റമദാനില്‍ നോമ്പെടുക്കുക എന്നത് നിര്‍ബന്ധമാണെന്ന കാര്യത്തില്‍ സംശയമില്ല. അല്ലാഹു -تَعَالَى- ഖുര്‍ആനില്‍ പറഞ്ഞു:

«يَا أَيُّهَا الَّذِينَ آمَنُواْ كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ»

“അല്ലയോ മുഅ്മിനീങ്ങളെ! നിങ്ങള്‍ക്ക് മുന്‍പുള്ളവരുടെ മേല്‍ നിര്‍ബന്ധമാക്കിയത് പോലെ നിങ്ങള്‍ക്ക് മേലും അല്ലാഹു നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു; നിങ്ങള്‍ തഖ്‌വ ഉള്ളവരാകുന്നതിന് വേണ്ടി.” (ബഖറ: 183)

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായാണ് നബി -ﷺ- റമദാനിലെ നോമ്പിനെ എണ്ണിയത്. അവിടുന്ന് പറഞ്ഞു:

«بُنِيَ الإِسْلَامُ عَلَى خَمْسٍ: شَهَادَةِ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّداً رَسُولُ اللَّهِ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَصَوْمِ رَمَضَانَ، وَحَجِّ البَيْتِ»

“ഇസ്‌ലാം അഞ്ചു കാര്യങ്ങള്‍ക്ക് മേലാണ് പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത്. ‘ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹു അല്ലാതെ ഇബാദതിന് അര്‍ഹനായി മറ്റാരുമില്ല), മുഹമ്മദുന്‍ റസൂലുല്ലാഹ് (മുഹമ്മദ്‌ നബി -ﷺ- അല്ലാഹുവിന്റെ റസൂലാണ്)’ എന്ന സാക്ഷ്യവചനവും, നിസ്കാരം നിലനിര്‍ത്തലും, സകാത് നല്‍കലും, റമദാനില്‍ നോമ്പ് അനുഷ്ടിക്കലും, ഹജ്ജ് ചെയ്യലുമാണ് അവ.” (ബുഖാരി: 8, മുസ്‌ലിം: 16)

നോമ്പ് നിര്‍ബന്ധമാണെന്ന കാര്യത്തില്‍ മുസ്‌ലിമീങ്ങള്‍ ഒന്നടങ്കം ഇജ്മാഇല്‍ ആയിട്ടുമുണ്ട്. ഇജ്മാആകട്ടെ, ഇസ്‌ലാമില്‍ പരിഗണിക്കപ്പെടുന്ന തെളിവുകളില്‍ ഒന്നാണെന്നതില്‍ സംശയമില്ല. നോമ്പ് നിര്‍ബന്ധമാണ്‌ എന്ന കാര്യം ആരെങ്കിലും നിഷേധിക്കുന്നെങ്കില്‍ അവന്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകുകയും, കാഫിറും മുര്‍തദ്ദുമാവുകയും ചെയ്യും.

എന്നാല്‍ ഇസ്‌ലാമിലേക്ക് അടുത്തു മാത്രം കടന്നു വന്ന പുതു മുസ്‌ലിമോ, അറിവില്ലായ്മ കാരണത്താല്‍ നോമ്പ് നിര്‍ബന്ധമാണെന്ന് നിഷേധിച്ചവരോ ആണെങ്കില്‍ അവന് പഠിപ്പിച്ചു നല്‍കേണ്ടതുണ്ട്. തെളിവുകള്‍ വിശദീകരിച്ചു നല്‍കിയതിന് ശേഷവും അവന്‍ തന്റെ നിഷേധത്തില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ അവന്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തു പോവുകയും, കാഫിറായി പരിഗണിക്കപ്പെടുകയും ചെയ്യും.

നോമ്പ് സ്വീകരിക്കപ്പെടണമെങ്കിലും നോമ്പ് ഒരാളുടെ മേല്‍ നിര്‍ബന്ധമായി തീരണമെങ്കിലും ചില നിബന്ധനകള്‍ (ശര്‍ത്വുകള്‍) ഉണ്ട്. അവയാണ് ഈ ലേഖനത്തില്‍ ചുരുക്കി വിശദീകരിക്കുന്നത്. ശ്രദ്ധിക്കുക! രണ്ടു തരം നിബന്ധനകള്‍ ആണ് നാം ഇവിടെ സൂചിപ്പിച്ചത്.

