റമദാനില്‍ നോമ്പ് അനുഷ്ഠിക്കുക എന്നത് നിര്‍ബന്ധമാണെന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ ഇസ്ലാമിലെ മറ്റേതു നിയമങ്ങളിലുമുള്ളത് പോലെ നോമ്പിലും അല്ലാഹു -تَعَالَى- ചിലര്‍ക്ക് ഇളവുകള്‍ നല്‍കിയിട്ടുണ്ട്. അല്ലാഹു -تَعَالَى- യുടെ കാരുണ്യം നമ്മെ ബോധ്യപ്പെടുത്തുന്ന നിയമങ്ങളാണ് അവ.
നോമ്പ് മുറിക്കാന്‍ അനുവാദമുള്ളവര്‍ മൂന്ന് തരക്കാരാണ്. ഈ മൂന്ന് വിഭാഗവും അവരുടെ നഷ്ടപ്പെട്ട നോമ്പിന് പകരമായി പാലിക്കേണ്ട നിയമങ്ങള്‍ വ്യത്യസ്തമാണ്. അവ ഇവിടെ ചുരുക്കി എഴുതാം.
ഒന്ന്: നോമ്പ് നോറ്റു വീട്ടുക എന്നത് മാത്രം ബാധ്യതയുള്ളവര്‍. നഷ്ടപ്പെട്ട നോമ്പിന് കഫാറത് നല്കല് ഇവര്‍ക്ക് ബാധ്യതയില്ല.
1- രോഗം മാറുമെന്ന് പ്രതീക്ഷയുള്ള രോഗികള്‍.
5- നോമ്പ് എടുത്താല്‍ തങ്ങളുടെയോ, കുട്ടിയുടെയോ ജീവന് അപകടത്തിലാകുമെന്ന് ഭയക്കുന്ന ഗര്‍ഭിണികള്‍.
7- മറ്റൊരാളുടെ ജീവന് രക്ഷിക്കാന്‍ താനല്ലാതെ മറ്റാരും ഇല്ലെന്ന് ബോധ്യപ്പെട്ടാല്‍, നോമ്പ് തുറക്കാതെ അയാളെ രക്ഷിക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടാല്‍ അവര്‍ക്ക് (നോമ്പ് തുറക്കാന്‍ ഇളവുണ്ട്).
8- യുദ്ധ സന്ദര്‍ഭത്തില്‍ ശത്രുവിനെ കണ്ടു മുട്ടുമ്പോള്‍.
രണ്ട്: നോമ്പ് നോറ്റു വീട്ടേണ്ട ബാധ്യതയില്ല; എന്നാല്‍ കഫാറത് നല്‍കുക എന്നത് നിര്ബന്ധമുള്ളവര്.
9- നോമ്പ് അനുഷ്ഠിക്കാന്‍ പ്രയാസമുള്ള വൃദ്ധര്‍.
10- മാറുമെന്ന് പ്രതീക്ഷയില്ലാത്ത രോഗമുള്ളവര്‍.
മൂന്ന്: നോമ്പ് നോല്‍ക്കുകയെന്നത് നിര്‍ബന്ധമില്ലാത്ത, നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റു വീട്ടുകയോ, പകരമായി കഫാറത് നല്‍കുകയോ ചെയ്യേണ്ടതില്ലാത്തവര്.
11- പ്രായപൂര്‍ത്തിയെത്താത്ത കുട്ടികള്‍.
12- ഭ്രാന്തന്മാര്.
13- ബുദ്ധിസ്ഥിരതയില്ലാത്തവര്‍.
മേല്‍ പരാമര്‍ശിക്കപ്പെട്ട ഓരോ വിഭാഗത്തിന്റെയും നിയമങ്ങള്‍ പ്രത്യേകം പ്രത്യേകം ലേഖനങ്ങളില്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
മേല്‍ പറഞ്ഞത വിഭാഗങ്ങളില്‍ ചിലരെ കുറിച്ച് ചെറിയ വിശദീകരണങ്ങള്‍ നല്‍കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.
- നോമ്പ് മുറിക്കാന്‍ നിര്ബന്ധിക്കപ്പെട്ടവര്.
ഉദാഹരണത്തിന്; നോമ്പ് മുറിച്ചില്ലെങ്കില്‍ നിന്നെ കൊന്നു കളയുമെന്നോ, നിനക്ക് കഠിനമായ ശാരീരികോപദ്രവം ഏല്പ്പിക്കുമെന്നോ, നിന്റെ കുടുംബത്തില്‍ പെട്ടവരെ ഉപദ്രവിക്കുമെന്നോ, സമ്പത്ത് നശിപ്പിക്കുമെന്നോ ആരെങ്കിലും ഭീഷണിപ്പെടുത്തിയാല്‍ -ഈ നിര്‍ബന്ധിതാവസ്ഥയില്‍- തന്റെ നോമ്പ് മുറിക്കാന്‍ അവന് അനുവാദമുണ്ട്. ഈ നോമ്പ് അവന് പിന്നീട് കടം വീട്ടേണ്ടതില്ല.
