതി വൽ ജമാഅയും പണ്ഡിതന്മാരുമാണ്. മുഖം കറുത്തവർ ബിദ്അതിന്റെയും വഴികേടിന്റെയും ആളുകളുമാണ്.” (ശർഹു ഉസ്വൂലി ഇഅഅ്തിഖാദ് അഹ്ലിസ്സുന്ന/ലാലകാഈ: 1/79)
وَإِنِّي لَغَفَّارٌ لِّمَن تَابَ وَآمَنَ وَعَمِلَ صَالِحًا ثُمَّ اهْتَدَىٰ ﴿٨٢﴾
“പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, പിന്നെ നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുകയും ചെയ്തവര്‍ക്ക് തീര്‍ച്ചയായും ഞാന്‍ ഏറെ പൊറുത്തുകൊടുക്കുന്നവനത്രെ.” (ത്വാഹാ: 82)
ഈ ആയത്തിന്റെ വിശദീകരണത്തിൽ സഈദ് ബ്നു ജുബൈർ -رَحِمَهُ اللَّهُ- പറഞ്ഞു: “സുന്നത്തിനെയും ജമാഅതിനെയും മുറുകെ പിടിക്കുക എന്നതാണ് (നേർമാർഗത്തിൽ നിലകൊണ്ടു എന്നതിന്റെ) ഉദ്ദേശം.” സമാനമായ അഭിപ്രായം ഇമാം മുജാഹിദ്, ദ്വഹാക് തുടങ്ങിയവരിൽ നിന്നും വന്നിട്ടുണ്ട്. (ശർഹു ഉസ്വൂലി ഇഅഅ്തിഖാദ് അഹ്ലിസ്സുന്ന/ലാലകാഈ: 1/78)
സുന്നത്തിനെയും ജമാഅതിനെയും പിൻപറ്റണമെന്ന നബി -ﷺ- യുടെ കൽപ്പനകളാകട്ടെ ധാരാളമുണ്ട്.
عَنِ الْعِرْبَاضِ قَالَ: عَنْ رَسُولِ اللَّهِ -ﷺ- قَالَ … «فَعَلَيْكُمْ بِسُنَّتِي»
നബി -ﷺ- പറഞ്ഞു: “നിങ്ങൾ എന്റെ സുന്നത്ത് സ്വീകരിക്കുക.” (അബൂ ദാവൂദ്: 4607, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി)
عَنِ الحَارِثِ بْنِ الحَارِثِ الأَشْجَعِيِّ عَنِ النَّبِيِّ -ﷺ- قَالَ: «وَأَنَا آمُرُكُمْ بِخَمْسٍ أَمَرَنِي اللَّهُ بِهِنَّ: الجَمَاعَةَ …»
അവിടുന്ന് പറഞ്ഞു: “-അല്ലാഹു എന്നോട് കൽപ്പിച്ച- അഞ്ച് കാര്യങ്ങൾ ഞാൻ നിങ്ങളോട് കൽപ്പിക്കുന്നു. അൽ-ജമാഅതിനെ (മുറുകെ പിടിക്കുക)…” (ഇബ്‌നു ഖുസൈമ: 1895, സ്വഹീഹുൽ ജാമിഇസ്വഗീർ: 1724)
عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا عَنِ النَّبِيِّ -ﷺ- قَالَ: «مَنْ فَارَقَ الجَمَاعَةَ شِبْرًا فَمَاتَ، إِلَّا مَاتَ مِيتَةً جَاهِلِيَّةً»
നബി -ﷺ- പറഞ്ഞു: “ആരെങ്കിലും അൽ-ജമാഅതിനോട് ഒരു ചാൺ അകലേക്ക് വിട്ടുപിരിയുകയും, അങ്ങനെ മരണപ്പെടുകയും ചെയ്താൽ അവർ ജാഹിലിയ്യ മരണമാണ് വരിച്ചിരിക്കുന്നത്.” (ബുഖാരി: 7054, മുസ്‌ലിം: 1849)
ഈ ഹദീഥുകളും സമാനാർത്ഥത്തിലുള്ള മറ്റു ഹദീഥുകളും ചേർത്തു വെച്ചാൽ അഹ്‌ലുസ്സുന്ന വൽ ജമാഅഃ എന്ന പേരിന് നബി -ﷺ- തന്നെയാണ് അടിത്തറ നൽകിയതെന്ന് നമുക്ക് ബോധ്യപ്പെടും. ഖുർആനിനും സുന്നത്തിനും ഇജ്മാഇനും യോജിച്ചു കൊണ്ട് ആര് സംസാരിച്ചാലും അവരെല്ലാം അഹ്‌ലുസ്സുന്നത്തിൽ പെട്ടവരാണ് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.