ഒന്ന്: നോമ്പ് സ്വീകരിക്കപ്പെടണമെങ്കില്‍ ഉള്ള ശര്‍ത്വുകള്‍ (شَرْطُ صِحَّةٍ). ഈ ശര്‍ത്വുകള്‍ പൂര്‍ത്തീകരിക്കാത്തവര്‍ നോമ്പ് എടുത്താലും അവരില്‍ നിന്ന് അത് സ്വീകരിക്കപ്പെടുകയില്ല. ചിലപ്പോഴെല്ലാം അവര്‍ നോമ്പ് എടുക്കുക എന്നത് അവരുടെ മേല്‍ തിന്മയായാണ്‌ രേഖപ്പെടുത്തപ്പെടുക. ഈ പറഞ്ഞ ശര്‍ത്വുകള്‍ നാലെണ്ണമാണ്.

1- മുസ്‌ലിമായിരിക്കുക.

2- ബുദ്ധിയുണ്ടായിരിക്കുക.

3- സ്ത്രീകള്‍ ഹയ്ദ്വ്, നിഫാസ് എന്നിവയില്‍ നിന്ന് ശുദ്ധിയായിരിക്കുക.

4- രാത്രി നിയ്യത്ത് വെച്ചിരിക്കുക.

രണ്ട്: നോമ്പ് നിര്‍ബന്ധമാകണമെങ്കിലുള്ള ശര്‍ത്വുകള്‍ (شَرْطُ وُجُوبٍ). ഈ നിബന്ധനകള്‍ പൂര്‍ത്തീകരിക്കപ്പെടാത്ത വ്യക്തികളുടെ മേല്‍ നോമ്പ് നിര്‍ബന്ധമേ ആവുന്നില്ല. ചിലപ്പോള്‍ അവര്‍ നോമ്പെടുക്കുക എന്നത് അനുവദനീയം അല്ലെന്നു മാത്രമല്ല; അതൊരു തിന്മയായി പരിഗണിക്കപ്പെടുകയും ചെയ്യും. അവ:

5- നോമ്പ് എടുക്കാനുള്ള (ആരോഗ്യ) ശേഷി ഉണ്ടായിരിക്കുക.

6- യാത്രക്കാരന്‍ അല്ലാതിരിക്കുക.

7- പ്രായപൂര്‍ത്തിയായിരിക്കുക.

മേല്‍ പറഞ്ഞ ഓരോ ശര്‍ത്വുകളും ചുരുക്കി വിശദീകരിക്കാം.

ഒന്ന്: മുസ്‌ലിമായിരിക്കുക.

ഏതൊരു ഇബാദതും സ്വീകരിക്കപ്പെടാന്‍ ഈ നിബന്ധന നിര്‍ബന്ധമാണ്‌. മുസ്‌ലിമല്ലാത്ത ഒരാള്‍ എന്തെല്ലാം നന്മകള്‍ ചെയ്താലും അത് അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ല. ലോകങ്ങളുടെ സൃഷ്ടാവായ അല്ലാഹു അവതരിപ്പിച്ച ഇസ്‌ലാം മതത്തില്‍ വിശ്വസിക്കുക എന്നത് ഏത് പ്രവര്‍ത്തനങ്ങളും സ്വീകരിക്കപ്പെടാന്‍ അനിവാര്യമാണ്.

റമദാന്‍ മാസത്തില്‍ നോമ്പ് എടുക്കുന്ന ചില കാഫിറുകളെ കാണാറുണ്ട്. അവരുടെ നോമ്പ് അല്ലാഹുവിങ്കല്‍ സ്വീകരിക്കപ്പെടുകയില്ല എന്നതില്‍ യാതൊരു സംശയവുമില്ല. ശാരീരികമായ ചില ഉപകാരങ്ങള്‍ അവര്‍ക്ക് ലഭിച്ചേക്കാം എന്നത് ശരി തന്നെ. പക്ഷേ പരലോകത്ത് ഇത് കൊണ്ട് യാതൊരു ഉപകാരവും ഉണ്ടാവുകയില്ല എന്നതില്‍ സംശയമില്ല.

