അല്ലാഹുവിന്റെ ശത്രുക്കള്‍ക്ക് സംഭവിക്കുന്ന പ്രയാസങ്ങളില്‍ സന്തോഷിക്കാം. അത് സ്വാഭാവികമാണ്. ഇത് പാടില്ലെന്ന് പറയുന്നവര്‍ മനുഷ്യന്റെ മനസ്സുകളില്‍ പ്രകൃതിപരമായ തന്നെ ഉണ്ടാകുന്ന, അനുവദിക്കപ്പെട്ട വികാരങ്ങളെ അടിച്ചമര്‍ത്താനാണ് ആവശ്യപ്പെടുന്നത്. ഇസ്‌ലാമാകട്ടെ, ശുദ്ധ പ്രകൃതിയുടെ മതവുമാണ്.
നിന്റെ ശത്രുവായ, നിന്നെ ഏറെ ഉപദ്രവിക്കുന്ന ഒരു മനുഷ്യന് പ്രയാസമുണ്ടായാല്‍ അത് സ്വാഭാവികമായും നിന്റെ മനസ്സില്‍ സന്തോഷമുണ്ടാക്കും. ഐഹികമായ കാര്യങ്ങളില്‍ പോലും അതപ്രകാരമാണ്. അപ്പോള്‍ പിന്നെ, മതത്തിന്റെ പേരില്‍ നീ വെറുക്കുന്ന, അല്ലാഹുവിന്റെയും റസൂലിന്റെയും ശത്രുക്കള്‍ക്ക് ഉണ്ടാകുന്ന പ്രയാസങ്ങളില്‍ നിനക്കെങ്ങനെയാണ് സന്തോഷമുണ്ടാകാതിരിക്കുക. ഇത് ഇസ്‌ലാം വിലക്കിയിട്ടില്ല.
കുഫ്ഫാറുകളുടെയും, തിന്മകള്‍ ചെയ്തും അതിക്രമങ്ങള്‍ വര്‍ദ്ധിപ്പിച്ചും ജീവിക്കുന്നവരുടെ മരണത്തില്‍ മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും മരങ്ങളും വരെ സന്തോഷിക്കുകയും ആശ്വാസം കൊള്ളുകയും ചെയ്യുന്നുണ്ടെന്നാണ് നബി -ﷺ- അറിയിച്ചത്.
«العَبْدُ المُؤْمِنُ يَسْتَرِيحُ مِنْ نَصَبِ الدُّنْيَا وَأَذَاهَا إِلَى رَحْمَةِ اللَّهِ، وَالعَبْدُ الفَاجِرُ يَسْتَرِيحُ مِنْهُ العِبَادُ وَالبِلاَدُ، وَالشَّجَرُ وَالدَّوَابُّ»
അവിടുന്ന് പറഞ്ഞു: “ഒരു മുഅ്മിന്‍ (മരിക്കുമ്പോള്‍) ദുനിയാവിന്റെ പ്രയാസങ്ങളില്‍ നിന്നും ഉപദ്രവങ്ങളില്‍ നിന്നും അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് പോയി ആശ്വാസം കൊള്ളുന്നു. എന്നാല്‍, തെമ്മാടിയായ ഒരുവന്‍ മരിക്കുമ്പോള്‍, മനുഷ്യരും നാടും മരങ്ങളും മൃഗങ്ങളും അവനില്‍ നിന്ന് ആശ്വാസം കൊള്ളുന്നു.” (ബുഖാരി: 6512, മുസ്‌ലിം: 950)
മാത്രമല്ല, ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക് പ്രയാസങ്ങള്‍ ഉണ്ടാകുന്നതിനും, അവരുടെ ഭൗതിക സുഖസൗകര്യങ്ങള്‍ നശിക്കുന്നതിന് വേണ്ടിയും പ്രാര്‍ഥിക്കാമെന്ന് വരെ നബിമാരുടെ ചരിത്രത്തിലൂടെ അല്ലാഹു നമ്മെ അറിയിച്ചിട്ടുണ്ട്. കാരണം, ഇസ്‌ലാമിന്റെ ശത്രുക്കള്‍ അവരുടെ ഭൗതിക സൗകര്യങ്ങള്‍ ഈ ദീനിനെ നശിപ്പിക്കുന്നതിനും തകര്‍ക്കുന്നതിനുമാണ് ഉപയോഗിക്കുക.
