ചിലര്‍ അസത്യത്തില്‍ അന്ധമായി വിശ്വസിക്കുകയും, അത് മതമായി കൊണ്ടു നടക്കുകയും ചെയ്യും. താന്‍ വിശ്വസിക്കുന്നതിന് എതിരായി വിശ്വസിക്കുന്നവരുണ്ടെന്നും, അയാള്‍ മതമായി സ്വീകരിച്ചിരിക്കുന്നത് തന്റെ വിശ്വാസത്തിന് നേര്‍വിപരീതമായ കാര്യമാണെന്നും, തങ്ങള്‍ വിശ്വസിക്കുന്നതിന് എതിരാകുന്നവര്‍ വഴികേടിലാണെന്ന് പറയുന്ന ചിലരുണ്ടെന്നും അയാള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. എങ്കിലും ആ വിഷയത്തിലുള്ള സത്യാവസ്ഥ എന്താണെന്ന് സൂക്ഷ്മമായി പഠിക്കാനും, അതില്‍ വ്യക്തത വരുത്താനും, തന്നെ എതിര്‍ക്കുന്നതിലേക്ക് തന്റെ എതിരാളിയെ നയിച്ച കാരണമെന്താണെന്ന് പഠിക്കുവാനും അവര്‍ തയ്യാറായിക്കൊള്ളണമെന്നില്ല.

ഏതെങ്കിലുമൊരു പുസ്തകത്തില്‍ ഒരു വിഷയത്തിന്റെ ഒരറ്റം പരാമര്‍ശിച്ചിടത്ത് അതിന്റെ വിധി ഇന്നതാണെന്ന് കണ്ടതായിരിക്കും ചിലപ്പോള്‍ തന്റെ നിലപാട് സ്വീകരിക്കുന്നതിന് അയാള്‍ക്ക് കാരണമായിട്ടുണ്ടാകുക. അതുമല്ലെങ്കില്‍ ഏതെങ്കിലുമൊരു ശൈഖ് മാത്രം പറയുന്നത് കേട്ടതിന് ശേഷം ആ വിഷയത്തില്‍ വ്യക്തമായ അന്വേഷണമോ പഠനമോ ഗവേഷണമോ സൂക്ഷ്മമായ പരിശോധനയോ, അദ്ദേഹം പറഞ്ഞതിന്റെ എതിര്‍വാദം പറയുന്നവരുടെ തെളിവുകളും മറുതെളിവുകളുമായി താരതമ്യം നടത്തുകയോ ചെയ്യാത്തതും (അസത്യത്തില്‍ ഒരാള്‍ തുടര്‍ന്നു പോകാന്‍ കാരണമാകാറുണ്ട്).

ഒരു വിഷയത്തില്‍ അഭിപ്രായം പറഞ്ഞ ഓരോരുത്തരുടെയും തെളിവുകള്‍ എന്താണെന്നും, അതിന്റെ സ്രോതസ്സുകള്‍ ഏതാണെന്നും പൂര്‍ണമായി ഉള്‍ക്കൊള്ളുകയും, ശേഷം ഓരോ വിഭാഗത്തിന്റെയും തെളിവുകളെ സൂക്ഷ്മപരിശോധന നടത്തി, അവയെല്ലാം നീതിയുടെ തുലാസില്‍ അളന്ന്, ഓരോ വാദമുഖങ്ങളുടെയും പ്രശ്നങ്ങള്‍ വിശകലനം ചെയ്ത് കൊണ്ട് സത്യം കണ്ടെത്തുന്നതില്‍ തന്റെ ഭാഗത്ത് നിന്നുള്ള പരിപൂര്‍ണമായ പരിശ്രമം ഒരാള്‍ നടത്തേണ്ടതുണ്ട്.

