ഈ വിഷയത്തിൽ പണ്ഡിതന്മാർക്ക് പ്രധാനമായും രണ്ട് അഭിപ്രായങ്ങൾ ഉണ്ട്. അവ താഴെ പറയാം.
ഒന്ന്: റമദാനിലെ നോമ്പ് കടംവീട്ടുന്നതിന് മുൻപ് സുന്നത്ത് നോമ്പുകൾ നോൽക്കുന്നത് അനുവദനീയമല്ല. മറിച്ച് റമദാനിലെ നോമ്പുകൾ നോറ്റുവീട്ടിയ ശേഷം മാത്രമേ സുന്നത്ത് നോമ്പുകൾ എടുക്കാൻ പാടുള്ളൂ. ശൈഖ് ഇബ്നു ബാസ് -رَحِمَهُ اللَّهُ- ഈ അഭിപ്രായമായിരുന്നു സ്വീകരിച്ചിരുന്നത്. (മജ്മൂഅ്: 15/388)
രണ്ട്: റമദാനിലെ നോമ്പ് കടംവീട്ടുന്നതിന് മുൻപ് സുന്നത്ത് നോമ്പുകൾ നോൽക്കുന്നത് അനുവദനീയമാണ്. ശവ്വാൽ ആറുനോമ്പിന്റെ കാര്യത്തിലൊഴികെ. ഇതാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ശൈഖ് ഇബ്നു ഉസൈമീൻ -رَحِمَهُ اللَّهُ- ഈ അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളത്. (ശർഹുൽ മുംതിഅ്: 6/447)
രണ്ടാമത്തെ അഭിപ്രായമാണ് കൂടുതൽ ശരിയോട് അടുത്തു നിൽക്കുന്നതായി മനസ്സിലാകുന്നത്. കാരണം റമദാനിലെ നോമ്പുകൾ മറ്റെപ്പോഴെങ്കിലും എടുത്തു വീട്ടുക എന്ന് മാത്രമേ അല്ലാഹു നിർദേശിച്ചിട്ടുള്ളൂ. റമദാൻ കഴിഞ്ഞ ഉടൻ തന്നെയോ, മറ്റേതെങ്കിലും സുന്നത്തുകൾ നിർവ്വഹിക്കുന്നത് മുൻപ് തന്നെയോ അത് എടുത്തു വീട്ടണം എന്ന് അല്ലാഹു കൽപ്പിച്ചിട്ടില്ല. അതിനാൽ സുന്നത്ത് നോമ്പുകൾ റമദാനിന് മുൻപ് നോറ്റാൽ അത് സ്വീകാര്യമാണ്; ശവ്വാലിലെ ആറ് നോമ്പിന്റെ കാര്യത്തിലൊഴികെ. അത് നോൽക്കുന്നതിന് മുൻപ് റമദാനിലെ നോമ്പ് നോറ്റുവീട്ടൽ നിർബന്ധമാണ്.
എന്നാൽ സാന്ദർഭികമായി ഓർമ്മപ്പെടുത്തട്ടെ; റമദാനിലെ നോമ്പുകൾ നോറ്റുവീട്ടിയതിന് ശേഷം സുന്നത്ത് നോമ്പുകൾ നോറ്റുവീട്ടുന്നതാണ് കൂടുതൽ ഉത്തമം എന്ന കാര്യത്തിൽ സംശയമില്ല. കാരണം നിർബന്ധകർമ്മങ്ങളാണ് അല്ലാഹുവിലേക്ക് കൂടുതൽ അടുപ്പിക്കുന്നതും അവന് കൂടുതൽ പ്രിയങ്കരമായിട്ടുള്ളതും. മാത്രമല്ല, നഷ്ടപ്പെട്ടു പോയ നിർബന്ധകർമ്മങ്ങൾ അല്ലാഹുവിനോടുള്ള അടിമയുടെ കടമാണ്. ജീവിച്ചിരിക്കുമ്പോഴും മരിച്ചാലും അത് കടമായി തന്നെ നിലകൊള്ളുന്നതാണ് എന്നതിനാൽ അവയാണ് ആദ്യം പൂർത്തീകരിക്കാൻ ശ്രമിക്കേണ്ടത്. വല്ലാഹു അഅ്ലം.