അല്ലാഹു സൃഷ്ടികളെ ശുദ്ധ പ്രകൃതിയിലാണ് സൃഷ്ടിച്ചിട്ടുള്ളത്.
അല്ലാഹു -تَعَالَى- പറഞ്ഞു:
(( فِطْرَتَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا ))
“അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ (ഫിത്വ്റത്ത്) [1] സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്.” (റൂം: 30)
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞു: “ഹഖിനെ (സത്യം) ഇഷ്ടപ്പെടുകയും, അതിന് വേണ്ടി തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അല്ലാഹുവിന്റെ സൃഷ്ടിയാണ് ഹൃദയം.” (അല്‍-ഫതാവ: 10/88.)
അദ്ദേഹം വീണ്ടും പറഞ്ഞു: “ഹഖ് മനുഷ്യന് പ്രകൃത്യാ തന്നെ പ്രിയങ്കരമാണ്. ശുദ്ധപ്രകൃതിക്ക് (ഫിത്വ്റത്ത്) ഏറ്റവും പ്രിയങ്കരവും, അതിന്റെയടുക്കല്‍ ഏറ്റവും മഹത്തരമായതും, മധുരതരമായതും ഹഖാണ്. യാഥാര്‍ഥ്യമൊട്ടുമില്ലാത്ത ബാത്വിലിനെ (വഴികേട്, അസത്യം) ഫിത്വ്-റത്ത് തീരെ ഇഷ്ടപ്പെടുകയില്ല.” (ഫതാവ: 16/338)
സത്യത്തോടുള്ള സ്നേഹത്തില്‍ സൃഷ്ടിക്കപ്പെട്ടതാണ് ഹൃദയമെന്നതോടൊപ്പം, അത് തിരിച്ചറിയാനുള്ള കഴിവും അതിനുണ്ട്.
മൂസ -عَلَيْهِ السَّلَامُ– പറഞ്ഞതായി അല്ലാഹു പറഞ്ഞു:
(( قَالَ رَبُّنَا الَّذِي أَعْطَى كُلَّ شَيْءٍ خَلْقَهُ ثُمَّ هَدَى ))
“മൂസാ പറഞ്ഞു: ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നല്‍കുകയും, എന്നിട്ട് (അതിന്) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്.” (ത്വാഹ: 50)
عَنِ النَّوَّاسِ بْنِ سَمْعَانَ الْأَنْصَارِيِّ، قَالَ: سَأَلْتُ رَسُولَ اللهِ -ﷺ-، عَنِ الْبِرِّ وَالْإِثْمِ فَقَالَ: «الْبِرُّ حُسْنُ الْخُلُقِ، وَالْإِثْمُ مَا حَاكَ فِي صَدْرِكَ، وَكَرِهْتَ أَنْ يَطَّلِعَ عَلَيْهِ النَّاسُ»
നവ്വാസ് ബ്നു സംആന്‍ –رَضِيَ اللَّهُ عَنْهُ– നിവേദനം: ഞാന്‍ നബി-ﷺ-യോട് നന്മയെയും തിന്മയെയും കുറിച്ച് ചോദിച്ചു: അവിടുന്ന് പറഞ്ഞു: “തിന്മയെന്നാല്‍ നിന്റെ ഹൃദയത്തില്‍ ചൊറിച്ചിലുണ്ടാക്കുന്നതും , ജനങ്ങള്‍ അറിയുന്നതില്‍ നിനക്ക് വെറുപ്പുള്ളതുമായ കാര്യമാണ്.” [2] (മുസ്‌ലിം: 2553.)