وَأَنَّهُ أَهْلَكَ عَادًا الْأُولَىٰ ﴿٥٠﴾ وَثَمُودَ فَمَا أَبْقَىٰ ﴿٥١﴾ وَقَوْمَ نُوحٍ مِّن قَبْلُ ۖ إِنَّهُمْ كَانُوا هُمْ أَظْلَمَ وَأَطْغَىٰ ﴿٥٢﴾ وَالْمُؤْتَفِكَةَ أَهْوَىٰ ﴿٥٣﴾ فَغَشَّاهَا مَا غَشَّىٰ ﴿٥٤﴾ فَبِأَيِّ آلَاءِ رَبِّكَ تَتَمَارَىٰ ﴿٥٥﴾
“ആദിമ ജനതയായ ആദിനെ ഥമൂദിനെയും അവനാണ് നശിപ്പിച്ചതെന്നും (അവന് അറിയില്ലേ?). എന്നിട്ട് ( ഒരാളെയും ) അവന്‍ അവശേഷിപ്പിച്ചില്ല. അതിന് മുമ്പ് നൂഹിന്റെ ജനതയെയും ( അവന്‍ നശിപ്പിച്ചു. ) തീര്‍ച്ചയായും അവര്‍ കൂടുതല്‍ അക്രമവും, കൂടുതല്‍ ധിക്കാരവും കാണിച്ചവരായിരുന്നു. കീഴ്മേല്‍ മറിഞ്ഞ രാജ്യത്തെയും, അവന്‍ തകര്‍ത്തു കളഞ്ഞു. അങ്ങനെ ആ രാജ്യത്തെ അവന്‍ ഭയങ്കരമായ ഒരു (ശിക്ഷയുടെ) ആവരണം കൊണ്ട് പൊതിഞ്ഞു. അപ്പോള്‍ നിന്റെ റബ്ബിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെപ്പറ്റിയാണ് നീ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നത്?” (നജ്മ്: 50-54)
وَقَالَ نُوحٌ رَّبِّ لَا تَذَرْ عَلَى الْأَرْضِ مِنَ الْكَافِرِينَ دَيَّارًا ﴿٢٦﴾ إِنَّكَ إِن تَذَرْهُمْ يُضِلُّوا عِبَادَكَ وَلَا يَلِدُوا إِلَّا فَاجِرًا كَفَّارًا ﴿٢٧﴾
“നൂഹ് പറഞ്ഞു.: എന്റെ റബ്ബേ, ഭൂമുഖത്ത് (നിന്നെ) നിഷേധിച്ചവരിൽ പെട്ട ഒരുത്തനെയും നീ വിട്ടേക്കരുതേ. തീര്‍ച്ചയായും നീ അവരെ വിട്ടേക്കുകയാണെങ്കില്‍ നിന്റെ ദാസന്‍മാരെ അവര്‍ പിഴപ്പിച്ചു കളയും. ദുര്‍വൃത്തന്നും (അല്ലാഹുവിനെയും പരലോകത്തെയും) നിഷേധിക്കുന്നവനുമല്ലാതെ അവര്‍ ജന്‍മം നല്‍കുകയുമില്ല.” (നൂഹ്: 26-27)
കാരുണ്യത്തിന്റെ റസൂലായ മുഹമ്മദ് നബി -ﷺ- ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്കെതിരെ എത്ര തവണ പ്രാര്‍ഥിച്ചിട്ടുണ്ട്. ആരെങ്കിലും ഈ പ്രാര്‍ഥനകളില്‍ നിന്ന് നബി -ﷺ- ക്ക് കാരുണ്യമില്ലെന്നോ, ഇസ്‌ലാം സംസ്കാരമില്ലാത്ത മതമാണെന്നോ മനസ്സിലാക്കിയാല്‍ അതവന്റെ വിവരക്കേട് എന്നല്ലാതെ മറ്റെന്താണ്?! അവിടുന്ന് നിസ്കാരങ്ങളില്‍ പ്രാര്‍ഥിച്ചു:
«اللَّهُمَّ أَنْجِ المُسْتَضْعَفِينَ مِنَ المُؤْمِنِينَ، اللَّهُمَّ اشْدُدْ وَطْأَتَكَ عَلَى مُضَرَ، اللَّهُمَّ اجْعَلْهَا سِنِينَ كَسِنِي يُوسُفَ»
“അല്ലാഹുവേ! അടിച്ചമര്‍ത്തപ്പെട്ട മുസ്‌ലിമീങ്ങളെ നീ രക്ഷിക്കേണമേ! അല്ലാഹുവേ! മുദ്വര്‍ ഗോത്രത്തിന് മേലുള്ള നിന്റെ ശിക്ഷ നീ കഠിനമാക്കണേ! അല്ലാഹുവേ! യൂസുഫ് നബി -عَلَيْهِ السَّلَامُ- യുടെ സമൂഹത്തില്‍ ഉണ്ടായത് പോലുള്ള പട്ടിണി നീ അവര്‍ക്ക് നല്‍കണേ!” (ബുഖാരി: 1006)
