ഇഹലോകത്തോടുള്ള പ്രിയം, ഔന്നത്യം ആഗ്രഹിക്കല്‍, സഹജീവികളുമായുള്ള മത്സരവും വാശികളും; മതപരമായി ആക്ഷേപാര്‍ഹമായ ഇത്തരം ചിന്തകള്‍ മനുഷ്യമനസ്സില്‍ ഉണ്ടെന്നതില്‍ സംശയമേതുമില്ല.
മനുഷ്യനില്‍ പ്രകൃത്യാ തന്നെ (മറ്റുള്ളവരോടുള്ള) അതിക്രമവും കയ്യേറ്റവും നിലനില്‍ക്കുന്നുണ്ട്.
(( إِنَّهُ كَانَ ظَلُومًا جَهُولًا ))
“അവന്‍ അതിക്രമകാരിയും അറിവില്ലാത്തവനുമായിരിക്കുന്നു.” (അഹ്സാബ്: 72)
മനുഷ്യ മനസ്സുകളില്‍ ഒളിഞ്ഞിരിക്കുന്ന ഈ ആഗ്രഹങ്ങള്‍ ചില കാരണങ്ങളാല്‍ ശക്തി പ്രാപിക്കുകയും, ഈ ദുഷ്ചിന്തകള്‍ അവന്റെ ദേഹേഛകള്‍ കാരണത്താല്‍ ചിലപ്പോള്‍ പുറത്തേക്ക് പ്രകടമാവുകയും ചെയ്യും. തന്റെ സ്ഥാനം നിലനിര്‍ത്തുന്നതിനും, ദുനിയാവിന്റെ തുഛമായ ലാഭങ്ങള്‍ നേടിയെടുക്കുന്നതിനും വേണ്ടി സത്യത്തെ തള്ളിക്കളയുന്നതിലേക്കാണ് ഇത് അവനെ നയിക്കുക. ഇഹലോകത്തിന്റെ തുഛമായ ലാഭത്തിന് വേണ്ടി സത്യം തള്ളിക്കളയുകയും, അതിനോട് എതിരാവുകയും ചെയ്യുമ്പോഴും തങ്ങള്‍ സത്യത്തെ സഹായിക്കുകയാണെന്നായിരിക്കും അവര്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുക.
അബുല്‍ വഫാഅ് അലിയ്യു ബ്നു ഉഖൈല്‍ അല്‍-ഹമ്പലി -رَحِمَهُ اللَّهُ- പറഞ്ഞു: “മതപ്രമാണങ്ങള്‍ ആവശ്യപ്പെടുന്ന, ബുദ്ധിയും വിവേകവും വിധിക്കുന്ന നന്മകളെ മാറ്റിനിര്‍ത്തി, അധികാരത്തിനുള്ള ആഗ്രഹവും, ദുനിയാവിലേക്കുള്ള ചായ്‌വും, അത് കൊണ്ട് അഹങ്കാരവും മേനിയും പൊങ്ങച്ചവും നടിക്കലും, ദുനിയാവിന്റെ ആസ്വാദനങ്ങളില്‍ മുഴുകലും, പ്രശസ്തി നേടിയെടുക്കാനുള്ള പരിശ്രമങ്ങളുമാണ് മതത്തില്‍ നിന്ന് തിരിച്ചു കളയപ്പെടുകയും, പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നതിനുള്ള കാരണം.” (അല്‍-വാദിഹു ഫീ ഉസ്വൂലില്‍ ഫിഖ്ഹി: 1/522)
ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞു: “അസത്യമാണെങ്കിലും; തന്നെ പുകഴ്ത്തുന്നതും തനിക്ക് ബഹുമാനം ലഭിക്കുന്നതുമായ വാക്കുകളാണ് (ഒരാള്‍ പറയുന്നതെങ്കില്‍) അധികാരമോഹിയെ അത് തൃപ്തിപ്പെടുത്തും. ഇനി അവനെ ദേഷ്യപ്പെടുത്തുന്ന എന്തെങ്കിലും അയാളുടെ വാക്കുകളില്‍ ഉണ്ടെങ്കിലോ -അത് സത്യമാണെങ്കിലും- അവനെ ദേഷ്യം പിടിപ്പിക്കും.
