സുന്നത്ത് നോമ്പുകാരനായിരിക്കെ ഭാര്യയുമായി ബന്ധപ്പെട്ടാൽ അതിന് പ്രായശ്ചിത്തമില്ല. സുന്നത്ത് നോമ്പുകാരനെ സംബന്ധിച്ചിടത്തോളം അവൻ തുടങ്ങി വെച്ച നോമ്പ് പൂർത്തീകരിക്കാനും, ഇടക്ക് വെച്ച് നിർത്താനും അവന് സ്വാതന്ത്രമുണ്ട്.
عَنْ أُمِّ هَانِئٍ، أَنَّ رَسُولَ اللهِ -ﷺ- دَخَلَ عَلَيْهَا، فَدَعَا بِشَرَابٍ، فَشَرِبَ، ثُمَّ نَاوَلَهَا فَشَرِبَتْ، فَقَالَتْ: يَا رَسُولَ اللهِ، أَمَا إِنِّي كُنْتُ صَائِمَةً، فَقَالَ رَسُولُ اللهِ -ﷺ-: «الصَّائِمُ الْمُتَطَوِّعُ أَمِيرُ نَفْسِهِ، إِنْ شَاءَ صَامَ، وَإِنْ شَاءَ أَفْطَرَ»
ഉമ്മു ഹാനിഅ് -رَضِيَ اللَّهُ عَنْهَا- പറഞ്ഞു: “നബി -ﷺ- ഒരിക്കൽ എന്റെ അടുത്ത് പ്രവേശിച്ചു. അങ്ങനെ അവിടുന്ന് കുറച്ച് പാനീയം കൊണ്ട് വരാൻ ആവശ്യപ്പെടുകയും, അത് കുടിക്കുകയും ചെയ്തു. ശേഷം ഞാൻ അത് എടുത്തു കൊണ്ട് കുടിച്ചു. എന്നിട്ട് ഞാൻ പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ! ഞാൻ നോമ്പുകാരിയായിരുന്നു.” അപ്പോൾ നബി -ﷺ- പറഞ്ഞു: “സുന്നത്ത് നോമ്പ് എടുത്തവൻ തന്റെ കാര്യത്തിൽ സ്വാതന്ത്രമുള്ളവനാണ്. അവൻ ഉദ്ദേശിച്ചാൽ നോമ്പ് പൂർത്തീകരിക്കാം. അവൻ ഉദ്ദേശിച്ചാൽ നോമ്പ് മുറിക്കാം.” (അഹ്മദ്: 26353)
ചുരുക്കത്തിൽ, സുന്നത്ത് നോമ്പ് ഉണ്ടായിരിക്കെ ഭാര്യയുമായി ബന്ധപ്പെട്ടു കൊണ്ട് നോമ്പ് മുറിച്ചവൻ ഭക്ഷണം കഴിച്ച് നോമ്പ് മുറിച്ചവനെ പോലെ തന്നെയാണ്. അവൻ ആ നോമ്പ് നോറ്റു വീട്ടേണ്ടതില്ല. എന്തെങ്കിലും കഫാറത് (പ്രായശ്ചിത്തം) നൽകേണ്ടതില്ല. അവൻ ഒരു തെറ്റും ചെയ്തിട്ടുമില്ല. വല്ലാഹു അഅ്ലം.