മേൽ പറയപ്പെട്ടവരിൽ പലരും ചെയ്യുന്നതിനേക്കാൾ വ്യാപകവും കഠിനവുമായ പീഢനങ്ങളും ദുരിതങ്ങളുമാണ് ഇക്കാലഘട്ടത്തിൽ ഇസ്‌ലാമിന്റെ ശത്രുക്കളിൽ ചിലർ അഴിച്ചു വിട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ അവരിൽ ആർക്കെങ്കിലും പ്രയാസമോ ദുരിതമോ ബാധിച്ചാൽ ചിലര്‍ അവര്‍ക്ക് എതിരെ പ്രാര്‍ഥിക്കുന്നത് പോകട്ടെ; അവര്‍ക്ക് വേണ്ടി അനുകൂലമായി പ്രാര്‍ഥിക്കാനാണ് മുസ്‌ലിം സമൂഹത്തെ ചിലർ ഉപദേശിച്ചു കൊണ്ടിരിക്കുന്നത്. ഇന്നാലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊന്‍! ഇത്തരം അബദ്ധങ്ങള്‍ പറയുന്നവരോട് ചോദിക്കട്ടെ.
അല്ലാഹുവിനെ ധിക്കരിച്ചതിന്റെ ഫലമായി കഴിഞ്ഞു പോയ സമൂഹങ്ങളില്‍ അനേകം പേര്‍ക്ക് -ആദ്-ഥമൂദ് ഗോത്രങ്ങള്‍ക്കും ഫിര്‍ഔനിനും കൂട്ടാളികള്‍ക്കുമൊക്കെ- ഉണ്ടായ നാശങ്ങളെ കുറിച്ചും, അവരുടെ പതനത്തെ കുറിച്ചും അല്ലാഹു -تعالى- അറിയിച്ചിട്ടുണ്ട്. ഇതെല്ലാം വായിക്കുന്ന മുസ്‌ലിം അതില്‍ സന്തോഷിക്കുകയാണോ വേണ്ടത്, അതല്ല ദുഖിക്കുകയോ?
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ ﴿٦﴾ إِرَمَ ذَاتِ الْعِمَادِ ﴿٧﴾ الَّتِي لَمْ يُخْلَقْ مِثْلُهَا فِي الْبِلَادِ ﴿٨﴾ وَثَمُودَ الَّذِينَ جَابُوا الصَّخْرَ بِالْوَادِ ﴿٩﴾ وَفِرْعَوْنَ ذِي الْأَوْتَادِ ﴿١٠﴾ الَّذِينَ طَغَوْا فِي الْبِلَادِ ﴿١١﴾ فَأَكْثَرُوا فِيهَا الْفَسَادَ ﴿١٢﴾ فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ ﴿١٣﴾ إِنَّ رَبَّكَ لَبِالْمِرْصَادِ ﴿١٤﴾
“ആദ് സമുദായത്തെ കൊണ്ട് നിന്റെ റബ്ബ് എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ? അതായത് തൂണുകളുടെ ഉടമകളായ ഇറം ഗോത്രത്തെ കൊണ്ട.് തത്തുല്യമായിട്ടൊന്ന് രാജ്യങ്ങളില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത ഗോത്രം. താഴ്വരയില്‍ പാറവെട്ടി കെട്ടിടമുണ്ടാക്കിയവരായ ഥമൂദ് ഗോത്രത്തെക്കൊണ്ടും ആണികളുടെ ആളായ ഫിര്‍ഔനെക്കൊണ്ടും. നാടുകളില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും അവിടെ കുഴപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്തവരാണവര്‍. അതിനാല്‍ നിന്റെ റബ്ബ് അവരുടെ മേല്‍ ശിക്ഷയുടെ ചമ്മട്ടി വര്‍ഷിച്ചു.” (ഫജ്ര്‍: 6-14)
മേല്‍ പറഞ്ഞ ആയത്തുകളില്‍ അല്ലാഹു പ്രതാപത്തിന്റെ ഭാഷയില്‍ ചോദിക്കുന്നു; നാം ഈ സമൂഹങ്ങളെയൊക്കെ തകര്‍ത്തത് നീ കണ്ടില്ലേ? എന്ന്. എന്താണ് അല്ലാഹുവിന്റെ ചോദ്യത്തിനുള്ള ഉത്തരം?! അവരും മനുഷ്യരല്ലേ റബ്ബേ?! എന്തിനാണ് നീ അവരെ നശിപ്പിച്ചതെന്നാണോ നാം മറുപടി പറയേണ്ടത്?!
