നോമ്പുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ പഠിച്ചു മനസ്സിലാക്കുക എന്നത് ഓരോ മുസ്ലിമിന്റെയും മേൽ നിർബന്ധമാണെന്ന കാര്യം ആദ്യം ഓർമ്മപ്പെടുത്തട്ടെ. കാരണം അല്ലാഹുവിനെ ആരാധിക്കേണ്ടത് എപ്രകാരമാണെന്ന് മനസ്സിലാക്കുന്നതിനും അത് പ്രാവർത്തികമാക്കുന്നതിനും വേണ്ടിയാണ് അല്ലാഹു നമ്മെ സൃഷ്ടിച്ചത്. അതിനാൽ ഇത്തരം കാര്യങ്ങൾ അറിയാതെ പോകുന്നതും, പഠിക്കാതെ വിടുന്നത് തെറ്റാണെന്ന് മനസ്സിലാക്കേണ്ടത്.
ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് തെറ്റാണ് എന്നതോ, സ്ഖലനം സംഭവിച്ചാൽ മാത്രമേ നോമ്പ് മുറിയുകയുള്ളൂ എന്ന ധാരണയിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടവരോ മറ്റോ ആണെങ്കിൽ അവരുടെ മേൽ -നോമ്പ് മുറിക്കുന്ന കാര്യമാണ് ഇതെന്ന അറിവില്ലാതെ സംഭവിച്ചതായതിനാൽ- കഫാറത് ഇല്ല. കാരണം അറിവില്ലാതെ സംഭവിക്കുന്ന തെറ്റുകൾ അല്ലാഹു പൊറുത്തു കൊടുത്തിരിക്കുന്നു.
എന്നാൽ നോമ്പ് മുറിയുമെന്ന കാര്യം അറിയാമെങ്കിലും, റമദാനിന്റെ പകലിൽ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ കടുത്ത കഫാറത് ഉണ്ട് എന്ന കാര്യമാണ് അറിയാത്തതെങ്കിൽ അയാൾ കഫാറത് നൽകേണ്ടതുണ്ട് എന്ന കാര്യം പ്രത്യേകം ഓർമ്മപ്പെടുത്തട്ടെ. ഉദാഹരണത്തിന് ഒരാൾക്ക് റമദാനിന്റെ പകലിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ നോമ്പ് മുറിയുമെന്ന വിധി അറിയാം; പക്ഷേ അങ്ങനെ നോമ്പ് നഷ്ടപ്പെടുത്തിയാൽ അടിമയെ മോചിപ്പിക്കുകയോ, അതിന് സാധിക്കില്ലെങ്കിൽ രണ്ട് മാസം തുടർച്ചയായി നോമ്പ് അനുഷ്ഠിക്കുകയോ, അതിനും സാധിക്കില്ലെങ്കിൽ 60 ദരിദ്രർക്ക് ഭക്ഷണം നൽകുകയോ ചെയ്യണമെന്ന വിധി അറിയില്ലായിരുന്നു എന്നു വിചാരിക്കുക. ഇതാണ് അവസ്ഥയെങ്കിൽ അയാൾ മേൽ പറഞ്ഞ കഫാറത് നൽകുക തന്നെ വേണം. കാരണം ഒരു വിഷയത്തിന്റെ വിധി അറിയാതെ പോകുന്നതിന് മാത്രമാണ് ഇളവുള്ളത്; അതിന്റെ കഫാറത് അറിയില്ലെങ്കിൽ അതിൽ ഇളവില്ല.