എന്നാല്‍ ഭീഷണിപ്പെടുത്തന്നവന് തന്റെ ഭീഷണി നടപ്പിലാക്കാന്‍ കഴിവുള്ളവന് കൂടിയായിരിക്കണം എന്ന നിബന്ധനയുണ്ട്. കാരണം ആര്‍ക്കും ഭീഷണിപ്പെടുത്താന്‍ കഴിയും; എന്നാല്‍ എല്ലാ ഭീഷണികളെയും വകവെക്കേണ്ടതുണ്ടാകില്ല. ചിലത് വെറും ആക്രോശങ്ങള്‍ മാത്രമായിരിക്കാം. അത്തരം കാര്യങ്ങള്‍ ഈ പറഞ്ഞതില്‍ ഉള്‍പ്പെടില്ല.
- മറ്റൊരാളെ രക്ഷിക്കാന്‍ വേണ്ടി നോമ്പ് മുറിക്കേണ്ടി വന്നവന്.
ഉദാഹരണത്തിന്; മുങ്ങിത്താഴുന്ന ഏതെങ്കിലും വ്യക്തി. അല്ലെങ്കില്‍ തീപിടുത്തത്തില്‍ അകപ്പെട്ട ഒരാള്‍. ഇതു പോലെ മറ്റെന്തെങ്കിലും പ്രയാസങ്ങളില്‍ പെട്ട ഒരു വ്യക്തി. അയാളെ രക്ഷിക്കാന്‍ നിനക്ക് നോമ്പ് മുറിക്കാതെ കഴിയില്ലെന്ന് വന്നാല്‍ നോമ്പ് മുറിക്കാം. നിനക്ക് അതിന് അനുവാദമുണ്ട്.
കാരണം നിരപരാധിയായ ഒരാളുടെ ജീവന് രക്ഷിക്കല്‍ നിര്‍ബന്ധമാണ്. അത് നിര്‍വ്വഹിക്കാന്‍ നോമ്പ് തടസ്സമാകുന്നെങ്കില്‍ അപ്പോള്‍ അത് ഒഴിവാക്കാന്‍ അനുവാദമുണ്ട്. എന്നാല്‍ നഷ്ടപ്പെട്ട ഈ നോമ്പ് അവന് പിന്നീട് കടം വീട്ടേണ്ടതുണ്ട്.
- വിശപ്പും ദാഹവും കഠിനമാവുകയും, മരണം വരെ ഭയക്കുകയും ചെയ്ത വ്യക്തി.
ചിലപ്പോള്‍ മനുഷ്യന് വിശപ്പ് തീര്‍ത്തും കഠിനമായേക്കാം. തന്റെ ജീവന് നഷ്ടപ്പെടും എന്ന അവസ്ഥയിലേക്കും എത്തിയേക്കാം. മറ്റു ചിലപ്പോള്‍ ബുദ്ധിഭ്രമവും മറ്റു പ്രയാസങ്ങളും ഉണ്ടാകുമെന്ന് പേടിച്ചേക്കാം. അല്ലെങ്കില്‍ ശരീരത്തിലെ ഏതെങ്കിലും അവയവങ്ങള്‍ക്ക് വൈകല്യം സംഭവിക്കുമെന്ന ആശങ്കയുണ്ടായേക്കാം.
ഇത്തരം സന്ദര്‍ഭങ്ങളില്‍ അവന് നോമ്പ് മുറിക്കാന്‍ അനുവാദമുണ്ട്. തന്റെ വിശപ്പും ദാഹവും ശമിപ്പിക്കാന്‍ അനിവാര്യമായ ഭക്ഷണവും വെള്ളവും മാത്രമേ അവന് എടുക്കാവൂ. കിട്ടിയ അവസരത്തില്‍ ധാരാളം കഴിച്ചു കൂട്ടരുതെന്ന് ചുരുക്കം.
വിശപ്പ് കഠിനമാവുകയും, പന്നിമാംസമോ ശവമോ അല്ലാതെ മറ്റൊന്നും ലഭിക്കാതെ വരികയും ചെയ്തവന് അതില്‍ നിന്ന് തന്റെ ജീവന് നിലനിര്‍ത്താവുന്ന, കഠിനമായ വിശപ്പ് ശമിപ്പിക്കാവുന്നത് കഴിക്കാന്‍ അനുവാദമുണ്ടെന്ന നിയമം തന്നെയാണ് മേല്‍ പറഞ്ഞ വിധിയുടെയും ആധാരം.