അവരോട് നമുക്ക് പറയാനുള്ളത് ഇത്ര മാത്രമാണ്: മരണ ശേഷമുള്ള പരലോകത്തില്‍ രക്ഷപ്പെടണമെങ്കില്‍ -ഈ നോമ്പ് അനുഷ്ഠിക്കുന്നതോടൊപ്പം നീ ഇസ്‌ലാം സ്വീകരിക്കുക-; എങ്കില്‍ നോമ്പിന്റെ ഏറ്റവും വലിയ ഫലം -സ്വര്‍ഗം- നിനക്ക് നേടിയെടുക്കാന്‍ കഴിയും.

കാഫിറായ വ്യക്തി എന്തെല്ലാം നന്മകള്‍ ചെയ്താലും നരകത്തില്‍ പ്രവേശിക്കുമെന്ന് പറഞ്ഞു. എന്നാല്‍, പരലോകത്ത് നോമ്പ് അനുഷ്ഠിച്ചില്ല എന്നതിന്റെ പേരില്‍ അവന് വേറെയും ശിക്ഷ ഉണ്ടായിരിക്കുമോ?

ഉണ്ട് എന്ന അഭിപ്രായമാണ് കൂടുതല്‍ ശരിയായി മനസ്സിലാകുന്നത്. നോമ്പ് എടുത്താല്‍ അത് കാഫിറില്‍ നിന്ന് സ്വീകരിക്കപ്പെടില്ല. എടുത്തില്ലെങ്കില്‍ അതിന് വേറെ തന്നെ ശിക്ഷയുമുണ്ടായിരിക്കും. ഇത് പോലെ തന്നെയാണ് ഇസ്‌ലാമിലെ മറ്റു നിയമങ്ങളുടെയും കാര്യം. അവയെല്ലാം അവന്‍ പ്രവര്‍ത്തിച്ചാല്‍ അവനില്‍ നിന്ന് സ്വീകരിക്കപ്പെടുകയില്ല. പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതിന് ശിക്ഷയുമുണ്ട്.

ഇനി ഒരു കാഫിറായ വ്യക്തി മുസ്‌ലിമായാല്‍ മുന്‍പ് അവന്‍ നഷ്ടപ്പെടുത്തിയ നോമ്പുകള്‍ എടുത്തു വീട്ടേണ്ടതുണ്ടോ?

ഇല്ല. കാരണം, മുസ്‌ലിമാകുന്നതോടെ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെട്ടിരിക്കുന്നു. അതിനാല്‍, അവന്‍ മുന്‍പ് എടുക്കാതെ മാറ്റി വെച്ച നോമ്പുകള്‍ നോറ്റു വീട്ടേണ്ടതില്ല.

ഒരാള്‍ റമദാന്‍ മാസത്തില്‍ പകല്‍ സമയത്ത് മുസ്‌ലിമായാല്‍ എന്തു ചെയ്യണം?

എപ്പോഴാണോ അയാള്‍ മുസ്‌ലിമായത്; അത് മുതല്‍ സൂര്യാസ്തമയം വരെ അയാള്‍ നോമ്പുകാരെ പോലെ ജീവിക്കണം. ഭക്ഷണം കഴിക്കുകയോ, വെള്ളം കുടിക്കുകയോ, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയോ, നോമ്പ് മുറിയുന്ന മറ്റെന്തെങ്കിലും കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയോ ചെയ്യരുത്.

പിന്നീട് അയാള്‍ അന്നേ ദിവസത്തെ നോമ്പ് കടം വീട്ടേണ്ടതുണ്ടോ?

വേണ്ടതില്ലെന്നും ഉണ്ടെന്നും രണ്ട് അഭിപ്രായങ്ങള്‍ പണ്ടിതന്മാര്‍ക്ക് ഉണ്ട്. കടം വീട്ടേണ്ടതില്ല എന്ന അഭിപ്രായമാണ് ശൈഖ് ഇബ്‌നു ഉസൈമീനുള്ളത്.

