റമദാനിലെ നഷ്ടപ്പെട്ട നോമ്പുകൾ അടുത്ത റമദാനിന് മുൻപ് നോറ്റു വീട്ടൽ നിർബന്ധമാണ് എന്ന് മുൻപ് കഴിഞ്ഞ ചോദ്യോത്തരങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്. റമദാനിൽ നഷ്ടപ്പെട്ട നോമ്പുകൾ പ്രത്യേകിച്ച് ഒഴിവുകഴിവുകളില്ലാതെ അടുത്ത വർഷത്തെ റമദാനിന് മുൻപ് നോറ്റുവീട്ടാൻ സാധിച്ചില്ലെങ്കിൽ അത്തരക്കാർ ആദ്യം ചെയ്യേണ്ടത് അല്ലാഹുവിനോട് പശ്ചാത്തപിക്കുക എന്നതാണ്. കാരണം നിർബന്ധമായ ഒരു കാര്യം ചെയ്യാതിരിക്കുക എന്നത് തെറ്റാണ്. അതിനുള്ള തൗബ നിർബന്ധമായും അവൻ ചെയ്തിരിക്കേണ്ടതുണ്ട്.
എന്നാൽ തൗബയോടൊപ്പം നഷ്ടപ്പെട്ട നോമ്പുകൾക്ക് പകരമായി എന്തു ചെയ്യണമെന്ന കാര്യത്തിൽ പണ്ഡിതന്മാർക്ക് അഭിപ്രായവ്യത്യാസമുണ്ട്. പ്രധാനമായും മൂന്ന് വീക്ഷണങ്ങൾ ഈ വിഷയത്തിലുണ്ട്. അവ താഴെ നൽകാം:
ഒന്ന്: അയാൾ നഷ്ടപ്പെട്ട നോമ്പുകൾ നോറ്റുവീട്ടുകയും അതോടൊപ്പം നഷ്ടപ്പെട്ട ഓരോ നോമ്പിനും പകരമായി ഒരു ദരിദ്രന് ഭക്ഷണം നൽകുകയും വേണം. ഇബ്നു അബ്ബാസ്, അബൂഹുറൈറ തുടങ്ങിയ സ്വഹാബികൾക്ക് ഈ അഭിപ്രായം ഉള്ളതായി പറയപ്പെട്ടിട്ടുണ്ട്. ഇമാം മാലിക്, ഇമാം ശാഫിഈ, ഇമാം അഹ്മദ് തുടങ്ങി ചില ഇമാമീങ്ങളും ഈ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ലജ്നതുദ്ദാഇമയുടെ ഫത്വയും, ശൈഖ് ഇബ്നു ബാസ് -رَحِمَهُ اللَّهُ- സ്വീകരിച്ചിരുന്ന അഭിപ്രായവും ഇത് തന്നെയാണ്.
രണ്ട്: അയാൾ നഷ്ടപ്പെട്ട നോമ്പുകൾ ഖദ്വാഅ് വീട്ടിയാൽ മാത്രം മതി. ദരിദ്രന് ഭക്ഷണം നൽകുക എന്നത് അയാളുടെ മേൽ നിർബന്ധമില്ല. ഇമാം അബൂഹനീഫ, ഹസനുൽ ബസ്വരി, ഇബ്രാഹീം അന്നഖഈ, ഇമാം ബുഖാരി തുടങ്ങിയവരുടെ അഭിപ്രായം ഇപ്രകാരമാണ്. നോമ്പ് നഷ്ടപ്പെട്ടവർ ഖദ്വാഅ് വീട്ടാൻ സാധിക്കുമെങ്കിൽ അപ്രകാരം ചെയ്യണമെന്നല്ലാതെ, ഭക്ഷണം നൽകണമെന്ന് അല്ലാഹു കൽപ്പിച്ചിട്ടില്ല എന്നതാണ് അവർ തെളിവായി കണ്ടത്. ശൈഖ് ഇബ്നു ഉഥൈമീൻ -رَحِمَهُ اللَّهُ- സ്വീകരിച്ചിരുന്ന അഭിപ്രായം ഇതാണ്.