എന്നാല്‍ മുഅ്മിനിനെ സംബന്ധിച്ചിടത്തോളം അവന് അനുകൂലമാണെങ്കിലും, പ്രതികൂലമാണെങ്കിലും സത്യം അവന് പ്രിയങ്കരമായിരിക്കും. എന്നാല്‍ അവന് അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും അസത്യം അവന് വെറുപ്പുണ്ടാക്കുക മാത്രമാണ് ചെയ്യുക. കാരണം അല്ലാഹു സത്യത്തെയും സത്യസന്ധതയെയും നീതിയെയും ഇഷ്ടപ്പെടുകയും, അസത്യത്തെയും അനീതിയെയും വെറുക്കുകയും ചെയ്യുന്നു.” (മജ്മൂഉല്‍ ഫതാവ: 10/600)
“സത്യം പകല്‍ പോലെ വ്യക്തമായ വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസം കാണാന്‍ സാധിക്കില്ല. (ഇനി അപ്രകാരം ഉണ്ടെങ്കില്‍ തന്നെ അത്) തെളിവായി പരിഗണിക്കപ്പെടുന്നവയുടെ സ്രോതസ്സുകളില്‍ മാത്രമായിരിക്കും. സത്യത്തിന് വിരുദ്ധമായത് പറയുന്നവന്‍ ഒരു നിലക്കും തെളിവിന് പരിഗണിക്കാന്‍ പറ്റാത്ത എന്തെങ്കിലും പുറത്തെടുക്കുന്നതോടെയായിരിക്കും ഇത് ആരംഭിക്കുക. യഥാര്‍ഥത്തില്‍ അവന്‍ അത് കൊണ്ട് വന്നത് പിടിച്ചു നില്‍ക്കാന്‍ വേണ്ടി മാത്രമാണ്. എന്നാല്‍ അതിന് പിന്നിലുള്ള യഥാര്‍ഥ പ്രേരണ ഐഹികമായ എന്തെങ്കിലും നേടിയെടുക്കുക എന്നത് മാത്രമായിരിക്കും.” (അല്‍-ഇല്‍മുശ്ശാമിഖ് ഫീ തഫ്ദീലില്‍ ഹഖി അലല്‍ ആബാഇ വല്‍ മഷായിഖ്: 365)
ഇബ്‌നുല്‍ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു: “അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പിച്ചിച്ചീന്തപ്പെടുകയും, അവന്‍ നിശ്ചയിച്ച അതിര്‍വരമ്പുകള്‍ പാഴാക്കപ്പെടുകയും, അവന്റെ മതം ഉപേക്ഷിക്കപ്പെടുകയും, നബി-ﷺ-യുടെ സുന്നത്തില്‍ നിന്ന് ജനങ്ങള്‍ അകന്നു നില്‍ക്കുകയും ചെയ്യുന്നതെല്ലാം കണ്ടിട്ടും തണുത്ത ഹൃദയവും നിശബ്ദമായ നാവുമായി നിലകൊള്ളുന്നവനില്‍ എന്ത് നന്മയും ഏത് മതബോധവുമാണുള്ളത്?
അസത്യത്തിലേക്ക് പ്രബോധനം ചെയ്യുന്നവന്‍ സംസാരിക്കുന്ന ശ്വൈതാനാണെങ്കില്‍, ഇവന്‍ മൗനിയായ ശ്വൈതാനാണ്!
തങ്ങളുടെ ജീവിതാവശ്യങ്ങളും, തങ്ങള്‍ക്ക് വേണ്ട അധികാരസ്ഥാനങ്ങളും സമ്മതിച്ചു കിട്ടിയാല്‍ പിന്നെ മതത്തിനെന്ത് സംഭവിക്കുന്നതും ഒരു പ്രശ്നാമായേ പരിഗണിക്കാത്ത ഇത്തരക്കാരെ കൊണ്ടല്ലാതെ മതത്തിന് ഏന്തെങ്കിലും കുഴപ്പം ബാധിച്ചിട്ടുണ്ടോ? (അസത്യത്തിനോടുള്ള തന്റെ ഈ നിലപാടില്‍) ചെറിയ വിഷമം മനസ്സില്‍ സൂക്ഷിക്കുകയും, (സംസാരിക്കാനായി) തന്റെ നാവ് വളരെ കുറച്ചെങ്കിലും പുറത്തേക്ക് നീട്ടിയവനുമാണ് ഇത്തരക്കാരില്‍ കുറച്ചെങ്കിലും ഭേദം.