2- ബുദ്ധിയുണ്ടായിരിക്കുക.

ബുദ്ധിയില്ലാത്ത ഭ്രാന്തന്മാരും, പ്രായാധിക്യം കാരണം ബുദ്ധി മറഞ്ഞവരുമാണ് ഉദ്ദേശം -അല്ലാഹു നമ്മെ മാരക രോഗങ്ങളില്‍ നിന്ന് കാത്തു രക്ഷിക്കട്ടെ-. ഇത്തരക്കാര്‍ക്ക് ഇസ്‌ലാമിലെ ഒരു ആരാധന കര്‍മ്മവും നിര്‍ബന്ധമില്ല.

ഭ്രാന്തന്‍ ഏതെങ്കിലും രൂപത്തില്‍ നോമ്പെടുത്തു  എന്ന് വിചാരിക്കുക. എങ്കില്‍ അവനില്‍ നിന്ന് അത് സ്വീകരിക്കപ്പെടുമോ?

ഇല്ല. കാരണം ഭ്രാന്തന് നിയ്യത് വെക്കാന്‍ സാധിക്കുകയില്ല. നിയ്യതില്ലാത്തവന് ഇബാദതുമില്ല. അതിനാല്‍ ഭ്രാന്തന്‍ നോമ്പെടുത്താല്‍ അവന് പ്രത്യേക പ്രതിഫലമോ ശിക്ഷയോ ഒന്നുമില്ല.

ഭ്രാന്ത് വന്നും പോയുമിരിക്കുന്ന ചിലരുണ്ട്. അത്തരക്കാര്‍ എന്തു ചെയ്യണം?

അവന് ബുദ്ധി വരുന്ന സന്ദര്‍ഭത്തില്‍ അവന്റെ മേല്‍ നോമ്പ് നിര്‍ബന്ധമാകും. അല്ലാത്ത സന്ദര്‍ഭത്തില്‍ നോമ്പ് എടുക്കല്‍ നിര്‍ബന്ധമാവുകയുമില്ല.

നോമ്പ് തുടങ്ങിയതിനു ശേഷം ഇടക്കു വെച്ച് ഭ്രാന്ത് വന്നാലോ?

അവന്റെ നോമ്പ് അത് കൊണ്ട് മുറിയില്ല എന്നതാണ് കൂടുതല്‍ ശരിയായ അഭിപ്രായമായി മനസ്സിലാകുന്നത്. അതിനാല്‍ അവന്‍ ആ നോമ്പ് പിന്നീട് നോറ്റു വീട്ടേണ്ടതില്ല.

രാത്രി ഭ്രാന്ത് ബാധിച്ച വ്യക്തിക്ക് പകലില്‍ ബുദ്ധി തിരിച്ചു വന്നാലോ?

ബാക്കിയുള്ള സമയം അവന്‍ നോമ്പുകാരെ പോലെ കഴിച്ചു കൂട്ടണം. എന്നാല്‍ പിന്നീട് നോമ്പ് നോറ്റു വീട്ടേണ്ടതില്ല എന്ന അഭിപ്രായമാണ് കൂടുതല്‍ ശരിയായി മനസ്സിലാകുന്നത്.

3- സ്ത്രീകള്‍ ഹയ്ദ്വ്, നിഫാസ് എന്നിവയില്‍ നിന്ന് ശുദ്ധിയായിരിക്കുക.

ഹയ്ദ്വ് എന്നാല്‍ ആര്‍ത്തവമാണ് ഉദ്ദേശം. നിഫാസ് എന്നാല്‍ പ്രസവ ശേഷമുള്ള രക്തവും. ഇവയില്‍ ഏതെങ്കിലും ഒന്ന് ഉള്ള സ്ത്രീകള്‍ നോമ്പ് എടുക്കല്‍ നിര്‍ബന്ധമില്ല. അല്ല! അവര്‍ നോമ്പ് എടുക്കുന്നത് അനുവദനീയമേ അല്ല.