മൂന്ന്: അയാൾ നഷ്ടപ്പെട്ട നോമ്പുകൾക്ക് പകരമായി ഭക്ഷണം നൽകുക മാത്രം ചെയ്താൽ മതി. കാരണം ഖദ്വാഅ് വീട്ടേണ്ട സമയത്തിനുള്ളിൽ അത് നിർവ്വഹിക്കാൻ കഴിയാതെ പോയതിനാൽ ഇനി അതിന് പകരം നോമ്പ് നോൽക്കുന്നതിൽ അർത്ഥമില്ല എന്നതാണ് ഈ അഭിപ്രായം സ്വീകരിച്ചവരുടെ നിലപാട്. ഇബ്നു ഉമറിലേക്ക് ഈ അഭിപ്രായം ചേർത്തി പറയപ്പെട്ടിട്ടുണ്ടെങ്കിലും അത് സ്ഥിരപ്പെട്ടിട്ടില്ല എന്നതാണ് ശരി.
ഈ അഭിപ്രായങ്ങളിൽ രണ്ടാമത്തെ അഭിപ്രായമാണ് ശരിയായ അഭിപ്രായമായി മനസ്സിലാകുന്നത്. അതായത് എത്ര വർഷം മുൻപുള്ള റമദാനിലെ നോമ്പുകളാണെങ്കിലും അവക്ക് പകരം നോമ്പ് നോൽക്കുക എന്നത് മാത്രം മതിയാകും. കാരണം അതല്ലാതെ മറ്റൊന്നും നോമ്പ് നഷ്ടപ്പെടുത്തിയവരുടെ മേൽ നിർബന്ധമാക്കുവാൻ വ്യക്തമായ തെളിവ് കാണുന്നില്ല. ഈ വിഷയത്തിൽ വന്ന സ്വഹാബികളുടെ വാക്കുകൾ പരിഗണിച്ചു കൊണ്ട് ഇബ്നു ഉസൈമീൻ -رَحِمَهُ اللَّهُ- പറഞ്ഞു: “സ്വഹാബികളുടെ വാക്ക് ഈ വിഷയത്തിൽ തെളിവായി പരിഗണിക്കാമോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. കാരണം ഈ വിഷയത്തിൽ ഖുർആനിൽ പറഞ്ഞതിന് എതിരായാണ് അവരുടെ വാക്ക് കാണുന്നത്… അതിനാൽ നഷ്ടപ്പെട്ട നോമ്പുകൾ ഖദ്വാഅ് വീട്ടുന്നതിനോടൊപ്പം ഭക്ഷണം കൂടി നൽകണം എന്ന് അവരിൽ ചിലർ പറഞ്ഞത് മുസ്തഹബ്ബ് (നല്ല കാര്യം) എന്ന അർഥത്തിലായിരിക്കാം. നിർബന്ധം എന്ന അർഥത്തിലായി കൊള്ളണമെന്നില്ല.” (ശർഹുൽ മുംതിഅ്: 6/451)
അതിനാൽ മുൻപുള്ള റമദാനിലെ നോമ്പുകൾ നഷ്ടപ്പെട്ടവർ അടുത്ത റമദാനിന് മുൻപായി നോമ്പ് നോറ്റു വീട്ടിയിട്ടില്ലെങ്കിൽ നഷ്ടപ്പെട്ട നോമ്പുകൾക്ക് പകരമായി അവർ നോമ്പ് നോൽക്കട്ടെ. ഇനി അതിനോടൊപ്പം ഓരോ നോമ്പിനും പകരമായി ഭക്ഷണം നൽകിയാൽ അത് നല്ലതാണ്; എന്നാൽ നിർബന്ധമില്ല. വല്ലാഹു അഅ്ലം.