എന്നാല്‍ തന്റെ സ്ഥാനത്തിനോ സമ്പാദ്യത്തിനോ കോട്ടം സംഭവിക്കുന്ന എന്തെങ്കിലും ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നെ അവന്‍ തന്റെ പരിശ്രമം മുഴുവന്‍ പുറത്തെടുക്കുകയും, ‘തിന്മയെ എതിര്‍ക്കേണ്ടതിന്റെ മൂന്ന് പദവികളും [1] തനിക്ക് സാധിക്കാവുന്ന രൂപത്തില്‍ നിറവേറ്റുകയും’ ചെയ്യു(ന്നത് നിനക്ക് കാണാം)!!
അല്ലാഹുവിന്റെ കണ്ണില്‍ അവര്‍ക്കുള്ള സ്ഥാനം നഷ്ടമാവുകയും, അവരോട് അല്ലാഹു കോപിക്കുകയും ചെയ്തിരിക്കുന്നു എന്നതിന് പുറമേ ഇഹലോകത്തുള്ള ഏറ്റവും വലിയ പരീക്ഷണം -ഹൃദയം മരിച്ചു പോവുക എന്നത്- അവര്‍ പോലും അറിയാതെ അവരെ ബാധിച്ചിരിക്കും. ഹൃദയത്തിന് എത്ര മാത്രം ജീവനുണ്ടോ അത്ര തന്നെ അല്ലാഹുവിനും റസൂലിനും വേണ്ടിയുള്ള ഈര്‍ഷ്യത ശക്തവും, അവന്റെ മതത്തെ സഹായിക്കുന്നത് പരിപൂര്‍ണവുമായിരിക്കും.” (ഇഅ്ലാമുല്‍ മുവഖിഈന്‍: 2/158)
സത്യത്തിന് എതിരാകുന്ന ജനങ്ങളെ തരംതിരിച്ചു കൊണ്ട് ശൈഖ് അബ്ദുല്ലതീഫ് ബിന്‍ അബ്ദിറഹ്മാന്‍ ആലുശ്ശൈഖ് -رَحِمَهُ اللَّهُ- പറഞ്ഞു: “രണ്ടാമത്തെ വിഭാഗം: നേതാക്കന്മാരും സമ്പന്നരും. ഇഹലോകം കൊണ്ടും, ദേഹേഛകള്‍ കൊണ്ടും അവര്‍ പരീക്ഷിക്കപ്പെട്ടിരിക്കുന്നു. തങ്ങള്‍ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന പല ദേഹേഛകളെയും സത്യം (ഇസ്‌ലാം/സലഫിയ്യത്ത്) തടഞ്ഞു നിര്‍ത്തുന്നുണ്ടെന്ന് അവര്‍ക്കറിയാം. അതിനാല്‍ സത്യത്തിലേക്ക് ക്ഷണിക്കുന്നവര്‍ക്ക് അവര്‍ ചെവി കൊടുക്കുകയോ, അവരുടെ വാക്കുകള്‍ ഉള്‍ക്കൊള്ളുകയോ ചെയ്തില്ല.