അതല്ല! അല്‍ഹംദുലില്ലാഹ്. ഈ നശിച്ച സമൂഹത്തെ തകര്‍ത്തു കളഞ്ഞ റബ്ബേ; നിനക്ക് സര്‍വ്വ സ്തുതിയുമെന്നാണോ പറയേണ്ടത്?!
ശുഐബ് നബി -عَلَيْهِ السَّلَامُ- യുടെ സമൂഹം അല്ലാഹുവിന്റെ ശിക്ഷ കാരണത്താല്‍ നശിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഖുര്‍ആന്‍ ഇപ്രകാരമാണ് അറിയിച്ചത്.
فَتَوَلَّىٰ عَنْهُمْ وَقَالَ يَا قَوْمِ لَقَدْ أَبْلَغْتُكُمْ رِسَالَاتِ رَبِّي وَنَصَحْتُ لَكُمْ ۖ فَكَيْفَ آسَىٰ عَلَىٰ قَوْمٍ كَافِرِينَ ﴿٩٣﴾
“അനന്തരം അദ്ദേഹം അവരില്‍ നിന്ന് പിന്തിരിഞ്ഞ് പോയി. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, തീര്‍ച്ചയായും എന്റെ റബ്ബിന്റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരികയും ഞാന്‍ നിങ്ങളോട് ആത്മാര്‍ത്ഥമായി ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെ (അല്ലാഹുവിനെയും പരലോകത്തെയും) നിഷേധിച്ച ഒരു ജനതയുടെ പേരില്‍ ഞാന്‍ എന്തിനു ദുഃഖിക്കണം.?” (അഅ്റാഫ്: 93)
ഈ ആയതിന്റെ വിശദീകരണത്തിൽ ശൈഖ് നാസ്വിര്‍ അസ്സഅ്ദി -رحمه الله- പറഞ്ഞു: “ഒരു നന്മയുമില്ലാത്ത ഈ സമൂഹത്തിന്റെ കാര്യത്തില്‍ ഞാന്‍ എങ്ങനെയാണ് സങ്കടപ്പെടുക?! നന്മ വന്നു കിട്ടിയപ്പോള്‍ അവര്‍ അതിനെ തള്ളിക്കളഞ്ഞു. അതവര്‍ സ്വീകരിച്ചില്ല. അതിനാല്‍ അവര്‍ക്ക് ഏറ്റവും യോജിച്ചത് തിന്മ തന്നെ. ഇത്തരക്കാരുടെ പേരില്‍ ദുഖിക്കാന്‍ പോലും അവര്‍ക്ക് അര്‍ഹതയില്ലാതെ പോയി. മറിച്ച്, ഇവരുടെ നാശത്തില്‍ സന്തോഷിക്കുകയാണ് വേണ്ടത്.” (തഫ്സീറുസ്സഅ്ദി: 296)
മാനവികതയുടെ പേരും പറഞ്ഞ് ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക് സംഭവിച്ച ദുരിതങ്ങളില്‍ സന്തോഷിക്കരുതെന്ന് മുസ്‌ലിമീങ്ങളെ വിലക്കുന്നവര്‍ ഖുര്‍ആനിലെ ഈ സംഭവങ്ങള്‍ വായിക്കുമ്പോഴും -ധിക്കാരികളുടെ പതനത്തിൽ- ദുഖിക്കണമെന്നാണല്ലോ പറയേണ്ടത്? ഫിർഔനിനും അവന്റെ കൂട്ടാളികൾക്കും, അബൂജഹ്‌ലിനും അവന്റെ സഹായികൾക്കും അവരെ പോലുള്ളവർക്കുമെല്ലാം അല്ലാഹുവിന്റെ കാരുണ്യം ലഭിക്കാൻ പ്രാർത്ഥിക്കുകയാണല്ലോ ചെയ്യേണ്ടത്?! അല്ല! അവരും മനുഷ്യരാണല്ലോ?!