ഇബ്‌നു തൈമിയ്യ –رَحِمَهُ اللَّهُ– പറഞ്ഞു: “വിശ്വാസങ്ങളിലും ഉദ്ദേശങ്ങളിലും ഹഖിന് ബാത്വിലിനെക്കാള്‍ മുന്‍ഗണന നല്‍കുവാന്‍ പ്രേരിപ്പിക്കുന്ന (കാര്യം) ഹൃദയത്തില്‍ നിക്ഷേപിതമാണ്. മനസ്സ് ശുദ്ധപ്രകൃതിയിലാണ് ജനിച്ചിട്ടുള്ളത് എന്നതിന് അത് മതിയായ തെളിവാണ്.” (ദര്‍ഉത്തആറുദ്: 8/463)
അദ്ദേഹം പറയുന്നു: “സത്യവും അതിനെ സത്യപ്പെടുത്തലും, അസത്യത്തെ തിരിച്ചറിയലും അതിനെ കളവാക്കലും, ഉപകാരപ്രദമായത് അറിയലും അതിനെ ഇഷ്ടപ്പെടുക എന്നതും, ഉപദ്രവകരമായത് അറിയലും അതിനെ വെറുക്കലും ഉള്‍ക്കൊള്ളുന്ന ശുദ്ധപ്രകൃതിയുമായി കൊണ്ടാണ് അല്ലാഹു അവന്റെ ദാസന്മാരെ സൃഷ്ടിച്ചത്. സത്യമായി നിലകൊള്ളുന്ന യാഥാര്‍ഥ്യങ്ങളെയെല്ലാം ശുദ്ധപ്രകൃതി സത്യപ്പെടുത്തുകയും, അതിനെ തിരിച്ചറിയുകയും സ്നേഹിക്കുകയും ചെയ്യുന്നു. യാഥാര്‍ഥ്യമില്ലാത്ത അസത്യങ്ങളെയെല്ലാം ശുദ്ധപ്രകൃതി വെറുക്കുകയും കളവാക്കുകയും നിഷേധിക്കുകയും ചെയ്യുന്നു.” (അല്‍-ഫതാവ: 8/463)
സത്യത്തെ തിരിച്ചറിയുക, അത് ലക്ഷ്യം വെക്കുക, അതിനെ സ്നേഹിക്കുക എന്നിങ്ങനെ മനസ്സുകളില്‍ നിക്ഷേപിതമായ ഈ കാര്യങ്ങള്‍ അല്ലാഹുവിന്റെ മതനിയമങ്ങളാല്‍ സാക്ഷ്യം വഹിക്കപ്പെട്ട കാര്യങ്ങള്‍ കൂടിയാണ്.
(( أَفَمَنْ كَانَ عَلَى بَيِّنَةٍ مِنْ رَبِّهِ وَيَتْلُوهُ شَاهِدٌ مِنْهُ وَمِنْ قَبْلِهِ ))
“എന്നാല്‍ ഒരാള്‍ തന്റെ രക്ഷിതാവിങ്കല്‍ നിന്ന് ലഭിച്ച വ്യക്തമായ തെളിവിനെ (ബയ്യിനത്ത്) അവലംബിക്കുന്നു. അവങ്കല്‍ നിന്നുള്ള ഒരു സാക്ഷി (ശാഹിദ്) അതിനെ തുടര്‍ന്ന് വരുകയും ചെയ്യുന്നു.” (ഹൂദ്: 17)
ഈ ആയത്തില്‍ ‘ബയ്യിനത്ത്’ (തെളിവ്) എന്ന് പറഞ്ഞത് അല്ലാഹു ഇറക്കിയ വഹ്യിനെ (ദിവ്യബോധനത്തെ) സംബന്ധിച്ചും, ‘ശാഹിദ്’ (സാക്ഷ്യം) എന്ന് പറഞ്ഞത് നേരെനിലകൊള്ളുന്ന ശുദ്ധപ്രകൃതിയെയും, ശരിയായ ബുദ്ധിയെയും ഉദ്ദേശിച്ചുമാണ്.
ശൈഖ് നാസിര്‍ അസ്സഅ്ദി –رَحِمَهُ اللَّهُ– പറഞ്ഞു: “മതമെന്നാല്‍ എല്ലാ വിഷയങ്ങളിലും സത്യം തിരിച്ചറിയലും, അതനുസരിച്ച് പ്രവര്‍ത്തിക്കലുമാണ്.” (തയ്സീറുല്ലത്തീഫുല്‍ മന്നാന്‍: 50)
മനസ്സുകള്‍ ശുദ്ധപ്രകൃതിയില്‍ നിലകൊള്ളുകയാണെങ്കില്‍ അത് സത്യത്തെയല്ലാതെ അന്വേഷിക്കുകയില്ല. സത്യമാകട്ടെ സുവ്യക്തവുമാണ്.
قَالَ مُعَاذُ بْنُ جَبَلٍ: «فَإِنَّ عَلَى الحَقِّ نُوراً»
മുആദ് ബ്നു ജബല്‍ –رَضِيَ اللَّهُ عَنْهُ– പറഞ്ഞു : “സത്യത്തിന് മേല്‍ ഒരു പ്രകാശമുണ്ടായിരിക്കും.” (ഹാകിം: 4/460, ഹാകിമും ദഹബിയും സ്വഹീഹ് എന്ന് വിലയിരുത്തി.)
അബ്ദുല്ലാഹിബ്നു സല്ലാം-رَضِيَ اللَّهُ عَنْهُ-വിനെ നോക്കൂ! അദ്ദേഹം യഹൂദനായിരുന്നു. മദീനയിലേക്ക് ഹിജ്റ പോയ അദ്ദേഹം നബി-ﷺ-യെ കണ്ടപ്പോള്‍, അവിടുത്തെ മുഖത്ത് സത്യത്തിന്റെ വെളിച്ചം കണ്ടു.
