സത്യം (ഹഖ്) അവ്യക്തവും കണ്ടെത്താന്‍ പ്രയാസവുമാണെന്നാണ് ഖുര്‍ആനിനെയും സുന്നത്തിനെയും സംബന്ധിച്ച് വ്യക്തമായ അറിവോ, അവയുമായി ബന്ധപ്പെട്ടുള്ള പരിചയമോ ഇല്ലാത്ത അനേകം പേരുടെ വിശ്വാസം. ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ തഖ്ലീദിന്റെ [1] വക്താക്കള്‍ ഒരു വിഷയത്തില്‍ വിധി പറയണമെങ്കില്‍ ഒരാള്‍ക്കുണ്ടായിരിക്കേണ്ട നിബന്ധനകളും യോഗ്യതകളുമെന്ന പേരില്‍ അനേകം പുതിയ കാര്യങ്ങള്‍ മതത്തില്‍ കടത്തിക്കൂട്ടിയിട്ടുണ്ട്; ഇത്തരം യോഗ്യതകളാകട്ടെ ഇക്കാലഘട്ടത്തിലുള്ള മുഫ്തിമാരില്‍ [2] വളരെ വിരളമാളുകള്‍ക്കേ ചിലപ്പോള്‍ യോജിച്ചുവെന്ന് വരികയുള്ളൂ. [3]
സത്യം കണ്ടെത്തുന്നത് വളരെ പ്രയാസകരമാണെന്ന ഈ വിശ്വാസം വെച്ചു പുലര്‍ത്തുന്ന ആളുകള്‍ (വാസ്തവത്തില്‍) തങ്ങള്‍ക്കും സത്യത്തിനുമിടയില്‍ ഒരു മറ സൃഷ്ടിച്ചിരിക്കുകയാണ്. തര്‍ക്കത്തിലിരിക്കുന്ന വിഷയങ്ങളില്‍ കാര്യങ്ങള്‍ വേര്‍തിരിച്ച് മനസ്സിലാക്കിയതിന് ശേഷം സത്യത്തിന് മുന്‍ഗണ നല്‍കുക എന്നതൊക്കെ അവിടെ നില്‍ക്കട്ടെ; അത്തരം വിഷയങ്ങളിലൂടെ കേവലമൊന്ന് കണ്ണോടിക്കുന്നതില്‍ നിന്ന് വരെ ഇത്തരക്കാര്‍ ജനങ്ങളെ തടഞ്ഞു.
യഥാര്‍ഥത്തില്‍ മുന്‍കാലങ്ങളെക്കാള്‍ സത്യം അന്വേഷിക്കുക എന്നതും, വെളിച്ചത്ത് കൊണ്ടു വരിക എന്നതുമെല്ലാം ഇക്കാലത്ത് വളരെ എളുപ്പമാണ്. സ്വന്തം പ്രയന്തം കൊണ്ടോ മറ്റുള്ളവരുടെ സഹായം കൊണ്ടോ സത്യത്തിലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കുക എന്നതുമെല്ലാം ഇന്ന് എത്രയോ എളുപ്പമായിരിക്കുന്നു.
ഇമാം അശ്ശ്വാതിബി -رَحِمَهُ اللَّهُ- പറഞ്ഞു: “(സത്യത്തെ) പിന്‍പറ്റാന്‍ ആഗ്രഹിക്കുന്ന വ്യക്തി ഈ കാലഘട്ടത്തില്‍ ജീവിച്ചിരിക്കുന്ന നമ്മുടെ പണ്ഡിതന്മാരെ പോലെ മതവിജ്ഞാനങ്ങള്‍ നോക്കുന്നവനും, അതില്‍ താന്‍ കേള്‍ക്കുന്നത് എന്താണെന്നതില്‍ വ്യക്തമായ ബോധ്യമുള്ളവനുമാണെങ്കില്‍ സത്യത്തിലേക്ക് എത്തിച്ചേരുക എന്നത് അവന്‍ എളുപ്പമാണ്.” (ഇഅ്തിസാം: 2/344)
ഇമാം ശൗകാനി -رَحِمَهُ اللَّهُ- പറയുന്നു: “സത്യമെന്താണെന്നും, അല്ലാഹു അവന്റെ അടിമകളോട് കല്‍പ്പിച്ച നിയമങ്ങള്‍ എന്താണെന്നും അറിയല്‍ അല്ലാഹു പില്‍ക്കാലക്കാര്‍ക്ക് ഏറെ എളുപ്പമാക്കിയിരിക്കുന്നു. തങ്ങളുടെ ഭാഗത്ത് നിന്ന് പരിശ്രമിക്കുക എന്ന ചെറിയൊരു കാര്യം ഒഴിച്ചു നിര്‍ത്തിയാല്‍ വലിയ പ്രയാസമൊന്നും തന്നെ വേണ്ടാത്ത രൂപത്തില്‍ അല്ലാഹു ഇക്കാര്യം എളുപ്പമാക്കിയിരിക്കുന്നു.” (അദബുത്ത്വലബ്: 85.)