ബുദ്ധിയോടോ പ്രമാണത്തോടോ യോജിക്കാത്ത ഇത്തരം വിവരക്കേടുകളിൽ അകപ്പെടുന്നതിൽ നിന്ന് അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ!
അഖീദതുത്ത്വഹാവിയ്യ എന്ന ഗ്രന്ഥത്തിന് വിശദീകരണം എഴുതിയ പണ്ഡിതന്മാരില്‍ പ്രമുഖനായ ഇസ്സുബ്നു അബ്ദിസ്സലാം -رحمه الله- യോട് ചോദിക്കപ്പെട്ട ഒരു ചോദ്യം ഇപ്രകാരമാണ്: “ഒരു മനുഷ്യന്റെ ശത്രു അന്യായമായി കൊല്ലപ്പെട്ടു. അയാളുടെ മരണത്തില്‍ ഈ വ്യക്തിക്ക് സന്തോഷമുണ്ടാവുകയും ചെയ്തു. അത് തിന്മകളിലുള്ള സന്തോഷമാണോ?”
മറുപടിയായി അദ്ദേഹം പറഞ്ഞു: “(ഒരാൾ അന്യായമായി കൊല്ലപ്പെട്ടതിലൂടെ) അല്ലാഹുവിന്റെ നിയമങ്ങള്‍ ലംഘിക്കപ്പെട്ടു എന്നതിന്റെ പേരിലാണ് അവന്റെ സന്തോഷമെങ്കില്‍ അത് തീർത്തും മോശമാണ്! എന്നാല്‍, അന്യായമായി കൊല്ലപ്പെട്ട ഈ അതിക്രമിയുടെ ഉപദ്രവത്തില്‍ നിന്നും മറ്റും മനുഷ്യര്‍ രക്ഷപ്പെട്ടു എന്നോര്‍ത്താണ് അവൻ സന്തോഷിക്കുന്നതെങ്കിൽ അത് തെറ്റായ സന്തോഷമല്ല. മേല്‍ പറഞ്ഞ രണ്ടു സന്തോഷങ്ങളുടെയും കാരണം വ്യത്യസ്തമായതിനാല്‍ അതില്‍ കുഴപ്പമില്ല…” (ഖവാഇദുല്‍ അഹ്കാം: 2/397)
മേലെ നാം പറഞ്ഞത് കാഫിറുകളെ കുറിച്ചാണെങ്കില്‍ ഇമാം അഹ്മദ് -رحمه الله- ബിദ്അത്തുകാരെ കുറിച്ച് പറഞ്ഞത് നോക്കൂ. ഇബ്‌നു അബീ ദാഊദ് എന്ന ബിദ്അതുകാരന്റെ അനുയായികള്‍ക്ക് പ്രയാസമുണ്ടായാല്‍ സന്തോഷിക്കാമോ എന്ന് അദ്ദേഹത്തോട് ചിലര്‍ ചോദിച്ചു. ഇമാം അഹ്മദിന്റെ മറുപടി: “ആരാണ് അതിന്റെ പേരില്‍ സന്തോഷിക്കാത്തത്?!” (ഖല്ലാലിന്റെ അസ്സുന്ന: 5/121)
മുസ്‌ലിംകളിൽ പെട്ട ബിദ്അത്തുകാരുടെ കാര്യമിതാണെങ്കില്‍ ഇസ്‌ലാമിന്റെ കഠിന ശത്രുക്കളായവരുടെ കാര്യം എപ്രകാരമായിരിക്കണം എന്ന് ചിന്തിച്ചു നോക്കുക.