തന്റെ മനസ്സില്‍ ഉറച്ചു പോയ ഒരു ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ വാദമുഖങ്ങളെയും സ്വീകരിക്കുന്നവരും, സൂക്ഷ്മപരിശോധനയോടെ ഓരോ വാക്കുകളെയും സമീപിക്കുന്നവരും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ശൈഖ് ഹുസൈന്‍ അന്നഅ്മി -رَحِمَهُ اللَّهُ- വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യത്തെ വിഭാഗക്കാരെ ബാധിക്കാറുള്ള ചില പ്രശ്നങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞു: “ഒരിക്കലും മാറ്റം വരാത്ത ഒരു ചിത്രം വിഷയത്തെ കുറിച്ച് അവര്‍ മുന്‍പ് തന്നെ രൂപപ്പെടുത്തി വെച്ചിട്ടുണ്ടായിരിക്കും. മാറ്റമില്ലാത്ത വിധിയും, എന്നും അനുസരിക്കപ്പെടേണ്ട അടിസ്ഥാനവുമായിരിക്കും അവര്‍ക്കത്. എന്നാല്‍ ചിലപ്പോള്‍ അതില്‍ നിന്ന് മാറി സഞ്ചരിക്കേണ്ട മറ്റു ചില തെളിവുകള്‍ വേറെ ഉണ്ടായേക്കാമെന്ന് അവന് മനസ്സിലായിട്ടില്ല.

ചിലപ്പോള്‍ ആ അടിസ്ഥാനത്തില്‍ ഊന്നിക്കൊണ്ട് ഒരു വിഷയത്തില്‍ അവന്‍ ഒരു പരിഹാരം നിര്‍ദേശിച്ചേക്കാം. എന്നാല്‍ ആ അടിസ്ഥാനത്തില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന മറ്റെന്തെങ്കിലും തെളിവ് വേറെ ഉണ്ടായിരിക്കാം. വേറൊരു വ്യക്തി അത് മനസ്സിലാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരിക്കാം.

ചിലപ്പോള്‍ ഏതെങ്കിലും വിഷയത്തില്‍ മൊത്തത്തില്‍ വന്നതോ, നിരുപാധികം പറഞ്ഞതോ ആയ ഏതെങ്കിലും തെളിവിന്റെ അടിസ്ഥാനത്തില്‍ ഒരു കാര്യം അവന്‍ പറഞ്ഞേക്കാം. എന്നാല്‍ അതിനോട് എതിരാകുന്ന മറ്റേതെങ്കിലും തെളിവ് ഉണ്ടെന്ന കാര്യം അവന്‍ അറിഞ്ഞിട്ടേയുണ്ടാകില്ല. [1]

അല്ലാഹു അവന്‍ അറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അവനെ ചോദ്യം ചെയ്യുകയുള്ളൂ (എന്നത് ശരി തന്നെ). പക്ഷേ, താന്‍ നേടിയെടുത്ത അറിവിന്റെ ആ പരിധിയില്‍ മാത്രം എന്നും ഒതുങ്ങി നില്‍ക്കുകയും, തന്റെയടുക്കല്‍ ഒരു മാറ്റവുമില്ലാത്ത അടിസ്ഥാനമായി അത് മാറുകയും ചെയ്യുക എന്നത് വളരെ വലിയ പ്രശ്നം തന്നെയാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.”

തന്റെ ബുദ്ധി ‘വര്‍ക്കൗട്ട്’ ചെയ്യിപ്പിക്കാത്തവരിലാണ് ഇത് കൂടുതലും കാണാറുള്ളത്. എന്നാല്‍ ബുദ്ധിമാനായ ഒരുവനാണ് അവനെങ്കില്‍ താന്‍ മനസ്സിലാക്കിയതിന് എതിരായ തെളിവുകള്‍ വേറെ ചിലതുണ്ടെന്നത് അറിയുന്നത് മതപഠനത്തിനുള്ള താല്‍പര്യം അവനില്‍ വര്‍ദ്ധിപ്പിക്കുകയും, താന്‍ മുന്‍പ് മനസ്സിലാക്കി വെച്ച കാര്യം കൂടുതല്‍ പഠനത്തിനും പരിശോധനക്കും വിധേയമാക്കാനുമാണ് അവനെ പ്രേരിപ്പിക്കുക.