മേല്‍ പറഞ്ഞ ഇളവ് സ്വീകരിക്കുമ്പോള്‍ അലസത കാണിക്കരുത് എന്നു പണ്ഡിതന്മാര് ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. കാരണം നോമ്പായാല്‍ കുറച്ചു വിശപ്പും ദാഹവും ചെറിയ തലവേദനയുമൊക്കെ സംഭവിച്ചേക്കാം. അതൊക്കെ സാധാരണമാണ്. അതിന്റെ പേരിലൊന്നും നോമ്പ് മുറിക്കാന്‍ പാടില്ല. മറിച്ച് പരമാവധി സഹിച്ചും ക്ഷമിച്ചും മുന്നോട്ടു പോവുക. പരീക്ഷണത്തിന്റെ കാഠിന്യം അനുസരിച്ചാണ് പ്രതിഫലത്തിന്റെ വലുപ്പം വര്‍ദ്ധിക്കുക.
- അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദില്‍ ശക്തി സംഭരിക്കുന്നതിന് വേണ്ടി:
ശത്രുവിനെ നേരിടുമ്പോള്‍ ശക്തി അനിവാര്യമാണ്. നോമ്പ് എടുത്തു കൊണ്ട് യുദ്ധം ചെയ്യുക എന്നത് ശക്തി ക്ഷയിപ്പിക്കാന് സാധ്യതയുണ്ട്. അതിനാല്‍ കൂടുതല്‍ നല്ലത് നോമ്പ് മുറിക്കുന്നതാണ്. ഈ വിഷയത്തില്‍ നബി -ﷺ- യുടെ വ്യക്തമായ ഹദീസുകള്‍ തന്നെ വന്നിട്ടുണ്ട്. നഷ്ടപ്പെട്ട നോമ്പുകള്‍ അവന് പിന്നീട് കടം വീട്ടേണ്ടതാണ്.
ചില ചോദ്യങ്ങള്‍:
- റമദാനിന്റെ പകലില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നു. എന്തു ചെയ്യണം?
റമദാനിന്റെ പകലില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക എന്നത് വളരെ ഗുരുതരമായ തിന്മയാണ്. അതിന്റെ ഗൌരവം ഭര്‍ത്താവിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക.
അയാള്‍ നിങ്ങളുടെ ഉപദേശത്തിന് ചെവി കൊടുക്കാതിരിക്കുകയും, വീണ്ടും ശക്തമായി നിര്‍ബന്ധിക്കുകയും, വഴങ്ങിയില്ലെങ്കില്‍ ഉപദ്രവിക്കുകയും ചെയ്യും എന്നാണെങ്കില്‍ നിങ്ങള്‍ക്ക് നോമ്പ് ഒഴിവാക്കാവുന്നതാണ്. നിങ്ങളുടെ നോമ്പ് -അയാളുമായി ലൈഗികബന്ധത്തില്‍ ഏര്‍പ്പെട്ടാലും- നിഷ്ഫലമായിട്ടില്ല എന്നതാണ് ശരി.
ഈ ദിവസത്തിന് പകരമായി നിങ്ങള്‍ നോമ്പ് എടുക്കുകയോ, കഫാറത് നല്‍കുകയോ ഒന്നും ചെയ്യേണ്ടതില്ല. കാരണം നിങ്ങള്‍ -മേലെ വിശദീകരിച്ചത് പോലെ- നിര്‍ബന്ധിതാവസ്ഥയില്‍ നോമ്പ് മുറിച്ചതാണ്.
എന്നാല്‍, റമദാനിന്റെ പകലില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക എന്ന ഗുരുതരമായ തെറ്റ് ചെയ്ത ഭര്‍ത്താവ് അതിന്റെ കഫാറത് നിര്‍വ്വഹിക്കുകയും, അല്ലാഹുവിനോട് പശ്ചാത്താപം തേടുകയും ചെയ്യേണ്ടതാണ്.
- റമദാനിന്റെ പകലില്‍ ഒരാള്‍ക്ക് രക്തം നല്‍കേണ്ട അത്യാവശ്യം വന്നു. എനിക്ക് നോമ്പ് മുറിക്കാമോ?
മേലെ വിശദീകരിച്ചത് പോലെ; ഒരു നിരപരാധിയുടെ ജീവന് രക്ഷിക്കാന്‍ -അനിവാര്യമായി വന്നാല്‍- നിങ്ങള്‍ക്ക് നോമ്പ് മുറിക്കാവുന്നതാണ്. അതില്‍ പെട്ടതാണ് രക്തം നല്‍കുക എന്നത്. എന്നാല്‍ നഷ്ടപ്പെട്ട നോമ്പ് അയാള്‍ മറ്റൊരിക്കല്‍ നോറ്റു വീട്ടേണ്ടതാണ്.
وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى رَسُولِنَا وَنَبِيِّنَا مُحَمَّدِ بْنِ عَبْدِ اللَّهِ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ
وَآخِرُ دَعْوَانَا أَنِ الحَمْدُ لِلَّهِ رَبِّ العَالَمِينَ.
كَتَبَهُ : أَبُو تُرَاب عَبْد المُحْسِن بْن سَيِّد عَلِيّ عَيْدِيدُ
-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-
ലേഖനത്തിന്റെ പ്രധാന അവലംബം: അസ്സ്വിയാമു ഫില്‍ ഇസ്ലാം/ശൈഖ് സഈദ് അല്‍-ഖഹ്ത്വാനി