വിഷയത്തിന്റെ ഒരു മറുവശം:
അല്ലാഹുവിനെ നിഷേധിക്കുകയും, ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഉപദ്രവിക്കുകയും ചെയ്തവർ പ്രവർത്തിച്ചു കൂട്ടിയ തിന്മകളും അതിക്രമങ്ങളും പരിഗണിക്കുമ്പോള്‍ അവര്‍ക്കുണ്ടായ പ്രയാസത്തില്‍ നമുക്ക് സന്തോഷവും സമാധാനവുമുണ്ട്. എന്നാല്‍, അവര്‍ അല്ലാഹുവിന്റെ ദീന്‍ -ഈ സത്യമതം- സ്വീകരിക്കാതെ മരണപ്പെട്ടല്ലോ എന്നോര്‍ക്കുമ്പോള്‍ നമുക്കതില്‍ ദുഖവും സങ്കടവും ഉണ്ട്. നമുക്ക് ലഭിച്ച ഹിദായത് -സന്മാർഗം- അവര്‍ക്കും ലഭിച്ചില്ലല്ലോ എന്ന പ്രയാസം നമ്മുടെ മനസ്സിലുണ്ട്. അത് നമ്മുടെ കാരുണ്യത്തിന്റെയും അനുകമ്പയുടെയും ഭാഗമാണ്. അല്ലാഹു നമ്മെ ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റണമെന്ന ചിന്തയോടൊപ്പം, മറ്റു ജനങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ഈയൊരു ബോധ്യം കൂടിയാണ്.
ഇതിന്റെ ഉദാഹരണങ്ങള്‍ ഹദീഥുകളിലും മറ്റും കാണാന്‍ കഴിയും. നബി -ﷺ- അവിടുത്തെ ഉമ്മയുടെ ഖബര്‍ സന്ദര്‍ശിച്ചപ്പോള്‍ കരഞ്ഞുവെന്ന് ഹദീഥില്‍ വന്നിട്ടുണ്ട്. അവിടുത്തെ കരച്ചില്‍ ചുറ്റുമുള്ളവരെയും കരയിപ്പിച്ചു. അവിടുന്ന് പറഞ്ഞു:
«اسْتَأْذَنْتُ رَبِّي فِي أَنْ أَسْتَغْفِرَ لَهَا فَلَمْ يُؤْذَنْ لِي، وَاسْتَأْذَنْتُهُ فِي أَنْ أَزُورَ قَبْرَهَا فَأُذِنَ لِي، فَزُورُوا الْقُبُورَ فَإِنَّهَا تُذَكِّرُ الْمَوْتَ»
“എന്റെ മാതാവിന് വേണ്ടി പാപമോചനം തേടാന്‍ ഞാന്‍ അല്ലാഹുവിനോട് അനുമതി ചോദിച്ചു. അവന്‍ എനിക്ക് അനുമതി നല്‍കിയില്ല. അവരുടെ ഖബര്‍ സന്ദര്‍ശിക്കുവാന്‍ ഞാന്‍ അനുവാദം തേടി. അവന്‍ എനിക്ക് അതിന് അനുവാദം നല്‍കി. അതിനാല്‍ നിങ്ങള്‍ ഖബര്‍ സന്ദര്‍ശിക്കുക. അത് മരണത്തെ ഓര്‍മ്മിപ്പിക്കും.” (മുസ്‌ലിം: 976)
ഇത് പോലെ തന്നെ തന്റെ പിതൃവ്യനായ അബൂ ത്വാലിബ് മരിച്ച വേളയിലും നബി -ﷺ- ദുഖിച്ചു. അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുമെന്ന് നബി -ﷺ- പ്രതീക്ഷിച്ചിരുന്നു. പക്ഷേ, അത് സംഭവിച്ചില്ല. അതിലവിടുത്തേക്ക് വലിയ സങ്കടവുമുണ്ടായിരുന്നു.