വിഷയത്തില്‍ ശരിയായ പഠനം നടത്താത്തവരെ സംബന്ധിച്ചാണ് ഈ പറഞ്ഞതെല്ലാം. എന്നാല്‍ ഒരു കാര്യത്തില്‍ വ്യക്തമായ ബോധ്യം ശരിയായ പഠനത്തിന് ശേഷം വന്നു കഴിഞ്ഞാല്‍ പിന്നെ എല്ലാവരും കൊണ്ടു വരുന്ന ഓരോ സംശയങ്ങള്‍ക്കും പിറകെ പോകേണ്ട കാര്യമില്ല. അതിന് ഒരാളുടെ ജീവിതകാലം മതിയാവുകയില്ല.

ശൈഖ് അബ്ദുറഹ്മാന്‍ അല്‍-മുഅല്ലിമി -رَحِمَهُ اللَّهُ- പറഞ്ഞു: “മനസ്സിന് ശാന്തിയേകുന്ന വിധത്തില്‍ ഒരു വിഷയത്തില്‍ തനിക്ക് അറിവ് നേടാന്‍ കഴിഞ്ഞതിന് ശേഷം പിന്നീട് ആ വിഷയങ്ങളില്‍ വരുന്ന സംശയം ജനിപ്പിക്കുന്ന മറ്റ് എതിരഭിപ്രായങ്ങളെ നിരസിക്കുവാന്‍ അര്‍ഹതയുള്ളത് മതവിജ്ഞാനങ്ങളില്‍ ആഴത്തില്‍ പരിജ്ഞാനമുള്ള പണ്ഡിതന് മാത്രമാണ്. ഒന്നല്ലെങ്കില്‍ അത്തരം പ്രശ്നങ്ങളെ അയാള്‍ക്ക് അവഗണിച്ചു കളയാം; അതല്ലെങ്കില്‍ തന്റെ ഇത്രയും കാലത്തെ പഠനം കൊണ്ട് സ്ഥിരപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അയാള്‍ക്ക് അതിനെ കുറിച്ച് പഠനം നടത്താം.” (അന്‍വാറുല്‍ കാഷിഫ: 34)

അല്ലാമ സ്വിദ്ദീഖ് ഹസന്‍ ഖാന്‍ -رَحِمَهُ اللَّهُ- പറഞ്ഞു: “അഞ്ച് കാര്യങ്ങള്‍ ഒരുമിച്ച് കൂടിയവര്‍ക്ക് മാത്രമാണ് സത്യം കണ്ടെത്താന്‍ കഴിയുക. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇഖ്ലാസും, മതവിഷയങ്ങളിലെ അവഗാഹവും (ഫഹ്മ്) നീതിയുമാണ്. -ആളുകളില്‍ വളരെ ശുഷ്കമായി മാത്രം കാണപ്പെടുന്നതും, അധിക പേര്‍ക്കും നഷ്ടമായതുമായ കാര്യമാണ് നാലാമതുള്ള കാര്യം; സത്യം കണ്ടെത്താനുള്ള പരിശ്രമമാണത്. സത്യത്തിലേക്കുള്ള ശക്തമായ ക്ഷണമാണ് (അഞ്ചാമത്തെത്).” (ഖത്ഫുഥമര്‍ ഫീ ബയാനി അഖീദതി അഹ്ലില്‍ അഥര്‍: 175)