അധികാരത്തിനോ സമ്പത്തിനോ വേണ്ടി സത്യത്തെ ഒഴിവാക്കിയവന് യഹൂദന്മാരോടാണ് സാദൃശ്യമുള്ളത്. ബനൂ ഇസ്റാഈലുകാരിലെ പണ്ഡിതന്മാര്‍ക്ക് അവരില്‍ സമ്പന്നരില്‍ നിന്ന് ജീവിതാവശ്യങ്ങള്‍ക്കുള്ള സമ്പാദ്യം ലഭിച്ചിരുന്നു. അവര്‍ നിശ്ചയിച്ചു നല്‍കിയ സമ്പാദ്യം തടയപ്പെടുമോ എന്ന ഭയത്തിനാല്‍ അറിഞ്ഞ സത്യം അവര്‍ മൂടി വെച്ചു. ആ സമ്പാദ്യം എന്നും അവര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നതിന് വേണ്ടി അവര്‍ സത്യം മറച്ചു വെച്ചു.” (ഉയൂനുറസാഇല്‍: 2/650)
അല്ലാഹു പറഞ്ഞു:
(( وَلَا تَشْتَرُوا بِآيَاتِي ثَمَنًا قَلِيلًا ))
“തുഛമായ വിലക്ക് പകരം എന്റെ വചനങ്ങളെ (ആയത്തുകളെ) നിങ്ങള്‍ വിറ്റുകളയരുത്.” (ബഖറ: 41)
പ്രസ്തുത ആയത്തിന്റെ വിശദീകരണത്തില്‍ അബുല്‍ മുദഫ്ഫര്‍ അസ്സംആനി -رَحِمَهُ اللَّهُ- പറഞ്ഞു: “കാരണം അവരില്‍ (യഹൂദരില്‍) പണ്ഡിതന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും ആ സമുദായത്തിലെ വിഢികളായ സമ്പന്നരുടെ അടുക്കല്‍ ‘കൈമടക്കുകളുണ്ടായിരുന്നു’. നബി-ﷺ-യില്‍ വിശ്വസിച്ചാല്‍ അതെല്ലാം നഷ്ടപ്പെട്ടു പോകുമോ എന്നവര്‍ ഭയന്നു. (തങ്ങളുടെ വേദഗ്രന്ഥങ്ങളില്‍ നിന്ന്) നബി-ﷺ-യുടെ വിശേഷണങ്ങള്‍ അവര്‍ മാറ്റിമറിക്കുകയും, അവിടുത്തെ പേര് പരാമര്‍ശിച്ച ഭാഗങ്ങള്‍ മറച്ചു വെക്കുകയും ചെയ്തു. തുഛമായ വിലക്ക് അല്ലാഹുവിന്റെ ആയത്തുകള്‍ വില്‍ക്കുക എന്ന് പറഞ്ഞതിന്റെ ഉദ്ദേശം ഇതാണ്.” (തഫ്സീറുല്‍ ഖുര്‍ആന്‍: 1/72)
അധികാരവും, സ്ഥാനമാനങ്ങളോടുള്ള മോഹവുമായിരുന്നു അറബികളിലെ നേതാക്കന്മാരില്‍ ഒരു വലിയ കൂട്ടത്തെ നമ്മുടെ നബി-ﷺ-യില്‍ വിശ്വസിക്കുന്നതില്‍ നിന്ന് തടഞ്ഞതും, അവിടുത്തോട് ശത്രുത പുലര്‍ത്താന്‍ പ്രേരിപ്പിച്ചതും. നബി -ﷺ- പ്രബോധനം ചെയ്യുന്ന കാര്യം സത്യമാണെന്ന ബോധ്യം അവര്‍ക്കുണ്ടായിരുന്നു.
മിസ്വര്‍ ബ്നു മഖ്റമ -ﷺ- തന്റെ അമ്മാവനായ അബൂ ജഹ്ലിനോട് ഒരിക്കല്‍ ചോദിച്ചു: “മുഹമ്മദ് ഇപ്പോള്‍ പറയുന്ന ഈ വാദം പറയുന്നതിന് മുന്‍പ് നിങ്ങള്‍ അദ്ദേഹത്തെ കള്ളന്‍ എന്ന് ആരോപിച്ചിരുന്നോ?” അബൂ ജഹ്ല്‍ -അല്ലാഹു അവനെ ശപിക്കുമാറാകട്ടെ- പറഞ്ഞു: “എന്റെ സഹോദര പുത്രാ! മുഹമ്മദ് യുവാവായിരിക്കെ ഞങ്ങള്‍ക്കിടയില്‍ അമീന്‍ (വിശ്വസ്തന്‍) എന്നായിരുന്നു വിളിക്കപ്പെട്ടിരുന്നത്. ഒരിക്കല്‍ പോലും അവന്‍ കളവ് പറഞ്ഞത് ഞങ്ങളുടെ അനുഭവത്തിലില്ല. (അങ്ങനെയുള്ളയാള്‍) തലയില്‍ നര കയറിത്തുടങ്ങിയതിന് ശേഷം അല്ലാഹുവിന്റെ മേല്‍ ഒരിക്കലും കളവ് പറയുകയുമില്ല.”