ബിദ്അത്തുകാരെ ആക്ഷേപിച്ചു കൊണ്ട് സംസാരിക്കവെ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رحمه الله- പറഞ്ഞു: “ഒരു നിലക്ക് ചിന്തിച്ചാൽ നിനക്ക് ബിദ്അതുകാരോട് കാരുണ്യം തോന്നുകയും, അനുകമ്പ ഉണ്ടാവുകയും ചെയ്യും. ഇത്തരക്കാര്‍ (ബിദ്അത്തുകാര്‍) തീര്‍ത്തും പരിഭ്രാന്തിയിലാണ് അകപ്പെട്ടിരിക്കുന്നതെന്നും, പിശാച് അവരെ വഴിപിഴപ്പിച്ചുവെന്നതും ആലോചിക്കുമ്പോള്‍ (നിനക്ക് അവരോട് കാരുണ്യം തോന്നും). അവര്‍ക്ക് നല്ല ബുദ്ധിശക്തി നല്‍കപ്പെട്ടിട്ടുണ്ട്; എന്നാല്‍ വിശുദ്ധി നല്‍കപ്പെട്ടില്ല. നല്ല ഗ്രാഹ്യശേഷിയും മറ്റുമുണ്ട്; എന്നാല്‍ ദീനില്‍ വിവരമോ വിജ്ഞാനമോ അവര്‍ക്ക് നല്‍കപ്പെട്ടില്ല. കേള്‍വിയും കാഴ്ച്ചയും ഹൃദയവുമെല്ലാമുണ്ട്. പക്ഷേ അതൊന്നും അവര്‍ക്ക് ഉപകാരപ്പെട്ടില്ല.” (ഫാതാവാ അല്‍-ഹമവിയ്യ: 553)
ഇമാം ഇബ്‌നുല്‍ ഖയ്യിം -رحمه الله- ഇക്കാര്യം അദ്ദേഹത്തിന്റെ പ്രസിദ്ധമായ കവിതയില്‍ -നൂനിയ്യയില്‍- വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞതിന്റെ സാരം ഇതാണ്:
“നീ അല്ലാഹുവിന്റെ വിധി എന്ന നിലക്ക് അവരെ (ബിദ്അത്തുകാരെ) നോക്കുക. അപ്പോള്‍ നിനക്കവരോട് കാരുണ്യം തോന്നും. കാരണം അല്ലാഹുവിന്റെ വിധിയെ ഒന്നു കൊണ്ടും തടുക്കാന്‍ കഴിയില്ല. എന്നാല്‍ മതവിധികളുടെ വീക്ഷണകോണിലൂടെ നീ നോക്കുകയാണെങ്കില്‍; മതം അവരോട് നിലകൊള്ളാന്‍ പറഞ്ഞ നിലപാടിലാണ് നീ അവരെ പരിഗണിക്കേണ്ടത്. നിന്റെ മുഖത്തിന് നീ രണ്ടു കണ്ണുകള്‍ നല്‍കുക; റഹ്മാനായ റബ്ബിനെ ഓര്‍ത്ത് കരയുന്ന രണ്ടു കണ്ണുകള്‍. അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ നീയും അവരെ പോലെയാകുമായിരുന്നു; ഹൃദയം അല്ലാഹുവിന്റെ രണ്ടു വിരലുകള്‍ക്കിടയിലാകുന്നു.” (നൂനിയ്യ)
ഈ കവിതാശകലം വിശദീകരിക്കവേ ശൈഖ് നാസ്വിര്‍ അസ്സഅ്ദി -رحمه الله- പറഞ്ഞു: “നീ അല്ലാഹുവിന്റെ വിധിയിലേക്ക് നോക്കിയാല്‍ ഈ ബിദ്അത്തുകാരെ അവന്‍ അപമാനിക്കുകയും, അവരെ തിരിഞ്ഞിടത്തേക്ക് അഴിച്ചു വിടുകയും ചെയ്തതായി കാണാം. തങ്ങളുടെ വഴികേടുകളില്‍ അന്ധരായി നിലകൊള്ളുകയാണ് അവര്‍. ഇത് കാണുമ്പോള്‍ അവരോട് കാരുണ്യം കാണിക്കാനും, അവര്‍ക്ക് ഹിദായത് ലഭിക്കുന്നതിന് വേണ്ടി പരിശ്രമിക്കാനും -നിന്നെ കൊണ്ട് കഴിയാവുന്നിടത്തോളം- നീ സന്നദ്ധനാകും.