عَنْ عَبْدِ اللهِ بْنِ سَلَامٍ، قَالَ: لَمَّا قَدِمَ النَّبِيُّ -ﷺ- انْجَفَلَ النَّاسُ عَلَيْهِ، فَكُنْتُ فِيمَنِ انْجَفَلَ، فَلَمَّا تَبَيَّنْتُ وَجْهَهُ عَرَفْتُ أَنَّ وَجْهَهُ لَيْسَ بِوَجْهِ كَذَّابٍ، فَكَانَ أَوَّلُ شَيْءٍ سَمِعْتُهُ يَقُولُ: «أَفْشُوا السَّلَامَ، وَأَطْعِمُوا الطَّعَامَ، وَصِلُوا الْأَرْحَامَ، وَصَلُّوا وَالنَّاسُ نِيَامٌ تَدْخُلُوا الْجَنَّةَ بِسَلَامٍ»
അദ്ദേഹം പറയുന്നു: “നബി -ﷺ- മുന്നോട്ട് വന്നപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തിന്റെ അടുക്കലേക്ക് ധൃതിപ്പെട്ട് പോയി. ഞാനും അക്കൂട്ടത്തിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുഖം ഞാന്‍ വ്യക്തമായി കണ്ടപ്പോല്‍ എനിക്ക് മനസ്സിലായി അതൊരു കളവ് പറയുന്നവന്റെ മുഖമല്ലെന്ന്. അവിടുന്ന് പറയുന്നതായി ഞാന്‍ ആദ്യം കേട്ടത് ഇതായിരുന്നു. “നിങ്ങള്‍ സലാം പ്രചരിപ്പിക്കുക, ഭക്ഷണം നല്‍കുക, കുടുംബബന്ധം ചേര്‍ക്കുക, ജനങ്ങള്‍ ഉറങ്ങുമ്പോള്‍ (രാത്രി എഴുന്നേറ്റ്) നമസ്കരിക്കുക. സമാധാനത്തോടെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാം.” (അഹ്മദ്: 5/451, തിര്‍മിദി: 2485, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി.)
സൃഷ്ടികളുടെ മേല്‍ തെളിവ് സ്ഥാപിക്കുകയും, നബിമാരെ അയക്കുകയും, സത്യം വ്യക്തമാക്കി നല്‍കുകയും ചെയ്തതോടൊപ്പം അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ വഴികേടിലാക്കുകയും, അവനുദ്ദേശിക്കുന്നവരെ സന്മാര്‍ഗത്തിലാക്കുകയും ചെയ്യുന്നു.
എന്നാല്‍ ഒരടിമയുടെ മേലുള്ള നിര്‍ബന്ധ ബാധ്യത തന്റെ ശുദ്ധപ്രകൃതിയില്‍ മുറുകെപ്പിടിച്ച് ജീവിതം തുടരാന്‍ പരിശ്രമിക്കുക എന്നതും, സത്യത്തില്‍ നിന്ന് തന്നെ തെറ്റിച്ച് കളയുന്നതും തടുക്കുന്നതുമായ കാര്യങ്ങളെ സൂക്ഷിക്കുകയും ചെയ്യുക എന്നതാണ്. എന്തെങ്കിലും കാര്യങ്ങള്‍ അവനെ സത്യത്തില്‍ നിന്ന് തിരിച്ച് കളയുകയാണെങ്കില്‍ ഉടനെ അത് തിരിച്ചറിയുകയും, സത്യത്തിലേക്ക് തിരിച്ചു വരികയും, അതിനെ മുറുകെ പിടിക്കുകയുമാണ് അവന്‍ ചെയ്യേണ്ടത്.
ഒരു വ്യക്തിക്ക് സത്യത്തെ സ്നേഹിക്കാനും, അന്വേഷിച്ചു കൊണ്ടിരിക്കാനും, മുറുകെ പിടിക്കാനും കഴിയുക എന്നത് അവന് മേല്‍ അല്ലാഹു ചെയ്ത അനുഗ്രഹങ്ങളില്‍ ഏറ്റവും മഹത്തരമായതാണ്.