പക്ഷേ -ഖേദകരമെന്ന് പറയട്ടെ- സത്യാന്വേഷണം എളുപ്പമാക്കുന്ന ഈ പുതിയ വഴികള്‍ ജനങ്ങളില്‍ അധികപേരെയും മടിയന്മാരാക്കുകയും, സത്യമന്വേഷിക്കുന്ന മാര്‍ഗത്തില്‍ അലസന്മാരാക്കുകയും ചെയ്തിരിക്കുന്നു.
മുഹമ്മദ് അല്‍-ബുഷയ്ര്‍ അല്‍-ഇബ്രാഹീമി പറയുന്നു: “എത്രയെത്ര എളുപ്പവഴികളാണ് കൂടുതല്‍ പ്രയാസങ്ങളെ കൊണ്ടുവന്നിട്ടുള്ളത്; ഈ എളുപ്പമാര്‍ഗങ്ങളെല്ലാം ബുദ്ധിയെ കൂടുതല്‍ മടിയുള്ളതാക്കുകയും, കൈകളെ നിഷ്ക്രിയമാക്കുകയുമാണ് ചെയ്തത്.”
സത്യം മനസ്സിലാക്കല്‍ പ്രയാസമാണെന്നും, അത് അവ്യക്തമാണെന്നുമുള്ള ഈ വിശ്വാസം യഥാര്‍ഥത്തില്‍ ഇബ്ലീസിയന്‍ വിശ്വാസവും, സത്യം എന്താണെന്ന് അന്വേഷിക്കുന്നതില്‍ നിന്ന് ജനങ്ങളെ തടയുവാനുള്ള പിശാചിന്റെ തന്ത്രവുമാണ്.
(ആറ് മഹത്തരമായ അടിസ്ഥാനങ്ങള്‍ എന്ന തന്റെ ഗ്രന്ഥത്തില്‍ ആറാമത്തെ അടിസ്ഥാനമായി) ഇമാം മുഹമ്മദ് ബനു അബ്ദില്‍ വഹാബ് -رَحِمَهُ اللَّهُ- പറഞ്ഞു : “ഖുര്‍ആനും സുന്നത്തും തള്ളിക്കളയുന്നതിനും, വ്യക്തികളുടെ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുടെയും ചിന്തകളുടെയും പിന്നില്‍ ജനങ്ങളെ തളച്ചിടുന്നതിനും വേണ്ടി പിശാച് നിര്‍മ്മിച്ച വസ്–വാസ് തള്ളിക്കളയുക. ഖുര്‍ആനും സുന്നത്തും പരിപൂര്‍ണ ഗവേഷണയോഗ്യനായ പണ്ഡിതന് (മുജ്തഹിദ്) മാത്രമേ മനസ്സിലാക്കാന്‍ കഴിയൂ എന്നതാണ് (ഈ പുതിയ അടിസ്ഥാനം). (ഇവരുടെ അടുക്കലുള്ള) മുജ്തഹിദെന്നാലാകട്ടെ ചില വിശേഷണങ്ങളൊക്കെയുള്ള വ്യക്തിയാണ്. ആ വിശേഷണങ്ങള്‍ ചിലപ്പോള്‍ അബൂബക്കറിലും ഉമറിലും -رَحِمَهُ اللَّهُ- വരെ ഉണ്ടായിക്കൊള്ളണമെന്നില്ല! അതു കൊണ്ട് തന്നെ എല്ലാവരും നിര്‍ബന്ധമായും ഖുര്‍ആനില്‍ നിന്നും ഹദീഥില്‍ നിന്നും അകലം പാലിക്കണം, ആരെങ്കിലും അതില്‍ സന്മാര്‍ഗം അന്വേഷിക്കാന്‍ ശ്രമിച്ചാല്‍ അവന്‍ ഒന്നല്ലെങ്കില്‍ നിരീശ്വരവാദിയോ, ഭ്രാന്തനോ ആണ് (!), കാരണം അവയില്‍ നിന്ന് സത്യം കണ്ടെത്തുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ് (!!) (എന്നിങ്ങനെയെല്ലാമാണ് അവരുടെ ജല്‍പ്പനങ്ങള്‍).
