അത്താഴം വൈകിപ്പിക്കുക എന്നത് നബിമാരുടെ സമൂഹത്തിന്റെ മുഴുവന്‍ സ്വഭാവമായിട്ടാണ് നബി -ﷺ- അറിയിച്ചത്.
عَنْ ابْنِ عَبَّاسٍ عَنِ النَّبِيِّ -ﷺ- قَالَ: « إِنَّا مَعَاشِرَ الأَنْبِيَاءِ أُمِرْنَا أَنْ نُعَجِّلَ الإِفْطَار، وَأَن نُؤَخِّرَ السَّحُورَ، وَأَنْ نَضْرِبَ بِأَيْمَانِنَا عَلَى شَمَائِلِنَا »
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهَُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: “ഞങ്ങള്‍ നബിമാരോട് നോമ്പ് തുറ ധൃതി കൂട്ടാനും, അത്താഴം കഴിക്കല്‍ വൈകിപ്പിക്കാനും, (നമസ്കാരത്തില്‍) ഇടതു കൈയുടെ മേല്‍ വലതു കൈ വെക്കാനും കല്‍പ്പിക്കപ്പെട്ടിരിക്കുന്നു.” (ത്വബ്റാനി മുഅ്ജമുല്‍ കബീറില്‍:11/7, ഇബ്‌നു ഹിബ്ബാന്‍: 885, ത്വബ്റാനി അവ്സതില്‍:132)
عَنْ أَبِي الدَّرْدَاءِ عَنِ النَّبِيِّ -ﷺ- : « ثَلَاثٌ مِنْ أَخْلَاقِ النُّبُوَّةِ : تَعْجِيلُ الإِفْطَارِ، وَتَأْخِيرُ السَّحُورِ، وَوَضْعُ اليَمِينِ عَلَى الشِّمَالِ فِي الصَّلَاةِ »
അബുദ്ദര്‍ദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “മൂന്ന് കാര്യങ്ങള്‍ നുബുവ്വതിന്റെ സ്വഭാവങ്ങളില്‍ പെട്ടതാണ്; നോമ്പ് തുറ ധൃതി കൂട്ടുക, അത്താഴം വൈകിപ്പിക്കുക, നമസ്കാരത്തില്‍ വലതു കൈ ഇടതു കൈയ്യിന്‍ മേല്‍ വെക്കുക (എന്നിവയാണ് അവ).” (ഹയ്ഥമി മജ്മഉസ്സവാഇദില്‍:2/105, അല്‍ബാനി സ്വഹീഹ് ആണെന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.)
മേലെ നല്‍കിയ ഹദീസുകളില്‍ നിന്ന് അത്താഴം വൈകിപ്പിക്കുന്നത് സുന്നത്താണ് എന്ന് മനസ്സിലാക്കാം. നമ്മുടെ നാട്ടില്‍ ചിലര്‍ ചെയ്യുന്നത് പോലെ, ഇശാ നിസ്കാരത്തിന് ശേഷം അത്താഴം കഴിച്ചു കിടക്കുകയും, സുബഹി നിസ്കാരത്തിന് വേണ്ടി എഴുന്നേല്‍ക്കുകയും ചെയ്യുക എന്ന രീതി സുന്നത്തിനു വിരുദ്ധമാണെന്നും ഇതില്‍ നിന്ന് മനസ്സിലാക്കാം. അപ്പോള്‍ പിന്നെ, ഇശാ നിസ്കാരത്തിന് ശേഷം വര്‍ത്തമാനം പറഞ്ഞിരിക്കുകയും, വളരെ വൈകി -രണ്ടോ മൂന്നോ മണിക്ക്- കിടക്കുന്നതിന് മുന്‍പ് അത്താഴം കഴിച്ചു കിടക്കുകയും ചെയ്യുന്ന രീതി റമദാനിന്റെ പരിശുദ്ധിക്ക് വിരുദ്ധമാണെന്ന് പ്രത്യേകം പറയേണ്ടതില്ല.