ഇബ്‌നു ഹസ്മ് -رَحِمَهُ اللَّهُ- പറഞ്ഞു: “നീതിയിലും സത്യത്തിലും നിലകൊള്ളുകയും, അതിനെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്നവനാക്കി ഒരാളെ അല്ലാഹു മാറ്റുക എന്നതാണ് അവന്റെ മേല്‍ അല്ലാഹു ചെയ്യുന്ന ഏറ്റവും ശ്രേഷ്ഠകരമായ അനുഗ്രഹം.” (മുദാവാതുന്നുഫൂസ്: 31)
ഇബ്‌നുല്‍ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞു: “മനുഷ്യന്റെ പരിപൂര്‍ണത രണ്ട് അടിസ്ഥാനങ്ങളിലാണ്. സത്യത്തെ അസത്യത്തില്‍ നിന്ന് വേര്‍തിരിച്ചറിയലും, അത് മുറുകെ പിടിക്കാന്‍ തീരുമാനിക്കലുമാണത്. അല്ലാഹുവിന്റെ അടുക്കല്‍ ഇഹ-പരലോകങ്ങളിലെ സൃഷ്ടികളുടെ സ്ഥാനം ഈ രണ്ട് കാര്യങ്ങളിലുള്ള ഏറ്റക്കുറച്ചിലുകളുടെ അടിസ്ഥാനത്തിലാണ് മാറിമറിയുന്നത്.” (അല്‍-ജവാബുല്‍ കാഫി: 139)
ഈ ഗ്രന്ഥത്തില്‍ ഞാന്‍ പരാമര്‍ശിക്കുന്നത് സത്യത്തില്‍ നിന്ന് നമ്മെ തെറ്റിച്ചു കളയുന്ന ചില കാര്യങ്ങളെ കുറിച്ചാണ്. നീ തീര്‍ച്ചയായും തിരിച്ചറിഞ്ഞിരിക്കുകയും, വിട്ടുനില്‍ക്കുകയും ചെയ്യേണ്ട കാര്യങ്ങളാണ് അവ.
അല്ലാഹു സത്യത്തിന്റെ വക്താക്കളിലും, അതിലേക്ക് ക്ഷണിക്കുന്നവരിലും നമ്മെ ഉള്‍പ്പെടുത്തട്ടെ.
വഴികേടിന്റെയും നാശത്തിന്റെയും മാര്‍ഗങ്ങളില്‍ നിന്ന് അല്ലാഹു നമ്മെ അകറ്റുമാറാകട്ടെ.
സത്യത്തില്‍ നിന്ന് വഴിതെറ്റിക്കുന്ന കാരണങ്ങളായി ഇനി പരാമര്‍ശിക്കുന്ന എല്ലാ കാര്യങ്ങളുടെയും അടിസ്ഥാന കാരണം ഉദ്ദേശ്യശുദ്ധിയില്ലായ്മയോ, അറിവില്ലായ്മയോ, അതിക്രമമോ ആണ്.
അല്ലാഹു അഅ്-ലം.
അടിക്കുറിപ്പുകള്‍:
[1] ശൈഖ് നാസ്വിര്‍ അസ്സഅ്ദി പറഞ്ഞു: “ഇസ്‌ലാമിലെ എല്ലാ നിയമങ്ങളും അല്ലാഹു എല്ലാ സൃഷ്ടികളുടെയും ഹൃദയങ്ങളില്‍ നിക്ഷേപിച്ചിട്ടുണ്ട്. സത്യത്തോടുള്ള സ്നേഹവും, അതിനെ പരിഗണിക്കുക എന്നതും എല്ലാവരുടെ മനസ്സിലുമുണ്ട്. ഫിത്വ്റത്തിന്റെ (ശുദ്ധപ്രകൃതി) എന്നാല്‍ ഇതാണ്. ആരിലെങ്കിലും ഇത് കാണപ്പെടുന്നില്ലെങ്കില്‍ അത് അവന്റെ ശുദ്ധപ്രകൃതിയെ നശിപ്പിച്ച എന്തെങ്കിലും സംഭവം അവന്റെ ജീവിതത്തില്‍ ഉണ്ടായത് കൊണ്ടായിരിക്കും.” (തഫ്സീറുസ്സഅ്ദി: 640)
[2] മനസ്സില്‍ സംശയമുണ്ടാക്കുന്നതും, തിന്മയാകുമോ എന്ന ഭയം മനസ്സില്‍ നിലനിര്‍ത്തുന്നതുമായ കാര്യം എന്നാണ് അത് കൊണ്ടുള്ള ഉദ്ദേശം.
كَبَتَهُ: الشَّيْخُ حَمَد بْن إِبْرَاهِيم العُثْمَان -حَفِظَهُ اللَّهُ وَرَعَاهُ-
تَرْجَمَهُ وَعَلَّقَ عَلَيْهِ: أَبُو تُرَاب عَبْد المُحْسِن بْن سَيِّد عَلِيّ عَيْدِيد
-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-