സുബ്ഹാനല്ലാഹ്! (അല്ലാഹു എത്ര പരിശുദ്ധന്‍)
അല്ലാഹു അവന്റെ മതപരവും പ്രാപഞ്ചികവുമായ തെളിവുകളില്‍ സാധാരണക്കാര്‍ക്ക് പോലും തിരിച്ചറിയാവുന്ന വിധത്തില്‍ ഈ ശപിക്കപ്പെട്ട നിയമത്തിനുള്ള മറുപടി അനേകം രൂപത്തില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ജനങ്ങളില്‍ അധികപേരും അറിയുന്നില്ല.”
അല്ലാഹു -تَعَالَى- പറഞ്ഞു:
(( لَقَدْ حَقَّ الْقَوْلُ عَلَى أَكْثَرِهِمْ فَهُمْ لَا يُؤْمِنُونَ* إِنَّا جَعَلْنَا فِي أَعْنَاقِهِمْ أَغْلَالًا فَهِيَ إِلَى الْأَذْقَانِ فَهُمْ مُقْمَحُونَ * وَجَعَلْنَا مِنْ بَيْنِ أَيْدِيهِمْ سَدًّا وَمِنْ خَلْفِهِمْ سَدًّا فَأَغْشَيْنَاهُمْ فَهُمْ لَا يُبْصِرُونَ * وَسَوَاءٌ عَلَيْهِمْ أَأَنْذَرْتَهُمْ أَمْ لَمْ تُنْذِرْهُمْ لَا يُؤْمِنُونَ * إِنَّمَا تُنْذِرُ مَنِ اتَّبَعَ الذِّكْرَ وَخَشِيَ الرَّحْمَنَ بِالْغَيْبِ فَبَشِّرْهُ بِمَغْفِرَةٍ وَأَجْرٍ كَرِيمٍ ))
“അവരില്‍ മിക്കവരുടെ കാര്യത്തിലും (ശിക്ഷയെ സംബന്ധിച്ച) വചനം സത്യമായി പുലര്‍ന്നിരിക്കുന്നു. അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല.
അവരുടെ കഴുത്തുകളില്‍ നാം ചങ്ങലകള്‍ വെച്ചിരിക്കുന്നു. അത് (അവരുടെ) താടിയെല്ലുകള്‍ വരെ എത്തുന്നു. തന്‍മൂലം അവര്‍ തലകുത്തനെ പിടിച്ചവരായിരിക്കും.
അവരുടെ മുമ്പില്‍ ഒരു തടസ്സവും അവരുടെ പിന്നില്‍ ഒരു തടസ്സവും നാം വെച്ചിരിക്കുന്നു. അങ്ങനെ നാം അവരെ മൂടിക്കളഞ്ഞു; അതിനാല്‍ അവര്‍ക്ക് കാണാന്‍ കഴിയില്ല.
നീ അവര്‍ക്ക് താക്കീത് നല്‍കിയാലും ഇല്ലെങ്കിലും അത് അവരെ സംബന്ധിച്ചിടത്തോളം സമമാകുന്നു. അവര്‍ വിശ്വസിക്കുകയില്ല.
(വഹ്–യ്) ബോധനം പിന്‍പറ്റുകയും, അദൃശ്യാവസ്ഥയില്‍ (ഗയ്ബിയായി) റഹ്–മാനായ (റബ്ബിനെ) ഭയപ്പെടുകയും ചെയ്തവനു മാത്രമേ നിന്റെ താക്കീത് ഫലപ്പെടുകയുള്ളൂ. ആകയാല്‍ പാപമോചനത്തെയും ഉദാരമായ പ്രതിഫലത്തെയും പറ്റി അവന്ന് സന്തോഷവാര്‍ത്ത അറിയിക്കുക.” (യാസീന്‍: 7-11)
സത്യം മനസ്സിലാക്കല്‍ പ്രയാസമാണെന്ന മേല്‍ പറഞ്ഞ വസ്വാസ് കൊണ്ട് ജനങ്ങള്‍ക്കും സത്യത്തിനുമിടയില്‍ തടസ്സമുണ്ടാക്കിയ ഇത്തരക്കാരില്‍ നിന്ന് ഇമാം അസ്സ്വന്‍ആനി -رَحِمَهُ اللَّهُ- സങ്കടം പറയുന്നത് നോക്കൂ:
“ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ആശയം മനസ്സിലാക്കുന്നതില്‍ നിന്നും, അതിന്റെ രൂപവും ഘടനയും അറിയുന്നതില്‍ നിന്നും, അതിലടങ്ങിയിരിക്കുന്ന ആശയങ്ങള്‍ പുറത്തെടുക്കുന്നതില്‍ നിന്നും തടസ്സമുണ്ടാക്കുന്ന എന്ത് കാര്യമാണ് അവക്കുള്ളത്? ഖുര്‍ആനിനെയും സുന്നത്തിനെയും ഇത്തരക്കാര്‍ ചിപ്പിക്കുള്ളിലെ മുത്തു പോലെയാക്കിയിരിക്കുകയാണ്. അവക്ക് മേല്‍ ഇവര്‍ വിരിപ്പിട്ടിരിക്കുന്നു.