എന്നാല്‍ -മേല്‍ പറഞ്ഞവരില്‍ നിന്ന് വ്യത്യസ്തമായി- ഇവര്‍ നഷ്ടപ്പെട്ട നോമ്പുകള്‍ മറ്റു ദിവസങ്ങളില്‍ നോറ്റു വീട്ടേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വരും ലേഖനങ്ങളില്‍ വിശദീകരിക്കാം. ഇന്‍ഷാ അല്ലാഹ്.

4- രാത്രി നിയ്യത്ത് വെച്ചിരിക്കുക.

നിയ്യത് എന്നാല്‍ ഉദ്ദേശം, ഒരു കാര്യം പ്രവര്‍ത്തിക്കാനുള്ള തീരുമാനം എന്നൊക്കെയാണ് അര്‍ഥം. നിയ്യതിന്റെ സ്ഥാനം ഹൃദയമാണ്. അത് നാവ് കൊണ്ട് ചൊല്ലിപ്പറയുക എന്നത് പില്‍ക്കാലത്ത് ഉണ്ടാക്കപ്പെട്ട മോശം ബിദ്അതുകളില്‍ ഒന്നാണ്.

നിയ്യത്തില്‍ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. രണ്ടു ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് ഈ രണ്ടു കാര്യങ്ങള്‍. ഓരോ നിയ്യതിലും അവ ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമാണ്‌.

ഒന്ന്: ആര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഈ ഇബാദത് ചെയ്യുന്നത്?

മറ്റാരെയും കാണിക്കുന്നതിന് വേണ്ടിയോ, സൃഷ്ടികളുടെ പ്രശംസയോ പുകഴ്ത്തലോ ലഭിക്കുന്നതിന് വേണ്ടിയോ ഒന്നുമാകരുത് ഇബാദതുകള്‍ ചെയ്യുന്നത്. മറിച്ച്, അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കണം അവ ചെയ്യുന്നത്.

രണ്ട്: ഏത് ഇബാദതാണ് ഞാന്‍ ചെയ്യുന്നത്?

ഉദാഹരണത്തിന്; ഫര്‍ദ്വായ നോമ്പാണോ, അതല്ല സുന്നത്തായ മറ്റേതെങ്കിലും നോമ്പാണോ നീ അനുഷ്ഠിക്കാന്‍ പോകുന്നത്?  ഫര്‍ദ്വാണെങ്കില്‍ തന്നെ; റമദാനിലെ നോമ്പാണോ അതല്ല കഫാറത്തായി (പ്രായശ്ചിത്തം) അനുഷ്ഠിക്കുന്ന നോമ്പാണോ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നിന്റെ മനസ്സില്‍ ഉണ്ടായിരിക്കണം.

നിര്‍ബന്ധ നോമ്പുകള്‍ക്ക് നിയ്യത് വെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന നിയമമുണ്ട്.

ഫര്‍ദ്വായ നോമ്പിന്റെ നിയ്യത് രാത്രിയില്‍ തന്നെ വെച്ചിരിക്കണം. ഫജ്റിന്റെ (സുബഹ്) അദാന്‍ കൊടുത്തതിന് ശേഷം നിയ്യത് വെച്ചാല്‍ കാര്യമില്ല. മറിച്ച്, അതിന് മുന്‍പ് തന്നെ നിയ്യത് ഉണ്ടായിരിക്കണം.

സൂര്യന്‍ അസ്തമിച്ചതിന് ശേഷം സുബഹിയുടെ അദാന്‍ കൊടുക്കുന്നത് വരെ നിയ്യത് വെക്കാവുന്ന സമയമാണ്. രാത്രി കിടക്കാന്‍ പോകുമ്പോഴോ, സുബഹിന് മുന്‍പ് അത്താഴത്തിന് എഴുന്നേല്‍ക്കുമ്പോഴോ ഒക്കെ നിയ്യത് വെക്കാം.

നേരത്തെ പറഞ്ഞത് പോലെ; മനസ്സില്‍ ഉദ്ദേശിക്കുക എന്നത് മാത്രമാണ് നിയ്യത് വെക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ നാട്ടില്‍ വ്യാപകമായി കാണുന്നത് പോലെ മസ്ജിദുകളിലും മറ്റും ഇമാമോ മറ്റാരെങ്കിലുമോ നിയ്യത് ചൊല്ലിക്കൊടുക്കുകയും മറ്റുള്ളവര്‍ അത് ഏറ്റു ചൊല്ലുകയും ചെയ്യുക എന്നത് ബിദ്അതാണ്.