എന്നാല്‍, മതനിയമങ്ങളുടെ അടിസ്ഥാനത്തിലാണ് നീ അവരെ വീക്ഷിക്കുന്നതെങ്കില്‍ അല്ലാഹുവിന്റെ കല്‍പ്പനകള്‍ അവരുടെ കാര്യത്തില്‍ നീ പാലിക്കാന്‍ തയ്യാറാവുകയും ചെയ്യും. മതം അവര്‍ക്ക് നല്‍കാന്‍ പറഞ്ഞിരിക്കുന്ന ശിക്ഷകള്‍ നീ നടപ്പിലാക്കണം. അല്ലാഹുവിന്റെ മതം മുറുകെ പിടിക്കാനും, അത് സ്വീകരിക്കാനും (നിനക്ക് സാധ്യമാണെങ്കില്‍) അവരെ നീ നിര്‍ബന്ധിക്കണം. എന്നാല്‍ അതോടൊപ്പം അവന്‍ സ്വന്തം ഈമാനിന്റെ കാര്യത്തില്‍ ഭയമുള്ളവനുമായിരിക്കും. കാരണം അല്ലാഹു ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനാണ്.” (തൗദ്വീഹുല്‍ കാഫിയ: 32)
ശൈഖ് സ്വാലിഹ് അല്‍-ഫൗസാന്‍ ഈ കവിതയെ വിശദീകരിക്കവെ പറഞ്ഞു:
“അല്ലാഹുവിന്റെ വിധി കൊണ്ടാണല്ലോ അവര്‍ക്ക് ഇത് സംഭവിച്ചത് എന്ന നിലക്ക് മാത്രം നീ അവരെ വീക്ഷിക്കുകയാണെങ്കില്‍ നീ ജബരിയ്യതിന്റെ വഴിയിലാണ് അകപ്പെട്ടിരിക്കുന്നത്. (അല്ലാഹു മനുഷ്യരെ തന്റെ വിധിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിച്ചിരിക്കുന്നുവെന്നും, അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമില്ലെന്നും വാദിച്ചവരാണ് ജബരിയ്യാക്കള്‍). എന്നാല്‍, അവര്‍ ഈ പ്രവര്‍ത്തിച്ചതില്‍ അല്ലാഹുവിന്റെ വിധിക്ക് യാതൊരു പങ്കുമില്ലെന്നാണ് നീ മനസ്സിലാക്കിയിട്ടുള്ളതെങ്കില്‍ നീ ഖദരിയ്യത്തിന്റെ വഴിയിലാണ് അകപ്പെട്ടിരിക്കുന്നത്. (അല്ലാഹുവിന്റെ വിധിയെ നിഷേധിച്ച, മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിന്റെ വിധിക്ക് പുറത്താണ് എന്ന് വിശ്വസിച്ചവരാണ് ഖദരിയ്യാക്കള്‍). എന്നാല്‍ അഹ്ലുസ്സുന്ന; അവര്‍ രണ്ട് വീക്ഷണങ്ങളെയും (ശരിയാം വണ്ണം) സ്വീകരിച്ചവരാണ്.” (തഅ്ലീഖുല്‍ മുഖ്തസ്വര്‍: 1/88)
ചുരുക്കത്തില്‍; കുഫാറുകളെ ഈ രണ്ട് കണ്ണുകളിലൂടെയും നാം കാണുന്നു. അല്ലാഹു അവരെ വഴികേടിലാക്കിയെന്നതും, അവര്‍ക്ക് അവരുടെ കഴിവുകള്‍ ഉപകാരപ്പെട്ടില്ല എന്നതും ആലോചിക്കുമ്പോള്‍ അത് നമ്മുടെ ഹൃദയത്തില്‍ പ്രയാസവും സങ്കടവുമുണ്ടാക്കുന്നു. എന്നാല്‍, അവര്‍ വഴികേടിന്റെ മാർഗം തിരഞ്ഞെടുത്തു എന്നും, അല്ലാഹുവിന്റെ ദീന്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെന്നതും, സത്യമതത്തെ നശിപ്പിക്കാന്‍ ശ്രമിച്ചു എന്നതും ആലോചിക്കുമ്പോള്‍ വെറുപ്പും വിദ്വേഷവും നമ്മുടെ മനസ്സുകളില്‍ ഉണ്ടാകുന്നു. ഇതു രണ്ടും ശരിയാം വണ്ണം മനസ്സിലാക്കേണ്ടതുണ്ട്.
അല്ലാഹു അനുഗ്രഹിക്കട്ടെ.