മിസ്വര്‍ ചോദിച്ചു: “അപ്പോള്‍ പിന്നെ നിങ്ങളെന്തു കൊണ്ടാണ് അദ്ദേഹത്തെ പിന്‍പറ്റാത്തത്?”
അബൂ ജഹ്ല്‍ പറഞ്ഞു: “എന്റെ സഹോദര പുത്രാ! ഞങ്ങളും ബനൂ ഹിഷാമുകാരും ആദരവ് നേടിയെടുക്കാനുള്ള മത്സരത്തിലായിരുന്നു. അവര്‍ (പാവങ്ങള്‍ക്ക്) ഭക്ഷണം നല്‍കിയ പോലെ ഞങ്ങളും നല്‍കി. അവര്‍ മറ്റുള്ളവര്‍ക്ക് വെള്ളം നല്‍കിയത് പോലെ ഞങ്ങളും നല്‍കി. (സംരക്ഷണം തേടി വരുന്നവരെ) അവര്‍ സംരക്ഷിച്ചതു പോലെ ഞങ്ങളും സംരക്ഷിച്ചു. എല്ലാ മത്സരങ്ങളിലും ഞങ്ങള്‍ തുല്യരായിരുന്നു. അപ്പോള്‍ അവരതാ പറയുന്നു: “ഞങ്ങളില്‍ ഒരു നബിയുണ്ട്.” ആ സ്ഥാനം നമ്മള്‍ ഇനി എപ്പോള്‍ നേടിയെടുക്കാനാണ്?!”
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞു: “മുഹമ്മദ് നബി -ﷺ- അല്ലാഹുവിന്റെ റസൂലാണെന്ന് അബൂ ത്വാലിബിന് അറിയാമായിരുന്നു. അവിടുത്തോട് അയാള്‍ക്ക് സ്നേഹവുമുണ്ടായിരുന്നു. പക്ഷേ അതൊരിക്കലും അല്ലാഹുവിന്റെ പേരിലുള്ള സ്നേഹമായിരുന്നില്ല. മുഹമ്മദ് തന്റെ സഹോദര പുത്രനാണെന്നതിന്റെ പേരിലുള്ള കുടുംബ സ്നേഹം മാത്രമായിരുന്നു അത്.
ഇസ്‌ലാം സ്വീകരിച്ച് കഴിഞ്ഞാല്‍ അത് കൊണ്ട് ആദരവും അധികാരവും തനിക്ക് ലഭിക്കില്ലെന്ന് അയാള്‍ മനസ്സിലാക്കി. അയാളുടെ സ്നേഹത്തിന്റെ അടിസ്ഥാനം അധികാരമോഹമായിരുന്നു. അത് കൊണ്ടാണ് മരണത്തിന്റെ സന്ദര്‍ഭത്തില്‍ ശഹാദത്ത് കലിമ ചൊല്ലാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ അത് ചെയ്യാതിരുന്നത്. ആ സാക്ഷ്യവചനം അംഗീകരിച്ചാല്‍ താന്‍ സ്നേഹിക്കുന്ന തന്റെ പൂര്‍വീകരുടെ മതം ഒഴിവാക്കല്‍ നിര്‍ബന്ധമാകുമെന്ന് അയാള്‍ തിരിച്ചറിഞ്ഞു; തന്റെ സഹോദര പുത്രനോടുള്ള സ്നേഹത്തെക്കാള്‍ അയാള്‍ക്ക് വലുത് തന്റെ മതത്തോടുള്ള സ്നേഹമായിരുന്നു.” (ഫതാവ അല്‍-കുബ്റ: 6/244)