എന്നാല്‍ സുന്നത് നോമ്പുകള്‍ക്ക് മേല്‍ പറഞ്ഞ ഈ നിയമം ബാധകമല്ല. ഒരാള്‍ രാവിലെ സുബഹിന് ശേഷം ഒന്നും കഴിക്കാതിരിക്കുകയും, കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് നോമ്പെടുക്കണം എന്ന് മനസ്സില്‍ തോന്നുകയും ചെയ്‌താല്‍; അത് മുതല്‍ അയാള്‍ക്ക് നോമ്പെടുക്കാം. അത് സുന്നത്ത് നോമ്പായി പരിഗണിക്കപ്പെടും.

മേല്‍ പറഞ്ഞ നിബന്ധനകള്‍ എല്ലാം തന്നെ നോമ്പ് അല്ലാഹു സ്വീകരിക്കാന്‍ വേണ്ട ശര്‍ത്വുകളാണ്. അവ ഇല്ലെങ്കില്‍ അവന്റെ നോമ്പ് അല്ലാഹു -تَعَالَى- സ്വീകരിക്കുകയില്ല. എന്നാല്‍ ഇനി പറയുന്ന ശര്‍ത്വുകള്‍ നോമ്പ് നിര്‍ബന്ധമാകുന്നതിനുള്ള ശര്‍ത്വുകളാണ്. അവ ചെറിയ വിശദീകരണത്തോടെ താഴെ നല്‍കാം.

5- നോമ്പ് എടുക്കാനുള്ള (ആരോഗ്യ) ശേഷി ഉണ്ടായിരിക്കുക.

ഇസ്‌ലാമിലെ എല്ലാ നിയമങ്ങള്‍ക്കും ഈ നിബന്ധന ബാധകമാണ്. സാധ്യമാകാത്ത ഒരു കാര്യവും ഒരാളുടെ മേലും അല്ലാഹു -تَعَالَى- നിര്‍ബന്ധമാക്കിയിട്ടില്ല. അല്ലാഹു കാരുണ്യവാന്‍ ആണെന്ന് തെളിയിക്കുന്ന, അവന്റെ ദീനായ ഇസ്‌ലാം കാരുണ്യത്തിന്റെ ദീനാണെന്ന് മനസ്സിലാക്കി നല്‍കുന്ന വ്യക്തമായ തെളിവാണ് ഇത്.

രോഗം രണ്ടു തരമുണ്ട്.

ഒന്ന്: മാറുമെന്ന് പ്രതീക്ഷയുള്ളത്. ഇത്തരം രോഗങ്ങള്‍ ബാധിച്ച വ്യക്തി നോമ്പ് നോല്‍ക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ രോഗം മാറിയാല്‍ നഷ്ടപ്പെട്ട നോമ്പുകള്‍ അയാള്‍ നോറ്റു വീട്ടേണ്ടതുണ്ട്.

രണ്ട്: മാറുമെന്ന് പ്രതീക്ഷയില്ലാത്ത രോഗങ്ങള്‍. ഉദാഹരണത്തിന്; വാര്‍ദ്ധക്യം. ഇത്തരക്കാര്‍ നഷ്ടപ്പെട്ട ഓരോ ദിവസത്തെ നോമ്പിനും പകരമായി ദരിദ്രന് ഭക്ഷണം നല്‍കുകയാണ് വേണ്ടത്. അതുമായി ബന്ധപ്പെട്ട കണക്കുകളും മറ്റു ചര്‍ച്ചകളും പിന്നീട് വിശദീകരിക്കാം. ഇന്‍ഷാ അല്ലാഹ്.

6- യാത്രക്കാരന്‍ അല്ലാതിരിക്കുക.