അദ്ദേഹം എഴുതി: “സത്യം (ഹഖ്) സുരക്ഷിതവും പരിശുദ്ധവും വിലയേറിയതും മാന്യവുമാണ്. അതന്വേഷിച്ച് കണ്ടെത്തുന്നതില്‍ മടിയുള്ളവര്‍ക്കും, അതിനോട് ആത്മാര്‍ഥമായ അഭിനിവേശവും, അതിലേക്ക് എത്തിക്കുന്ന കാരണങ്ങളോട് ആദരവും ഇല്ലാത്തവര്‍ക്ക് ഒരിക്കലും അത് ലഭിക്കുകയില്ല. സത്യത്തില്‍ നിന്ന് തിരിഞ്ഞു കളയുന്നവരുടെയും, അതിന് വേണ്ടി പണിയെടുക്കാത്തവന്റെയും മേല്‍ ചെന്ന് അത് വീണു കൊടുക്കുകയില്ല; കന്നുകാലികളെ പോലുള്ള വഴിപിഴച്ചവരോട് അത് കൂടിയിരിക്കുകയുമില്ല.” (ഖത്ഫുഥമര്‍ ഫീ ബയാനി അഖീദതി അഹ്ലില്‍ അഥര്‍: 175)

ഇമാം മുഹമ്മദ് ബ്നു അബ്ദില്‍ വഹ്ഹാബ് -رَحِمَهُ اللَّهُ- പറഞ്ഞു: “സത്യം അന്വേഷിച്ചവനല്ലാതെ അത് സ്വീകരിക്കുകയില്ലെന്ന കാര്യം ഏവര്‍ക്കും അറിയാവുന്നതാണ്.” (മജ്മൂഅത്തുത്തൗഹീദ്: 75)

ഇബ്‌നുല്‍ ജൗസി -رَحِمَهُ اللَّهُ- പറഞ്ഞു: “സ്വന്തം അവസ്ഥയില്‍ തൃപ്തനായിരിക്കുകയെന്നതും, താന്‍ നേടിയെടുത്ത വിജ്ഞാനം ആവശ്യത്തിന് മതിയായതാണെന്ന ചിന്തയുണ്ടാകലുമാണ് ഏറ്റവും ഗൗരവമേറിയ ആപത്ത്. ഈ പരീക്ഷണം സൃഷ്ടികളില്‍ അധിക പേരെയും ബാധിച്ചിരിക്കുന്നു.

താന്‍ സത്യത്തിലാണെന്ന് വിശ്വസിക്കുകയും, നമ്മുടെ റസൂലായ മുഹമ്മദ് നബി-ﷺ-യുടെ പ്രവാചകത്വത്തിന്റെ തെളിവുകളെ കുറിച്ച് ഒരു അന്വേഷണവും നടത്താതിരിക്കുകയും ചെയ്യുന്ന അനേകം യഹൂദനെയും നസ്വ്റാനിയെയും നിനക്ക് കാണാന്‍ കഴിയും. ഇനി തന്റെ ഹൃദയത്തെ നിര്‍മ്മലമാക്കുന്ന ഖുര്‍ആനിനെ പോലെ എന്തെങ്കിലും കേട്ടാലോ, അത് കേള്‍ക്കാതിരിക്കുന്നതിനായി അവന്‍ ഓടിയൊളിക്കുകയും ചെയ്യും.

ദേഹേഛയുടെ വക്താക്കള്‍ എല്ലാവരും ഇതു പോലെയാണ്. (അസത്യത്തില്‍ നിലകൊള്ളാനുള്ള അവന്റെ ന്യായം) ഇത് തന്റെ പിതാവിന്റെ നിലപാടാണ്, തന്റെ കുടുംബത്തിന്റെ മതമാണ് എന്നതോ മറ്റോ ആയിരിക്കും. അതുമല്ലെങ്കില്‍ അവന്‍ (ആ വിഷയത്തെ കുറിച്ച്) ഒരു ചെറിയ പരിശോധന നടത്തി. അപ്പോള്‍ അവന് അത് ശരിയാണെന്ന് തോന്നി. പിന്നെ അതിന് എതിരായ ഒന്നിലേക്കും അവന്‍ നോക്കിയില്ല. തനിക്ക് വല്ല അബദ്ധവും സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുവാന്‍ അറിവുള്ള ഒരാളെയും അവന്‍ തേടിപ്പിടിക്കുകയും ചെയ്തില്ല.”

