ഒരു റമദാനിൽ നഷ്ടപ്പെട്ട നോമ്പുകൾ അടുത്ത റമദാനിന് മുൻപ് നോറ്റു വീട്ടുക എന്നത് നിർബന്ധമായ കാര്യമാണ്. എന്നാൽ ആർക്കെങ്കിലും എന്തെങ്കിലും മതപരമായി അനുവദിക്കപ്പെട്ട കാരണങ്ങളാൽ നോമ്പ് നോറ്റു വീട്ടാൻ സാധിച്ചില്ലെങ്കിൽ അവന് നോമ്പ് നോറ്റു വീട്ടുന്നത് വൈകിപ്പിക്കാവുന്നതാണ്. ഉദാഹരണത്തിന് രോഗമോ, ഒഴിച്ചു കൂടാൻ സാധിക്കാത്ത നിരന്തരമായ യാത്രകളോ മറ്റോ ഉണ്ടായാൽ അവർക്ക് അടുത്ത റമദാനിന് ശേഷം സാധിക്കുമ്പോൾ നോമ്പ് നോറ്റുവീട്ടാവുന്നതാണ്.
ഈ പറഞ്ഞതിന് സമാനമാണ് ഗർഭം ധരിക്കുകയും, അടുത്ത വർഷം കുട്ടിക്ക് മുലയൂട്ടുകയും ചെയ്യുന്ന സ്ത്രീകളുടെ സ്ഥിതി. ഗർഭധാരണം കാരണത്താൽ ഒരു വർഷത്തെ റമദാനിലെ നോമ്പുകളും, മുലയൂട്ടൽ കാരണം അടുത്ത വർഷത്തെ നോമ്പുകളും ചിലർക്ക് നഷ്ടപ്പെട്ടേക്കാം. അവർ മേൽ പറഞ്ഞത് പോലെ ഒഴിവുകഴിവുകൾ ഉള്ളതിനാൽ നോമ്പ് നോറ്റുവീട്ടുന്നത് വൈകിച്ചതായതിനാൽ സാധിക്കുമ്പോൾ നഷ്ടപ്പെട്ട നോമ്പുകൾ നോറ്റുവീട്ടിയാൽ മതിയാകും.
എന്നാൽ ചില സ്ത്രീകൾ ധരിച്ചിരിക്കുന്നത് പോലെ കേവലം ഗർഭം ധരിച്ചു എന്നതിനാലോ, മുലയൂട്ടുന്നു എന്നത് കൊണ്ട് മാത്രമോ നോമ്പ് ഒഴിവാക്കാൻ പാടില്ല എന്ന കാര്യം സാന്ദർഭികമായി ഓർമ്മപ്പെടുത്തട്ടെ. മറിച്ച് അവർക്ക് ഇളവുകൾ സ്വീകരിക്കാനുള്ള അർഹത ഉണ്ടോ എന്ന കാര്യം വേറെ തന്നെ അവർ പരിശോധിക്കേണ്ടതാണ്. വല്ലാഹു അഅ്ലം.