നാട്ടില്‍ ഉള്ളപ്പോള്‍ മാത്രമാണ് നോമ്പ് നിര്‍ബന്ധമാകുന്നത്. എന്നാല്‍ നാട്ടില്‍ നിന്ന് പുറത്തു പോയ യാത്രക്കാരന് നോമ്പ് നോല്‍ക്കല്‍ നിര്‍ബന്ധമില്ല. അയാള്‍ തന്റെ യാത്ര അവസാനിക്കുമ്പോള്‍ നോമ്പ് നോറ്റു വീട്ടുകയാണ് വേണ്ടത്. യാത്രക്കാരന്റെ നോമ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പിന്നീടൊരിക്കല്‍. ഇന്‍ഷാ അല്ലാഹ്.

7- പ്രായപൂര്‍ത്തിയായിരിക്കുക.

ചെറിയ കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ നോമ്പ് നോല്‍ക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ അവര്‍ക്ക് പ്രയാസമാകാത്ത രൂപത്തില്‍ നോമ്പ് എടുക്കാന്‍ ശീലിപ്പിക്കുകയും അതിന് പ്രോത്സാഹനം നല്‍കുകയും ചെയ്യേണ്ടതുണ്ട്. സ്വഹാബികള്‍ അപ്രകാരം ചെയ്യാറുണ്ടായിരുന്നു.

എപ്പോഴാണ് കുട്ടികള്‍ പ്രായപൂര്‍ത്തിയാവുക?

താഴെ പറയുന്ന മൂന്ന് കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് ഉണ്ടായാല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പ്രായപൂര്‍ത്തിയാകും.

ഒന്ന്: പതിനഞ്ച് വയസ്സാവുക.

രണ്ട്: ഗുഹ്യഭാഗങ്ങളില്‍ രോമം മുളക്കുക.

മൂന്ന്: ഉറകത്തിലോ ഉണര്‍ച്ചയിലോ സ്ഖലനം സംഭവിക്കുക.

മേല്‍ പറഞ്ഞ മൂന്നല്ലാതെ സ്തീകള്‍ക്ക് മാത്രം പ്രത്യേകമായി നാലാമത് ഒരു അടയാളം കൂടിയുണ്ട്. ഹയ്ദ്വ് ആരംഭിക്കുക എന്നതാണത്.

മേല്‍ പറഞ്ഞവയില്‍ ആദ്യത്തെ മൂന്നില്‍ ഒരു കാര്യം സംഭവിച്ചാല്‍ അവര്‍ പ്രായപൂര്‍ത്തിയാകും. പ്രത്യേകം ശ്രദ്ധിക്കുക! മൂന്നില്‍ ഏതെങ്കിലും ഒരു കാര്യം സംഭവിച്ചാല്‍ മതി. എല്ലാം ഒരുമിച്ച് സംഭവിക്കേണ്ടതില്ല.

ചുരുക്കത്തില്‍, പ്രായപൂര്‍ത്തി ആയാല്‍ അത് മുതല്‍ അവരുടെ മേല്‍ ഇസ്‌ലാമിക നിയമങ്ങള്‍ നിര്‍ബന്ധമായി. അതിന് നാട്ടില്‍ നിശ്ചയിച്ചിട്ടുള്ള പ്രായപരിധിയായ പതിനെട്ട് വയസ്സോ മറ്റോ ആകേണ്ടതില്ല.

പല രക്ഷിതാക്കള്‍ക്കും കുട്ടികള്‍ എത്ര പ്രായമായാലും കുട്ടികള്‍ തന്നെയാണ്. മേല്‍ പറഞ്ഞ അടയാളങ്ങള്‍ എല്ലാം ഒരുമിച്ചാലും അതിലവര്‍ മാറ്റം വരുത്തുകയില്ല. വലിയ അപരാധമാണ് തങ്ങള്‍ ചെയ്യുന്നത് എന്ന് അവര്‍ മനസ്സിലാക്കട്ടെ!

റമദാനിന്റെ പകലിലാണ് ഒരു കുട്ടി പ്രായപൂര്‍ത്തിയായതിന്റെ അടയാളം കാണിച്ചത് എങ്കില്‍ എന്തു ചെയ്യണം?