വിശ്വാസകാര്യങ്ങളില്‍ സത്യം കണ്ടെത്തുന്നതില്‍ കാണിക്കുന്ന അലംബാവമാണ് അവരുടെ വഴികേടിനുള്ള കാരണം എന്ന് ഇബ്‌നു ശൈഖില്‍ ഹസാമിയ്യീന്‍ -رَحِمَهُ اللَّهُ- വിശദീകരിച്ചിട്ടുണ്ട്.

അദ്ദേഹം പറഞ്ഞു: “പലപ്പോഴും സുന്നത്തിനെ സംബന്ധിച്ചും, അതിന്റെ വിശദാംശങ്ങളെ കുറിച്ചും അറിവുണ്ടായിട്ടും തൗഹീദിന്റെ വിഷയത്തില്‍ സത്യത്തില്‍ നിന്ന് ഇവര്‍ തടയപ്പെടാനുള്ള കാരണം സുന്നത്തില്‍ നിന്നും അതിലെ വിധി വിലക്കുകള്‍ മനസ്സിലാക്കുന്നതില്‍ നിന്നും അവര്‍ പ്രതീക്ഷിക്കുന്നത് ഭൗതികമായ ലാഭങ്ങളാണ് എന്നതാണ്. ഈമാനിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കുക എന്ന വലിയ ലക്ഷ്യമൊന്നുമല്ല അവര്‍ക്ക് സുന്നത്ത് പഠിക്കുന്നതിന്റെ പിന്നിലുള്ളത്. ചെറുതായെങ്കിലുമൊന്ന് സത്യന്വേഷിക്കാന്‍ അവര്‍ തയ്യാറായിരുന്നെങ്കില്‍ അവര്‍ക്കത് കണ്ടെത്താന്‍ സാധിക്കുമായിരുന്നു.

ഇഹലോകത്തിന്റെ അധികാരങ്ങളും, അതിലെ ഉയര്‍ച്ചകളുമാണ് അവരുടെ ലക്ഷ്യങ്ങള്‍! ഇഹലോകത്തിന്റെ അലങ്കാരങ്ങളില്‍ അവരുടെ ഹൃദയം വീണു പോയിരിക്കുന്നു; പരലോകത്തില്‍ നിന്നോ അവര്‍ അകന്ന് പോയിരിക്കുന്നു. സത്യത്തിന് സാക്ഷ്യം വഹിക്കുന്നതില്‍ നിന്നും, അല്ലാഹുവിനോടുള്ള സ്നേഹം രുചിക്കുന്നതില്‍ നിന്നും അവര്‍ തടയപ്പെട്ടിരിക്കുന്നു.

ഇസ്‌ലാമിന്റെ കര്‍മ്മശാസ്ത്ര നിയമങ്ങള്‍ മനസ്സിലാക്കുക എന്നതിന് പുറത്തേക്ക് അതിന്റെ യാഥാര്‍ഥ്യങ്ങളിലേക്കും, ആ വിധിവിലക്കുകളുടെ ലക്ഷ്യങ്ങളിലേക്കും അവരുടെ പഠനം കടന്നു ചെന്നില്ല. അല്ലാഹുവിന്റെ വിശേഷണങ്ങളുടെയോ അവന്റെ പ്രവര്‍ത്തനങ്ങളുടെയോ വെളിച്ചം അവരുടെ ഹൃദയങ്ങളില്‍ ഒരിക്കലും ഉദിച്ചുയര്‍ന്നതുമില്ല.” (മദ്ഖലു അഹ്ലില്‍ ഫിഖ്ഹി വല്ലിസാനി ഇലാ മയ്ദാനില്‍ മഹബ്ബത്തി വല്‍ ഇര്‍ഫാന്‍: 50)

