റമദാനിലെ നോമ്പ് കടമുണ്ടായിരിക്കെ ഒരാൾ മരണപ്പെട്ടാൽ അതിന്റെ വിധികൾ എപ്രകാരമാണെന്ന് മുൻപ് നാം വിശദീകരിച്ചു കഴിഞ്ഞു. ന്യായമായ കാരണത്താൽ റമദാനിലെ നോമ്പ് ഉപേക്ഷിക്കേണ്ടി വരികയും, പിന്നീട് നോറ്റുവീട്ടാൻ വൈകിപ്പോവുകയും ചെയ്തവരാണെങ്കിൽ അവരുടെ കുടുംബക്കാർ നഷ്ടപ്പെട്ട നോമ്പുകൾ നോറ്റുവീട്ടണമെന്നും, അതിന് കഴിയില്ലെങ്കിൽ നഷ്ടപ്പെട്ട നോമ്പുകൾക്ക് തുല്ല്യമായി ദരിദ്രർക്ക് ഭക്ഷണം നൽകണമെന്നും അവിടെ പറഞ്ഞിരുന്നു. എന്നാൽ ഒരാൾക്ക് ധാരാളം നോമ്പുകൾ ഉണ്ടാവുകയോ, അതല്ലെങ്കിൽ മരിച്ച വ്യക്തിയുടെ കുടുംബക്കാർ ഒരു പോലെ അയാൾക്ക് പകരം നോമ്പ് നോൽക്കണമെന്ന് ആഗ്രഹിക്കുകയോ ചെയ്താൽ എന്തു ചെയ്യാം എന്നതാണ് ഇവിടെയുള്ള ചോദ്യം.
ഇത്തരം സന്ദർഭങ്ങളിൽ ഒരാളുടെ കടംവീട്ടാനുള്ള നോമ്പുകൾ പലർക്കായി വീതിച്ചു നൽകാവുന്നതാണ്. ഉദാഹരണത്തിന് ഒരാൾക്ക് റമദാനിലെ പത്തു നോമ്പുകൾ നോറ്റുവീട്ടാനുണ്ടെങ്കിൽ -അയാൾക്ക് അഞ്ചു മക്കളും ഉണ്ടെങ്കിൽ- ഓരോരുത്തർക്കും രണ്ട് വീതം നോമ്പുകൾ നോറ്റുവീട്ടാവുന്നതാണ്. ഈ വീതം വെക്കൽ ഉദ്ദേശിക്കുന്ന രൂപത്തിലെല്ലാം മാറ്റാവുന്നതാണ്. ഒരാൾക്ക് തന്നെ അഞ്ച് നോമ്പുകൾ നോൽക്കുകയും, മറ്റുള്ളവർക്ക് ബാക്കി അഞ്ചു നോമ്പുകൾ വീതിക്കുകയുമാവാം. ഈ പത്തു നോമ്പുകൾ രണ്ടുദിവസം കൊണ്ട് തന്നെ അഞ്ചു പേർക്കും നോറ്റുവീട്ടുകയുമാകാം. വല്ലാഹു അഅ്ലം.
എന്നാൽ തുടർച്ചയായി നോറ്റു വീട്ടേണ്ട കഫാറതിന്റെ ഭാഗമായുള്ള നോമ്പുകളാണ് കടമായുള്ളതെങ്കിൽ അതിന്റെ വിധികൾ വ്യത്യസ്തമാണ്. ഉദാഹരണത്തിന് ഒരാൾക്ക് റമദാനിന്റെ പകലിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനാൽ രണ്ട് മാസം തുടർച്ചയായി നോമ്പ് നോൽക്കാനുണ്ടാവുകയും, അത് പൂർത്തീകരിക്കുന്നതിന് മുൻപ് അയാൾ മരിക്കുകയും ചെയ്താൽ അദ്ദേഹത്തിന്റെ കുടുംബക്കാരിൽ ആരെങ്കിലും നോമ്പ് നോറ്റുവീട്ടാൻ ഉദ്ദേശിക്കുന്നെങ്കിൽ തുടർച്ചയായി തന്നെ നോമ്പ് നോറ്റുവീട്ടണം. അത് പലർക്കായി വീതിക്കുക എന്നത് അനുവദനീയവുമല്ല. ഇനി നോറ്റുവീട്ടാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ മുൻപ് പറഞ്ഞതു പോലെ അതിന് തുല്ല്യമായി ദരിദ്രർക്ക് ഭക്ഷണം നൽകിയാലും മതിയാകും. വല്ലാഹു അഅ്ലം. (അവലംബം: മജ്മൂഅ് ഫതാവാ ഇബ്നി ബാസ്: 15/365-367)