അതിലെ അക്ഷരങ്ങളും വാക്കുകളും ആവര്‍ത്തിച്ചു കൊണ്ടിരിക്കുക എന്നതല്ലാതെ നമുക്കൊന്നും ഇനി ചെയ്യാന്‍ ബാക്കിയില്ല (എന്നതാണ് അവരുടെ നിലപാട്). അതിലെ ആശയങ്ങള്‍ പുറത്തെടുക്കുക എന്നത് നിഷിദ്ധമാക്കട്ടെ ഒരു കാര്യമായി മാറിയിരിക്കുന്നു. എന്തൊരു കഷ്ടമാണിവരുടെ കാര്യം.” (ഇര്‍ഷാദുന്നുഖാദ് ഇലാ തയ്സീരില്‍ ഇജ്തിഹാദ്: 85)
അടിക്കുറിപ്പുകള്‍:
[1] തെളിവ് നോക്കാതെ വ്യക്തികളെ പിന്‍പറ്റുന്ന രീതി.
[2] മതവിഷയങ്ങളില്‍ വിധി പറയുന്നവര്‍.
[3] ഈ പറയുന്നതിന്റെ അര്‍ഥം ഖുര്‍ആനും ഹദീഥും ആര്‍ക്കു വേണമെങ്കിലും തോന്നിയ പോലെ മനസ്സിലാക്കാമെന്നോ, മുജ്തഹിദുകള്‍ മാത്രം സംസാരിക്കേണ്ട വളരെ ആഴത്തിലുള്ള വിഷയങ്ങളില്‍ എല്ലാ സാധാരണക്കാര്‍ക്കും തനിക്ക് മനസ്സിലായത് പോലെ സംസാരിക്കാമെന്നോ അല്ല. നിരുപാധികമായ ഇജ്തിഹാദിന് അര്‍ഹന്‍ ആരെല്ലാമാണെന്നതിന് അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ വെച്ച നിബന്ധനകളെ നിഷേധിക്കുകയല്ല മേല്‍ പറഞ്ഞ വാക്കുകളുടെ ഉദ്ദേശം. മറിച്ച് ഖുര്‍ആനും ഹദീഥും വായിച്ചു തുടങ്ങുന്ന ആര്‍ക്കും വ്യക്തമാകുന്ന പ്രാര്‍ഥന അല്ലാഹുവിനോട് മാത്രം, ഇബാദത്തുകള്‍ക്ക് അര്‍ഹന്‍ അല്ലാഹു മാത്രം, നിസ്കാരം നിര്‍ബന്ധമാണ്, മോഷണം പാപമാണ് എന്നിങ്ങനെയുള്ള ഇസ്‌ലാമിലെ അടിസ്ഥാനവും എളുപ്പവുമുള്ളതായ വിഷയങ്ങള്‍ വരെ സാധാരണക്കാര്‍ മനസ്സിലാക്കുന്നതില്‍ നിന്ന് തടയുന്നവരെയാണ് ശൈഖ് ഈ വാക്കുകളിലൂടെ വിമര്‍ശിക്കുന്നത്. (തന്‍ബീഹു ദവില്‍ ഉഖൂലിസ്സലീമ ഇലാ ഫവാഇദ മുസ്തന്‍ബത്വ മിന്‍ അസിത്തതില്‍ ഉഥൂല്‍: 74-76)
كَبَتَهُ: الشَّيْخُ حَمَد بْن إِبْرَاهِيم العُثْمَان -حَفِظَهُ اللَّهُ وَرَعَاهُ-
تَرْجَمَهُ وَعَلَّقَ عَلَيْهِ: أَبُو تُرَاب عَبْد المُحْسِن بْن سَيِّد عَلِيّ عَيْدِيد
-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-