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞു : “ഈ വിഷയത്തില്‍ വഴി തെറ്റുകയോ, സത്യം കണ്ടെത്തുന്നതില്‍ നിന്ന് ദുര്‍ബലരാവുകയോ ചെയ്ത ബഹുഭൂരിപക്ഷം പേരും അപ്രകാരം അധഃപതിച്ചത് നബി-ﷺ-യുടെ അടുക്കല്‍ നിന്ന് വന്ന സുന്നത്തിനെ മുറുകെ പിടിക്കുന്നതില്‍ നിന്നും, അത് പരിശോധിക്കുന്നതില്‍ നിന്നും, അത് കൊണ്ട് തെളിവ് പിടിക്കുന്നതില്‍ നിന്നുമുള്ള അവരുടെ അലസത കാരണത്താല്‍ മാത്രമാണ്. അല്ലാഹുവിന്റെ കിതാബില്‍ നിന്ന് അവര്‍ അകന്നപ്പോള്‍ വഴികേടില്‍ അവര്‍ പതിക്കുകയാണുണ്ടായത്.

അല്ലാഹു പറഞ്ഞതു പോലെ:

فَإِمَّا يَأْتِيَنَّكُم مِّنِّي هُدًى فَمَنِ اتَّبَعَ هُدَايَ فَلَا يَضِلُّ وَلَا يَشْقَىٰ ﴿١٢٣﴾ وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ ﴿١٢٤﴾

“എന്റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക് വന്നുകിട്ടുന്ന പക്ഷം, അത് ആര്‍ പിന്‍പറ്റുന്നുവോ അവന്‍ പിഴച്ച് പോകുകയില്ല, കഷ്ടപ്പെടുകയുമില്ല. എന്റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വരുന്നതുമാണ്.” (ത്വാഹ: 123-124)

ഇബ്‌നു അബ്ബാസ് പറഞ്ഞു -رَضِيَ اللَّهُ عَنْهُمَا- : “ഖുര്‍ആന്‍ പാരായണം ചെയ്യുകയും, അത് കൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്തവന്‍ ഇഹലോകത്ത് വഴിപിഴക്കുകയോ, പരലോകത്ത് ക്ലേശമനുഭവിക്കുകയോ ചെയ്യില്ലെന്ന കാര്യം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു.” ശേഷം അദ്ദേഹം മേലെ നല്‍കിയ ആയത്ത് പാരായണം ചെയ്തു. (മജ്മൂഉല്‍ ഫതാവ: 3/314)

ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- വീണ്ടും എഴുതി: “നബിമാരുടെ പാത പഠിച്ചെടുക്കുന്നതിലും, പ്രാവര്‍ത്തികമാക്കുന്നതിലും കുറവ് വരുത്തിയവര്‍ മാത്രമേ ബിദ്അത്തുകളില്‍ പ്രവേശിച്ചിട്ടുള്ളൂ.” (അല്‍ജവാബുസ്സ്വഹീഹ് ലിമന്‍ ബദ്ദലദീനല്‍ മസീഹ്: 3/85)

സത്യം തേടിപ്പിടിക്കുന്നതിലും, തെളിവുകള്‍ അന്വേഷിക്കുന്നതിലും ആര്‍ അലസത കാണിക്കുന്നുവോ, അവന് തന്നെ എതിര്‍ക്കുന്നവനെ ആക്ഷേപിക്കുവാനോ, അവന് ഒഴിവ്കഴിവ് നല്‍കാതിരിക്കാനോ യാതൊരു അവകാശവുമില്ല.

ആര്‍ത്തവകാരിയെ ത്വലാഖ് ചൊല്ലുന്നതിനെ കുറിച്ചുള്ള പഠനം -ആ സന്ദര്‍ഭത്തില്‍ ത്വലാഖ് അസാധുവാണ് എന്ന അഭിപ്രായത്തിന് മുന്‍ഗണന നല്‍കി- അവസാനിപ്പിച്ചു കൊണ്ട് ഇബ്‌നുല്‍ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു:

قَالَ ابْنُ القَيِّمِ: «أَنَّهُ إِذَا كَانَ مِمَّنْ قَصُرَ فِي العِلْمِ بَاعُهُ، فَضَعُفَ خَلْفَ الدَّلِيلِ، وَتَقَاصَرَ عَنْ جَنْيِ ثِمَارِهِ ذِرَاعُهُ، فَلْيُعْذِرْ مَنْ شَمَّرَ عَنْ سَاقِ عَزْمِهِ، وَحَامَ حَوْلَ آثَارِ رَسُولِ اللَّهِ -ﷺ- وَتَحْكِيمِهَا، وَالتَّحَاكُمِ إِلَيْهَا بِكُلِّ هِمَّةٍ»