അവന്‍ രാവിലെ മുതല്‍ നോമ്പ് നോറ്റവനായിരുന്നു എങ്കില്‍ അത് പൂര്‍ത്തീകരിക്കണം. നോമ്പ് ഇല്ലാത്തവന്‍ ആയിരുന്നെങ്കില്‍ ബാക്കിയുള്ള സമയം നോമ്പ്കാരനെ പോലെ കഴിച്ചു കൂട്ടണം. അന്നേ ദിവസത്തെ നോമ്പ് പിന്നീട് അവന്‍ നോറ്റു വീട്ടേണ്ടതുമില്ല.

സ്ത്രീകള്‍ക്ക് ഹയ്ദ്വ് കൊണ്ടാണ് പ്രായപൂര്‍ത്തിയായതെങ്കിലോ?

അവര്‍ ഹയ്ദ്വില്‍ നിന്ന് ശുദ്ധിയാകുന്നത് വരെ നോമ്പ് നോല്‍ക്കേണ്ടതില്ല. ശുദ്ധിയായത് മുതല്‍ നോമ്പ് നോറ്റു തുടങ്ങണം. പ്രായപൂര്‍ത്തിയായതിന് ശേഷം നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റു വീട്ടുകയും വേണം.

وَهَذَا وَاللَّهُ تَعَالَى أَعْلَمُ بِالصَّوَابِ، وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.

كَتَبَهُ: الأَخُ أَبُو تُرَابٍ عَبْدُ المُحْسِنِ بْنُ سَيِّد عَلِيّ عَيْدِيدُ

-غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ المُسْلِمِينَ-

ലേഖനത്തിന്റെ പ്രധാന അവലംബം: അസ്സ്വിയാമു ഫില്‍ ഇസ്‌ലാം/ശൈഖ് സഈദ് അല്‍-ഖഹ്ത്വാനി

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

  • وعليكم السلام ورحمة الله وبركاته

    “എന്റെ മനസിൽ ഞാൻ റമദാനിലാണെന്നും, അതിനാൽ തന്നെ നോമ്പ് നാളെ നോൽക്കേണ്ടതുണ്ട് എന്നുമുള്ള ബോധത്തോടെയായിരുന്നു ഞാനുണ്ടായിരുന്നത്”. ഈ ബോധ്യം തന്നെയാണ് -ഇന്‍ഷാ അല്ലാഹ്- നിയ്യത് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. കാരണം നിയ്യത് എന്നാല്‍ ഉദ്ദേശമാണ്. അതാകട്ടെ മനസ്സിലാണ് ഉണ്ടാവുക. അതിന് പ്രത്യേകം വാക്കുകള്‍ ഉച്ചരിക്കുകയോ മറ്റോ ചെയ്യേണ്ടതില്ല. അതിനാല്‍ താങ്കള്‍ നോമ്പ് നോറ്റ് വീട്ടേണ്ടതില്ല എന്നാണ് മനസ്സിലാകുന്നത്. വല്ലാഹു അഅലം.

  • السلام عليكم ورحمه الله

    നിയ്യത്ത് ഫജ്റിന് മുമ്പ് തന്നെ വേണമെന്ന് ഈ ലേഖനത്തിൽ നിന്നും മനസിലായി.

    എനിക്ക് ചോദിക്കാനുള്ളത്.

    ഞാൻ കുവൈറ്റിൽ ജോലി ചെയ്യുന്ന സമയത്ത് നിയ്യത് കരുതാൻ മറന്നു പോകുകയും, ഫജ്റിന് ശേഷം നിയ്യത് ചെയ്യുകയുണ്ടായിട്ടുണ്ട്.

    പക്ഷേ…

    എന്റെ മനസിൽ ഞാൻ റമദാനിലാണെന്നും, അതിനാൽ തന്നെ നോമ്പ് നാളെ നോൽക്കേണ്ടതുണ്ട് എന്നുമുള്ള ബോധത്തോടെയായിരുന്നു ഞാനുണ്ടായിരുന്നത്.

    അപ്പോൾ എന്റെ ഈ നോമ്പുകൾ വീണ്ടും നോൽക്കേണ്ടതുണ്ടോ?

    നോറ്റ് വീട്ടേണ്ടതുണ്ടെങ്കിൽ കഫ്ഫാറതുകൾ ചെയ്യേണ്ടതുണ്ടോ?
    بارك الله فيك و جزاكم الله خيرا

Leave a Comment