ഇമാം അശ്ശൗകാനി -رَحِمَهُ اللَّهُ- പറഞ്ഞു: “ചിലപ്പോള്‍ രാജാധികാരത്തില്‍ നിന്ന് താന്‍ നേടിയെടുത്ത സമ്പാദ്യവും അധികാരവും സംരക്ഷിതമാക്കുന്നതിന് വേണ്ടി ഒരാള്‍ സത്യം തുറന്നു പറയുന്നതില്‍ നിന്ന് മാറിനിന്നേക്കാം. മറ്റു ചിലപ്പോള്‍ ബഹുഭൂരിപക്ഷം ജനങ്ങളും നിലകൊള്ളുന്നതിന് സത്യം എതിരാണെന്നതിനാലും, അവരുടെ താല്‍പര്യങ്ങള്‍ മുതലെടുക്കുന്നതിനും, ജനങ്ങള്‍ തന്നില്‍ നിന്ന് അകന്നു പോകുമോ എന്ന ഭയം കാരണത്താലും സത്യം തുറന്നു പറയാതിരുന്നേക്കാം. രാജാധികാരികളില്‍ നിന്നോ ജനങ്ങളില്‍ നിന്നോ ഭാവിയില്‍ നേടിയെടുക്കാന്‍ അയാള്‍ ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ക്ക് വേണ്ടിയും ചിലപ്പോള്‍ അയാള്‍ ഇപ്രകാരം പ്രവര്‍ത്തിച്ചേക്കാം.” (അദബുത്തലബ് വ മുന്‍തഹല്‍ അറബ്: 41)
അസത്യത്തിന്റെ വക്താക്കളുമായുള്ള തങ്ങളുടെ അനുഭവങ്ങളും, ഇസ്‌ലാം സത്യമാണെന്നും തങ്ങള്‍ നിലകൊള്ളുന്ന മാര്‍ഗം വഴികേടിന്റെ മാര്‍ഗമാണെന്നുമുള്ള കാര്യം അവര്‍ അംഗീകരിച്ചത് സാക്ഷ്യം വഹിച്ചതുമായ സംഭവങ്ങള്‍ പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്.
ഇബ്‌നുല്‍ ഖയ്യിം -رَحِمَهُ اللَّهُ- അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു സംഭവം വിശദീകരിക്കുന്നത് നോക്കുക: “ഒരു നസ്വ്–റാനി പണ്ഡിതനുമായി ഒരിക്കല്‍ ഞാന്‍ ചര്‍ച്ച നടത്തി. സത്യം വ്യക്തമായപ്പോള്‍ അവന്റെ വായ അടഞ്ഞു. ഞങ്ങള്‍ രണ്ടു പേര്‍ മാത്രമുള്ള ഒരു സന്ദര്‍ഭത്തില്‍ ഞാന്‍ അവനോട് ചോദിച്ചു: “സത്യം സ്വീകരിക്കാന്‍ ഇനി നിനക്കെന്താണ് തടസ്സം?”
അപ്പോള്‍ അയാള്‍ എന്നോട് പറഞ്ഞു : “ഈ കഴുതകളുടെ അടുക്കല്‍ -തന്റെ അനുയായികളെ വിശേഷിപ്പിക്കാന്‍ അവന്‍ ഉപയോഗിച്ച വാക്കുകളായിരുന്നു അത്- നമ്മള്‍ ചെന്നാല്‍ എന്റെ മൃഗത്തിന്റെ കാല്‍ക്കീഴില്‍ അവര്‍ വിരിപ്പ് വിരിക്കും. അവരുടെ സമ്പാദ്യത്തിലും, സ്ത്രീകളുടെ വിഷയത്തിലും ഞാനാണ് അവര്‍ക്ക് വിധികര്‍ത്താവ്. ഞാന്‍ കല്‍പ്പിക്കുന്നതൊന്നും തന്നെ അവര്‍ ധിക്കരിക്കുകയുമില്ല.
എനിക്കാണെങ്കില്‍ ഒരു കൈത്തൊഴിലുമറിയില്ല. എനിക്ക് ഖുര്‍ആന്‍ മനഃപാഠമില്ല; അറബി വ്യാകരണമറിയില്ല; കര്‍മ്മശാസ്ത്രവും ഞാന്‍ പഠിച്ചിട്ടില്ല. ഞാന്‍ എങ്ങാനും മുസ്‌ലിമായാല്‍ അങ്ങാടികളില്‍ ജനങ്ങളുടെ മുന്‍പില്‍ കൈ നീട്ടി യാചിക്കേണ്ടി വരും. ആരെങ്കിലും ഈ അവസ്ഥ സ്വന്തത്തിന് വരുവാന്‍ ആഗ്രഹിക്കുമോ?