“തന്റെ വിജ്ഞാനത്തിന്റെ പാത്രത്തില്‍ കുറവുള്ള, പ്രമാണത്തിന്റെ പിന്നില്‍ ദുര്‍ബലതകളുള്ള, പ്രമാണങ്ങളില്‍ നിന്ന് ഫലം പറിച്ചെടുക്കാന്‍ ഉയരമില്ലാത്തവന്‍, സത്യം കണ്ടെത്താന്‍ വേണ്ടി ഉയരത്തില്‍ പരിശ്രമിക്കുകയും, നബി-ﷺ-യുടെ ഹദീഥുകള്‍ ചുറ്റും വട്ടമിട്ട് സംരക്ഷിക്കുകയും, അതിനെ സ്വജീവിതത്തിലേക്ക് കൊണ്ട് വരികയും, അതിലേക്ക് വിധി തേടി പോകുകയും ചെയ്തവന് ഉദ്ര്‍ (ഒഴിവ് കഴിവ്) നല്‍കട്ടെ).” (സാദുല്‍ മആദ്: 5/240)

അടിക്കുറിപ്പുകള്‍:

[1] ഉസ്വൂലുല്‍ ഫിഖ്ഹുമായി ബന്ധപ്പെട്ട ചില വാക്കുകളുടെ മലയാള തര്‍ജുമ വിഷയം മനസ്സിലാക്കുന്നതിന് പ്രയാസമുണ്ടാക്കിയേക്കാം. അതു കൊണ്ട് ഒരുദാഹരണം നല്‍കാം. -അല്ലാഹു നമുക്ക് വിജ്ഞാനം വര്‍ദ്ധിപ്പിച്ചു നല്‍കട്ടെ-. അല്ലാഹുവിന്റെ ഖുര്‍ആനില്‍ പൊതുവായി പറഞ്ഞ ചില കല്‍പ്പനകളുണ്ട്. മോഷണം നടത്തിയവന്റെ കൈ വെട്ടണമെന്ന കല്‍പ്പന പോലെ. ഇതൊരു പൊതുവായ വാക്കാണ്. മോഷ്ടിച്ച വസ്തു വളരെ കുറച്ചാണെങ്കിലും കൂടുതലാണെങ്കിലും മോഷ്ടാവ് എന്നതില്‍ ഉള്‍പ്പെടും. എന്നാല്‍ നബി-ﷺ-യുടെ ഹദീഥില്‍ ‘ദീനാറിന്റെ നാലിലൊന്ന് മോഷ്ടിച്ചവന്റെ കൈ മാത്രമാണ് വെട്ടേണ്ടത്’ എന്ന് വന്നിട്ടുണ്ട്. ഇത് നേരത്തെ പറഞ്ഞതില്‍ നിന്ന് പ്രത്യേകമായി പരിഗണിക്കേണ്ട തെളിവാണ്. ഒരാള്‍ എന്തു മോഷ്ടിച്ചവന്റെ കാര്യത്തിലും ആയത്ത് പ്രാവര്‍ത്തികമാക്കണമെന്ന് ശഠിച്ചാല്‍ എങ്ങനെയുണ്ടായിരിക്കും?! ഇതാണ് ശൈഖ് പറഞ്ഞതിന്റെ ഉദ്ധേശം. വല്ലാഹു അഅ്ലം.

كَبَتَهُ: الشَّيْخُ حَمَد بْن إِبْرَاهِيم العُثْمَان -حَفِظَهُ اللَّهُ وَرَعَاهُ-

تَرْجَمَهُ وَعَلَّقَ عَلَيْهِ: أَبُو تُرَاب عَبْد المُحْسِن بْن سَيِّد عَلِيّ عَيْدِيد

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment