ഒരാള്‍ നോമ്പുകാരനായിരിക്കെ നോമ്പ് മുറിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ സംശയത്തിലായാല്‍ അത് കൊണ്ട് അയാളുടെ നോമ്പ് മുറിയുമോ എന്നതില്‍ പണ്ഡിതന്മാര്ക്ക് രണ്ട് അഭിപ്രായങ്ങളുണ്ട്.
ചിലര്‍ പറഞ്ഞു: അയാളുടെ നോമ്പ് മുറിയും. കാരണം നോമ്പുകാരന് പകലില്‍ മുഴുവന്‍ ഞാന്‍ നോമ്പുകാരനാണ് എന്ന നിയ്യത്തില്‍ തുടരല്‍ നിര്‍ബന്ധമാണ്. മറ്റു ചിലര്‍ പറഞ്ഞു: നോമ്പ് മുറിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ സംശയത്തിലായാല്‍ അതു കൊണ്ട് അയാളുടെ നോമ്പ് മുറിയില്ല. ബഹുഭൂരിപക്ഷം പേരുടെയും അഭിപ്രായം ഇതാണ്. (മജ്മൂഅ: 6/297)
രണ്ടാമത് പറഞ്ഞ അഭിപ്രായമാണ് കൂടുതല്‍ ശരിയായ അഭിപ്രായമായി മനസ്സിലാകുന്നത്. കാരണം ഒരാള്‍ നോമ്പ് എടുത്താല്‍ അത് അയാളുടെ ഉറച്ച തീരുമാനം കൊണ്ടാണ് അയാള്‍ തുടങ്ങി വെച്ചത്. ഈ ഉറപ്പ് ഇല്ലാതെയാകണമെങ്കില്‍ അതിന് തുല്ല്യമായ ഉറച്ച തീരുമാനം നോമ്പ് ഒഴിവാക്കുന്നതിനും അയാള്‍ എടുക്കേണ്ടതുണ്ട്. കാരണം ഉറച്ച തീരുമാനങ്ങളെ സംശയത്തിന്റെ പേരില്‍ ഒഴിവാക്കരുത് (اليَقِينُ لَا يَزُولُ بِالشَّكِّ) എന്നത് ഇസ്ലാമിലെ സ്ഥിരപ്പെട്ട അടിസ്ഥാനങ്ങളില്‍ ഒന്നാണ്. ശൈഖ് ഇബ്നു ഉസൈമീന്‍ ഈ അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളത്. (മജ്മൂഉല്‍ ഫതാവ: 19/188)