ഞാന്‍ പറഞ്ഞു: “അതൊരിക്കലും ഉണ്ടാവില്ല. നിന്റെ ആഗ്രഹങ്ങള്‍ക്ക് മേല്‍ അല്ലാഹുവിന്റെ തൃപ്തിക്ക് നീ മുന്‍ഗണന നല്‍കിയതിന് ശേഷം അവന്‍ നിന്നെ അപമാനിക്കുകയും, നിന്ദ്യനാക്കുകയും, ആവശ്യക്കാരനാക്കുകയും ചെയ്യുമെന്ന് നീ എങ്ങനെയാണ് ധരിക്കുക? ഇനി അപ്രകാരം നിന്നെ ബാധിച്ചെന്നു തന്നെ വെക്കുക. എങ്കില്‍ പോലും നരകശിക്ഷയില്‍ നിന്നുള്ള രക്ഷയും, അല്ലാഹുവിന്റെ കോപത്തില്‍ നിന്നുള്ള രക്ഷയും നിനക്ക് (ഇസ്‌ലാം ആശ്ലേഷിക്കുന്നത് കൊണ്ട്) ലഭിക്കുമെന്നത് തന്നെ നഷ്ടപ്പെട്ടതിനെല്ലാമുള്ള മതിയായ പ്രതിഫലമാണ്.”
അപ്പോള്‍ അവന്‍ പറഞ്ഞു: “അല്ലാഹു (ഞാന്‍ വിശ്വസിക്കണമെന്ന്) വിചാരിക്കട്ടെ; (അപ്പോള്‍ ഇസ്‌ലാം സ്വീകരിക്കാം).”
ഞാന്‍ പറഞ്ഞു: “വിധിവിശ്വാസം തന്റെ തെറ്റുകള്‍ക്ക് വേണ്ടി തെളിവ് പിടിക്കാനുള്ളതല്ല. അത് തെളിവായിരുന്നെങ്കില്‍ യഹൂദന്മാര്‍ക്ക് മസീഹ് (ഈസ-عَلَيْهِ السَّلَامُ-യെ) നിഷേധിക്കാനും, മുശ്–രിക്കുകള്‍ക്ക് നബിമാരെ തള്ളിപ്പറയാനും അത് തെളിവാകുമായിരുന്നു. മാത്രമല്ല; നിങ്ങളാകട്ടെ വിധിവിശ്വാസത്തെ (ഖദാഅ് വല്‍ ഖദര്‍) നിഷേധിക്കുന്നവരുമാണ്, പിന്നെ എങ്ങനെയാണ് നിങ്ങള്‍ അത് കൊണ്ട് തെളിവ് പിടിക്കുക.?”
അപ്പോള്‍ അയാള്‍ പറഞ്ഞു: “എന്നെ വെറുതെ വിടുക. (ദയവ് ചെയ്ത്) മിണ്ടാതിരിക്കുക.” (ഹിദായത്തുല്‍ ഹയാറ ഫീ അജ്വിബതില്‍ യഹൂദിവന്നസാറ: 121)
അടിക്കുറിപ്പുകള്‍:
[1] സാധിക്കുമെങ്കില്‍ കൈ കൊണ്ട് തിന്മയെ തടുക്കുക. കഴിയില്ലെങ്കില്‍ നാവ് കൊണ്ട്. അതിനും കഴിയില്ലെങ്കില്‍ ഹൃദയം കൊണ്ട് വെറുക്കല്‍. ഇവയാണ് തിന്മയെ എതിര്‍ക്കുന്നതിന്റെ മൂന്ന് പദവികള്‍.
كَبَتَهُ: الشَّيْخُ حَمَد بْن إِبْرَاهِيم العُثْمَان -حَفِظَهُ اللَّهُ وَرَعَاهُ-
تَرْجَمَهُ وَعَلَّقَ عَلَيْهِ: أَبُو تُرَاب عَبْد المُحْسِن بْن سَيِّد عَلِيّ عَيْدِيد
-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-